പ്രിയപ്പെട്ട കണ്ണാ,
കഴിഞ്ഞ ആറ് മാസങ്ങളായ്, നീ അയക്കുന്ന കത്തുകൾ എന്റെ കയ്യിൽ ഉണ്ട്. ആദ്യത്തെ രണ്ട് കത്തുകളും വായിച്ചപ്പോൾ, നീ എനിക്ക് അജ്ഞാതനായിരുന്നു. പിന്നീടുള്ള നിന്റെ കത്തുകളിൽ നിന്നും നിന്നെ ഞാൻ മനസ്സിലാക്കി. നിന്നെക്കുറിച്ച് ഒരു വരി പോലും ഇല്ലാത്ത ആ കടലാസ്സിൽ, നിന്റ കണ്ണീരിന്റെയോ, വിരലിൽ നിന്ന് അടർന്ന വിയർപ്പിന്റെയോ ഒരു നേർത്ത നനവ് ഉണ്ടായിരുന്നു. മങ്ങിയ നിന്റെ വിരൽ അടയാളം അതിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. കത്തിജ്വലിക്കുന്ന സൂര്യന്റെ കീഴെ ഇരുന്ന് ആ കൈ രേഖകളിലേയ്ക്ക് കണ്ണ് ആഴ്‌ന്നിറങ്ങിയപ്പോൾ അവ എനിക്ക് മയിൽ പീലികളായാണ് തോന്നിയത്. എന്നെ കുറിച്ചുള്ള ആ അക്ഷരങ്ങൾക്ക് വെണ്ണയുടെ മണം തന്നെ ആയിരുന്നു. വെണ്ണ അത്ര പ്രിയപ്പെട്ടത് കണ്ണന് മാത്രമല്ലേ? മയിൽപീലി മുടിയിൽ ചൂടി ചിരി തൂകുന്നത് കണ്ണൻ അല്ലേ? അതെ, ഞാൻ കേൾക്കാറുണ്ട്, ആ
പുല്ലാങ്കുഴൽ നാദം. രാധികയെന്ന എന്റെ നാമം പോലും നിനക്ക് വേണ്ടി, നിന്നിൽ അലിയാൻ,ആണെന്ന് ഞാൻ കരുതുന്നു.
നീ, എന്നിൽ നിന്നും ഒരുപാട് ദൂരെയാണെന്ന് നീ പറഞ്ഞുവല്ലോ.? എന്തിനാണ് നീ
മറഞ്ഞിരിക്കുന്നത്? ദിവസങ്ങൾ കുറേ കഴിഞ്ഞിരിക്കുന്നുവല്ലോ, നിന്റെ കത്ത് ലഭിച്ചിട്ട്? നിനക്കെന്ത് പറ്റിയെന്ന ആകുലതയോടെയാണ് എന്റെ ഓരോ ഹൃദയതുടിപ്പും രക്തത്തുള്ളികളെ ശരീരത്തിലൂടെ ഒഴുക്കി വിടുന്നത്. സിരകളിലൂടെ രക്തം പായുകയാണ്, രാധേ…… എന്ന വിളിക്കായ്.
നീ ആരെന്നോ, എന്തെന്നോ അറിയാതെ നിന്നെ സ്നേഹിക്കുന്ന എന്നോട് എന്തിനാണ് പരിഭവം? ഓരോ കത്ത് വായിക്കുമ്പോഴും എന്നിലുണ്ടാകുന്ന ചിന്തകൾ നീ അടുത്ത കത്തിൽ അയക്കാറുണ്ടല്ലോ? അതെല്ലാം വളരെ ശരിയാണ്! കള്ള കണ്ണാ… നിനക്കിതെങ്ങനെ? അല്ലെങ്കിലും നീ പണ്ടേ മായാജാലക്കാരനാണല്ലോ? നീ ഒരിക്കലും നിന്റെ മേൽവിലാസം എഴുതാത്തതുകൊണ്ട് ഈ കത്ത് ഞാനെങ്ങനെ അയക്കും? നിന്റെ എഴുത്തുകൾ വായിക്കാൻ വെപ്രാളപ്പെടുമ്പോൾ, ഒരിക്കലും തിരിച്ച് എഴുതണമെന്ന് കരുതിയിരുന്നില്ല. പക്ഷെ ഇത്രെയും ദിവസം നിന്റെ കൈപ്പടയിലെ അക്ഷരങ്ങൾ ഇല്ലാതെ കഴിയുന്നില്ല. സത്യം പറഞ്ഞാൽ കണ്ണാ, നിനക്കെഴുതുന്ന മൂന്നാമത്തെ കത്താണിത്. ആദ്യത്തെ രണ്ടും വലിച്ചു കീറി അടുപ്പിൽ ഇട്ടു. തീ നാളങ്ങളായി അത് ആളിക്കത്തുമ്പോൾ ഉള്ളിൽ ഒരു പെടച്ചിൽ. നിനക്കും….. എന്തെങ്കിലും അപകടം. നീയും പുകമറയിൽ മറഞ്ഞോ? അതോ നമുക്കിടയിൽ ആരെങ്കിലും പുക മറ തീർക്കുവാണോ?
എന്നെ ഇത്രത്തോളം മനസ്സിലാക്കിയ നീ ആരാണെന്നറിയാനുള്ള ഈ പെണ്മനസ്സിന്റെ ഉൾക്കൊതി നീ അറിയുന്നുവെങ്കിൽ, അടുത്ത കത്തിലെങ്കിലും നിന്റെ മേൽവിലാസം വയ്ക്കണം. മേൽവിലാസം ഇല്ലാതെ ഈ കത്ത് എങ്ങോട്ട് പോകാനാണ്? പക്ഷേ ഇത് ഞാൻ എന്റെ ഡയറിയിൽ സൂക്ഷിച്ചു വയ്ക്കും. അടുത്ത കത്ത് കിട്ടും വരെ, വെറുതെ ഇടയ്ക്കൊക്കെ നിന്റെ പഴയ കത്തുകൾ വായിച്ച്, എന്റെ മനോരാജ്യത്തിലെ പൂക്കളിൽ വന്ന് നിറയുന്ന കരിവണ്ടുകളോടും, പൂമ്പാറ്റകളോടും പരിഭവം പറഞ്ഞ് വെണ്ണയുടെ പരിമളം പടർത്തിയെത്തുന്ന വേണു നാദത്തിനായ്…
കാലിയെ മേയ്ച്ചു നടക്കുന്ന കണ്ണന്റെ കാലൊച്ചയ്ക്കായി…
കാതോർത്ത് ഒരു രാധിക.
രാധിക
പൈങ്കിളി പി ഒ
പ്രണയ നാട്
മനോരാജ്യം
#എന്റെരചന #പ്രണയലേഖനം
Koottaksharangal

