മലയാളഭാഷകൻ മാദകഭംഗി മലർമന്ദഹാസമായ്…
നമ്മുടെ പെറ്റമ്മയോളം തന്നെ മധുരമുണ്ട് നമ്മുടെ മാതൃഭാഷയായ മലയാളത്തിന്. ലോകത്തിൻറെ ഏതുകോണിൽ പോയാലും പെട്ടെന്ന് ആരെങ്കിലും മലയാളം പറയുന്നത് കേട്ടാൽ നമുക്ക് മനസ്സിൽ ഒരു കുളിർ മഴ പെയ്യും. പലരും അത് പുറത്ത് പ്രകടിപ്പിക്കാറില്ല എന്ന് മാത്രം .
“ആറു നാട്ടിൽ നൂറ് ഭാഷ “എന്ന പഴമൊഴി നമ്മുടെ കൊച്ചു കേരളത്തിന് വളരെയധികം ചേരും. 14 ജില്ലകളിൽ തന്നെ ഓരോന്നിനും വ്യത്യസ്തമായ സംസാര രീതിയാണ്. ഓരോ ജില്ലയിലും ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ പലവിധമായ സംസാരരീതിയും പ്രയോഗങ്ങളുമുണ്ട്. ഞാൻ ജനിച്ചതും, വളർന്നതും, പഠിച്ചതും, വിവാഹം കഴിച്ചയച്ചതും, വീട് വെച്ചതും എല്ലാം കേരളത്തിലെ പലപല ജില്ലകളിൽ ആയതുകൊണ്ട് അത്യാവശ്യം ഭാഷാരീതികൾ ഒക്കെ എനിക്ക് വഴങ്ങും. ഓരോ ജില്ലയിലെ ആളുകളെ കാണുമ്പോൾ അവരുടെ രീതിയിൽ സംസാരിക്കാൻ ശ്രമിക്കുന്നത് എനിക്ക് ഒരു രസമാണ്. അതെത്രത്തോളം വിജയിക്കുന്നുണ്ട് കേൾവിക്കാർക്ക് മാത്രമേ അറിയുകയുള്ളൂ.
മലയാളത്തെ ശ്രേഷ്ഠ ഭാഷയിലേക്ക് ഉയർത്തിയത് അടുത്തകാലത്ത് ആണെങ്കിലും നമ്മൾ മലയാളികൾക്ക് മലയാളം ആണ് ഏറ്റവും ശ്രേഷ്ഠമായത്. പക്ഷേ പുതിയ തലമുറയ്ക്ക് മലയാളത്തോട് ഒരു അകൽച്ച വന്നത് പോലെയാണ് തോന്നുന്നത്. ഒരു മൂന്നുവയസുവരെ നല്ല മലയാളം പറയുന്ന കുട്ടികളൊക്കെ സ്കൂളിൽ ചേരുന്നതോടെ പതുക്കെ ഇംഗ്ലീഷിലേക്ക് സംസാരം മാറ്റും. പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ളവർ. എൻറെ മകൾ സ്കൂളിൽ പോകാൻ തുടങ്ങിയതോടെയാണ് എനിക്കിത് മനസ്സിലായത് ആദ്യമൊക്കെ മകളുടെ ഇംഗ്ലീഷ് കേൾക്കുമ്പോൾ ഒരു രോമാഞ്ചം ആയിരുന്നു. അവൾ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഇംഗ്ലീഷിൽ മറുപടി പറയാൻ തുടങ്ങിയതോടെ മലയാളത്തിന്റെ കടുത്ത ആരാധികയായ ഞാൻ അപകടം മണത്തറിഞ്ഞു. അസൂയക്കാർ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണ് എന്ന്. ഞാൻ പച്ചവെള്ളംപോലെ ഇംഗ്ലീഷ് പറയും. പക്ഷേ അത് കോർപ്പറേഷൻ പൈപ്പിലെ പച്ചവെള്ളം പോലെയാണ് വന്നാൽ വന്നു… ഇല്ലെങ്കിൽ ഇല്ല… ചിലപ്പോൾ ശു, ശീ, ഹൂ…. എന്ന ശബ്ദം മാത്രം വരും. അതോടെ ഞാൻ വീട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു വീട്ടിൽ മലയാളം അല്ലാതെ മറ്റൊന്നും പറയാൻ പാടില്ല എന്ന്. ഹോ… തൽക്കാലം രക്ഷപ്പെട്ടു. അതുകൊണ്ട് പല ഗുണങ്ങളും ഉണ്ടായി. നന്നായി മലയാളം പറയുന്നതുകൊണ്ട് എൻറെ മകൾക്ക് ചെറുപ്പംതൊട്ടേ റേഡിയോ ടോക് ഷോകളിൽ പങ്കെടുക്കാനും, ടിവി പരിപാടികൾ അവതരിപ്പിക്കാനും, സ്റ്റേജ് ഷോകൾ അവതരിപ്പിക്കാനും എല്ലാം അവസരം ലഭിച്ചു. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.
