ഇന്ത്യൻ റെയിൻബോ വായിച്ചപ്പോൾ മുതൽ എന്റെയുള്ളിൽ കൊട്ടാരം കെട്ടി പാർത്ത ഒരു രാജ്ഞിയുണ്ട്. ലെഫ്റ്റനന്റ് കേണൽ ഡോക്ടർ സോണിയ ചെറിയാൻ. എന്നെങ്കിലും കാണണമെന്നും സംസാരിക്കണമെന്നും ഞാൻ കരുതിയ ഒരു സെലിബ്രിറ്റിയാണ് അവർ.
നാനു പറഞ്ഞാണ് ഡോക്ടറും ബെന്യാമിനും തിരുവല്ല മാതൃഭൂമിയിൽ വരുന്നുണ്ടെന്നും അതിന്റെ സോഷ്യൽ മീഡിയ വർക്ക് ചെയ്യുന്നത് അവളാണെന്നും അറിഞ്ഞത്. ഞാനപ്പോൾ തന്നെ റെയിൻബോയുടെ ഒരു signed copy വേണമെന്ന് ആളെ പറഞ്ഞേൽപ്പിച്ചു. ബെന്യാമിന്റെ ആടോ മഞ്ഞവെയിലോ ഏതെങ്കിലും ഒരെണ്ണവും signed കോപ്പി വേണമെന്നും. പക്ഷെ ഡോക്ടറെ കുറിച്ച് പറഞ്ഞപ്പോളുള്ള എന്റെ ആവേശം കണ്ടു നാനു കൂടുതൽ ചോദിച്ചറിഞ്ഞു. ഞാൻ വായിച്ച ഡോക്ടറുടെ ജീവിതത്തെ കുറിച്ച് ഞാനും പറഞ്ഞു കൊടുത്തു. പരിപാടി കഴിഞ്ഞു നാനു എന്നെ വിളിച്ചു പറഞ്ഞത് ഞാനിപ്പോളും ഓർക്കുന്നു. അവരെന്നെ കെട്ടിപിടിച്ചപ്പോൾ കിട്ടിയ സെക്യൂരിറ്റി ഫീലിംഗ് മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലെന്ന്. ഡോക്ടറെ കുറിച്ച് ഞങ്ങൾ സംസാരിക്കുമ്പോളെല്ലാം അവളത് പറഞ്ഞു കൊണ്ടേയിരുന്നു. അതത്ര മാത്രം ആത്മാർത്ഥമായ ഉള്ളിൽ തട്ടിയ പറിച്ചിലായിരുന്നു.
ഒരു ദിവസം വീണ്ടും നാനുവിന്റെ സ്റ്റാറ്റസിൽ ഡോക്ടർ ഇൻസ്റ്റയിൽ അവളെ ഫോളോ ചെയ്യുന്നതായിയിട്ടു കണ്ടു. ഞങ്ങൾ വീണ്ടും ഡോക്ടറെ കുറിച്ചു സംസാരിച്ചു. അവരുടെ കരുതലും സ്നേഹവും ചർച്ച ചെയ്തു. എത്ര പച്ചയായ കാപട്യങ്ങളേതുമില്ലാത്ത ഒരാൾ. ഇങ്ങനെയും മനുഷ്യരോ? ഞാനുമേതായാലും അവരെ ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഫോളോ ചെയ്തും ഫ്രണ്ട് റിക്വസ്റ്റ് അയച്ചും എന്റെ ആരാധന വെളിപ്പെടുത്തി. നാനുവിനെ പരിചയമുള്ളത് കാരണമാവാം തിരിച്ചു ഫോളോ ചെയ്തതെന്ന് തോന്നിയ എന്റെ ധാരണകളെ തകിടം മറിച്ചു കൊണ്ട് അവരെന്നെ മുഖപുസ്തകചങ്ങാതിയായി സ്വീകരിച്ചു. അവരുടെ ഓരോ പോസ്റ്റും ഞാൻ നോക്കിക്കൊണ്ടിരുന്നു. പുതിയ ഒരു പുസ്തകം വന്നിരിക്കുന്നു. സ്‌നോ ലോട്ടസ്. വാങ്ങണം.
