താര കുന്നിൽ മുകളിലേക്ക് ഓടിക്കയറിക്കൊണ്ടിരുന്നു. അവൾക്കു തികച്ചും പരിചിതമായ വഴികളിലൂടെയെന്നപ്പോലെ അവൾ സഞ്ചരിച്ചു.
ആകാശം കുത്തിത്തുളയ്ക്കുന്ന പച്ചത്തലപ്പുകൾ ഇടുങ്ങിയ വഴിക്കു കമാനം തീർത്തു പൊങ്ങി വളർന്നു നിന്നിരുന്നു. പച്ചമേലാപ്പിനുള്ളിൽ എത്തിനോക്കുന്ന അരുണപ്രഭ താരയെ വെളിച്ചത്തിൽ മുക്കി. നനുത്ത തണുപ്പിൽ തന്നിൽ വന്നുനിറയുന്ന വിചിത്രാനുഭവം താരയുടെ ഉറക്കെയുള്ള ചിരിയായ് പാറക്കെട്ടുകളിൽ തട്ടി പ്രതിധ്വനിച്ചു.
വഴിക്കിരുപ്പുറവും വലിയ മരങ്ങളുടെ വേരുകൾ മുഴച്ചു നിന്നു. അവയിൽ പുഴുക്കളും കറുത്ത പ്രാണികളും മെല്ലെയിഴഞ്ഞു. നീട്ടിക്കൂവുന്ന കുയിലിനു മറുപടിയായി അവൾ ഉറക്കെ കൂകി. കോടമഞ്ഞിന്റെ നനവിൽ ചിത്രശലഭങ്ങൾ ചിറകൊതുക്കിയിരുന്നു. അവളെ കണ്ടപ്പോൾ അവയുയർന്നു പൊങ്ങി, വർണ്ണചിറകുകളിൽ സൗന്ദര്യം വിതറി അവൾക്ക് ചുറ്റും പറന്നു. ഇലയിൽ കോർത്തുകിടക്കുന്ന പുഴുക്കൾ കൊക്കൂണുകളിൽ തങ്ങൾക്കു ചിറകുകൾക്ക് മുളയ്ക്കുന്നത് കിനാവു കണ്ട് സുഷുപ്തിയിലാണ്ടു.
അഞ്ചു മണിയുടെ മണിയൊച്ചയാണ് താരയെ ഉണർത്തിയത്.
ഔ… അതൊരു സ്വപ്നമായിരുന്നോ?
അവൾ കുണ്ഠിതപ്പെട്ടു.
എപ്പോഴാണ് ഞാൻ സോഫയിൽ കിടന്നു മയങ്ങിപ്പോയത്?
മുറിഞ്ഞുപ്പോയ സ്വപ്നം ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. ഒറ്റയ്ക്കുള്ള യാത്രയും സമയക്രമം പാലിക്കാത്ത ജീവന്റെ സ്പന്ദനം ഭൂമികയാകുന്ന കുന്നും അതിലെ കിളികളും പുഴുക്കളുമെല്ലാം വീണ്ടും കാണാൻ കൊതിച്ചു അവൾ കണ്ണുകളടച്ചു സോഫയിൽ ചരിഞ്ഞുകിടന്നു.
പുലരുമ്പോൾ തുടങ്ങി അർദ്ധരാത്രി വരെ ചെയ്ത് തീർക്കേണ്ട ജോലികൾ എഴുതിചേർത്ത കടലാസു ചുരുൾ അവളെ പൊതിഞ്ഞു. ആ കടലാസു കൊക്കൂണിനുള്ളിൽ ഒരു ചിത്രശലഭം, ചിറകുകൾ മുളക്കുന്നത് കാത്തു മയങ്ങി.
