നിനക്ക് ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ?
2006 ൽ നടന്ന ഒരു സംഭവമാണ്.
കോഡിലെ ബഗ് ഫിക്സ് ചെയ്യാൻ കുറെ നേരമായി ട്രൈ ചെയ്യുകയായിരുന്നു രേണു. പറ്റാതെ വന്നപ്പോൾ അവൾ ഗണേഷിന്റെ ക്യൂബിക്കിളിലേക്ക് നടന്നു.
അവിടെ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ്, അവരുടെ ബേയുടെ* ഗ്ലാസ് ഡോറിന് പുറത്തു നിൽക്കുന്ന അവനെ രേണു ശ്രദ്ധിച്ചത്.
ഈയിടെ ജോയിൻ ചെയ്‌ത ജൂനിയർ – നീരജ്. കാണാൻ നല്ല ഗ്ലാമർ ഉള്ള ചെക്കൻ ആയതുകൊണ്ട് ടീമിലെ മറ്റ് പെൺകുട്ടികൾ നോട്ടമെറിയുന്നതും കുശുകുശുക്കുന്നതും ഒക്കെ രേണു കണ്ടിട്ടുണ്ട്… ഒരു പൂച്ചക്കണ്ണൻ !
(* ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ, ഒരു പ്രോജെക്ടിലെ ടീം അംഗങ്ങൾ എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന, ഭാഗമാണ് ബേ (Bay) എന്ന് ഇവിടെ ഉദ്ദേശിക്കുന്നത്. ടീം അംഗങ്ങൾക്ക് മാത്രമേ ആ ഡോറിലൂടെ ഉള്ളിൽ കയറാനാവൂ. ഡോറിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ‘കുന്ത്രാണ്ടത്തിൽ’ ഐഡി കാർഡ് സ്‌വൈപ്പ് ചെയ്‌താലേ അത് തുറക്കൂ.)
അവൻറെ കണ്ണുകൾ അകത്തുള്ള സുഹൃത്തിനെ തിരയുകയായിരുന്നു. ഡോറിനടുത്ത് നിന്ന രേണു, പാവം തോന്നി തന്റെ കാർഡ് സ്‌വൈപ്പ് ചെയ്‌തു. പച്ച ലൈറ്റ് മിന്നിയതും അവൻ ഡോർ തളളി തുറന്ന് ധൃതിയിൽ അകത്തേക്ക് നടന്ന് പോയി, അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ !
അരിശമാണ് വന്നത് അവൾക്ക് !!
ഒരു സാമാന്യ മര്യാദയ്ക്ക് നന്ദി പോലും പറയാതെ പോകുന്നത് കണ്ടോ? ഗ്ലാമർ ഉണ്ടെന്നു കരുതി ഇങ്ങനേം ഉണ്ടോ മനുഷ്യർ – അഹങ്കാരം പിടിച്ചവൻ !
————————————————————-
നാല് വർഷങ്ങൾക്ക് ശേഷം… മഴ പെയ്തൊഴിഞ്ഞ ഒരു സായാഹ്‌നം.
നിന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ എന്റെ നീണ്ട മുടിയഴകിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് നീ പാടിക്കൊണ്ടിരുന്നു. “ദേവാംഗണങ്ങൾ കയ്യൊഴിഞ്ഞ താരകം…”
” കുട്ടേട്ടാ….”
“ഹ്മ്മ്?
“നിന്റെ കണ്ണ് എന്ത് ഭംഗിയാന്ന് അറിയോ? ഉരുകിയ മെർക്കുറി പോലെ… വെള്ളാരംകണ്ണുള്ള ഈ ഗന്ധർവ്വന് എങ്ങനെയാ ഈ എന്നെ ഇഷ്ടപ്പെട്ടെ?’
“പോടീ അവിടുന്ന്. എന്നെ രക്ഷിച്ചത് നീയാ, എന്റെ അമ്മൂസ് ” എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു കൊണ്ട് നീയിത് പറഞ്ഞപ്പോൾ ഒരായിരം പൂമ്പാറ്റകളാണ് എന്നുള്ളിൽ പറന്നു പാറിയത്…
“ഓഫീസിൽ വച്ചു നമ്മൾ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലല്ലോ. പക്ഷെ രേണു എന്ന ഈ പേര് എവിടെയോ കേട്ട ഓർമ്മ ഉണ്ടായിരുന്നു. ഫേസ്ബുക്കിൽ മെസ്സേജ് അയച്ചപ്പോൾ കരുതിയിരുന്നില്ല, നീ റിപ്ലൈ ഇടുമെന്ന് പോലും. പിന്നീട് നമ്മൾ ട്രെയിനിങ്ങിൽ വച്ച് കണ്ടുമുട്ടുമെന്നോ, ഇത്ര പെട്ടെന്ന് ഇങ്ങനെ അടുക്കുമെന്നോ ഒന്നും പ്രതീക്ഷിച്ചില്ല … ”
” ഓഹൊ…മിസ്റ്റർ നീരജ്, എന്നെ ഒരിക്കൽ ഓഫീസിൽ വച്ച് മൈൻഡ് പോലും ചെയ്യാതെ, കാണാത്ത പോലെ പോയത് ഓർമ്മയുണ്ടോ? ”
“എപ്പോ?!!!”
ഞാൻ ആ പഴയ സംഭവം വിവരിക്കുമ്പോൾ, നിന്റെ മുഖം അതിശയം കൊണ്ട് പിന്നീട് സങ്കടം കൊണ്ടും മാറുന്നത് ഞാൻ ശ്രദ്ധിച്ചു. .