ഇവിടെ ദുബായിലുള്ള മകളുടെ കൂട്ടുകാരികളെയും ഭർത്താവിൻറെ സഹപ്രവർത്തകരെയും ഒക്കെ കാണുമ്പോൾ ഞാൻ എൻറെ കോർപ്പറേഷൻ പൈപ്പ് തുറന്ന്
” ഹായ്, ഹോയ്, ഹൂയ്, ശുയ്….” എന്നൊക്കെ ശബ്ദമുണ്ടാക്കി ഞാനൊരു വലിയ സംഭവമാണെന്നൊക്കെ അങ്ങ് ഭാവിച്ചു. പിടിച്ചുനിന്നു…
പക്ഷേ എൻറെ പേരക്കുട്ടി നഴ്സറിയിൽ പോകാൻ തുടങ്ങിയതോടെയാണ് പ്രശ്നമായത്. ഒരുദിവസം ബ്രിട്ടീഷുകാരി ടീച്ചറുടെ വക നിർദ്ദേശം കുട്ടിക്ക് ക്ലാസ്സിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് നിങ്ങൾ വീട്ടിൽ ഇംഗ്ലീഷ് തന്നെ സംസാരിക്കണമെന്ന്. ഇനി എന്റെ തുരുമ്പെടുത്തിരിക്കുന്ന കോർപ്പറേഷൻ പൈപ്പ് നന്നാക്കിയേ പറ്റുകയുള്ളൂ. അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത് 52 അക്ഷരങ്ങൾ ഉള്ള മലയാളഭാഷ പഠിക്കുന്നതിനന്റെ പകുതി ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ 26 അക്ഷരങ്ങളുള്ള ഇംഗ്ലീഷ് പഠിക്കാൻ എന്ന്. അതായത് ബുദ്ധി കൂടുതലുള്ളവർക്കേ മലയാളം നന്നായി പഠിക്കാൻ പറ്റുകയുള്ളൂ. ഇംഗ്ലീഷ് മടിയന്മാരുടെ ഭാഷയാണ്. അതാണ് എല്ലാവരും വളരെ പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കുന്നതും ‘ചറ പറ ‘
എന്ന് ഇംഗ്ലീഷ് പറയുന്നതും. ഞാനേതായാലും എന്റെ ബുദ്ധിയെ പണയം വെക്കാൻ തയ്യാറായില്ല. പക്ഷേ ലോകം കീഴടക്കാൻ അധികം ബുദ്ധിയൊന്നും വേണ്ട എന്ന് മനസ്സിലായതോടെ ഞാനിപ്പോൾ ഒരു സന്ധി മാർഗത്തിൽ ആണ്.
കുട്ടികൾക്ക് ബുദ്ധിമുട്ട് വരാതിരിക്കാനായി ഞാൻ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. അതോടെ പേരക്കുട്ടികൾ തീരെ മലയാളം പറയാതെയായി. എൻറെ മകൾ ഒറ്റക്കുട്ടി ആയിരുന്നതുകൊണ്ട് മലയാളം സംസാരിക്കണമെന്ന് എൻറെ നിർബന്ധബുദ്ധിക്ക് വഴങ്ങിയിരുന്നു. പക്ഷേ ഇപ്പോൾ പേരക്കുട്ടികൾ രണ്ടുപേർ ആയതോടെ എന്റെ ശ്രമങ്ങളൊന്നും വിലപ്പോകുന്നില്ല.
