Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിറഭേദങ്ങൾ
ഓർമ്മകൾ കഥ ജീവിതം ബന്ധങ്ങൾ സൗഹൃദം

നിറഭേദങ്ങൾ

By Greeshma KichuDecember 31, 2024Updated:December 20, 20256 Comments35 Mins Read158 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന്ക്രിസ്തുമസ് ആണ്. ലോക മെങ്ങും എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു ദിവസം. ഞാൻ മാത്രം വിഷമത്തോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. എന്നാൽ പിന്നെ ആഘോഷിക്കാതിരുന്നാൽ പോരെ എന്ന് ചോദിച്ചാൽ അതും  പറ്റില്ല കാരണം.

ഞാൻ ജനിച്ചത് ഒരു ക്രിസ്മസ് രാത്രിയിലാണ്, രാത്രി എന്ന് പറഞ്ഞാൽ എന്റെ അമ്മച്ചിയുടെ ഭാഷയിൽ

“ഏതാണ്ടൊരു പത്തര പതിനൊന്നു മണിക്ക് മനുഷ്യൻ പാതിരാ കുർബാനക്ക് പോകേണ്ട നേരത്താ ആ വേദനയുടെ ഒരു വരവ്. അതും പറഞ്ഞ ഡേറ്റ് നു 10-28 ദിവസം മുന്നേ. ഇതിനും മുന്നേ രണ്ടു പെറ്റ ഞാൻ ഇതിനെക്കൊണ്ട് ആകെയങ്ങ് വലഞ്ഞു പോയി. അല്ലെങ്കിലും ആ പ്രായത്തിൽ എന്നെക്കൊണ്ട് ഇതിനൊന്നും വയ്യാത്തതാ, ഒന്നിനെ കൂടി വേണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല, അതും ഒരു പെൺകൊച്ച്. ആ പിന്നെ കർത്താവ് തരുന്നതല്ലേ എന്ന് സമാധാനിച്ചു”.

“അതെ അതെ, നല്ലൊരു ക്രിസ്മസിന് വാങ്ങിവെച്ചത് ഒന്നും തൊടാൻ പോലും പറ്റാതെ ആശുപത്രിയിൽ തന്നെ ഇരിക്കുകയായിരുന്നില്ലേ. ഒടുക്കം ഇനി പേടിക്കാൻ ഒന്നുമില്ല എന്ന് ആ സിസ്റ്റർ വന്നു പറഞ്ഞപ്പോഴാ മനുഷ്യൻ ഒരു തുള്ളി വെള്ളം കുടിച്ചത്”. ഈ പറഞ്ഞു തീർത്തത് എന്റെ  അപ്പച്ചന്റെ വിഷമം ആണ്.

” അതുകാരണം വെക്കേഷന് എങ്ങും പോകാനും പറ്റിയില്ല, ടെൻഷൻ കാരണം ടിവി കാണാനും കളിക്കാനും ഒന്നും സമ്മതിക്കാതെ അമ്മച്ചിക്കും കൊച്ചിനും വേണ്ടി പ്രാർത്ഥിക്കു പിള്ളേരെ എന്നും പറഞ്ഞ് ഏതുനേരവും വല്യമ്മച്ചിയുടെ വക ഉപദേശം”. നല്ലൊരു വെക്കേഷൻ പോയികിട്ടി ”, ഇത് റിമി ചേച്ചിയുടെ അഭിപ്രായം.

” വെക്കേഷൻ മാത്രമൊ, അന്നത്തെ ക്രിസ്മസൊ, പുതിയ ഡ്രസ്സും ഇടാൻ പറ്റിയില്ല, ഒന്നും കഴിക്കാൻ പോലും പറ്റിയില്ല, ആശുപത്രിയിൽ കുത്തിയിരുന്ന് ക്രിസ്മസ് തീർന്നു, രാത്രിയാ വല്ലതും കഴിച്ചത്, ആലോചിക്കുമ്പോൾ ഇപ്പോഴും സങ്കടാ”.

ഇത് റിനിച്ചേച്ചിയുടെ കമന്റ്.

” എനിക്ക് അതൊന്നുമല്ല സങ്കടം, ഈ പ്രായത്തിൽ ഇത്രക്കൊക്കെ ത്യാഗം സഹിച്ചിട്ട് പിന്നേം കിട്ടിയത് പെൺകൊച്ച്. അത് വല്ലാത്ത ഒരു കൊടുപ്പായി പോയി എന്റെ കർത്താവേ”.

അത് വല്യമ്മച്ചി.

ഇങ്ങനെ, ഈ തറവാട്ടിലേക്ക് ആരും ക്ഷണിക്കാതെ വലിഞ്ഞു കയറി വന്ന എന്നോടുള്ള സ്നേഹവായ്പുകളാണ് ഈ കേട്ടതെല്ലാം.

അവരെയും കുറ്റം പറയാൻ പറ്റില്ല. അപ്പച്ചന്റെയും അമ്മച്ചിയുടെയും കല്യാണം കഴിഞ്ഞ് അഞ്ചാമത്തെ കൊല്ലമാണത്രേ ചേച്ചിമാർ ജനിക്കുന്നത്. അതും കുറേയേറെ ചികിത്സകൾക്കും പ്രാർത്ഥനകൾക്കും ശേഷം. റിമി ചേച്ചിയും റിനി ചേച്ചിയും ഇരട്ടകളാണ്. അപ്പച്ചന്റെയും അമ്മച്ചിയുടെയും തറവാടുകളിലെ ആദ്യത്തെ ഇരട്ടകൾ. വീട്ടിൽ ഉള്ളവർക്ക് പോലും ചില സമയത്ത് അവരെ മാറിപ്പോകും. അതുകൊണ്ടുതന്നെ അവരെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. അതിന്റെ ഗമയും രണ്ടുപേർക്കും ഉണ്ട്. അവർക്ക് എപ്പോഴും ഒരേ പോലത്തെ ഡ്രസ്സ്, ആഭരണങ്ങൾ പിന്നെ ആവശ്യമുള്ളതെന്തു വേഗം കിട്ടും. വീട്ടിൽ നിന്ന് മാത്രമല്ല, വിരുന്നുകാർ വരുമ്പോൾ പോലും എല്ലാ സാധനങ്ങളും ഒരേപോലത്തെ രണ്ടെണ്ണം വീതം വാങ്ങി കൊണ്ടുവരും.

അങ്ങനെയുള്ള അവർക്ക് 10 വയസ്സ് കഴിഞ്ഞതിനുശേഷം ആണ് ഞാൻ ജനിക്കുന്നത്. പ്രതീക്ഷിച്ചിരിക്കാത്ത നേരത്ത്, മൂന്നാമത്തെ പെൺകുട്ടിയായി, എല്ലാവരുടെയും ക്രിസ്മസ് ആഘോഷം നിർത്തി വെപ്പിച്ചു കൊണ്ട്, ഒരു നാണം കെട്ട വരവായിപ്പോയി എന്റെ.

അതുകൊണ്ടാണോ എന്നറിയില്ല എന്നോട് എല്ലാവർക്കും സ്നേഹമൊക്കെ ഉണ്ടെങ്കിലും,  എനിക്ക് ചേച്ചിമാരെ പോലെ വീട്ടിൽ ഒരു വിലയില്ല…,പ്രായം കൊണ്ടു മാത്രമല്ല മറ്റെന്തൊക്കെയോ കൊണ്ടും എല്ലാവരുടെയും മനസ്സിൽ അവരെക്കാളും താഴെയാണ്  എന്റെ സ്ഥാനം എന്ന ഒരപകർഷത ബോധം എനിക്ക് കുട്ടികാലം മുതലേ ഉണ്ടായിരുന്നു. അതിന് മറ്റൊരു കാരണവും ഉണ്ട്.

അത് എന്തെന്നാൽ… എന്റെ ബർത്ഡേ അവിടെ ആഘോഷിക്കാറില്ല. ഒന്നാമത്തെയോ രണ്ടാമത്തെയോ ആഘോഷിച്ചിട്ടുണ്ടാകണം. പക്ഷെ ഓർമ വച്ചതിൽ പിന്നെ അങ്ങനൊന്നുണ്ടായിട്ടില്ല. എന്നാൽ ചേച്ചിമാരുടെ പിറന്നാളുകൾ അവർ പ്രായപൂർത്തിയാകുന്നവരെ ഒരെണ്ണം പോലും മുടങ്ങാതെ ആഘോഷിച്ചിട്ടുണ്ട്. അതെനിക്ക് മറ്റുള്ളവർ പറഞ്ഞു കേട്ടറിയാം. പുതിയ ഡ്രെസ്സും കേക്ക് കട്ടിങ്ങും സദ്യയും പിന്നെ ഒരുപാട് സമ്മാനങ്ങളും ഒക്കെയായി വലിയ ആഘോഷം, ഓരോ പിറന്നാളിനും ഓരോ ആൽബം വരെ അമ്മച്ചി റെഡിയാക്കിയിരുന്നു.

കുട്ടികളാണ് പിറന്നാൾ ആഘോഷിക്കുക വലുതായാൽ പിന്നെ വേണ്ട എന്ന് അപ്പച്ചൻ പറഞ്ഞിട്ടാണ് അവരുടെ പിറന്നാൾ ആഘോഷം നിർത്തിയതത്രേ . പക്ഷെ അപ്പോൾ ഞാൻ സ്കൂളിൽ ചേർന്നിട്ട് പോലുമില്ല. എങ്കിലും എന്റെ പിറന്നാളും പിന്നെ ആഘോഷിച്ചിട്ടില്ല. ഞാൻ ഇടക്ക് അമ്മച്ചിയോടു പറയും, അപ്പൊ അമ്മച്ചി ചോദിക്കും ”നിനക്കല്ലേ നാളത്തേക്ക് പുതിയ ഉടുപ്പും കേക്കും ഒക്കെ വാങ്ങിയത്, പിന്നെന്താ വേണ്ടത് എന്നൊക്കെ.

“അത് ക്രിസ്മസ് ന്റെ ഉടുപ്പും കേക്കുമല്ലേ? പിറന്നാളിന്റെയല്ലല്ലോ? “

“അപ്പൊ എന്താ നിനക്ക് രണ്ടു ഡ്രെസ്സും രണ്ടു കേക്കും വേണോ എന്നാൽ അപ്പച്ചനോട് പോയി പറ, ഇപ്പൊത്തന്നെ കിട്ടും “.

അപ്പച്ചനോട് ചോദിക്കുമ്പോൾ പറയും “ലോകം മുഴുവൻ നിന്റെ ജന്മദിനം ആഘോഷിക്കല്ലേ വേറേ ആർക്കാ ഇങ്ങനൊരു ഭാഗ്യം കിട്ടാ “എന്ന്.

അപ്പൊ ഗിഫ്‌റ്റോ? ഞാൻ പിന്നെയും ചോദിക്കും.

“കുഞ്ഞോൾക് ഗിഫ്റ്റ് കൊണ്ടു ക്രിസ്മസ് പാപ്പാ വരുമല്ലോ “?

അപ്പച്ചൻ ചിരിക്കും…

പിന്നെ ക്രിസ്മസ് കേക്ക് എന്നെ കൊണ്ട് കട്ട്‌ ചെയ്യിപ്പിച്ചു എല്ലാവർക്കും കൊടുക്കും. അതിൽ എന്റെ പേര്അ എഴുതിയിട്ടില്ല. അത് കട്ട്‌ ചെയ്യുമ്പോഴോ കഴിക്കുമ്പോഴോ ആരും എനിക്ക് ആശംസകൾ നേരാറില്ല. പക്ഷെ ആഘോഷമില്ലെങ്കിലും ചേച്ചിമാരുടെ പിറന്നാളുകൾക്കു അമ്മച്ചിയും അപ്പച്ചനും മറ്റുള്ളവരും അവർക്ക് പോക്കറ്റ് മണി കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് എന്തു വേണെങ്കിലും വാങ്ങിക്കാനുള്ള പൈസ ഉണ്ടാകും അത്. ഞാൻ നോക്കി നിൽക്കുന്ന കാണുമ്പോൾ അമ്മച്ചി പറയും ” നിനക്കും തരാം വലുതാകുമ്പോൾ ” എന്ന്.

അതെന്നാണ് ഞാൻ ചേച്ചിമാരേക്കാൾ വലുതാകുക.? ആ ചോദ്യത്തിന് പ്രസക്തിയില്ലല്ലോ.

എനിക്കിഷ്ടപെട്ട നിറത്തിലുള്ള ഉടുപ്പും ഇഷ്ടമുള്ള കേക്കും പല വർണ്ണങ്ങളിലുള്ള ഡെക്കറേഷനും ചെയ്ത മുറിയിൽ വച്ചുള്ള ബർത്ഡേ ആഘോഷം എന്റെ സ്വപ്നമായിരുന്നു.

പിന്നെ ഞാനതൊന്നും ആരോടും ചോദിക്കാതെ ആയിയെങ്കിലും, എന്റെ മനസ്സിൽ ആ വിഷമം ഘനീഭവിച്ചു കിടന്നു. എല്ലാവരും എന്റെ ബർത്ഡേ മറന്നെങ്കിലും ഞാൻ മാത്രം എപ്പോഴും അതോർത്തുകൊണ്ടിരുന്നു. ക്ലാസിൽ കുട്ടികളുടെ ബർത്ഡേ ആഘോഷങ്ങൾ കേൾക്കുമ്പോൾ എന്റേത് വെക്കേഷന് ആണെന്ന് മാത്രമേ അവർക്കറിയാമായിരുന്നുള്ളു, ക്രിസ്മസ് ന്റെ കാര്യം ആരോടും ഞാൻ പറഞ്ഞില്ല.

എന്റെ മാതാപിതാക്കൾ നല്ലവരാണ്, എന്നോട് സ്നേഹമുണ്ട്. പക്ഷെ ചേച്ചിമാരോട് ഉള്ള സ്നേഹം… അതുപോലെയല്ല എന്നോട്, അതെനിക്കുറപ്പാണ്.

അതെന്റെ കുഴപ്പമാണോ..?

അതോ അവരുടെയോ..?

അതോ എല്ലാ മാതാപിതാക്കളും ഇളയ കുട്ടികളോട് ഇങ്ങനെയാണോ എന്ന്ഞാ ൻ കൂട്ടുകാരോട് ചോദിച്ചു, അല്ലെന്നാണ് അറിഞ്ഞത്.

എനിക്ക് മാത്രമാണ് ഇങ്ങനെ. ഞാൻ പല രീതിയിൽ എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റാൻ നോക്കി. എന്നാലും ചേച്ചിമാർക് കിട്ടുന്ന പോലെ ഒരു അംഗീകാരം ഒന്നിനും എനിക്ക് കിട്ടിയില്ല.

അതിന്റെ കാരണം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല. കൂടാതെ ചേച്ചിമാരുടെ പേര് പറഞ്ഞാണ് എന്നേ എവിടെയും പരിചയപ്പെടുത്തുക പോലും. അപ്പച്ചന്റെയോ അമ്മച്ചിയുടെയോ പേര് അതിനാവശ്യം വരാറില്ല. ഇരട്ടയായി ജനിക്കാതിരുന്നതിൽ എനിക്ക് വിഷമം തോന്നി. യാതൊരു പ്രത്യേകതകളുമില്ലാതെ ഇങ്ങനെ ജനിച്ചതിൽ എനിക്ക് ആരെയൊക്കെയോ കുറ്റപ്പെടുത്തണ മെന്നോ ആരോടൊക്കെയോ പകരം വീട്ടണമെന്നോ തോന്നി. എല്ലാവരോടും ദേഷ്യം തോന്നി. ചേച്ചിമാർ ഇരട്ടകൾ ആയത് കൊണ്ടാണ് അവർക്ക് ഈ ഭാഗ്യം എന്നെനിക്ക് തോന്നി, പക്ഷെ അവരുടെ ഭാഗ്യം എന്റെ ദൗർഭാഗ്യം ആയിതീർന്നു. ചേച്ചിമാരോട് മാത്രമല്ല ലോകത്തിലെ എല്ലാ ഇരട്ടകളോടും എനിക്ക് ദേഷ്യം തോന്നി.

പ്രത്യേകിച്ച് കുറവുകൾ ഒന്നുമില്ലെങ്കിലും ഞാൻ എല്ലായിടത്തു നിന്നും ഉൾവലിഞ്ഞു എന്നിലേക്ക് തന്നെ ഒതുങ്ങി കൂടി. പഠിത്തവും സ്കൂളും അല്ലാതെ മറ്റൊന്നുമില്ല. പഠിക്കാനും മോശമായിരുന്നു. പക്ഷെ ചേച്ചിമാർ നല്ല മിടുക്കികൾ ആയിരുന്നു. അത് വച്ചിട്ടുള്ള താരതമ്യം ചെയ്യൽ കൂടെയായപ്പോൾ  അപകർഷത എന്നിൽ വേരുറപ്പിച്ചു തുടങ്ങി. അങ്ങനെ എന്നെ ഒന്നിനും കൊള്ളില്ലെന്ന് സ്വയം വിശ്വസിച്ചു ഞാൻ ജീവിച്ചു, എന്റെ ആ വിശ്വാസം ക്രമേണ മറ്റുള്ളവരിലേക്കും പടർന്നു. പഠിത്തത്തിൽ വളരെ പിന്നിലായി. പത്താം ക്ലാസ് കഷ്ടിച്ച് പാസായി. എനിക്കതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല.

ചേച്ചിമാരേക്കാൾ മാർക്ക്‌ വാങ്ങിയാൽ പോലും അവർക്ക് കിട്ടിയ പോലുള്ള പ്രശംസയൊ സമ്മാനങ്ങളോ എനിക്ക് കിട്ടില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതിന് പകരം ഞാൻ ജയിക്കുമോ എന്ന ആശങ്ക അവരിലുണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. ഞാൻ പാസാകാൻ എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിച്ചു, മെഴുകുതിരി കത്തിച്ചു. വഴിപാട് നേർന്നു. അതുകൊണ്ട് തന്നെ ഞാൻ പാസായപ്പോൾ അവരെല്ലാം വളരെ സന്തോഷിച്ചു. അപ്പച്ചൻ മധുരം വാങ്ങി കൊണ്ടു വന്നു. ചേച്ചിമാർ എനിക്ക് പുത്തൻ ഉടുപ്പുകൾ വാങ്ങിത്തന്നു, ഭർത്താക്കന്മാരുടെ വീട്ടിൽ അവരുടെ മാനം പോകാതെ കാത്തതിന്, അല്ലാതെ സ്നേഹം ഒന്നുമല്ല. അമ്മച്ചി എന്നെ കെട്ടിപിടിച്ചു, “എന്റെ കുഞ്ഞോളെ നീയെന്റെ മാനം കാത്തു” എന്ന് പറഞ്ഞു.

“അവളെന്റെ മോളാ അങ്ങനെയൊന്നും തോൽക്കത്തില്ല” എന്ന് അപ്പച്ചൻ ചിരിച്ചു.

