അങ്ങ് കിഴക്ക് വെള്ളകീറിത്തുടങ്ങുകയായി..
അപ്പുണ്ണിയേട്ടന്‍ അക്ഷമയോടെ മുറ്റത്ത് ഉലാത്തുന്നു. കാലങ്ങളായി തുടങ്ങിയ ദിനചര്യകള്‍, നാലുമണിക്ക് എണീക്കും പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ചെറിയൊരുനടത്തം. ഏകദേശം ഒരു മണിക്കൂറെടുക്കും തിരിച്ചുവരാന്‍. തിരിച്ചുവന്നിട്ട് കട്ടന്‍ചായയിട്ട് അത് ഒരു ഗ്ലാസ്സില്‍ പകര്‍ന്ന് അതുമായി ഉമ്മറത്തിരിക്കും. അത് സാവധാനം കുടിച്ചുതീരുമ്പോഴേക്കും തന്റെ ദിനചര്യയിലെ പ്രധാനിയായ പത്രമെത്തും.
പത്രവും വായിച്ച് ഒരു ഇരിപ്പുണ്ട്, അത് എത്ര സമയം നീളുമെന്ന് അങ്ങേര്‍ക്കുതന്നെ നിശ്ചയമില്ല. ലോകം മുഴുവന്‍ വാര്‍ത്തയുടെ രൂപത്തില്‍ തന്റെ കാല്‍ചുവട്ടില്‍ എത്തുന്നത് ഈ പത്രത്തിലൂടെയാണ്. പത്രത്തിന്റെ ആദ്യ പേജ് മുതല്‍ എല്ലാ വാര്‍ത്തകളും വള്ളിപുള്ളി വിടാതെ വായിച്ചെടുക്കും.
ചെറുപ്പം മുതല്‍ തുടങ്ങിയ ശീലമാണ് പത്രവായന. സ്‌കൂള്‍ മാഷായ അച്ഛന്റെ കണിശമായ തീരുമാനമായിരുന്നു ഈ പത്രവായനയുടെ തുടക്കം. പത്രത്തില്‍നിന്നും അച്ഛന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കാനായി തുടങ്ങിവെച്ച വായന. തന്റെ പ്രിയതമയുടെ വിയോഗത്തിനുശേഷം പത്രവായനയുടെ ആഴം കൂടി കൂടിവന്നു.
ഇന്ന് തന്റെ ഈ ഒറ്റപ്പെടലില്‍ ഏറെ സമയവും ചിലവഴിക്കാന്‍ ആശ്രയിക്കുന്നത് ഈ പത്രവായനയെയാണ്.
പത്രക്കാരന്‍ പയ്യന്‍ പത്രവുമായി വന്നു. പത്രം കയ്യില്‍ കിട്ടിയപാടെ അപ്പുണ്ണിയേട്ടന്‍ തന്റെ പഴയ ചാരുകസേരയില്‍ പോയി ഇരുന്നു. കണ്ണട നേരെവെച്ച് വായനതുടങ്ങി. ഓരോ പേജും സസൂക്ഷ്മം വായിച്ച് കൊണ്ടിരുന്നു. ചരമപേജില്‍ ഒരു വാര്‍ത്തയില്‍ കണ്ണുടക്കിയതും എവിടെനിന്നോ ശക്തമായൊരു പൊടിക്കാറ്റ് വീശിയടിച്ചു. പത്രത്താളുകള്‍ മടങ്ങിപ്പോവുകയും പൊടിക്കാറ്റ് കണ്ണില്‍പറ്റുകയും ചെയ്തു. നീറുന്ന കണ്ണുതുറന്ന് ആ വാര്‍ത്ത ഒന്നുകൂടെ നോക്കി. നിറഞ്ഞ കണ്ണിലൂടെ കണ്ടു. ടിപ്പര്‍ ലോറിയിടിച്ച് വയോധികയുടെ മരണ വാര്‍ത്ത.