അപ്പോഴാണ് ഞാൻ പുതിയൊരു തന്ത്രം പ്രയോഗിക്കാൻ തുടങ്ങിയത് രണ്ടുപേർക്കും മാസാദ്യംതന്നെ 20 ദിർഹം കൊടുക്കും. വീട്ടിൽ അവർക്ക് രണ്ടുപേർക്കും തമ്മിൽ ഇംഗ്ലീഷ് പറയാം. പക്ഷേ ബാക്കിയുള്ളവരോട് മലയാളത്തിൽ മാത്രം സംസാരിക്കണം . ഇംഗ്ലീഷ് സംസാരിച്ചാൽ ഓരോ ഇംഗ്ലീഷ് വാക്കിനും 50 ഫിൽസ് കട്ട് ചെയ്യും. അങ്ങനെ ഒരു വിധം സമാധാനത്തിൽ കഴിഞ്ഞിരുന്ന എനിക്ക് നേരെ ഒരു ബ്രഹ്മാസ്ത്രവും ആയാണ് ഒരു ദിവസം മൂന്നാം ക്ലാസ് കാരിയായ പേരക്കുട്ടി ഇന്നുമോൾ സ്കൂളിൽനിന്നും വന്നത്. ടീച്ചർ ക്ലാസ്സിൽ ചോദിച്ചു പോലും ഏതെങ്കിലും ഗ്രാന്മ ക്ലാസിൽ വന്ന്
ഗ്രാന്മ സ്റ്റോറി പറയുമോ എന്ന്? കുട്ടിക്ക് എന്നിലുള്ള അമിതവിശ്വാസം കാരണമാണെന്ന് തോന്നുന്നു, അവൾ എന്റെ പേര് കൊടുത്തു. ഇതിൽനിന്ന് ഒന്ന് തലയൂരാനായി ഞാൻ മൂക്ക് കൊണ്ട് ക്ഷ, ദ്ധ, ഞ ഒക്കെ വരച്ചു. ഇന്നുമോൾ ഒറ്റ വാശിയിൽ ഉമ്മു വന്നേ പറ്റൂ… നിങ്ങൾ തെറ്റിദ്ധരിക്കേണ്ട ഉമ്മു എന്നാൽ ഞാൻ തന്നെയാണ് ഉമ്മുമ്മ എന്നാണ് വിളിക്കേണ്ടത്. കുട്ടിക്ക് ഒരുപാട് ‘മ’ അടുപ്പിച്ചു വരുമ്പോൾ വലിയ ബുദ്ധിമുട്ട് ആകുമല്ലോ എന്നുവിചാരിച്ച് അവസാനത്തെ ‘മ്മ’ ഞാനങ്ങ് സൈലൻറ് ആക്കി കൊടുത്തു. എന്റെ വിട്ടുവീഴ്ച മനോഭാവത്തിൽ നിങ്ങൾക്ക് ഒരു മതിപ്പൊക്കെ തോന്നുന്നില്ലെ….!
അല്പസ്വല്പം വായനാശീലം ഉള്ളതുകൊണ്ട് കഥ പറയുക എന്നത് എനിക്ക് വളരെ എളുപ്പമാണ്. എന്റെ മകൾക്ക് ചെറുതായിരുന്നപ്പോൾ തൊട്ടേ എല്ലാ ദിവസവും ഒരു കഥ കേട്ടുറങ്ങുന്ന ശീലമുണ്ടായിരുന്നു. അതെന്റെ പേരക്കുട്ടികളുടെ അടുത്തും തുടരുന്നു. പണ്ട് വായിച്ച ബാലരമയിലെയും അമ്പിളി അമ്മാവനിലെയും കഥകളൊക്കെ പറഞ്ഞാണ് ഞാനിപ്പോഴും പിടിച്ചുനിൽക്കുന്നത്.
ബ്രിട്ടീഷ് സിലബസ് സ്കൂളിൽ പഠിക്കുന്ന ഇന്നുമോളുടെ ക്ലാസ്സിൽ വിരലിലെണ്ണാവുന്ന മലയാളി കുട്ടികളെ ഉള്ളൂ. അങ്ങനെയുള്ള ക്ലാസ്സിൽ പോയി ഞാൻ എന്റെ കോർപ്പറേഷൻ പൈപ്പ് തുറന്നാൽ എന്താകും ഗതി…?
ഞാൻ കഥ വായിക്കാനായി ക്ലാസ്സിലേക്ക് വരാം എന്ന് സമ്മതിച്ചതോടെ, ഇന്നു മോൾ ആകെ ആവേശത്തിലായി. അവൾ അവളുടെ കഥ പുസ്തകങ്ങളുടെ ഭണ്ഡാരപ്പെട്ടി തുറന്നു, ഇഷ്ടപ്പെട്ട പുസ്തകങ്ങളൊക്കെ നിരത്താൻ തുടങ്ങി. കൂടുതലും അവളുടെ പ്രിയപ്പെട്ട എനിഡ് ബ്ലിട്ടൻ പുസ്തകങ്ങൾ. പക്ഷേ എനിക്ക് താല്പര്യം കുട്ടികളെ ചിരിപ്പിച്ചു കയ്യിലെടുക്കാൻ പറ്റുന്ന ലളിതമായ കഥകളായിരുന്നു. പിന്നെ എന്റെ കോർപ്പറേഷൻ പൈപ്പിന് താങ്ങുന്നതും ആയിരിക്കണമല്ലോ… അവസാനം
” Gerald Rose ന്റെ Tiger skin rug.”
