ധീരത, തന്റേടം, സാമർഥ്യം, ചിലർ തൊലിക്കട്ടി എന്നും പറയും ഇങ്ങനെ പല തരത്തിലുള്ള ധൈര്യം ആണല്ലോ പല തരം സന്ദര്ഭങ്ങളെയും നേരിടാൻ വേണ്ടത്. അത് മറ്റുള്ളവർ നമുക്ക് തരാൻ ശ്രമിക്കുന്നതും ഓരോരുത്തരും ഓരോ രീതിയിൽ ആയിരിക്കും. ചിലർ സംസാരിച്ചു മനോബലം കൂട്ടാൻ സഹായിക്കും, ചിലർ നമ്മളാ പ്രശ്നം തരണം ചെയ്യുന്നത് വരെ കൂടെ നില്കും, ചിലർ അതിലേക്കിറങ്ങി നമ്മെ സഹായിക്കും, മറ്റു ചിലരുണ്ട് നമ്മളെ സൈഡ് ആക്കി ആ കാര്യം നമുക്ക് വേണ്ടി അവരങ്ങു ചെയ്യും. അങ്ങനെ ഓർത്തെടുത്താൽ സന്ദർഭങ്ങൾ നിരവധിയാണ് അതിൽ മറക്കാൻ സാധിക്കാത്ത ഒന്ന്..
ഒരു ദിവസം പനിയ്ക്കു വേണ്ടിയോ മറ്റോ കഴിക്കാനുള്ള ഗുളികകൾ ഒരു കയ്യിലും കുടിക്കാനുള്ള വെള്ളം മറ്റേ കയ്യിലും പിടിച്ച് ഞാൻ ” ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാവുന്നു ” എന്ന് പതുക്കെ പറഞ്ഞത്, അവിടിരുന്നു കളിച്ചിരുന്ന L. K. G കാരൻ കേട്ടു.
അവൻ വേഗം ഓടി വന്നിട്ട്. ” എന്തിനാ പേടിക്കുന്നെ…? ദൈര്യമായിട്ട് കയിച്ചോ.. ഞാൻ കാനിച്ചു തരാം “എന്ന് പറഞ്ഞിട്ട് എന്റെ കയ്യിൽ നിന്നും ഒരു ഗുളിക എടുത്തു എന്നിട്ട് “ദേ, ഇതിങ്ങനെ എടുത്തിട്ട് നമ്മടെ വായില് ഇടാ…. ന്നിട്ട് വെള്ളം ” എന്നു പറഞ്ഞു അവൻ എന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങി.
ആ സെക്കൻഡിലാണ് ആ ഗുളിക അവൻ വായിലേക്കിട്ടു എന്ന് എനിക്ക് മനസിലായത്. എന്റെ കയ്യിലെ ബാക്കി ഗുളികയും അവന്റെ കയ്യിലെ വെള്ളവും തട്ടികളഞ്ഞു ഞാൻ ചാടിഎണീറ്റു. പെട്ടെന്നുള്ള ടെൻഷനിൽ ഒരു കൈ അവന്റെ കഴുത്തിൽ അമർത്തി പിടിച്ചു, ഒരു കൈ അവന്റെ വായ്ക്കകത്തും ഇട്ടു ഗുളിക എടുക്കാൻ ശ്രമിച്ചു , വിഴുങ്ങല്ലേ…. എന്ന് നിലവിളിച്ച് അതിനിടയിൽ ആ പരിസരത്തുണ്ടായിരുന്ന എല്ലാവരെയും ഞാൻ അവിടെ എത്തിച്ചു. ഗുളിക എനിക്ക് പുറത്തെടുക്കാൻ പറ്റി. വിഴുങ്ങിയിട്ടില്ലാഞ്ഞത് ഭാഗ്യം. ആ വികൃതിക്കുട്ടൻ പിന്നീടും ബട്ടൻസും പീപ്പിയും ഒക്കെ വിഴുങ്ങാനും മറ്റു കുട്ടികളെ ഇതെല്ലാം വിഴുങ്ങാൻ പഠിപ്പിക്കാനും ധൈര്യം കാണിച്ചിട്ടുണ്ട്.
മറ്റൊന്ന് കോളേജിൽ വച്ചാണ്.
