വായനയും എഴുത്തും മനുഷ്യന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. വായനയിലൂടെ നാം പുതിയ കാര്യങ്ങൾ പഠിക്കുകയും ഭാഷയെക്കുറിച്ചുള്ള നമ്മുടെ അറിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എഴുത്തിലൂടെ നാം നമ്മുടെ ആശയങ്ങളും വികാരങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കുന്നു.
തന്റെ ആശയങ്ങളെ പങ്ക് വെക്കപെടുക എന്നത് തന്നെ ആയിരിക്കും ഒരു എഴുത്തുകാരന്റെ പ്രഥമ ലക്ഷ്യം. ഒരു കഥ പറയുന്നതിലൂടെയോ ഒരു കവിതയിലൂടെയോ ലളിതമായ രീതിയിൽ പക്ഷെ ശക്തമായ ഭാഷയിൽ അയാൾക്ക് ഒരു അനാചാരത്തെയോ തെറ്റാണെന്ന് തനിക്ക് ഉറപ്പുള്ള ഒരു സംഗതിയെയോ എതിർക്കാൻ കഴിയും.
കവിതകൾ കൊണ്ട് വലിയ സമരങ്ങൾ ഏറ്റെടുത്ത എത്രയോ ചരിത്രങ്ങൾ..
“വരിക വരിക സഹജരേ
സഹനസമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടക്കു പോക നാം“
അംശി നാരായണപിള്ളയുടെ ഈ കവിതയാണ് വൈക്കം സത്യാഗ്രഹ സമരം ഏറ്റെടുത്തത്. സ്വാതന്ത്ര്യ സമര കാലത്ത് ആണെങ്കിൽ, സുഭാഷ് ചന്ദ്ര ബോസും രവീന്ദ്രനാഥാ ടാഗോറും അങ്ങനെ എത്രയെത്ര ആളുകൾ..
എഴുത്തുകാരന്റെ ഏറ്റവും വലിയ ഗുണം ധൈര്യം ആണ്. തന്റെ ആശയങ്ങളെ, നിലപാടുകളെ, അഭിപ്രായ വ്യത്യാസങ്ങളെ ഇങ്ങനെ ഓരോന്നിനെയും കൃത്യമായി ആളുകളിലേക്ക് എത്തിക്കാൻ കഴിയുന്നു. മാത്രമല്ല വെറുതെ പറഞ്ഞു പോകാതെ ഒരു രേഖപെടുത്തൽ കൂടിയാണ് അവിടെ നടക്കുന്നത്. എഴുത്ത് എന്നത് സമൂഹവുമായി സംവദിക്കാനുള്ള വലിയ ഒരു മാധ്യമം ആണ്.
മേല്പറഞ്ഞതിനെല്ലാം ഒറ്റ അർത്ഥമേയുള്ളൂ. എഴുത്തുകാർ സാമൂഹിക ഇടപെടലുകൾ കൃത്യമായി നടത്തുന്നവരാണ്. സമത്വത്തിന് വേണ്ടി സ്വാതന്ത്ര്യത്തിന് വേണ്ടി അവകാശങ്ങൾക്ക് വേണ്ടി അധമത്വത്തിനെതിരെ അനാചാരങ്ങൾക്കെതിരെ ഇങ്ങനെ സർവ്വ മേഖലകളോടും നിരന്തരം കലഹിച്ചു തന്നെയാണ് എഴുത്തുകാർ ഇവിടെ ചരിത്രം രചിച്ചിട്ടുള്ളത്.
അപ്പോൾ ഒരു എഴുത്തുകാരന്റെ ആദ്യ പരിഗണന ഉന്നതമായ ഒരു സാമൂഹിക പാശ്ചാത്തല നിർമ്മിതിക്ക് വേണ്ടി ഇടപെടുക എന്നത് തന്നെയാകണം.
