താലി ചാർത്തി ഈ ജന്മം മാത്രമല്ല വരും ഏഴ് ജന്മം കൂടി കൂടെ കാണുമെന്ന പറഞ്ഞു കൈ പിടിച്ചവന്റെ ഉപദ്രവം സഹിക്കവയ്യാതെയവൾ ഒടുവിലാ തീരുമാനമെടുത്തു വിവാഹമോചിതയാകുവാൻ. എന്റെ തീരുമാനത്തിനെതിരായിരുന്നു അവളുടെ വീട്ടുകാരും ബന്ധുക്കളും.
എല്ലാവരുമെന്നെ കുറ്റപ്പെടുത്തി. അത്രയും പെർഫെക്ട് ആയിരുന്നു മറ്റുള്ളവരുടെ മുന്നിലയാൾ. ഞാൻ സഹിച്ചതൊന്നും പറഞ്ഞു ഫലിപ്പിക്കാൻ എനിക്കായില്ല. അയാളുടെ സ്വഭാവവൈകൃതം മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാട്ടുവാൻ എനിക്കായില്ല. എങ്കിലും വിവാഹമോചനം എന്നാവിശ്യത്തിൽ ഞാനുറച്ചു നിന്നു.
ഒരു വർഷത്തെ കാത്തിരിപ്പിനോടുവിൽ കോടതി അയാളിൽ നിന്നെനിക്ക് മോചനം നൽകി. സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്തത് വേണ്ടപ്പെട്ടവരുടെ കറുത്തമുഖങ്ങളാണ്.
അത്യധികം ആർഭാടത്തോടെ എല്ലാവരുടെയും കണ്ണിൽ ശ്രേഷ്ഠനെന്ന് തോന്നിക്കുന്ന ഒരുവന്റെ കൈയിൽ മകളെ ഏൽപ്പിച്ചിട്ട് രണ്ടു വർഷം തികയും മുൻപ് താലി ചരട് പൊട്ടിച്ചെറിഞ്ഞു വീട്ടിലേക്ക് കയറി വന്ന മകളെ കുറ്റപ്പെടുത്തുമ്പോഴും കുത്തുവാക്കിനാൽ മൂടുമ്പോഴും അച്ഛനും അമ്മയ്ക്കും സഹോദരനും യാതൊരു തെറ്റും തോന്നിയില്ല.
എല്ലാം ഇവളർഹിക്കുന്നുവെന്നൊരു തോന്നൽ അവർക്കുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു വർഷം അനുഭവിച്ച മാനസിക പീഡനവും ഇപ്പോഴത്തെ അവസ്ഥയുമെന്നെ
ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചു. അവിടെയും വിധിയെന്നെ തോൽപ്പിച്ചു. ഹോസ്പിറ്റൽ വാസം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ഭ്രാന്തി എന്ന് മുദ്ര കുത്തി മുറിയിൽ തളയ്ക്കപ്പെട്ടു ഞാൻ.
ഒറ്റപ്പെടലിന്റെ മടുപ്പിലാണ് പുസ്തകങ്ങളുമായി ഞാൻ കൂട്ട് കൂടിയത്. പുസ്തകത്തിന്റെ പരിമിതികൾ മൂലം വായിച്ച വരികൾ തന്നെ വീണ്ടുമാവർത്തിച്ചു വായിച്ചു. അവിടെയുമൊരു മടുപ്പ് എനിക്കനുഭവപ്പെട്ടു.
എന്റെചിന്തകളും സങ്കടവുമെല്ലാം എഴുതി ആശ്വാസം കണ്ടെത്തി ഞാൻ അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ ഏഴുതിക്കൂട്ടി. ഒരിക്കലും മറ്റാരും ശ്രദ്ധിക്കുമെന്ന് കരുതിയല്ല ആ വരികളൊക്കെയും എഴുതിയത്.സ്വയം ഒന്ന് സ്വാന്തനം പകരുവാൻ മാത്രം.
