നിങ്ങളിൽ പലരേയും പോലെ നിറപ്പകിട്ടാർന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഓർമ്മകളൊന്നും എനിക്കില്ല. ഉള്ളവ മധുരതരം തന്നെ.
ക്രിസ്ത്യൻ സ്ക്കൂളുകളിലും കോളേജുകളിലും പഠിച്ച് ക്രിസ്മസ് ആഘോഷങ്ങളുടെ കേന്ദ്രമായിരുന്ന കോട്ടയം ടൗണിൽ ജീവിച്ച അമ്മ പറഞ്ഞുതന്ന കാര്യങ്ങളിൽക്കൂടി മാത്രമാണ് ക്രിസ്മസിനെ അറിഞ്ഞത്. കുറെ ദിവസം സ്കൂളിൽ പോകാതെ കളിച്ചു നടക്കാമെന്നതായിരുന്നു ക്രിസ്മസ് കാലത്തെ ഏറ്റവും വലിയ സന്തോഷം. വീടിനടുത്ത് പള്ളികളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ക്രിസ്മസ് കരോൾ പോലെയുള്ള സംഭവങ്ങളൊന്നുമില്ല. അടുത്തുണ്ടായിരുന്ന ഒരേയൊരു ക്രിസ്ത്യൻ കുടുംബം ഞങ്ങളുടെ കളിക്കൂട്ടുകാരായിരുന്ന അലക്സിൻ്റെയും റോസമ്മയുടെയും വീടായിരുന്നു. വളരെ പാവപ്പെട്ടവരായിരുന്ന അവർക്ക് ആഘോഷങ്ങളോ നക്ഷത്രം തൂക്കലോ ഒന്നുമുണ്ടായിരുന്നില്ല. ക്രിസ്മസിന് കൊന്നു കറി വെയ്ക്കാനായി നല്ലൊരു പൂവൻകോഴിയെ വിൽക്കാതെ നിർത്തും. അന്നു മാത്രം ആ വീട്ടിൽ നിന്ന് ഇറച്ചിക്കറിയുടെ മണം വരും.
“നീ ഇറച്ചി തിന്നാറില്ലല്ലോ. അല്ലെങ്കിൽ ഇച്ചിരി കറി നിനക്കു തരാൻ അമ്മച്ചിയോടു പറഞ്ഞേനേ” എന്നു റോസമ്മ കൊഞ്ചിപ്പറയും.
അവരുടെ അമ്മ “പെമ്പിളമ്മ” പുറകിൽ വിശറി പോലെ ഞൊറിഞ്ഞുടുത്ത മുണ്ടും ചട്ടയുമിട്ട് ഞങ്ങളുടെ പശുവിനെ കറക്കാൻ വരുമ്പോൾ “മോളിത്തിരി ഇറച്ചിയൊക്കെത്തിന്ന് വണ്ണം വെയ്ക്കണം കേട്ടോ” എന്നു പറഞ്ഞ് എൻ്റെ കവിളിൽ തലോടും.
പത്താം ക്ലാസു കഴിഞ്ഞ് ഹോസ്റ്റൽ ജീവിതമാരംഭിച്ചപ്പോഴാണ് ക്രിസ്മസിന് ഇത്രയേറെ ആഘോഷങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത്. ക്രിസ്മസിന് എല്ലാവരും വീട്ടിൽ പോകുന്നതു കൊണ്ട് നേരത്തെ തന്നെ ആഘോഷങ്ങൾ തുടങ്ങും.
സിസ്റ്റർമാരുടെ നേതൃത്വത്തിൽ നക്ഷത്രങ്ങൾ തൂക്കും. ക്രിസ്മസ് ട്രീയുണ്ടാക്കും. പുൽക്കൂടൊരുക്കും. ഹോസ്റ്റലിൻ്റെ മുറ്റത്തെ കോണിഫറസ്മരത്തിൽ ഗിഫ്റ്റുകൾ തൂക്കിയിടും. തിളക്കമുള്ള പേപ്പറിൽ പൊതിഞ്ഞ കൊച്ചു കൊച്ചു കവറുകളിൽ പേനകളോ ഹെയർ ക്ലിപ്പുകളോ ഒക്കെയായിരിക്കും.ക്രിസ്മസ് ഗാനങ്ങൾ പാടി ഒരു രാത്രി മുഴുവൻ ഞങ്ങൾ ആഘോഷ രാവാക്കും. കേക്കും വൈനും അപ്പവും സ്റ്റ്യൂവുമൊക്കെയായി ഒരു ക്രിസ്മസ് വിരുന്നുമുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞു വന്ന സമയത്ത് ചേട്ടന് കോട്ടയത്തായിരുന്നു ജോലി. ക്രിസ്മസടുത്താൽ എന്നും കേക്കുകളുമായാണ് വന്നിരുന്നത്. ഏതെല്ലാം തരത്തിലുള്ള, നിറയെ ഐസിംഗ് കൊണ്ടലങ്കരിച്ച കേക്കുകൾ… അടുത്ത വീട്ടിലെ കുട്ടികൾക്കു കേക്കു കൊടുക്കുമ്പോൾ അവർ പറയും “ആൻ്റീ ആ വെളുത്ത സാധനം തന്നാൽ മതി ” എന്ന്. ഐസിംഗ് എന്താണെന്നു പോലുമറിയാത്ത പാവം കുഞ്ഞുങ്ങൾ.