ഞാൻ പത്തിൽ എത്തിയപ്പോഴേക്കും ചേച്ചിമാർ വിവാഹം കഴിഞ്ഞു പോയിരുന്നു. ചേച്ചിമാരുടെ രണ്ടുപേരുടെയും കല്യാണം ഒരുമിച്ചാ നടത്തിയത്, ഇരട്ട മരുമക്കളെ കിട്ടുമോ എന്ന് വീട്ടുകാർ നോക്കിയിട്ട് കിട്ടിയില്ല.( കിട്ടരുതെന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു, ഇനിയൊരു ഇരട്ടകൾ എന്റെ ലൈഫിൽ വേണ്ട ) അവസാനം രണ്ടു പേരും രണ്ടു വീട്ടിലേക്കു കെട്ടിപ്പോയി. അതിനു മുൻപ് രണ്ടു പേരും പഠിച്ചു ജോലിയും വാങ്ങിയിരുന്നു. വലിയ ആഘോഷമായിരുന്നു അവരുടെ കല്യാണം. കല്യാണം കഴിഞ്ഞ് പിറ്റേന്ന് അമ്മച്ചി ആരോടോ പറയുന്ന കേട്ടിരുന്നു,

” അമ്മച്ചിയുടെ പുണ്യമാ ആ രണ്ടു പെണ്മക്കൾ എന്ന്, അവരുടെ കല്യാണം കാണണം എന്നായിരുന്നു അമ്മച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആശയെന്ന് “.

അപ്പൊ ഞാൻ പിന്നെന്താ… അമ്മച്ചിയുടെ മോളല്ലേ, എന്റെ കല്യാണം അമ്മച്ചിക്ക് കാണണ്ടേ.. എന്റെ കണ്ണ് നിറഞ്ഞു.

അങ്ങനെ റിസൾട്ട്‌ വന്ന ദിവസം തന്നെ ചേച്ചിമാർ അപ്പച്ചനോട്എന്തൊക്കെയോ പറഞ്ഞ് തിരിപ്പിച്ച് എന്നെ അങ്ങ് ദൂരെയുള്ള ഞങ്ങളുടെ ആന്റിയുടെ വീട്ടിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനിച്ചു. ഇവിടെ എനിക്ക് ആരെയും പേടിയില്ലത്രേ, അതാണ് ഈ ഉഴപ്പ്. പിന്നെ അമ്മച്ചിക്ക് വല്യമ്മച്ചിയെ നോക്കണം, ആൾ കിടപ്പിലായിട്ട്  കുറച്ചായി. അപ്പച്ചൻ ജോലിക്ക് പോയാൽ ശ്രദ്ധ കിട്ടില്ലത്രേ. ആന്റി എന്നെ നന്നായി നോക്കും എന്നും പറഞ്ഞു അവർ അപ്പച്ചനെ നിർബന്ധിച്ചു. മാത്രമല്ല കുറച്ചു പ്രായമായ ആ ആന്റിയും അങ്കിളും ഞാൻ അവിടെ താമസിച്ചു പഠിക്കുന്നതിനു സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തത്രേ. അവരുടെ മക്കൾ രണ്ടുപേരും വിദേശത്താണ്, വല്ലപ്പോഴുമെ വീട്ടിലേക്കു വരൂ. അവർക്ക് ഒരു കൂട്ടാകുമല്ലോ ഞാൻ’.

ഞാൻ നഖശിഖാന്തം എതിർത്തു. അപ്പച്ചനും അമ്മച്ചിക്കും വലിയ താല്പര്യം ഒന്നുമില്ല എങ്കിലും എന്റെ പ്ലസ് വൺ പഠിത്തം ആലോചിച്ചപ്പോൾ അവർ സമ്മതിച്ചു, ഞാൻ കരയാൻ തുടങ്ങിയപ്പോൾ അമ്മച്ചിക്കു വാശിയായി.

” ഇവൾക്ക് വാശി കൂടുന്നുണ്ട്, ഇവിടെ നിന്നിട്ട് യാതൊരുപകാരവുമില്ല എന്നാൽ പഠിച്ചു നന്നാകട്ടെ എന്നോർത്താൽ അതും സമ്മതിക്കൂല, വേണ്ടാന്ന് വച്ചിട്ടും എനിക്ക് ഈ വയസ്സാംകാലത്ത് ഇങ്ങനെയൊരു കുരിശിനെ എന്തിനാ തന്നതെന്റെ ”

‘ റീത്തെ ” അപ്പച്ചന്റെ ശബ്ദം.

അതോടെ അമ്മച്ചിക്കൊപ്പം എന്റെ വായും അടഞ്ഞു.

………………………………………………..

പള്ളി+ തോട്ടം+ക്ലബ്‌+വീട്  = അങ്കിൾ

പള്ളി+ ടീവി+ ഫോൺ+ അങ്കിൾ = ആന്റി

വേറെ കാര്യങ്ങൾ ഒന്നും ഇവർക്കില്ല. അങ്കിൾ ക്ലബ്‌ ൽ പോകുന്നത് ആന്റിക്കും ആന്റി ഏത് നേരവും ഫോൺ ചെയ്തു ബില്ല് കൂട്ടുന്നത് അങ്കിൾനും ഇഷ്ടമല്ല എന്നത് ഒഴിച്ചാൽ വേറെ പ്രശ്നമൊന്നുമില്ല.

സ്കൂളിൽ പോകുന്നതിനു മുൻപ് ഒരു മണിക്കൂർ ഞാനുൾപ്പടെ, ഞങ്ങൾ മൂന്നുപേർ രണ്ടു നേരത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കും. വൈകിട്ടത്തേക്ക് ഇതുപോലെ തന്നെ അര മണിക്കൂർ ഒന്നിച്ചു അടുക്കളയിൽ മൂന്നുപേരും കൂടി തന്നെ. എന്തൊരു ഒരുമ എന്ന് വിചാരിക്കേണ്ട. ആന്റിക്ക് പാചകം അത്ര വശമില്ല. ഇത്രയും കാലം ജോലിക്കാരും അങ്കിൾന്റെ അമ്മയും ഒക്കെ വച്ചുണ്ടാക്കി കഴിച്ചു. ഇപ്പോൾ ആരുമില്ല. ക്ലീനിങ് നു മാത്രം ഒരു ജോലിക്കാരി വരും ഒരു മണിക്കൂർ. അതുകൊണ്ട് ഭക്ഷണം പ്രശ്നം തന്നെയാണ്. ടീവിയിലും ബുക്കിലും നോക്കി ഓരോന്ന് പഠിച്ചു ചെയ്യും. വിശന്നു മരിക്കേണ്ട എന്ന് വിചാരിച്ചു കഴിക്കും. അങ്കിൾനും ഒന്നുമറിയില്ല ഉണ്ടാക്കാൻ. പക്ഷെ പുറത്ത് നിന്ന് കഴിച്ച് വയറു കേടായതുകൊണ്ട് രണ്ടു പേർക്കും അത് താല്പര്യം ഇല്ല. ഇതാണ് എന്റെ ഇരട്ട ചേച്ചിമാർ എനിക്ക് തന്ന പണി. പട്ടിണി.

വീട്ടിൽ നിന്നും 3 കിലോ മീറ്റർ ഉണ്ട് സ്കൂളിലേക്ക്. സൈക്കിൾനു പോയി വരും. ഉച്ചക്ക് ഭക്ഷണം കൊണ്ട് പോകണം. അതും സ്വന്തം വച്ചുണ്ടാക്കണം. എന്റെ വിധിയെ പഴിച്ചു കൊണ്ട് ആഴ്ചകൾ കടന്നു പോയി. പുതിയ സ്കൂളിലും ഞാൻ പഴയ പോലെ തന്നെ ആയിരുന്നു. അധികം കൂട്ടുകാരില്ല, പഠിക്കാൻ മോശമായതുകൊണ്ട് ആർക്കും വലിയ മൈൻഡുമില്ല. പെട്ടെന്ന് തന്നെ ബാക്ക് ബെഞ്ചിലെത്തി.

വീട്ടിൽ നിന്നും ആരും എന്നെ കാണാൻ ഇതുവരെ വന്നില്ല. വയ്യാഞ്ഞിട്ടാണ് തിരക്കാണ് എന്നൊക്കെ പറയുന്നു. ആഴ്ചയിൽ രണ്ടു തവണ ഫോൺ ചെയ്യും. ഓണം വെക്കേഷന് സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു. പ്ലസ് വൺ ക്ലാസ്സ്സ്സ്തുടങ്ങാൻ വൈകിയത് കൊണ്ട്. അതിനാൽ വീട്ടിൽ പോകാൻ പറ്റിയിരുന്നില്ല.

 

അതുകൊണ്ട് തന്നെ ക്രിസ്മസ് വെക്കേഷന് നാട്ടിൽ പോകാൻ വലിയ ഉത്സാഹം ആയിരുന്നു. അമ്മച്ചിയേം അപ്പച്ചനേം കാണാൻ തോന്നി. പരീക്ഷ കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തി. ബാഗ് പാക്ക് ചെയ്തു. അപ്പച്ചൻ വൈകിട്ട് എത്തും അപ്പൊത്തന്നെ പോകണമെന്നാ പറഞ്ഞിരിക്കുന്നത്. എന്നാലേ പുലർച്ചെ വീട്ടിലെത്തുള്ളൂ. ആന്റി താഴെ ആരോടോ സംസാരിക്കുന്നത് കേട്ടു, ആരാണെന്ന് എത്തി നോക്കി… ഒരു സ്ത്രീ, ആരെങ്കിലും ആവട്ടെ, ഞാൻ കുളിക്കാൻ കയറി.

‘ റിങ്കൂ ‘, ആന്റി വിളിക്കുന്നു..

അപ്പച്ചൻ വന്നോ…?

കുളിക്കാതെ നേരെ കിച്ചൻലേക്ക് പോയി, മറ്റേ ആന്റിയും ഉണ്ട്.

‘ഒരു സർപ്രൈസ് ഉണ്ട് അത് പറയാൻ വിളിച്ചതാ ‘

“എന്താ ”

‘ പിന്നെ ഇത് മുകളിലത്തെ വീട്ടിലെ ആന്റിയാ, നിന്നെ ഇതുവരെ പരിചയപ്പെട്ടില്ലെന്ന് പറഞ്ഞു ‘,

ഞാൻ ചിരിച്ചു.

” മോളിടയ്ക് ഒക്കെ അങ്ങോട്ട് വാ, വെക്കേഷനല്ലേ, ഞാൻ കുറച്ചു പാചകം ഒക്കെ പഠിപ്പിച്ചു തരാം ”

ഏഹ്, അതെന്തിന്… ഞാൻ ആന്റിയെ നോക്കി..

” മോൾക്ക്‌ കുക്കിംഗ്‌ അറിയില്ലെന്ന് ഞാൻ പറയാരുന്നു, ഈ ആന്റി പഠിപ്പിച്ചു തരും, എനിക്ക് നേരമില്ലാത്ത കൊണ്ടാ “.

മ്മ്, ഞാൻ വെറുതെ മൂളി…

” അല്ല ആന്റി ഞാൻ നാട്ടിൽ പോവാ, അപ്പച്ചൻ വരും കൊണ്ട് പോകാൻ “.

” അയ്യോ, അത് മറന്നു. മോളെ അപ്പച്ചൻ വിളിച്ചിരുന്നു. റിനി ചേച്ചിക് വിശേഷം ഉണ്ടെന്ന് ” ആന്റി പറഞ്ഞു.

ഞാൻ അത്ഭുതപ്പെട്ടു. ഒരു കുഞ്ഞു വാവ വരാൻ പോകുന്നു.

” റിങ്കുവിന് മൂത്തത്  ഇരട്ടകളാ, അതിലൊരാളാ റിനി… ” ആന്റി അവരോടായി പറഞ്ഞു.

” ആഹാ, ” അടുത്തിരിക്കുന്ന ആന്റി ചിരിച്ചു.

” ഇതും ഇരട്ട കുഞ്ഞുങ്ങൾ ആയിരിക്കുമോ റിങ്കു ” ആ ആന്റി ചിരിച്ചു.

എനിക്ക് ചിരി വന്നില്ല. ഞാൻ വെറുതെ ക്ലോക്കിലെക്   നോക്കി.

ആന്റി പിന്നെയും പറഞ്ഞു.

. “റിങ്കു മോളെ ചേച്ചിയ്ക്ക് തീരെ വയ്യ, ആശുപത്രിയിൽ ആണ്, വല്യമ്മച്ചിയും വയ്യല്ലോ… അപ്പച്ചന് വരാനൊത്തില്ല, കൊച്ചിനെ കൊണ്ട് പോകാൻ. ”

” എന്നാ, അങ്കിൾ നോട്‌ എന്നെയൊന്ന്… ” എന്റെ ശബ്ദം ഇടറാതിരിക്കാൻ ഞാൻ ശ്രമിച്ചു.

” അതല്ല മോളെ, അപ്പച്ചൻ പറഞ്ഞു, ഇനിയിപ്പോ അടുത്ത വെക്കേഷന് പോകാന്നു കൊച്ചിനോട് പറയാൻ . ക്രിസ്മസ്…. നമുക്ക് ഇവിടെ ആഘോഷിക്കാല്ലേ “

“ആ…” പെട്ടെന്ന് ഞാൻ മുഖം തിരിച്ചു വേഗം പുറത്തേക്ക് നടന്നു. അവരുടെ മുൻപിൽ എനിക്ക് കരയാൻ വയ്യ. സങ്കടം സഹിക്കാൻ കഴിയുന്നില്ല, വിതുമ്പി തുടങ്ങി… എനിക്ക് മാത്രമെന്താ ഇങ്ങനെ..

“മോളെ, ”

ആന്റി പുറകെ വരുന്നുണ്ടെന്ന് തോന്നിയപ്പോൾ ഞാൻ പെട്ടെന്ന് പുറത്തേക് ഓടി. മുൻപിലുള്ളത് ഒന്നും കാണാൻ പറ്റാത്തത് പോലെ ഒരു മങ്ങൽ… നിറഞ്ഞൊഴുകിയ കണ്ണ് അമർത്തി തുടച്ചു കൊണ്ട് സിറ്റൗട്ടിലേക്ക് കാലെടുത്തു വച്ചതും, എന്തിലോ ചെന്നിടിച്ചു.

കണ്ണിൽ മുഴുവനായും ഇരുട്ട് കയറി.

പുറകെ.. എന്തൊക്കെയോ വീഴുന്നു. ആരൊക്കെയോ… കരയുന്നു… ഓടിയടുക്കുന്ന കാലൊച്ചകൾ….

ചുറ്റും വെള്ളം… വെള്ളത്തിൽ മുങ്ങി പോകുമ്പോൾ ഞാൻ ഓർത്തു കൊണ്ടിരുന്നു.

”അല്ലെങ്കിലും ക്രിസ്മസ് വെക്കേഷൻ…. അതും പറഞ്ഞു എന്നെ പറ്റിച്ചു. എല്ലാ ക്രിസ്മസ് നും എന്നെ പറ്റിക്കും… ”

………………………………………………………….

കണ്ണ് തുറന്നപ്പോൾ തന്നെ ആശുപത്രിയിൽ ആണെന്ന് മനസിലായി. ഞാൻ രക്ഷപെട്ടിരിക്കുന്നു. വേണ്ടായിരുന്നു. മരിച്ചാൽ മതിയായിരുന്നു. ഇതിപ്പോ അങ്കിൾ നും ആന്റിയ്ക്കും ബുദ്ധിമുട്ടായി കാണും.

ചുറ്റും നോക്കി, അവരെയൊന്നും കാണുന്നില്ല. ഒരു ചെറുക്കൻ മാത്രം അടുത്ത് ഒരു കസേരയിൽ ഇരിക്കുന്നുണ്ട്. അവൻ ഉറങ്ങുവാണെന്നു തോന്നുന്നു. അവന്റെയും കയ്യിലും മുഖത്തും ചെറിയ പരിക്കുണ്ട്.

ആന്റിയും അങ്കിളും അവർക്ക് എന്തെങ്കിലും പറ്റിയോ…

“അയ്യോ..”

പെട്ടെന്ന് ഉറങ്ങിയ ആൾ ഞെട്ടി എണീറ്റു.

” എന്താ “ എന്ന് ചോദിച്ചു.

” എന്റെ അങ്കിളും ആന്റീം എവിടെ ”

” എന്തിനാ, തട്ടി മറിച്ചിടാനാണോ ”

“എനിക്കെന്താ പറ്റിയത്?”

” നിനക്കല്ല, എനിക്കാ പറ്റിയത്… നോക്ക്,” അവന്റെ ചുവന്ന വരകളുള്ള ഷർട്ടിലെക്ക് രക്തക്കറയുണ്ട് ചൂണ്ടി കാണിച്ചു.

എനിക്കൊന്നും മനസിലായില്ല.

പെട്ടെന്ന് ആന്റിയും അങ്കിളും അകത്തേക്കു വന്നു.

“റിങ്കു മോളെ ഇപ്പൊ എങ്ങനുണ്ട് ?”

ഞാൻ പെട്ടെന്ന് പൊട്ടിക്കരഞ്ഞു…

” ഇതവളുടെ കള്ളത്തരമാ”

“നീയിങ്ങു വന്നേ”, ഒരു സ്ത്രീ അവനെ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി.

അത്, മുകളിലത്തെ വീട്ടിലെ ആന്റിയല്ലേ..?

“റിങ്കു മോളെ, കൊച്ചു പേടിക്കാതെ കിടന്നുറങ്ങിക്കോ, ഒന്ന് തെന്നി വീണതാ, അത്രേയുള്ളൂ.”

“ഉറങ്ങിക്കോ”, അങ്കിൾ പറഞ്ഞു.

അവർ പുറത്തേക് നടന്നു.

ഞാൻ കണ്ണടച്ചു കിടന്നു, പെട്ടെന്ന് അടുത്ത് ആരോ വന്നു വിളിച്ചു.

“എടീ മങ്കി മോളെ “ ഞാൻ കണ്ണ് തുറന്നു നോക്കി അവൻ തന്നെ, ഞാൻ പിന്നെയും കണ്ണടച്ചു തന്നെ കിടന്നു.

“എന്റെ ബിസിനസ്‌ തകർത്ത്, എന്റെ കാശും കളഞ്ഞ നിന്നെ ഞാൻ കാണിച്ചു തരാം ”

അവൻ പറയുന്നത് കേട്ട് ഞാൻ അറിയാതെ കണ്ണ് മിഴിച്ചു.. ഏത് ബിസിനസ് ?എനിക്ക് തല പെരുക്കുന്നത് പോലെ തോന്നി.

” പറയുന്നത് ക്രിസ്റ്റി ആണ്, നീ നോക്കിക്കോ ഈ ക്രിസ്മസ് ന് മുമ്പ്”

അവനെ തല്ലാൻ എന്തെങ്കിലും അടുത്തുണ്ടോ എന്ന് ഞാൻ കൈ കൊണ്ട് തപ്പി നോക്കി.

“ക്രിസ്റ്റി “, ആരോ പുറത്ത് നിന്നു വിളിച്ചു, അവൻ പെട്ടെന്ന് പുറത്തേക് പോയി….

ക്രിസ്മസ്… അതെ അതിനു മുൻപ് ഞാനങ്ങു തീരട്ടെ…ഇനി ഇവനാണോ എന്റെ കാലൻ … ക്രിസ്റ്റി…

മരിക്കുന്നതിന് മുൻപ്, അവനെയും കൂടി തല്ലിക്കൊല്ലണം….

