വെയിൽ മങ്ങിത്തുടങ്ങി. യാത്ര തുടങ്ങിയിട്ട് നാലഞ്ചു മണിക്കൂറായി. അനൂപ് ഗൂഗിൾ മാപ്പിലേക്കു നോക്കി. ഇനി 6 മണിക്കൂറെങ്കിലും കാറോടിക്കേണ്ടിവരും. വിചാരിച്ച വേഗത്തിൽ വരാൻ പറ്റിയില്ല. എന്തൊരു തിരക്കാണ്. റോഡാണെങ്കിൽ മിക്ക സ്ഥലങ്ങളിലും ആകെ താറുമാറായിക്കിടക്കുന്നു .
വല്ലാത്ത ക്ഷീണം… ഉച്ചയ്ക്ക് ഒരു സാൻവിച്ച് മാത്രമാണ് കഴിച്ചത്. ഒരു ചായ കിട്ടിയിരുന്നെങ്കിൽ…
കുറച്ചു ദൂരം കൂടി പോയിക്കഴിഞ്ഞപ്പോൾ ഒരു ചെറിയ ചായക്കട കണ്ടു. അനൂപ് വണ്ടി ഒതുക്കി നിർത്തിയിറങ്ങി. “ചേട്ടാ ഒരു ചായ ” ”
“നല്ല പരിപ്പുവടയും പഴംപൊരിയുമുണ്ട് ഓരോന്നെടുക്കട്ടെ?”
“ആയിക്കോട്ടേ” അനൂപ് ബഞ്ചിലിരുന്നു. ചായ കുടിക്കുന്നതിനിടെ കടക്കാരൻ കുശലങ്ങൾ ചോദിച്ചുതുടങ്ങി. “സാറെങ്ങോട്ടാ?”
“എനിക്ക് ബ്ലൂമൗണ്ട് എസ്റ്റേറ്റിൽ പോകണം.”
“അതിനി ഒരു പാടു ദൂരമുണ്ടല്ലോ. ആരെക്കാണാനാ?”
“ഒരു കൂട്ടുകാരനെകാണാനാണ്”.
“റോഡൊക്കെ മഹാമോശമാണു സാറേ, സൂക്ഷിച്ചൊക്കെപോകണേ. അയാൾ തൻ്റെ നാട്ടിൻപുറം ശൈലിയിൽ പറഞ്ഞു. അയാളോടു യാത്ര പറഞ്ഞ് അനൂപ് കാറിൽ കയറി.
സന്ധ്യ മയങ്ങി. ഒരു തണുത്ത കാറ്റുവീശി. മഴ പെയ്താൽ ആകെ പ്രശ്നമാകും. വഴിയിലെങ്ങും ആരെയും കാണാനില്ല. ഇടയ്ക്കിടെ ഒറ്റപ്പെട്ട വീടുകൾ മാത്രം. അയാൾ പറ്റുന്നത്ര സ്പീഡിൽ കാറോടിച്ചു.
രാവിലെ ഇറങ്ങാൻ സീത പറഞ്ഞതാണ്. ആ മീറ്റിംഗാണ് വില്ലനായത്. വെള്ളിയാഴ്ച ലീവാണെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. ഒഴിവാക്കാൻ പറ്റാത്തതായതു കൊണ്ടാണ് നിൽക്കേണ്ടി വന്നത്. അല്ലെങ്കിൽ ഇന്നലെ രാജേഷിനോടും നിഖിലിനോടുമൊപ്പം പോരാമായിരുന്നു. ഇതിപ്പോൾ അവിടെയെത്തുമ്പോൾ പാതിരാത്രി കഴിയുമെന്നു തോന്നുന്നു. വിജനമായ വഴി കണ്ടപ്പോൾ അയാൾക്ക് ചെറിയൊരങ്കലാപ്പു തോന്നി.
പെട്ടെന്നാണ് വലിയൊരു കാററുവീശിയത്. വശങ്ങളിലെ മരങ്ങളൊക്കെ ആടിയുലയുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഒന്നു മിന്നൽ. തുടർന്ന് വലിയൊരിടിയും. മഴ തകർത്തു പെയ്യാൻ തുടങ്ങി. വഴി കാണാൻ പോലും വയ്യ.
