മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച ‘വീണപൂവ്’ എന്ന ഖണ്ഡകാവ്യം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1907 ഡിസംബർ 16 ആം തിയതി മിതവാദി പത്രത്തിലാണ്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനാനുഭവമായ ഈ ഖണ്ഡകാവ്യം പ്രസിദ്ധീകരിച്ച ദിവസമെന്ന നിലയിലാണ് ഡിസംബർ 16 മലയാളം കവിതാദിനമായി ആഘോഷിക്കുന്നത്.
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?
എന്നാരംഭിക്കുന്ന ഈ ഖണ്ഡകാവ്യത്തിൽ ഒരു പൂവിൻറെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് നാല്പത്തിയൊന്ന് ശ്ലോകങ്ങളിലായി വരച്ചുകാട്ടുന്നുണ്ട്. തുടർന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടെ ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമുണ്ടായി. അതിന്റെ ഉത്തമഉദാഹരണമായിരുന്നു വീണപൂവിനെ തുടർന്ന് രചിച്ച ‘തീയക്കുട്ടിയുടെ വിചാരം‘ ഇത് അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.
ജന്മിത്വത്തിനും രാജവാഴ്ചയ്ക്കുമെതിരായ ആദ്യത്തെ ചരിത്ര കാവ്യമാണ് വീണപൂവ്. രാജാവ് വണ്ടായും രാജ്ഞി പൂവായും പ്രത്യക്ഷപ്പെടുകയാണ് വീണപൂവില്‍. മലയാളത്തില്‍ വീണപൂവിനു മുമ്പുള്ള ഒറ്റകൃതികളിലും ഇത്തരം ഭാഷ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുപോലെ ആശാന്‍റെ എല്ലാകൃതികളിലും രാജവാഴ്ചയുടെ പതനവും അത് നിലവില്‍ വന്ന ചരിത്രവുമാണ് പ്രധാനവിഷയമെന്ന് എടുത്ത് പറയാവുന്നതാണ്. ഭാഷയുടെ പ്രയോഗശൈലിയില്‍ അപാരമായ പാണ്ഡിത്യം ആര്‍ജ്ജിക്കാന്‍ ആശാന് കഴിഞ്ഞത് ആശാന്‍ കൃതികളിലെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നവരില്‍ അത്ഭുതമുണ്ടാക്കുന്നതാണ്.
കവികളില്‍ കാളിദാസനാണ് ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ആശാന്‍ കൃതികളിലൂടെ പുറത്തുവന്നിരിക്കുന്ന ആശയങ്ങളും അര്‍ത്ഥതലങ്ങളും കാളിദാസ കൃതികള്‍ക്കുപോലുമില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
സാധരണക്കാര്‍ക്ക് ഭാഷയെ തിരിച്ചറിഞ്ഞ് പഠനം നടത്തുവാന്‍ സഹായകമായ വിധത്തില്‍ പദപ്രയോഗം നടത്തുന്നതില്‍ ആശാന്‍ വളരെയേറെ ശ്രദ്ധാലുവായിരുന്നു പ്രത്യേകിച്ചും പിന്നോക്ക ജനവിഭാഗങ്ങളുടെ ഇടയിലേക്ക് അന്വേഷണചിന്ത കടത്തി വിടുന്ന വിധമാണ് ഭാഷാപ്രയോഗം.
അത് വീണപൂവിലും കരുണയിലും സ്പഷ്ടമായും ലളിതമായും
പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് പരിശോധിച്ചാല്‍ കാണാവുന്നതാണ്.
മതസംസ്ക്കാരത്തിന്‍റെ വീഴ്ചയാണ് വീണപൂവിലെ ചരിത്രാംശം. ഇതിലെ വീണപൂവ് ഏതോ ഒരു വൃക്ഷത്തി ന്മേലുണ്ടായ പൂവ് വീണതുകണ്ട് ആശാന്‍ രചിച്ചിരിക്കുന്ന കൃതിയാണെന്നാരോപിച്ച് ഇതിനെ നിര്‍ജ്ജീവമാക്കുവാന്‍ പണ്ഡിതന്മാര്‍ ശ്രമിച്ചിട്ടുണ്ട്. സാഹിത്യം മനുഷ്യ-സമൂഹത്തിന്‍റെ കഥപറയുന്നതാണെന്ന കാര്യത്തില്‍ ആശാന് നിർബന്ധമുണ്ടായിരുന്നു.
ബഹുഭൂരിപക്ഷം ജന്തുജീവിതം നയിക്കുമ്പോള്‍ മറ്റൊരു ന്യൂനപക്ഷം സ്വര്‍ഗ്ഗീയ ജീവിതം നയിക്കുന്നു. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. കേരളത്തില്‍ വേദകാലഘട്ടം മുതല്‍ തുടങ്ങിയതാണ്. ഇത് മനുഷ്യകുലത്തതിന്റെ അന്ത്യം വരെ തുടരുക തന്നെ ചെയ്യും.
-ശുഭം-



1 Comment
ആശാൻ്റെ കവിതകളെല്ലാം നമ്മെ വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്നവ തന്നെയാണ്. നല്ല അവതരണം👌🌹