മുമ്പ് ഇതുപോലൊരു വാര്‍ത്തയുടെ ഉറവിടമായിരുന്നു തന്റെ എല്ലാമായിരുന്ന ലക്ഷ്മിയുടെ വിയോഗത്തിന് ഹേതുവായത്. അവള്‍ പേരില്‍ മാത്രമല്ല, എന്റെ ലക്ഷ്മിതന്നെയായിരുന്നു. കുട്ടികളില്ലാത്ത ഞങ്ങള്‍ക്ക് മകളായിരുന്നു. എന്റെ പത്രവായനതന്നെയാണ് അവളെ കൊണ്ടുപോയത്. അന്നൊരു ഞായറാഴ്ചയായിരുന്നു. രാവിലെ പത്രത്തെ കാത്തിരുന്നിട്ട് കുറെ സമയം കഴിഞ്ഞു. പത്രം ഇതുവരെ എത്തിയില്ല. എന്റെ ലക്ഷ്മി ചായയുമായി വന്നപ്പോള്‍ ഞാന്‍ റോഡില്‍ പോയി നോക്കാന്‍ പറഞ്ഞു. റോഡിലെത്തി നോക്കുമ്പോള്‍ പത്രമിടാറുള്ള പയ്യന്‍ തിരിച്ചുവരുന്നു. റോഡിന്റെ മറുഭാഗത്തുകൂടി വരുന്ന പയ്യനെ കൈകൊട്ടി വിളിച്ചു. പയ്യന്‍ പത്രമിടാന്‍ മറന്നുപോയതായിരുന്നു. റോഡിന്റെ മറുവശത്ത് ചെന്ന് പത്രം വാങ്ങി തിരിച്ചുപോരുമ്പോള്‍ ചീറിപ്പാഞ്ഞുവന്ന ഒരു ടിപ്പര്‍ ലോറി തന്റെ എല്ലാമായ ലക്ഷ്മിയെ തട്ടിത്തെറിപ്പിച്ചു.
ആളുകള്‍ ഓടിക്കൂടി, ശബ്ദം കേട്ട് ഞാനും റോഡിലേക്കോടി ആരൊക്കെയോ കൂടി തന്റെ ലക്ഷ്മിയെ ഏതോ വാഹനത്തില്‍ കേറ്റുന്നു. വാഹനം ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു. പിന്നീട് എനിക്കൊന്നും ഓര്‍മ്മയില്ല. കണ്ണുതുറന്നു നോക്കുമ്പോള്‍ ആശുപത്രികിടക്കയില്‍ കിടക്കുകയാണ്. ആരൊക്കെയോ ചുറ്റിനുമുണ്ട്. എന്റെ ലക്ഷ്മിയെവിടെ? ഞാന്‍ കരഞ്ഞുകൊണ്ടു ചോദിച്ചു. എല്ലാവരും പരസ്പരം നോക്കുന്നു. ആരോ പറഞ്ഞു അപ്പുറത്തുണ്ടെന്ന്. എനിക്ക് കാണണമെന്നും പറഞ്ഞ് ഞാന്‍ കട്ടിലില്‍നിന്നും എണീക്കാന്‍ നോക്കി. ആരൊക്കെയോ എന്നെ പിടിച്ചുവെച്ചു. ഞാന്‍ ഒച്ചയെടുക്കാന്‍ തുടങ്ങി. ആരൊക്കെയോ ചേര്‍ന്ന് ഒരു സ്ട്രെക്ച്ചര്‍ തള്ളിക്കൊണ്ടുവന്ന് എന്റെ അടുത്തേക്ക് നീക്കിവെച്ചു. അതില്‍ വെള്ളത്തുണി പൊതിഞ്ഞ് ആരോ കിടക്കുന്നു. എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചിരുത്തി. ആ വെള്ളത്തുണി മാറ്റി, ഞാന്‍ ഒന്നേ നോക്കിയൊള്ളൂ.. എന്റെ പ്രിയപ്പെട്ട ലക്ഷ്മി കണ്ണുകളടച്ച് കിടക്കുന്നു. മുഖത്തൊക്കെ ചോരപ്പാടുകള്‍. ഞാന്‍ അലറിക്കൊണ്ട് അവളിലേക്കടുത്തു. ആരൊക്കെയോ ചേര്‍ന്ന് എന്നെ പിടിച്ചുവെച്ചു. ലക്ഷ്മി കിടക്കുന്ന സ്ട്രെക്ച്ചര്‍ അവിടെനിന്നും തള്ളിക്കൊണ്ടുപോയി. ഞാന്‍ ഒന്നൂടെ നോക്കി. സ്ട്രെക്ച്ചറില്‍നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന എന്റെ ലക്ഷ്മിയുടെ കരിവളയിട്ട കയ്യില്‍ എനിക്കുവായിക്കാനുള്ള അന്നത്തെ പത്രം ചുരുട്ടിപ്പിടിച്ചിരിക്കുന്നു. അപ്പുണ്ണിയേട്ടനുള്ള പത്രം ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്ന വാശിയോടെ.
കിഷോര്‍ ഖാന്‍
വണ്ടൂര്‍
<!– wp:heading {“level”:1} –>
<!– /wp:heading –>
<!– wp:paragraph –>
വാർത്ത
Koottaksharangal
<!– /wp:paragraph –>
<!– wp:paragraph –>
#എന്റെരചന
<!– /wp:paragraph –>


3 Comments
👌👌
നല്ല എഴുത്ത്. വേർപാട് 😰
Touching story