“ഞാൻ പണിയെടുത്ത് ക്ഷീണിച്ചു വരുമ്പോൾ രുചിയായിട്ട് എന്തെങ്കിലും വെച്ച് വിളമ്പാനാ എന്റമ്മ നിന്നെ കണ്ടു പിടിച്ചത്. അവളുടെ ഒരെഴുത്തും കുത്തും പോരാഞ്ഞിട്ട് പുതിയ പരിപാടിയും തുടങ്ങണം പോലും. അമ്മ കേട്ടാൽ മൂക്കത്ത് വിരൽ വെക്കും. പൊയ്ക്കോണം. ആ സഞ്ചിയിൽ രണ്ട് കിലോ ചാള ഉണ്ട്. കുറച്ചെടുത്ത് വൃത്തിയാക്കി വറുക്ക്. നല്ല രുചിയിൽ ഇന്നെങ്കിലും ഉണ്ണട്ടെ. “
ചാള സഞ്ചിയിൽ നിന്ന് മൺചട്ടിയിലേക്ക് ചെരിഞ്ഞിട്ട് കത്തിയും കത്രികയുമായി പൈപ്പിൻചുവട്ടിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് നിറയെ കൂട്ടുകാരി പറഞ്ഞ ആശയം ആയിരുന്നു. ടൗണിൽ പൂട്ടാനൊരുങ്ങുന്ന പബ്ലിഷിംഗ് ഹൌസ് ഏറ്റെടുത്ത് നടത്താൻ അവളും ഭർത്താവും തീരുമാനിച്ചിരിക്കുന്നു. അതിൽ ചെറിയൊരു തുക നിക്ഷേപിച്ച് പാർട്ണർ ആയി അവളെ വിളിച്ചിരിക്കുകയാണ്. ഗവണ്മെന്റ് ജോലിക്കാരൻ ആണെന്ന അഹന്ത നടപ്പിലും എടുപ്പിലും സംസാരത്തിലും കാത്ത് സൂക്ഷിക്കുന്ന അശോകന് ഇത്തരം ഒരു സംരംഭം പുച്ഛമായിരിക്കും എന്നറിയാം. എങ്കിലും അയാളോടല്ലാതെ അവൾ ആരോട് ചോദിക്കാനാണ്. മക്കളൊക്കെ പഠിപ്പ് കഴിഞ്ഞ് ജോലി കിട്ടി വീട്ടിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. അച്ഛന്റെ അടിച്ചമർത്തിയുള്ള ഭരണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം നല്ലൊരു ജോലി സമ്പാദനം ആണെന്ന തന്റെ ഉപദേശം ശിരസ്സാ വഹിച്ച രണ്ടാണ്മക്കളും നന്നായി പഠിച്ചു, പഠിച്ചിറങ്ങുമ്പോളെക്കും ജോലി സമ്പാദിച്ചു. അതും തൻറെ ഗുണമാണെന്ന് സുഹൃദ്സദസ്സുകളിൽ പൊങ്ങച്ചം പറയുമ്പോൾ മാലതിയുടെ ചുണ്ടിൽ കളിയാടുന്ന ചിരിയിൽ പുച്ഛത്തിന്റെ ലാഞ്ചന ഉണ്ടായിരുന്നത് അയാൾ കണ്ടെന്ന് നടിക്കാറില്ല.
മക്കളൊക്കെ പോയിക്കഴിഞ്ഞപ്പോൾ അവൾക്ക് ധാരാളം സമയം കിട്ടിത്തുടങ്ങിയപ്പോളാണ് അവൾ അടുത്തുള്ള വനിതാ വായനശാലയിലെ അംഗത്വം പൊടിതട്ടിയെടുത്തത്. പണ്ടെന്നോ ഉപേക്ഷിച്ച വായനയും കൂടെ എഴുത്തും അവൾ പുനരാരംഭിച്ചു. അയാൾക്കിഷ്ടപ്പെടുമോ എന്നുള്ള സ്ഥിരം സംശയം അവൾ സ്വയം ചോദിക്കാതെയായി. എഴുത്തിലൂടെ അവൾക്ക് കിട്ടുന്ന സമാധാനം അയാളുടെ ഇഷ്ടത്തിനായി ഉപേക്ഷിക്കാൻ അവൾ തയ്യാറല്ലായിരുന്നു. മനസ്സാ മക്കൾ അമ്മക്കൊപ്പമുണ്ടെന്ന് അവൾക്കറിയാമായിരുന്നു, അച്ഛനെ പേടിച്ച് അവരത് പ്രകടിപ്പിക്കില്ലെങ്കിലും.
