” ഇനി വെറും രണ്ടേ രണ്ടു ദിവസം. അത് കഴിഞ്ഞാൽ പിന്നെ അടുത്ത വർഷമായി അല്ലേ? എത്ര പെട്ടെന്നാ ഒരു വർഷം കഴിഞ്ഞു പോയത്. ”
ആനവണ്ടിയ്ക്കുള്ളിൽ ഞെങ്ങി ഞെരുങ്ങി നിന്ന ചാരു ഒന്ന് നിശ്വസിച്ചു. സാധാരണ എല്ലാ വർഷവും വീട് അടുക്കി പെറുക്കി ആവശ്യമില്ലാത്ത സാധനങ്ങൾ എടുത്ത് കളയുന്നതാണ്. ട്രാൻസ്ഫർ കിട്ടി ദൂരേക്ക് പോയതിന് ശേഷം ഒന്നും ആലോചിക്കാനോ പ്ലാൻ ചെയ്യാനോ പോലും സമയമില്ലാതെയായി.
വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും ചാരു വേഗം നടന്നു. മുന്നിലെ വരാന്തയിൽ ഇട്ടിരിക്കുന്ന ദിവാനിൽ സോക്സ് പോലും ഊരാതെ ചാരി ഇരിക്കുന്ന ശിവദയെ നോക്കി കണ്ണുരുട്ടി.
“ഇനി ഇവരെയൊന്നും ഇങ്ങനെ വിട്ടാൽ പറ്റില്ല. ”
മനസ്സിൽ കരുതിക്കൊണ്ട് ചാരു ബെഡ്‌റൂമിലേക്ക് പോയി. അകത്തെ ബാത്റൂമിൽ നിന്നും ഷവറിന്റെ ശബ്ദം കേട്ടപ്പോൾ മനസിലായി രവി എത്തിയിട്ടുണ്ട് എന്ന്. മുറ്റത്ത് ബൈക്ക് കാണാത്തത് കൊണ്ട് രവി വന്നിട്ടുണ്ടാവില്ല എന്നാണ് കരുതിയത്.
” ഹാ. താൻ എത്തിയോ? എനിക്കൊരു കോഫി എടുക്ക്. ബൈക്ക് സർവീസിന് കൊടുത്തത് കൊണ്ട് ബസിലാണ് വന്നത്. ആകെ ടയർഡ് ആയി. ”
തല തുവർത്തിക്കൊണ്ട് രവി ഉത്തരവിറക്കി.
” മമ്മി, എനിക്ക് ബൂസ്റ്റ്. ”
ശിവദ ഹാളിൽ നിന്നും വിളിച്ചു പറഞ്ഞു. എന്നാൽ അതിനൊന്നും മറുപടി പറയാതെ ഒരു നൈറ്റിയുമെടുത്ത് ചാരു കുളിക്കാൻ കയറി. അവളുടെ മുഖത്തെ ഗൗരവം കണ്ട് രവി അമ്പരന്നു നിന്നു.
കുളി കഴിഞ്ഞ് ഇറങ്ങിയ ചാരു കാണുന്നത് തന്നെ ഉറ്റു നോക്കുന്ന നാല് കണ്ണുകളെ ആണ്.
” ഇതെന്തൊരു കുളിയാണ് ചാരു. എത്ര നേരമായി ഞാൻ ഒരു കോഫി ചോദിച്ചിട്ട്. ബസിൽ ഇരുന്ന് എന്റെ നടുവൊടിഞ്ഞു.”
രവിയുടെ ശബ്ദത്തിലെ കുറ്റപ്പെടുത്തൽ കേട്ട് ചാരു ചിരിച്ചു.
” ആഹാ, രവിക്ക് ഇരിക്കാൻ സീറ്റ് കിട്ടിയോ? ഒരു മണിക്കൂറായി ഞാൻ ബസിൽ തൂങ്ങിപ്പിടിച്ച് നിൽക്കുയായിരുന്നു. രവി ആകെ അര മണിക്കൂർ അല്ലേ ഇരുന്നുള്ളൂ. അപ്പോൾ രവി അല്ലേ എനിക്ക് ചായ ഇട്ടു തരേണ്ടത്. ആക്ച്വലി സ്കൂളിൽ നിന്നും വന്ന് ഒരു മണിക്കൂർ ആയി റസ്റ്റ് എടുക്കുന്ന ശിവ മോൾ ആയിരുന്നു അതെല്ലാം ചെയ്യേണ്ടത്.”