“അമ്മൂ… സത്യായിട്ടും മനപ്പൂർവം അല്ല. എനിക്ക് ആ സംഭവം ഓർമ പോലുമില്ല. സോറി സോറി സോറി മോളേ”
നിറഞ്ഞുവന്ന നിന്റെ കണ്ണ് തുടയ്ക്കുമ്പോൾ നീ പറഞ്ഞത് എനിക്കിന്നും ഓർമ്മയുണ്ട്.
“അമ്മൂസേ, എനിക്ക് നീ വേണമെടീ… എന്റേത് മാത്രായിട്ട്”
നിന്റെ ചെഞ്ചുണ്ടിൽ അധരം ചേർത്തു ഞാൻ മന്ത്രിച്ചു,”എന്നും എന്നും”
——————————————————————————————–
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം …
ആകസ്മികമായാണ് ആ പാട്ട് ടീവിയിൽ കണ്ടപ്പോൾ നിന്നെ ഓർത്തത്.
നെഞ്ച് പിടയുന്ന ഒരു വേദന അന്നും അനുഭവപ്പെട്ടു. പാടുപെട്ട് നിന്നെ മറന്നിട്ട്, നിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപോന്നിട്ട്, ഇത്രയും വർഷം കഴിഞ്ഞും ആ വേദന മാറുന്നില്ല.
എന്ത് തോന്നിയിട്ടാണെന്ന് അറിയില്ല, നിന്റെ ലിങ്ക്ഡ് ഇൻ എടുത്തു നോക്കിയത്. കമ്പനി മാറിയോ, ഇപ്പോൾ എവിടെയാ ജോലി എന്നൊക്കെ അറിയാനുള്ള ഒരു ആഗ്രഹം തോന്നിയിട്ടാവും.
പക്ഷേ അവിടെ കണ്ട വിവരങ്ങൾ ഇടിത്തീ പോലെയാണ് എന്റെ മേൽ പതിച്ചത് !
”ഇൻ റിമെംബ്രൻസ്”
മനസ്സാകെ മരവിച്ച പോലെ… നിന്റെ ഫേസ്‌ബുക് അക്കൗണ്ട് നോക്കി. അതിലും പലരും RIP എന്ന് എഴുതിയിരിക്കുന്നു. നിന്റെ കളിചിരിയെപ്പറ്റിയും, സ്വരമാധുര്യത്തെപ്പറ്റിയും ഒക്കെ ഓർമ്മപ്പെടുത്തലുകൾ…
എന്തുപറ്റി നിനക്ക് ???
ഒരു വാക്ക് പോലും പറയാനാവാതെ, ഒരു തവണ പോലും കാണാനാവാതെ, നിന്നെ എന്നെന്നേക്കുമായി ഞാൻ നഷ്ടപ്പെടുത്തിയോ?
കുറ്റബോധം തോന്നുന്നുണ്ട് – നീ അയച്ച മെയിലുകൾ ഒന്നിന് പോലും മറുപടി അയക്കാതെ ഇരുന്നതിന്… ഫോൺ നമ്പർ മാറ്റിയതിന്… അത്രയും ദേഷ്യമുണ്ടായിരുന്നു നിന്നോട്… അത്രയും പ്രിയപ്പെട്ടവർ, വിശ്വസിച്ചു സ്നേഹിച്ചവർ, കള്ളം പറയുമ്പോൾ, അത് താങ്ങാനായില്ല എനിക്ക്… മറ്റൊരു പെണ്ണിനേയും നിന്റെ ജീവിതത്തിൽ കയറ്റാതിരുന്നപ്പോഴും ഞാൻ അംഗീകരിച്ചില്ല നിന്റെ സ്നേഹം.
കോവിഡ് ആയിരുന്നു എന്ന് പറ! അതല്ലെങ്കിൽ നിന്നെ ഗന്ധർവ ലോകത്തേക്ക് അവർ വന്നു കൂട്ടി കൊണ്ട് പോയി എന്ന് പറ! നിനക്ക് എപ്പോഴുമുണ്ടായിരുന്ന ശ്രദ്ധക്കുറവിൽ പറ്റിയ അപകടം ആയിരുന്നു എന്ന് പറ !! കാരണം…..
എനിക്ക് ഏറ്റവുമധികം കുറ്റബോധം തോന്നുന്നത് ഉത്തരം കിട്ടില്ല എന്നറിയാവുന്ന ആ ചോദ്യത്തിനാണ്…
ജീവിതം അവസാനിപ്പിച്ചതാണോ നീ? ആ തീരുമാനത്തിന് കാരണം ഞാനാണോ? എനിക്ക് വേണ്ടി കാത്തിരുന്ന് മടുത്തിട്ടാണോ നീ അത് ചെയ്‌തത്?
അതെ എന്നാണ് ഉത്തരം എങ്കിൽ, എന്തൊരു വിരോധാഭാസമാണ് – ആദ്യത്തെ തവണ നിന്നെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച ഞാൻ തന്നെ ഇത്തവണ… ???
ജീവിതകാലം മുഴുവൻ ഈ ചോദ്യത്തിന്റെ നീറ്റലിൽ ജീവിക്കാൻ എന്നെ ബാക്കി വച്ചതാണോ എനിക്കുള്ള ശിക്ഷ?
പറ കുട്ടേട്ടാ….
നിന്റെ സ്വന്തം ആവാൻ പറ്റാതെപോയ,
നിന്റെ അമ്മൂസ്


4 Comments
നന്നായെഴുതി❤️👍
@മിനി സുന്ദരേശൻ Thank you 🙂
നന്നായിരിക്കുന്നു❤️👌
കണ്ണനെ പ്രണയിക്കാത്തവർ ആരാണുള്ളത് അല്ലേ?
❤️thank you dear !! athe 🙂