ആരോ വരുന്നു, അവനാണെങ്കിൽ… ചുറ്റും നോക്കി… നീളമുള്ള സ്റ്റീൽ ഗ്ലാസ്‌ ഉണ്ട്. വേറെ ഒന്നുമില്ല. അതെടുത്തു കയ്യിൽ പിടിച്ചു, എഴുന്നേറ്റ് ചാരി ഇരിക്കാൻ ശ്രമിച്ചു. പെട്ടെന്ന് വീഴാൻ പോയപ്പോൾ അകത്തേക്ക് കയറി വന്ന് അവൻ പിടിച്ചു നേരെ ഇരുത്തി, എന്നോട് ചോദിച്ചു.

“എന്തിനാ എണീറ്റെ?

വെള്ളം വേണോ..?

തന്നെ എണീക്കാൻ നോക്കേണ്ട. ഞാൻ ജ്യൂസ്‌ തരാം….ആന്റി തന്നു വിട്ടതാ…… അവരിപ്പോ വരും.

ആ ഗ്ലാസിങ്‌ താ..”

അവൻ ഗ്ലാസ് പിടിച്ചു വാങ്ങാൻ നോക്കി, ഞാൻ കൊടുത്തില്ല. പകരം അവനെതന്നെ നോക്കി…

ഡ്രെസ്സ് മാറിയതിന്റെയൊപ്പം അവൻ സ്വഭാവം കൂടെ മാറ്റിയോ…

ഇപ്പൊ  മര്യാദക്കാരനാണല്ലോ

” എന്താ, ജ്യൂസ്‌ വേണ്ടേ?

ആ ഗ്ലാസ്‌ ഇങ്ങു താ, ”

ഞാൻ മിണ്ടാതെ അവനെ തന്നെ നോക്കി ഇരുന്നു , അവന് ദേഷ്യം വന്നു എന്ന് തോന്നുന്നു, ശബ്ദം ഉയർന്നു. വീണ്ടും കൈ നീട്ടി

” ഇങ്ങു താ കൊച്ചേ ” എന്ന് പറഞ്ഞതും

ഞാൻ സർവ്വ ശക്തിയുമെടുത് ഗ്ലാസ്‌ കൊണ്ട് ഒറ്റക്കുത്ത് മുഖത്തേക്ക്. നെറ്റിയിൽ കൈ വച്ച് അവൻ താഴെക്കിരുന്നു… പക്ഷെ പെട്ടെന്ന്

“സിബീ ”

എന്ന് വിളിച്ചു കൊണ്ട് അകത്തേക് ഓടി വന്ന ചുവന്ന വരയുള്ള ഷർട്ട്‌ ഇട്ട ആളെ ക്കണ്ടു ഞാൻ ഞെട്ടിപ്പോയി.. ക്രിസ്റ്റി…

അപ്പൊ ഞാൻ തല്ലിയത് ആരെയാ….?

“സിബീ…. ഡാ..”, ക്രിസ്റ്റി വിളിക്കുന്നു.

സിബിയോ?

ഏഹ്… .. അപ്പൊ ക്രിസ്റ്റിയുടെ ഇരട്ടയാണോ സിബി.

എനിക്ക് തല ചുറ്റുന്ന പോലെ തോന്നി.

എന്റെ കർത്താവെ ലോകത്തുള്ള എല്ലാ ഇരട്ടകളും എനിക്ക് പാരയാണല്ലോ?

………………………………………………………

ഞങ്ങൾ വീട്ടിലെത്തി. അതിനിടയിൽ ഒരുപാട് കാര്യങ്ങൾ നടന്നു. ഇന്നലെ വൈകുന്നേരം എന്താണ്  നടന്നതെന്ന് ഞാൻ മനസ്സിലാക്കി.

വീട്ടിൽ പോകാൻ പറ്റില്ല എന്നറിഞ്ഞ വിഷമത്തിൽ ഞാൻ കരഞ്ഞു കൊണ്ടു സിറ്റൗട്ടിലേക്ക് ഓടി വരുമ്പോൾ, ക്രിസ്റ്റി അവിടെ ഒരു അക്കോറിയം സെറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നെ പാചകം പഠിപ്പിച്ചു തരാമെന്ന് പറഞ്ഞ അടുത്ത വീട്ടിലെ ആ സ്റ്റെല്ല ആന്റിയുടെ മക്കളാണ് ക്രിസ്റ്റഫറും സെബാസ്റ്റിനും. രണ്ടുപേരും എൻജിനീയറിങ് കോളേജ് സ്റ്റുഡൻസ് ആണ്. കോളേജ് അടുത്ത് തന്നെയാണെങ്കിലും രണ്ടുപേരും ഹോസ്റ്റലിലാണ് നിൽക്കുന്നത്, ഇടയ്ക്കിടെ വീട്ടിലും വരും.

ക്രിസ്റ്റഫറിന് മീൻ വളർത്തൽ ഇഷ്ടമാണ്, അത് ചെറിയ ബിസിനസ് ആയി നടത്താൻ ശ്രമിക്കുന്നുമുണ്ട്. എനിക്ക് വേണ്ടി അങ്കിളും ആന്റിയും ആണ്, ഒരു ഫിഷ് ടാങ്കും കുറച്ചു വളർത്തു മത്സ്യങ്ങളെയും ആവശ്യപ്പെട്ടത്. ക്രിസ്റ്റി തന്നെ അതെല്ലാം കൊണ്ടുവന്ന സെറ്റ് ചെയ്തു തരാം എന്ന് പറഞ്ഞിരുന്നു. അതിനവൻ നല്ലൊരു പൈസയും അങ്കിളിന്റെ കയ്യിൽ നിന്ന് വാങ്ങിയിരുന്നു. ആ കാര്യമായിരുന്നു ആന്റി എന്നോട് ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞത്.

അങ്ങനെ അവൻ അവിടെ ഫിഷ് ടാങ്കിന്റെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ്, ഞാൻ അങ്ങോട്ട് ഓടിച്ചെന്നത്. അവിടെ കുറച്ചു വെള്ളം വീണ് കിടക്കുന്നതിൽ തെന്നി ഞാൻ താഴേക്ക് വീണു, വീഴുന്നതിനിടയിൽ എന്റെ കയ്യോ കാലോ മറ്റോ തട്ടി കാണണം ക്രിസ്റ്റിയും കൂടെ ഫിഷ് ടാങ്കും വീണു. ഫിഷ് ടാങ്ക് ക്രിസ്റ്റിയുടെ മേലേക്ക് ആണ് വീണത്. അതിന്റെ ചില്ലുകൾ തട്ടി അവനു പരിക്കുപറ്റി. പക്ഷേ അതിനേക്കാൾ പ്രശ്നം. ആ ഫിഷ് ടാങ്ക് പൊട്ടിയതും, അതിലെ വിലപിടിച്ച മത്സ്യങ്ങൾ ചത്തു പോയതും ആയിരുന്നു. ആ മത്സ്യങ്ങൾ അവന്റെ ജീവനായിരുന്നു. അതുമാത്രമല്ല ക്രിസ്റ്റിയുടെ ഒരുപാട് പണം നഷ്ടപ്പെട്ടു. അവന്റെ ഈ ബിസിനസ്, അവന്റെ വീട്ടിൽ ആർക്കും വലിയ ഇഷ്ടമല്ല.  അതുകൊണ്ട് പൈസയുടെ കാര്യം ബുദ്ധിമുട്ടാണ്. എന്റെ അങ്കിൾ ഇത് ചോദിച്ചപ്പോൾ ആൾക്ക് വലിയ സന്തോഷം ആയിരുന്നു.എന്നാലിപ്പോ ഫിഷ് ടാങ്കും ഫിഷും എല്ലാം പോയതുകൊണ്ട്, എന്റെ അങ്കിളിനോട് പണം ചോദിക്കാൻ അവനു മടി.

അവൻ എന്നെ ചീത്ത പറഞ്ഞു പേടിപ്പിച്ചത് കൊണ്ടാണ്, ഞാൻ ആളുമാറി സിബിയെ ഉപദ്രവിച്ചത് എന്ന് സിബിക്ക് മനസ്സിലായിട്ടുണ്ടായിരുന്നു. അവനാണ് ഈ കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞത്. ഞാൻ സിബിയോട് സോറി പറഞ്ഞു, ഞങ്ങൾ കോംപ്രമൈസ് ആയി. എന്ന് മാത്രമല്ല നല്ല കൂട്ടായി. സിബി ക്രിസ്റ്റിയെ പോലെയല്ല. ഒരു പാവമാണ്. സിബിയുടെ സഹായത്തോടെ അവരുടെ അമ്മയോടും സംസാരിച്ചു സോറി പറഞ്ഞു അവിടെയും ഞാൻ നല്ല കുട്ടിയായി. എന്റെ അങ്കിളിനോടും ആന്റിയോടും സംസാരിച്ചു നോക്കിയപ്പോൾ അവർ ക്രിസ്റ്റിക്ക് നഷ്ടം വന്ന പണം കൊടുക്കാം എന്ന് പറഞ്ഞു. അതോടെ ക്രിസറ്റിയുടെ കാര്യം കുറച്ചു സമാധാനമായി.

പക്ഷെ ക്രിസ്റ്റി ‘ മങ്കിമോൾ ‘ വിളി നിർത്തിയില്ല. അതും പറഞ്ഞു ഞങ്ങൾ പിന്നെയും വഴക്കിട്ടു.

“നേരെ നോക്കി നടക്കാതെ, മറ്റുള്ളവരെ തട്ടി മറിച്ചിട്ട, ഇത്രയും നാശനഷ്ടങ്ങൾ വരുത്തിയ, ബുദ്ധി ഇല്ലാത്ത നിന്നെ പിന്നെ എന്താ വിളിക്കണ്ടേ ”

“അതിന്റെ ക്യാഷ് ഞാൻ തന്നു, അതെന്റെ മര്യാദ… അത് തിരിച്ചും വേണം. ”

“ഇല്ലെങ്കിൽ..? ”

“ഞാൻ എല്ലാവരോടും പറയും.”

“പറഞ്ഞോ ‘ റിങ്കു മോൾ ‘ നേക്കാളും നല്ലത് ‘ മങ്കി മോൾ ‘ എന്നാ… അവരും അങ്ങനെ വിളിക്കട്ടെ.. ”

“അതല്ല… പറയാൻ പോകുന്നത്.. ”

“പിന്നെ..?”

“നീ ഒന്ന് വിളിച്ചു നോക്ക്….”

‘മങ്കി മോളേ……, മങ്കീ….’

“ആന്റി…”ഞാൻ കരഞ്ഞു കൊണ്ട് നേരെ വീടിനകത്തേക്കോടി

അവിടെ എല്ലാവരും ഉണ്ട്.

“എന്താ മോളെ?” അങ്കിൾ ചോദിച്ചു.

“ക്രിസ്റ്റി…”

” ക്രിസ്റ്റി….നിങ്ങൾ പിന്നേം വഴക്കിട്ടോ…” ആന്റി ചോദിച്ചു.

പെട്ടെന്ന് എനിക്ക് എന്താ പറയേണ്ടതെന്ന് പിടി കിട്ടിയില്ല. ക്രിസ്റ്റി പിറകെ വരും വഴക്ക് കേൾപ്പികാം    എന്നാണ് വിചാരിച്ചത്, പക്ഷെ അവൻ വന്നില്ല.

“മോളെന്താ കരഞ്ഞേ ”

‘അത്, ക്രിസ്റ്റി എന്നോട് വൃത്തികേട് പറഞ്ഞു ‘

‘ഏഹ്, എന്താ അവൻ പറഞ്ഞത് ‘

‘അത് ‘

‘ ക്രിസ്റ്റീ ‘, സ്റ്റെല്ലയാന്റീ പുറത്തേക്ക് പോയി.

ആകെ ബഹളം, പക്ഷെ ചീറ്റിപ്പോയി..

‘മങ്കി മോൾ ‘, എന്ന് കേട്ടപ്പോൾ എനിക്കും ചീത്ത കിട്ടി… ഇതിനാണോ ത്ര ബഹളം വച്ചത് എന്ന് ചോദിച്ച്.

പക്ഷെ ക്രിസ്റ്റിയ്ക്ക് വാണിംഗ് കിട്ടി. ഇനി മങ്കി മോൾ എന്ന് വിളിക്കരുതെന്ന്

അവൻ സമ്മതിച്ചു, പക്ഷെ അവൻ ഇനിയും വിളിക്കും എന്നെനിക്ക് ഉറപ്പാണ്. കാരണം അങ്കിൾ അവന് കൊടുകാം എന്ന് പറഞ്ഞ പണം സ്റ്റെല്ല ആന്റി വേണ്ട എന്ന് പറഞ്ഞു എന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. അത് കൊടുത്താൽ മതിയായിരുന്നു. എനിക്ക് വിഷമം തോന്നി. അവനിനിയും വഴക്കിനു വരുമല്ലോ എന്നോർത്ത്.

അതിനിടയിൽ ആന്റി പറയുന്നത് കേട്ടു. സ്റ്റല്ലാന്റിയുടെ വീട്ടുകാരെ ക്രിസ്മസിന് ഇങ്ങോട്ട് വിളിക്കാം എന്ന്.

അപ്പൊ രണ്ടുദിവസം കഴിഞ്ഞാൽ ക്രിസ്മസ് ആണല്ലേ . വേണ്ട വേറെയൊന്നും ഓർക്കേണ്ട. ക്രിസ്മസ്ന് വീട് മാറി നില്കുന്നത് ആദ്യമായാണ്.

അവരൊക്കെ ഉണ്ടാകും, എല്ലാം നന്നായി നടക്കട്ടെ.

പാതിരാ കുർബാനയും കഴിഞ്ഞ് വീട്ടിൽ വന്നു, എന്റെ മുറിയുടെ വാതിൽ തുറന്നപ്പോൾ ഞാൻ കണ്ടത്   എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു.

” ഹാപ്പി ബര്ത്ഡേ റിങ്കുമോൾ “, എന്നെഴുതിയ കേക്ക്, ആ മുറിയിലെ ഡെക്കറേഷൻസ്.. അങ്കിളിന്റെയും ആന്റിയുടെയും സ്റ്റെല്ല ആന്റിയുടെയും വക ഒത്തിരി സമ്മാനങ്ങൾ. എന്തിന് ക്രിസ്റ്റി പോലും എനിക്ക് ഗിഫ്റ്റ് തന്നു. ഒരു കുഞ്ഞു ഫിഷ് ടാങ്ക് അതിലൊരു ഗോൾഡ് ഫിഷ്. കേക്ക് മുറിച്ചു, സമ്മാനം കിട്ടി, ഫോട്ടോ നാളെ എടുക്കാം എന്ന് പറഞ്ഞു. എല്ലാവരും പിരിഞ്ഞപ്പോൾ നേരം പുലരാറായിരുന്നു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ, മനസ്സുനിറഞ്ഞൊഴുകിയ സന്തോഷം കണ്ണുനീരായി പുറത്തേക്ക് വന്നു. ആ കണ്ണുനീരിനിടയിൽ കൂടിയാണ് ഞാൻ കാണുന്നത്, ഒരു ചെറിയ സമ്മാനപ്പൊതി ജനാലയരികിൽ, കർട്ടന്റെ പിറകിൽ… അതെനിക്കാരും തന്നതല്ല. ഞാൻ പെട്ടെന്ന് കണ്ണു തുടച്ചു എഴുന്നേറ്റു. വേഗം പൊതി തുറന്നു. വെള്ളക്കല്ല് പതിപ്പിച്ച ഭംഗിയുള്ള ഒരു മോതിരം. ഒപ്പം ഒരു ക്രിസ്മസ് കാർഡ് പക്ഷെ അതിന്റെ പുറകിൽ ഹാപ്പി ബർത്ഡേ സ്വീറ്റ് ഹാർട്, എന്നാണ് എഴുതിയിരിക്കുന്നത്. ആരാണെന്ന ആശങ്ക ആയിരുന്നില്ല അന്നേരം മനസ്സിൽ, സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആരാണ് എന്റെ ബർത്ത് ഡേ ഇന്നാണെന്ന് മനസ്സിലാക്കിയത്.? ആന്റിയും അങ്കിളും തന്നെയാണോ? അവർക്കിതൊക്കെ അറിയുമോ എന്ന് സംശയമാണ്.

ആശുപത്രിയിൽ വച്ച് ഡേറ്റ് ഓഫ് ബർത്ത് ചോദിച്ചിട്ട് ഉണ്ടാകുമോ? അങ്ങനെ എല്ലാവരും അറിഞ്ഞു കാണുമോ?

പക്ഷേ ഈ ഗിഫ്റ്റ് വച്ചത് ആരായിരിക്കും?

മുറിയിൽ ഇന്ന് എല്ലാവരും വന്നിരുന്നല്ലോ, അതിൽ ആരായിരിക്കും?

ആദ്യം മനസ്സിൽ വന്നത് ക്രിസ്റ്റിയുടെ മുഖമാണ്. എന്നോടുള്ള ദേഷ്യം തീർക്കാൻ പുതിയ വല്ല പാരയും ആകും. അവൻ ആയതുകൊണ്ട് പറയാൻ പറ്റില്ല. സിബി ആകാൻ സാധ്യതയില്ല. ആൾ ഒരു പാവമാണ്. അന്നത്തെ പ്രശ്നങ്ങൾ പറഞ്ഞു സോൾവ് ചെയ്തെങ്കിലും പിന്നീട് നല്ല കൂട്ടായി. ഇന്ന് ഒരു പേനയാണ് സമ്മാനം തന്നത്. ക്രിസ്റ്റിയുടെ ശല്യത്തിൽ നിന്നും രക്ഷിക്കുന്നത് സിബിയാണ്. എന്നാലും…ആലോചിച്ചിട്ട് ഒരു ക്ലൂ പോലും കിട്ടിയില്ല.

ക്രിസ്മസ് കഴിഞ്ഞു ക്ലാസ് തുടങ്ങി. ക്രിസ്റ്റിയും സിബിയും ഹോസ്റ്റലിലേക്ക് പോയി. ഇടയ്ക്ക് വരും വരുമ്പോൾ വീട്ടിൽ വരാറുണ്ട്. അതിൽ പിന്നെ ക്രിസ്റ്റി എന്നെ മങ്കി മോൾ എന്ന് വിളിച്ചിട്ടില്ല. എങ്കിലും വഴക്കുണ്ടാക്കാറുണ്ട്. വെറുതെ എന്തെങ്കിലും പറഞ്ഞത് ദേഷ്യം പിടിപ്പിക്കും. സിബി അധികം സംസാരിക്കാറില്ല.

അടുത്ത ഗിഫ്റ്റ് കിട്ടിയത് വാലന്റൈൻസ് ഡേക്ക് ആണ്. എന്റെ ബാഗിൽ നിന്നും. സ്കൂളിൽ നിന്ന് വന്നപ്പോൾ എല്ലാവരും വീട്ടിൽ ഹാളിൽ തന്നെ ഉണ്ട്, ബാഗ് അവിടെ തന്നെ വച്ച് ഞാൻ അവരോട് സംസാരിച്ചിരുന്നു. രാത്രിയാണ് കണ്ടത്. വീണ്ടും മോതിരം ഇത്തവണ ചുവന്ന കല്ല്. ഒരു കത്തുമുണ്ട്.

