ഞാൻ പണ്ടും ഇപ്പോഴും ഒക്കെ ഒരു ടെൻഷൻക്കാരിയാണ്.
എന്റെ പരീക്ഷക്കാലത്തു എനിക്കു ഉണ്ടായിരുന്ന പേടി തന്നെയാണ് എന്റെ മക്കളുടെ സമയത്തും. എന്റെ ആൺകുട്ടികൾ രണ്ടുപേരും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. മോളു കോൺവെന്റിൽ മലയാളം മീഡിയത്തിലും. ( അയ്യോ പെൺകുട്ടി ആയതു കൊണ്ടാണോ ഇംഗ്ലീഷ് മീഡിയം ചേർക്കാതിരുന്നത് എന്നു ആരും വിചാരിക്കരുത് അവൾക്കു കോൺവെന്റും അവിടുത്തെ സിസ്റ്റേഴ്സിനെയും ഒക്കെ വലിയ ഇഷ്ടമായിരുന്നു )
മക്കൾ മൂന്നുപേരും ഒരു വിധം നന്നായി പഠിക്കുമായിരുന്നു.
എന്നാലും റിസൾട്ട് വരുന്ന ദിവസം അവര് നല്ല കൂളായി നിന്നാലും എനിക്കു ഭയങ്കര ടെൻഷൻ ആയിരിക്കും. ഏട്ടന്റെ ഓഫീസ് ഇവരുടെ സ്കൂളിന്റെ അടുത്താണ്. അന്നൊക്കെ ജയിച്ചവരുടെ പേരുകൾ അവിടെ ഒരു പേപ്പറിൽ എഴുതി ബോർഡിൽ ഒട്ടിച്ചു വച്ചിട്ടുണ്ടാവും. ടെൻഷൻ കൊണ്ടുള്ള എന്റെ തലവേദനയും വിയർത്തു ഒഴുകലും ഒക്കെ കണ്ടു പാവം തോന്നിട്ടു ഏട്ടൻ ഓഫീസിൽ പോവുന്ന വഴി സ്കൂളിൽ കയറും. എന്നിട്ടു റിസൾട്ട് നോക്കിട്ടു അവിടെ ഒട്ടിച്ചവരുടെ കുട്ടത്തിൽ ഇവരുടെ പേരുണ്ട് എന്നു ഫോൺ ചെയ്തു പറയും. പിന്നെ കുട്ടികൾ പരീക്ഷാഫലം അറിയാൻ പോയാൽ ഞാൻ കൂളായി നിൽക്കുന്നുണ്ടാവും.
പക്ഷേ ഞാൻ പഠിക്കുന്ന കാലത്തു ഞങ്ങൾ കൂട്ടുകാരികൾ എല്ലാവരും ചേർന്നാണ് റിസൾട്ട് അറിയാൻ പോവുക. എന്റെ അമ്മക്ക് എനിക്കുണ്ടായിരുന്ന വേവലാതിയൊന്നും ഇല്ലായിരുന്നു. നല്ലോണം എഴുതിയാൽ ജയിക്കും അന്നേരം പഠിക്കാതെ ഇപ്പോൾ പേടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്നാണ് അമ്മ പറയുക.
എട്ടും ഒൻപതും ഒക്കെ അങ്ങിനെ അങ്ങു പോയി. പത്താം ക്ലാസ്സിലെ പരീക്ഷ വന്നപ്പോഴേ പേടി തുടങ്ങി. ഞാനും എന്റെ മാമന്റെ മോളും ഒരേ ക്ലാസ്സിലായിരുന്നു. ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ചോദ്യങ്ങൾ ചോദിച്ചും പറഞ്ഞു കേൾപ്പിച്ചും ഒക്കെയായിരുന്നു പഠനം. കമ്പയിന്റ് സ്റ്റഡി എന്നായിരുന്നു അതിന്റെ പേര് എന്നൊന്നും അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.
അങ്ങിനെ ഒരു വിധം നന്നായി പഠിച്ചു. (ഞങ്ങൾ മാത്രമാണ് അങ്ങിനെ വിചാരിച്ചത്) കണക്കായിരുന്നു കുട്ടത്തിൽ പാട്. പരീക്ഷ കഴിഞ്ഞു വന്നു കൂട്ടിയും കുറച്ചും എല്ലാം കൂടി പാസ്സാവാൻ വേണ്ട മാർക്ക് കിട്ടുമെന്ന് ഉറപ്പിച്ചു ഞങ്ങൾ കാത്തിരുന്നു.
