എനിക്ക് എന്നെയൊന്ന് തിരികെ പിടിക്കണം. തീരാ വ്യഥകളുടെ പടുകുഴിയിൽ ആണ്ടുപോയ എൻ്റെ മനസിനെ എനിക്ക് പിടിച്ച് കെട്ടി കൊണ്ട് വരണം. അവൾ ആ ദൃഡ നിശ്ചയത്തോടെ ആണ് അന്ന് ഉറക്കമുണർന്നത്.
തലേ രാത്രി അവളുടെ ചിന്തകൾക്ക് കൂട്ടായി ഇരുട്ടിൻ്റെ കാതിൽ ചാറ്റൽ മഴ താളം തുള്ളി നിന്നിരുന്നു. ഉറക്കമില്ലാത്ത ഒട്ടനേകം രാത്രികൾ പോലെയായിരുന്നില്ല കഴിഞ്ഞ രാത്രി. നിദ്രാദേവി കടാക്ഷിച്ചില്ലെങ്കിൽകൂടെ ക്ഷീണമോ നിരാശയോ തോന്നിയില്ല. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വന്നു. അലമാരയിൽ നിന്നും ഒരു സാരിയെടുത്തു. ഞൊറിയാൻ ശ്രമിച്ചു. മറന്നു പോയി. സാരമില്ല. വീണ്ടും ശ്രമിച്ചു. അവസാനം എങ്ങനെയോ ഉടുത്തു. പക്ഷെ അവൾക്കതിൽ തൃപ്തി തോന്നി. മുടി കോതി. ചീപ്പ് എടുത്ത് ചീകി നോക്കി. എത്രയോ നാളുകളായി മുടിയൊന്ന് ചീകിയിട്ട്. എന്നോ ആങ്ങള വാങ്ങിത്തന്ന അതുവരെ ഇട്ടു നോക്കാതിരുന്ന കുറെ കുപ്പിവളകൾ കൈകൾക്ക് അലങ്കാരമാക്കി. മധുര പതിനെട്ട് എത്തിയ മൂത്ത മകളുടെ പൗഡർ കുറച്ചെടുത്ത് മുഖത്തിട്ടു. ഒരു കുങ്കുമ പൊട്ടിട്ടു. വരണ്ടുണങ്ങിയ കൺതടങ്ങൾ നാളുകൾക്ക് ശേഷം തിളങ്ങി. കൺമഷി കൊണ്ട് കണ്ണുകളെഴുതി. ആ നിലക്കണ്ണാടിക്ക് മുൻപിൽ തന്നേ തന്നെ നോക്കി അവൾ അൽപസമയം നിന്നു.
നിലവിളക്ക് കൊളുത്തി. വീട്ടുമുറ്റത്ത് നിന്ന തെച്ചിയും തുളസിയും പിച്ചിയെടുത്ത് കൊണ്ട് അടുത്തുള്ള ക്ഷേത്രത്തിലേക്ക് നടന്നു. വഴിയിൽ കണ്ട മാടതത്തയോടും അണ്ണാറക്കണ്ണനോടും സുഖമല്ലെയെന്ന് അന്വേഷിച്ചു. ഭഗവാന് മുൻപിൽ പൂക്കൾ അർപ്പിച്ച് കൊണ്ട് കൈകൾ കൂപ്പി പ്രാർത്ഥിച്ചു. അടുത്ത് നിന്ന സുലോചന ചേച്ചിയോട് കുശലങ്ങൾ പങ്കിട്ടു. അവള് നടന്നു നീങ്ങിയപ്പോൾ സുലോചന ചേച്ചിയോട് തിരുമേനി ചോദിക്കുന്നു. ഇവരേതാണ്. മുമ്പ് കണ്ടിട്ടില്ലല്ലോ. അയ്യോ തിരുമേനിക്ക് അറിയില്ലേ. വടക്കേവീട്ടിലെ വേണുവിൻ്റെ ഭാര്യ ശ്രീദേവി. ആ അറിയാൻ വഴിയില്ല. കുടുംബം കുട്ടികൾ എന്നും പറഞ്ഞ് വീടിനു വെളിയിൽ പോലും ഇറങ്ങാത്ത ആളാ. ഇന്നിപ്പോ എന്താണോ ഈ വഴിക്കൊക്കെ. അത് കേട്ട് അവള് ചെറു പുഞ്ചിരിയോടെ തിടുക്കത്തിൽ വീട്ടിലേക്ക് നടന്നു. തിരികെ പോകും വഴി പാൽക്കാരി അന്നമ്മയോടും തിടുക്കത്തിൽ ജോലിക്ക് പോകുന്ന പെണ്ണുങ്ങളോടും പ്രഭാത സവാരിക്കിറങ്ങിയ അയൽവാസികളായ ഭാര്യാഭർത്താക്കന്മാരോടും അവരുടെ കൂടെ കണ്ട നായ്ക്കളോടും അങ്ങനെ വഴിയിൽ കണ്ട പുൽനാമ്പുകളോട് വരെ പരിചയം പുതുക്കി.
വീടിലെത്തിയപ്പോ ഭർത്താവ് പത്രവുമായി മുറ്റത്ത് കസേര ഇട്ടിരിക്കുന്നു.
“നീ ഇതെവിടെ പോയി. ചായ പോലും ഇടാതെ. ചോദ്യത്തിന് ശേഷമാണ് അവളെ തല ഉയർത്തി നോക്കിയത്.”
