“നിന്റെ തന്തക്കാലൻ എവിടെപ്പോയെടി? എപ്പോളാണാവോ ഇനി വന്നു കേറാ?”
അവളയാളെ പ്രാകികൊണ്ടേയിരുന്നു.
അന്നക്കൊച്ചിനിതൊക്കെ ശീലമായി. അപ്പൻ വൈകിട്ട് ജോലി കഴിഞ്ഞു വരുന്നത് വരെ അമ്മച്ചി ഇങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. അവൾ പാഠപുസ്തകത്തിലേക്ക് തലപൂഴ്ത്തിയിരുന്നു.
‘”നാലാം ക്ലാസ്സിൽ ഇത്രേം പഠിക്കാനുണ്ടങ്കി ഒരു എട്ടാം ക്ലാസൊക്കെ എത്തുമ്പോ എന്താവും? എന്റെ കണക്കേ, ഒരു വഴി പറഞ്ഞു താ.”
അവൾ കണക്കിനോട് പരിഭവിച്ചോണ്ടിരുന്നു.
“അമ്മച്ചീ വിശക്കണ്..”
അവളകത്തേക്ക് നോക്കിയുറക്കെ വിളിച്ചു പറഞ്ഞു.
“പ്രാർത്ഥനയെത്തിക്കാദ്യം ന്നിട്ട് വിളമ്പാ. വാടീ. ആ കാലനെ നോക്കിയിരുന്നാ നമ്മ വിശന്നു ചാവുള്ളു.”
അമ്മയും മോളും വിശപ്പിന്റെ ശബ്ദത്തിന് മീതെ കർത്താവിനെ അലറിവിളിച്ചു.
“കർത്താവേ, അതിയാന് നല്ല ബുദ്ധി തോന്നണേ.അങ്ങേരെ കുടി ഒന്ന് നിർത്തി തരണേ….”
അമ്മച്ചി ക്രൂശിതനായ പിതാവിന് ചെവി തല കേൾപ്പിക്കാതെ എണ്ണിപെറുക്കികൊണ്ടിരുന്നു.
ഇത് കേട്ട് അന്നക്കൊച്ച് അപ്പുറത്തിരുന്നു കൈകൾ രണ്ടും മുകളിലേക്കുയർത്തി അമ്മച്ചിയെ അനുകരിച്ചു പറഞ്ഞു,
“കർത്താവേ, എനിക്കൊരു കാലനെ വേഗം സെറ്റാക്കി തരണേ. ഇച്ചിരി കുടിയും തൊഴിയും ഉണ്ടേലും സാരില്ല. കണക്ക് പഠിപ്പിക്കാൻ വരാണ്ടിരുന്നാൽ മതിയെന്റെ പിതാവേ..”
അമ്മച്ചി അന്നക്കൊച്ചിനെയൊന്ന് നല്ലോണം നോക്കി. തല തിരിച്ചു വാതുക്കൽ നോക്കുമ്പോ ജോണിച്ചൻ കുടിച്ച കെട്ടിറങ്ങി കണ്ണും തുറിപ്പിച്ചു നിലത്തോട്ടിരിക്കുന്നു.
“ഞാൻ നിർത്തി. ഇന്നത്തോടെ നിർത്തി.സത്യായിട്ടും നിർത്തിയെടി. ഈ കൊച്ച്പെണ്ണ് എന്നായൊക്കെയാ കുരിശ് വരയ്ക്കണ നേരത്ത് പറേണത്?”
അന്നേരം ഭിത്തിയിലെ യേശുനാഥനൊന്ന് ചിരിച്ചോ? അതോ അന്നകൊച്ചിന് തോന്നിയതാണോ?
എന്താവും നാഥനപ്പോൾ അന്നക്കൊച്ചിനോട് പറഞ്ഞു കാണുക
“അമ്മച്ചിടെ കാലനെ ഞാൻ ശരിയാക്കി തന്നില്ലേ? അന്നകൊച്ചിന്റെ കാലന്റെ കാര്യം പയ്യെ ശരിയാക്കാം. സമയമാവട്ടെ.ഇപ്പൊ പഠിക്ക് കൊച്ചേ.”
ഷിജു

