പ്രൊഫസർ അനുപമ, പാലത്തിങ്കൽ തറവാട്ടിൽ കയറി ചെല്ലുമ്പോൾ അവിടെയൊരു ശോകമൂകമായ അന്തരീക്ഷമായിരുന്നു. അതൊന്നും തങ്ങളെ ബാധിക്കില്ലായെന്ന രീതിയിൽ എല്ലാവരാലും അവഗണിക്കപ്പെട്ട് മുറ്റത്തു നടന്നു കൊത്തിപ്പറക്കി തിന്നുന്ന കുറെ വൈറ്റ് ലഗോൺ കോഴികൾ. അനുപമയുടെ കാർ മുറ്റത്തെത്തിയത് മുതൽ കൂട്ടിൽ കിടന്നു ഒരു കാവൽക്കാരന്റെ ഗാംഭീര്യത്തിൽ നിർത്താതെ കുരയ്ക്കുന്ന ഒരു അൾസേഷ്യൻ നായ. മുറ്റത്തേയും തൊടികളിലേയും മരങ്ങളിൽ, ഉടമസ്ഥനോടുള്ള അരിശം തീർക്കാനെന്ന മട്ടിൽ വള്ളികൾ നിറയെ കായ്ച്ചു കിടക്കുന്ന കുരുമുളക് ചെടികൾ. ആകെ ഒരു വന്യമായ സൗന്ദര്യത്തിൽ മുങ്ങി കിടക്കുകയാണ് പാലത്തിങ്കൽ വലിയ തറവാട്.
പുരവാസ്തുബലി കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും അതേ തലയെടുപ്പോടെ ആ വലിയ സ്ഥലത്തിന്റെ കേന്ദ്രഭാഗത്തു നിൽക്കുന്ന പാലത്തിങ്കൽ തറവാട്. തറവാട് ഭാഗം ചെയ്തു അനുജന്മാരും അനുജത്തിമാരും പുതിയ മാളികകൾ പണി തീർത്ത് താമസം മാറിയെങ്കിലും, തറവാട്ടിലെ മൂത്തവനായ ടോണി പാലത്തിങ്കൽ എന്ന റിട്ടയേർഡ് പ്രൊഫസർ ടോണിക്ക് പ്രിയങ്കരമായത് പൂർവികരാൽ പണി കഴിപ്പിച്ച, തലമുറകൾ കൈമാറ്റം ചെയ്തു വന്ന പാലത്തിങ്കൽ തറവാട്ടിലെ തണുത്ത നിലവും കൽ ഭിത്തികളുമായിരുന്നു.
റിട്ടയേർഡ് പ്രൊഫസർ അനുപമ കയറി ചെല്ലുമ്പോൾ വിശാലമായ സ്വീകരണ മുറിയിൽ ശ്രീമതി സാറ ടോണിയും, മക്കളായ ഗബ്രിയേലും ജോനാഥനും ഒന്നിച്ചു സോഫയിലിരിക്കുകയാണ്. സാറയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. അനുപമയെ ഒന്ന് തലയുയർത്തി നോക്കിയശേഷം തല കൈ കൊണ്ട് താങ്ങി അവർ അതൃപ്തി പ്രകടിപ്പിച്ചു, പിന്നീടവർ വെറുപ്പോടെ ഗബ്രിയേലിന്റെ നേരെ മുഖം തിരിച്ചു. ഗബ്രിയുടെ മുഖത്തെ അറപ്പും ജോനാഥന്റെ അവഗണനയും, അനുപമയെ യുദ്ധമുഖത്തു ശത്രു സൈന്യത്തിന്റെ പിടിയിലായ സൈനികന്റെ അവസ്ഥയിലാക്കി.
ആരുമൊന്നും മിണ്ടാതെ കടന്നു പോയ ആ നിമിഷങ്ങൾ യുഗങ്ങളായി അനുപമയ്‌ക്ക് അനുഭവപെട്ടു. ഒടുവിൽ അനുപമ തന്നെ മൗനം ഭഞ്ജിച്ചു.
“ഞാൻ അനുപമ, ടോണിയുടെ കൂടെ കോളേജിൽ ഒന്നിച്ചു… “
“അറിയാം ഇപ്പോൾ എന്താ വന്നത്?”
സാറ വല്ലാത്ത ശബ്ദത്തിൽ മുരണ്ടു.
“ഇരിക്കൂ “
ഇളയ മകനായ ജോനാഥനായിരുന്നു. അപ്പന് ഏറ്റവും പ്രിയങ്കരനായിരുന്നവൻ, വീട്ടിലെ സമാധാനപ്രിയൻ. ഇപ്പോളവൻ ജർമനിയിൽ നഴ്‌സാണ്, ബ്രിട്ടീഷുകാരിയായ ഭാര്യ കാത്തിയോടും അഞ്ചു വയസുകാരൻ തോമാച്ചനോടും ഒപ്പം ജർമനിയിൽ കഴിയുന്നു.