അച്ഛനും അമ്മയും മകളുടെ സൽസ്വഭാവിയായ ഭർത്താവിന്റെ ഗുണഗണങ്ങൾ ബന്ധുക്കളോടും അയൽ വക്കക്കാരോടും വിവരിക്കുന്നത് അവൾ ചിലപ്പോളൊക്കെ കേട്ടിരുന്നു. അവരെ ആ സ്വപ്നലോകത്ത് നിന്ന് പുറത്ത് കൊണ്ട് വരണമെന്ന് ആഗ്രഹമില്ലാഞ്ഞല്ല, അവരുടെ സന്തോഷം തല്ലിക്കെടുത്താൻ ധൈര്യമില്ലാഞ്ഞിട്ടാണ്. അല്ലെങ്കിലും അവരോടവൾ എന്ത് പറഞ്ഞ് മനസ്സിലാക്കാനാണ്! പണ്ടെങ്ങോ എഴുതിയ ബാങ്ക് ടെസ്റ്റ്ന്റെ ഇന്റർവ്യൂ വിളിച്ചപ്പോൾ ബാങ്കിലെ ജോലി വലിയ കഷ്ടപ്പാടാണ്, അതും വീടും കൂടി മാനേജ് ചെയ്ത് ഭാര്യ ക്ഷീണിക്കും എന്ന് പറഞ്ഞ് തന്നെ ജോലിക്ക് വിടാത്തതും തനിച്ച് എവിടേക്കും പറഞ്ഞയക്കാത്തതും ഒരു മാളിക പണിത് അതിലിരുത്തിയിരിക്കുന്നതും ഒക്കെ അവരെ സംബന്ധിച്ച് മകൾക്ക് ലഭിച്ച സൗഭാഗ്യങ്ങളാണ്.
ചാള വറുത്തതും തേങ്ങാ വെണ്ണ പോലെ അരച്ച് വെച്ച കൂട്ടാനും നല്ല പോലെ ഉള്ളി മൂപ്പിച്ച് അടുപ്പത്തിട്ട് വെളിച്ചെണ്ണയിൽ ശുശ്രൂഷിച്ച് മൊരിയിച്ചെടുത്ത മെഴുക്കുപുരട്ടിയും കൂട്ടി പാകത്തിന് വെന്ത കുത്തരിച്ചോറ് രണ്ട് നേരവും ചൂടോടെ ഉണ്ണാൻ കിട്ടണം അയാൾക്ക്. കാലത്ത് ഇഡ്ഡലിയായാലും ദോശ ആയാലും അയാളുടെ ഇഷ്ടത്തിന് വേവണം, മൊരിയണം, വെള്ള ചട്ണിയിൽ കടുകും മുളകും വേപ്പിലയും വറുത്തിട്ട് മേശപ്പുറത്ത് ആവി പൊങ്ങുന്ന ചായക്കൊപ്പം നിരക്കണം. ഒരു ദിവസം പോലും അവളുടെ ഇഷ്ടത്തിന് എന്തെങ്കിലും പരീക്ഷണം നടത്താനോ സ്ഥിരം രീതികളിൽ നിന്നൊരു മാറ്റത്തിനോ അയാൾ സമ്മതിക്കില്ല. കൂട്ടുകാരുടെ വീട്ടിൽ വല്ലപ്പോഴും പോകേണ്ടി വന്നാൽ അവരുടെ ഭാര്യമാരുടെ പാചകനിപുണത ആവോളം പ്രശംസിച്ച് അവളെ കുറ്റപ്പെടുത്തുകയും ചെയ്യും. അത്പോലെ ഒരു വിഭവം തയ്യാറാക്കാമെന്ന് വെച്ചാൽ അതൊട്ട് സമ്മതിക്കുകയുമില്ല. അയാളുടെ ഇഷ്ടത്തിനെതിരെ എന്തെങ്കിലും ചെയ്താലുള്ള ഭവിഷ്യത്ത് എന്താണെന്ന് നന്നായി അറിയാമെന്നത് കൊണ്ട് അവളതിന് മുതിരാറുമില്ല.
