2024 ന്റെ count down തുടങ്ങിയിരിക്കുന്നു. താളുകളിങ്ങനെ കൊഴിഞ്ഞു വീണിടുമ്പോൾ പല പുതിയ പാഠങ്ങളും പഠിച്ചു കൊണ്ടിരിക്കുന്നു. ഓർമ്മകളാണോ മറവിയാണോ കൂടുതലെന്നു ചോദിച്ചാൽ ഇപ്പോൾ പലതും പെട്ടെന്ന് മറന്നു തുടങ്ങിയിരിക്കുന്നു എന്ന് പറയാൻ നിർബന്ധിതയാകുന്നു. മറവി പലപ്പോഴും അനുഗ്രഹമാണെങ്കിലും അത്രമേൽ മനസ്സിനെ കീറിമുറിച്ച പലതും കൂടുതൽ മിഴിവോടെ ഓർമ്മകളിൽ തെളിയും എന്നതും വിരോധാഭാസം തന്നെ! മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത്തരം ചില ഓർമ്മകൾ ഒരിക്കലും മരിക്കാതിരിക്കുന്നതും നല്ലത് തന്നെയാണ്, ഇല്ലെങ്കിൽ ചിലയിടത്ത് പിന്നെയും പിന്നെയും തോറ്റുകൊണ്ടിരിക്കും.
2024 നെ നിർവചിക്കാൻ എന്നോട് പറയുകയാണെങ്കിൽ, ഒരു സംശയവുമില്ലാതെ ഞാൻ പറയും, എൻ്റെ ജീവിതത്തിലെ ഏറ്റവും പരീക്ഷണങ്ങൾ നിറഞ്ഞ വർഷമായിരുന്നു ഈ കടന്നു പോയതെന്ന്. പക്ഷെ ജീവിതകാലം മുഴുവൻ ഓർത്തു വെക്കാൻ പാകത്തിൽ മൂല്യമേറിയ ഒട്ടേറെ പാഠങ്ങൾ പഠിപ്പിച്ചിരുന്നു ഓരോ അനുഭവങ്ങളും. അതുകൊണ്ടു തന്നെ എനിക്കിതിനെ അടയാളപ്പെടുത്തി വെക്കണം. എന്റെ ശേഷിച്ച വർഷങ്ങൾക്ക് ഒരു referrel code ആയി ഈ 2024നെ കുറിച്ചിടണം.
ജീവിതത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും തളർന്നു പോകരുതെന്നും, നിരാശരാകരുതെന്നും, കരയരുതെന്നുമൊക്കെ മറ്റുള്ളവരെ ഉപദേശിക്കാൻ വളരെ എളുപ്പമാണെന്നും അവയൊക്കെയും സ്വന്തം ജീവിതത്തിൽ വരുമ്പോഴാണ് ചില വാക്കുകൾ പ്രായോഗികമാക്കാൻ അത്രയേറെ ബുദ്ധിമുട്ടാണെന്നും തിരിച്ചറിവുണ്ടാകുന്നത്. ആ തിരിച്ചറിവ് സമ്മാനിച്ച വർഷമാണ് 2024. മനസ്സിൻ്റെ കലണ്ടർ താളുകളിലൂടെ തിരിഞ്ഞു നോക്കുമ്പോൾ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്ന ഓർമ്മകൾ ഒന്നും തന്നെയില്ലെന്ന് തന്നെ പറയാം. ജീവിത കളിക്കളത്തിൽ അർദ്ധ സെഞ്ച്വറി തികച്ച ഈ വർഷം അത്രമേൽ ദുഃഖങ്ങൾ മാത്രം സമ്മാനിച്ചത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
