ഒന്ന് രണ്ട് ചോദ്യങ്ങളുടെ അകമ്പടിയോടെ ചെറിയ ഒരു നോവുണർത്തുന്ന അനുഭവം എഴുതിയാലോ….
“ഒരാളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകൾ ഏതായിരിക്കും….?
മതി മറന്നു പാറി പറന്നു കളിചിരിയുടെ ബഹളങ്ങൾക്ക് ഇടയിൽ ജീവിച്ച സമയം….?
അതേയ് അത് ശരിക്കും നമ്മുടെയൊക്കെ കുട്ടി ക്കാലം അല്ലെ….?
പൊട്ടി ചിരിയുടെ സന്തോഷത്തിന്റെ മുട്ട് മുറിഞ്ഞ വേദനയുടെ അനുഭവങ്ങൾ നൽകുന്ന മഴവിൽ വർണ്ണങ്ങൾ നിറഞ്ഞ ബാല്യം….
ആ ഒരു കാലം മൊത്തം വീടിന്റ ഉള്ളറയിൽ ആരാരും കൂട്ടിനില്ലാതെ കഴിയേണ്ടി വന്നാൽ?
ശരിക്കും ജീവിതത്തിലെ 15 വർഷം….
ആരോടും മിണ്ടാൻ പറ്റാതെ ആരോടും കൂട്ട് കൂടാൻ പറ്റാതെ ആരോടും സങ്കടങ്ങൾ പങ്കു വെക്കാൻ പറ്റാതെ തന്റെ വീട്ടിലെ തന്റെ മുറിയിൽ ഒന്നും രണ്ടും ദിവസങ്ങളോ വർഷങ്ങളോ അല്ല 15 വർഷത്തോളം സങ്കടങ്ങൾ അടക്കി പിടിച്ചു കഴിയേണ്ടി വന്നാൽ…
തന്റെ മുന്നിലെ നിറമുള്ള ലോകത്തെ കണ്ണ് തുറന്ന് കാണാൻ പറ്റാതെ വന്നാൽ സ്നേഹിക്കാൻ പറ്റാതെ വന്നാൽ….
ശരിക്കും മുന്നോട്ട് ജീവിക്കാൻ പറ്റോ ഒരു പ്രതീക്ഷയും ഇല്ലാതെ ഇരുളടഞ്ഞ ജീവിതം എന്താകുമെന്ന ചിന്തകൾ ആകെ കൂടെ എന്തായി തീരും ഇത് നമ്മളിൽ ആരെലും ആണേൽ….
എത്ര ചിന്തിച്ചാലും ഉത്തരം കിട്ടില്ല…
കിട്ടിയാൽ തന്നെ അതിനൊരു പൂർണ്ണ ത കിട്ടില്ല
കിട്ടിയാലും ആ ഉത്തരത്തിനോട് നമുക്ക് നീതി പുലർത്താൻ പറ്റില്ല….
ഒരു കുഞ്ഞു ശരീരത്തിൽ എന്തൊക്കെ വൈരൂപ്യത്തെ പടച്ചവന് നൽകാൻ പറ്റുമോ അതൊക്കെ ആ കുഞ്ഞിന് പടച്ചോൻ നൽകി..
ജനിച്ചത് മുതൽ ഇവനെന്താ ഇങ്ങനെ എന്ന് ആ കുഞ്ഞിനെ കാണാവുന്നവരൊക്കെ ചോദിക്കാതെ ചോദിച്ചു.
ഓരോ വയസ്സ് കഴിയും തോറും അവന്റെ ശരീരം വളരുന്നതിന് അനുസരിച്ചു അവനിലെ രൂപവും മാറി.
ഏറ്റവും വലിയ പ്രശ്നം അവനിലേക്ക് എത്തിയത് അവന്റെ പല്ലുകളിൽ ആയിരുന്നു ചുണ്ടുകൾ തമ്മിൽ ഒരു പാട് അന്തരം ആ കൂർത്ത പല്ലുകൾ കാരണം അവനു വന്നണഞ്ഞു.
ബാക്കിയുള്ളവരുടെ അസഹനീയമായ നോട്ടത്തിന്റെയും കുത്ത് വാക്കിന്റെയും കൂടെ അതിലും ഭീകരമായിരുന്നു അവനു അവന്റെ വായ കൊണ്ട് വേദന. വായ ഒന്ന് അമർത്താനോ അക്ഷരസ്ഫുടതയിൽ സംസാരിക്കാനോ വല്ലതും വേണ്ടത് പോലെ ചവച്ചരക്കാനോ അവനെ കൊണ്ട് പറ്റിയില്ല.
