ഹൃദയം കട്ടെടുത്തവന്,
ഞാനിത്രമേൽ നിന്നിലലിഞ്ഞതെങ്ങനെയായിരുന്നു? കണ്ണിലുടക്കാൻ എന്റെ മിഴികൾക്ക് കഴിഞ്ഞിട്ടില്ല, മാമ്പഴച്ചുണ്ടുകളെന്ന് വിശ്വസിക്കുന്ന നിന്റെ ചുണ്ടുകളെന്നിൽ തേൻ നുകർന്നിട്ടില്ല, നിന്റെ ഗന്ധമെന്തെന്നിതുവരെ ശരീരത്തിലലിഞ്ഞിട്ടില്ല, പിന്നെ എങ്ങനെ ഞാൻ നിന്നിലിത്ര മാത്രമടുത്തു. അപരിചിതരായ നമ്മൾ എപ്പോഴായിരുന്നു ആഴത്തിൽ ബന്ധിതരായത്? നീയെനിക്ക് പറഞ്ഞു തരൂ.
നിനക്കോർമ്മയുണ്ടോ അന്നൊരു ഫെബ്രുവരി 14 ന് പ്രണയകവിത എന്റെ വിരൽത്തുമ്പിൽ ലയിച്ചു ചേർന്നപ്പോൾ ഒരു വണ്ടായി നുകരാൻ നീ വന്നത്. ആ കവിത ആഴത്തിൽ കീറിമുറിച്ച് എന്നിലുടക്കിയതും ഓരോ വരികളും മാംസദളങ്ങളായി അറുത്തുമാറ്റി മറ്റെങ്ങോ സഞ്ചരിപ്പിച്ചതും ഞാൻ മറന്നിട്ടില്ല. എന്റെ ഹൃദയം കവരാൻ നീ നടത്തിയ നാടകമായിരുന്നോ ആ നാട്യം? പിന്നീടെന്റെ ഓരോ എഴുത്തുകളും തിരുത്തിയും പ്രോത്സാഹിപ്പിച്ചും വിടാതെ കൈപിടിച്ചു. നിന്റെ തിരക്കുകളെ ശപിച്ചുപോയ ദിനങ്ങളേറെയുണ്ട്. പേരോ ഊരോ പറയാൻ മറന്നുപോയ നമ്മൾ ഉരുവിട്ടതത്രയും പ്രണയമഴയെ കുറിച്ചായിരുന്നില്ലേ?
ആദ്യമായി നീയെന്നോട് ചോദിച്ചതെന്തായിരുന്നെന്ന് നിനക്കോർമ്മയുണ്ടോ? എന്നിൽ നീയെത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന വാക്കുകളല്ലേ ? അന്നെനിക്ക് നിന്നോട് ചൊല്ലാൻ വാക്കുകൾ മതിയാകുമായിരുന്നില്ല. ഏറെ ഭയത്തോടെ ഞാൻ ചോദിക്കാതെ പോയ ചില ചോദ്യങ്ങളിന്നും ബാക്കിയാണ്. നിന്റെ മുഖമൊന്നു കാണാൻ അനുവദിക്കുമോയെന്ന്? നീ ഒറ്റയാൻ ആയിരുന്നോവെന്ന്? എന്നിലെ പ്രണയം ആത്മാർത്ഥമായാണോയെന്ന്? പക്ഷേ നിന്റെ നാവിൻ തുമ്പിൽ നിന്നും ഉതിർന്നു വീഴുന്ന വാക്കുകൾ എന്റെ ഹൃദയത്തെ ചവച്ചിറക്കിയാലോ എന്ന് ഞാൻ ഭയന്നു. ആർക്കും പിടിതരാത്ത അജ്ഞാതനായി അങ്ങനെയിരിക്കട്ടെ എന്ന് ഞാനും കരുതി.
പിന്നീടുള്ള ഓരോ ദിനങ്ങളും കൊഴിഞ്ഞു വീഴാതിരിക്കാൻ പാടുപെട്ടു കൊണ്ടിരുന്നു. അത്രമേൽ നിന്നിൽ ലയിച്ച ദിനരാത്രങ്ങൾ. രാത്രിയിലെ നിശബ്ദതയിൽ നിന്റെ വാക്കുകൾക്ക് മനോഹാരിത ഏറെയാണ്. ഒന്ന് കാണാൻ വെമ്പുന്ന നിമിഷങ്ങളിൽ പലപ്പോഴും നീ പറഞ്ഞിരുന്ന പ്രണയകാവ്യങ്ങൾ എല്ലാം അതിലൊതുങ്ങിയത് അത്ഭുതം തന്നെയല്ലേ?അക്ഷരങ്ങളിലൂടെയുള്ള നിന്റെ പലായനം ഹൃത്തിൽ വിരിഞ്ഞതെന്തെന്നോ? പ്രണയം.. അതുല്യമാം വിധം ഒരുമിക്കുമെന്നുറപ്പില്ലാത്ത ഇരു ഹൃദയങ്ങൾ.
