വേണ്ടപ്പെട്ട എന്തെങ്കിലും സാധനം എവിടെ വച്ചൂന്ന് മറന്ന് പോകുക.
ഇത് ഇപ്പോഴൊന്നും തുടങ്ങിയ മറവിയല്ല. ജീവിതത്തിൽ രണ്ടറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ നെട്ടോട്ടമോടുന്ന ഒരു മനുഷ്യൻ്റെ ചുറുചുറുക്കുള്ള കാലം. അതെ… മക്കളെയൊക്കെ വളർത്തി വലുതാക്കി, താൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മക്കൾ അനുഭവിക്കാതിരിക്കാൻ പൊടാപ്പാട് പെടുന്ന കാലം. അന്നും ഈ മറവി കൂടപ്പിറപ്പായി കൂടെയുണ്ട്. ഏതെങ്കിലുമൊരു സാധനം വെക്കുന്ന സ്ഥലം മറന്നു പോകുക പതിവാണ്. പിന്നെ അതെ ചൊല്ലിയുള്ള ടെൻഷൻ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ഒരു ദിവസത്തെ തന്നെ വല്ലാതെ പ്രതിസന്ധിയിലാക്കും. കുന്തം പോയാൽ കുടത്തിലും തപ്പണമെന്നാണല്ലോ…
വീടിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കും. കിട്ടാൻ വൈകുന്നതനുസരിച്ച് അത് കണ്ട് കിട്ടുന്നതു വരെ മനസ്സിലുള്ള വിഷമങ്ങൾ പരിഭവങ്ങളായി, വീട്ടിലെ മറ്റുള്ളവരുടെ കൂടെ പ്രശ്നമായി മാറി കഴിഞ്ഞിട്ടുണ്ടാകും. എന്നാലും ലക്ഷ്യം നേടി കണ്ടെത്തുന്നതു വരെ പരിശ്രമവും പ്രാർത്ഥനയും തുടർന്നു കൊണ്ടേയിരിക്കും. പിന്നീട് അത് കിട്ടിയാലുള്ള സന്തോഷമോ? ആകാശത്ത് പൂർണ്ണചന്ദ്രൻ നിലാവെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്നതുപോലെ വീട്ടിലുള്ളവർക്ക് മുഴുവൻ ഒരാശ്വാസമായി മാറും. എണ്ണി പെറുക്കിയ പരിഭവങ്ങൾക്കെല്ലാം വിരാമമിട്ട് ദൈവത്തെ സ്തുതിക്കും.
കാലങ്ങൾ കടന്നു പോയി…
മറവിക്ക് നേരമോ കാലമോ ഒന്നും നോക്കണ്ടല്ലോ… അതങ്ങനെ കൂടെ തന്നെയുണ്ട്. രാവിലെ അടുക്കളയിൽ സഹായിക്കാൻ വരുന്നതിനിടയിൽ എപ്പോഴും കയ്യിലുണ്ടാകാറുള്ള തസ്ബീഹ് ചൊല്ലി എണ്ണം കണക്കാക്കുന്ന മാല എവിടെ വച്ചൂന്ന് മറന്നു. അത് കണ്ടു പിടിക്കാനുള്ള ശ്രമത്തിൽ തനിയെ പിറു പിറുത്തും, വീട്ടിലുള്ളമറ്റുള്ളവരോടും അന്വേഷിച്ചു. അവിടെയെങ്ങാനും കാണും, എവിടെ വച്ചുന്ന് ഓർത്തുനോക്കി സമാധാനത്തിൽ കണ്ടു പിടിക്ക്… എല്ലാവരും ഉമ്മയെ ആശ്വസിപ്പിച്ചു. രാവിലെയുള്ള അടുക്കളയിലെ കലാപരിപാടികൾക്ക് തത്ക്കാലം തിരശ്ശീലയിട്ട് കൊണ്ട് ഞാനും മക്കളും സ്കൂളിൽ പോയി.
വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോഴും തസ്ബീഹ് കിട്ടിയില്ല. ഉമ്മയുടെ സങ്കടം കണ്ട് കൊച്ചു മകൾ സ്മാർട്ട് ഫോൺ കയ്യിലെടുത്തിട്ട്, നമുക്ക് ഗൂഗിളിനോട് ചോദിക്കാമെന്ന് പറഞ്ഞ് ഉമ്മയെ ആശ്വസിപ്പിച്ചു. രാവിലെ മുതലുള്ള സങ്കടത്തിന് പരിഹാരമായി എന്നോണം ഉമ്മ സന്തോഷത്തോടെയും പ്രതീക്ഷയോടെയും എൻ്റെയടുത്ത് വന്ന് പറഞ്ഞു. ഗൂഗിളിനോട് ചോദിച്ചപ്പോൾ എൻ്റെ മുറിയിൽ തന്നെ തസ്ബീഹ് ഭദ്രമായി ഉണ്ടെന്നു പറയുന്നു. ഏതു മാർഗ്ഗത്തിലൂടെയാണ് അത് കിട്ടുക എന്ന ചിന്തയിലിരിക്കുന്ന ഉമ്മയെ ചെറുതായി പറ്റിച്ച് ആശ്വസിപ്പിച്ച ആമിന ചിരി നിർത്തുന്നുമില്ല. ഉമ്മയുടെ പ്രതീക്ഷയുള്ള സംസാരം കേട്ടപ്പോൾ, ഉമ്മയെ പറ്റിച്ച അവളോട് എനിക്ക് തോന്നിയ ദേഷ്യം ഞാൻ മറച്ചു വച്ചു. പഠനം ഉൾപ്പെടെ ഓൺലൈനിലൂടെ നടക്കുന്നതിനാൽ ഉമ്മ അത് വിശ്വസിക്കുകയും ചെയ്തു. പിന്നീട് മക്കളും ഉമ്മയും കൂടി അത് കണ്ടെത്താനുള്ള ശ്രമമായി.
അരമണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാവരും കൂടി എൻറെ അടുത്തേക്ക് കൂട്ടച്ചേരിയോടെ ഓടിവന്നു. ഉമ്മയുടെ തസ്ബീഹ് കിട്ടി. കട്ടിലിൽ ഭദ്രമായി തന്നെ അതുണ്ടായിരുന്നു. എന്നാലും ഗൂഗിളിന് എങ്ങനെ ഇത് മനസ്സിലായെന്നുള്ള ഉമ്മയുടെ ചോദ്യം? അത് ഉമ്മയുടെ സങ്കടം ആശ്വസിപ്പിക്കാൻ വേണ്ടി അവൾ വെറുതെ പറഞ്ഞതാണെന്ന് കേട്ടപ്പോൾ അതിലേറെ അത്ഭുതവും സന്തോഷവും കൊണ്ട് നിർത്താതെയുള്ള ചിരി. 😍😍😍വീടിനകം ഒരു കൂട്ടച്ചിരിയായി… 🥰🥰🥰 പകൽ ഫോണിൽ വിളിച്ചവരോടൊക്കെയും തസ്ബീഹ് വച്ച സ്ഥലം മറന്ന കാര്യം ഒരു വിശേഷ വിഷയമായിരുന്നു. അവരോടെല്ലാം മറവിക്ക് പരിഹാരമായ google വിശേഷം ഉടനെ അറിയിച്ചു. കേട്ടവരെല്ലാം ചിരിയോട് ചിരി🤣🤣🤣


1 Comment
നല്ല രചന.
ഗൂഗിൾ കുറച്ചു മറവിക്കു ഒക്കെ പരിഹാരമാണ്.