“ഓ കുട്ടി ഒക്കെ പഠിച്ചിട്ട്ണ്ടാവുല്ലോ പഠിപ്പിസ്റ്റല്ലേ”
മുൻവിധിയോടെയുള്ള ഈ ചോദ്യത്തിന് മുന്നിൽ കുറ്റബോധത്തോടെ ചൂളി നിന്നിരുന്ന ഒരു പെൺകുട്ടിയാണ് ആദ്യകാല പരീക്ഷയോർമ്മകളിൽ നിറയുന്നത്.
“ഇതൊരു രോഗമാണോ ഡോക്ടർ?”
അവളുറക്കെ ചിന്തിച്ചു. ഒന്നും പഠിച്ചില്ലെന്ന് മേനി പറയുന്ന കൂട്ടുകാർക്കിടയിൽ ക്ഷമാപണത്തോടെ അവൾ നിന്നു. പഠിപ്പു രോഗം ഇമ്മിണി കലശലായിരുന്നു അന്നൊക്കെ. അരങ്ങിൽ കൊണ്ടാടാൻ പ്രത്യേകിച്ച് കലാമേന്മകളൊന്നും അവകാശപ്പെടാനില്ലാത്ത, ചങ്ങാതിക്കൂട്ടങ്ങളിൽ എന്നും മിണ്ടാപൂച്ച ആയിരുന്ന ഒരു കുട്ടിക്ക് കഴിവ് തെളിയിക്കാനുള്ള വേദികൾ ആയിരുന്നു പരീക്ഷ പേപ്പറുകൾ. വായിച്ചു പകുതിയാക്കിയ കഥകളിലേക്ക് മടങ്ങി പോകാൻ എന്നും വെമ്പൽ കൊണ്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ് മുറിയിൽ ചടഞ്ഞു കൂടുന്ന അധ്യയന ദിനങ്ങളെക്കാൾ എന്തുകൊണ്ടും പ്രിയപ്പെട്ടവയായിരുന്നു പരീക്ഷാ ദിനങ്ങൾ. രണ്ടുമണിക്കൂർ എഴുത്തും പിന്നത്തെ ചോദ്യപേപ്പർ ചർച്ചകളും എല്ലാം കഴിഞ്ഞ് മൂന്ന് മൂന്നര മണിക്കൂറിൽ വീട്ടിൽ തിരിച്ചെത്താമെന്ന കൊച്ചു സന്തോഷത്തിനായിരുന്നു എന്നും മുൻതൂക്കം. അമ്പതിൽ അമ്പതും നാൽപ്പത്തിയെട്ടും ഒക്കെയായി ചുവന്ന മഷിയിൽ പതിച്ചുകിട്ടിയിരുന്ന അക്കങ്ങളോട് വല്ലാത്ത ഒരു ഹരമായിരുന്നു. വാശിയും. എന്നെ ഞാനാക്കിയിരുന്നത് ആ അക്കങ്ങളാണെന്നൊരു തോന്നൽ. മിണ്ടാപൂച്ച എന്ന് പരിഹസിച്ചിരുന്നവർക്ക് നേരെ ഉള്ള ഒരു കൊഞ്ഞനം കുത്തൽ ആയിരുന്നു പലപ്പോഴും പഠിച്ചു നേടിയിരുന്ന അക്കങ്ങൾ.
രണ്ടാം ക്ലാസിൽ, ഉണ്ടക്കണ്ണൻ സത്യനാരായണൻ ഒന്നാം സ്ഥാനത്തിനു വേണ്ടി എന്നും എന്നോട് മത്സരിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ ഞങ്ങൾ മാറിമാറി പങ്കിട്ടെടുത്തുകൊണ്ടിരുന്നു. എന്നാൽ മൂന്നാം സ്ഥാനത്തിനാകട്ടെ അവകാശത്തർക്കങ്ങൾ ഏതുമില്ലായിരുന്നു. അവിടെയെന്നും ചുരുണ്ട മുടിക്കാരൻ രോഷിത്ത് കയറിപ്പറ്റി. ഒന്നിനും രണ്ടിനും ഒട്ടും പുറകിൽ അല്ല മൂന്നെന്ന ഉത്തമ ബോധ്യത്തോടെ വിനയാന്വിതനായി കഴിഞ്ഞിരുന്ന രോഷിത്തിനെ അവൻറെ അച്ഛൻ ഒരിക്കൽ വെല്ലുവിളിച്ചു.