പിന്നീട് മക്കൾ സ്ക്കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ക്രിസ്മസ് ആഘോഷങ്ങളിലേക്കു തിരികെ വന്നത്.
“എൻ്റെ ക്ലാസിലെ ടീനയുടെ വീട്ടിൽ പുൽക്കൂടുണ്ടാക്കി. നമുക്കും വേണം പുൽക്കൂട്” മോൾ നിർബന്ധം പിടിക്കും.
“എനിക്കും വേണം പുൽക്കൂട്” മോൻ ചിണുങ്ങും.
അങ്ങനെ ഒരു കാർഡ് ബോർഡ്പെട്ടി സംഘടിപ്പിച്ച് ഞങ്ങളും പുൽക്കൂടുണ്ടാക്കി. പറമ്പിൽ നിന്ന് നീണ്ട പുല്ലുകൾ വെട്ടിയെടുത്ത് പുൽമെത്ത മെനഞ്ഞു. പാൽ കൊണ്ടുവരുന്ന വിജയൻ ചേട്ടനോടു കുറച്ചു വൈക്കോൽ വാങ്ങി നിരത്തി. സ്ക്കൂളിനടുത്തുള്ള പെട്ടിക്കടയിൽ നിന്നു വാങ്ങിയ കളിമണ്ണിൽ തീർത്ത ഉണ്ണിയേശുവിനേയും മാതാവിനേയും ഔസേപ്പുപിതാവിനേയും രാജാക്കന്മാരേയും മാലാഖമാരേയുമെല്ലാം നിരത്തി വെച്ച് പുൽക്കൂടിനെ നല്ല സെറ്റപ്പിലാക്കി.
ഒരു ചെടിച്ചട്ടി പുൽക്കൂടിനടുത്തു വെച്ച് അതിനെ ക്രിസ്മസ് ട്രീയായി അലങ്കരിച്ചു. മിനുങ്ങുന്ന മിഠായിക്കടലാസുകൊണ്ടു നക്ഷത്രങ്ങളുണ്ടാക്കി നിറയെ തൂക്കിയിട്ടു. കുറെ വർഷങ്ങൾ ഞങ്ങൾ അങ്ങനെ പുൽക്കൂടുണ്ടാക്കി ആഹ്ലാദിച്ചു.
കുഞ്ഞുങ്ങളൊക്കെ ഓരോരോ ഇടങ്ങളിലേക്കു ചേക്കേറിയപ്പോൾ ഉണ്ണിയേശുവും കൂട്ടരും അലമാരയുടെ ഇരുട്ടിലേക്ക് ഒതുങ്ങിക്കൂടി.
ക്രിസ്മസിനേക്കുറിച്ചുള്ള ഏറ്റവും നിറമുള്ള, സുന്ദരമായ ഓർമ്മകൾ ക്രിസ്മസ് കാർഡുകളാണ്. അവധിക്കു വീട്ടിലെത്തിയാൽ കൂട്ടുകാരുടെ കാർഡുകൾ വരും. മിക്കപ്പോഴും ഞാൻ തന്നെ ഉണ്ടാക്കി മനോഹരമായ വാചകങ്ങളെഴുതിയ കാർഡുകളാണ് അവർക്കയച്ചു കൊടുത്തിരുന്നത്.
കിട്ടിയ എല്ലാ ക്രിസ്മസ് കാർഡുകളും ഇന്നും എൻ്റെ കൈയിലുണ്ട്. മയിൽപ്പീലിത്തുണ്ടുകൾ പോലെ ഇടയ്ക്കിടെ എടുത്തോമനിക്കാനും ഓർമ്മകൾക്കു നിറം പകരാനുമുള്ള സ്നേഹോപഹാരങ്ങളാണ് ആ കുഞ്ഞിക്കാർഡുകളോരോന്നും.
ഡിസംബറാവുമ്പോഴേ വാങ്ങേണ്ട ക്രിസ്മസ് കാർഡുകളുടെ ലിസ്റ്റുമായി മക്കൾ പുറകിൽ നിന്നു മാറില്ല. ഒരാൾക്ക് തുറക്കുമ്പോൾ പൂവിരിയുന്ന തരം കാർഡുകളാണെങ്കിൽ മറ്റെയാൾക്ക് നക്ഷത്രങ്ങളുടെ ചിത്രങ്ങളുള്ളവയാണ് വേണ്ടത്; എനിക്കാണെങ്കിൽ നല്ല നല്ല ആശംസകളെഴുതിയവയും.