വായിക്കണം. അവരെന്തെഴുയതിയാലും വായിക്കണം. ഒരു പാടാളുകളെ കണ്ടായാളാണ്. ഒരുപാട് വായിച്ചറിവുള്ളയാളാണ്. ഒരുപാട് യാത്രകൾ ചെയ്തയാളാണ്. സർവോപരി എല്ലാവരെയും ചേർത്തുനിർത്തുന്ന സദാപുഞ്ചിരിക്കുന്ന നല്ലൊരു മനസ്സിനുടമയാണ്. അങ്ങനെയിരിക്കെ ഒരിക്കൽ ഞാൻ മറ്റ് പല വിശറികളെയും പോലെ (ഫാൻ എന്ന് വായിക്കുക) ഒരു കമെന്റ് മുഖേന എന്നാണ് തൃശൂർ വരുന്നതെന്ന് അവരോട് ചോദിച്ചു. അതിനും ഉത്തരം വന്നു വരുമ്പോൾ അറിയിക്കാമെന്ന്.
രണ്ട് ദിവസം കഴിഞ്ഞില്ല ഡോക്ടറുടെ പുതിയ പോസ്റ്റ്.ഞാൻ ഡിസംബർ അഞ്ചിനു തൃശ്ശൂർ വരുന്നു. മാതൃഭൂമി ബുക്സിൽ പുതിയ പുസ്തകചർച്ചയിൽ എല്ലാ കൂട്ടുകാരും പങ്കെടുക്കണം.
ഞാൻ കുറിച്ചിട്ടു. വലിയ ചുവന്ന വളയത്തിൽ ഡിസംബർ ആറ്. ബാബറി മസ്ജിദ് ദിനം. സാരില്ല. ഇപ്പൊ അമ്പലവും പള്ളിയുമല്ല വിഷയം. ഡോക്ടറാണ്. ഇന്നലെയും അവരുടെ പോസ്റ്റെടുത്തു നോക്കി. ആറാം തിയതി അഞ്ചു മണി തന്നെയല്ലേ അതോ അഞ്ചാം തിയതി ആറു മണിയാണോ? അതു അരക്കിട്ടുറപ്പിച്ചു. ആറാം തിയതി അഞ്ചു മണി.
ഇന്ന് രാവിലെ മുതൽ ഞാൻ എന്തൊക്കെയോ ഓർത്ത് റെയിൻബോയും പിടിച്ചു നടക്കുകയായിരുന്നു.ഈയിടെ മേജർ മുകുന്ദ് വരദരാജന്റെ റഫറൻസ് കിട്ടാനും രാഷ്ട്രീയ റൈഫ്ലസിനെ കുറിച്ചറിയാനും ഞാൻ റെയിൻബോ എടുത്തിരുന്നു. പിന്നെ അതു ഷെൽഫിൽ തിരിച്ചു കേറിയിട്ടില്ല. ഏതായാലും ഇതിൽ ഒപ്പിട്ട് വാങ്ങണം. ഇതുവരെ വായിക്കാത്തൊരു പുസ്തകത്തിന്റെ ചർച്ചക്കാണ് പോകുന്നതെന്ന് തെല്ലൊരു ശങ്കപോലും ഉണ്ടായില്ല എന്നതാണ് രസകരം.
മാതൃഭൂമി ബുക്സിൽ കേറി ചെന്നയുടൻ ഡോക്ടറെ കണ്ടു. എല്ലാവരെയും നോക്കി ചിരിച്ചു സംസാരിക്കുന്ന റെയിൻബോ. കണ്ണുകൾ പരിചയക്കാരെ തിരഞ്ഞു അപർണയിൽ ചെന്നു നിന്നു. ഇന്നവിടെ വെച്ച് അപർണയെ കണ്ടപ്പോൾ സന്തോഷം തോന്നി.