കുറച്ചു മുന്നോട്ടു ചെന്നപ്പോൾ കാറിൻ്റെ ഹെഡ്ലൈറ്റിൻ്റെ വെളിച്ചത്തിലാണ് അനൂപതു കണ്ടത്. വലിയൊരു മരച്ചില്ലയൊടിഞ്ഞു റോഡിനു കുറുകെ കിടക്കുന്നു.
അയാൾ വണ്ടി നിർത്തി. ഇനിയെന്തു ചെയ്യും? വേറെയേതെങ്കിലും വഴിയുണ്ടോ? ഗൂഗിൾ മാപ്പിൽ നോക്കി. ഒന്നും കാണാനില്ല .അല്ലെങ്കിൽത്തന്നെ വണ്ടിയൊന്നു തിരിക്കാതെന്തു ചെയ്യും?
കുറച്ചു പുറകിൽ ഇടതുവശത്തേക്കൊരിടവഴി കണ്ടത് അപ്പോഴാണോർത്തത്. അയാൾ കാർ പിന്നിലേക്കെടുത്ത് ആ ഇടവഴിയിലേക്കു തിരിഞ്ഞു. അല്പദൂരം ചെന്നപ്പോൾ ആ വഴി അവസാനിച്ചു.
എന്തൊരു നാശമാണിത്. എന്തു കാര്യം വിചാരിച്ചാലും അപ്പോൾ ഒരു മീറ്റിംഗോ പ്രധാനപ്പെട്ട ഫോൺ വിളിയോ വരും. ഇറങ്ങിപ്പുറപ്പെടാൻ തോന്നിയ നിമിഷത്തെ ശപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല.
കാർ വശത്തേക്കൊതുക്കി അയാൾ സീറ്റിൽ ചാരിയിരുന്നു. സീതയെ വിളിച്ചു നോക്കി. കിട്ടുന്നില്ല. രാജേഷിനേയും നിഖിലിനേയും അനിലിനേയും മാറി മാറി വിളിച്ചു. ഒരു രക്ഷയുമില്ല.ഫോണിനു റേഞ്ചു കിട്ടുന്നതേയില്ല.
ഈ കൂട്ടായ്മ ടൗണിലെവിടെയെങ്കിലും വെച്ചു മതിയായിരുന്നു.
“എന്തൊരു ദുരിതം……”അയാൾ തലയിൽ കൈവെച്ചു വെളിയിലേക്കു നോക്കി.
പെട്ടെന്നാണ് ദൂരെ ഒരു പ്രകാശം കണ്ടത്. ഒരു വീടാണെന്നു തോന്നുന്നു. എന്തായാലും പോയി നോക്കാം. അയാൾ ബാഗു തുറന്ന് കുട തപ്പിയെടുത്തു. എന്തോ കൈയിൽത്തടഞ്ഞു. നോക്കിയപ്പോൾ സീത തന്ന കൊന്തയാണ്. പോരാനിറങ്ങിയപ്പോഴാണ് അവൾ കൊന്തയുമായി വന്നത്.”അനൂപേട്ടാ ഇതു കൈയിൽ വെച്ചോ . ആൾക്കാരില്ലാത്ത സ്ഥലത്തു കൂടിയൊക്കെയാണു പോകേണ്ടത്
” ഇതെന്തിനാണു സീതേ? നിനക്കിതെവിടുന്നു കിട്ടി?”
“നാൻസി വേളാങ്കണ്ണിയിൽ പോയിട്ടു വന്നപ്പോൾ തന്നതാണ്. ഇതുകൈയിലിരുന്നോട്ടെ. എനിക്കെന്തോ ഒരു പേടി പോലെ ”
“എന്നെ വല്ല യക്ഷിയും പിടിക്കുമെന്നു പേടിച്ചാണോ? നിൻ്റെ കൂടെ പത്തുപതിനഞ്ചു വർഷം കഴിഞ്ഞ എനിക്കിനി ഒരു യക്ഷിയേയും പേടിയില്ല സീതേ”അനൂപ് കളിയാക്കി.