അവൾ ഭാര്യയും അമ്മയും മരുമകളുമാണ്. കുടുംബം ഉണരുന്നതിനും ഉറങ്ങുന്നതിനും ഇടയിൽ സംഭവിക്കുന്നതെല്ലാം അവളുടെ തലയിൽ രൂപപ്പെട്ടു, കൈകളിലൂടെ നിവർത്തിച്ച കണക്കു വെക്കാത്ത ഉത്തരവാദിത്വങ്ങൾ മാത്രം. വയലിൽ അവിരാമം ഒരേ ദിശയിൽ വെള്ളം ചവിട്ടിതെറിപ്പിക്കുന്ന ചക്രംപ്പോലെ അവൾ കറങ്ങിക്കൊണ്ടിരുന്നു.
നാല്പതുകളിൽ തന്നെ ഇടയ്ക്കിടെ കീഴ്പ്പെടുത്തുന്ന ക്ഷീണവും രംഗബോധമില്ലാതെ കടന്നുവരുന്ന മനോരാജ്യവും താര പുകച്ചോടിക്കാൻ ശ്രമിക്കുന്നുവെങ്കിലും അവയുടെ പെറ്റു പെരുകിയ കൂത്താടികൾ അവൾക്കു ചുറ്റും ഒഴുകിപ്പരന്നു. തേഞ്ഞ നഖങ്ങളും ചളുങ്ങിയ വളകളും വിണ്ടു കീറിയ ഉപ്പൂറ്റിയും അവളോട് പരിഭവിച്ചു.
‘നിനക്കുവേണ്ടി ചിലവാക്കാൻ അല്പം പോലും സമയമില്ലേ? ‘
“നിനക്കെന്താ ഇവിടെയിത്ര പണി? ”
ഈ ചോദ്യം തന്റെ ഭർത്താവ് ഇടയ്ക്കിടെ ചോദിക്കുന്നതാണല്ലോ, അവൾ ഊറിചിരിച്ചു.
“എന്താ തനിയെ സംസാരിക്കുന്നത്? നിനക്കിതു എന്തിന്റെ കുഴപ്പമാണ്?”.
അവൾ ഇടയ്ക്കിടെ പിറുപിറുക്കുമ്പോൾ അയാൾ അയാളിൽ നിന്നും ഉതിരുന്ന ചോദ്യത്തിനുത്തരമായി അവളുടെ ദൃഷ്ടികൾ ഒരിടത്തും ഉറച്ചുനിൽക്കാതെ തെന്നിമാറുക മാത്രം പതിവായി.
അയാൾ ലാപ്ടോപ് ബാഗ്, ഉയർന്ന ശബ്ദത്തോടെ ടീ പോയിൽ വെച്ചു. ഷൂ ഊരി തറയിലെറിഞ്ഞു, കാലുകൾ സോഫയിൽ പൊക്കിവെച്ചു. താര വേഗം ചെന്നു അയാളുടെ സോക്സ് ഊരിയെടുത്തു വിഴുപ്പിലിട്ടു. അതിൽ നിന്നും ഉയർന്ന വാട അവൾക്കു മനംപിരട്ടലുണ്ടാക്കി.
നായ്കുഞ്ഞിനെ കൂടെ കൂട്ടി, ചുമരിൽ പന്തെറിഞ്ഞു കളിക്കുന്ന മകനെ ശാസിച്ച് അവൾ വേഗം അടുക്കളയിലേക്ക് ഓടി. അയാൾക്കിഷ്ടപ്പെട്ട കടുപ്പത്തിലും മധുരത്തിലും ചൂടിലും ചായ പകർന്നു അയാൾക്ക് അരികെലെത്തി.
അയാൾ ഒരു കവിൾ കുടിച്ചു, ബാക്കി ചായ തറയിൽ തുപ്പി, അവളുടെ നേരെ തിരിഞ്ഞു.
“ഇതെന്താ ചാപ്പിയോ?”, അയാൾ മുറുമുറുത്തു. അയാളുടെ നെറ്റിയിൽ ഒരു മുടിച്ചുരുൾ വീണുകിടന്നിരുന്നു. ആ മുടിച്ചുരുൾ പതിവിൽ കൂടുതൽ വിറച്ചിരുന്നു. അയാൾ വികാരം കൊള്ളുമ്പോഴും അസ്വസ്ഥനാകുമ്പോളും വിറക്കുന്ന മുടിച്ചുരുൾ അവളിൽ സന്ദേഹം ജനിപ്പിച്ചു.