2024 ഫെബ്രുവരി 10, അന്നായിരുന്നു അച്ഛൻ ആദ്യമായി തനിക്ക് ഇത്രയും വയസ്സായില്ലേയെന്നും മൂത്ത സഹോദരി മരിച്ചത് ഇത്രാമത്തെ വയസ്സിലല്ലേ എന്നൊക്കെ ആദ്യമായി പറഞ്ഞു കേട്ടത്. അന്നാണ് അച്ഛൻ ആദ്യമായി “പെൻഷൻ പറ്റി നീ സ്ഥിരതാമസത്തിനായി നാട്ടിലെത്തുന്നത് വരെ ഞാനുണ്ടാകുമോ” എന്ന ആശങ്ക പങ്കുവെച്ചത്. അച്ഛനും അമ്മയും ഇടയ്ക്കിടെ ചെറിയ ചെറിയ യാത്രകൾ നടത്തണമെന്നും യാത്ര മനസ്സിൻ്റെ യൗവ്വനം നിലനിർത്തുമെന്നും പറഞ്ഞപ്പോൾ ആദ്യമായി അച്ഛൻ, “ഓ! ഇനി ഇത്രയൊക്കെ മതി” എന്ന് പറഞ്ഞ് നിസ്സംഗതയോടെ പുഞ്ചിരിച്ചത്. മനസ്സിനല്പം ഊർജ്ജക്കുറവ് തോന്നിയാൽ എന്നെ റീചാർജ്ജ് ചെയ്തെടുക്കാൻ എൻ്റെ വിരൽത്തുമ്പുകൾ അറിയാതെ ചലിക്കുന്നത് അച്ഛൻ്റെ നമ്പറിലേക്കാണ്. രണ്ടോ മൂന്നോ മണിയടിക്കൊടുവിൽ മുഖം നിറയെ ചിരിയുമായി മൊബൈൽ സ്ക്രീനിൽ അച്ഛനെ കണ്ടാൽ ഞാൻ പഴയ ഞാനാകുമായിരുന്നു. അങ്ങനെയുള്ള എന്നെ കരയിക്കാൻ അച്ഛൻ്റെ ആ സംസാരം മതിയായിരുന്നു.
പിറ്റേന്ന് വൈകുന്നേരം ഇവിടെ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതു കൊണ്ട് പതിവ് ഫോൺവിളി ഉണ്ടായില്ല, അച്ഛൻ ഇങ്ങോട്ട് വിളിച്ചപ്പോൾ എടുക്കാനും പറ്റിയില്ല. രാത്രി ഒമ്പത് മണിയാകുമ്പോഴേ എല്ലാം കെട്ടിപ്പൂട്ടി ഉറങ്ങാൻ പോകുന്ന അച്ഛൻ അന്ന് പതിവില്ലാതെ ഒമ്പതര വരെ കാത്തിരുന്ന് എന്നെ വീഡിയോ കോളിൽ കണ്ട് സംസാരിച്ചതിനു ശേഷമായിരുന്നു ഉറങ്ങാൻ പോയത്. നിറഞ്ഞ ചിരി കണ്ട് സമാധാനത്തോടെ ഞാനും ഉറങ്ങി.
വലതു കണ്ണ് പിടച്ചാൽ കരയാനുണ്ടാകുമെന്ന വിശ്വാസം എന്നിൽ അടിയുറച്ചത് ഏത് തത്വചിന്താഗതിയുടെ പിൻബലത്തിലാണെന്ന് അറിയില്ല. പക്ഷെ ഒന്നറിയാം, എൻ്റെ വലത് കൺപീലിയും എൻ്റെ ജീവിതവും തമ്മിൽ ഒത്തിരിയൊത്തിരി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ആറാമിന്ദ്രിയമെന്നോ ഹൃദയം ഹൃദയത്തെ തൊട്ടറിയുന്നതെന്നോ എന്താണെന്നറിയില്ല, ഫിബ്രവരി 12 -ാം തീയതി രാവിലെ മുതൽ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു. ഉച്ച ഭക്ഷണ സമയം ഭക്ഷണത്തോട് ഒട്ടും പ്രിയം തോന്നാത്ത