പക്ഷേ സീതയുടെ മുഖം തെളിഞ്ഞില്ല. അതുകൊണ്ടാണ് അവനതു വാങ്ങി ബാഗിൽ വെച്ചത്. താൻ സമ്മതിക്കില്ലെന്നറിയാവുന്നതുകൊണ്ടാണ് അവൾ ചരടൊന്നും ജപിച്ചു കെട്ടിത്തരാത്തത്.
എന്തോ ആലോചിച്ച് അനൂപ് ബാഗും തോളിലിട്ട് വണ്ടി പൂട്ടി വെളിച്ചം കണ്ട സ്ഥലത്തേക്കു നടന്നു. മഴ അല്പമൊന്നു ശമിച്ചിട്ടുണ്ട്. പക്ഷേ വീണ്ടും പെയ്യുന്ന ലക്ഷണമുണ്ട്. ഇടയ്ക്കിടെ മിന്നലും ഇടിയും തുടരുന്നുമുണ്ട്.
നടന്നു നടന്ന് വീടിൻ്റെ മുറ്റത്തിനരികിൽ എത്തി. ഇരുട്ടിൽ കുളിച്ചു നിൽക്കുന്ന വീടും പരിസരവും. ഒരു നക്ഷത്രത്തിൻ്റെ പ്രകാശം പോലുമില്ല. ദൂരെ നായ്ക്കൾ ഓരിയിടുന്ന ശബ്ദം.
എവിടെയാണു താൻ വെളിച്ചം കണ്ടതെന്ന് അനൂപിനു മനസ്സിലായില്ല.മുറ്റം മുഴുവൻ കരിയിലകൾ കൊണ്ടു മൂടിയിരിക്കുന്നത് മിന്നലിൻ്റെ പ്രകാശത്തിലാണയാൾ കണ്ടത്. എന്തായാലും അങ്ങോട്ടു പോകുക തന്നെ. .
കരിയിലകൾക്കിടയിലൂടെ വളരെ ശ്രദ്ധയോടെയാണ് അനൂപ് നടന്നത്. എന്തോ കാലിനടുത്തു കൂടി ചാടി മറഞ്ഞു. മൊബൈലിൻ്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ വലിയൊരു തവളയാണ്.പെട്ടെന്ന് മഴ വീണ്ടും ഇരച്ചെത്തി.വേഗം നടന്നു പൂമുഖത്തെത്തി. അകത്തെവിടെയോ ഒരു നാമജപം കേൾക്കുന്നുണ്ടോ……..
“അഞ്ജന ശ്രീധരാചാരുമൂർത്തേ കൃഷ്ണാ…. ” ഏതോ കുട്ടികളുടെ ശബ്ദമാണ്. അതിനോടൊപ്പം “നാരായണ നാരായണ” എന്ന് ഒരു മുത്തശ്ശിയുടെ ജപവും.
ശക്തിയായ കാറ്റു വീശി. ജനൽപ്പാളികൾ തുറന്നടഞ്ഞു. പാതി തുറന്ന ജനലിലൂടെ ഒരു നിലവിളക്കിൻ്റെ പ്രകാശം പോലെ അയാൾക്കു തോന്നി. പക്ഷേ മുൻവാതിൽ അടഞ്ഞു കിടക്കുന്നു. ചുററുപാടും നോക്കിയിട്ട് ആരും താമസിക്കുന്ന ലക്ഷണമില്ല.
വാതിലിൽത്തട്ടി അയാൾ ചോദിച്ചു “ഇവിടെയാരുമില്ലേ ?” ഇപ്പോൾ ഒരു ശബ്ദവും കേൾക്കുന്നില്ല. വീണ്ടും തട്ടി വിളിച്ചു. “കതകൊന്നു തുറക്കാമോ? ” ഒരനക്കവുമില്ല .
അനൂപ് പതുക്കെ കതകിൽ തള്ളി. കരകര ശബ്ദത്തോടെ കതകു പാളികൾ അകന്നു ….
അകത്തേക്കു കാലെടുത്തു വെച്ചതും എന്തോ വീശി വന്ന് അയാളുടെ ദേഹത്തു തട്ടി.
“അയ്യോ “ഒരു ഞെട്ടലിൽ ഫോൺ താഴെ വീണു.