റിസൾട്ട് അറിയുന്ന ദിവസം രാവിലെ കുളിച്ചു അമ്പലത്തിൽ ഒക്കെ പോയി നന്നായി പ്രാർത്ഥിച്ചു നെറ്റിയിൽ നീളത്തിൽ ഒരു ചന്ദന കുറിയൊക്കെ തൊട്ടു റിസൾട്ട് അറിയാൻ പോയി എന്തെങ്കിലും കഴിച്ചിട്ട് പോയാൽ മതി എന്നു അമ്മ പറഞ്ഞത് ശ്രദ്ധിക്കുക കൂടി ചെയ്യാതെ കുട്ടത്തിൽ ഭംഗി
ഒട്ടും ഇല്ലാത്ത ഡ്രസ്സ് ഒക്കെ ഇട്ടു ഞങ്ങൾ (ഞാനും മാമന്റെ മോൾ സുധയും ) പോയത്. ഹാൾ ടിക്കറ്റിൽ നിന്നു എഴുതി കൊണ്ടുപോയ നമ്പർ അവിടെ ഒട്ടിച്ചു വച്ച നമ്പറുമായി ഒത്തു നോക്കിതുടങ്ങി. (ഇന്നത്തെ പോലെ നെറ്റ് വഴി ആയിരുന്നില്ല അന്നത്തെ പരീക്ഷഫലം )
പത്തുമിനിറ്റ് നോക്കിയിട്ടും ഞങ്ങളുടെ രണ്ടുപേരുടെയും നമ്പർ അതിൽ കണ്ടില്ല. പിന്നെ ഞങ്ങൾ കരഞ്ഞുകൊണ്ടു അവിടുന്ന് ഇറങ്ങി. ജയിച്ചിട്ടിലെങ്കിൽ രണ്ടു കൊല്ലം അടുക്കളയിലെ പണി ഒക്കെ പഠിക്കാം. അപ്പോഴേക്കും ഒരു നല്ല ആലോചന വരാതിരിക്കില്ല . അമ്മയുടെ വാക്കുകൾ അങ്ങിനെ ആയിരുന്നു.
നടന്നു വരുമ്പോൾ സുധ എന്നോട് ചോദിച്ചു നമ്മൾ ഇനി എന്തു ചെയ്യും മരിച്ചാലോ. എനിക്കും മരിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ എങ്ങിനെ മരിച്ചാലും വേദനിക്കുമെന്ന് ഓർത്തപ്പോൾ ഞങ്ങൾ അതു വേണ്ട എന്നു വച്ചു. (ഇന്നത്തെ കുട്ടികളുടെ ധൈര്യ മൊന്നും അന്നത്തെ പിള്ളേർക്കില്ലല്ലോ.
തിരിച്ചു വന്നു ഞാൻ പുറത്തു ഇറങ്ങാതെ മുറിയിൽ തന്നെ ഇരുന്നു. ഒരു തുള്ളി വെള്ളം പോലും കുടിച്ചതുമില്ല. സുധ അവളുടെ വീട്ടിലേക്കു പോയി. വൈകുന്നേരമായപ്പോഴാണ് സുധ അലറിവിളിച്ചു കൊണ്ടു വീട്ടിലേക്കു ഓടിവന്നത്. അവൾ എന്റെ റൂമിലേക്ക് ഓടിവന്നതും എന്നോട് പറഞ്ഞു. നമ്മുടെ നമ്പർ ബോർഡിൽ ഉണ്ട്. ഇപ്പോൾ ശ്രീനിമാഷ് നോക്കിയപ്പോഴാണ് കണ്ടതു. നമ്മള് പേടിയോടെ നോക്കിയപ്പോൾ കാണാത്തതായിരിക്കും. നമ്മള് രണ്ടും ജയിച്ചു. എനിക്കും അവൾക്കും സന്തോഷം സഹിക്കാൻ ആയില്ല. നിറഞ്ഞ കണ്ണുകളോടെ ഞങ്ങൾ പൊട്ടിച്ചിരിച്ചു. ആ കൊല്ലം ഗവണ്മെന്റ് കോളേജിൽ തന്നെ പ്രീ ഡിഗ്രിക്കു ചേരുകയും ചെയ്തു.
ഈ സംഭവം ഓർക്കാതെ ഒരു പരീക്ഷക്കാലവും ഇതുവരെ എന്റെ മനസ്സിലൂടെ കടന്നു പോയിട്ടില്ല.
#എന്റെരചന
#പരീക്ഷ.


2 Comments
നല്ല രചന 👍😍
ആ പേടി ശരിക്കും മനസിലാവുന്നുണ്ട് എഴുത്തിൽ😀😍