“നാട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു. അമ്മക്ക് ഗ്രൂപ്പ് ടൂറിൽ ഒരാഴ്ച പോകണമത്രേ.” അയാളുടെ നെറ്റിയിലെ മുടിച്ചുരുൾ ഊക്കിൽ വിറച്ചു.
“നല്ല കാര്യമല്ലേ?”, അവൾ അല്പം ആശ്വാസത്തോടെ ചോദിച്ചു.
“എന്തു നല്ല കാര്യം, പുണ്യം കിട്ടാൻ, തീർത്ഥാടനമാണ് പോലും, വയസായാൽ ഒരിടത്തു ഒതുങ്ങി ഇരുന്നു കൂടെ? ”
“സാരമില്ല, അമ്മ ഇത്ര നാളും കുടുംബത്തിന് വേണ്ടി ജീവിച്ചില്ലേ?, ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ?”, അടുക്കള സിങ്കിൽ കലമ്പുന്ന പാത്രങ്ങൾക്കൊപ്പം അവളുടെ ശബ്ദം ഉയർന്നു.
“നീ ഇതു എന്തറിഞ്ഞിട്ടാണ്? ഒരാഴ്ച , അമ്മ പോകുമ്പോൾ നിന്നോട് അവിടെ പോയി നിൽക്കാനാണ് പറയുന്നത്. വെറുതെ മനുഷ്യരെ ബുദ്ധിമുട്ടിക്കാൻ ഓരോ ഇളക്കങ്ങള്.”, അയാളുടെ മുഖം ചുവന്നു.
“അതിനെന്താ ഞാൻ പോയി നിൽക്കാം, നമ്മുടെ കടമ കൂടിയല്ലേ?”, അവളുടെ സ്വരം ശാന്തമായിരുന്നു.
“നിന്റെ യാത്രയും താമസവും കൂടി പത്തു ദിവസമെടുക്കും, ഇത്രയും ദിവസം നീ ഇവിടെ നിന്നും മാറിനിൽക്കാനോ?”, അയാൾ ദ്രുതഗതിയിൽ തലയാട്ടി.
“പിന്നെ ഇവിടത്തെ കാര്യങ്ങളൊക്കെ ആര് നോക്കും? ഭക്ഷണം വേണ്ടേ? കുട്ടികളുടെ കാര്യങ്ങൾ, അവരെ സ്കൂളിൽ അയക്കൽ, ട്യൂഷൻ, ഹോംവർക്, വീട് വൃത്തിയാക്കൽ, തുണി കഴുകൽ, അയേൺ ചെയ്യൽ, തോട്ടത്തിലെ ചെടികൾ, നായ്കുട്ടി … എന്തെല്ലാം ചെയ്യാൻ കിടക്കുന്നു. ഇതെല്ലാം കൂടി ഞാൻ എങ്ങിനെ മാനേജ് ചെയ്യാനാ? “, കാൽവിരലുകൾ മണപ്പിച്ചു നിൽക്കുന്ന നായ്കുഞ്ഞിനെ അയാൾ ദേഷ്യത്തോടെ കോരിയെറിഞ്ഞു.
നായ്ക്കുഞ്ഞു ദയദീനമായി കരഞ്ഞു മകന്റെ അടുക്കലേക്കോടി. അവൻ അതിനെ വാരിയെടുത്തു, കിതക്കുന്ന ഉടലിൽ തലോടി. സുരക്ഷിതസ്ഥാനത്തു എത്തിപ്പെട്ടപ്പോൾ നായ്ക്കുഞ്ഞ് അയാളെ നോക്കി മെല്ലെ കുരച്ചു തന്റെ പ്രതിഷേധമറിയിച്ചു.
“അതൊന്നും ഒരു പണിയല്ലല്ലോ “, കഴുകി തോരാൻ വെച്ചിരുന്ന പാത്രങ്ങളിൽനിന്നും ഒഴുകിയിറങ്ങുന്ന വെള്ളം അവൾ തൂത്തുവെടിപ്പാക്കി.