” മൈ ഡിയർ റിങ്കൂ,

തനിക്ക് ഞങ്ങളെ രണ്ടുപേരെയും സംശയം ഉണ്ടെന്നറിയാം. പക്ഷെ ഇത് തനിക്കുള്ള ഒരു ടെസ്റ്റ്‌ ആണ്. കാരണം കെട്ട് കഴിഞ്ഞാൽ ഭർത്താവിനെ മാറി പോകാൻ പാടില്ലല്ലോ. അന്ന് ആശുപത്രിയിൽ വച്ച് ആളുമാറി തല്ലിയത് പോലെ. അപ്പൊൾ ഞാൻ ആരാണെന്ന് കണ്ടുപിടിക്കണം പക്ഷെ ആരും അറിയാൻ പാടില്ല, പ്രത്യേകിച്ചും എന്റെ ട്വിൻ ബ്രദർ.

എന്ന് റിങ്കുവിന്റെ സ്വന്തം……..”

അതോടെ ഞാൻ കുറച്ചു സീരിയസ് ആയി. ഒന്നുകിൽ ക്രിസ്റ്റി ഒറ്റയ്ക്ക്, അല്ലെങ്കിൽ രണ്ടുപേരും കൂടി ചേർന്ന്, എന്നെ കളിയാക്കാൻ ഉള്ള പരിപാടിയാണ്.

അതോ ഇനി സിബി ആണോ?

എങ്കിൽ…?, സിബി ഇതുപോലെ കളിപ്പിക്കുന്ന സ്വഭാവം ഒന്നുമില്ലാത്ത ആളാണെന്ന് തോന്നുന്നു.

അപ്പോൾ ഇനി ഇത് സീരിയസായ ഇഷ്ടം തന്നെയാണോ ?

എന്തായാലും ഒന്ന് സൂക്ഷിക്കണം.

ഇതു കഴിഞ്ഞ് ഒരു ദിവസം അവർ രണ്ടുപേരും വീട്ടിൽ വന്നു. അപ്പോൾ ഞാൻ ഒരു മാസികയും വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ക്രിസ്റ്റി വന്നപ്പോൾ തന്നെ എന്നോട് ചോദിച്ചു. ” പരീക്ഷക്ക് പഠിക്കുവായിരിക്കുമല്ലേ റിങ്കു മോൾ?”

ആന്റിയോട് സംസാരിക്കുന്നത് നിർത്തി സിബി എന്നോട് ചോദിച്ചു..

“പരീക്ഷ അടുത്തില്ലേ?”

“പഠിക്കുന്നില്ല?”

“തനിക്ക് മാർക്കു കുറവാണെന്ന് പറയുന്നത് കേട്ടല്ലോ…?”

“പഠിച്ചാൽ അല്ലെ കിട്ടുകയുള്ളൂ. ഞാൻ ഒന്നും പറഞ്ഞില്ല.”

”ആ അങ്ങനെ ചോദിക്ക് സിബി” എന്ന് പറഞ്ഞു ആന്റി ഫോൺ എടുക്കാൻ അകത്തേക്കു പോയി.

ആന്റി അകത്തേക്കു പോയപ്പോൾ വരാന്തയിൽ ഞങ്ങൾ 3 പേര് മാത്രമായി. അപ്പോൾ സിബി ക്രിസ്റ്റി യോട് പറഞ്ഞു, ”ചില കുട്ടികൾ ഈ പ്രായത്തിൽ പ്രേമം, ബോയ്ഫ്രണ്ട് എന്നൊക്കെ പറഞ്ഞു പഠിത്തം ഉഴപ്പും. അങ്ങനെയുള്ള പെൺകുട്ടികളെ എനിക്ക് ഇഷ്ടമല്ല… നിനക്കോ ക്രിസ്റ്റി? ”

“എന്തിന്റെ പേരിലായാലും ഉഴപ്പും മടിയും നല്ല ശീലമല്ല, അങ്ങനെ ഉള്ളവരെ എനിക്ക് ഇഷ്ടവുമല്ല”. ക്രിസ്റ്റി സിബിയോട് പറഞ്ഞു. രണ്ടുപേരും എന്നെ നോക്കുന്നില്ല.

എനിക്ക് ആകെ കൺഫ്യൂഷൻ ആയി. രണ്ടുപേരും പറയുന്നത് കേട്ടിട്ട്. രണ്ടുപേർക്കും എന്റെ പഠന കാര്യത്തിൽ ഇൻട്രസ്റ്റ് ഉണ്ട്. പഠിച്ചില്ലെങ്കിൽ ഇട്ടിട്ടു പോകും എന്നാണോ ഭീഷണി. പക്ഷേ ആര്.. ഇന്നത്തെ സംസാരത്തിൽ നിന്ന് രണ്ടുപേർക്കും ആ കത്തിന്റെ കാര്യത്തിൽ അറിവുള്ളതുപോലെ തോന്നി. രണ്ടും കൂടെ കളിപ്പിക്കുവാണോ?

ഇത്രയും നാൾ വീട്ടുകാരോടുള്ള വാശിക്ക്, ഉഴപ്പി നടന്നു. പഠിക്കാനുള്ള താല്പര്യം നഷ്ടപ്പെട്ടു. പഠിക്കാത്തതിന് എല്ലാവരും ചീത്ത പറയാറുണ്ട്. പക്ഷേ അതേ കാര്യത്തിൽ അവരുടെ മുൻപിൽ അങ്ങനെ നിൽക്കേണ്ടി വന്നപ്പോൾ… അവർ രണ്ടുപേരും പഠിക്കാൻ മിടുക്കന്മാരാണ് എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോൾ അവർ പറഞ്ഞതുകൊണ്ട് മാത്രം പഠിച്ചു തുടങ്ങാൻ ഒരു മടി.

പഠിച്ചാൽ കൊള്ളാമെന്നു തോന്നുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ആന്റി എന്നോട് ചോദിച്ചു, “റിങ്കു മോൾക്ക് ട്യൂഷന് പോകണോ?”

ഞാൻ വേഗം സമ്മതിച്ചു. സ്കൂളിന്റെ അടുത്ത് തന്നെയുള്ള ട്യൂഷൻ സെന്റർ. രാവിലെയും വൈകിട്ടും ട്യൂഷൻ. എക്സാം അടുത്തതുകൊണ്ട് ഒരു മാസം പോകേണ്ടിവന്നുള്ളൂ. പക്ഷെ നല്ല മാറ്റം ഉണ്ടായിരുന്നു.

ഒരു മാസം വെക്കേഷൻ. വീട്ടിൽ പോയി നിന്നു കുറച്ചു ദിവസം. ചേച്ചിമാർ രണ്ടു പേരും വീട്ടിലുണ്ട്. റിനിചേച്ചിക്കും വിശേഷം ഉണ്ട്, റിമിച്ചേച്ചിക്ക്   രണ്ടു മാസം കഴിഞ്ഞിട്ടാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്.

കുറെ നാളിനു ശേഷം എല്ലാവരെയും കണ്ടിട്ടും എനിക്ക് വലിയ സന്തോഷം ഒന്നും തോന്നിയില്ല. കഴിഞ്ഞ ക്രിസ്മസ് വരെയുള്ള ഒരു ആഗ്രഹവും എനിക്ക് ഇപ്പോൾ ഇല്ല.

വീട്ടിൽ ചേച്ചിമാരുണ്ട്. അതുകൊണ്ട്, വല്യമ്മച്ചിയെ അപ്പച്ചന്റെ അനിയന്റെ വീട്ടിലേക്കു കൊണ്ടുപോയി. അമ്മച്ചിക്ക് എല്ലാം കൂടി വയ്യ. ഞാൻ ഒത്തിരി ജോലികൾ ചെയ്തു അമ്മച്ചിയെ സഹായിച്ചു, അമ്മച്ചിക്ക് അത് വലിയ ആശ്വാസമായി. എനിക്കിപ്പോ അത്യാവശ്യം ജോലികൾ ഒക്കെ അറിയാം. ചേച്ചിമാരും അപ്പച്ചനും ഞാനുണ്ടാക്കിയ കറികൾ ഒക്കെ കഴിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. പ്ലസ് 2 ക്ലാസ്സ്‌, ട്യൂഷൻ ഒക്കെ ഉള്ളത് കൊണ്ട് ഞാൻ വേഗം തിരിച്ചു പോന്നു. അങ്കിൾ കൊണ്ടുപോകാൻ വന്നപ്പോൾ റിമി ചേച്ചി പറഞ്ഞു, അവിടെ നിന്ന് ഇവൾ കുക്കിംഗ്‌ ഒക്കെ പഠിച്ചല്ലോ, ഇനി അവിടെ തന്നെ നിർത്തിക്കോ എന്ന്. അപ്പോൾ അമ്മച്ചി പറഞ്ഞു.

“വേണ്ട ഒരു കൊല്ലം കഴിഞ്ഞിങ്ങു വാ. കുഞ്ഞോളുണ്ടായ കൊണ്ടാ എനിക്കിത്രയും ദിവസം ഒരു ആശ്വാസം ഉണ്ടായത് അല്ലെങ്കിൽ എനിക്ക് വയ്യാതായേനെ. ബാക്കി രണ്ടെണ്ണം വയറ്റിലുണ്ടെന്നും പറഞ്ഞു പിന്നെ അനങ്ങത്തില്ല”. എന്റെ കുഞ്ഞോളാ വയസാം കാലത്ത് എന്നെ നോക്കാനുണ്ടാവാ, അതെനിക്ക് ഇപ്പോഴേ തോന്നണുണ്ട്.

എനിക്ക് സന്തോഷമായി, ജോലി ചെയ്യാനാണെങ്കിലും ഞാൻ മാത്രമെ ഉപകാരപ്പെടു എന്നമ്മച്ചിക്ക് മനസിലായല്ലോ.

അപ്പച്ചൻ പെട്ടെന്ന് പറഞ്ഞു..” അതല്ലെങ്കിലും ഇളയ പിള്ളേരാ അപ്പനെയും അമ്മയെയും നോക്കേണ്ടത്, പിന്നെ ഇവളുമാർക്കൊക്കെ ജോലിക്ക് പോണ്ടേ, കുഞ്ഞോൾക്ക് ജോലിയൊന്നും  പറ്റുമെന്ന് തോന്നണില്ല, വീട്ടിലെ കാര്യങ്ങൾ അവള് നന്നായി നോക്കുന്നുണ്ട്, അതുമതി. അല്ലെങ്കിലും എല്ലാവരും ജോലിക്കാരായ പറ്റുവോ, കുടുംബം നോക്കാൻ ആരേലുമൊക്കെ വേണ്ടേ.. ”

എനിക്ക് സന്തോഷമായി, അപ്പച്ചൻ പറഞ്ഞതു കേട്ടപ്പോൾ. ഇളയ മക്കൾക്ക്‌ കുറച്ചു വിലയൊക്കെ ഉണ്ട് ഇപ്പൊ.

ഞാൻ ഒരു കൊല്ലം കഴിഞ്ഞു മടങ്ങി വന്ന് എല്ലാവരെയും നന്നായി നോക്കും. മനസിലുറപ്പിച്ചു.

സ്കൂൾ തുറന്നു. ആദ്യത്തെ മാസം മുതൽ ട്യൂഷൻ ഉണ്ടായിരുന്നു, ഞാനും നന്നായി ശ്രമിച്ചു, അതുകൊണ്ട് പേരെന്റ്സ് മീറ്റിംഗ് ന് ടീച്ചേഴ്‌സ് നല്ല അഭിപ്രായം പറഞ്ഞു. അങ്കിൾനു സന്തോഷം. കഴിഞ്ഞ വർഷം മുതൽ ട്യൂഷൻ പോകാമായിരുന്നു എന്ന് ആന്റി പശ്ചാത്തപിച്ചു. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഒരു സമ്മാനപ്പൊതി എന്നെ തേടിയെത്തി. വീണ്ടും മോതിരം നീലക്കല്ല്, കത്തുമുണ്ട്.

”മൈ ഡിയർ റിങ്കു മോൾ……..

ടീച്ചേഴ്‌സ് നല്ല അഭിപ്രായം പറഞ്ഞെന്നു കേട്ടല്ലോ…. കൺഗ്രാജുലേഷൻസ്, അപ്പൊ ബുദ്ധിയുണ്ട്, ആ ബുദ്ധി വച്ച് എന്നെയും കൂടി കണ്ടുപിടിക്ക്. പിന്നെ ഇതിന്റെയൊക്കെയിടയിൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെയ്ക്കരുത്. അതെല്ലാം നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ്.

റിങ്കുവിന്റെ സ്വന്തം…………….”

ഓണത്തിന്റെ എന്തോ പ്രോഗ്രാമിന് ക്ലബ്ബിൽ നിന്നും ഉള്ള അംഗങ്ങളുടെ കുട്ടികളെ വിളിച്ചിരുന്നു, എനിക്ക് ഈ വക ആഘോഷങ്ങൾ ഒന്നും താല്പര്യം ഇല്ല. എന്റെ ചേച്ചിമാർ ഒന്നും വിടാതെ എല്ലാത്തിനും പോകുമായിരുന്നു. അവർക്ക് പാട്ടു ഡാൻസും ഒക്കെ വശമുണ്ട് എനിക്ക് അതൊന്നും അറിയില്ല. എന്തായാലും പ്രോഗ്രാമിന് വരില്ല എന്ന് ഞാൻ അറുത്തു മുറിച്ചു പറഞ്ഞത് എല്ലാവരും അറിഞ്ഞു എന്ന് തോന്നുന്നു. അതിന്റെയാണ് അവസാന വരി.

ഇവരെന്താ എന്നെ ഉപദേശിച്ചു നന്നാക്കാൻ കൊട്ടേഷൻ എടുത്തിട്ടുണ്ടോ. ഇനി അങ്കിളും ആന്റിയും കൊടുത്ത കൊട്ടെഷൻ ആണോ. ഞാൻ പഠിക്കാൻ വേണ്ടി.

അയ്യേ! അങ്ങനൊക്കെ ആരെങ്കിലും ചെയ്യോ…?

ഞാൻ പോകില്ല എന്ന് പറഞ്ഞിട്ടും ആന്റി എനിക്ക് നീലക്കരയുള്ള പട്ടു പാവാടയുടെ സെറ്റ് തയ്ക്കാൻ കൊടുത്തിട്ടുണ്ട്, അതവരും കൂടെ അറിഞ്ഞു കൊണ്ടാണോ.

“മോതിരത്തിലെ നീലക്കല്ല്? “

എന്റെ സംശയം ഇപ്പോൾ ബലപ്പെട്ടു, പക്ഷെ ആ ഡ്രെസ്സ് സെലക്ട്‌ ചെയ്തത് ഞാൻ തന്നെയാ ആന്റി പറഞ്ഞിട്ട്. അത് പ്രോഗ്രാമിന്റെ കാര്യം ഞാൻ അറിയുന്നതിന് മുൻപ്.

അപ്പൊ അങ്ങനെയല്ല,

പക്ഷെ, ചുവപ്പും വെള്ളയും കല്ലുകൾ എല്ലാം എന്റെ കയ്യിലുള്ള ഡ്രെസ്സിനു മാച്ചിംഗ് ആണല്ലോ. അപ്പൊ എന്റെ ഡ്രെസ്സ്… അതൊക്കെ ശ്രദ്ധിക്കുന്നുണ്ട്. കളിപ്പിക്കാൻ ആണെങ്കിൽ കത്ത് മാത്രം പോരെ. മോതിരം വാങ്ങി ഗിഫ്റ്റ് പാക്ക് ചെയ്യണോ?

എന്തായാലും സീരിയസ് ആണെങ്കിൽ ഞാനും സീരിയസ് ആകും. അതെന്റെയൊരു സ്വീറ്റ് റിവേഞ്ജ് ആയിരിക്കും. ചേച്ചിമാർക്ക് കിട്ടാത്ത ഇരട്ടകളിലൊരാളെ എനിക്ക് കിട്ടുകയല്ലേ. അപ്പച്ചനും അമ്മച്ചിയും പിന്നെ എല്ലാവരും അവർക്ക് വേണ്ടി തിരഞ്ഞതല്ലേ.

മാത്രമല്ല സ്റ്റെല്ല ആന്റി പറഞ്ഞത് അവരുടെ ഫാമിലിയിൽ ഒരു പാട് ഇരട്ട കുട്ടികൾ ഉണ്ടെന്നാണ്, അതുകൊണ്ട് ക്രിസ്റ്റിയ്കും സിബിയ്ക്കും ഇരട്ട കുട്ടികൾ ആയിരിക്കാൻ സാധ്യത ഉണ്ടെന്നും പറഞ്ഞു. അത് കൊള്ളാം… അതും കൂടി ആയാൽ എന്റെ പ്രതികാരത്തിനു ഡബിൾ എഫക്ട് ആയിരിക്കും.

ഞാൻ മൂന്നു മോതിരവും എടുത്തു നോക്കി. നല്ല ഭംഗിയുണ്ട്, ഞാൻ ഇതുവരെ ഇതൊന്നും വിരലിലിട്ട് നോക്കിയിട്ടില്ല.

നോക്കണോ…?

വേണ്ട…

അവർ എന്നെ കളിപ്പിക്കുന്നതാണെ ങ്കിൽ?

ഇനി സത്യമാണെങ്കിലും

ആരാണെന്ന് പോലും മനസിലാക്കാൻ എനിക്ക് ആയിട്ടില്ല….

ഞാൻ അതിന് ശ്രമിക്കില്ല….

ഈ വർഷം കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് പോകും..

വെറുതെ എന്തിനാ അതിനിടയിൽ…

ആരെങ്കിലും അറിഞ്ഞാൽ…..?

അറിഞ്ഞാലെന്താ…..?

എന്നെ വേണ്ടാത്തത് കൊണ്ടല്ലേ ഇവിടെ കൊണ്ട് താമസിപ്പിച്ചിരിക്കുന്നത്, ചേച്ചിമാരെ എപ്പോഴും കാണണം എല്ലാവർക്കും. അവരിപ്പോൾ വലുതായില്ലേ? എന്നെയല്ലേ ഇപ്പോൾ സൂക്ഷിക്കേണ്ടത്?

ഈ പ്രായത്തിൽ കുട്ടികളെ അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ടതിനെ പറ്റി ഒരു ക്ലാസ്സ്‌ ഉണ്ടായിരുന്നല്ലോ കഴിഞ്ഞ വർഷം. അത് കേൾക്കാൻ പോലും എന്റെ അപ്പനും അമ്മയും ഇല്ലായിരുന്നു. ആന്റി മാത്രം വന്നു.

എനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലല്ലോ… അപ്പൊ ഞാൻ ചിലപ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കി എന്നൊക്കെ വരും.

ചീത്തപ്പേരുണ്ടാക്കാനും സാധ്യത ഉണ്ട്. അതൊന്നും എന്റെ പ്രശ്നമല്ല……

പക്ഷെ……..

വീട്ടിൽ നിന്ന് തല്ല് കിട്ടും.

അതൊന്നും വയ്യ…..

അതൊന്നും വേണ്ട….

അല്ലെങ്കിലും എനിക്ക് അവരോട് പ്രേമമൊന്നുമില്ല.