വിധം ആർക്കോ വേണ്ടി എന്തോ കഴിച്ചെന്ന് വരുത്തി ഊൺപാത്രം അടച്ചു വെച്ചതും, ഇടതടവില്ലാതെ വലതു കണ്ണ് മിടിച്ചു കൊണ്ടിരുന്നതും, സ്കൂളിൽ വെച്ച് ഒരിക്കലും ഉപയോഗിക്കാതിരുന്ന മൊബൈലിൽ വീണ്ടും വീണ്ടും എന്തോ തിരഞ്ഞതും, വീട്ടിലെത്തിയിട്ടും തീരെ വയ്യാത്തതു പോലെ മനസ്സ് ചത്തതു പോലെ തോന്നിയതും എല്ലാമെല്ലാം എൻ്റെയാ ആറാമിന്ദ്രിയം എന്നോടെന്തോ പറയാൻ ശ്രമിച്ചതായിരുന്നു, ഒരു നിമിത്തം പോലെ. കാരണം ആ സമയമത്രയും എൻ്റെ അച്ഛൻ സ്വന്തം ജീവിതത്തോട് മല്ലിട്ട് തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന നെഞ്ചുവേദനയും ശ്വാസ തടസ്സവും നേരിട്ട് കുഴഞ്ഞു വീണ അച്ഛനെ ആങ്ങള വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചതും അടുത്ത നിമിഷം തന്നെ നടത്തിയ ഓപ്പറേഷനും. അവൾ കരയുമെന്നും അവളെ അറിയിക്കേണ്ടെന്നും അവർ എല്ലാവരും തീരുമാനിച്ചതനുസരിച്ച് ഒന്നുമറിയാതെ കാതങ്ങളിപ്പുറം ഞാനിവിടെ; പക്ഷെ ആരും ഒന്നും പറയാതെ തന്നെ അന്ന് രാവിലെ മുതൽ എൻ്റെ ഹൃദയം എന്നോട് പലതും പറഞ്ഞു കൊണ്ടിരുന്നു.
ഒരിക്കൽ പോലും അച്ഛൻ അടങ്ങിയൊതുങ്ങി ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നും നാട്ടിലെ ഓരോ കാര്യത്തിന് വേണ്ടി ഓടി നടക്കും. അന്ന് രാവിലെയും നാട്ടിൽ പുതുതായി വരുന്ന ഒരു റോഡിൻ്റെ പണി തിരക്കിലായിരുന്നു. അതിനിടയിലാണത്രേ പെട്ടെന്ന് വയ്യായ്ക തോന്നിയത്. അച്ഛൻ്റെ ഭക്ഷണക്രമം സ്കൂളിലെ കൃത്യമായ സമയ പട്ടിക പോലെയായിരുന്നു. രാവിലെ ഏഴുമണിക്ക് പ്രാതൽ കഴിഞ്ഞ് ഏത് കാര്യത്തിനായി എവിടെ പോയാലും പത്തുമണി ചായ കഴിക്കാൻ വീട്ടിൽ തിരിച്ചെത്തും. എന്നാൽ പതിവു സമയത്ത് വീട്ടിലെത്താതിരുന്ന അച്ഛൻ്റെ ഫോണിൽ തുടർച്ചയായി വിളിച്ചു കൊണ്ടിരുന്ന അമ്മയും, ഒന്നുമറിയാതെ ഇവിടെ സ്കൂളിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്ന ഞാനും, ഐ.സി.യു.വിൽ ബോധമില്ലാതെ കിടന്ന അച്ഛനും ഇന്നും അതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത ഞെട്ടലുണ്ടാകും.