സ്കൂളിനടുത്തുള്ള കടയിലേക്കു ചെന്ന് ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കൊത്തുള്ള കാർഡുകൾ വാങ്ങും. അതൊക്കെഎത്രയേറെ സന്തോഷരമായ കാര്യങ്ങളായിരുന്നു !
ഇന്ന് ഈ ഡിജിറ്റൽ യുഗത്തിൽ കാർഡുകൾക്കെന്തു പ്രസക്തി?
ഒരു ക്രിസ്മസ് കാർഡ് കിട്ടുമ്പോഴും അതിലെ ആശംസകൾ വായിച്ച്, ആ മിനുമിനുത്ത കാർഡിനെ ഒന്നു തൊട്ടുതലോടുമ്പോഴുമൊക്കെ കിട്ടുന്ന സന്തോഷവും സംതൃപ്തിയും വാട്ട്സ്ആപ്പിൽ വരുന്ന ആശംസകളിൽ നിന്ന് എനിക്കൊരിക്കലും കിട്ടാറില്ല.
ഞാനൊരു പഴഞ്ചനായതുകൊണ്ടാവും അല്ലേ?
സ്നേഹവും ത്യാഗവും സമാധാനവുമാണ് മനുഷ്യ ജീവിതത്തെ പരിപൂർണ്ണതയിലെത്തിക്കുന്നത്. പ്രാർത്ഥനകളും കുർബാനയും നക്ഷത്രവും പുൽക്കൂടും ക്രിസ്മസ് ട്രീയും കരോളും സാന്താക്ലോസുമെല്ലാം ചേർന്ന ക്രിസ്മസ് ആഘോഷങ്ങൾ നന്മയെ ലാക്കാക്കിയുള്ളതായിരിക്കണം.
യേശുക്രിസ്തു സ്നേഹമായി മനുഷ്യഹൃദയങ്ങളിൽ ജനിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണ്ണമാകുന്നത് .
ജ്വല്ലറികളിലും തുണിക്കടകളിലും മാളുകളിലും മൈതാനങ്ങളിലും കൊണ്ടാടുന്ന ക്രിസ്മസ് കാർണിവലുകളിലും സൂപ്പർ മാർക്കറ്റുകളിലെ ക്രിസ്മസ് വിപണികളിലും ബേക്കറികളിലെ വൈവിധ്യമാർന്ന കേക്കുകളിലും വൈനുകളിലും റസ്റ്റൊറൻ്റുകളിൽ നിറയുന്ന ക്രിസ്മസ് രുചികളിലും ക്രിസ്മസ് ഫാഷൻ ട്രെൻ്റുകളിലും മാത്രം ഒതുങ്ങുന്നവയാകരുത് നമ്മുടെ ആഘോഷങ്ങൾ. ലോകസമാധാനത്തോടൊപ്പം പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്നതു കൂടിയായിരിക്കണം നമ്മുടെ ഓരോ ആഘോഷങ്ങളും.
പഴക്കമേറുന്തോറും രുചിയേറുന്ന വീഞ്ഞു പോലെ ക്രിസ്മസ് നൽകുന്ന സന്ദേശവും നമ്മുടെ മനസ്സുകളെ ഉത്തേജിപ്പിക്കട്ടെ.
ഇറ്റാലിയൻ പാരമ്പര്യത്തിലെ വനിതാ സാന്താക്ലോസായ ബെഫാനയെപ്പോലെ ക്രിസ്മസിൻ്റെ മനോഹരമായ പ്രതീകമായി മാറാൻ ഓരോരുത്തർക്കും കഴിയട്ടെ.
നാം തിരയുന്ന ഓരോ കാര്യങ്ങളിലും, നാം കാണുന്ന ഓരോ കാഴ്ചകളിലും ഉണ്ണിയേശുവിനെ കാണുക. പ്രത്യാശയുടെ ലില്ലിപ്പൂക്കൾ സമ്മാനിക്കുക. നമ്മുടെ കൊച്ചു ജീവിതം ധന്യമാക്കുക.
കനിവും കരുതലുമായി കൈനീട്ടാം. ചുറ്റുമുള്ള ചിരികൾ മങ്ങാതെ നോക്കാം.
മനസ്സ് സ്നേഹം കൊണ്ടും സമാധാനം കൊണ്ടും നിറയട്ടെ.
നിറ പുഞ്ചിരിയാൽ ലോകം കീഴടക്കുക
പ്രിയ കൂട്ടുകാരേ……
“ക്രിസ്മസ് ആശംസകൾ ❤️🌲❤️”
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


3 Comments
പലയിടത്തും കണ്ടും ആഘോഷിച്ചും തീർത്ത ക്രിസ്മസ് ദിനങ്ങൾ മനോഹരമായി വാക്കുകളിൽ വരച്ചിട്ടു.
👌😍
നന്നായി. teacheree
Thank you dear ❤️