ക്രിസ്റ്റിയുമായി വഴക്കുണ്ടാക്കുമെങ്കിലും അവരെ രണ്ടു പേരെയും എനിക് ഇഷ്ടമാണ്. അവർ എനിക്ക് ബര്ത്ഡേയ്ക്കു ഗിഫ്റ്റ് തന്നിട്ടുണ്ട്. പഠിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, വല്ലപ്പോഴും കാണാറുള്ളു എങ്കിലും നല്ല കൂട്ടുകാരാണ്. രണ്ടു പേരും നന്നായി പഠിക്കും, മിടുക്കന്മാരാണ്. എല്ലാവർക്കും നല്ല അഭിപ്രായം ആണ്.

പിന്നെ ഇരട്ടകൾ ആയതു കൊണ്ട് ആദ്യം ദേഷ്യം ആയിരുന്നെങ്കിലും, ഇപ്പൊ മാറി ചിന്തിച്ചു തുടങ്ങി.

എന്തായാലും ആദ്യം അവർ തന്നെ സസ്പെൻസ് പൊളിക്കട്ടെ..

എനിക്ക് വയ്യ. ഇനി കളിപ്പിക്കാൻ വേണ്ടി ആണെങ്കിൽ……വീണ്ടും നാണക്കേട്.

എന്തായാലും ഓണം പ്രോഗ്രാമിന് പോയിരുന്നു. ഒന്നിലും പങ്കെടുത്തില്ല. പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് മേക്കപ്പ് ഇട്ട് കൊടുത്തു, സാരിയൊക്കെ ഉടുപ്പിച്ചു കൊടുത്തു. മുടിയും സെറ്റ് ചെയ്തു കൊടുത്തു. സാരിയുടുപ്പിക്കാൻ എനിക്ക് നന്നായി അറിയാം.വല്യമ്മച്ചിയ്ക് കൈ വയ്യാത്തത് കൊണ്ട് ഞാനാണ് സാരി ഉടുപ്പിച്ചു കൊടുക്കാറുണ്ടായിരുന്നത്. അതു കൊണ്ട് തന്നെ അമ്മച്ചിയും എന്നെ സഹായത്തിനു വിളിയ്ക്കാറുണ്ടായിരുന്നു. അത് പോലെ മേക്കപ്പ് ചെയ്യാനും എനിക്കിഷ്ടായിരുന്നു. പക്ഷെ വല്യമ്മച്ചിക്ക് അതൊന്നും ഇഷ്ടം ഇല്ലാത്തത് കൊണ്ട് വീട്ടിലാരും ചെയ്യാറില്ല. അതിവിടെ ഗുണമായി.

എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. മേക്കപ്പ്നും ഡ്രെസ്സിനും. ഒരുപാട് സന്തോഷമായി, എനിക്ക് കിട്ടുന്ന ആദ്യത്തെ അംഗീകാരമാണ്. ഒരു സമ്മാനവും കിട്ടി ക്ലബ് ന്റെ വക. വലിയൊരു മേക്കപ്പ് കിറ്റ്. ഞാൻ ക്രിസ്റ്റിയ്കും സിബിയ്ക്കും മനസ്സിൽ നന്ദി പറഞ്ഞു.

ആ മേക്കപ്പ് കിറ്റാണ് എന്റെ ജീവിതത്തിന് ഒരു മേക്കോവർ നൽകിയത്. അവിടെയുള്ള പല പ്രോഗ്രാമുകൾക്കും ചടങ്ങുകൾക്കും ആന്റി എന്നെ കൊണ്ടുപോയി. ബ്യൂട്ടീഷനെ വിളിക്കുന്ന പണചെലവ് ഒന്നുമില്ലല്ലോ ഞാൻ ആകുമ്പോൾ. പക്ഷെ ചെറിയ പോക്കറ്റ് മണി എല്ലാവരും തരുമായിരുന്നു, ചെറിയ മേക്കപ്പ് കിറ്റുകളും സമ്മാനമായി പലയിടത്തു നിന്നും കിട്ടി. ഇതിന്റെ പേരിൽ പഠിത്തം ഉഴപ്പരുതെന്ന് അങ്കിളിന്റെ കർശന നിർദേശം ഉണ്ടായിരുന്നു. ഞാൻ സന്തോഷത്തോടെ പഠിത്തവും ശ്രദ്ധിച്ചു.

ഭാവിയെ കുറിച്ച് ഞാൻ സ്വപ്നങ്ങൾ കാണാൻ തുടങ്ങി. വീടിനടുത്തു പാർലർ തുടങ്ങുന്നത് മുതൽ സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റിനുള്ള അവാർഡ് വാങ്ങുന്നത് വരെ ഞാൻ സ്വപ്നം കണ്ടു.

അടുത്ത ക്രിസ്മസ് ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒന്നാണ്, ഒരുപാട് പ്രോഗ്രാംസ് ഉണ്ട്, എല്ലായിടത്തും ഞാൻ വേണം. എനിക്കിപ്പോ ഒരു പാട് കൂട്ടുകാരുണ്ട് പല പ്രായക്കാർ. അവരുടെ കൂടെ ഡാൻസ് ന്റെ രണ്ടു സ്റ്റെപ് വെയ്ക്കാനും എനിക്കിപ്പോ മടിയില്ല.

അടുത്ത സമ്മാനപ്പൊതി ക്രിസ്മസിനു  കുറച്ചു ദിവസം മുൻപ് വീണ്ടും എന്റെ ബാഗിൽ നിന്ന്, അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ആ ദിവസം സ്കൂൾ വിട്ട് നേരെ അവരുടെ വീട്ടിലേക്കാണ് പോയത്. രണ്ടു പേരും വന്നിട്ടുണ്ട്. അവിടുത്തെ അങ്കിളിനു വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തിരിച്ചു കൊണ്ട് വന്ന ദിവസം ആയിരുന്നു അത് . 3 മണിക്കൂർ എങ്കിലും കഴിഞ്ഞു തിരിച്ചു പോരാൻ. എന്റെ ബാഗ് അവിടെ കബോർഡിൽ വച്ചിരുന്നു.  രണ്ടുപേരും ആ പരിസരത്തു തന്നെ ഉണ്ടായിരുന്നു എങ്കിലും ഞാൻ ശ്രദ്ധിക്കാൻ പോയില്ല ആരാണെന്ന്.

വീട്ടിൽ ചെന്ന് ഞാൻ വേഗം ബാഗ് തുറന്നു നോക്കി, അകത്തെ അറയിൽ കുഞ്ഞു ബോക്സ്‌, വീണ്ടും മോതിരം പച്ച കല്ല്.. കത്തുമുണ്ട്.

”ഡിയർ റിങ്കു,

ഈ കത്ത് അവസാനത്തെയാണ്. ഈ ക്രിസ്മസ് ന് നാട്ടിൽ പോകരുത്. ഇത് നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ വെക്കേഷൻ ആയിരിക്കും. കൂടുതൽ ഒന്നുമാലോചിക്കേണ്ട, ഫൈനൽ എക്സാം നന്നായി എഴുതുക…”

അവസാനത്തെ വെക്കേഷനോ, അതെ… ഞാനും ഈ വർഷം കഴിഞ്ഞാൽ പോകുമല്ലോ, പക്ഷെ…

അത് തന്നെയാണോ എഴുതിയിരി ക്കുന്നത്. പിറ്റേന്ന് വെറുതെ വീണ്ടും ആ വീട്ടിൽ പോയി. എല്ലാവരും ഉണ്ട്, എന്നാൽ ആകെ ഒരു മൂകത. എപ്പോഴും ചിരിയും കളിയും നിറഞ്ഞ സ്ഥലത്ത് ആകെ ഒരു വല്ലാത്ത അവസ്ഥ. അങ്കിൾ വയ്യാതെ കിടക്കുന്ന വിഷമം മാത്രമല്ല അത്. സ്റ്റെല്ല ആന്റിയുടെ മുഖത്ത്, അടക്കിപ്പിടിച്ച ഒരു അമർഷമുണ്ട്. എനിക്കങ്ങനെ തോന്നി. സിബിയും ക്രിസ്റ്റിയും ശരിക്ക്‌ മുഖത്തേക്ക് പോലും നോക്കുന്നില്ല.ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു പിന്നെ തിരിച്ചു പോന്നു.

പിന്നെ ക്രിസ്മസ് ന്റെ സന്തോഷം ഒന്നും അവരുടെ വീട്ടിൽ കണ്ടില്ല. എന്നാൽ പുൽകൂടും സ്റ്റാറുമെല്ലാം അവർ രണ്ടുപേരും കൂടി ഒരുക്കുന്നുമുണ്ടായിരുന്നു. ഇവിടെ ഞങ്ങൾ 3 പേരുടെ കൂടെ അടുത്തുള്ള മറ്റു ചിലരും കൂടെ വന്ന് എല്ലാം ചെയ്തു. മുൻപത്തെ പോലെയല്ല എനിക്ക് ഒരുപാട് പ്രോഗ്രാംസ് ഉണ്ട്. തിരക്കാണ്.

ക്രിസ്മസ് തലേന്ന് പള്ളിയിൽ നിന്നും വന്നപ്പോൾ ഞാൻ ഓടിപ്പോയി റൂമിലെ ജനാലയ്ക്കരികിൽ നോക്കി, ഒന്നുമില്ല. ഞാൻ അവിടെയൊക്കെ നോക്കി. വെറുതെ. എന്തോ ഒരു വിഷമം പോലെ. എന്റെ ക്രിസ്മസ് പഴയ പോലെ തന്നെ ആയോ?

കാളിംഗ് ബെൽ ന്റെ ശബ്ദം കേട്ട്, താഴേക്ക് വന്നപ്പോൾ രണ്ടുപേരുമുണ്ട്, എന്നെ കണ്ടപ്പോൾ പിറന്നാൾ ആശംസകൾ പറഞ്ഞു, ഒരേ പോലുള്ള ഓരോ ചോക്ലേറ്റ് ബാർ എന്റെ നേരെ നീട്ടി.

” ഞങ്ങൾ ഇവിടെ നിന്ന് പോകുകയാണ്”

സിബി പറഞ്ഞു.

” എങ്ങോട്ട് ” ഞാൻ ക്രിസ്റ്റിയെ നോക്കി.

അവൻ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

“എങ്ങോട്ടാ പോകുന്നെ? “

“അത് ”

“Happy birthday റിങ്കു…”

ആന്റി ഒരു ഗിഫ്റ്റ് പാക്കറ്റുമായി അടുത്തേക്ക് വന്നു. അങ്കിൾ ന്റെ കയ്യിൽ കേക്ക് ഉണ്ട്.

ഞങ്ങൾ രാവിലെ വാങ്ങിയ കേക്ക് അല്ലല്ലോ… അത് ക്രിസ്മസ് കേക്ക് അല്ലേ….

“ഇതെപ്പോ വാങ്ങി…” ഞാൻ അത്ഭുതപ്പെട്ടു.

“അതൊക്കെ വാങ്ങി”, ആന്റി പറഞ്ഞു.

“വാ നമുക്ക് തുടങ്ങാം…. നേരം ഒരുപാടായി.”

കേക്ക് കട്ട്‌ ചെയ്തു കഴിഞ്ഞ സമയത്ത് സ്റ്റെല്ല ആന്റി പെട്ടെന്ന് അകത്തേക്കു വന്നു. ഒരു ഗിഫ്റ്റുണ്ട് കയ്യിൽ.

” ഇതൊരു സാരിയാണ്, മോൾ സാരി ഉടുത്തു തുടങ്ങുമ്പോൾ എടുക്കാം “, ആന്റി പറഞ്ഞു.

” ആന്റി നിങ്ങൾ എവിടെക്കാ പോകുന്നത്? ”

ആന്റി എന്നെ നോക്കി.

“സിബി പറഞ്ഞല്ലോ നിങ്ങൾ പോകാണെന്ന്.”

” മ്മ്, ആന്റീടെ ബ്രദർ ഡെൽഹീലുണ്ട് അങ്ങോട്ടാ, പോകേണ്ട കാര്യമുണ്ട്.”

“അപ്പൊ ഇവരുടെ ക്ലാസ്സ്‌ ഒക്കെ ”

“ആ അത് ഒക്കെ ശരിയാക്കും ”

” എന്നാ പോകുന്നെ ”

“മറ്റന്നാൾ…”

മ്മ്…

” ഞാൻ ചിലതൊക്കെ കേട്ടു സ്റ്റെല്ല, അതിനു നാടു വിട്ടു പോകണോ?”, അങ്കിൾ ചോദിച്ചു.

സ്റ്റെല്ല ആന്റിയുടെ മുഖം വലിഞ്ഞു മുറുകി.

“ആ.. ഉപദേശിക്കാൻ എളുപ്പമാ, അനുഭവിക്കുന്നവർക്ക് അറിയാം. “ ആന്റി യുടെ ശബ്ദം കടുത്തു.

”കാഴ്ചയിൽ മാത്രമാ ഇരട്ടകൾ, ഇവൻ എന്റെ വയറ്റിൽ പിറന്നതാന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ?”

“സ്റ്റെല്ല…”,  അങ്കിൾ കയ്യുയർത്തി തടഞ്ഞു.

“ഒരു ലിമിറ്റ് വേണം….പറയുന്നതിന്..”

” അതെ,.. ലിമിറ്റ് വേണം, ഇവന് ഒരു കാര്യത്തിലും അതില്ല. ” വളർത്തി വഷളാക്കി. ക്രിസ്റ്റിയെ ചൂണ്ടിയാണ് പറഞ്ഞത്.

അവൻ ടീവി യിലേക്ക് നോക്കിയാണ് ഇരിക്കുന്നത്.

” ഇവൻ കാരണം പാവം എന്റെ സിബിയും കൂടെ… പഴേ പോലെ ആയിരുന്നെങ്കിൽ അവനെയെങ്കിലും എനിക്ക്… ഇതിപ്പോ അവനും തല തിരിഞ്ഞു പോകുമെന്നാ തോന്നുന്നേ….”

“മരിച്ചു പോയവർക്ക് ഒന്നും അറിയണ്ടല്ലോ, ജീവിച്ചിരിക്കുന്നവരാ എല്ലാം അനുഭവിക്കുന്നെ”

” ഇത്രയൊക്കെ പറയാൻ മാത്രം ഒന്നുമുണ്ടായില്ലല്ലോ, കോളേജിൽ ഇതൊക്കെ പതിവാ“, അങ്കിൾ പറഞ്ഞു.

” ആ പതിവൊന്നും നല്ല പിള്ളേർക്ക് പറഞ്ഞിട്ടുള്ളതല്ല, പഠിക്കാൻ വിട്ടാൽ പഠിക്കണം”. ആന്റി.

” അതിനവർ നന്നായിട്ട് പഠിക്കുന്നുണ്ടല്ലോ ”

” പഠിച്ചാൽ മാത്രം പോരെ, മറ്റുള്ളവരുമായി തല്ലുണ്ടാക്കണോ?”

” നിനക്കെന്താ സ്റ്റെല്ല, കോളേജിൽ ആൺപിള്ളേര് തമ്മിൽ പ്രശ്നം ആദ്യായിട്ടാണോ നീ കേൾക്കുന്നേ? അതും സിബി പറഞ്ഞു കേട്ടതല്ലേ? കോളേജിൽ നിന്നൊരു പരാതി പോലും വന്നിട്ടില്ല, പിന്നെ നീയെന്തിനാ വെറുതെ…

കോളേജ് മാറുന്നു…,

നാട് വിട്ടു പോകുന്നു.”അങ്കിൾ ചോദിച്ചു.

” സിബി പറഞ്ഞത് ഉള്ളതല്ലേ?

ഇവനാണെന്നോർത്ത് അവന്മാർ എന്റെ സിബിയെ എന്തേലും, അതാ എന്റെ പേടി…. അന്ന് നമ്മുടെ റിങ്കുമോൾ വരെ എന്റെ സിബിയെ തല്ലിയില്ലേ ഇവൻ കാരണം”

“ഓഹ്, അത് ”

“ഇവൻ ചെയുന്നതിനൊക്കെ കൂലി കിട്ടുന്നത് എന്റെ സിബിയ്ക്കാ, ഇനിയും എന്തൊക്കെ ആണാവോ? “ സ്റ്റേല്ലാന്റി കിതച്ചു.

“റിങ്കുവിന് ഒരബദ്ധം പറ്റിയതല്ലേ ”

“അതെ, അത് പോലെ ഇനിയെതേലും പെൺപിള്ളേർ തല്ലാൻ വരുമോ എന്നാർക്കറിയാം?”

“പെൺപിള്ളേർ എന്തിനാ തല്ലുന്നേ, അവരുമായിട്ടെന്താ? “,അങ്കിൾ ചോദിച്ചു.

” എന്തോ കത്തിടപാട് നടക്കുന്നുണ്ടെന്ന് സിബി പറഞ്ഞു ”.

ആ ഒറ്റ നിമിഷം, ടീവി യിൽ നിന്ന് ക്രിസ്റ്റിയുടെ നോട്ടം എന്റെ മുഖത്തേക്കായി. അപ്പോൾ ഞാനുറപ്പിച്ചു ഇവൻ തന്നെയാണ്… എനിക്കും കത്ത് എഴുതുന്നത്.

” കത്തിടപാടോ, അത് പെങ്കൊച്ചും കൂടെ അറിഞ്ഞോണ്ടായിരിക്കില്ലേ? ഇവനെ മാത്രം പറയാൻ പറ്റുമോ”. അങ്കിൾ ആണ്

“അതെ, പെൺപിള്ളേരും കണക്കാ…” ആന്റി പറഞ്ഞു.

ഞാൻ ഞെട്ടിപ്പോയി, ഇതവന്റെ ട്രാപ്പ് ആണോ..എന്നെ എല്ലാവരുടെയും ചീത്ത കേൾപ്പിക്കാൻ. അല്ലെങ്കിൽ തന്നെ ഇപ്പോഴാണ് ജീവിതത്തിൽ എന്തെങ്കിലും ഒരു സന്തോഷം ഉണ്ടായി വന്നത്. മറ്റുള്ളവർ ഒന്ന് അംഗീകരിച്ചു തുടങ്ങിയത്. അങ്കിളിനും , ആന്റിയ്ക്കും എന്നോട് നല്ല സ്നേഹമാണ്.

പക്ഷെ ഞാൻ ഈ കത്ത് മറച്ചു വച്ചാൽ  അവസാനം എന്നെപ്പറ്റിയും ഇങ്ങനെ പറയില്ലേ? അങ്കിളും ആന്റിയും എന്തു വിചാരിക്കും ഞാൻ ഒറ്റയോട്ടത്തിന് മുകളിലെത്തി, എല്ലാ സമ്മാനപ്പൊതികളും എടുത്തു. കത്ത് മാത്രം താഴെ കൊണ്ടു വന്നു. ആന്റിയുടെ കയ്യിൽ കൊടുത്തു, പേടിയോടെ ആണെങ്കിലും കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു. ക്രിസ്റ്റിയെയും സിബിയേയും നോക്കിയില്ല. ആരെയും നോക്കിയില്ല.

സ്റ്റെല്ല ആന്റിയും അങ്കിളും കത്ത് വായിച്ചു.