കോളേജിൽ ജോയിൻ ചെയ്ത ആദ്യത്തെ ആഴ്ച, ക്ലാസ്സിൽ എല്ലാവരെയും പരിചയമായി വരുന്നുള്ളു. തൊട്ടടുത്ത ഡിപ്പാർട്മെന്റ്ൽ എന്റെ ഒരു കൂട്ടുകാരിയുണ്ട്, ഞങ്ങൾ സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്. അവൾ അന്നൊരു ദിവസം രാവിലെ വന്നു പറഞ്ഞു. ” നമുക്ക് ഉച്ചക്ക് ഒരിടം വരെ പോകണം. മേമയുടെ വീടിന്റെ പാലുകാച്ചൽ ആണ്. ഇവിടെ അടുത്താ. ഭക്ഷണം കഴിച്ചിട്ട് വരാം. ബിരിയാണി. അമ്മയും അച്ഛനും അവിടെ ഉണ്ട്. എനിക്ക് ക്ലാസ് ഉണ്ടല്ലോ അതുകൊണ്ട് ഞാൻ നിന്റെ കൂടെ ഉച്ചക്ക് പോകാമെന്നു വിചാരിച്ചു. “.
“പക്ഷെ എന്നെ വിളിച്ചിട്ടില്ലല്ലോ, ”
” നിന്നെ ഞാൻ വിളിച്ചാൽ പോരെ”
” എന്നാലും ”
” നമുക്ക് ഉച്ചക്ക് പോകണം, ഞാൻ നിന്റെ ക്ലാസിലേക്ക് വരാം “. അവൾ പോയി .
ഞാൻ ക്ലാസിലിരുന്ന് ഇങ്ങനെ ആലോചിച്ചു. അവളുടെ വീട്ടുകാർക്ക് എന്നെ അറിയാം. എന്റെ വീട്ടിൽ അവളെയും അറിയാം അതുകൊണ്ട് വീട്ടിൽ പ്രശ്നമില്ല. എന്നാലും വിളിയ്ക്കാത്ത സദ്യക്ക് പോകാന്നു വെച്ചാൽ, ആരെങ്കിലും അറിഞ്ഞാൽ കളിയാക്കുമോ. എനിക്ക് സംശയമായി.
ഉച്ചയായി, ഞാൻ അടുത്തിരുന്ന കുട്ടിയോട് പതുക്കെ ചോദിച്ചു,…
” ഈ വിളിക്കാത്ത സദ്യക്ക് പോകുന്നത് മോശമല്ലേ “.?
” ഹേയ്, എന്ത് മോശം…. നീയെവിടെയാ പോകുന്നേ?”, പിന്നിൽ നിന്നൊരു ശബ്ദം.
ഞാൻ തിരിഞ്ഞു നോക്കി… പിൻ സീറ്റിൽ ഇരിക്കുന്ന കുട്ടിയാണ്. പേരറിയില്ല.
” നീയെവിടെയാ പോകുന്നെ, നിനക്ക് പേടിയാണെങ്കിൽ ഞാനും കൂടെ വരാം ”
“വേണ്ട ”
” വേണ്ടേ, നമ്മൾ രണ്ടു പേരായതു കൊണ്ടാണോ, നിന്റെ പേരെന്താ ”
” ഗ്രീഷ്മ”
“ആ.. എന്റെ പേര് പ്രിയ, നമ്മളിപ്പോ ഫ്രണ്ട്സ് ആയില്ലേ, നിനക്കൊരു ധൈര്യത്തിന് ഞാൻ അവരെയും കൂടെ വിളികാം ” എന്നും പറഞ്ഞു അവൾ വേറെ 3 പേരെ കൂടെ വിളിച്ചു. അവർ നാലുപേരും നേരത്തെ ഒരുമിച്ചു പഠിച്ചിരുന്നതാ.
” ഇപ്പൊ 5 പേരായി, പോരെ ഇനി ആരെങ്കിലും വേണോ ഒരു ധൈര്യത്തിന് ”
“വേണ്ട, പക്ഷെ എന്റെ ഫ്രണ്ട് ന്റെ വീട്ടിലാ ഫങ്ഷൻ, അവൾക്ക് നിങ്ങളെ അറിയില്ലല്ലോ?”
“അതിനെന്താ നീ പരിചയപ്പെടുത്തണം. നിന്റെ ഫ്രണ്ട് എന്ന് പറഞ്ഞാൽ ഞങ്ങളുടെയും ഫ്രണ്ട് അല്ലേ ”
അപ്പോഴേക്കും അവൾ വന്നു , ഞാൻ 4 പേരെയും കൂട്ടിയാണ് വരുന്നതെന്ന് പറഞ്ഞിട്ട് അവൾക്ക് വലിയ ഭാവമാറ്റമൊന്നും കണ്ടില്ല. ഓക്കേ, അവൾക്കില്ലെങ്കിൽ പിന്നെ എനിക്കെന്താ പ്രശ്നം. ഞങ്ങൾ പോകുന്ന വഴി വിശദമായി പരിചയപ്പെട്ടു.