ഇരുട്ടിൽ എന്തോ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്ന ശബ്ദം.അയാൾ കുനിഞ്ഞു ഫോണെടുത്തു. ഓ…. വവ്വാലുകളാണ്. തങ്ങളുടെ സാമ്രാജ്യത്തിലേക്ക് അതിക്രമിച്ചു വന്നയാളെ ആക്രമിക്കാൻ ശ്രമിക്കുകയാണ്.
അയാൾ ചുറ്റും നോക്കി. വവ്വാലുകൾ കൂട്ടമായി പറക്കുന്നു.. എവിടെയോ കാലൻ കോഴികളുടെ കരച്ചിൽ. ചീവീടുകളുടെ ചെവി തുളക്കുന്ന ശബ്ദം…
പുറത്ത് ഇടിയും മഴയും തകർക്കുന്നു. മൊബൈൽ വെളിച്ചത്തിൽ അയാൾ മുറിയാകെ കണ്ണോടിച്ചു. ഒരു ചാരു കസേരയും മേശയും ചിലന്തിവല മൂടിക്കിടക്കുന്നു. എല്ലായിടവും പൊടിപിടിച്ച് ആകെ നാശമായിരിക്കുന്നു.
ആ നാമം ജപം എവിടെ നിന്നായിരുന്നു? അനൂപ് അത്ഭുതപ്പെട്ടു. ഒരു പക്ഷേ തനിക്കു തോന്നിയതാവാം. ഈ വീടു കണ്ടപ്പോൾ നാട്ടിലെ മുത്തശ്ശൻ്റെ വീടുപോലെ തോന്നി. പണ്ട് താനും അനിയത്തിയും നാമം ജപിക്കുന്നതൊക്കെ മനസ്സിൻ്റെ കോണിലെവിടെയോ ഉള്ളതുകൊണ്ടായിരിക്കും.എങ്ങനെയായാലും ഇന്നു രാത്രി ഇവിടെക്കഴിച്ചുകൂട്ടിയേ പറ്റൂ.
അനൂപ് ബാഗിൽ നിന്നു ടൗവലെടുത്ത് കസേര തുടച്ചു. അല്പം ആശ്വാസത്തോടെ അയാൾ കസേരയിലേക്കിരുന്നു. ഇനി ചാർജു കളയേണ്ട എന്നോർത്ത് ഫോൺ ബാഗിലേക്കിട്ടു. കൊന്ത കൈയിലെടുത്തു. സീത സമാധാനമായിരിക്കട്ടെ. അവൾക്കെല്ലാം പേടിയാണ്.കൊന്തയെടുത്ത് കഴുത്തിലേക്കിട്ട് അയാൾ ചാരിയിരുന്നു കണ്ണുകളടച്ചു.
ചിലങ്കകളുടെ നാദമാണ് അയാളെ ഉണർത്തിയത്.
“താ തെയ്……തിത്തിത്തെയ് ”
അകത്തു നിന്നാണ്. അതാര്? അനൂപ് ചെവിയോർത്തു.
വീണ്ടും ചിലങ്കകളുടെ താളാത്മകമായ ശബ്ദം……
അനൂപ്എഴുന്നേറ്റു. അയാൾക്ക് ചെറിയൊരു പേടി തോന്നി. അടുത്ത നിമിഷം മനസ്സിനെ ശാസിച്ചു…. ഛേ….. ഒരു കംപ്യൂട്ടർ എൻജിനീയറായ താൻ പേടിക്കുകയോ? പാതി ചാരിയിരുന്ന വാതിലിനിടയിൽക്കൂടി അകത്തേക്കു നോക്കി.
അരണ്ട വെളിച്ചത്തിൽ സുന്ദരികളായ രണ്ടു പെൺകുട്ടികൾ നൃത്തം പഠിക്കുകയാണ്. അവരുടെ അമ്മയെന്നു തോന്നിക്കുന്ന സ്ത്രീ പാടുന്നു. അടുത്തൊരു കസേരയിലിരുന്ന് താളം പിടിക്കുന്ന അച്ഛൻ. കട്ടിലിൽ ശുഭ്രവസ്ത്രധാരിണിയായി ചാഞ്ഞിരിക്കുന്ന മുത്തശ്ശി.
ഈ രാത്രിയിലാണോ നൃത്തം പഠിക്കുന്നത്? ഇവരൊക്കെയുണ്ടായിട്ടും താൻ വിളിച്ചപ്പോൾ ആരും കേൾക്കാഞ്ഞതെന്താണ്? അയാൾക്ക് ആകെ സംശയമായി.