എന്നിരുന്നാലും നാം എവിടെയൊക്കെയോ സഞ്ചരിച്ചുവെന്നത് വല്ലാത്തൊരു അത്ഭുതം തന്നെയല്ലേ? കാണാതിരിക്കാൻ നിനക്ക് കഴിഞ്ഞുവെന്നത് എല്ലാത്തിന്റെയും ഉത്തരമാണെന്നത് വൈകിയാണെങ്കിലും ഞാൻ അറിഞ്ഞിരിക്കുന്നു. ഇനി നീയെന്റെ കൈവിരലുകളിൽ തീർത്ത അക്ഷരങ്ങളെ കാണില്ല. നിനക്ക് വേണ്ടി മാത്രമുണർന്ന ഞാനുണ്ടാവില്ല. ഓരോ പുലരിയും മനോഹരമാക്കി തന്ന വാക്യങ്ങൾ പിറവിയെടുക്കില്ല. എന്തുകൊണ്ടെന്ന് ഒരുപാട് ചിന്തിക്കേണ്ടതില്ല.
പറയട്ടെ ഞാൻ…
ഒരു ദിവസം അപ്രതീക്ഷിതമായി ഞാൻ നിന്റെ വിരൽതുമ്പിലെ വരികളിൽ എല്ലാം അറിഞ്ഞു. എവിടെയോ നീ കുറിച്ച വരികൾ ഇന്നും ഹൃദയത്തിൽ കീറിമുറിക്കുന്നു. ഇനിയും നിന്നിൽ അലിയാനെനിക്കാവില്ല.
ആ വരികൾ എന്തായിരുന്നെന്നോ? എല്ലായിടത്തും നീ പിറവിയെടുക്കുന്ന നിനക്കറിയില്ലായിരിക്കാം പക്ഷേ എനിക്കത് വെറും വരികൾ മാത്രമായിരുന്നില്ല വീണുടഞ്ഞ പ്രണയമായിരുന്നു.
‘ ആരെയുമിന്നേവരെ വെറുത്തിട്ടില്ല, ആഴ്ന്നിറങ്ങിയവരാരും സ്വന്തമായിട്ടില്ല, സ്വന്തമാക്കാൻ കഴിയില്ലെന്നത് ബോധ്യമുള്ളിടത്തോളം ജീവിതത്തിൽ കൂടൊരുക്കിയവളിൽ എല്ലാം ചിതയൊരുക്കുന്നു ‘
ഈ വാക്കുകളിൽ നീയെല്ലാം അർപ്പിച്ചിരുന്നു. ഇനിയെന്തിനു നിനക്ക് വേണ്ടി ഞാനെന്റെ വരികൾ ചലിപ്പിക്കുന്നു? ഇനിയെന്തിന് എന്റെ മനസിൽ നിനക്കൊരിടം സൂക്ഷിക്കുന്നു? ഇനിയാ വഴിയിൽ ഞാനൊരിക്കലും തടസ്സമാവില്ല, പക്ഷേ മുഖമറിയാതെ പ്രണയിച്ച ആ നിമിഷങ്ങൾ മതിയെനിക്കിനിയുള്ള കാലം സഞ്ചരിക്കാൻ. എന്നെങ്കിലും കണ്ടെത്തുമെന്നുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. ഈ എഴുത്തിൽ ഞാനെത്രമാത്രമുണ്ടെന്നുള്ളത് നിനക്ക് ബോധ്യമാകുമെന്ന് വിശ്വസിക്കുന്നു
പാതിവഴിയിലുടച്ച പ്രണയവും പേറി യാത്ര പറയാതെ പോയ അജ്ഞാതന് ഈയുള്ളവളിൽ നിന്നും യാത്രാമൊഴി നേരുന്നു
എന്ന്….
#പ്രണയ കത്ത്
സലീന സർഫ്രാസ്
ഇരട്ടക്കുട്ടികളുടെ അമ്മ
നോട്:ഈ എഴുത്തും എന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ല തികച്ചും സങ്കല്പിക കഥാപാത്രങ്ങൾ മാത്രം.


1 Comment
👌.