“അപ്പനെ കണ്ടിട്ട് കാര്യമൊന്നുമില്ല ആൻ്റി, ഓർമ്മയൊന്നുമില്ല. സത്യം പറഞ്ഞാൽ മമ്മിയെ പോലും തിരിച്ചറിയുന്നില്ല. പിന്നല്ലേ പഴയ സഹപ്രവർത്തകയെ… “
മൂത്തവൻ ഗബ്രിയേൽ തുറന്നടിച്ചു.
ഓസ്‌ട്രേലിയയിൽ കമ്പ്യൂട്ടർ എൻജിനീയറായ ഗബ്രിയാണ് സാറയുടെ വത്സല പുത്രൻ. അവനെക്കാൾ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്ന അവൻ്റെ ഭാര്യ നീന അവനെ തീരെ വക വയ്ക്കാറേയില്ല. അതിന്റെ നിരാശയും സങ്കടവും അവൻ മറ്റുള്ളവരോടുള്ള പ്രതികരണത്തിൽ തീർക്കാറുണ്ട്.
അനുപമയെ പോലെ മക്കളില്ലാത്തതിന്റെ നിരാശ നീനയ്ക്കുമുണ്ട്.
അനുപമയ്‌ക്ക് നീനയെ ഇഷ്ടമാണ്, നീനയുടെ വിഷമം അവൾക്കു നന്നായി മനസിലാകും. ഭർത്താവിനോടൊത്തു ജീവിച്ച മുപ്പത്തിയെട്ടു വർഷങ്ങളിലും അവളുടെ നെടുവീർപ്പുകൾ ഉയർന്നിരുന്നത് ആരും കേട്ടിരുന്നില്ല. ഒരമ്മയാകാൻ വളരെയധികം ആഗ്രഹിച്ചിരുന്നു, പക്ഷെ വിധി മറ്റൊന്നായിരുന്നു. ഇപ്പോൾ അദ്ദേഹവും പോയി, ഒറ്റയ്ക്കായി ജീവിതം. ആകെയുള്ള ആശ്വാസം സുഹൃത്തുക്കളും അവരോടൊപ്പമുള്ള യാത്രകളുമാണ്.
സുഹൃത്തുക്കളിൽ നിന്നുമാണ് സാറയുടെ യാത്രയുടെ വിവരങ്ങൾ അനുപമ അറിഞ്ഞത്. പുണ്യ നഗരങ്ങളായ ഇസ്രായേലും ഇറ്റലിയും വത്തിക്കാനുമൊക്കെ ചുറ്റി കറങ്ങാൻ പോകുകയാണ് സാറ. അതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായി. അടുത്താഴ്ചയാണ് യാത്ര. ഇപ്പോൾ സാറയുടെ മുന്നിലുള്ള ഒരേയൊരു പ്രതിസന്ധി ഭർത്താവു ടോണിയാണ്. ടോണിയോടുള്ള സാറയുടെ പ്രതികാരം കൂടിയാണ് ഒറ്റയ്ക്കുള്ള ഈ യാത്ര.
ടോണി, ചെറുപ്പകാലത്ത് യാത്രാ പ്രിയനായിരുന്നു. അയാൾ സുഹൃത്തുക്കളോടൊപ്പം ഇടയ്ക്കിടെ യാത്രകൾ നടത്തിയിരുന്നു. പക്ഷേ അത്തരം യാത്രകളിലൊന്നും ഭാര്യയെയും കുട്ടികളെയും അയാൾ പങ്കെടുപ്പിച്ചിരുന്നില്ല.
ഇപ്പോൾ സ്വന്തമായി ഒന്നും ചെയ്യാനാകാതെ പരസഹായാവസ്ഥയിൽ അയാൾ എത്തിയിരിക്കുന്നു. വീട്ടു ഭരണത്തിന്റെ ചെങ്കോൽ ടോമിയിൽ നിന്നും സാറ ഏറ്റെടുക്കുന്നു. അയാളുടെ ഈ അകാല വാർദ്ധക്യ അവസ്ഥയിൽ ഭാര്യയും മക്കളും അയാളെ ഒന്നിനും ഉൾപ്പെടുത്തുന്നില്ല. ആ വലിയ വീട്ടിൽ ടോണി മാനസികമായി ഒറ്റപ്പെടുന്നു.
സാറയും ഗബ്രിയേലും അനുപമയെ അവഗണിച്ചു അകത്തെ മുറിയിലേയ്ക്കു നടക്കുന്നു. നല്ലവനായ ജൊനാഥന് അങ്ങനെ ചെയ്യാൻ പറ്റുന്നില്ല. അവനു അനുപമയെ അടുത്തറിയാം, അപ്പനുമായുള്ള അനുപമയുടെ സൗഹൃദം അറിയാം. അപ്പനൊപ്പം കോളേജിലെ സ്റ്റാഫ് റൂമിൽ കയറുമ്പോൾ അനുപമയെ കാണാനും ആ സ്നേഹം അനുഭവിക്കാനും അവനു കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളില്ലാത്ത അനുപമയ്‌ക്ക് ജൊനാഥൻ സ്വന്തം മകനെ പോലെ ആയിരുന്നു.