അച്ഛൻ്റെ മൊബൈൽ ശബ്ദിക്കാതിരുന്നത് രണ്ടേ രണ്ടു നാളുകൾ മാത്രമായിരുന്നു; എന്നാൽ രണ്ടു യുഗങ്ങളോളം ദൈർഘ്യമുണ്ടായിരുന്നു അവയ്ക്ക്. അച്ഛനിലേക്കല്ലാതെ വേറൊരാളിലേക്കും എൻ്റെ മൊബെലിൽ നിന്നും ഒരു വിളിയുണ്ടാകില്ല എന്ന് മനസ്സ് ശഠിച്ച ദിനങ്ങൾ. അച്ഛൻ ചിരിച്ചു കൊണ്ടിരിക്കുന്ന മൊബെൽ സ്ക്രീനായിരുന്നു എൻ്റെ ജീവശ്വാസം, അതില്ലാതാകുന്ന നിമിഷമോ, അച്ഛനില്ലാത്ത വീടോ നാടോ ഈ ലോകമോ ഒരിക്കലും സങ്കല്പിച്ചു നോക്കാൻ പോലും പേടിയാണ്. അങ്ങനെയുള്ള ചിന്ത പോലും ശ്വാസം മുട്ടിക്കുന്നതു പോലെയാണ്. അച്ഛൻ്റെ മുന്നിൽ കരയില്ലെങ്കിൽ മാത്രം നിന്നെ കാണിക്കാം എന്ന് ശട്ടം കെട്ടി ഐസിയുവിൽ കിടക്കുന്ന അച്ഛനെ വീഡിയോ കോളിൽ കാണിച്ചു തന്ന സഹോദരൻ. എനിക്കൊന്നുമില്ലെന്ന് ആംഗ്യഭാഷയിൽ പറഞ്ഞ് കൈ വീശി കാണിച്ച് മുഖം നിറയെ ചിരി വരുത്താൻ പാടുപെട്ട് ആശുപത്രി കിടക്കയിൽ കിടക്കുന്ന അച്ഛൻ്റെ മുഖം.
കാലുകൾക്ക് പകരം ചിറകുകൾ മുളച്ചിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങളുണ്ടാകാറുണ്ട് ജീവിതത്തിൽ. എന്നാൽ ചില വലിയ കടമകളും ഉത്തരവാദിത്വങ്ങളും കാലിലൊരു ബലമേറിയ ചങ്ങലപ്പൂട്ടിനാൽ ബന്ധിപ്പിച്ചു നിർത്തിയിരിക്കും; പാടെ ചത്ത മനസ്സും പാതി ചത്ത ശരീരവുമായി. ജീവിതം പെട്ടെന്നങ്ങ് അസ്തമിച്ചു പോകുന്നത് പോലെ ഈ ദിവസങ്ങളിൽ ചിലപ്പോഴൊക്കെയും തോന്നി പോയിട്ടുണ്ട്. എന്നാൽ അച്ഛൻ പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്നുണ്ടെന്നറിഞ്ഞ നിമിഷം ഇരുട്ട് മൂടിയ എനിക്ക് മുന്നിലും ഉദയ സൂര്യൻ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടില്ല.
അച്ഛൻ്റെ ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്കെങ്കിലും താളപ്പിഴ സംഭവിച്ച ആ ദിനം ഒരു തിങ്കളാഴ്ച ആയിരുന്നു, രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു തിങ്കളാഴ്ച അമ്മയെയും ഒന്നു വീഴ്ത്തി തോൽപ്പിക്കാൻ നോക്കി. അച്ഛനെ പരിചരിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിൻ്റെ ഓട്ടപ്പാച്ചിലിനിടയിൽ അമ്മയുടെ മനസ്സിനോടൊപ്പം കാലിനും ശക്തി ക്ഷയിച്ചു. ആ വീഴ്ചയിൽ അമ്മ കിടപ്പിലായി, കിടക്കയിൽ നിന്നും ഒന്നനങ്ങാൻ പോലും പറ്റാത്ത വിധത്തിൽ.
അമ്മയും കൂടി വീണു പോയപ്പോൾ എല്ലാവരും ഒന്നുകൂടി തളർന്നു, പ്രത്യേകിച്ച് അച്ഛൻ. പരസ്പരം താങ്ങാകേണ്ടവർ “എന്തു ചെയ്യേണ്ടു” എന്ന് ആശങ്കപ്പെട്ടു നിൽക്കേണ്ടി വന്ന… ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചു നിന്ന കുറെയേറെ മാസങ്ങൾ.
