മറവിരോഗം കൂടി വരുന്നു ഈ കാലത്ത്.. പണ്ടൊക്കെ ഒരു 80 വയസ്സൊക്കെ കഴിയുമ്പോൾ ഒക്കെ കണ്ട് വന്നിരുന്ന മറവിരോഗം ഇന്ന് നേരത്തേ തുടങ്ങുന്നു.
ജീവിതശൈലി ആണോ രോഗത്തിന് കാരണം എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരമറിയില്ല. അൽഷിമേഴ്‌സ് രോഗികളെ അങ്ങനെ നേരിട്ട് കണ്ട് പരിചയമുണ്ടായിരുന്നില്ല ഒരു കാലം വരെ. മമ്മിയൊക്കെ വല്ലതും വായിക്കാൻ തുടങ്ങിയാലോ അയൽക്കാരുമായി സംസാരിക്കാൻ തുടങ്ങിയാലോ അടുപ്പത്ത് വെച്ചതൊക്കെ കരിഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട്. പല പാത്രങ്ങളും ചരിത്രത്തിന്റെ ഭാഗമായി ഡാഡിയുടെ കാണാമറയത്തേക്ക് മാറ്റപ്പെടും. അതൊക്കെ ഒരു കാര്യത്തിൽ ശ്രദ്ധിക്കാതെ വരുന്ന മറവികളാണ്. എനിക്കും മൊബൈൽ കിട്ടിയതിൽ പിന്നെ അത്തരം കരിച്ചിലുകൾ കൂടിയിട്ടുണ്ട്. ഇടക്ക് ഗ്യാസ് ഓഫ് ചെയ്യാൻ മറക്കാറുണ്ട്. പിന്നെ പ്രായം കൂടി വരും തോറും സംശയമാണ്. വാതിൽ പൂട്ടിയോ. ഗ്യാസ് ഓഫ് ചെയ്തില്ലേ.. ഇത്തരം കുഞ്ഞുകുഞ്ഞു മറവികൾ പലപ്പോഴും മറ്റുള്ളവരുടെ വഴക്ക് കേൾക്കുന്നതിന് ഒരു കാരണം ആകാറുണ്ട് എന്നത് സത്യം.
എന്റെ മറവിയെകുറിച്ച് ഞാൻ തന്നെ ബോധവതി ആയത് കൊണ്ട് സംഭവിച്ച അബദ്ധങ്ങൾ അതിലും കൂടുതലാണ്.
അതായത് ഉത്തമാ.. ആദ്യം എന്റെ അബദ്ധങ്ങളിൽ നിന്നും തുടങ്ങാം. കണ്ണട,മൊബൈൽ. ഇത്യാദി സാധനങ്ങൾ മറന്ന് വെക്കുന്ന പതിവ് എനിക്കുണ്ട്. ക്ലബ്ബിന്റെ ഒരു പരിപാടി ഷൂട്ട് ചെയ്യാൻ വേണ്ടി ഞങ്ങൾ നാല് കൂട്ടുകാർ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയി. ഒരു ബെഡ്‌റൂം ഞങ്ങൾക്ക് വസ്ത്രം മാറാനായി തന്നു. ഭംഗിയായി ക്രമീകരിച്ച ഗാർഡനും മറ്റുമുള്ള വീട് ആയത്കൊണ്ട് തന്നെ ഞങ്ങളൊക്ക നല്ല ഡ്രസ്സുകൾ ഒക്കെ മാറി റീലുകൾ എടുത്തു. കണ്ണട മറന്നു വെക്കുന്ന പതിവ് ഉള്ളത് കൊണ്ട് ഞാൻ കണ്ണട എടുത്ത് വെക്കണം എന്ന് തന്നത്താൻ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ പാക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ദേ ഇരിക്കുന്നു എന്റെ കറുത്ത കണ്ണടക്കൂട്. വേഗം അതെടുത്തു വെച്ചു. കുറച്ചുകഴിഞ്ഞു ഒരു ഫോൺ വന്നു. ബാഗിൽ നിന്നും ഫോണെടുത്തു. വീണ്ടും കണ്ണടക്കൂട് പുറത്ത്. അതെടുത്ത് വെച്ച് വീട്ടിലെത്തി.