അയാളുടെ ഇഷ്ടമില്ലാത്ത ഒരു കാര്യം അവളാദ്യമായി ചെയ്തത് അയാളുടെ ഇഷ്ടത്തിനൊത്ത് വെച്ച വീടിന്റെ പാലുകാച്ചലിന് എല്ലാവര്ക്കും ഡ്രസ്സ് വാങ്ങാൻ പോയപ്പോളാണ്. അയാൾക്കിഷ്ടപ്പെട്ട തവിട്ട് നിറമുള്ള സാരി അവൾക്ക് വേണ്ടെന്ന് അവളും ആ കളർ മാഡത്തിന് ചേരില്ലെന്ന് സെയിൽസ് വുമണും പറഞ്ഞതോടെ അയാളുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചത് അവൾ ശ്രദ്ധിച്ചിരുന്നില്ല. അവൾക്കും മക്കൾക്കും ഒരു പോലെ ഇഷ്ടപ്പെട്ട പിങ്കിൽ പച്ച ബോർഡറുള്ള സാരി മറ്റ് തുണികൾക്കൊപ്പം ബില്ല് ചെയ്യാൻ കൊണ്ട് പോയതോടെ അയാൾക്ക് സമനില നഷ്ടപ്പെട്ടു. അവളുടെയും കുഞ്ഞു മക്കളുടെയും കൈകൾ കൂട്ടി ഇറുക്കിപ്പിടിച്ച് വലിച്ച് അവരെ കാറിലേക്ക് തള്ളിയിടുകയായിരുന്നു. കടയിലുള്ള പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നത് അവളുടെ അപമാനഭാരം വർദ്ധിപ്പിച്ചു. അന്ന് രാത്രി ഗ്രിൽ ഇട്ട സിറ്റ്ഔട്ടിൽ കിടന്നാണ് അവൾ ഉറങ്ങിയത്. അതോടെ അവൾ അയാളെ എതിർക്കുന്നത് നിർത്തിയെന്ന് പറയാം. അവളെക്കാൾ കൂടുതൽ മക്കൾ ആ പ്രവർത്തിയിൽ വല്ലാതെ ഭയപ്പെട്ടിരുന്നു.
ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി. അയാൾ വരാറായിട്ടില്ല, പരിചയമില്ലാത്ത ആരെങ്കിലും വന്നാൽ അവൾ വാതിൽ തുറക്കാറുമില്ല. പീപ്പ് ഹോളിലൂടെ നോക്കുമ്പോൾ ഒരു പെൺകുട്ടി ആണ്. ഒരു ബാഗും ഉണ്ട് കൈയിൽ. കണ്ടിട്ട് സെയിൽസ് ഗേൾ അല്ല. വാതിൽ തുറന്നേക്കാം, ഒന്നുമില്ലെങ്കിലും തന്റെ മക്കളുടെ പ്രായമുള്ള ഒരു പെൺകുട്ടി അല്ലെ.
ഹായ് ആന്റി, ഞാൻ ശ്രേയ. അനൂപിന്റെ ഫ്രണ്ട് ആണ്, ഒരുമിച്ച് ജോലി ചെയ്യുന്നു. അങ്കിൾ ഇല്ലല്ലോ അല്ലെ?
അനൂപ് മൂത്തവൻ ആണ്.
അങ്കിൾ ഈ നേരത്ത് കാണില്ലല്ലോ മോളെ. അത് അനൂപിന് അറിയാമല്ലോ.
അറിയാം ആന്റി, എന്നാലും അവന്റെ പേടി കാരണം ഒന്ന് കൺഫേം ചെയ്തതാ.
അവൾ മൊബൈലിൽ എന്തോ ടൈപ്പ് ചെയ്തു.
ഉടനെ അനൂപിന്റെ കാൾ തന്റെ മൊബൈലിൽ വന്നു.
ആന്റി, അതവൻ അല്ലെ? അറ്റൻഡ് ചെയ്യൂ.