മുന്നോട്ടുള്ള വഴി ഇരുട്ടു മൂടി കിടന്നിടത്തു നിന്നും ഇപ്പോൾ ഇത്തിരി വെട്ടം കണ്ടു തുടങ്ങിയിരിക്കുന്നു. അച്ഛൻ സാധാരണ ഗതിയിലേക്ക് തിരിച്ചു നടന്നു തുടങ്ങി. പിച്ച വെച്ചു നടന്നു തുടങ്ങുന്ന കുഞ്ഞിനെ പോലെ അമ്മയും പതിയെ പിച്ച വെച്ചു തുടങ്ങി ജീവിതത്തിലേക്ക്.
മാർച്ചിൽ പത്ത് ദിവസത്തെ അവധിയെടുത്ത് നാട്ടിലേക്ക് ഓടിപ്പിടിച്ച് ചെന്ന് അച്ഛനെയും അമ്മയെയും കണ്ടപ്പോൾ മനസ്സിന് അനുഭവിച്ച സമാധാനമായിരുന്നു ഈ വർഷത്തിൻ്റെതായി അടയാളപ്പെടുത്തി വെക്കാവുന്ന പുണ്യമുഹൂർത്തങ്ങൾ, തീവണ്ടിയിൽ ചെലവഴിച്ച അഞ്ച് ദിനരാത്രങ്ങൾ കിഴിച്ചു കിട്ടിയ ആ അഞ്ചു ദിനങ്ങൾ… അച്ഛനും അമ്മയ്ക്കും വേണ്ടി മാത്രമായി മാറ്റി വെച്ച സുദിനങ്ങൾ. ഒരു കുഞ്ഞിനെപ്പോലെ അവരുടെ നടുവിൽ കിടന്നുറങ്ങിയ അഞ്ച് രാത്രികൾ. അച്ഛനോടുള്ളത്രയും സ്നേഹം ഒരിക്കലും അമ്മയോട് തോന്നിയിട്ടേയില്ല, അമ്മയ്ക്കും അറിയാവുന്ന കാര്യം, എങ്കിലും അമ്മ ഒരിക്കലും പരാതി പറഞ്ഞിട്ടുമില്ല. പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നറിയുന്നത് കൊണ്ടാവാം.
ജൂണിലെ വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയപ്പോഴും അമ്മ കിടക്കയിൽ തന്നെയായിരുന്നു. പിച്ച വെച്ചു തുടങ്ങിയ അമ്മയെ കാണാൻ ഇനിയും കാത്തിരിക്കണം.
എന്റേതെന്നു കരുതി അഹങ്കരിച്ചിരുന്ന പല ബന്ധങ്ങളുടെയും യാഥാർഥ്യം മനസ്സിലാക്കി തന്ന നാളുകൾ കൂടിയായിരുന്നു ഈ കൊഴിഞ്ഞു പോയതത്രയും. ജീവിതം നമ്മെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് ഒരൊറ്റ ദിശയിൽ നിന്നുള്ള ഒളിയമ്പായിരിക്കില്ല, നാനാ ഭാഗത്തുനിന്നും കൂട്ടമായുള്ള ആക്രമണമായിരിക്കും. തോറ്റുവീഴാതെ പിടിച്ചു നിന്നാൽ മാത്രമേ പിന്നെയും പൊരുതാനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുള്ളൂ. സ്വയം പൊതിഞ്ഞു പിടിക്കാൻ കനപ്പെട്ടൊരു മൗനവും ചുണ്ടിലൊരു പുഞ്ചിരിയും ഉണ്ടെങ്കിൽ നമ്മെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ അല്പമെങ്കിലും പിടിച്ചു നിൽക്കാം!
✍️©Rathi Ramesh


1 Comment
വളരെ ഹൃദയസ്പർശിയായ എഴുത്ത്. 👌ബന്ധങ്ങളുടെ തീവ്രത കൂടുതൽ വ്യക്തമാകുന്നത് നമ്മൾ കൂടുതൽ ദൂരത്തു ആയിരിക്കുമ്പോൾ ആണെന്ന് എനിക്കും തോന്നാറുണ്ട്. രതി നന്നായി എഴുതി.👏