ആ സമയത്ത് ക്രിസ്റ്റിയെ നോക്കിയ ഞാൻ ഭയന്ന് പോയി. അവൻ ടീവി യിൽ തന്നെ നോക്കിയിരിക്കുകയാണ്. ആരെയും നോക്കുന്നില്ല, മുഖത്ത് വല്ലാത്തൊരു ഭാവം. ഇങ്ങനെ ചെയ്തത് കൊണ്ട് അവന് ദേഷ്യം കൂടിയിട്ടുണ്ടാകും, തല ചുറ്റുന്ന പോലെ തോന്നി. ഇനിയിപ്പോ എന്താണ്‌ ഉണ്ടാവുക.

കത്ത് വായിച്ചു കഴിഞ്ഞു സ്റ്റെല്ല ആന്റി എന്നെ ഒന്ന് നോക്കി, ഞാൻ എന്റെ ആന്റിയുടെ കയ്യിൽ മുറുകെ പിടിച്ചു. എല്ലാവരും സ്റ്റെല്ല ആന്റിയെ തന്നെ നോക്കുകയാണ്, ക്രിസ്റ്റി ഒഴികെ. ആന്റി പെട്ടെന്ന് കത്ത് ക്രിസ്റ്റിയുടെ മുൻപിലേക്ക് പിടിച്ച് ‘എന്താടാ ഇത്?’ എന്ന് ചോദിച്ചു.

“മമ്മി വായിച്ചില്ലേ?”

ഒറ്റയടിയായിരുന്നു , ക്രിസ്റ്റിയുടെ മുഖത്ത്.

അവൻ അനങ്ങാതെ അവിടെ തന്നെ നിന്നു.

” ഈ സ്കൂളിൽ പഠിക്കുന്ന പെങ്കൊച്ചിന് നീ എഴുത്തു കൊടുക്കുമല്ലേ? “

വെറുതെയല്ല ദൈവം വീട്ടിലൊരു പെൺകുട്ടിയെ തരാതിരുന്നത്.

” ഓ, അതെന്റെ കുറ്റമാണല്ലേ, അല്ലാതെ നിങ്ങളുടെയല്ല?”, ക്രിസ്റ്റി ചിരിച്ചു.

“ക്രിസ്റ്റി…”

” മമ്മി വെറുതെ അലറണ്ട “

സ്റ്റെല്ലാന്റി തല്ലാൻ ഓങ്ങിയ കൈ ക്രിസ്റ്റി തടഞ്ഞു.

” നീയെന്നെ മമ്മീന്ന് വിളിക്കണ്ട, അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത ഒരുത്തനെ എനിക്ക് മകനായിട് വേണ്ട, എനിക്ക് ഒന്നേയുള്ളെന്ന് ഞാൻ കരുതിക്കോളാം “.

” അതല്ലെങ്കിലും നിങ്ങൾക്ക് ഒരു മകനല്ലേയുള്ളൂ? സിബി. ഞാൻ ഭർത്താവിന്റെ അമ്മയുടെ വളർത്തു പുത്രൻ അല്ലേ? വല്യമ്മച്ചിയും അപ്പച്ചനും മരിച്ചതിനു ശേഷമല്ലേ നിങ്ങൾ എന്നെ അടുത്തൊന്നു കാണുന്നത്. ”

ക്രിസ്റ്റി ടീവി ഓഫ്‌ ചെയ്തു.

“ഇത്രയും നാൾ കിട്ടാതിരുന്ന സ്നേഹം മുഴുവൻ എനിക്ക് കിട്ടുമെന്നാ അപ്പോൾ ഞാൻ വിചാരിച്ചത്. എന്നാൽ ഈ നാലു വർഷത്തിനിടയിൽ വല്യമ്മച്ചിയുടെ വളർത്തു ദോഷം പറഞ്ഞ് എന്നെ കുറ്റപ്പെടുത്താത്ത, നിങ്ങൾ വളർത്തിയ മകന്റെ ഗുണങ്ങൾ എണ്ണിപ്പറയാത്ത, ദിവസങ്ങൾ എത്രയുണ്ടാകും?”

സ്റ്റെല്ലാന്റി കരയാൻ തുടങ്ങി.

” ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്റെ നന്മയ്ക്കു വേണ്ടിയാ, അതിനെങ്ങനാ കൊഞ്ചിച്ചു വഷളാക്കി വച്ചിരിക്കുന്നവന്റെ തലയിലോട്ട് ഇത് വല്ലതും കയറണ്ടേ? എന്നിട്ടിപ്പോ എന്നെ ചോദ്യം ചെയ്യുന്നു. നിന്നെയും ഇവനെയും ഞാൻ ഒരുമിച്ചു…. ”

ക്രിസ്റ്റി അത് തടഞ്ഞു.

” മതി, അതിനി പറയേണ്ട,”

” വേണ്ടെടാ, നീ നിന്റെ ഇഷ്ടം പോലെ ജീവിച്ചോ, നിന്റെ കൂടെ ഇവിടെ നിർത്തി എന്റെ കൊച്ചിന്റെ ഭാവി കളയാൻ എനിക്ക് പറ്റില്ല…”

ക്രിസ്റ്റി സിബിയെ നോക്കി, ഞാനും. സിബി ആകെ വിഷമിച്ചു നില്കുകയാണ്‌. കണ്ണ് തുടയ്ക്കുന്നുണ്ട്. സ്റ്റെല്ല ആന്റി സിബിയുടെ കൈ പിടിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു.

” റിങ്കു മോളെ, അവൻ ചെയ്തതിന് ഞങ്ങൾ മാപ്പ് ചോദിക്കുന്നു. ഞങ്ങളോട് വെറുപ്പൊന്നും തോന്നരുത്, ഞാനോ സിബിയോ അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു. മോള് അതൊന്നും ഓർത്ത് വിഷമിക്കരുത്. ഇപ്പോൾ ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞല്ലോ അതുപോലെ തന്നെ ഇനിയും ദൈവഭയത്തോടെ നല്ല കുട്ടിയായി ഇരിക്കണം. നന്നായിട്ട് പഠിക്കണം. ”

അവർ അങ്കിളിനോടും ആന്റിയോടും മാപ്പ് ചോദിച്ചു ഇറങ്ങിപ്പോയി.

എനിക്ക് പെട്ടെന്ന്   ഒന്നും മനസിലായില്ല. ക്രിസ്റ്റി എന്തൊക്കെയാണ് പറഞ്ഞത്. അവൻ എന്നെ ചീത്ത പറയുന്നതും കളിയാക്കുന്നതും അല്ലാതെ വേറെ ഒന്നും പറഞ്ഞ് ഞാൻ ഇതുവരെ കേട്ടിട്ടില്ല. സ്റ്റെല്ല ആന്റി എപ്പോഴും അവനെ ശാസിക്കാറുണ്ട്, അവൻ ചിരിച്ചു കൊണ്ട് തന്നെ എല്ലാം  അനുസരിക്കാറുമുണ്ട്. അതു കണ്ട് എനിക്കും ചിരി വരാറുണ്ട്. പക്ഷെ ഇത് അങ്ങനെയല്ല. അവന്റെ മുഖത്ത് ആ ചിരി ഉണ്ടായിരുന്നില്ല. മറ്റെന്തോ..

ക്രിസ്റ്റി പോയിട്ടില്ല. വാതിൽക്കൽ തന്നെ നിൽപ്പുണ്ട്. അങ്കിൾ അവനോട് വീട്ടിലേക്കു പോയ്കൊള്ളാൻ പറഞ്ഞു.

അവൻ പതുക്കെ പുറത്തേക്കിറങ്ങി. അങ്കിൾ വാതിലടച്ചു.

” മോള് റൂമിലേക്ക് പൊയ്ക്കോ “, ആന്റി പറഞ്ഞു. ഞാൻ റൂമിലേക്കോടി.

ജനാല വഴി ക്രിസ്റ്റിയുടെ വീട്ടിലേക്കു നോക്കി. മുൻവശത്തെ വാതിൽ അടഞ്ഞു കിടക്കുകയാണ്. ക്രിസ്റ്റി ഗേറ്റ് തുറന്നടക്കുന്ന ശബ്ദം കേട്ടു. പക്ഷെ വാതിലിനടുത്തേക്ക് ചെല്ലുന്നത് കണ്ടില്ല. ഞാൻ ഒരുപാട് നേരം അവിടെ നിന്നു, അവനെ കാണുന്നില്ല. ഗേറ്റ് തുറന്നു അകത്തു വന്നല്ലോ എന്നിട്ടെവിടെ പ്പോയി. വീടിനകത്തെ ലൈറ്റുകളെല്ലാം ഓഫായി. സമയം 2 പുലർച്ചെ മണി ക്രിസ്റ്റി ഈ ഇരുട്ടിൽ എവിടെയായിരിക്കും? ആന്റി വാതിലിൽ മുട്ടി.

” ഞാനിന്ന് ഇവിടെ കിടക്കാം, മോളിത് വരെ ഉറങ്ങിയിലല്ലേ…. എനിക്കറിയാം “.

” മോളെന്തിനാ കരഞ്ഞത്?“

ഞാൻ കരഞ്ഞോ? അത് അറിഞ്ഞതേയില്ല.

” മോൾ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, ഞങ്ങൾ വഴക്കും പറഞ്ഞിട്ടില്ല പിന്നെന്താ, ഞങ്ങളിത് വീട്ടിലൊന്നും പറയാൻ പോണില്ല. ”

” ആന്റി, ഞാൻ…. ”

” അത് വിട്ടേക്ക് റിങ്കു, കത്തൊക്കെ ഇനിയെത്ര കിട്ടാൻ കിടക്കുന്നു. എല്ലാറ്റിനും നമുക്ക് മറുപടി കൊടുക്കാൻ പറ്റുവോ “? ആന്റി ചിരിക്കാൻ തുടങ്ങി.

എനിക്ക് കുറച്ചു ആശ്വാസം തോന്നി. ആന്റിയുടെ അടുത്ത് വന്നു കിടന്നു. നാളെ നമുക്ക് ഒരിടത്തു പോകണം. മോളുറങ്ങിക്കോ “.

മ്മ്…

” ആന്റി, ക്രിസ്റ്റിയെ എന്തിനാ സ്റ്റെല്ല ആന്റി ”

” സ്റ്റെല്ല ആന്റിയും അങ്കിളും തമ്മിൽ കുറേക്കാലം പിരിഞ്ഞു താമസിക്കുക യായിരുന്നു, അവരുടെ കുടുംബകാര്യമാ.

അപ്പൊ സിബി അമ്മയുടെയും ക്രിസ്റ്റി പപ്പയുടെയും കൂട്ടത്തിലായി. വളരെ കുഞ്ഞിലേ തന്നെ. അവന്റെ പപ്പാ വിദേശത്തായിരുന്നു അന്നൊക്കെ. അതുകൊണ്ട് ക്രിസ്റ്റിയെ അവന്റെ പപ്പയുടെ അമ്മയും അപ്പച്ചനും ആണ് വളർത്തിയത്. അവൻ സ്കൂളിൽ പഠിക്കുമ്പോ തന്നെ അവരു കിടപ്പിലായി, അപ്പോഴും അവന്റെ പപ്പാ വിദേശത്താണ് ജോലി ചെയ്തിരുന്നത്. മമ്മിയും അവനെ കാണാൻ അങ്ങനെ വരറൊന്നുമില്ലായിരുന്നു.  അവര് തമ്മിൽ ഇപ്പൊ ഉള്ള സ്നേഹം അന്നില്ലായിരുന്നു. പ്രത്യേകിച്ചും വല്യമ്മച്ചിയും അപ്പച്ചനും ആയി സ്റ്റെല്ല ഉടക്കായിരുന്നു.”

“എന്നിട്ട് ”

വല്യമ്മച്ചിയും അപ്പച്ചനും മരിച്ചത് അവൻ 10ൽ പഠിക്കുമ്പോഴാ….. അവൻ ആകെ തകർന്ന് പോയിരുന്നു, എങ്കിലും അവനായിരുന്നു ആ വർഷവും സ്കൂൾ ടോപ്പർ. അത് കഴിഞ്ഞിട്ടാ സ്വന്തം പപ്പയും മമ്മിയും അവന്റെ കൂടെ താമസമാക്കിയത്. അതിന്റെയൊരു അടുപ്പക്കുറവ് അവന് അവരോട് എല്ലാവരോടും ഉണ്ട്. പക്ഷെ മോശമായി അവനെപ്പറ്റി ആരും ഒന്നും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. നന്നായിട്ട് പഠിക്കുകയും ചെയ്യും.ഇതിപ്പോ എന്തൊക്കെയാണോ…പിന്നെ സിബിയെപ്പോലെയല്ല, അവന് കുറെ ആഗ്രഹങ്ങൾ ഒക്കെ ഉണ്ട്, ചെറിയ വാശിയും പക്ഷെ സ്റ്റെല്ല അതൊന്നും സമ്മതിച്ചു കൊടുക്കില്ല. അവൻ ചെറുപ്പമല്ലേ..എന്നാലും ?

“അപ്പൊ, സിബിയ്ക് വാശിയില്ലേ ” ഞാൻ ചോദിച്ചു.

“സിബി മമ്മിയെ എതിർത്ത് ഒന്നും പറയില്ല. ക്രിസ്റ്റിയെയും അങ്ങനെ നിയന്ത്രിക്കാൻ നോക്കുകയാണ് സ്റ്റെല്ല.”

” അമ്മമാർക്ക് മക്കളെല്ലാം ഒരുപോലെയല്ലേ ആന്റി? “

” പിന്നല്ലാതെ ”

” മക്കളെക്കാൾ കൂടുതൽ ആയി വേറെ ആരെയും സ്നേഹിക്കാൻ പറ്റില്ലേ അമ്മമാർക്ക്?“

“വേറെ ആരെയാ സ്നേഹിക്കേണ്ടത്?”

” ആന്റിക് ആന്റിയുടെ മക്കളെയാണോ എന്നെയാണോ കൂടുതൽ സ്നേഹം? “

” റിങ്കൂന് എത്ര സ്നേഹം വേണം?”

” കുറെ വേണമെങ്കിലോ ”

” എന്റെ മക്കൾക്കും പിന്നെ അങ്കിൾ നും കൊടുത്തിട്ടും തീരാത്തത്ര സ്നേഹം എന്റെ കയ്യിൽ ബാക്കിയുണ്ട് റിങ്കൂ, അതിൽ നിന്ന് എത്ര വേണമെങ്കിലും റിങ്കുവിന് തരാം “.

” എല്ലാവരോടും ഉള്ളത് ഒരേ പോലത്തെ സ്നേഹം ആയിരിക്കുമോ ആന്റി “.

“ഉറക്കം വരുന്നില്ലേ , നമുക്ക് നാളെ പറയാം ബാക്കി ”

ആന്റി തിരിഞ്ഞു കിടന്നു. എന്റെ മനസ് വീണ്ടും ക്രിസ്റ്റിയിലേക്ക് തിരിഞ്ഞു. അവൻ കാളിംഗ് ബെൽ അടിച്ചെങ്കിൽ ഈ രാത്രിയുടെ നിശബ്ദതയിൽ അതിവിടെ കേൾക്കുമായിരുന്നു. ഇതുവരെ കേട്ടില്ല. അപ്പോൾ  വീടിനകത്തു കയറാതെ  ഈ ഇരുട്ടിൽ അവൻ എവിടെയായിരിക്കും.

ഞാൻ ചെയ്തത് തെറ്റായിപ്പോയോ. സ്റ്റെല്ല ആന്റി ഇല്ലാത്തപ്പോൾ കത്തിന്റെ കാര്യം പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ആ സമയത്ത് അങ്ങനെ പറ്റിപ്പോയി .

എന്നാൽ അവന്റെ സ്ഥാനത്ത് എനിക്കിപ്പോൾ എന്നെ തന്നെ കാണാൻ കഴിയുന്നുണ്ട്. എന്നേക്കാൾ വിഷമം പിടിച്ച സാഹചര്യങ്ങളിൽ നിന്നിട്ടും ഒറ്റക്കായിട്ടും മിടുക്കനായി പഠിച്ച് ഇവിടെ വരെ എത്തിയിട്ട്. ആരെക്കൊണ്ടും മോശം പറയിപ്പിക്കാതെ നടന്നിട്ട്, ഇപ്പൊ സ്വന്തം അമ്മ തന്നെ…. കത്തിന്റെ കാര്യം മാത്രമല്ല പ്രശ്നം.

ആ മോതിരം, അതിനെപ്പറ്റി പിന്നെ ഒന്നും പറയാതിരുന്നത് നന്നായി.

ഓരോന്നാലാചിച്ചു എപ്പോഴോ ഉറങ്ങി. പിറ്റേന്ന് നേരം വൈകിയാണ് എണീറ്റത്, കുളിച്ചു റെഡിയായി താഴേക്കു വന്നപ്പോൾ അങ്കിളും ആന്റിയും വിഷമിച്ചു നിൽപ്പുണ്ട്. എന്നോട് കാര്യം പറഞ്ഞു.

”ക്രിസ്റ്റിയുടെ പപ്പാ അസുഖം കൂടി ഹോസ്പിറ്റലിൽ ആണ് ഹാർട് പേഷ്യന്റ് ആണ്, ഒരു അറ്റാക്ക് കഴിഞ്ഞതാ”.

ഞങ്ങൾ അവരുടെ വീട്ടിലേക്ക് പോയി. ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്. ഉച്ച കഴിഞ്ഞപ്പോൾ ആണ് ഹോസ്പിറ്റലിൽ നിന്ന് കാൾ വന്നത്. ക്രിസ്റ്റിയുടെ പപ്പ മരണപ്പെട്ടു.

പിറ്റേന്ന് വൈകിട്ട് എല്ലാവരും പിരിഞ്ഞു പോയതിനു ശേഷം അടുത്ത ചില ബന്ധുക്കൾ മാത്രം ശേഷിച്ചു. ഞങ്ങൾ വീട്ടിലേക്ക് പോന്നു. ക്രിസ്റ്റിയെ റൂമിൽ നിന്നും പുറത്തേക്ക് കണ്ടതേയില്ല. സിബിയാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. സ്റ്റെല്ല ആന്റിയുടെ വീട്ടുകാരും ഉണ്ടായിരുന്നു.

കുറച്ചു ദിവസത്തിന് ശേഷം. സ്കൂളിൽ നിന്ന് വന്നപ്പോൾ അങ്കിളും ആന്റിയും, ക്രിസ്റ്റിയുടെ വീട്ടിൽ പോയിരിക്കുകയാണ്. നേരെ അങ്ങോട്ട്‌ പോയി. അവിടെ ബന്ധുക്കൾ ആണെന്ന് തോനുന്നു. ചില സംസാരങ്ങൾ നടക്കുന്നുണ്ട്. സിബിയെ തുടർന്ന് ഇവിടെ പഠിപ്പിക്കാൻ മമ്മിയ്ക് താല്പര്യം ഇല്ല. അവർ നാട്ടിൽ നിന്നും പോകുകയാണ്. പക്ഷെ ക്രിസ്റ്റി കൂടെ പോകാൻ തയ്യാറല്ല.