മാനസിക പ്രയാസങ്ങളും സ്വപ്നങ്ങളുമൊക്കെ വരികളായി നിറഞ്ഞുവെന്റെ fb പേജിൽ. വായിച്ചു ആരൊക്കെയോ അഭിപ്രായം പറഞ്ഞു. ഞാനതൊന്നും കാര്യമാക്കിയില്ല. ഒരിക്കൽ പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങളെക്കുറിച്ചെഴുതിയപ്പോൾ ഒരാളൊരു നെഗറ്റീവ് കമന്റ് ഇട്ടു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു.
“എന്തൊക്കെയാണ് എഴുതി വയ്ക്കുന്നത്?. ഇത്രയും മോശമായി എഴുതിയിട്ട് താങ്കൾക്കിതെങ്ങനെ പോസ്റ്റ് ചെയ്യാൻ തോന്നി. ഈ വരികൾ കവിതയാണോ? അതോ ലേഖനമൊ? അതുമല്ല കഥയാണോ?
വെറുതെ വായനക്കാരുടെ സമയം നഷ്ടമാക്കുവാൻ താങ്കൾ ഇനിയുമെഴുതരുത്.”
അതിനു മറുപടി കൊടുക്കാതിരിക്കാൻ എനിക്കായില്ല.
“ഞാൻ എനിക്ക് വേണ്ടി മാത്രമാണ് എഴുതുന്നത്. താങ്കൾ വായിക്കുവാൻ ഞാൻ നിർബന്ധം പറഞ്ഞില്ലല്ലോ. ഒരുപാട് നല്ല എഴുത്തുകാരുണ്ട് അടുക്കും ചിട്ടയുമായി എഴുതുന്നവർ, അവരെ കണ്ടെത്തി വായിക്കു.”
അയാൾക്ക് മറുപടി കൊടുത്ത് ഞാനാ ഫോൺ ഓഫ് ചെയ്തു വച്ചു.
ആകെ ഒരാശ്വാസം ഇതായിരുന്നു. അവിടെയും ചിലർ വിടാതെ പിന്തുടരുകയാണല്ലോ.
ചിന്തകൾക്ക് വിരാമമിട്ട് വായന തുടർന്നു. വരികളിൽക്കൂടി കണ്ണുകൾ കടന്നുപോകുന്നെങ്കിലും മനസ്സ് അപ്പോഴും അയാൾ പറഞ്ഞ വാക്കുകളിൽ ആയിരുന്നു.
ഫോൺ എടുത്തു ഓൺ ചെയ്തതും മെസ്സേജ് നോട്ടി വന്നു.
അയാളുടേത് ആണ്.
“നിങ്ങൾക്ക് മാത്രമെങ്കിൽ ബുക്കിലോ ഡയറിയിലൊ എഴുതി വച്ചാൽ പോരെ. മറ്റുള്ളവർക്ക് അരോചകം സൃഷ്ടിക്കുന്നതെന്തിന്?”
ഇയാൾ മനഃപൂർവം ദ്രോഹിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടത് പോലെയുണ്ട്.
കുറച്ചു മാസങ്ങളായി ഇതിൽ ചില വരികൾ എഴുതിയിടുവാൻ തുടങ്ങിയിട്ട്. ആരും ഇത് വരെ ഇങ്ങനെയൊന്നും പറഞ്ഞു തളർത്തിയിട്ടില്ല.
“പ്രിയ സുഹൃത്തേ, ആ വരികൾ ഒരു ഭ്രാന്തിയുടെ ജല്പനങ്ങളാണ്. അപ്പോൾ ആ വരികൾക്ക് ആ നിലവാരമെ കാണു. താങ്കൾക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ അക്കൗണ്ട് ഞാൻ ഡിലീറ്റ് ചെയ്യുന്നു.”
കുറച്ചു നിമിഷങ്ങൾക്കകം തന്നെ മറുപടി വന്നു.
“വായിക്കുന്നയാൾക്ക് ആ വരികളിലൂടെ ഒരാശയം കിട്ടിയില്ലെങ്കിൽ പിന്നെ ആ വായനയിലൂടെന്ത് പ്രയോജനം!