കുളിയൊക്കെ കഴിഞ്ഞ് ബാഗ് തുറന്ന് കണ്ണട എടുത്തപ്പോൾ അത് എന്റെയല്ല.. ഏഹ് ഇതെങ്ങനെ.. അടുത്തത് എടുത്തു. അതും എന്റെയല്ല.. അടുത്തത് നോക്കുമ്പോൾ എന്റെ. പക്ഷേ പിന്നെയും ഒന്നുകൂടെ അടുത്ത ബാഗിൽ. ഉടനെ എന്റെ കൂട്ടുകാരി സീമയെ വിളിച്ചു. കണ്ണടകള്ളി എന്ന് വിളിക്കരുത്. അറിയാതെ നിന്റെയും ഭർത്താവിന്റെയും പിന്നെ ഒന്ന് കൂടെ അറിയാതെ എടുത്ത് കൊണ്ട് പോന്നിട്ടുണ്ട്. നാളെ നിങ്ങളുടെ കടയിൽ എത്തിക്കാം. അവർക്ക് ജ്വല്ലറി ആണ്. അങ്ങനെ ഭർത്താവിന്റെ ചീത്തയും കേട്ട് എല്ലാം കൊടുത്തയച്ചു. അവിടെ ചെന്നപ്പോൾ രണ്ടെണ്ണം ആ വീട്ടിലെയാണ്. ഒന്ന് അവരുടെ അല്ല. പണിയായി. ഒന്നിനി ആരുടെ.. കുറേ ആലോചിച്ചു. എന്നെ കൊണ്ട് പോയ ഡ്രൈവറിനെ വിളിച്ചു. അലി.. നിന്റെ കണ്ണട വണ്ടിയിൽ ഉണ്ടായിരുന്നോ. ഉണ്ട് ചേച്ചി. ഇപ്പോൾ കാണുന്നില്ല എന്നവൻ. എന്റെ ബാഗിലുണ്ട്.ക്ഷമിക്കണം എന്ന് പറഞ്ഞു തടിയൂരി. മറവിയെ കുറിച്ച് കൂടുതൽ ബോധവാന്മാർ ആയാൽ ഇങ്ങനെ ഇരിക്കും എന്ന് അതോടെ മനസ്സിലായി എന്ന് പറയാൻ വയ്യ.
അനിയത്തിയുടെ മകൾ തന്ന പുതിയ മൊബൈൽ കിട്ടിയിട്ടും പഴയത് രണ്ടെണ്ണവും ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട്. വിളി ഒന്നിൽ, വാട്സ്ആപ് വേറെ ഫോണിൽ. അങ്ങനെ അടുത്തിടെ മോൻ ദുബായിൽ നിന്നും വന്നിട്ടുണ്ടായിരുന്നു. എനിക്ക് അത്യാവശ്യമായി പുറത്ത് പോകണം. പണിയൊക്കെ ഒരുക്കി വേഗം ഡ്രസ്സ് മാറി ഇറങ്ങാൻ നിൽക്കുമ്പോൾ ദേ കിടക്കുന്നു രണ്ട് ഫോൺ സോഫയിൽ. ഇത് എങ്ങനെ മറന്നു എന്നോർത്ത് അതെടുത്ത് ബാഗിലിട്ട് ഓടി. നല്ല കനം തോന്നി. കുറച്ചുകഴിഞ്ഞു വിളികൾ വരാൻ തുടങ്ങി. അതും ദുബായ് നമ്പറുകൾ. മോൻ വന്നിട്ടുള്ള കാര്യം മറന്നു അവൻ ഉറക്കത്തിൽ ആയിരുന്നു. അവന്റെ രണ്ട് ഫോണും എടുത്തുകൊണ്ടാണ് ഓടിയത്. മൊത്തം ബാഗിൽ 5 ഫോൺ. ഇതൊക്കെ പച്ചയായ പരമാർത്ഥം മാത്രം. ഇതൊക്കെ മറവി രോഗത്തിന്റെ തുടക്കമാണോ അതോ എന്റെ ശ്രദ്ധ കുറവാണോ എന്നൊന്നും എനിക്ക് അറിയില്ല. പലരും പറയുന്നത് കേട്ടിട്ടുണ്ട്. പഴയ കാര്യങ്ങൾ ഓർമ്മയുണ്ട്. പുതിയതാണ് മറക്കുന്നത് എന്ന്. അങ്ങനെയാണ് അൽഷിമെഴ്‌സ് രോഗികളും അല്ലെങ്കിൽ ഡിമെൻഷ്യ ഉള്ളവരും പെരുമാറുന്നത് ഞാൻ നിരീക്ഷിച്ച് കണ്ടിരിക്കുന്നത്. അതുകൊണ്ട് ഒരു പേടി ഇല്ലാതില്ല.
ഇനി ഇതെല്ലാം അബദ്ധങ്ങൾ ആയി വിട്ട് കളയാം. പക്ഷേ മറവിരോഗം ഇന്ന് മനുഷ്യർക്കിടയിൽ കൂടി വരുന്നു. ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും അതിനുള്ള മരുന്ന് ഇതേ വരെ കണ്ട് പിടിച്ചിട്ടുമില്ല എന്നത് അതിശയിപ്പിക്കുന്നു.