ആന്റിയുടെയും അങ്കിളിന്റെയും സംസാരത്തിൽ നിന്നും മനസിലായത്, അന്നത്തെ രാത്രിക്ക് ശേഷം ക്രിസ്റ്റിയും അമ്മയും തമ്മിൽ സംസാരിച്ചിട്ട് ഇല്ലെന്നാണ്. ക്രിസ്റ്റിയെ അന്ന് രാത്രി കാണാതായപ്പോൾ അങ്കിളും ആന്റിയും തമ്മിൽ സംസാരമുണ്ടായി എന്നും.

അപ്പോൾ അതുകൊണ്ടാണോ അങ്കിൾനു അസുഖം കൂടിയത്? ഞാനോർത്തു.

സിബി മമ്മിയുടെ കൂടെ പോകുകയാണെന്ന് അറിഞ്ഞു. ക്രിസ്റ്റി ഒറ്റക്കായി എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി.

പരീക്ഷാചൂടിൽ ദിവസങ്ങൾ കൊഴിഞ്ഞു പോയി. ഒരു ദിവസം ക്ലാസ് കഴിഞ്ഞു വന്നപ്പോൾ ക്രിസ്റ്റി ഗേറ്റ്നടുത്ത് നിൽക്കുന്നുണ്ടായിരുന്നു.

ക്രിസ്റ്റിയെ എങ്ങനെയെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചിരുന്നെ ങ്കിലും പ്രതീക്ഷിക്കാതെ കണ്ടപ്പോൾ എന്താ പറയേണ്ടതെന്ന് മറന്നു.

” ഹായ് മങ്കി മോൾ, ഞാൻ നിന്നെ വെയിറ്റ് ചെയ്യുകയായിരുന്നു. ”

” എന്തിന് ”

” ഒരു ഗുഡ് ബൈ പറയാൻ ”

“എവിടെ പോവാ”

” ഒറ്റയ്ക്ക് ഇവിടെ മടുത്തു, വേണ്ടപ്പെട്ട വരൊക്കെ ദൂരെയല്ലേ, അങ്ങോട്ട് “.

” അപ്പൊ മമ്മിയുമായുള്ള പ്രശ്നമൊക്കെ തീർന്നോ ”

” പിന്നെ, മമ്മി എന്നെ കൊണ്ടു പോകാൻ വരും. ”

” ശരിക്കും, കോംപ്രമൈസ് ആയോ “. അതാണോ ബൈക്ക് വാങ്ങിയത്, സ്റ്റെല്ല ആന്റി സമ്മതിച്ചോ വാങ്ങാൻ. ”

” ശരിക്കും, മമ്മി എന്നെ കെട്ടിപ്പിടിച്ചു സോറി പറയുന്നത് നിനക്ക് ഞാൻ കാണിച്ചു തരാം”.

“അത് മതി, എന്നാ പോകുന്നെ ”

“ഈയാഴ്ച തന്നെ, മമ്മിയ്ക്കും സിബിയ്ക്കും ഒഴിവുള്ള ദിവസം ”

“അതിനു മുൻപ്, കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. താൻ എക്സാം കഴിഞ്ഞാൽ നാട്ടിൽ പോകില്ലേ?”

“പോകും”

“എന്റെ കയ്യിലുള്ള ഫിഷ് ടാങ്കും കുറച്ചു കുഞ്ഞുമീനുകളെയും ഞാൻ അങ്കിൾ നെ ഏൽപ്പിച്ചിട്ടുണ്ട് തനിക്ക് തരാൻ. അതിനെയൊക്കെ നന്നായി നോക്കണം. ഇനിയെത്ര എക്സാം ഉണ്ട് “?

“രണ്ടെണ്ണം ”

“മേക്കപ്പ് പരിപാടിയൊക്കെ നിർത്തിയോ ”

“ഇല്ല”,

“നിർത്തേണ്ട. അതൊരു കഴിവല്ലേ?”

“ക്രിസ്റ്റി, ആ മോതിരം ”

“ഏത് മോതിരം ”

” ആ കത്തിന്റെ കൂടെ വച്ചിരുന്ന ”

” ഓ… അതോ, അത് നീ വിട്ടേക്ക് റിങ്കു ”

“സോറി ക്രിസ്റ്റി.. ഞാൻ കാരണം അന്ന് ”

” അന്നത്തെ പ്രശ്നം…അത്, റിങ്കു കാരണമല്ല, അങ്ങനെ ഒരു വഴക്ക് അന്നോ പിറ്റേന്നോ എന്തായാലും നടക്കുമായിരുന്നു. അത് താൻ കാരണം ആണെന്ന കുറ്റബോധം ഒന്നും വേണ്ട”.

” എന്നാലും ഞാൻ അത് സ്റ്റെല്ലാന്റിയെ കാണിക്കേണ്ടായിരുന്നു. ”

” അത് സാരമില്ല, താൻ നല്ല മിടുക്കി ആണെന്ന് എനിക്കന്നു മനസിലായി. എത്ര പെട്ടെന്നാ താൻ എല്ലാവരുടെയും വിശ്വാസം നേടിയെടുത്തത്. എന്റെ മമ്മി പോലും തന്നെയല്ലേ വിശ്വസിച്ചത്. എന്നോട് ഒരു ചോദ്യം പോലും ചോദിച്ചില്ല. അതൊരു കഴിവാണ് മറ്റുള്ളവരുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കുന്നത്. അല്ലെങ്കിൽ ഭാഗ്യം വേണം ”

“……… കഴിവൊ?“

“ആ…എനിക്ക് അത് തീരെയില്ല, ഞാൻ എന്തു പറഞ്ഞാലും ആരും വിശ്വസിക്കില്ല. എന്നെ കണ്ടാൽ തന്നെ ഒരു കള്ള ലക്ഷണം ആണത്രേ പക്ഷെ സിബിയ്ക് അങ്ങനെയില്ല…. അത് ഉള്ളിലെ നന്മ കൊണ്ടാണെന്ന് ”

” ക്രിസ്റ്റി “, എന്തൊക്കെയാ ഈ പറയുന്നത്”

” എന്നാ റിങ്കുമോൾ പൊയ്ക്കോ, പോകുന്നയന്ന് കാണാം, തിരക്കിൽ സംസാരിക്കാൻ പറ്റി എന്ന് വരില്ല കേട്ടോ.” ക്രിസ്റ്റി തിരിഞ്ഞു നടന്നു.

” ഇനി ക്രിസ്റ്റി തിരിച്ചു വരില്ലേ ” ഞാൻ പിറകെ ചെന്നു.

അവൻ തിരിഞ്ഞു നോക്കി. തിരികെ വന്നു കുറച്ചു ദേഷ്യത്തിൽ എന്നാൽ ശബ്ദം താഴ്ത്തി പറഞ്ഞു.

” നോക്ക് റിങ്കു, നീ വ്യക്തമായി കേട്ടോ. അപ്പോഴത്തെ ദേഷ്യത്തിൽ നിന്നെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ഞാൻ എഴുതി തുടങ്ങിയതാ ആ കത്തുകൾ. അല്ലാതെ എനിക്ക് നിന്നോട് പ്രേമമൊന്നുമില്ല. ആ വിഷയം നീ വിട്ടേക്ക് “.

“അതല്ല.. ഞാൻ ”

” റിങ്കു, പണത്തിനു മാത്രമല്ല സ്നേഹത്തിനു വേണ്ടി ആയാലും ആരോടും, സ്വന്തം പേരെന്റ്സ്നോട് പോലും യാചിക്കാൻ നിൽക്കരുത്, അങ്ങനെ കിട്ടുന്നത് സ്നേഹമായിരിക്കില്ല “.

” ക്രിസ്റ്റി ”

“പൊയ്ക്കോ, വീട്ടിൽ അന്വേഷിക്കും. ”

ഞാൻ തിരിച്ചു പോന്നു.

..,……………………………………………….

അപ്പച്ചന് വയ്യാത്തത് കൊണ്ടു എക്സാം കഴിഞ്ഞ് എന്നെ അങ്കിൾ നാട്ടിൽ കൊണ്ടു പോയി വിടാമെന്ന് പറഞ്ഞിരുന്നു. ഒരു ഞായറാഴ്ച വൈകിട്ടാണ് പോകുന്നത്. ആന്റിയും കൂടെ വരുന്നുണ്ട്. അവർക്കൊരു കല്യാണമുണ്ട് അത് കഴിഞ്ഞു വന്നിട്ട് വേണം പോകാൻ. തലേന്ന് തന്നെ എല്ലാം പാക്ക് ചെയ്തു, എല്ലാവരോടും യാത്ര പറഞ്ഞു. രാവിലെ പള്ളിയിൽ പോയില്ല അന്ന്. അങ്കിളും ആന്റിയും പോയികഴിഞ്ഞു. ഇനി കല്യാണം കഴിഞ്ഞു വരുള്ളൂ. ഭക്ഷണം ഉണ്ടാക്കണം കഴിക്കണം, എനിക്കുള്ളത് മാത്രം മതി. വൈകിട്ട് പുറത്ത് നിന്നാണ്.

ഒന്നും ചെയ്തില്ല, മീനുകളെയും നോക്കിയിരുന്നു. ഇന്ന് പോകുകയാണ്. ഇനി ഇങ്ങോട്ട് വരുമോ? അങ്കിളും ആന്റിയും മക്കളുടെ അടുത്തേക്ക് പോകാൻ ചാൻസുണ്ട്. അപ്പൊ ഇന്ന് ഇവിടത്തെ ലാസ്റ്റ് ഡേ ആണ്. എനിക്കിപ്പോൾ എന്റെ നാടിനെക്കാൾ പ്രിയപ്പെട്ടതാണിവിടം. ഇവിടുത്തെ ആൾക്കാർ. എല്ലാം. പുറത്തിറങ്ങി നോക്കി. ക്രിസ്റ്റിയുടെ ബൈക്ക് മുറ്റത്തുണ്ട്. സാധാരണ അങ്ങനെ കാണാറില്ല. വീട്ടിൽ ഉണ്ടാകാറില്ല, എവിടെയാണ് പോകുന്നതെന്നറിയില്ല. ആരോടും ചോദിക്കാനും പറ്റില്ല. അങ്കിളും ആന്റിയ്ക്കും ക്രിസ്റ്റിയെ പറ്റി ഞാൻ സംസാരിക്കുന്നത് ഇഷ്ടമില്ല എന്ന് മനസിലായതുകൊണ്ട് ഒന്നും ചോദിക്കാറില്ല.

ഇന്നലെ വൈകിട്ട് ക്രിസ്റ്റി വീട്ടിലേക്കു പോകുന്നത് കണ്ടപ്പോൾ അങ്ങോട്ട് ചെന്നു. ചിരിച്ചു കൊണ്ടാണ് ചെന്നത്, അടുത്തേക്ക് ചെന്നപ്പോൾ ആണ് ശ്രദ്ധിച്ചത് അവൻ ആകെ ക്ഷീണിച്ച്, എന്തോ അസുഖം വന്നത് പോലെയുണ്ട് . കയ്യിൽ ഒരു ബാഗ് ഉണ്ട്. മുഖത്തു പതിവ് ചിരിയൊന്നുമില്ല… എനിക്കാകെ വിഷമം ആയി.

” എന്താ? “

” ക്രിസ്റ്റിയ്ക്കു സുഖമില്ലേ? “

” ഇല്ല, ഹോസ്പിറ്റലിൽ പോയി വരുവാ, മരുന്നു വാങ്ങിയിട്ടുണ്ട്….

അകത്തു ഭക്ഷണം ഒക്കെയുണ്ട്…

അത് കഴിച്ചു മരുന്നും കഴിച്ച് കിടന്നാൽ നാളെ രാവിലെ എല്ലാം മാറും.

താൻ പൊയ്ക്കോ..”

എനിക്ക് ഒരു ചോദ്യവും ബാക്കി വെയ്ക്കാതെ അവൻ ഉത്തരങ്ങൾ പറഞ്ഞു എന്നെ ഒഴിവാക്കി. ഞാൻ അവിടെ തന്നെ നിന്നു.

ക്രിസ്റ്റി അകത്തേക്കു കയറി.

” ഞാൻ നാളെ നാട്ടിലേക്കു പോകും ”

അവൻ തിരിച്ചു വന്നു. ചിരിച്ചു.

” എക്സാം ഒക്കെ കഴിഞ്ഞല്ലേ, അപ്പച്ചൻ വരുവോ കൊണ്ടുപോകാൻ ”

” ഇല്ല, ഞങ്ങൾ മൂന്നുപേരും കൂടി പോകും, വൈകിട്ട്.. ”

” happy journey “

എനിക്ക് സങ്കടം വന്നു.

” ഞാൻ ഇനിയിങ്ങൊട്ട് തിരിച്ചു വരില്ല ക്രിസ്റ്റി “

അവൻ രണ്ടു കൈയ്യും ഉയർത്തിപ്പിടിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു

” റിങ്കുമോൾക്ക് നല്ലൊരു ഭാവിയുണ്ടാകട്ടെ “

” ക്രിസ്റ്റി “, ഞാൻ കരയാൻ തുടങ്ങിയത് എന്തിനാണെന്ന് അപ്പോൾ എനിക്ക് തന്നെ മനസിലായില്ല.

ക്രിസ്റ്റി തിരിച്ചു വന്നു സ്റ്റെപ്പിൽ ഇരുന്നു.

” റിങ്കു, നമ്മളീ മനുഷ്യരുണ്ടല്ലോ… സ്നേഹമാണെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് കൊടുക്കുന്നത് യഥാർത്ഥത്തിൽ സ്നേഹമല്ല….അതിന് പല നിറങ്ങളുണ്ട്.

എല്ലാ നിറങ്ങളും നമുക്ക് യോജിക്കില്ല. അതുകൊണ്ടാണ് ചിലരുടെ സ്നേഹം നമ്മെ ശ്വാസം മുട്ടിക്കുന്നത്. ”

” അതിന് ഞാൻ ”

“എന്റെ കുട്ടിക്കാലം മുതൽ സഹതാപം എനിക്ക് ധാരാളമായി കിട്ടിയിട്ടുണ്ട്…. അന്ന് ഞാൻ അത് സ്നേഹമാണെന്നാണ് വിചാരിച്ചത്.

അല്ലെന്ന് മനസിലായത് കുറച്ചു വൈകിയാണ്.

എനിക്കതല്ലായിരുന്നു ആവശ്യം… എന്തായാലും ഇനി എനിക്ക് അത് വേണ്ട. മതി “

“………………………………………”

“റിങ്കു,പൊയ്ക്കോ….”

ഞാൻ തിരിച്ചു നടന്നു.

അവൻ എന്തൊക്കെയാണ് ഇപ്പൊ പറഞ്ഞത്, എനിക്ക് അവനോട് സഹതാപം ആണെന്നാണോ?

തിരിച്ചു വന്നപ്പോൾ അങ്കിൾ മുൻവശത്തു നിൽക്കുന്നുണ്ട്. ഒന്നും ചോദിച്ചില്ല എങ്കിലും ഞാൻ പറഞ്ഞു.

” ക്രിസ്റ്റീയോട് യാത്ര പറയാൻ “.

” മ്മ്മ് “, ഒന്നു മൂളി.

അതോർക്കുമ്പോൾ ടെൻഷൻ ആണ്. അങ്കിൾ അധികം സംസാരിക്കാറില്ല. എന്നാലും നല്ല സ്നേഹമാണ്….

ഈ സ്നേഹത്തിന്റെ നിറം എന്തായിരിക്കും…

സ്നേഹം…. അതിന്റെ നിറം… അവൻ പറഞ്ഞത് എന്താണെന്ന് എനിക്ക് മുഴുവനും മനസിലായില്ല. അവനോട് തന്നെ ചോദിക്കണം. ഇനിയിപ്പോ അങ്ങോട്ട് പോകാൻ പറ്റില്ല എന്ന് വിചാരിച്ചതാണ്.

എന്നാലും എനിക്ക് ക്രിസ്റ്റിയോട് സഹതാപമല്ല എന്ന് പറയണം എന്നുമുണ്ട്. ഇപ്പോൾ ഇവിടെ ആരുമില്ലല്ലോ . പോയൊന്നു കണ്ടാലോ. ഇനി കാണില്ലല്ലോ. അവൻ എന്നാണ് പോകുക എന്നറിയില്ല. പക്ഷെ അതവന് ഇഷ്ടമായില്ലെങ്കിലോ?

അസുഖം മാറിയോ എന്ന് ചോദിക്കാം.

പതുക്കെ ഗേറ്റ് കടന്ന് വാതിലിനടുത്തെത്തി. കാളിംഗ് ബെൽ അടിച്ചു നാലു തവണ. തുറക്കുന്നില്ല. വാതിലിൽ തട്ടി നോക്കി. ഒരനക്കവുമില്ല. മനപ്പൂർവം തുറക്കാത്തത് ആയിരിക്കും. ഞാൻ തിരിച്ചു വീട്ടിലേക്ക് വന്നു കയറി. അപ്പോൾ ആ വീട്ടിലേക്കു 2 കാറുകൾ പോകുന്നത് കണ്ടു. ഞാൻ മുറ്റത്തിറങ്ങി നിന്നു. ഇപ്പോൾ തുറക്കുമല്ലോ…

പക്ഷെ ഇനി ഞാൻ എങ്ങനെ അങ്ങോട്ട്‌ പോകും?

ആരാ വന്നിരിക്കുന്നത് എന്നറിയില്ലല്ലോ. അവർ ബെല്ലടിക്കുന്നുണ്ട്. റൂമിൽ പോയി ജനൽ വഴി നോക്കി. ഞാൻ അത്ഭുതപ്പെട്ടു, സ്റ്റെല്ല ആന്റി, സിബിയും ഉണ്ട്… ക്രിസ്റ്റിയെ കൊണ്ടു പോകാൻ വന്നതാണോ ഇന്ന് തന്നെ. എന്നിട്ടിന്നലേ ഒന്നും പറഞ്ഞില്ലല്ലോ. വേറെ ആരൊക്കെയോ ഉണ്ട്.

ഇങ്ങനെ നിന്നാൽ പറ്റില്ല. കുളിച്ചു റെഡിയാവണം. എന്നിട്ട് പോയി നോക്കാം. ഇന്ന് തന്നെ പോകുമോ അവർ. ഒരു സമാധാനം തോന്നി. അവൻ ഒറ്റക്കല്ലല്ലോ ഇനി മുതൽ. പ്രശ്നങ്ങളൊക്കെ തീർന്നല്ലോ. ഞാൻ പേടിച്ചിരുന്നു, ഞാൻ കാരണം ക്രിസ്റ്റിക്ക് എല്ലാവരെയും നഷ്ടപ്പെട്ടോ എന്ന്. അക്കാര്യത്തിൽ ആശ്വാസം. എന്നാലും ആന്റിയും അവനും തമ്മിൽ ഇനിയും വഴക്ക് ഉണ്ടാകുമോ? പക്ഷെ ഞാൻ അവിടെയില്ലല്ലോ… അതിൽ എനിക്കൊന്നും ചെയ്യാനില്ല. എന്നാലും ഇനി അവരെയൊന്നും കാണാൻ പറ്റില്ലല്ലോ.ഓരോന്നാലോചിച്ചു സമയം പോയി.