മറ്റൊന്ന് രസിപ്പിക്കുക എന്നുള്ളതാണ്. അതായത് മനുഷ്യ ജീവിതത്തിന്റെ പല അവസ്ഥകളെ കുറിച്ചുമുള്ള കഥകൾ പറയുക. ഒരു പക്ഷെ മറ്റുള്ളവരുടെ ജീവിതം ഒരു പാഠം ആക്കുന്നതിനോ… ഇങ്ങനെയും ജീവിതങ്ങൾ ഉണ്ട് എന്നറിയിക്കാനോ… അതുമല്ലെങ്കിൽ ചില ഗുണപാഠങ്ങൾക്ക് വേണ്ടിയോ…
അവിടെയും എഴുത്തുകാരൻ ഒരു ബാധ്യത നിർവ്വഹിക്കുകയാണ്… വി ടി ഭട്ട തിരിപ്പാടിനെ പോലെയുള്ളവർ നാടകങ്ങളിലൂടെയും സഞ്ജയനെ (മണിക്കോത്തു രാമുണ്ണി നായർ ) ഹാസ്യത്തിലൂടെയും സാമൂഹിക രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിച്ചവർ ആണെന്ന് കൂടി ഓർക്കുക..
മറ്റൊരു പ്രധാനപെട്ട ദൗത്യം ചരിത്രത്തെ രേഖപെടുത്തുക എന്നതാണ്.. ദൗർഭാഗ്യകരമെന്ന് പറയട്ടെ… പല ചരിത്ര ലേഖനങ്ങളും ചില നിക്ഷിപ്ത ബ്രിട്ടീഷ് താല്പര്യങ്ങളുടെ പുറകിൽ തെറ്റായി രേഖപെടുത്തപ്പെട്ടിട്ടുണ്ട് എന്ന വസ്തുത നില നിൽക്കുമ്പോഴും അതാണ് ചരിത്ര സത്യങ്ങൾ എന്ന രൂപത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുമ്പോഴും യഥാർത്ഥ ചരിത്രത്തിന്റെ മാറ്റ് കുറക്കാൻ ആ കൂലി എഴുത്തുകാർക്ക് കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ അതാണ് വസ്തുതയും ചില യഥാർത്ഥ എഴുത്തുകാരുടെയും ചരിത്രകാരൻമാരുടെ കരുതൽ കൊണ്ട് മാത്രം ആ സത്യങ്ങൾ ചരിത്രങ്ങൾ ഇന്നും നില നിൽക്കുന്നു അവയെ നാം തിരിച്ചറിയുന്നു.
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ അതി പ്രസരം ഭീഷണി ആകുമ്പോഴും വായന മരിക്കുന്നു എന്ന കിംവദന്തി നില നിൽക്കുമ്പോഴും ഓരോ ദിവസവും പുതുതായി ഇറങ്ങുന്ന പുസ്തകങ്ങളും പുതിയ എഴുത്തുകാരും പ്രതീക്ഷകളാണ്
ഗുഹാ ചിത്രങ്ങളിൽ നിന്നും തുടങ്ങിയ എഴുതാനുള്ള മനുഷ്യന്റെ അഭിവാഞ്ഛ ഹൈഗ്രോഗ്ലിഫ്ഫുകളും ക്യുനിഫോം പിന്നിട്ടു അക്ഷരങ്ങളിലെത്തി പനയോലകളിൽ നിന്നും തുടങ്ങി പാപ്പിറസ് ആയും പേപ്പർ ആയും ഒടുവിൽ ഇന്ന് ഡിജിറ്റൽ യുഗത്തിൽ എത്തി നിൽക്കുന്ന എഴുത്തും വായനയും.. നീണ്ട കാലത്തെ പരിശ്രമങ്ങളും പരിണാമങ്ങളും..
ഒരു മനുഷ്യ രാശിയുടെ എഴുത്തും അറിവും സംസ്‍കാരവുമെല്ലാം പരസ്പര പൂരകങ്ങളാണ് എന്ന് കാണാൻ കഴിയും..
വായനക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. പക്ഷെ ഒരു കാര്യവുമില്ലാത്ത ആശങ്കയാണത് എന്ന് നിസ്സംശയം പറയാൻ കഴിയും എഴുത്തിന്റെ മേഖലകളിലേക്ക് പുതിയ തലമുറ ആവേശത്തോടെയാണ് കടന്നു വരുന്നത് ഓരോ വർഷവും ലോകത്ത് എമ്പാടുമായി അഞ്ചു ലക്ഷം മുതൽ ഒരു മില്ല്യൻ വരെയുള്ള പുസ്തകങ്ങൾ പബ്ലിഷ് ചെയ്യുന്നുണ്ട് എന്നാണ് കണക്ക്.