ലളിതമായ കഥയും, എന്നാൽ ധാരാളം കളർഫുൾ ആയുള്ള ചിത്രങ്ങളും ഉള്ള പുസ്തകം ഞാൻ തിരഞ്ഞെടുത്തു. അതിനിടയ്ക്ക് എൻറെ കുനിഷ്ട് ബുദ്ധി ഈ കഥ പറച്ചിലിൽ നിന്നും എങ്ങനെ ഒഴിവാകാം എന്ന് ചിന്തിച്ചുകൊണ്ടിരുന്നു… കുളികഴിഞ്ഞ് തല തോർത്താതെ പനി പിടിപ്പിച്ചാലോ… വല്ല ആവണക്കെണ്ണ യും കുടിച്ച് വയറ്റിളക്കം പിടിപ്പിച്ചെങ്കിലോ… എന്നൊക്കെ ചിന്തിച്ചു. പക്ഷേ എന്ത് തടസ്സം ഉണ്ടായാലും മറ്റൊരു ദിവസമെങ്കിലും എന്റെ സീമന്ത പേരക്കുട്ടി എന്നെകൊണ്ട് കഥ പറയിപ്പിച്ചെ അടങ്ങുകയുള്ളൂ എന്ന് മനസ്സിലായപ്പോൾ… ഞാൻ അവളുടെ മുന്നിൽ ആയുധം വെച്ച് കീഴടങ്ങി.
ഇനി 2 ദിവസം കൂടി യേ ഉള്ളൂ എന്റെ ഗ്രൻഡ്മാ സ്റ്റോറിക്ക്. WD 40(തുരുമ്പ് കളയാൻ ഉപയോഗിക്കുന്ന സ്പ്രേ) ഒക്കെ അടിച്ച് ഞാനെൻറെ കോർപ്പറേഷൻ പൈപ്പ് നന്നായി വൃത്തിയാക്കി. പിന്നെ കണ്ണാടിയുടെ മുൻപിൽനിന്ന് പലതവണ പ്രാക്ടീസ് ചെയ്തു. ഞാൻ കഥ പറഞ്ഞു തിളങ്ങിയില്ലെങ്കിൽ എൻറെ കുട്ടിക്ക് അല്ലേ ക്ഷീണം…!
അങ്ങനെ കഥപറച്ചിലിന്റെ ദിവസമെത്തി. 10 മണിക്കാണ് ഇംഗ്ലീഷ് പിരീഡ്. അപ്പോഴാണ് എന്നോട് ചെല്ലാൻ പറഞ്ഞിരിക്കുന്നത്. ഞാൻ സാരിയൊക്കെ ഉടുത്ത് ഒരു കണ്ണടയും ഫിറ്റ് ചെയ്ത് റെഡി ആയി. കുട്ടികൾക്ക് ലുക്കിൽ എങ്കിലും എന്നോട് ഒരു ബഹുമാനം തോന്നണമല്ലോ…
ഇന്ത്യക്കാരടക്കം ഏകദേശം 7 രാജ്യങ്ങളിലെ കുട്ടികൾ അവളുടെ ക്ലാസിൽ ഉണ്ട്. എല്ലാം നല്ല ശിമിടുകൾ ആണ്. ബോധംകെട്ട് വീണാൽ പിടിക്കണമല്ലോ എന്ന് വിചാരിച്ച് ആയിരിക്കും എൻറെ മകളും എൻറെ കൂടെ സ്കൂളിലേക്ക് വന്നു. ‘ഇതൊക്കെ യെന്ത്..? ചീള് കേസ്…’ എന്ന മട്ടിലാണ് ഞാൻ സ്കൂൾ കോറിഡോറിലൂടെ നടന്നത്. പക്ഷേ എൻറെ ഹൃദയം പെരുമ്പറ കൊട്ടുകയാണെന്ന സത്യം എനിക്ക് മാത്രമല്ലേ അറിയുകയുള്ളൂ… ക്ലാസ്സിലേക്ക് കുട്ടികൾ എന്നെ വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്തു. ആ നിഷ്കളങ്ക മുഖങ്ങൾ കണ്ടതോടെ എന്റെ ഉള്ളിലെ പേടിയൊക്കെ വാത്സല്യം ആയി മാറി. പിന്നെ എന്റെ മുൻപിൽ ഇരിക്കുന്ന കുരുന്നുകൾ എല്ലാം എൻറെ പേരക്കുട്ടികളായ ഇന്നുമോളും