അവിടെ ചെന്നു എല്ലാവരെയും കണ്ടു. ഭക്ഷണം കഴിച്ചു. തിരിച്ചു പോന്നു. വരുന്ന വഴി അവർ വീണ്ടും പറഞ്ഞു ” ഇനി ഇതുപോലെ എവിടേലും പോകണമെങ്കിൽ ഞങ്ങളെ വിളിച്ചാൽ മതി. ” ഇതിനെയൊക്കെയാണോ ക്രൈം പാർട്ണഴ്സ് എന്ന് പറയുന്നത്.
ധൈര്യമായിരിക്കു, ഞാനുണ്ട് കൂടെ എന്ന് പറയാൻ ഒരാളുള്ളത് വലിയൊരാശ്വാസം തന്നെയാണ്. എന്നാൽ കൂടെയുള്ളവരുടെ സപ്പോർട്ട് നമുക്ക് വലിയ ബലം ആണെങ്കിൽ പോലും സ്വയം ആർജിച്ചെടുക്കുന്ന ധൈര്യം തന്നെയാണ് പല നിർണായക നിമിഷങ്ങളിലും നമുക്ക് തുണയാവുക.
പേടിയെ തുരത്താൻ മാത്രമല്ല ധൈര്യം വേണ്ടത്. സ്വയം തീരുമാനങ്ങൾ എടുക്കാൻ, അത് നടപ്പിലാക്കാൻ. ജീവിതത്തിൽ റിസ്ക്കുകൾ എടുക്കാൻ, പുതിയ കാര്യങ്ങൾ ചെയ്യാൻ. മറ്റുള്ളവരെ, ചിലപ്പോൾ ഏറ്റവും പ്രിയപ്പെട്ടവരെ എതിർത്ത് നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങൾ നേരിടാൻ, പെട്ടെന്ന് ഒറ്റയ്ക്കായാൽ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ, നോ പറയാൻ ഇങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും നാം ധൈര്യം സ്വയം ആർജിച്ചെടുക്കുക തന്നെ വേണം.
ഇതിലെല്ലാം ഉപരി തോൽവിയെ നേരിടാനുള്ള ധൈര്യം. തെറ്റു പറ്റിയേക്കാം എന്നറിഞ്ഞു കൊണ്ട് തീരുമാനങ്ങൾ എടുക്കുക. കൂടെയുള്ളവരുടെ പരിഹാസമോ കുറ്റപ്പെടുത്തലോ നേരിടേണ്ടി വന്നേക്കാം എന്ന അറിവോടെ തന്നെ സ്വന്തം ശരികൾക് ഒപ്പം നിൽക്കുക. തോറ്റു പോയേക്കാം എന്ന് അറിഞ്ഞു കൊണ്ടു തന്നെ പുതിയ കാര്യങ്ങൾ ചെയ്ത് നോക്കുക എന്നിങ്ങനെ ഒഴുക്കിനെതിരായി നീങ്ങുന്നവർ ധൈര്യം കൈ മുതലാക്കി തന്നെയാണ് എല്ലാ ശ്രമങ്ങളും ആരംഭിക്കുന്നത്. അങ്ങനെ തോൽക്കാൻ ധൈര്യം ഉള്ളവർക്കേ എവിടെയും ജയിക്കാനും സാധിക്കുകയുള്ളു.
കൂടെ നില്കാൻ ആരുമില്ലാത്തപ്പോൾ നിങ്ങൾ നിങ്ങളെപ്പറ്റി തന്നെ ഓർക്കുക. നിങ്ങളുടെ കഴിവുകളും കുറവുകളും നന്നായി അറിയുന്ന, നിങ്ങൾ എന്തുകൊണ്ട് പേടിക്കുന്നു എന്തുകൊണ്ട് തോറ്റുപോകുന്നു എന്നറിയാവുന്ന നിങ്ങൾക്കു മാത്രമാണ് നിങ്ങൾക്ക് വേണ്ട ധൈര്യം പകർന്നു തരാൻ കഴിയുക.


3 Comments
അതെ ആത്മധൈര്യം തരുന്നവർ ഒരു മുതൽക്കൂട്ടാണ്.
❤
🙏
😊😊👍👍 നന്നായി പറഞ്ഞു