ചാരുവിന്റെ ശബ്ദത്തിലെ പരിഹാസവും കുറ്റപ്പെടുത്തലും കേട്ട് അച്ഛനും മകളും തലചൊറിഞ്ഞു. രവിയെ ഉന്തിമാറ്റി ചാരു അലമാര തുറന്നു. അതിനുള്ളിൽ നിന്നും ഉപയോഗശൂന്യമായ വസ്ത്രങ്ങൾ എല്ലാമെടുത്ത് അവൾ ഒരു ചാക്കിലേക്ക് ഇട്ടു.
” ശിവ… പോയി നിന്റെ ആവശ്യമില്ലാത്ത തുണികൾ എടുത്തു കൊണ്ട് വാ. ഒരു മണിക്കൂർ സമയം തരും. അതിനുള്ളിൽ റൂം ക്ലീൻ ചെയ്തോളണം. ”
ശിവദ ഒരാശ്രയത്തിനായി അച്ഛനെ നോക്കി.
” നിനക്ക് ഇതെന്താ ബാധ കയറിയോ? മോൾക്ക് വിശക്കുന്നു എന്ന് പറഞ്ഞത് നീ കേട്ടില്ലേ? ”
രവിയുടെ ചോദ്യം കേട്ട് ചാരു തിരിഞ്ഞു നോക്കി.
” മോൾക്ക് മോളുടെ കാര്യം നോക്കാനുള്ള പ്രായമൊക്കെയായി. ഞാനാ അവളെ ഇങ്ങനെ മടിച്ചിയാക്കിയത്. ഇനിയെങ്കിലും സ്വന്തം കാര്യം നോക്കാൻ അവൾ പഠിക്കണം. ഞാനും എല്ലാം ചെയ്ത് കൊടുത്ത് കൊടുത്ത് മെഴുകുതിരി പോലെ ഉരുകിയൊലിച്ചു. ഇനിയെങ്കിലും എനിക്ക് വേണ്ടി കുറച്ചു സമയം നീക്കിവയ്ക്കണം. ”
പറഞ്ഞു വരുമ്പോൾ ചാരുവിന്റെ സ്വരം ചിലമ്പിച്ചിരുന്നു. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അലമാരയുടെ മുകളിൽ പരതാൻ തുടങ്ങി. പിന്നിൽ നിന്നും അച്ഛനും മകളും പിൻവാങ്ങിയതും സൂര്യൻ അസ്തമിക്കുന്നതും ഒക്കെ അവൾ അറിഞ്ഞുവെങ്കിലും അവൾ അന്വേഷണം അവസാനിപ്പിച്ചില്ല.
കുറേ സമയത്തെ തിരച്ചിലിന് ശേഷം കട്ടിലിൽ ഇരുന്ന ചാരുവിന്റെ അരികിലേക്ക് ശിവദ കുറേ സാധനങ്ങളുമായി നടന്നെത്തി. അതെല്ലാം നിശബ്ദം ഒരു കോണിൽ വച്ച അവൾ അമ്മയെ ഒന്ന് പാളി നോക്കിയ ശേഷം പുറത്തേക്കിറങ്ങി.
അത് കണ്ട് ചാരുവിന്റെ അമ്മമനം തുടിച്ചുവെങ്കിലും ഇനിയും തന്റെ മനസ്സിളകിയാൽ ശിവദ മടിച്ചിയായി തന്നെ തുടരും എന്നവൾക്ക് അറിയാമായിരുന്നു.
അന്വേഷിച്ച സാധനം കിട്ടാത്ത നിരാശയിൽ കുറച്ചു സമയം കൂടി അവിടെ ഇരുന്ന ചാരു കയ്യും കാലും കഴുകി അടുക്കളയിലേക്ക് പോവാൻ തുടങ്ങുമ്പോഴാണ് അത് കാണുന്നത്. അവൾ വേഗം ശിവദ കൊണ്ടു വച്ച പുസ്തകകെട്ടുകളിൽ നിന്നും ആ ജേർണൽ വലിച്ചെടുത്തു. അതിന്റെ പേജുകൾ മറിച്ചു നോക്കിയ ചാരുവിന്റെ ഉള്ളിൽ കുറ്റബോധം തിങ്ങി നിറഞ്ഞു.