കുട്ടികളിലും വായന അനുഭവം വളർത്തേണ്ടതുണ്ട്. വായന സ്വതന്ത്രമായ ഒരു ചിത്രീകരണ ലോകം നമുക്ക് മുന്നിൽ തുറന്ന് കാട്ടുന്നുണ്ട്. ഉദാഹരണത്തിന് വിടർന്നു നിൽക്കുന്ന ഒരു പൂവ് എന്ന് പറയുമ്പോൾ പൂവിന്റെ കളറും വലിപ്പവും രൂപവും ഇതളുകളുടെ ഭംഗിയും ഓരോ വായനക്കാരനും അവനിഷ്ടപ്പെട്ട രൂപത്തിൽ വ്യത്യസ്തതയോടെ വിഭാവനം ചെയ്യുമ്പോൾ ഒരു ചിത്രീകരണത്തിൽ അതിന് ഒരു രൂപമേ ഉള്ളൂ.. എങ്ങനെ നോക്കിയാലും….
സാംസ്‌കാരികമായ ഒരു തലമുറക്ക് വായന അത്യന്താപേക്ഷിതമാണ് വായനയെ നില നിർത്തുക അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ് ഇറക്കപെട്ട ഖുർആനിലെ ആദ്യവാക്ക് തന്നെ ഇക്റഹ് എന്നായിരുന്നു എന്ന് കൂടി സന്ദർഭവശാൽ പറഞ്ഞു പോകുകയാണ്.. വായന ക്ലബ്ബുകൾ ഗ്രാമീണ ലൈബ്രറികൾ ഇതിലെല്ലാം സജീവ സാന്നിധ്യം ആവുക പുതിയ കാലത്തു ആണെങ്കിൽ സോഷ്യൽ മീഡിയകളെ ഉപയോഗപ്പെടുത്തിയും കൂട്ടായ്മകളെ സംഘടിപ്പിച്ചും വായനയെ നമുക്ക് പരിഭോഷിപ്പിക്കാം നമ്മുടെ കടമ നിർവ്വഹിക്കാം….
എല്ലാം കുട്ടികളിൽ നിന്ന് തുടങ്ങണം എന്നാണ് പറയുക. നല്ല വായന നല്ല സംസ്കാരത്തെ വളർത്തിയെടുക്കുമ്പോൾ വീട്ടിൽ ഒരു കൊച്ചു ലൈബ്രറി നമുക്കും തുടങ്ങാവുന്നതാണ്.. പലപ്പോഴായി നമ്മുടെ കുട്ടികൾക്ക് കൊടുക്കുന്ന ഗിഫ്റ്റുകളിൽ പുസ്തകങ്ങൾ ഉൾപെടുത്തുക. നിങ്ങളുടെ മക്കൾക്കു കൊടുക്കാൻ കഴിയുന്ന ഏറ്റവും മൂല്യമുള്ള ഒരു സമ്മാനം ആയിരിക്കും അത് എന്നൊന്നും ഓർക്കാനും പഠിക്കാനും പ്രാവർത്തികമാക്കാനും.
അവസാനമായി ഞാൻ ഈ എഴുത്തിനെ ഇങ്ങനെ ഉപസംഹരിക്കട്ടെ…
വായന അറിവാണ്..
എഴുത്ത് ആയുധമാണ്..
ആശയങ്ങളെ ചിന്തകളെ സർഗ്ഗ സൃഷ്ടികളാക്കി അനുവാചകരിലേക്ക് എത്തിക്കുന്നതിനൊപ്പം സമത്വസുന്ദരമായ ഒരു ലോകം എഴുത്തുകാരന്റെ മുമ്പിൽ തെളിഞ്ഞു വരേണ്ടതുണ്ട്..
അതിനായി പരിശ്രമിക്കുക…
ഫൈസൽ മന്ദലാംകുന്ന്


1 Comment
ഒരു കാര്യം പറഞ്ഞോട്ടേ .ഇന്ന് കൃത്യമായ സാമൂഹിക ഇടപെടലുകൾ നടത്തുന്ന എഴുത്തുകാർ വളരെക്കുറവാണെന്നാണു തോന്നുന്നത്. ഉള്ളുലയ്ക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ മിക്കവരും നിസ്സംഗത പാലിക്കുകയാണ്. സ്വയരക്ഷയ്ക്കു വേണ്ടിയാവാം. അവരും മനുഷ്യരാണല്ലോ.