ഓരോ പദത്തിന്റെയും അർത്ഥവും ശരിയായ പ്രയോഗവും അത് പ്രയോഗിക്കുന്നയാളറിഞ്ഞിരിക്കണം. അക്ഷരത്തെറ്റും അർത്ഥമറിയാതെയുള്ള പ്രയോഗങ്ങളും ഉദ്ദേശിക്കുന്നർത്ഥമല്ലായിരിക്കും നൽകുക. ഇപ്രകാരമുള്ള തെറ്റുകൾ താങ്കൾ ബോധപൂർവ്വം വരുത്തുന്നതാണെങ്കിൽ ഒന്നും പറയാനില്ല. അഥവാ താങ്കളുടെ അശ്രദ്ധ മൂലമാണെങ്കിൽ അത് തിരുത്തി നല്ലൊരു എഴുത്തുകാരിയാകുക. ഇതാണ് ഞാൻ എന്റെ വിമർശനം കൊണ്ടർത്ഥമാക്കിയത്. അതിന് താങ്കൾ അക്കൗണ്ട് കളയേണ്ട കാര്യമെന്താണ്?”
അങ്ങോട്ടും ഇങ്ങോട്ടും ചോദ്യവും ഉത്തരവും നൽകി അവിടെയൊരു പുതിയ സൗഹൃദത്തിന് ആരംഭമായി.
പതുക്കെ എന്റെ കഥകളൊക്കെയദ്ദേഹം ചോദിച്ചറിഞ്ഞു. കുറച്ചക്ഷരക്കൂട്ടങ്ങൾ കൊണ്ടെ- ന്റെ മനസ്സ് ഞാനദ്ദേഹത്തിന് മുന്നിൽ തുറന്നു. ഇത് വരെ എന്നിൽ കുടിയിരുന്ന ദേഷ്യവും സങ്കടവുമെല്ലാം ഞാൻ പങ്കുവച്ചു. എന്നെ കേൾക്കാൻ ഒരാൾ ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു.
പിന്നെയുള്ള ദിവസങ്ങൾ ഉണർന്നതും ഉറങ്ങുന്നതും അദ്ദേഹത്തിന്റെ ശബ്ദംകേട്ടുകൊണ്ടായിരുന്നു. പതുക്കെ പഴയ ഉത്സാഹമെന്നിലേക്ക് മടങ്ങി വന്നു. വീട്ടിലിങ്ങനെ ചടഞ്ഞുക്കൂടിയിരിക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തലിൽ ഞാനൊരു ജോലിക്ക് ശ്രമിച്ചു. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിക്ക് കയറി. ജോലിക്ക് പോകാൻ തുടങ്ങിയതോടെ വീട്ടുകാരുടെ സമീപനത്തിൽ മാറ്റം വന്നു തുടങ്ങി. എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നയാളെ കാണുവാൻ ഞാനാഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ അദ്ദേഹം ഒഴിഞ്ഞുമാറി. ഇനി നേരിൽ കാണാതെ മിണ്ടില്ലെന്നുള്ളയെന്റെ വാശിയിലദ്ദേഹം മേൽവിലാസം തന്നു. ഒരു ഹോസ്പിറ്റലിന്റെ അഡ്രസ് ആയിരുന്നു അത്.
അവിടെ ചെന്നപ്പോഴാണ് അതൊരു മെന്റൽ ഹോസ്പിറ്റലാണെന്ന് മനസിലായത്. എന്നോട് ഇത്രയും കാര്യ ഗൗരവത്തോടെ സംസാരിച്ചിരുന്നയാൾ ഇത്തരത്തിലൊരു അവസ്ഥയിലുള്ളയാളെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ലായിരുന്നു. ഒന്നും അംഗീകരിക്കാൻ സാധിക്കാത്ത മനസ്സുമായി അദ്ദേഹത്തെ കാണാൻ ശ്രമിക്കാതെ ഞാൻ തിരിച്ചു നടന്നു. അദ്ദേഹം ഇവിടെ ചികിത്സയിൽ കഴിയുന്ന മാനസിക വിഭ്രാന്തിയുള്ളൊരാളാകുമെന്ന് മനസ്സ് കല്പ്പിച്ചു കൂട്ടി. ഫോണിലെ റിങ്ടോണാണ് തിരിച്ചു ബോധത്തിലേക്ക് കൊണ്ട് വന്നത്.
