രാത്രികളിൽ ഉറങ്ങാത്ത ജാനറ്റ് ഞങ്ങൾക്കൊരു അദ്ഭുതമായിരുന്നു. എന്റെ രാത്രി ഡ്യൂട്ടികൾ അവരുടെ കരച്ചിലിൽ കുതിർന്നു.
അമ്മേ എന്ന് തേങ്ങിക്കരഞ്ഞ് ഒരു കൊച്ചു കുഞ്ഞിനെ പോലെ ആരെയും തിരിച്ചറിയാതെ ഈ എൺപതിന്റെ നിറവിൽ നിൽക്കുന്നൊരാൾ…
മറവി രോഗിയേക്കാൾ കൂടുതൽ മാനസികമായ പിന്തുണ ആവശ്യം വരുക അവരുടെ കൂടെയുള്ളവർക്കായിരിക്കും എന്ന് ചിലപ്പോൾ തോന്നും.
മക്കളും കൊച്ചുമക്കളും അവരുടെ മുന്നിൽ നിരന്നിരുന്നു. അവർക്കാർക്കും അവരെ ആശ്വസിപ്പിക്കാനോ ആശ്വാസത്തിന്റെ ഒരു കണിക ഞങ്ങൾക്ക് പകരാനോ കഴിഞ്ഞില്ല.
രാവിലെ മുതൽ അവർ ഓട്ടത്തിലായിരിക്കും.
വിശാലമായ ആശുപത്രിയുടെ മുക്കിലും മൂലയിലും പിടിച്ചു ദൂരെ ജോലിക്ക് പോയ ഒരമ്മയേയും അച്ഛനെയും കാത്തു നിൽക്കുന്ന ഒരാളെ പോലെ അവരുടെ പേര് വിളിച്ചു കൊണ്ട്, എവിടെ എന്റെ അച്ഛനും അമ്മയും എന്നൊരോ നിലവിളിയിലും അലറി കൊണ്ട്..
അടുത്ത് വന്നവരെ ആരെയും അവർക്ക് അറിയാതെ പോകുന്നു. വഴിയറിയാതെ ഉഴലുന്ന ഒരു കൊച്ചു കുഞ്ഞ് നമ്മുടെ മുന്നിൽ നില്ക്കുന്നത് പോലെ.
സഹായിക്കാൻ വഴികളില്ലാതെ ആശ്വാസ വാക്കുകൾ ഫലിക്കാതെ നിസ്സാഹായരായ ബന്ധുക്കൾ.
അമ്മയെന്ന് വിളിക്കുന്ന മകളോട് ആരാണ് നിന്റെ അമ്മ എന്ന് ചോദിക്കുന്ന ആളോട് എന്ത് പറയാൻ.
മറവിരോഗം അതിന്റെ എല്ലാ മാന്ത്രികതയും പൈശാചികതയും വെച്ചു തകർന്നാടുന്ന പോലെ തോന്നും ചിലപ്പോൾ.
ഉറങ്ങാത്ത ചില രാത്രികളിൽ ഗുളികകൾ കൊടുത്തു ഞങ്ങൾ കാവലിരിക്കാറുണ്ട്.
താഴെ വീഴാതെ കൂടെ ഉള്ള ആളുകൾക്ക് പരിക്ക് പറ്റാതെ നോക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ശ്രമിക്കാറുണ്ട്. ഒരു വികസിത രാജ്യത്ത് അവർക്ക് ഇതെല്ലം കുറച്ചു കൂടെ എളുപ്പമാണ്.
ഇത് പോലെ ഒരു പാട് പേരെ കാണുമ്പോൾ മറവി എന്നതിന്റെ ഭയാനകത കാണുമ്പോൾ പേടി തോന്നാറുണ്ട്.
ഇന്ത്യ പോലെ ഒരു രാജ്യത്ത് എത്രയോ പ്രായമായവർ സംരക്ഷിക്കപെടാതെ കളിയാക്കലുകൾക്കും മർദ്ദനങ്ങൾക്ക് പോലും വിധേയരായിട്ടുണ്ടാവാം.
വയസാകുമ്പോൾ നമ്മൾ പിറകിലോട്ട് നടക്കുന്ന പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. നമ്മുടെ ഒരു ഓർമ്മ പോലുമില്ലാത്ത പ്രായത്തിലേക്ക് തിരിച്ചു പോകുന്നത് പോലെ..
ഒരു ഇംഗ്ലീഷ് സിനിമ കണ്ടിരുന്നു പണ്ട്, ഒരാൾ വയസ്സനായി ജനിച്ചു വീഴുകയും പിന്നീട് മുന്നോട്ട് പോകുന്തോറും യുവത്വത്തിലേക്ക് പോകുന്ന ഒരാളായി മാറുകയും ചെയ്യുന്നത്. അവസാനം അയാളൊരു കുഞ്ഞു പൈതലായി മാറുകയും ഒരു വെള്ളത്തുള്ളിയായി അവസാനിക്കുകയും ചെയ്യുന്ന കഥ.
മനസ് ഇത് പോലെ മാറുകയായിരിക്കുമോ എന്ന് ഞാൻ ഓർക്കാറുണ്ട്
ജാനറ്റ് ചിലപ്പോൾ ചുറ്റിലുമുള്ള അപരിചിതതമായ സാഹചര്യങ്ങളോട് വയലന്റ് ആയി പ്രതികരിക്കുന്നതാവാം.
മാഞ്ഞു പോയ മനുഷ്യരും സ്വന്തം ജീവിതവും അവരെ അങ്ങനെ ആക്കുന്നതാവാം.ആർക്കറിയാം..!!!
നമ്മളെന്നാൽ നമ്മുടെ ബ്രയിനും അതിന്റെ പ്രവർത്തനങ്ങളും മാത്രമായി പോവുന്ന പോലെ.
അതാണ് സത്യമെങ്കിലും ഞാൻ എന്റെ ഹൃദയത്തിൽ മനസിനെ തേടാറുണ്ട് , ഒരിക്കലും വയസാകാത്ത ഇലകൾ നിറഞ്ഞൊരു മരം പോലെ നമ്മുടെ മനസ്..
ഞാൻ ഓർക്കാറുണ്ട് വയസാകുമ്പോൾ ഞാൻ എങ്ങനെ ആയിരിക്കുമെന്ന്. എന്റെ പ്രിയപെട്ടവരെ ഞാൻ തിരിച്ചറിയുമോന്ന്.
മനുഷ്യന് എന്തറിയാം അല്ലെ !!!


1 Comment
😢😢🌹🌹👌