സയാനും ആയി തോന്നി. പിന്നെ ഇടംവലം നോക്കാതെ കഥ പറയാൻ തുടങ്ങി. ഇംഗ്ലീഷ് ടീച്ചറും ക്ലാസ്സിന്റെ ഏറ്റവും പുറകിൽ ഒരു കസേരയിട്ട് കേൾവിക്കാരായി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ആ ഭാഗത്തേക്ക് നോക്കിയതേയില്ല… നിങ്ങൾ ഏതു ഭാഷയിലാണ് കഥ പറയുന്നത് എന്നെങ്ങാനും ചോദിച്ചാൽ ഞാൻ കുടുങ്ങിയില്ലേ…. കുട്ടികളാരും കടിച്ചാൽ പൊട്ടാത്ത ചോദ്യങ്ങളൊന്നും ചോദിക്കല്ലേ… എന്നായിരുന്നു എൻറെ പ്രാർത്ഥന. എൻറെ പൊട്ട തമാശകൾ കേട്ട് കുട്ടികൾ ചിരിക്കാനും എൻറെ ചെറിയ ചോദ്യങ്ങൾക്ക് അവർ ഉത്തരം പറയാനും തുടങ്ങിയതോടെ എനിക്കും ആവേശമായി. അവർ ചോദിച്ചു ചോദ്യങ്ങൾക്കൊക്കെ പറ്റാവുന്ന രീതിയിൽ ഞാനും ഉത്തരങ്ങളൊക്കെ കൊടുത്തു. അതോടെ എനിക്ക് നല്ല കോൺഫിഡൻസ് ആയി. ചിരിച്ചും കളിച്ചും അത്യാഹിതങ്ങൾ ഒന്നും സംഭവിക്കാതെ അരമണിക്കൂർ ഞാൻ കുട്ടികളെ രസിപ്പിച്ചു. കഥ പറഞ്ഞു കഴിഞ്ഞ സമാധാനത്തിൽ ഞാൻ വെറുതെ കുട്ടികളെ സുഖിപ്പിക്കാനായി ചോദിച്ചു…
കൂടുതൽ കഥകൾ വേണോ…? എന്ന്. കുട്ടികൾ
“വേണം… വേണം…”
എന്ന് പറഞ്ഞ് ബഹളമായി. പടച്ചവനേ… ചതിച്ചു…. എൻറെ ആവനാഴിയിലെ അസ്ത്രങ്ങൾ എല്ലാം തീർന്നു. ഇനിയെന്ത് ചെയ്യും…
എന്ന് വിചാരിച്ച് വിഷമിച്ചു നിന്ന എന്റെ കാതിനെ കുളിർപ്പിച്ചു കൊണ്ട് പിരീഡ് തീർന്നു എന്ന മണിയടി ശബ്ദം കേട്ടു. ആ ബെല്ലിനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി പോയി. അങ്ങനെ പരിക്കുകളൊന്നുമില്ലാതെ വിജയശ്രീലാളിതയായി തിരിച്ച് വീട്ടിലെത്തിയ എന്നോട് ഒന്നാം ക്ലാസ്സുകാരൻ സയാനുവിന്റെ ചോദ്യം….
” When are you coming to my class for telling grandma’s story…”
പകച്ചു പോയെന്‍റെ ബാല്യം….
സജ്ന


7 Comments
നന്നായിട്ടുണ്ട് sajnathaaa❤️❤️
സജ്‌നത്ത… 👌👌❤️❤️❤️
Super ഉമ്മൂമ്മ.!
അത്ര അഭിനന്ദിച്ചാലും മതിയാവില്ല,
Hats off for your intention, writing skill and smartness.
👍👏💗
നന്നായി.. ഇതൊക്കെ ഓർക്കാൻ സുഖമുള്ള അനുഭവങ്ങളല്ലേ🥰
അതെയതെ… സുഖമുള്ള ഓർമ്മകൾ 💕
മനോഹരം. രസകരം
💕