ഡോക്ടരോടൊപ്പം ഫോട്ടോ എടുക്കാൻ ചെന്ന എന്നോട് ഞാൻ സോണിയ എന്ന് പരിചയപ്പെടുത്തി വിസ്മയിപ്പിച്ചു കളഞ്ഞു അവർ. എനിക്ക് വാക്കുകൾ തിക്കുമുട്ടി വായടഞ്ഞു പോയി. ഇന്ത്യൻ റെയിൻബോ വായിച്ചു. ഒന്നും പറയാനില്ല എന്നൊക്കെ പറഞ്ഞൊപ്പിച്ചു ഞാനവരെ കെട്ടിപിടിച്ചു.കൂടെ നിന്നൊരു ഫോട്ടോയെടുത്തു.
പരിപാടി വേഗം തുടങ്ങി. ബിന്ദു ചേച്ചിയാണ് ചർച്ച നയിച്ചത്. ഡോക്ടർ സോണിയ പറഞ്ഞ ഓരോ കഥയും ഒരു കൊച്ചുകുഞ്ഞ് കഥ കേൾക്കുന്നത് പോലെ ഞാൻ കേട്ടിരുന്നു. അവരെ കാണാൻ ആ കുഞ്ഞു മുറി നിറയെ ആളുകൾ വന്നു കൊണ്ടേയിരുന്നു. വരുന്ന ഓരോരുത്തരെയും സന്തോഷത്തോടെ അഭിവാദ്യം ചെയ്യുന്ന അവരെ കണ്ടപ്പോൾ ഇവർക്ക് തൃശ്ശൂരുള്ള എല്ലാവരെയും അറിയോ എന്ന് ഞാൻ ഓർത്ത് പോയി. ചർച്ചക്കിടയിൽ ഞാൻ പോയി പുതിയ പുസ്തകമൊരെണ്ണം കൈക്കലാക്കി. തിരിച്ചു വന്നു റെയിൻബോയെ കുറിച്ചും അവരെന്നെ എത്രത്തോളം വിസ്മയിപ്പിച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു.
പണ്ട് 2007ൽ ഹാരി പോട്ടർ അവസാനഭാഗം ഇറങ്ങുമ്പോളേക്കും ഞാൻ ജെ കെ റൗലിംഗിന്റെ വലിയ ഫാൻ ആയിട്ടുണ്ടായിരുന്നു. Deathly hallows ന്റെ signed copy വാങ്ങാൻ ക്യുവിൽ നിൽക്കുന്ന ആളുകളുടെ ഒരു വിദൂര ചിത്രമുണ്ട് മനസ്സിൽ. ഇന്നത് ഞാൻ നേരിട്ട് കണ്ടു. ഞാനാദ്യം ഓടി പോയി ഒപ്പിനായി. കൂടെയുള്ളവരോടെല്ലാം ഇരിക്കാൻ പറഞ്ഞു കൊണ്ടവർ ഞങ്ങളെ വീണ്ടും വിസ്മയിപ്പിച്ചു. ഞാൻ വേഗമൊരു കസേര വലിച്ചിട്ടു അവരുടെ അടുത്തിരുന്നു. അവരുടെ കയ്യിലെ വളകൾ തൊട്ട് നോക്കി. അവരെനിക്ക് സ്‌നോ ലോട്ടസ് തുറന്ന് അവർ വരച്ച ചിത്രങ്ങൾ കാണിച്ചു തന്നു. വലിയൊരു ഫാൻ ക്യു പുറകിൽ ഉണ്ടായിരുന്നത് കൊണ്ട് വളരെ ഹ്രസ്വമായ ഒരു സംഭാഷണമേ ഞങ്ങൾ തമ്മിൽ നടന്നുള്ളു. അവരുടെ ഫോണിലും എന്നെ പതിപ്പിച്ചു ഫോട്ടോ മെമ്മറിയിൽ സേവ് ചെയ്തു. ഇനിയെന്നെങ്കിലും കാണാം എന്ന് മനം നിറയെ പറഞ്ഞു ഞാനവിടന്ന് ഇറങ്ങി.
ഒരുപാട് സന്തോഷമുള്ള ഒരു സായാഹ്നം എനിക്ക് സമ്മാനിച്ച പ്രിയപ്പെട്ട റെയിൻബോ, നന്ദി. ഒരായിരം നന്ദി.
ഷിജു


1 Comment
👌