അവനുള്ളിടത് നിന്ന് അവൻ നടക്കുന്ന വഴിയിൽ നിന്ന് അവൻ ഇരിക്കുന്ന ബെഞ്ചിൽ നിന്ന് എന്തിന് അവൻ കയറുന്ന വാഹനത്തിൽ നിന്ന് തന്നെ ആളുകൾ ഇറങ്ങി ഓടാൻ തുടങ്ങി.
പടച്ചവനോടും പടപ്പുകളോടും അവനുള്ള പ്രതിഷേധം അവൻ അവനോട് തന്നെ തീർത്തു തുടങ്ങി. ഇരിക്കാവുന്ന സമയമത്രയും ആ നാലു ചുവരുകൾക്കിടയിൽ ഒളിച്ചിരുന്ന് കാലം കഴിച്ചു.
പ്രായമോരോന്ന് കൂടി വരും തോറും ജീവിക്കാനുള്ള ഒരു സ്വപ്നവും അവന്റെ അരികിലേക്ക് വരെ എത്തിനോക്കാൻ പോലും തുനിഞ്ഞില്ല.
അങ്ങനെ 15വയസ്സ് പൂർത്തിയായി ആ ദിവസം അവൻ രണ്ടും കൽപ്പിച്ചു വീട്ടിൽ നിന്നിറങ്ങി, എത്രയോ മുന്നേ താൻ മനസിൽ സേവ് ചെയ്ത ആ ഡോക്ടറുടെ നമ്പറിലേക്ക് വിളിച്ചു അദ്ദേഹത്തെ കാണാൻ വേണ്ടി….
താൻ ഇത് വരെ ജീവിച്ചു വന്ന ചുറ്റു പാട് അവന്റെ സംസാരത്തിടയിൽ നിന്നും അവന്റെ കണ്ണുകളിൽ നിന്നുതിർന്ന ആ കണ്ണുനീർ ഡോക്ടറോട് പറയുന്നുണ്ടായിരുന്നു.
വിശദമായ ചർച്ചകൾക്ക് ശേഷം അവനു മുന്നിലുള്ള ഓരോ കടമ്പയും ഡോക്ടർ അവനോട് വിവരിച്ചു നൽകി. വരും വരായ്കകൾ എത്ര തന്നെ ആയാലും ക്ഷമിക്കാനും സഹിക്കാനും ഞാൻ തയ്യാറാണെന്ന അവന്റെ ഉറച്ച ആ തീരുമാനം, അതവിടെ നടപ്പിലാക്കാൻ വേണ്ടി ഡോക്ടറും അവന്റെ കൂടെ നിൽക്കുകയായിരുന്നു.
ആദ്യ കടമ്പ ഉന്തി നിൽക്കുന്ന ഓരോ പല്ലിനെയും ക്ലിപ് ഇട്ടു നേരെ ആക്കുക എന്നതായിരുന്നു.
തന്റെ ഇത്രയും കാലത്തെ ജോലിയിൽ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ജോലി ആയിരുന്നു അന്നത് ആ ഡോക്ടർക്ക്…
ക്ലിപ്പ് ഇട്ടതിന് ശേഷം മുറിഞ്ഞു ചോരയൊലിക്കുന്ന ചുണ്ടും നാവും കാരണം അവന്റെ കണ്ണുകൾ നിറഞ്ഞോഴുകി.
ഇത്രയും വർഷം ഞാൻ ഇതിലും കൂടുതൽ അനുഭവിച്ചില്ലേ ഇനിയും സഹിക്കും എന്നുള്ള ആ തീരുമാനം, അതൊന്നു മാത്രം മുറുകെ പിടിച്ചു അവൻ വീണ്ടും ഒരു വർഷം കൂടെ നടന്നു. ആഹാരം ചവക്കാനുള്ള ബുദ്ധിമുട്ട് കാരണം കൂടുതൽ നേരവും വിശപ്പ് അടക്കാൻ അവൻ ജ്യൂസ് പോലുള്ള പാനീയങ്ങളെ കൂട്ട് പിടിച്ചു..
ഒരു വർഷത്തെ ആദ്യ പടി വിജയിച്ച ശേഷം വീണ്ടും അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ കടമ്പക്ക് കൂടെ അവൻ തയ്യാറായി.
നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന ശാസ്ത്രക്രിയ അവന്റെ മുഖത്തു ചെയ്തു.
ചുണ്ടുകളും വായയും കവിളും ഒന്നടങ്കം തുന്നി ചേർത്ത് വെച്ചു അവനെ നോക്കുന്നവർക്ക് അവനും ചന്തമുണ്ടെന്നു തോന്നിപ്പിക്കാൻ വേണ്ടിയുള്ള അടുത്ത പടി.