ആദ്യമായി ഞാൻ ഇത്തരത്തിൽ കണ്ടത് എന്റെ ഭർത്താവിന്റെ കൂട്ടുകാരന്റെ അമ്മയെ ആണ്. ജോലി ചെയ്തിരുന്ന അവർ റിട്ടയർ ആയതിന് ശേഷം പതുക്കെ പതുക്കെ മറവി തുടങ്ങി. പാത്രങ്ങൾ കഴുകി ഫ്രിഡ്ജിൽ കൊണ്ട് പോയി വെക്കുക.. അങ്ങനെ ചെറിയ ഓർമ്മക്കുറവുകൾ.. സാരി എങ്ങനെ ഉടുക്കും എന്നത് മറന്ന് നിൽക്കുക.. ഒരിക്കൽ എന്റെ വീട്ടിൽ വന്നിട്ട് സാരി പൊക്കി പിടിച്ച് നടക്കുന്നു. അകത്തൊക്കെ വെള്ളം ആണെന്ന് സ്വയം പറയുന്നുണ്ട്. കണ്ടിട്ട് സങ്കടം തോന്നി. അങ്ങനെ കുറേകാലം കിടപ്പായിട്ട് അവർ മരിച്ചുപോയി. ഓർമക്കുറവ് ഉള്ളവർക്ക് ആയുസ്സും കുറയുന്നു എന്ന് തോന്നുന്നു.
ഈയിടക്ക് എന്റെ ഒരു സുഹൃത്ത് പറഞ്ഞു അമ്മക്ക് തീരെ ഓർമ പോയി രാത്രി വാതിലൊക്കെ തുറന്ന് ബാഗുമെടുത്ത് ജോലിക്കാണെന്ന് പറഞ്ഞു പോകുന്നു. ഗേറ്റ് ഒക്കെ പൂട്ടണം. ഒരാൾ കൂടെ കിടക്കണം. എന്തൊരു സങ്കടാവസ്ഥയാണ്. ആ അമ്മ ഇല്ലാതെ ആ വീട് ഇതുവരെ ഓടിയിരുന്നില്ല എന്നത് വാസ്തവം.
മറവിരോഗത്തിന്റെ ഏറ്റവും സങ്കടകരമായ അവസ്ഥ ഞാൻ നേരിട്ട് കണ്ടത് എന്റെ വല്യമ്മിച്ചിക്ക് അത് ബാധിച്ചപ്പോഴാണ്. ആദ്യമൊന്നും ആർക്കും മനസ്സിലായിരുന്നില്ല.പേരുകൾ മറന്നു പോകുന്നു.. പിന്നെ ഞങ്ങളുടെയൊക്കെ പേരുകൾ എഴുതി ബൈബിളിന്റെ അകത്ത് സൂക്ഷിക്കും. ആരെങ്കിലും വരുമ്പോൾ അതെടുത്ത് നോക്കും.
വല്യമ്മിച്ചിയുടെ മീൻകറി എനിക്ക് നല്ല ഇഷ്ടമായിരുന്നു.അത് ഓർമ്മയുണ്ട്. അപ്പോൾ ഞാൻ ചെല്ലുമ്പോൾ മീൻകറി വെക്കാൻ ഓടും. വേണ്ട എന്ന് പറഞ്ഞാലും കേൾക്കില്ല. ഓടി അടുക്കളയിൽ ചെന്ന് മീൻ എടുത്ത് മീൻകറി ഉണ്ടാക്കാൻ ശ്രമിക്കും. പക്ഷേ പാവം. വല്യമ്മിച്ചിക്ക് അതെങ്ങനെ വെക്കണം എന്ന് ഓർമയില്ല. മീൻ എടുത്ത് ചട്ടിയിലിട്ട് ഇനി അതിൽ എന്തിടും എന്നോർത്ത് വിഷമിച്ചു നിൽക്കുന്ന വല്യമ്മിച്ചിയുടെ മുഖം ഓർക്കാൻ വയ്യ. എത്ര വേണ്ട എന്ന് പറഞ്ഞാലും അടുക്കളയിലേക്ക് ഓടും എന്തെങ്കിലും കൊടുക്കണ്ടേ എന്ന് വിഷമത്തോടെ വല്യപ്പച്ചനോട് പറയും. പിന്നെ കുളിക്കാൻ മറന്നു. അങ്ങനെ ഓരോന്നായി മറന്നു.തീരെ കിടപ്പായി.. അങ്ങനെ പോയി. ഓരോ തവണ കാണുമ്പോഴും ഇങ്ങനെ ആർക്കും വരുത്തല്ലേ എന്ന് പ്രാർത്ഥിക്കും.
ചെറിയ മറവികൾ തമാശയായി കാണും ആദ്യം. പിന്നെ വഴക്ക് പറയും. അമ്മ വെറുതെ പറയുകയാണ് എന്ന് പറയും എന്റെ മക്കളും ഭർത്താവും… അത് അങ്ങനെ തന്നെയാകട്ടെ എന്ന് ഞനും പ്രാർത്ഥിക്കുന്നു.
നമ്മളെ വേദനിപ്പിച്ചവരോട് നമ്മളോട് ദ്രോഹം ചെയ്തവരോട് ആ തെറ്റുകൾ മറന്ന് വീണ്ടും സ്നേഹിക്കാൻ ചിലപ്പോൾ മറവി ഒരു അനുഗ്രഹവും ആകും.
അങ്ങനെ എല്ലാം മറക്കാനുംക്ഷമിക്കാനും എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 🙏🏻


2 Comments
ഓർമ്മകളും മറവികളുമെല്ലാം
എല്ലാം വേണം ജീവിതത്തിൽ..
🙏