2024ന്റെ തുടക്കത്തിൽ വാങ്ങിയതാണ് ഈ പുസ്തകം. ആദ്യത്തെ ആറേഴു താളുകൾ ഒഴികെ ബാക്കി എല്ലായിടവും തന്റെ അക്ഷരങ്ങൾക്കായി കാത്ത് കിടക്കുന്നു.
ചാരു എഴുന്നേറ്റ് ഹാളിലേക്ക് നടന്നു. അവിടെ ബിരിയാണി ഓർഡർ ചെയ്ത് കഴിക്കുന്ന അച്ഛനെയും മകളെയും കണ്ട് അവൾ ഇളിക്ക് കൈ കുത്തി നിന്ന് നോക്കി.
” മം? വാ… വന്ന് കഴിക്ക്. കഴിഞ്ഞോ തന്റെ സമരം? ”
ഒരു പൊതി അവൾക്ക് നേരെ നീട്ടി രവി ചോദിച്ചു.
” സമരമല്ല രവി. ഇത് കണ്ടോ. ഈ വർഷം തുടക്കം വാങ്ങിയ ജേർണൽ ആണ് ഇത്. ഇതിൽ എഴുതാത്തത് എന്നെ വിഷമിപ്പിക്കുന്നുണ്ട്. ലക്ഷ്യബോധമില്ലാതെ ഒരു യന്ത്രം കണക്കെ ഓടുകയായിരുന്നു എന്ന് ഇത് എന്നെ ഓർമിപ്പിക്കുന്നു രവി. മതിയായി. ഇനിയെങ്കിലും ഒരു മനുഷ്യനായി ജീവിക്കണം. അതിന് വേണ്ടി ഞാൻ കുറച്ചു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിന് നിങ്ങളും എന്നോട് സഹകരിക്കണം. ”
അവൾ പറയാതെ തന്നെ രവിക്ക് കാര്യങ്ങൾ മനസിലായിരുന്നു. അവളുടെ കളിചിരികൾ മാഞ്ഞതും കണ്ണിനു ചുറ്റും കറുപ്പ് നിറം വർധിച്ചു വരുന്നതും അവനും കാണുന്നുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് കൈ കഴുകിയ രവി ബാഗിൽ നിന്നും ഒരു ബുക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി.
2025 Dated Planner
പുറം ചട്ടയിലെ സുവർണാക്ഷരങ്ങൾ കണ്ട് ചാരു രവിയെ നോക്കി.
” ഇനി ഇതിൽ എന്നും നീ എഴുതണം. നിനക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം. അതിനായി നിന്നെ പിന്തുണയ്ക്കും എന്നതാണ് എന്റെ ഇത്തവണത്തെ ന്യൂ ഇയർ റെസൊല്യൂഷൻ. അതിലേക്കുള്ള ഫസ്റ്റ് സ്റ്റെപ്പ് ആണ് ഈ ന്യൂ ഇയർ ഗിഫ്റ്റ്. എനിക്ക് എന്റെ പഴയ ചാരുവിനെ തിരിച്ചു വേണമെടോ. ”
” എനിക്കും. ”
രവിയും ശിവദയും പറഞ്ഞത് കേട്ട് ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ ഒരു പുഞ്ചിരിയോടെ ഇരുവർക്കും നേരെ കൈ നീട്ടി.
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
#2025ൽ ഞാൻ


7 Comments
എന്നിട്ട് ചാരു എപ്പോഴാ സ്വപ്നം വിട്ട് എണീറ്റത്? ഇതൊക്കെ സ്വപ്നത്തിൽ മാത്രം 😶
😄😄
സ്വപ്നം ഒന്നുമല്ല അഞ്ചൂസേ…. ആ അച്ഛനും മോൾക്കും ബോധോദയം ഉണ്ടായി…. 😊😄
മനോഹരം !
❤️
ഇങ്ങനെ വേണം എല്ലാവരും🌹
നന്നായിരിക്കുന്നു❤️👌
Thank you