അയാളുടെ നെറ്റിയിൽ വീണ മുടിച്ചുരുൾ പൂർവ്വാധികം ശക്തിയോടെ ഇളകിയാടി. താരയുടെ ഉള്ളിൽ ക്രൂരമായ സംതൃപ്തി വന്നു നിറഞ്ഞു. അതു തെറ്റെന്നു അവളുടെ ഉൾമനം അവളെ വിലക്കി. ആദ്യമായി അയാളെ കണ്ടപ്പോൾ അവളെ ആകർഷിച്ചതായിരുന്നല്ലോ, ആ മുടിച്ചുരുൾ. അയാൾ അവളെ വികാരാവേശത്തോടെ ആദ്യമായി ചുംബിച്ചപ്പോളും വിറകൊണ്ടിരുന്ന അതെ മുടിച്ചുരുൾ.
തങ്ങൾക്കിടയിലെ പ്രണയം മോഷണം പോയിരിക്കുന്നു. കാലം നല്ലൊരു മോഷ്ടാവാണെന്ന് അവൾക്കു തോന്നി.
“ഞാൻ മോളെ വിളിച്ചു കൊണ്ടുവരട്ടെ, അവളുടെ ട്യൂഷ്യൻ കഴിഞ്ഞുകാണും. “, ധൃതിയിൽ ചൂരിദാർ മാറുമ്പോൾ അവൾ കണ്ണാടിയിലേക്ക് പാളിനോക്കി.
തീവണ്ടി, താളമിട്ട് പച്ചപ്പാടങ്ങൾ മുറിച്ചോടി. കൂകിയും കിതച്ചും മുന്നോട്ടു പാഞ്ഞു. ഒറ്റയ്ക്കുള്ള യാത്രയിൽ അവളുടെ മനസ് ശാന്തമായിരുന്നു. വണ്ടിയുടെ താളത്തിലുള്ള ഉലച്ചിൽ അവൾ ആസ്വദിച്ചു. വൈകി വരുന്ന പാൽക്കാരനും മഴവെള്ളത്തിലേക്കു പത്രമെറിയുന്ന പയ്യനും അവളുടെ ചിന്തകളെ അലോസരപ്പെടുത്തിയില്ല.
സമയം, മഷിത്തുള്ളികൾ പുരളാത്ത വെള്ളകടലാസു നീട്ടി, മിഴിവുള്ള ഓർമ്മചിത്രങ്ങൾ വരയാൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
നിറഞ്ഞ ചിരിയോടെയാണ് അച്ഛനും അമ്മയും അവളെ സ്വീകരിച്ചത്. പ്രായാധിക്യം അച്ഛനെ തളർത്താൻ തുടങ്ങിയിരിക്കുന്നു എന്നവൾക്ക് തോന്നി.
“അവളുടെ കുറെ കാലമായുള്ള ആഗ്രഹമാണ്, അതാണ് ഞാൻ എതിരു പറയാഞ്ഞത്. മോൾക്ക് ബുദ്ധിമുട്ടായോ?, അച്ഛൻ ഊന്നുവടി കൈകൊണ്ടു മെല്ലെ തിരിച്ചു.
“ഏയ്… ഇല്ല, അമ്മയ്ക്കും വല്ലപ്പോഴും ഒരു ലീവ് വേണ്ടേ?,കുറെ നാൾ ഈ കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ചില്ലെ? അവർക്കും ആഗ്രഹങ്ങൾ കാണും.”, അവൾ ഉറക്കെ ചിരിച്ചു.