അവൾ ഫോണെടുത്തു. അനൂപ് കാര്യങ്ങൾ വിശദീകരിച്ചു. അവൾ ശ്രേയയെ അകത്തേക്ക് ക്ഷണിച്ചു. ഗസ്റ്റ് റൂം തുറന്ന് കൊടുത്തു. കുളിക്കാനുള്ള തോർത്ത് അലമാരിയിൽ നിന്നെടുത്ത് കൊടുത്ത ശേഷം മോൾ കുളിച്ചിട്ട് വരൂ, ഞാൻ കഴിക്കാനെടുത്ത് വെക്കാം എന്ന് പറഞ്ഞ് റൂം ചാരി അടുക്കളയിലേക്ക് പോയി.
ഫ്രിഡ്ജിൽ ദോശ മാവുണ്ട്. ചമ്മന്തിക്ക് തേങ്ങാ ചെരകുമ്പോൾ അവൾ ശ്രേയയെക്കുറിച്ചാണ് ഓർത്തത്. എത്ര മിടുക്കിയായ പെൺകുട്ടി. തന്റെ അനുവും മിടുക്കൻ തന്നെ. അവർ പരസ്പരം ഇഷ്ടപ്പെടുന്നു എന്ന് എത്ര തന്റേടത്തോടെയാണ് പറയുന്നത്. ശ്രേയക്ക് ഇവിടത്തെ കാര്യങ്ങളൊക്കെ അറിയാം. അച്ഛന്റെ സ്വഭാവം നേരിട്ടറിയാൻ മനഃപൂർവം ഇവിടെ അടുത്തുള്ള ബ്രാഞ്ചിലേക്ക് അവൾ സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയതാണ്.
അയാൾ വന്നപ്പോൾ വാതിൽ തുറന്ന് കൊടുത്തത് ശ്രേയ ആയിരുന്നു, പിന്നിൽ അവളും. ആരാണിത് എന്ന അത്ഭുതത്തോടെ നിൽക്കുന്ന അയാൾക്ക് ശ്രേയ സ്വയം പരിചയപ്പെടുത്തി. അനൂപിന്റെ സഹപ്രവർത്തക, സുഹൃത്ത് എന്ന് മാത്രമേ അയാളോട് പറഞ്ഞുള്ളു. ഇവിടെ അടുത്തുള്ള ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ അനൂപാണ് തല്ക്കാലം ഇവിടെ നിൽക്കുന്നതിൽ അച്ഛന് സന്തോഷമേ കാണു എന്ന് പറഞ്ഞത് അയാൾക്ക് സുഖിച്ചു.
പിന്നെന്താ മോളിവിടെ എത്ര നാൾ വേണമെങ്കിലും നിന്നോളൂ. അങ്കിൾ ഓഫീസിൽ ഡ്രോപ്പ് ചെയ്യുകയും എടുക്കുകയും ചെയ്യാം എന്ന് വരെ എത്തി. അതവൾക്ക് വേണ്ടായിരുന്നു, കാരണം അവളുടെ സ്വന്തം കാർ തല്ക്കാലം അവളുടെ നാട്ടിൽ ആണ്, അത് നാളെ തന്നെ ഇങ്ങോട്ടേക്ക് എത്തും.
അല്ലെങ്കിലും ഇത് ശ്രേയ ആണ്, മാലതി അല്ല എല്ലാത്തിനും ഒരു തോളിൽ ചായാൻ. മാലതി സ്വയം കളിയാക്കി ചിരിച്ചു. അയാളുടെ നല്ല പിള്ള ചമയൽ കണ്ടും അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.
പിറ്റേന്ന് മുതൽ ആ വീട്ടിൽ പല മാറ്റങ്ങളും സംഭവിച്ചു. അടുക്കളയിൽ രുചികരമായ ഭക്ഷണം ഒരുക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്നതിലെ നിരർത്ഥകതയെ കുറിച്ച് ശ്രേയ മാലതിക്കും അശോകനും ക്ലാസ് എടുത്തു. എന്ത് പറയുമ്പോളും ശ്രേയ അങ്കിളിന് ഇതൊക്കെ മനസ്സിലാകും, ആന്റി മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ പറയുന്നത് എന്ന ഡയലോഗ് കാച്ചും. അതിൽ അശോകൻ എന്ന അതിര് കടന്ന താൻപോരിമക്കാരൻ മൂക്കും കുത്തി വീണു. അങ്ങനെ നടുവേദന സഹിച്ച് വീട് വൃത്തിയാക്കലും അടുക്കളപ്പണിയും ചെയ്തിരുന്ന മാലതിക്ക് വൈകാതെ പകൽ വന്ന് പോകുന്ന ഒരു പണിക്കാരിയെ കിട്ടി. ഇത് മറ്റൊരു കുടുംബത്തിന് കൂടി സഹായകമാകും എന്ന പോയിന്റ് അങ്കിളിന് പെട്ടെന്ന് മനസ്സിലാകും അല്ലെ അങ്കിൾ എന്ന ചോദ്യത്തിന് പിന്നേ, നമ്മുടെ അയലത്തെ വത്സലയെ തന്നെ വിളിക്കാം, അവർ സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ്, ഈ ഒരു ജോലി അവർക്കൊരു സഹായമാകും എന്ന മറുപടി കേട്ട മാലതി വായ പൊളിച്ച് ഇരുന്ന് പോയി.