“ആന്റിയുടെ ആഗമനോദ്ദേശ്യം എന്താണ്. മമ്മിയുടെ സ്വഭാവം അറിയാമല്ലോ, ഗബ്രിയും മമ്മയെപോലെയാണ്. മനസിലുള്ളത് ഒളിപ്പിക്കാനറിയില്ല. “
അനുപമ ചിരിച്ചു.
“അപ്പോൾ ജൊനാഥൻ എന്നോട് എന്തോ ഒളിപ്പിക്കുന്നുണ്ടല്ലോ. “
“അതല്ല അതിന്റെ അർത്ഥം. മമ്മി അടിയന്തിരമായി ഞങ്ങളെ ഇപ്പോൾ ഇങ്ങോട്ടു വിളിച്ചു വരുത്തിയതാണ്. മമ്മിക്ക് ഈ ഡിസംബർ മാസത്തിൽ പുണ്യനഗരങ്ങൾ സന്ദർശിക്കണം. ഈ ക്രിസ്മസ് ഓസ്‌ട്രേലിയായിൽ ആഘോഷിക്കണം, അവിടെ ഗബ്രിയോടും നീനയോടൊപ്പം ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ, ഒരു നാലാഴ്ചത്തെ പരിപാടി. അതുവരെ അപ്പനെ ഒരു വൃദ്ധ സദനത്തിലാക്കണം. അപ്പനോട് പറഞ്ഞിട്ട് ഒരു പ്രതികരണവുമില്ല. അതെപ്പോഴും അങ്ങനെ തന്നെയാണെങ്കിലും…, പക്ഷെ അതറിഞ്ഞത് മുതൽ അപ്പനൊന്നും കഴിക്കുന്നില്ല. എല്ലാത്തിനും ഒരു ഉദാസീനത. അതിന്റെ ടെൻഷനിലാണ് മമ്മി ഇപ്പോൾ. “
“ജൊനാഥൻ, ഞാൻ അത് ആനി സിസ്റ്ററിൽ നിന്നറിഞ്ഞിരുന്നു. കോളേജിൽ ആനി ഞങ്ങളുടെ സഹപ്രവർത്തക ആയിരുന്നല്ലോ. നിങ്ങൾ വിചാരിക്കുന്നത് പോലെ വല്യ സൗകര്യമൊന്നും ടോണിക്ക് അവിടെ കിട്ടില്ല. അയാളുടെ സ്വഭാവം അറിയാമല്ലോ, എപ്പോഴും പരിഗണനയും സ്നേഹവും ഒരേ പോലെ കിട്ടിയില്ലേൽ… “
“ഞാൻ മമ്മിയോട് വേറൊരു നിർദ്ദേശം പറഞ്ഞിരുന്നു. അപ്പനെ പരിചരിക്കാൻ ഒരു മാസത്തേയ്ക്ക് രണ്ടാളുകളെ വീട്ടിൽ ഏർപ്പെടുത്താമെന്ന്. പക്ഷേ വേറെ ആരെയും ഈ തറവാട് ഏൽപ്പിച്ചിട്ട് പോകാൻ മമ്മിക്ക് സമ്മതമില്ല. “
“ഞാൻ… ഞാൻ കൊണ്ട് പൊയ്ക്കോട്ടേ ടോണിയെ ഒരു മാസത്തേയ്ക്ക്, എൻ്റെ വീട്ടിലേക്ക്. സാറ മടങ്ങി വരുമ്പോൾ തിരികെ ഞാനിവിടെ കൊണ്ട് വന്നാക്കിയാൽ പോരെ. “
“അതൊന്നും ശരിയാകില്ല. ആൾക്കാര് ഓരോന്ന് പറയും. അന്യ വീട്ടിൽ ഭർത്താവിനെ ഏല്പിച്ചു ലോകം ചുറ്റാൻ പോയെന്നൊരു പഴി മമ്മിക്കുണ്ടാകില്ലേ. “
“ജൊനാഥന്റെ ഭാര്യ ഒരു പുരോഗമനവാദിയല്ലെ, രാജ്യം മാറിയത് കൊണ്ട് മനസു മാറില്ലല്ലോ ല്ലേ, ഒരു മലയാളി പുരുഷന് അങ്ങനെയല്ലേ ചിന്തിയ്ക്കാൻ കഴിയൂ. ജൊനാഥൻ കാത്തിയെ വിളിക്കൂ, സംസാരിക്കൂ അവളോട് അഭിപ്രായം ചോദിക്കൂ. എന്തായാലും ഈ അവസ്ഥയിലുള്ള ടോണിയെ ഞാൻ കൂട്ടി കൊണ്ട് പോകുന്നത് മറ്റൊന്നിനുമല്ലെന്ന് എല്ലാവർക്കും വ്യക്തമല്ലേ, പിന്നെ ആരാ ഇമ്മാതിരി പരദൂഷണം പറയാൻ?”
“അതല്ല ആന്റി. “
“ഈ പുണ്യ മാസമായ ഡിസംബറിൽ, ഭക്തിയിൽ പുണ്യ നഗരങ്ങളൊക്കെ ചുറ്റി കറങ്ങി മടങ്ങി വരുമ്പോൾ, ടോണിയെ ഏല്പിക്കുന്നവർ അയാളെ കൃത്യമായി പരിചരിച്ചില്ലായെങ്കിൽ, അയാളൊട്ടും സന്തോഷവാനല്ലായെങ്കിൽ, സാറ നേടിയ ഈ പുണ്യം കണ്ടു എന്താണ് പ്രയോജനം. നിങ്ങൾക്ക് ടോണിയോട് സ്നേഹമുണ്ടെങ്കിൽ അങ്ങനൊരു സ്ഥലത്ത് അയാളെ വിട്ടിട്ടു പോകരുത്. പ്ലീസ്… “
ജൊനാഥൻ ദൂരെ മാറി നിന്ന് ഫോണിൽ ആരോടോ ദീർഘമായി സംസാരിച്ചു. അയാളുടെ കണ്ണുകൾ നിറയുന്നതും നെടുവീർപ്പിടുന്നതും അനുപമ വീക്ഷിച്ചു.
“ആന്റി പറഞ്ഞത് തന്നെയാ കാത്തിയും പറയുന്നത്, ഞാൻ നീനയോടും സംസാരിച്ചു അവൾക്കും അതേ അഭിപ്രായമാണ്. പക്ഷെ മമ്മി?, പിന്നെ ഗബ്രി… അവർ സമ്മതിക്കുമോ എന്നാണ്. “
“അതെന്താ നിന്റെ മമ്മി ഒരു സ്ത്രീയല്ല എന്നുണ്ടോ, അവർക്കു മനുഷ്യത്വമില്ല എന്നാണോ?”
ജൊനാഥൻ കൊടുങ്കാറ്റു പോലെ അകത്തേയ്ക്കു പോയി. ഉച്ചത്തിലുള്ള സംസാരങ്ങൾക്കും ആക്രോശങ്ങൾക്കും ശേഷം മൂന്നുപേരും തിരികെ വന്നു.
സാറയുടെ മുഖത്ത് വെറുപ്പിന് പകരം അനുകമ്പ തെളിഞ്ഞിരുന്നു.
“അനുപമ, മറ്റുള്ളവർ അറിഞ്ഞാൽ വൃദ്ധനായ ഭർത്താവിനെ കാമുകിയെ ഏൽപ്പിച്ചു ലോകം ചുറ്റാൻ പോയ ഭാര്യ… “
നിർത്തി അനുപമ അലറി.
“സാറ നിർത്തൂ, ഞാൻ ടോണിയുടെ കാമുകിയായിരുന്നോ? എല്ലാം നിങ്ങൾക്ക് അറിയാമല്ലോ. പിന്നെ ഇത് അനുപമയും സാറയും ടോണിയും തമ്മിലുള്ള വിഷയമാണ്. ഈ നിൽക്കുന്ന കുട്ടികൾക്ക് പോലും അതിലൊരു കാര്യമില്ല. ഈ ലോകത്തു സാറയ്ക്കു ടോണിയെ വിശ്വസിച്ചു ഏൽപ്പിച്ചു പോകാവുന്നത് അനുപമയുടെ കൈകളിൽ മാത്രമാണ്. സാറ ഞാൻ അവനെ പൊന്നു പോലെ നോക്കാം. നീ മടങ്ങി വരുമ്പോൾ ഒരു പോറൽ പോലുമേൽപ്പിക്കാതെ തിരിച്ച് തരാം. “
അനുപമ കരഞ്ഞു പോയി.
“അനൂ… “
“സാറ പഴയ ദേഷ്യമൊക്കെ മറക്കൂ. ഈ വിവരങ്ങൾ നമ്മൾ നാലു പേരുമാത്രം അറിഞ്ഞാൽ മതി. നിങ്ങൾ ഞായറാഴ്ച അല്ലേ പോകുന്നത്. ശനിയാഴ്ച രാവിലെ ഞാനിങ്ങു വരും. “
“അത് വേണ്ട, ഞങ്ങൾ അപ്പനെ ശനിയാഴ്ച അവിടെ കൊണ്ട് വന്നാക്കാം. അതാ അരുമറിയാതിരിക്കാൻ നല്ലത്. “
അനുപമ പിന്നെ ഒന്നും മിണ്ടാതെ തിരിച്ചു നടന്നു. സാറ തളർന്നത് പോലെ സോഫയിലേയ്ക്ക് വീണു.
ശനിയാഴ്ച മൂന്നുപേരും ടോണിയുമായി അനുപമയുടെ വീട്ടിലെത്തി. അവർ അഞ്ചുപേരും ഒന്നിച്ചിരുന്നു പ്രാതൽ കഴിച്ചു. സാറ ടോണിയെ ദോശയും സാമ്പാറും കഴിപ്പിക്കുന്നത് അനുപമ നോക്കിയിരുന്നു.
താഴത്തെ നിലയിലെ ഒരു വലിയ റൂം തന്നെ അനുപമ ടോണിക്ക് വേണ്ടി തയാറാക്കിയിരുന്നു. ഉച്ചയോടെ സാറയും മക്കളും യാത്ര പറഞ്ഞു സ്ഥലം വിട്ടു.
അനുപമ തന്റെ കലണ്ടറിൽ 28 എന്ന് ചുവന്ന അക്ഷരത്തിലെഴുതി. തനിക്കു ടോണിയെ പരിചരിക്കാൻ കിട്ടുന്ന 28 ദിവസങ്ങൾ, ഇരുപത്തിയൊമ്പതാം ദിവസം സാറ മടങ്ങി വരും. അപ്പോൾ ടോണിയെ മടക്കി ഏൽപ്പിക്കണം.
ടോണിയോടൊപ്പമുള്ള ഓരോ നിമിഷവും അവൾ ആനന്ദിച്ചു. സദാ കിടക്കയിൽ തന്നെ ചിലവിടാൻ ഇഷ്ടപ്പെട്ടിരുന്ന ടോണിയെ അവൾ കസേരയിലിരുത്തി. അയാൾക്കേറെ ഇഷ്ടമുള്ള കിഷോർ കുമാറിന്റെ ഹിന്ദി സിനിമ ഗാനങ്ങൾ ചെറിയ ശബ്ദത്തിൽ ആ മുറിയിൽ മുഴങ്ങി. ആദ്യത്തെ നാല് ദിവസങ്ങളിൽ അയാൾ അതിനോട് പ്രതികരിച്ചതേയില്ല. എപ്പോഴും കണ്ണടച്ച് കിടക്കാനായിരുന്നു താല്പര്യം.
പിന്നെ പിന്നെ അയാൾ സംഗീതം ആസ്വദിക്കുന്നതായും, കൈവിരലുകൾ കൊണ്ട് താളം പിടിക്കുന്നതായും അനുപമയുടെ ശ്രദ്ധയിൽ പെട്ടു. അയാളെ ഭക്ഷണം കഴിപ്പിക്കാനും അല്ലാത്ത സമയം അയാളെ നിരീക്ഷിച്ചു കൂടെയിരിക്കാനും അവൾ ഇഷ്ടപ്പെട്ടു.
അവൾക്കു പഴയ കോളേജ് സ്റ്റാഫ് റൂം ഓർമ്മ വന്നു. പരസ്പരം ഇഷ്ടപെടുന്ന വിവാഹിതരായ രണ്ടുപേർ, ഇഷ്ടങ്ങൾ പുറത്തറിയിക്കാതിരിക്കാൻ അവർ വളരെ പാടുപെട്ടിരുന്നു. ഭാര്യയേയും മക്കളെയും ജീവന് തുല്യം സ്നേഹിക്കുന്ന പരുക്കനായ ടോണി. ഭർത്താവിന്റെ പ്രിയങ്കരിയായിട്ടും അയാളുടെ മക്കളെ പ്രസവിക്കാനുള്ള ഭാഗ്യം സിദ്ധിക്കാതിരുന്ന അനുപമയുമായിരുന്നു ആ രണ്ടുപേർ.
ഒരിക്കൽ ഏതോ കാര്യത്തിനായി ടോണിയുടെ കെമിസ്ട്രി ടെക്സ്റ്റ് എടുത്ത ഹെൻട്രി സാറിന് അതിൽ വെള്ള പേപ്പറിൽ പെൻസിലിൽ കൊണ്ട് വരച്ച് വച്ച അനുപമയുടെ ഛായാ ചിത്രം കിട്ടി. അത് സ്റ്റാഫ്‌റൂമിൽ സംസാര വിഷയമായി, രണ്ടുപേരുടെയും വീടുകളിൽ അറിഞ്ഞു. അനുപമയുടെ ഭർത്താവായ രവി അവളെ
“പോട്ടെ നീ തെറ്റൊന്നും ചെയ്തില്ലല്ലോ “
എന്ന് ആശ്വസിപ്പിച്ചു, കൂടെ ചേർത്ത് പിടിച്ചു.
ഹെൻട്രി സാറിന്റെ ഭാര്യയിൽ നിന്നും വിവരം അറിഞ്ഞ സാറ കുട്ടികളെയും കൊണ്ട് അവളുടെ വീട്ടിൽ പോയി. മാസങ്ങളോളം നീണ്ടു നിന്ന കുടുംബ ചർച്ചകൾക്കൊടുവിൽ
“ഇനിയൊരിക്കലും അനുപമയുമായി സൗഹൃദം പാടില്ല, സംസാരിക്കാൻ കൂടി പാടില്ല”
എന്ന നിബന്ധനയിൽ സാറ പാലത്തിങ്കൽ തറവാട്ടിലേക്ക് മടങ്ങി വന്നു.
തങ്ങളുടെ കരിയറിലെ അവശേഷിച്ച പന്ത്രണ്ടു വർഷങ്ങൾ ഒന്നിച്ചൊരു സ്റ്റാഫ് റൂമിൽ, എതിർവശത്തുള്ള ഇരിപ്പിടങ്ങളിൽ പരസ്പരം കണ്ണുകൾ കൊണ്ട് മാത്രം സംസാരിച്ച്, ഒടുവിൽ അവർ വിരമിച്ചു. വിരമിയ്ക്കൽ ദിവസങ്ങളിൽ പോലും രണ്ടു പേരും പരസ്പരം സംസാരിച്ചില്ല.
എല്ലാ ബുധനാഴ്ചയും അനുപമ ലൈബ്രറിയിൽ ചിലവിടുമായിരുന്ന സമയങ്ങളിൽ അവളെ തേടി വന്ന ആ ഫോൺ സന്ദേശം, അതിലൂടെ അവളോട് സംസാരിച്ച അജ്ഞാതനായ ആ ശബ്ദത്തിനുടമ ടോണി ആയിരുന്നെന്ന് മറ്റാരും അറിഞ്ഞിരുന്നില്ല.
മരണം വരെയും ആ സൗഹൃദം മുന്നോട്ടു കൊണ്ട് പോകണമെന്ന വാശിയായിരുന്നു ടോണിക്ക്. അവൾ വിരമിക്കുന്നതിനു കുറച്ച് നാളുകൾക്ക് മുൻപ് അവളുടെ ഭർത്താവായ രവി ഹൃദയ സ്തംഭനത്തിൽ മരിച്ചു.
വിരമിച്ചു അധിക കാലം കഴിയുന്നതിനു മുൻപ് തന്നെ ടോണിക്ക് ഒരു സ്ട്രോക്ക് വന്നു. കൈ കാലുകൾക്ക് വിറയലും, മറവിയും തുടങ്ങി. ഉന്മേഷമില്ലാതെ സദാ മുറിയിൽ തന്നെ തങ്ങിയ അയാളെ ആരും പിന്നീട് ശ്രദ്ധിക്കാതെയായി, വൈകാതെ അയാൾ ആ ഇരുട്ട് മുറിയിലെ തടവിലായി മാറി.
“ടോണി ഇപ്പോൾ വരയ്ക്കുമോ? വേണമെങ്കിൽ ഞാൻ കുറച്ചു പേപ്പറും നിറങ്ങളും തരാം. “
ടോണി ഒന്നും പ്രതികരിച്ചില്ല. അയാളുടെ കിടക്കയോട് ചേർന്നുള്ള മേശപ്പുറത്ത് അവൾ നിറങ്ങൾ നിരത്തി വച്ചു. രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾ അതൊന്നു തുറന്നു നോക്കുക പോലും ചെയ്‌തില്ല.
ഏഴാം ദിവസം രാത്രിയിൽ, രണ്ട് മണിക്ക് ടോണിയുടെ മുറിയിൽ വെളിച്ചം കണ്ടു അനുപമ ഉണർന്നു. കിടക്കയിൽ കിടന്നു ബൾബിടാനുള്ള സൗകര്യം അവിടെ ഒരുക്കിയിരുന്നു. പക്ഷെ അവളെ സന്തോഷിപ്പിച്ചത് അയാളിൽ നിന്നുയർന്ന മൂളിപ്പാട്ടാണ്. അവൾ ആ പാട്ടും കാതോർത്ത് കിടക്കയിൽ തന്നെ കിടന്നു, ഒരു പക്ഷെ തന്നെ കണ്ടാൽ അയാൾ പാട്ടു നിർത്തിയാലോ എന്നവൾ ഭയപ്പെട്ടു.
സമയം കുറെ കഴിഞ്ഞപ്പോൾ അവൾ ശബ്ദമുണ്ടാക്കാതെ, പൂച്ച നടത്തത്തിൽ ആ മുറിയിലെത്തി നോക്കി. അയാൾ കട്ടിലിരുന്നു പേപ്പറിൽ എന്തോ വരയ്ക്കുകയാണ്. അയാളിൽ വന്ന മാറ്റത്തിൽ അവൾക്കു സന്തോഷം തോന്നി. അവൾ അയാളെ ശല്യപെടുത്തിയില്ല.
രാവിലെ ചെന്ന് നോക്കിയപ്പോൾ അയാൾ ശാന്തമായി ഉറങ്ങുകയാണ്. അയാൾ വരച്ച പേപ്പർ അവിടെയെങ്ങും കണ്ടതുമില്ല. ഡയപ്പർ സ്ഥാനം തെറ്റി കിടക്ക മുഴുവൻ മൂത്രത്തിൽ നിറഞ്ഞിരുന്നു. ഒരിക്കൽ ഒരു കോളേജ് മുഴുവൻ ആരാധിച്ചിരുന്ന സുന്ദരനായ ആറടിപൊക്കക്കാരൻ ടോണിയാണ് മൂത്രത്തിൽ മുങ്ങി തന്റെ മുന്നിൽ കിടക്കുന്നതെന്നോർത്തപ്പോൾ അവൾക്കു സങ്കടം വന്നു.
അവൾ അയാളുടെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റുമ്പോൾ അയാൾ ലജ്ജ കൊണ്ട് കണ്ണുകൾ അടക്കുന്നത് അവൾ കണ്ടു. പഴയ പോലെ ഓർമ്മകളും നാണവും അയാളിലേക്ക് മടങ്ങി വന്നതിൽ അവൾ സന്തോഷിച്ചു.
അവൾ അയാളിലെ ഓരോ മാറ്റവും കണ്ടാനന്ദിച്ചു. വൈകുന്നേരങ്ങളിൽ അയാളെയും കൊണ്ട് മുറ്റത്തു നടക്കാൻ പോയി തുടങ്ങി. അന്ന് രാത്രിയിൽ അയാൾ പേപ്പറിൽ വരച്ചത് മനോഹരമായ സൂര്യാസ്തമനത്തിൻ്റെ ചിത്രമായിരുന്നു.
പിറ്റേന്ന് രാത്രി അനുപമയുടെ സൗഹൃദ കൂട്ടായ്മയിലെ മീനയുടെ വിളി വന്നു.
“ആരാണ് വീട്ടിൽ ഒരു അതിഥി ” മീന ചോദിച്ചു.
“പട്ടാളത്തിൽ നിന്നും റിട്ടയർ ചെയ്തു വന്ന ചേട്ടൻ “
എന്നൊരു വാചകത്തിലൊതുക്കി മറുപടി.
പിന്നീടുള്ള വൈകുന്നേരങ്ങളിൽ ബീച്ചും പാർക്കും തെരെഞ്ഞെടുത്തു. പുറത്തിറങ്ങാതെ കാറിൽ തന്നെയിരുന്നു കാഴ്ചകൾ ടോണിക്ക് കാട്ടി കൊടുത്തു. തട്ടുകടയിൽ നിന്നും ചായ കുടിച്ചു, ഐസ്ക്രീം കഴിച്ചു, കപ്പലണ്ടി കൊറിച്ചു. ഓരോ ദിവസത്തെയും സന്തോഷങ്ങൾ ടോണി പേപ്പറിൽ പകർത്തി.
ഒരു ദിവസം സാറയുടെ കുറ്റപ്പെടുത്തുന്ന ഒരു ഫോൺ വിളി വന്നു.
“അനുപമ ടോണിയെ പാർക്കിൽ കൊണ്ട് പോയിരുന്നോ. ജൊനാഥന്റെ കൂട്ടുകാരന്റെ അമ്മയുടെ വിളി വന്നു. ടോണിയെ പോലൊരാളെ… “
“സാറ, സ്വയം നടക്കാൻ പോലും ശ്രമിക്കാത്ത ടോണിയെ ഞാൻ എങ്ങനെ ഒറ്റയ്ക്കു പുറത്തു കൊണ്ട് പോകാനാണ്. “
“ഞാൻ അനുവിനെ കുറ്റപ്പെടുത്തിയതല്ല. “
ഫോൺ കട്ട് ചെയ്തപ്പോൾ ആകാംഷയോടെ അനുവിനെ നോക്കിയിരിക്കുന്ന ടോണിയെ കണ്ടു.
“ഞാൻ ഒരു കള്ളം പറഞ്ഞു. മടങ്ങി വരുമ്പോൾ അറിഞ്ഞാൽ മതി, ടോണിയിപ്പോൾ ആഹാരമൊക്കെ തനിയെ കഴിക്കുന്നത് കണ്ടു സാറ അത്ഭുതപ്പെടും. “
“അനൂ, അനുപമേ ഞാൻ മടങ്ങി പോകാൻ ആഗ്രഹിക്കുന്നില്ല. ആ വീട് എനിക്കിഷ്ടമല്ല. തന്നെ ബുദ്ധിമുട്ടിക്കാനും ഞാനില്ല. “
“എനിക്കെന്ത് ബുദ്ധിമുട്ടാണ്, നീയെനിക്കൊരു കൂട്ടാണ്, എല്ലാ ബന്ധങ്ങൾക്കും ഒരു പേര് കൊടുക്കണമല്ലോ. എന്താ നീയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ പേര്. അങ്ങനെ ഒരു പേര് നിർബന്ധമാണ്. അല്ലെങ്കിൽ സമൂഹത്തിന്റെ ലൈസൻസ് കിട്ടില്ല. “
“പക്ഷെ… എനിക്ക് മനസിലാകും… “
ടോണിയുടെ ഓരോ ദിവസവും കൂടുതൽ കൂടുതൽ സന്തോഷ പ്രദമായി. അനുവിന്റെ ദിവസങ്ങൾ കൂടുതൽ ദുഃഖസാന്ദ്രമായി മാറി കൊണ്ടിരിക്കുന്നു. കലണ്ടറിൽ കൊഴിയുന്ന ഓരോ ദിവസങ്ങളും അവളുടെ കണ്ണുകളെ ഈറനണിയിച്ചു.
അവർ ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ചു. ആ രാത്രിയിൽ ടോണി അവൾക്ക് വേണ്ടി പാട്ടുകൾ പാടി. ടോണി കൂടുതൽ ചെറുപ്പമായത് പോലെ തോന്നി.
ഇരുപത്തിയൊമ്പതാം ദിവസം, അവർ ഒന്നിച്ചിരുന്നു പ്രാതൽ കഴിച്ചു. പത്തുമണിക്കാണ് സാറയുടെ ഫ്ലൈറ്റ് വരുന്നത്, അവൾ നേരെ ടോണിയെ കൂട്ടാനാണ് വരുന്നതെന്ന് ജൊനാഥൻ വിളിച്ചു പറഞ്ഞിരുന്നു.
സാറയുടെ കാറിൻ്റെ മുൻ സീറ്റിൽ പരസഹായമില്ലാതെ ടോണി കയറിയിരുന്നു. പോകാൻ നേരം അയാൾ സാറയുടെ മുന്നിൽ വച്ച് നീട്ടിയ പേപ്പർ അനുപമ കൈകളിൽ ചുരുട്ടി പിടിച്ചു. സാറയുടെ നിർബന്ധം മൂലം അവളതു തുറന്നു നോക്കി. അനുപമയുടെ ചിത്രം, ഒറ്റക്കിരിക്കുന്ന അനുപമ, ടോണി ആ രാത്രിയിൽ വരച്ച് ഒളിപ്പിച്ച് വച്ചത്. ചിരിച്ച് കൊണ്ട് നന്നായിട്ടുണ്ടെന്ന് സാറ ടോണിയെ അറിയിച്ചു.
“സാറ ഞാനും ടോണിയും തമ്മിൽ ഒരിക്കലും പ്രണയിച്ചിട്ടില്ല. “
“പ്രണയമെന്നാൽ സ്നേഹമാണ് അനൂ. എനിക്കറിയാം അനൂ ഇയാൾ ആരേയും സ്നേഹിച്ചിട്ടില്ല. ഇയാൾക്ക് ആ സമയത്തു ആരെയും സ്നേഹിക്കാൻ കഴിയില്ലായിരുന്നു. ഇയാൾക്ക് ഇയാളോട് മാത്രമായിരുന്നു സ്നേഹം. “
സാറ ടോണിയെ നോക്കി ഇങ്ങനെ ചോദിച്ചു.
“ഇതുപോലെ ഒന്ന് ടോണി എന്നേയും വരയ്ക്കുമോ?
ടോണി നിർവികാരനായി സാറയെ നോക്കി.
“പറ്റില്ല അല്ലേ, അല്ലേലും സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ലല്ലോ. അനുപമ, ഞാനും ഒന്ന് തീരുമാനിച്ചു ഗബ്രിയുടെ അടുത്തേയ്ക്കു മടങ്ങി പോകാൻ. നീന ഗർഭിണിയാണ്. അവൾക്കൊരു അമ്മയുടെ സ്നേഹം ആവശ്യമുണ്ട്. ടോണിയെ ഞാൻ അനുപമയെ തിരികെ ഏല്പിക്കുന്നു. ടോണിക്കും ഇപ്പോൾ ഒരു അമ്മയുടെ സ്നേഹവും പരിചരണവും ആവശ്യമുണ്ട്. എനിക്കതു നല്കാൻ കഴിയില്ല. ഞാൻ നോക്കിയിട്ടു ഈ ലോകത്ത് നിനക്ക് മാത്രമേ അതിന് പറ്റൂ. “
ടോണി അവളെ അതിശയത്തോടെ നോക്കി.
“ടോണി താമസിയാതെ നിങ്ങളിവിടേയ്ക്കു മടങ്ങി വരും. അതിനു മുൻപ് നമുക്ക് സ്വത്തു സംബന്ധമായും വിവാഹ സംബന്ധമായും കുറെ ലീഗൽ ഫോർമാലിറ്റീസ് തീർക്കാനുണ്ട്. “
അനുപമയെ കെട്ടി പിടിച്ചു ചുംബിക്കുമ്പോൾ സാറയുടെ കണ്ണ് നിറഞ്ഞു.
“ടോണി നിന്റെ സോൾമേറ്റാണെന്നാണ് കാത്തിയുടെ അഭിപ്രായം. നിൻ്റെ ആത്മാവിനെ എന്നന്നേക്കുമായി നിനക്ക് തന്നിട്ട് ഞാൻ പോകും. “
കാറിലിരുന്ന് കൈ വീശി അകലുന്ന സാറയെയും ടോണിയേയും നോക്കി അനുപമ കരഞ്ഞു പോയി.
✍️✍️✍️നിഷ പിള്ള


6 Comments
❤️👍🏻👌🏻
വായിച്ചു തുടങ്ങിയപ്പോൾ ഇതെന്താണ് വല്ലാത്ത ഒരാൾക്കൂട്ടം എന്ന് തോന്നി പക്ഷ പിന്നെ അത്രയേറെ മനോഹരമായ് എഴുതി ഇനിയും എഴുതുക
❤️❤️
വികാരനിർഭരമായ വിവരണം
നല്ല കഥ
യഥാർത്ഥ സ്നേഹം അങ്ങനെയാണ്,;നിരുപാധികമായി …….നിശ്ശബ്ദമായി……. ആത്മാക്കൾ തമ്മിൽ സംവദിച്ച് ……..
അഭിനന്ദനങ്ങൾ🌹❤️👌
❤️❤️
Thank you 😊🙏