അദ്ദേഹമാണ്.
‘ഞാൻ വന്നത് അറിഞ്ഞുവൊ?’
“ഇവിടെ വരെ വന്നിട്ട് കാണാതെ പോകുകയാണോ?”
അദ്ദേഹത്തിന്റെ ആർദ്രമായ ശബ്ദം.
ഇത്രയും നാൾ സംസാരിച്ചിട്ട് ഇങ്ങനെ മൃദുവായി ഒരിക്കലും എന്നോടദ്ദേഹം മിണ്ടിയിട്ടില്ല.
“കാണാനുള്ള ആഗ്രഹം കൊണ്ട് ഓടി വന്നിട്ട് കാണാതെ പോകുന്നത് മോശമല്ലേ ഗായത്രി.”
തൊട്ടരുകിൽ അദ്ദേഹത്തിന്റെ ശബ്ദം കെട്ട് ഞാൻ തിരിഞ്ഞു നോക്കി.
ഏകദേശം 35വയസ്സ് തോന്നിക്കുന്ന സുമുഖനായ ഒരാൾ എന്റെയരുകിൽ.
ഭ്രാന്തമായ ചിന്തകളിൽ കുരുങ്ങിക്കിടന്ന എന്റെ മനസിനെ മോചിപ്പിച്ചൊരു പുതു ജീവിതമെനിക്ക് നൽകിയ മനുഷ്യനാണ് കണ്മുന്നിൽ. എന്ത് വേണമെന്നറിയാതെ പകച്ചു നിന്ന നിമിഷങ്ങളിൽ അദ്ദേഹമെന്നെ കോഫി കുടിക്കുവാൻ ക്ഷണിച്ചു.
ഒരു മേശയുടെ ഇരുവശവും ഇരുന്നു; എന്ത് പറയണമെന്നറിയാതെ വീർപ്പുമുട്ടിയ എന്റെ പരവേശം കണ്ടദ്ദേഹം ചിരിച്ചു.
“ഇപ്പോഴും ഗായത്രി ഭ്രാന്തിയുടെ കുപ്പായത്തിൽ നിന്ന് തിരിച്ചു വന്നില്ലേ?”
അദ്ദേഹത്തിന്റെ കളിയാക്കിയുള്ള ചോദ്യത്തിന് ഒരു തുറിച്ചുനോട്ടമായിരുന്നു എന്റെ മറുപടി.
“താൻ അല്ലെ, നമ്മളാദ്യം പരിചയപെട്ടപ്പോൾ പറഞ്ഞത് താൻ ഒരു ഭ്രാന്തിയാണെന്നും തന്റെ വരികൾക്കൊക്കെ ആ നിലവാരമെയുള്ളൂ എന്നൊക്കെ.
ഇപ്പോഴും അങ്ങനെയുള്ള ചിന്തയുണ്ടെങ്കിൽ എന്നും എപ്പോഴും ഞാൻ തന്റെ കൂടെയുണ്ടാകും.കാരണം ഒരു ഭ്രാന്തിന്റെ ഡോക്ടർക്കല്ലാതെ ഭ്രാന്തിയുടെ ജല്പനങ്ങൾ മാറ്റാർക്ക് മനസിലാകാനാണ്.”
എന്റെ കൈകൾ കൂട്ടിപിടിച്ചദ്ദേഹം പറഞ്ഞപ്പോൾ ഞാനും ചിരിച്ചു പോയി. ജീവിതത്തിൽ എന്നൊ മറഞ്ഞു പോയ സന്തോഷങ്ങളുടെ ഉദയമായിരുന്നു ആ നിമിഷം മുതൽ. പിന്നെയുള്ള ഓരോ നിമിഷങ്ങളും എന്നും എപ്പോഴും അദ്ദേഹമെന്റെക്കൂടെയുണ്ടായിരുന്നു.
എന്റെ ഏറ്റവും നല്ല പാതിയായി.


1 Comment
👍