ശ്രേയയുടെ വരവ് മാലതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. അശോകൻ തന്റെ ഇമേജ് സംരക്ഷിക്കാനായിട്ടാണെങ്കിലും പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്തു തുടങ്ങി. ചെയ്ത് ചെയ്ത് ചിലതൊക്കെ അയാൾക്ക് ശീലമായി തുടങ്ങി. ഇപ്പോളാ വീട്ടിൽ മാലതിക്ക് നിറയെ സമയമാണ്. വത്സലയുടെ സഹായം ഉള്ളതിനാൽ അശോകനും ശ്രേയയും ഇല്ലാത്ത നേരത്ത് അവൾ ധാരാളം എഴുതാൻ തുടങ്ങി. ഒരവധിദിനത്തിൽ അവളുടെ എഴുത്തുകൾ കണ്ടെത്തിയ ശ്രേയ അതൊക്കെ ചേർത്ത് ഒരു പുസ്തകം പുറത്തിറക്കാനുള്ള പദ്ധതിയിട്ടത് പോലും അശോകൻ പിന്തുണച്ചു. ഏറെ വൈകാതെ നീണ്ടു കിടക്കുന്ന മാലതിയുടെ പകൽ സമയങ്ങൾ കൂട്ടുകാരിയുടെ പുതിയ പബ്ലിഷിങ് ഹൗസിന്റെ എഡിറ്റർ ജോലികൾക്കായും ഉപയോഗിക്കാൻ തുടങ്ങി. തനിക്ക് കഴിയാത്ത പലതും ശ്രേയ സമർത്ഥമായി അശോകനെക്കൊണ്ട് തന്ത്രപൂർവം സമ്മതിപ്പിക്കുന്നത് കണ്ട് മാലതി മനസ്സാ ഉറപ്പിച്ചു, ഇവളെ എത്രയും വേഗം ഈ വീടിന്റെ സ്വന്തമാക്കണം.
#പേടിക്കണ്ട,ഞാൻകൂടെയുണ്ട്
#storychalenge


13 Comments
Wow… കൊതിപ്പിച്ചുകളഞ്ഞു മഞ്ചൂ 👌👌👌👌 congrats👏
മിടുക്കിക്കുട്ടി …… എത്ര തന്മയത്തോടെയാണ് ശ്രേയ ആ വീടിനെ ഒരു വീടാക്കി മാറ്റിയത് ……നനായെഴുതി👍🌹
👍👍Super 👍
നന്നായിട്ടുണ്ട് ❤️❤️❤️
നന്നായിട്ടുണ്ട്… മിടുക്കി ശ്രേയ… ❤️
ന്യൂ ജനറേഷൻ മിടുക്കരാണ് 💜
താങ്ക്യൂ
നന്നായി എഴുതി❤️🌹👌
ഇപ്പോഴത്തെ കുട്ടികൾ അടിമപ്പണിയിലല്ല വിശ്വസിക്കുന്നത്. എന്തും നയപരമായി കൈകാര്യം ചെയ്യാനും നേടിയെടുക്കാനും അവർക്കറിയാം.
നന്നായിട്ടുണ്ട് ബാക്കി പ്രതീക്ഷിക്കുന്നു…
നല്ല കഥ, വീട്ടിലെ മാറ്റങ്ങൾ, ആശാവഹം.
❤
താങ്ക്യൂ ഡിയർ
കുറെ ആയി എഴുതിയിട്ട് . ഈ വിഷയം കണ്ടപ്പോൾ ഒരാഗ്രഹം
😍 കൊള്ളാം 👍👍
താങ്ക്യൂ ❤️💙🧿