“നീ ശാരദയെ തോൽപ്പിച്ചാൽ നിനക്ക് സൈഡ് ഓപ്പൺ പെൻസിൽ ബോക്സ് വാങ്ങിച്ചു തരാം”
– അതെ സുഹൃത്തുക്കളെ പണ്ട് പണ്ടൊരു കാലത്ത് അതായത് ഏകദേശം 45 വർഷങ്ങൾക്കു മുമ്പ് അതായിരുന്നു ട്രെൻഡ്. ഒരു വശത്തേക്ക് ചരിച്ചു തുറക്കുന്ന പെൻസിൽ ബോക്സ്. അതിൻറെ മായികവലയത്തിൽ ആ പാവം മൂന്നാമൻ വീണുപോയി. അടുത്ത പരീക്ഷയ്ക്ക് എന്നെ മൂന്നാം സ്ഥാനത്തേക്ക് നിഷ്കരുണം ചവിട്ടി താഴ്ത്തി അവൻ രണ്ടാമനായി ഞെളിഞ്ഞിരുന്നു. അതും വെറും മൂന്ന് മാർക്കിന്റെ വ്യത്യാസത്തിൽ. അച്ഛൻ വാക്കുപാലിച്ചു. ഓറഞ്ചും വെള്ളയും ഇടകലർന്ന ആ പെൻസിൽ ബോക്സ് അടുത്ത പരീക്ഷ വരെ എൻറെ സ്വൈര്യവും സമാധാനവും ഉറക്കവും കെടുത്തിയെന്നും സംശയലേശമെന്യേ ഞാൻ രണ്ട് ആൺ പ്രജകളെയും വെട്ടിയരിഞ്ഞ് വിജിഗീഷുവായി ഒന്നാം സ്ഥാനത്തേക്ക് പടവുകൾ കയറി പോവുകയും ചെയ്തുവെന്നുമാണ് ചരിത്രം.
ഇത്രയും രസകരമായ പരീക്ഷ ഓർമ്മകൾ ഒന്നും പത്താം ക്ലാസിൽ ഇല്ലായിരുന്നു. താന്താങ്ങളുടെ വിഷയങ്ങൾ വിദഗ്ധമായി കൈകാര്യം ചെയ്തിരുന്ന എല്ലാ അധ്യാപകരെയും ബഹുമാനത്തോടെ തന്നെ ഓർക്കുന്നു. അതുകൊണ്ടുതന്നെ വളരെ ലാഘവത്തോടെയാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കണക്ക് ഒന്നാം പേപ്പർ എന്നിട്ടും ചതിച്ചു. ഏകദങ്ങളും പോളിനോമിയലുകളും ചോദ്യപേപ്പറിൽ കിടന്നു ആടി തിമിർത്തപ്പോൾ ഞങ്ങൾ തരുണീമണികൾ പരസ്പരം നോക്കി നെടുവീർപ്പിട്ടു. റിസൾട്ട് വന്നപ്പോൾ ഏറ്റവും കുറവ് മാർക്കും അതിനായിരുന്നു. അതേ വർഷമായിരുന്നു സർക്കാർ SSLC- യിലെ L എടുത്തു കളയാൻ തീരുമാനിച്ചത്. അങ്ങനെ ആ വർഷം പരീക്ഷ എഴുതിയ ഞങ്ങളെല്ലാം എല്ലില്ലാത്ത സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
കോളേജിൽ എത്തിയപ്പോൾ കഥയാകെ മാറി. മലയാളം മീഡിയത്തിൽ നിന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇംഗ്ലീഷിലേക്ക് പറിച്ചു നടപ്പെട്ട ഞാൻ വിസ്മയത്തുമ്പത്തിരുന്ന് അമ്മാനമാടി. ഭാഷ എന്ന ഊരാക്കുടുക്കിൽ കുരുങ്ങി ഊർജ്ജതന്ത്രവും രസതന്ത്രവും എനിക്ക് കീറാമുട്ടികളായി. പരീക്ഷാ പേപ്പറിലെ ചോദ്യങ്ങൾ പിടിതരാതെ വഴുതി മാറി. കണക്കു മാത്രമാണ് അപ്പോഴും കയ്യിൽ ഒതുങ്ങി കൂടെ നിന്നത്.