വലിയൊരിടി വെട്ടി, കൂരിരുട്ട്. പെട്ടെന്ന് ചിലങ്കകളുടെ നാദം നിലച്ചു.ആകെ നിശ്ശബ്ദത…
അകത്തെ മുറിയിൽ ഒരലർച്ച… തേങ്ങിക്കരച്ചിലുകൾ…. അട്ടഹാസങ്ങൾ…
മിന്നലിൻ്റെ വെളിച്ചത്തിൽ കണ്ട കാഴ്ച അനൂപിനു വിശ്വസിക്കാനായില്ല.
മുടിയഴിച്ചിട്ട് അലറിക്കൊണ്ട് ഓടി വരുന്ന പെൺകുട്ടികൾ…
അവരുടെ വായിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം രക്തമൊഴുകുന്നു.
കൂർത്തനഖങ്ങളുള്ള കൈകൾ നീട്ടി അവർ തൻ്റെയടുത്തേക്കാണല്ലോ വരുന്നത്…
അയാൾ ഒരു ഞെട്ടലോടെ തിരിഞ്ഞോടാൻ ഭാവിച്ചു. കാലുകൾ നീങ്ങുന്നില്ല .
ആരുടെയോ കൈകൾ തൻ്റെ കഴുത്തിൽ പിടിക്കുന്നതായി അയാൾക്കു തോന്നി. കൂർത്ത നഖങ്ങൾ തൊണ്ടയിലമരുന്നുവോ?
എന്തോ ശക്തിയായി മുഖത്തേക്കു വന്നടിച്ചു അനൂപ് തറയിലേക്കു വീണു.
കണ്ണുതുറന്നപ്പോൾ അനൂപിന് ഒന്നും മനസ്സിലായില്ല. താനെവിടെയാണ്? പുറത്തു നല്ല വെളിച്ചം. അയാൾ ചാടിയെഴുന്നേറ്റു. വാച്ചിലേക്കു നോക്കി 8 മണി കഴിഞ്ഞു. തണുത്ത തറയിൽക്കിടന്ന് ശരീരം മരവിച്ചിരിക്കുന്നു.
തലേന്നു രാത്രിയിലെ സംഭവങ്ങൾ ഓർമ്മ വന്നപ്പോൾ അയാൾ കഴുത്തിൽ തടവി നോക്കി. പ്രത്യേകിച്ച് ഒന്നുമില്ല . ചുററും നോക്കി. മുറിയെല്ലാം പഴയതുപോലെ തന്നെ.
എല്ലാം സ്വപ്നമായിരുന്നെന്ന് അനൂപിനു തോന്നി. വേഗം ബാഗുമെടുത്ത് പുറത്തേക്കു നടന്നു.
കാറിനടുത്തെത്തിയപ്പോൾ മൂന്നുനാലു പേർ അവിടെ നിൽപ്പുണ്ട്. “സാറിൻ്റെ കാറാണോ? രാത്രി എവിടെയായിരുന്നു?”
“ആ വീട്ടിൽ “അനൂപ് ചൂണ്ടിക്കാട്ടി.
അവർ മുഖത്തോടു മുഖം നോക്കി ഒറ്റ സ്വരത്തിൽ ചോദിച്ചു
“അവിടെയോ? അവിടെ കുറെ ദുർമരണങ്ങൾ നടന്നതാണു സാറേ. അച്ഛനുമമ്മയും രണ്ടു പെൺമക്കളും വിഷം കഴിച്ചു മരിച്ചിട്ട് അഞ്ചാറു വർഷമായി. എല്ലാവർക്കും അങ്ങോട്ടു പോകാൻ തന്നെ പേടിയാണ്.സാറിനൊന്നും പറ്റിയില്ലല്ലോ ഭാഗ്യം ”
അനൂപിന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
“മരച്ചില്ലകളെല്ലാം മുറിച്ചു മാറ്റി. ഇനി സാറിന് പോകാം”
എല്ലാം സ്വപ്നമായിരുന്നോ…… ……… ആ സംശയത്തിലായിരുന്നു അനൂപിൻ്റെ മനസ്സ്.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ

