ഓട്ടോയിൽ നിന്നും ഇറങ്ങി രേഖ ചുറ്റും നോക്കി. അവിടെ അവൾ ആദ്യമായിട്ടായിരുന്നു. ലോഡ്ജിന്റെ പേര് നോക്കി ഉറപ്പ് വരുത്തി അവൾ നൂറ്റി മൂന്നാം നമ്പർ റൂമിന്റെ വാതിലിൽ മുട്ടി. വാതിൽ തുറക്കപ്പെട്ടു അവൾ അകത്തു കടന്നു.
“എന്താടീ നിന്റെ പേര്?” ഭയപ്പെടുത്തുന്ന ശബ്ദവും രൂപവും
“രേഖ.” അവൾ വിറച്ചു കൊണ്ട് പറഞ്ഞു
“ആദ്യമായിട്ടാണോ?”
“അല്ല.”
“പിന്നെ എന്തിനാടീ കിടന്ന് വിറക്കുന്നത്?” ചോദ്യത്തോടൊപ്പം ഒരു മുട്ടൻ തെറിയും.
അവൾ അയാളെ നോക്കി നിർവികാരതയോടെ നിന്നു.
അയാൾക്ക് ധൃതി ആയിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറുന്നത് പോലെ. ഡ്രസ്സ് കീറിയാൽ അതിന്റെ പൈസ കൂടി തരേണ്ടി വരും ട്ടാ അവൾ താക്കീത് പോലെ പറഞ്ഞു. അയാൾ ഒന്ന് മയപ്പെട്ടത് പോലെ തോന്നി. അല്ലെങ്കിലും ഭയം എന്ന വികാരത്തെ മനസ്സിന്റെ ഉള്ളറകളിൽ എവിടെയെങ്കിലും താഴിട്ട് പൂട്ടാതെ കഴിയില്ലെന്നായിരിക്കുന്നു.
ഒടുവിൽ അവളെ അയാൾ വിവസ്ത്രയാക്കി.
രേഖയും തന്റെ ശരീരം അവിടെ ഉപേക്ഷിച്ചു.
ഒളിച്ചോട്ടമാണ് ദൂരേക്ക്. മൂന്ന് ചേച്ചിമാരാണ് നീയോ ഞാനോ എന്ന് പറഞ്ഞു പുര നിറഞ്ഞു നിൽക്കുന്നത്.
“മൂക്കിൽ പല്ല് മുളച്ചാലും എന്റെയൊന്നും കല്യാണം നടക്കില്ലെടീ” സൗമ്യയുടെ പെണ്ണുകാണലിന്റെ അന്ന് രേഖ അവളോട് സങ്കടം പറഞ്ഞു.
“നിനക്ക് ആ സുനിലിനോട് ഒരു യെസ് പറഞ്ഞൂടെ?”
“ഉം പറയണം.”
ആ ഒരു മൂളലാണ് ഇന്ന് ഒളിച്ചോട്ടത്തിൽ എത്തി നിൽക്കുന്നത്. സ്ഥിരമായി പോകുന്ന ബസിലെ ക്ലീനർ സുനിൽ. ഇന്ന് മുതൽ ഞാൻ രേഖ സുനിൽ. അവൾ അവന്റെ കയ്യിൽ ഒന്ന് കൂടി അമർത്തി പിടിച്ചു.
ഒരു മനോഹര താഴ്‌വാരം. എങ്ങും സുഗന്ധം പരത്തുന്ന പൂക്കൾ. വെള്ളാരം കല്ലുകളും വർണ്ണ മത്സ്യങ്ങളും കൊണ്ട് മനോഹരമായ അരുവി അരികിൽ നിറയെ ഫലങ്ങളുമായി ഒരു ഓറഞ്ച് മരം. തെളിഞ്ഞ സായാഹ്നം. ആകാശത്തു നിറയെ നക്ഷത്രങ്ങൾ. മന്ദമാരുതന്റെ കുളിരും പൂർണ്ണ ചന്ദ്രന്റെ നിലാവും ഒരു ചെറിയ ആലസ്യത്തിൽ പ്രിയപ്പെട്ടവന്റെ മടിയിൽ തല വെച്ച് കിടക്കുകയാണ്. നിലാവിനെ കുറിച്ച് ആരോ പാടുന്നു.
എത്ര മനോഹരമായ യാത്രയാണിത്. പുലരുന്നത് തനിക്ക് വേണ്ടി അസ്തമിക്കുന്നതും തനിക്ക് വേണ്ടി. വാടക വീടാണെങ്കിലും എത്ര മനോഹരമാണിത്. തന്റെ സ്വർഗ്ഗീയ ആരാമം. മൂന്നാമതൊരാൾ കൂടി ജീവിതത്തിൽ കടന്നു വരുന്നു. അവൾ ഹർഷാതിശയത്തോടെ അവനെ ഇറുകെ പുണർന്നു.
ഇവിടം തനിക്ക് സ്വർഗ്ഗമാണ്.
മൂന്ന് നാല് മാസങ്ങൾ കഴിഞ്ഞു പോയി. ഒരു വസന്തം കൊഴിയാൻ തുടങ്ങുന്നു.
താഴ് വാരത്തിലെ പൂക്കൾ കൊഴിഞ്ഞു തുടങ്ങി. ഒപ്പം ഇലകളും.
അരുവിയിലെ വെള്ളം വറ്റി സ്വർണ്ണമത്സ്യങ്ങൾ എവിടെയോ അപ്രത്യക്ഷമായി.
ഓറഞ്ച് മരം കടപുഴകി വീണു. ആകാശത്തിലെ നക്ഷത്രങ്ങൾ ഉതിർന്നു തുടങ്ങി.
കാറ്റിനു ചൂട് പിടിച്ചു ജീവിതത്തിനും. പല ആവശ്യങ്ങളെയും അവൾക്ക് മാറ്റി വെക്കേണ്ടി വന്നു.
അവനും പലതും മാറ്റിവെച്ചു
അങ്ങനെ മാറ്റി വെച്ചതിൽ ഒന്നായിരുന്നു അവളും.
ഒരു മഴ പെട്ടെന്ന് നിന്നത് പോലെ. അടുപ്പിലെ തീ ഭക്ഷണം പാകം ആകുന്നതിനു മുൻപേ കെട്ടു പോയത് പോലെ.
ഒരു സമസ്യ പോലെ ഒരാൾ പെട്ടെന്ന് ജീവിതത്തിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു ഒരു പ്രകാശത്തിൽ നിന്നും ഇരുട്ടറയിലേക്ക്.
പ്രതിസന്ധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഭയം ഒറ്റപ്പെട്ടതിന്റെയും ചതിക്കപെട്ടതിന്റെയും മാനസിക സംഘർഷങ്ങൾ.
ഒരു മൂഢ സ്വർഗത്തിൽ ആയിരുന്നു താൻ എന്ന തിരിച്ചറിവ്. എല്ലാം കൂടി അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
അവൾ പിന്നെയും പിടിച്ചുനിന്നു.
പക്ഷേ ഒരു ജോലിക്കൊന്നും പോകാനുള്ള ശേഷി അവൾക്ക് ഇല്ലായിരുന്നു. ഗർഭ ആലസ്യം അവളെ അതിനു അനുവദിച്ചില്ല
വീട്ടുടമസ്ഥന്റെ സഹായം കൊണ്ട് മാത്രം കഴിഞ്ഞ് പോയ നാളുകൾ.
ഒടുവിൽ പ്രസവവും അപ്പോഴേക്കും കടം വീട്ടി തീർക്കാവുന്നതിനേക്കാൾ അധികമായിരുന്നു.
കടം മാത്രമല്ല കടപ്പാടും.
പക്ഷേ അയാൾ മുതലിറക്കിയത് മുഴുവൻ അവളുടെ ശരീരത്തിലേക്ക് ആയിരുന്നു എന്ന് വളരെ വൈകിയാണ് അവൾ തിരിച്ചറിഞ്ഞത്. പലരെയും അയാൾ കൂട്ടിക്കൊണ്ടുവന്നു. പിന്നീട് വീണ്ടും വീണ്ടും അവൾ ചതിക്കപെടുക്കയായിരുന്നു.
അയാൾ അവളോട് പറഞ്ഞ ഒരു വാചകം ജീവിക്കാനുള്ള ഒരു മാർഗ്ഗം ആയി എന്ന് മാത്രം കരുതിയാൽ മതി എന്നായിരുന്നു.
വർഷം അഞ്ചാറു കഴിഞ്ഞിരിക്കുന്നു. അവൾ അങ്ങനെ അവിടെ ഉണ്ടു ഉറങ്ങി ജീവിച്ചു.
അല്ല, മരിച്ചു ജീവിച്ചു.
ഒരു കനൽ അടുപ്പിൽ എപ്പോഴും അവൾ ജ്വലിപ്പിച്ചു കൊണ്ടിരുന്നു ഒരു പ്രതികാരാഗ്നി പോലെ.
അടുപ്പിൽ നിന്നും അതിങ്ങനെ ജ്വലിച്ചു ജ്വലിപ്പിച്ചു അവൾ ആ തീക്കട്ടയെ ആവാഹിച്ചു.
ആ തീക്കട്ട അവളുടെ മനസ്സിലിങ്ങനെ നീറി പുകഞ്ഞു കിടക്കുന്നുണ്ട്. ഒരു തുടക്കത്തിനും ഒരു ഒടുക്കത്തിനും വേണ്ടി.
ലോഡ്ജിൽ നിന്നും ഫോൺ വന്നിരിക്കുന്നു ഒരു കസ്റ്റമർ ഉണ്ട്. അവൾ പോകാൻ ഒരുങ്ങി.
ഉള്ളതിൽ നിറമുള്ള സാരിയുടുത്തു, മുടി പിന്നിയിട്ടു. അതിലൊരു മുല്ലപ്പൂമാല ചാർത്തി അഴക് കൂട്ടി.
റിസപ്‌ഷനിൽ രഘു അണ്ണനുണ്ട്.
“ആരാ അണ്ണാ കസ്റ്റമർ?”
“ഓഹ്. വരത്തനാണ്.
ആരായാൽ നിനക്കെന്താ. നിനക്കു കാശ് കിട്ടിയാൽ പോരെ?”
“ഓ മതിയേ…”
“നിനക്കു ഇന്ന് വല്യ പണിയൊന്നും ഉണ്ടാകാൻ സാധ്യതയില്ല.
ഫുൾ വെള്ളമാണ്. രണ്ടെണ്ണം കൂടി ഒഴിച്ച് കൊടുത്താൽ ഫ്ലാറ്റ് ആയിക്കോളും. “
“അത് കൊണ്ടാണ് അണ്ണാ എനിക്കീ കള്ള് കുടിയന്മാരെ അത്രക്കിഷ്ടം”
അതും പറഞ്ഞു രേഖ കോണിപ്പടി കയറി.
“റൂം നമ്പർ നൂറ്റിആറ്. ഇനി മാറികേറേണ്ട” എന്നയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.
വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ
അവൾ അകത്തു കയറി.
ഒരു നടുക്കം.
ഒരു വിറയൽ
അസ്ഥി പഞ്ജരത്തിനുള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി. ഒരു കാലത്തെ തന്റെ ഏദൻ തോട്ടത്തിലെ രാജകുമാരൻ. തനിക്ക് സ്വപ്‌നങ്ങൾ നൽകിയവൻ.
എന്നിട്ടൊടുവിൽ കറിവേപ്പില തണ്ട് പോലെ വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞവൻ. അവനാണ് ഇന്ന് തനിക്കു വില പറഞ്ഞിരിക്കുന്നത്.
ഈ മനസ്സും ശരീരവും നിന്റേത് ആയിരുന്നില്ലേ. നീ ആയിരുന്നില്ലേ എന്റെ ലോകം. എന്റെ സ്വർഗ്ഗം
ഒരു തള്ള് ഒരൊറ്റ തള്ള് കൊണ്ട് നീ എന്നെ എത്ര ആഴത്തിലേക്കാണ് തള്ളി വിട്ടതെന്നറിയാമോ.
ഭൂമിയിൽ ഇരുന്നു കൊണ്ട് നരകത്തിന്റെ അടിത്തട്ട് നീ കണ്ടിട്ടുണ്ടോ?
അവളുടെ നെഞ്ചിൽ വർഷങ്ങളായി കൊണ്ട് നടന്ന പകയുടെ അഗ്നി സ്ഫുലിങ്ങൾക്ക് ചൂട് വർദ്ധിച്ചു കൊണ്ടിരുന്നു.
കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു
അവനും അവളെ തന്നെ നോക്കുകയായിരുന്നു.
പാതി ലഹരിയിലും അവന്റെ കണ്ണിൽ അവളെ തിരിച്ചറിഞ്ഞതിന്റെ തിരയിളക്കം ഒരു പകപ്പും.
അവൻ അവളുടെ നേരെ വിരൽ ചൂണ്ടി
“നീ… രേ…”
മുഴുവൻ പറയാൻ രേഖ അയാളെ അനുവദിച്ചില്ല. “നായിന്റെ മോനെ” എന്ന നിലവിളിയോടെ അവൾ കാലുയർത്തി അവന്റെ അടി നാഭിക്ക് തന്നെ ചവിട്ടി.
അയാൾ പിന്നോട്ട് വേച്ചു പോയി
തല ചുമരിലിടിച്ചു അയാൾ നിലത്തു വീണു.
ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷൻ
രേഖ ബെഞ്ചിലിരിക്കുകയാണ്. ഒരു പോലീസുകാരി ഒരു കുപ്പി വെള്ളം അവൾക്ക് നീട്ടി. അവൾ അത് വാങ്ങി ആർത്തിയോടെ കുടിച്ചു. പിന്നീട് അവളെയും കൊണ്ട് പോലീസുകാർ പടിഞ്ഞാറെ കോട്ടയിലുള്ള വിക്രം ലോഡ്ജിലേക്കു തിരിച്ചു. അവിടെ ആ നൂറ്റിആറാം നമ്പർ റൂമിൽ അവരെയും കാത്തു രേഖയുടെ ഷാൾ കഴുത്തിൽ ചുറ്റി ഒരു മൃതദേഹം കിടന്നിരുന്നു.
രേഖയെ ചുറ്റി പറ്റി അവളുടെ നെഞ്ചിലെ തീ അണക്കാനെന്നത് പോലെ ഒരു തണുത്ത കാറ്റ് വീശികൊണ്ടിരുന്നു.
ആ കാറ്റ് ഇങ്ങനെ അവളുടെ ഉള്ളം തണുപ്പിക്കുന്നതിനു അനുസരിച്ചു അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു.
ഫൈസി മന്ദലാംകുന്ന്


3 Comments
നന്നായ് എഴുതി. തുടർന്നും എഴുതുക all the best
നല്ലെഴുത്ത്. 👏
എല്ലാവരും അങ്ങനെ അല്ലെങ്കിലും, ചില സാഹചര്യങ്ങൾ നല്ല മനുഷ്യരേയും കുറ്റവാളികൾ ആക്കുന്നു.
ജോയ്സി