കുളിച്ചു, ബ്രെഡും ജാമും കഴിച്ചു. മുകളിലേക്ക് വന്നു. ജനലിലൂടെ നോക്കി. കുറച്ചു ആൾകാർ പുറത്തു നിൽക്കുന്നുണ്ട്, ഇതൊക്കെയാരാ. ഇവിടെ അടുത്തുള്ളവരാണല്ലോ…?

അവരിന്നു തന്നെ പോകുമോ? താഴേക്ക് വന്നു, മുറ്റത്തേക്കിറങ്ങി. ഗേറ്റിനടുത്തു വന്നു നിന്നു. അങ്ങോട്ട് പോയി നോക്കിയാലോ, സ്റ്റെല്ല ആന്റി വന്നപ്പോ പോയതാണെന്ന് പറയാം.

ഗേറ്റ്നകത്തേക്ക് കടന്നപ്പോൾ സ്റ്റെല്ല ആന്റിയുടെ കരച്ചിൽ കേൾക്കുന്ന പോലെ തോന്നി.ഞാൻ ആരെയും നോക്കിയില്ല. സ്റ്റെപ് കയറാൻ തുടങ്ങിയപ്പോൾ സിബി പെട്ടെന്ന് പുറത്തേക്ക് വന്നു. അവന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്, എന്നെ കണ്ടപ്പോൾ അവൻ പെട്ടെന്ന് മുഖം പൊത്തി കൊണ്ട് അകത്തേക്ക് പോയി.

എന്റെ ഉള്ളിൽ ഒരു അപായ മണി മുഴങ്ങി. ഞാൻ അവിടെ ആ സ്റ്റെപ്പിൽ തന്നെ തരിച്ചു നിന്നു. കാലുകൾക്ക് ബലമില്ല, അകത്തേക്ക് കയറാൻ.

ക്രിസ്റ്റിയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്?

എന്താ പറ്റിയത്..?

അവന് സുഖമില്ലാതായപ്പോൾ പോലും ആരും നോക്കിയില്ലല്ലോ. രാവിലെ വന്നപ്പോൾ വാതിൽ തുറക്കാതിരുന്നത് വയ്യാഞ്ഞിട്ടാണോ.

” കൊച്ച്, അകത്തേക്ക് ചെല്ല്, അവിടെയാരുമില്ലല്ലോ”. ആരോ പറഞ്ഞു.

“ഇത് അടുത്ത വീട്ടിലെ കൊച്ചാണ് “. ആരോ പറയുന്നു.

ഞാൻ എങ്ങനെയൊക്കെയോ അകത്തേക്കു നടന്നു.

കട്ടിലിൽ കിടക്കുന്ന ക്രിസ്റ്റിയെ സ്റ്റെല്ലാന്റി കെട്ടിപ്പിടിച്ചു കരയുന്നു. അവന്റെ മുഖം ഞാൻ കണ്ടില്ല, കാണണ്ട… ഞാൻ അവിടുന്ന് ഇറങ്ങി നടന്നു. താഴേക്ക് മാത്രം നോക്കി മുന്നോട്ട് നടന്നു. ആളുകൾ കടന്നു പോകുന്നുണ്ട്.

” എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചിട്ടാ, വിഷം കഴിച്ചത്. “,  ആരോ പറയുന്നു.

അപ്പൊ…. ക്രിസ്റ്റി വിഷം കഴിച്ചതാണോ…

എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി… എങ്ങനെയോ വീടിനുള്ളിലേക്ക് കയറി.

……..,…………………………………………………

“റിങ്കു മോളെ, ദേ ഈ വെള്ളം കുടിയ്ക്…”

” ഇങ്ങനെ കരഞ്ഞാല് കൊച്ചിന് വയ്യാതാകും”

” അത് കരഞ്ഞങ് തീരട്ടെ, നമുക്കിന്ന് പോകണ്ടാന്നു വയ്കാം… അവരോട് എന്നതേലും വിളിച്ചു പറയ്…”

എനിക്ക് വല്ലാത്ത തലവേദന തോന്നി. അവിടെ നിന്ന് എങ്ങോട്ടെങ്കിലും ഓടി പോകാൻ തോന്നി.

” ആന്റി, എത്ര മണിയായി ”

“4 മണി കഴിഞ്ഞു മോളെ….”

“നമുക്കിന്നു പോകണ്ടേ? “

“ഈ അവസ്ഥേല് നിനക്ക്…?”

” അത് സാരമില്ല, എനിക്ക് പോകണം.. ഇവിടെ വയ്യ.”

” ഹാ, പോകാം “

“മോള് എണീറ്റ് റെഡി ആയിക്കോ”

6 മണിക്ക് ഞങ്ങൾ പുറപ്പെട്ടു. അപ്പോൾ പനിക്കുന്നുണ്ടായിരുന്നു. ഞാൻ എങ്ങോട്ടും നോക്കിയില്ല. ആരോടും സംസാരിച്ചില്ല.

“ക്രിസ്റ്റി”

ആന്റിയും അങ്കിളും എന്തൊക്കെയോ പറഞ്ഞ് തന്നു. ഞാനൊന്നും കേട്ടില്ല.

വീട്ടിലേക്ക് പോകാൻ പറ്റിയില്ല. പനി കൂടി നാട്ടിൽ തന്നെയുള്ള ഒരു ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തു.

മൂന്നു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്ത് പിറ്റേന്നാണ് ആന്റി തിരിച്ചു പോയത്. അങ്കിൾ പിറ്റേന്ന് തന്നെ പോയിരുന്നു. വീട്ടിൽ അമ്മച്ചിയും അപ്പച്ചനും ഞാനും മാത്രം. ആയി. രണ്ടുപേരുടെയും എന്നോടുള്ള പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസം ഉണ്ടായിരുന്നു. മുൻപ് ആഗ്രഹിച്ചിരുന്നതാണെങ്കിലും ഇപ്പോൾ ആ സ്നേഹം എന്നെ ശ്വാസം മുട്ടിക്കുന്നു. ഈ സ്നേഹത്തിന്റെ നിറം എന്തായിരിക്കും. ഇതാണോ എനിക്ക് യോജിക്കാത്ത നിറം? അതുകൊണ്ടാണോ എനിക്കിത് ഇപ്പോൾ വേണ്ടെന്ന് തോന്നുന്നത്.

പതുക്കെ പതുക്കെ ഞാൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരുന്നു. പ്ലസ് 2 ഞാൻ നല്ല മാർക്കൊടെ പാസായി, എന്റെ വിജയം ആന്റിയും അങ്കിളും നാട്ടിൽ വന്നു എല്ലാവരെയും വിളിച്ചു ആഘോഷിച്ചു. എന്റെ കഴിവുകളെ ആന്റി ഒരുപാട് പ്രശംസിച്ചു. മക്കളുടെ അടുത്തേക്ക് പോയാലും എന്നെ മിസ് ചെയ്യുമെന്ന് ആന്റി പറഞ്ഞു. ഞാൻ അങ്ങോട്ട് വന്നു കാണാം എന്ന് ഞാൻ ആന്റിക്ക് വാക്ക് കൊടുത്തു. എനിക്ക് അവരോടുള്ള അടുപ്പം അപ്പച്ചനും അമ്മച്ചിക്കും ഉണ്ടാക്കിയ അലോസരം ഞാൻ ശ്രദ്ധിച്ചു. ഈ രണ്ടു സ്നേഹത്തിന്റെയും നിറവ്യത്യാസം ഞാൻ ആലോചിച്ചു.

വീണ്ടും 3 ക്രിസ്മസ് കഴിഞ്ഞു പോയി. ബർത്ഡേ ആഘോഷം ഇപ്പോൾ ഫ്രണ്ട്‌സ്നൊപ്പം ആയതുകൊണ്ട് ഒരു കുറവുമില്ല. ഞാൻ ഫാഷൻ ഡിസൈനിങ്ങും ബ്യൂട്ടിഷൻ കോഴ്സും ഒക്കെ ആണ് പഠിക്കാൻ തിരഞ്ഞെടുത്തത്. ഒരേ സമയം 3 കോഴ്‌സുകൾ. തിരക്ക് തന്നെ എപ്പോഴും. അത് കഴിഞ്ഞ് പെട്ടെന്ന് തന്നെ ജോലിക്ക് കയറി.

വല്യമ്മച്ചി ഞങ്ങളെ വിട്ടുപോയി. ചേച്ചിമാർ സെറ്റിൽഡ് ആയി. വല്ലപ്പോഴും മാത്രം വരും. വീട്ടിൽ ഞങ്ങൾ മൂന്നുപേരും മാത്രം.

സോഷ്യൽ മീഡിയയിൽ, സിബിയുമായി സൗഹൃദം തുടരുന്നു. അവൻ ഒരു ദിവസം ഞങ്ങളുടെ നാട്ടിൽ വരുന്നുണ്ട് കാണാം എന്ന് പറഞ്ഞു. ഒട്ടും താല്പര്യം തോന്നിയില്ല എങ്കിലും അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതി. കാണമെന്നേറ്റു. സിബി ഓഫീസിലേക്ക് തന്നെയാണ് വന്നത്. കുറെ സമയം വിശേഷങ്ങൾ ഒക്കെ പങ്കു വച്ചു.

കാഴ്ച്ചയിൽ ഒത്തിരി മാറ്റമുണ്ട് സിബിയ്ക്. ക്രിസ്റ്റിയും ഇപ്പോൾ ഇതുപോലെയുണ്ടാകുമായിരുന്നു. ക്രിസ്റ്റിയെ മറക്കാൻ സാധിക്കില്ല എന്ന് മനസിലായത് കൊണ്ട് ഇപ്പോൾ അതിന് ശ്രമിക്കാറില്ല. എനിക്ക് ക്രിസ്റ്റീയോട് സഹതാപമാണോ അതോ സ്നേഹമോ…എന്നെനിക് പറയാനാകുന്നില്ല., സ്നേഹമാണ് എങ്കിൽ ഏത് നിറം.ഒരു ഫാഷൻ ഡിസൈനർ നിറങ്ങളെ പറ്റി ഇങ്ങനെയാണോ ചിന്തിക്കുക എന്ന് ചോദിച്ചാൽ എനിക്കറിയില്ല.

” റിങ്കുമോൾ എന്താ ആലോചിക്കുന്നത് ”

” റിങ്കു എന്ന് വിളിയ്ക് സിബി , ഈ റിങ്കുമോൾ കാരണം തല ഉയർത്തി നടക്കാൻ പറ്റാതായി. വലുതായി കഴിഞ്ഞാൽ ഇമ്മാതിരി പേരൊക്കെ….. പേരിട്ടവരെ പറഞ്ഞാൽ മതി, വെറുതെയല്ല ക്രിസ്റ്റി മങ്കിമോൾ ന്ന് വിളിച്ചിരുന്നത് “.

“നീയിപ്പോഴും ക്രിസ്റ്റിയെ ഓർക്കാറുണ്ടോ”

“നിന്നെ കാണുമ്പോൾ പോലും എനിക്ക് അവനെയാ ഓർമ വരുന്നത് സിബി ”

” എനിക്കും ഒന്നും മറക്കാൻ പറ്റുന്നില്ല “.

” എന്തിനാ മറക്കുന്നത്, നമ്മളല്ലേയുള്ളു അവനെ ഓർമിക്കാൻ, പാവം നമ്മുടെ ഓർമകളിലെങ്കിലും അവൻ ജീവിക്കട്ടെ “.

” നിനക്ക് ക്രിസ്റ്റിയെ അത്രയ്ക്കു ഇഷ്ടമായിരുന്നോ ”

” ഹേയ്, അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ആ കത്തുകൾക്ക്, ആ സമ്മാനപ്പൊതികൾക്ക് എന്റെ ജീവിതത്തിൽ വലിയൊരു സ്ഥാനമുണ്ട്. തമാശ ആയിരുന്നെങ്കിലും അത് തന്നത് അവനല്ലേ, അതുകൊണ്ട് എനിക്ക് ദോഷം ഒന്നും വന്നില്ല, പകരം അവന് നഷ്ടപ്പെട്ടതോ?

പാവം. എല്ലാവരുടെയും ഗുഡ് ബുക്കിൽ കയറാൻ വേണ്ടി ഞാൻ അന്ന് അങ്ങനെ ചെയ്തപ്പോ… ചെയ്യേണ്ടിയിരുന്നില്ല എന്ന്  പിന്നീട് തോന്നി. പക്ഷെ എന്ത് കാര്യം അപ്പോഴേക്കും… ”

” അത്, അതൊന്നും താൻ  കാരണമല്ല സംഭവിച്ചത് ”

” ക്രിസ്റ്റിയും ഇത് തന്നെയാ പറഞ്ഞത് “.

“അപ്പൊ നിങ്ങൾ തമ്മിൽ അതിനുശേഷം സംസാരിച്ചിരുന്നോ..?”

” കുറച്ചു തവണ “….

” എന്നിട്ട് അവൻ എന്താ പറഞ്ഞത് ”

” എന്തൊക്കെയോ പറഞ്ഞു “.

” കത്തിനെ പറ്റി ”

” അത്, എന്നെ കളിപ്പിക്കാൻ വേണ്ടി എഴുതിയതാണ്, അവന് എന്നോട് ഇഷ്ടമൊന്നുമില്ല, അതിനെപ്പറ്റി ഒന്നും ഇനി ഓർക്കരുത്. എന്നൊക്കെ ”

” അങ്ങനെയാണോ പറഞ്ഞത്, മോതിരത്തിന്റെ ”

” അതും വിട്ടു കളയാൻ തന്നെ പറഞ്ഞു. പക്ഷെ എനിക്കൊന്നും അങ്ങനെ വിട്ടു കളയാൻ പറ്റിയിട്ടില്ല ഇതുവരെ. പിന്നെങ്ങനെയാ ക്രിസ്റ്റിയെ മറക്കുന്നത്?

ക്രിസ്റ്റി സിബിയോട് ഇതിനെപറ്റി ഒന്നും ചോദിച്ചില്ലേ?”

” അവൻ പിന്നെ എന്നോട് അധികം സംസാരിച്ചിരുന്നില്ല”

“മ്മ്മ്മ്…”

“റിങ്കു, Sorry” സിബിയുടെ ശബ്ദം ഇടറിയിരുന്നു.

“എന്തിന്, അതൊക്കെ കഴിഞ്ഞില്ലേ? പിന്നെ ഇക്കാര്യത്തിൽ സിബി എന്തിനാ സോറി പറയുന്നത്. എനിക്ക് ഓഫീസ് ടൈം ആയി “, എന്തുകൊണ്ടോ ആ സംഭാഷണം നിർത്തണമെന്ന് എനിക്ക്‌   തോന്നി. ഞാൻ പോകാൻ എഴുന്നേറ്റു.

“റിങ്കു.. ഞാനിത്… അന്ന് മുതലേ… പറയണം എന്ന് വിചാരിച്ചതാ….. പറ്റിയില്ല.. ഇനിയും പറഞ്ഞില്ലെങ്കിൽ..”

” വേണ്ട സിബി… ഇനി ഒന്നും പറയേണ്ട, നമുക്ക് പോകാം ” എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്തത് എന്തോ ആണ് സിബി പറയാൻ പോകുന്നത് എന്ന ഒരു തോന്നൽ.

പക്ഷെ സിബി എന്നെ തടഞ്ഞു കൊണ്ട്  തുടർന്നു പറഞ്ഞു ” ആ കത്തുകൾ……മോതിരം ഒക്കെ.”

” നീയാണ് വച്ചത് എന്ന് പറയരുത് സിബി, പ്ലീസ്..”………

വർഷങ്ങൾക്ക് ശേഷം ഇപ്പോൾ  വീണ്ടും.. വീണ്ടും   അവർ രണ്ടുപേരും കൂടെ വിദഗ്ധമായി എന്നെ പറ്റിച്ചു…. അല്ല ഞാനുൾപ്പടെ എല്ലാവർക്കും ഇക്കാര്യത്തിൽ പങ്കുണ്ട്.ചെയ്ത കാര്യം തുറന്നു പറയാൻ ധൈര്യം കാണിക്കാതെ സിബി, ചെയ്യാത്ത കുറ്റം നിഷേധിക്കുക പോലും ചെയ്യാതെ ഏറ്റെടുത്ത് ക്രിസ്റ്റി, യാതൊരു അടിസ്ഥാനവുമില്ലാതെ അവനെ ചൂണ്ടിക്കാണിച്ചു കൊടുത്ത് ഞാൻ, അതിന്റെ പേരിൽ മകനെ തള്ളിപ്പറഞ്ഞ അവന്റെ മമ്മി.

 

………………………………………………………….

” ഞാൻ അടുത്താഴ്ച ജർമ്മനിയിലേക്ക് പോകുകയാണ്, മമ്മിയും. ഇനി തമ്മിൽ കാണില്ലായിരിക്കും “. സിബി പോയി.

സിബി പോകുന്നത് നോക്കിയിരുന്നപ്പോൾ   അവസാന കാഴ്ച്ചയിൽ ക്രിസ്റ്റി കയ്യുയർത്തി അനുഗ്രഹിച്ചത് ഓർമ വന്നു. അന്നെനിക്ക് ക്രിസ്റ്റിയെക്കാൾ സിബിയോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. പക്ഷെ……ഇപ്പോൾ… ഇതാണോ ക്രിസ്റ്റി പറഞ്ഞ യോജിക്കാത്ത നിറം.

യാത്ര പോലും പറയാതെ, വേദനിപ്പിക്കാ തെ സാന്ത്വനവും അനുഗ്രഹവും നൽകി കടന്നുപോയൊരാൾ. സ്വന്തം വേദന മറ്റൊരാൾക്ക്‌ പകർന്നു നൽകി യാത്ര പറഞ്ഞ മറ്റൊരാൾ. രണ്ടുപേർക്കും ഒരേ മുഖം.പക്ഷെ, സ്നേഹത്തിന് ഇത്രയും നിറഭേദങ്ങളുണ്ടെങ്കിൽ,….എങ്കിൽ ക്രിസ്റ്റിയ്ക്ക് എന്നോടുള്ള സ്നേഹത്തിന്റെ നിറം എന്തായിരുന്നു.

Post Views: 33
3
Greeshma Kichu

തൃശൂർ സ്വദേശി.. വായിക്കാനിഷ്ടം കഥകളും എഴുതാനിഷ്ടം കവിതകളുമാണ്…... കവിതകൾ മാനവ സഞ്ചാരം, വാക്കുകൾ പൂക്കുന്നിടം തുടങ്ങിയ കവിതാ സമാഹാരങ്ങളിലും, നന്മൊഴി ഓൺലൈൻ മാഗസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

6 Comments

  1. Greeshma on December 23, 2025 5:37 AM

    Thara subhadh🙏🏻

    Reply
  2. SumaJayamohan on December 22, 2025 9:55 PM

    ♥️👌🌹

    Reply
    • Greeshma on December 23, 2025 5:38 AM

      Sumajayamohan 😍

      Reply
  3. THARA SUBHASH on December 21, 2025 11:46 AM

    സ്നേഹത്തിൻ്റെ വർണ്ണഭേദങ്ങൾ പലപ്പോഴും വൈകിയേ വെളിവാകൂ👌👏❤️❤️

    Reply
  4. Greeshma Kichu on January 13, 2025 7:17 AM

    🙏

    Reply
  5. Joyce Varghese on January 5, 2025 4:36 AM

    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.