പ്രീഡിഗ്രി ഒന്നാം വർഷം ഒന്നും പഠിച്ചില്ലെന്ന അഹങ്കാരപ്പേച്ചിൽ ഞാനും കക്ഷി ചേർന്നു. പക്ഷേ രണ്ടാം വർഷം സാമ ദാന ഭേദ ദണ്ഡങ്ങൾ സ്വയം പയറ്റി ഞാനെന്നെ പഴയ വാശിക്കാരിയാക്കി മാറ്റിയെടുത്തു. പ്രീഡിഗ്രി അവസാന പരീക്ഷയ്ക്ക്, ഭാഷയെ വെല്ലുവിളിച്ച്, ഊർജ്ജതന്ത്രത്തിനും കണക്കിനും നൂറിൽ നൂറ് വാങ്ങി ഞാൻ വീണ്ടും പഠിപ്പ് രോഗികളുടെ ലിസ്റ്റിൽ കയറിപ്പറ്റി. പക്ഷേ രസതന്ത്രം മാത്രം അപ്പോഴും വഴങ്ങാതെ പിണങ്ങി നിന്നു. അങ്ങനെ അതുപേക്ഷിച്ച് ബിരുദ പഠനത്തിന് ഞാൻ കണക്കപ്പിള്ളയായി.
ഏറ്റവും മനോഹരമായ പരീക്ഷയോർമ്മ ഡിഗ്രി രണ്ടാം വർഷമാണ്. ഏതു വിഷയമാണെന്നൊന്നും ഓർമ്മയില്ല- എല്ലാം കണക്കാണല്ലോ. വരാന്തയിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന ചെത്തു കുട്ടപ്പൻമാരെയെല്ലാം വായിനോക്കാൻ പാകത്തിൽ ജനലരികിൽ തന്നെ ഒരു സീറ്റ് കിട്ടി. മനപ്പാഠമാക്കിയ സിദ്ധാന്തങ്ങളൊക്കെ വാരി വിതറിയും ഇടയ്ക്കിടയ്ക്ക് പുറത്തെ സ്വാതന്ത്ര്യക്കാഴ്ചകളിലേക്ക് കൊതിയോടെ കണ്ണയച്ചും ഞാൻ എഴുതിക്കൊണ്ടിരുന്നു. ബെല്ലടിക്കാൻ പതിനഞ്ചോ ഇരുപതോ മിനിറ്റ് മാത്രം ബാക്കിയിരിക്കെ, അവസാന ചോദ്യത്തിൽ കുരുങ്ങി തല പുകഞ്ഞിരുന്ന സമയത്താണ് പുറത്തേക്ക് നോക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഒരു കുളിർക്കാറ്റ് എന്നെ തഴുകി കടന്നുപോയത്. ഡിഗ്രിക്ക് ചേർന്ന ആദ്യദിനം തന്നെ ഞാൻ കണ്ണിലൊളിപ്പിക്കുകയും എന്നെ അനുരാഗ വിവശയാക്കുകയും ചെയ്ത ഒരു സുന്ദരൻ എന്നെത്തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നു. ഈശ്വരാ ഇവനെന്നെ ഇഷ്ടമാണോ? ആനന്ദലബ്ധിക്കിനിയെന്തു വേണം! കിട്ടാത്ത ചോദ്യവും, എന്തിന് പരീക്ഷയും വരെ ഞാൻ മറന്നു പോയി. ഏതാനും നിമിഷങ്ങളിൽ പറയാതെ പറഞ്ഞ ഒരു പ്രണയം ഞങ്ങൾ കണ്ണുകളിലൂടെ കൈമാറി. ശേഷം ചരിത്രം- അത് ഞാൻ പറയില്ല സുഹൃത്തുക്കളെ. തരക്കേടില്ലാത്ത മാർക്കു വാങ്ങിച്ച് ഞാൻ ഡിഗ്രി പാസായി എന്ന് പറഞ്ഞുകൊണ്ട് നിർത്തട്ടെ. പരീക്ഷാസമ്മർദ്ദങ്ങളിലേക്കും പരീക്ഷകളിലേക്കും മടങ്ങിപ്പോകാൻ കൊതിക്കുന്ന ഒരു കുട്ടിയാണ് ഞാനിപ്പോഴും എന്നും.
#എൻറെരചന
പരീക്ഷക്കഥകൾ