ആദ്യമായി കാണുന്ന പോലെയുള്ള ആശ്ചര്യത്തിൽ അയാൾ അവളെ കൗതുകത്തോടെ നോക്കി. തൻ്റെ ഭാര്യ ഇത്ര സുന്ദരി ആയിരുന്നോ. ഏറ്റവും ഒടുവിൽ അവളെ ഒരുങ്ങി കണ്ടതെന്നാണെന്ന് അയാൾ ഓർമിക്കാൻ ശ്രമിച്ചു. അത് വൃഥാവിലായി. പകരം തൻ്റെയും രണ്ട് പെൺമക്കളുടെയും തൻ്റെ കിടപ്പിലായ അച്ഛനമ്മമാരുടെയും കാര്യങ്ങൾ യഥാക്രമം ഓടിനടന്ന് ചെയ്യുന്ന ഒരു മനുഷ്യരൂപം മനസിലേക്ക് കടന്നു വന്നു. മുടി ചീകി ഒതുക്കി വെക്കാത്ത. പൊട്ട് കുത്താത്ത. നിർവികരമായ കുഴിഞ്ഞ കണ്ണുകളുള്ള ഒരു രൂപം.
“ഞാനൊന്ന് അമ്പലത്തിൽ പോയി” എന്ന് പറഞ്ഞ് അവള് ധൃതിയിൽ അടുക്കളയിലെത്തി ചുറുചുറുക്കോടെ ജോലികൾ വേഗം തീർത്തു. ശേഷം വീടിൻ്റെ ഒരു മൂലയിൽ പൊടി പിടിച്ച് കിടന്ന തയ്യൽ മെഷീൻ പൊടി തുടച്ച് വൃത്തിയാക്കി വെച്ചു. പത്താം ക്ലാസുകാരിയായ ഇളയ പുത്രി അമ്മക്കിത് എന്താ എന്ന ഭാവത്തിൽ അച്ഛനെയും സഹോദരിയെയും അവിടേക്ക് കൂട്ടികൊണ്ട് വന്നു.
എല്ലാവരോടുമായി അവൾ പറഞ്ഞു.
“ഇന്ന് മുതൽ ഞാൻ ഇതെൻ്റെ തൊഴിൽ ആക്കാൻ പോകുന്നു. നിങ്ങളൊക്കെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ളവരായി. അതിനാൽ ഇന്നുമുതൽ എൻ്റെ ജീവിതം എനിക്കും കൂടെ വേണ്ടിയുള്ളതാണ്. അതിൻ്റെ ആദ്യ ചുവട് സ്വന്തമായി ഒരു വരുമാനം ആണ്. അച്ഛൻ്റെയും മക്കളുടെയും പൂർണ പിന്തുണ എന്നോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ കരുതിക്കോട്ടെ.”
മൂവരും അഭിപ്രയങ്ങളേതു മില്ലാതെ നിലകൊണ്ടു.
അവളാകട്ടെ നാൽപതാം വയസ്സിൽ മുളച്ച പുതിയ ചിറകിൻ്റെ ബലത്തിൽ പറന്നുയരാൻ കൊതിച്ചു ഒരു കൊച്ച് കുട്ടിയെ പോലെ.
ഏതാനും വർഷങ്ങൾക്ക് ശേഷം മൂത്ത മകളെ പെണ്ണ് കാണാൻ ചെക്കൻ്റെ വീട്ടിൽ നിന്നും ആളുകൾ വരികയാണ്. അവരിലൊരാൾ പെണ്ണിൻ്റെ അച്ഛനെ വിളിച്ചു ചോദിക്കയാണ്. പോസ്റ് ഓഫീസിൻ്റെ അവിടെ നിന്നും എങ്ങോട്ടാണ് വരേണ്ടത്. അയാൾക്ക് തീരെ ആലോചിക്കേണ്ടി വന്നില്ല. അയാൾ പറഞ്ഞു പോസ്റ്റ് ഓഫീസിൻ്റെ അവിടുന്ന് ഇടത്തേക്ക് തിരിയുമ്പോൾ ഒരു ബോർഡ് കാണാം. അതാണ് വീട്. മഴവിൽ നിറങ്ങൾക്ക് അകത്ത് എഴുതിയ ശ്രീദേവി സ്റ്റിച്ചിംഗ് സെൻ്റർ എന്ന ബോർഡ്.


4 Comments
നന്നായെഴുതി🌹👍
അരുതുകളുടെ ചങ്ങലകൾ ഭേദിച്ചു പറന്നുയരാൻ തങ്ങളുടെ ചിറകുകൾക്കാവുമെന്ന് എല്ലാ സ്ത്രീകളും കണ്ടെത്തട്ടെ❤️
നല്ലെഴുത്ത്👌🌹❤️
വായന എഴുതുവാനുള്ള ശക്തി നൽകട്ടെ
ധാരാളം എഴുതുക പേനാ തുമ്പുകൾ
നിന്റെ ജീവിതത്തിന്റെ മാറ്റ് കൂട്ടേട്ടെ
ഒപ്പം മനസിന് സന്തോഷവും ലഭിക്കട്ടെ
Good motivational story 👌
ഭാഷയുടെ ഒഴുക്കും ഭംഗിയും!👏👏👏👏👏