അനസ്‌തേഷ്യയുടെ മയക്കം കഴിഞ്ഞപ്പോൾ അവനെ കാണാൻ ചെല്ലുന്നവർ ഒന്നടങ്കം തിരിച്ചിറങ്ങിയത് കണ്ണീരിൽ മുങ്ങിയിട്ടായിരുന്നു. മുഖമൊന്നടങ്കം മൂടി കെട്ടിയ അവസ്ഥ അവിടെയും ഇവിടെയും ഘടിപ്പിച്ച കുറച്ചു പൈപ്പുകൾ…
മൂന്ന് ദിവസത്തെ തീവ്ര പരിചരണം കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ അവൻ ആദ്യം തേടിയത് ഒരു കണ്ണാടി ആയിരുന്നു.
സമയം ആയിട്ടില്ല. 17വർഷം നീ ക്ഷമിച്ചു നിന്നു എങ്കിൽ ദേ ഈ ഒരു ആഴ്ച കൂടി ക്ഷമിച്ചു നിന്നെ പറ്റു എന്ന ഡോക്ടർ ഒരാളുടെ താക്കീതോടു കൂടെയുള്ള സ്നേഹശാസനം അവൻ അനുസരിച്ചു.
അങ്ങനെ അന്നവനെ ഡിസ്ചാർജ് ആക്കുന്ന ദിവസം ആയിരുന്നു…
ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് വിട്ടപ്പോൾ ഡോക്ടറും അവന്റെ കൂടെ വീട്ടിലേക്ക് പോയി.
അവന്റ വീട്ടിൽ അവൻ തിരിച്ചു കയറുന്ന ആ ഒരു പടിവാതിൽക്കൽ തന്നെ അവന്റ ഉമ്മ അവനെ കാണിക്കാൻ വേണ്ടി ഒരു വലിയ കണ്ണാടി പിടിച്ചു നിന്നു.
തന്റെ മുഖം കണ്ട അവൻ അലറി കരഞ്ഞു ബോധം കെട്ട് ഡോക്ടറുടെ കൈകളിലേക്ക് ഊർന്ന് വീണു..
ഇങ്ങനെ ഒരവസ്ഥ മുന്നേ മനസ്സിൽ കണ്ട ഡോക്ടർ അവനെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു..
ഇത്രയും വർഷം ഉള്ള നീ ആ ഓപറേഷൻ ടേബിളിൽ മരണമടഞ്ഞു.
ഇന്നിപ്പോൾ ഈ കണ്ണാടിയിൽ കാണുന്നത് അന്നത്തെ നീ അല്ല, നിന്റെ പുതിയ ജന്മം ആണ്. ഇനി നിന്റെ കണ്മുന്നിൽ ഉള്ളത് പുതിയ ലോകം ആണ്. നിന്റെ പേര്, നിന്റെ വീട്, നിന്റെ ഉമ്മ, നിന്റെ ഉപ്പ ഇതൊക്കെ നീ നിന്നെ നോക്കി മിണ്ടാൻ വരുന്നവർക്ക് മുന്നിൽ നിരത്തി പറഞ്ഞു കൊടുക്കണം. എന്നിട്ട് അവസാനം നീ അവരോടൊക്കെ യായി പറയേണ്ട ഒരു വാക്യം കൂടെ ഉണ്ട് അന്നത്തെ ആ ഭീകരത നിറഞ്ഞ ആള് ആണ് കേട്ടോ ഞാൻ എന്നു കൂടെ. ചന്തമില്ല എന്നതിന്റെ പേരിൽ നീണ്ട 15വർഷം ഒരു മുറിയിൽ അടച്ചു ജീവിക്കേണ്ടി വന്ന ആ വ്യക്തിയിൽ നിന്നും ഇന്നത്തെ ഈ വ്യക്തി ആകാൻ വേണ്ടി നീ സഹിച്ച വേദനകൾ നിന്റ മുന്നിലെ ഇരുളടഞ്ഞ ആ ലോകത്തേക്ക് അല്പം വെളിച്ചെമെങ്കിലും വീശാൻ വേണ്ടി നീ ഉതിർത്ത കണ്ണുനീർ….
ചന്തത്തിലൊന്നും കാര്യമില്ലെന്ന് വാതോരാതെ വീമ്പു പറയുന്നവർക്കിടയിൽ നിന്നും ഇന്നത്തെ ഈ ലോകത്തു തന്റെ മുന്നിലെ ലോകം നാലു ചുവരുകൾക്കിടയിൽ തളച്ചിടേണ്ടി വന്ന ഒരു കൂട്ടുകാരന്റെ അനുഭവം കേട്ടപ്പോൾ മനസ്സിൽ തോന്നിയ സങ്കടം….
ഈ ലോകമിന്ന് ചന്തമുള്ളവർ കയ്യടക്കി വെച്ചിരിക്കയാണ്… 🖤


2 Comments
❤️❤️❤️👍👍
താങ്ക്സ് ❤️