ഉമ്മറത്തെ തിണ്ണയിൽ അച്ഛന്റെയടുത്ത് അവളിരുന്നു. ചെറുകിളികളുടെ ചിലപ്പിനിടയിൽ, ഇളം വെയിൽ മുറ്റത്തേക്ക് എത്തിനോക്കി. കാശിത്തുമ്പയും തെച്ചിയും ചെമ്പരത്തിയും കോളാമ്പി പൂക്കളും വിരിയാൻ വെമ്പുന്ന പത്തുമണിപൂക്കളും നടുമുറ്റത്തെ തുളസിത്തറ പകുക്കുന്ന മുറ്റത്തിന് ഇരുവശവും പൂത്തു നിന്നു. അവിടേക്കു ധാരാളം ചിത്രശലഭങ്ങൾ പറന്നെത്തി കൊണ്ടിരുന്നു.
“അച്ഛാ… ഇവിടെ അടുത്തൊരു കുന്നില്ലേ? ധാളാരം പൂമ്പാറ്റകൾ ഉള്ളയൊരു കുന്ന്?”
“ങാ… ഇവിടെയടുത്തുണ്ട് എന്താ മോളെ? നരച്ച പുരികരോമങ്ങൾ ഉയർന്നു.
അവൾ പുഞ്ചിരിച്ചു, അവളുടെ കണ്ണുകളിൽ അനേകം ചിത്രശലഭങ്ങൾ ചിറകടിക്കുന്നതയാൾ കണ്ടു.
***


25 Comments
ചിത്രശലഭത്തെ സ്നേഹിച്ച്പ്രായമായ അച്ഛനെ നോക്കി മനസ്സമാധാനത്തോടെ കുറച്ചുനാൾ നിൽക്കട്ടെ. ഒരു ജോലി ഇല്ലാത്ത വീട്ടിൽ എന്തൊക്കെ ജോലി ഉണ്ടെന്ന് അവളുടെ ഭർത്താവും കൂടി അറിയട്ടെ. മനോഹരമായ എഴുത്ത്.
പത്തു ദിവസമെങ്കിലും താരക്ക് സ്വന്തമായി കിട്ടട്ടേ….. ജീവിതത്തിലെ ചില നേർക്കാഴ്ചകൾ സുന്ദരമായി പകർത്തി👍❤️
Thank u Mini സുന്ദരേശൻ.🙏
മനോഹരം 👌👌
Thank u, Shreeja.🙏
താരയും ചിത്ര ശലഭങ്ങളോടൊത്ത് അല്പ നാള്സ മാധാനത്തോടെ പാറിപ്പറക്കട്ടെ ❤️
നല്ല കഥ 👍
Sajna, 🙏❤️
സ്വപ്നത്തുടർച്ച പോലൊരെഴുത്ത്. കുറച്ചു പൂമ്പാറ്റകൾ ചുറ്റും പാറുന്നതായി തന്നെ തോന്നിപ്പിച്ച എഴുത്ത്👌👌👏👏♥️♥️
നന്ദി താര, 🙏
🥰 സ്നേഹം.
താരയോട് പതുക്കെ തിരിച്ചു പോയാൽ മതീന്ന് പറയൂ. സ്വപ്നത്തിൽ കണ്ട കുന്നും പച്ചപ്പും ചിത്രശലഭങ്ങളും ഒക്കെ അല്പകാലമെങ്കിലും മനസ്സു നിറയെ അവൾ കാണട്ടെ.
Hari, സ്വപ്നമെങ്കിലും positive vibe കുറച്ചു നേരത്തേക്ക് നിൽക്കട്ടെ, അല്ലെ.
Thank you.🙏
നല്ല കഥ ഒരുപാടിഷ്ടമായി ജോയ്സ്❤️👌🌹
Suma, Love you.🙏❤️
മോഷ്ടിച്ചതിൽ അൽപ്പം കാലം തിരിച്ചു നൽകിയല്ലോ…… ഒരുപാടിഷ്ടമായി❤️👍
Yes, 🙏😍
മനോഹരം
Thank you, ജലജ 🙏😍
മനോഹരം
നന്ദി, നിഷിബ. സ്നേഹം മാത്രം 💜
😍👌🏻👌🏻👌🏻 മനോഹരം joyce 😍
Thanks, Sujatha 🙏❤️
👌👌❤️❤️❤️
Thank you, ചിഞ്ചു
Beautifully written 👌👌
Thank you സുനന്ദ 🙏😍