“എടീ സുജേ നീയറിഞ്ഞോ? നമ്മുടെ ക്ലാസിലെല്ലാവരും കൂടി നിന്നോടു യുദ്ധം പ്രഖ്യാപിക്കാനിരിക്കുകയാ.”
ഉച്ചയ്ക്ക് ചോറുണ്ടിട്ട് കൈകഴുകാൻ പോയപ്പോഴാണ് മിനി പറഞ്ഞത്.
പാത്രം കഴുകാൻ മറന്ന് ഞാൻ തിരിഞ്ഞു നിന്നു.
“അതെന്തിനാ? ഞാനെന്തു ചെയ്തിട്ടാ ”
എൻ്റെ തൊണ്ടയിടറി.
ആരെങ്കിലും പിണങ്ങുന്നത് എനിക്കു സഹിക്കാൻ കഴിയില്ല. അഞ്ചു വർഷം ഒരേ ക്ലാസിലിരുന്നു പഠിച്ച് ഈ പത്താം ക്ലാസിലെത്തിയപ്പോൾ ഇവരെന്തിനാ ഇങ്ങനെ ചെയ്യുന്നത്? എനിക്കൊന്നും മനസ്സിലായില്ല.
“അതു മോളിസാറു കാരണമാണെന്നാണ് ആലീസും കൂട്ടരും പറയുന്നത്. ആ ഗുണ്ടുമണി ആലീസാണ് നേതാവു്. “
“മോളി സാറെന്തു ചെയ്തു?”
ഞങ്ങളുടെ ബയോളജി ടീച്ചറാണ് മോളി സാർ. നന്നായി പഠിപ്പിക്കും. വീട്ടിൽ പോയി ഒന്നു വായിച്ചാൽ എല്ലാം മനസ്സിലാവും. എനിക്കിഷ്ടമില്ലാത്ത വിഷയമായിട്ടും ഇഷ്ടത്തോടെ പഠിക്കുന്നത് മോളിസാർ പഠിപ്പിക്കുന്നതു കൊണ്ടാണ്.
“ഏതുത്തരവും നീ പറഞ്ഞാലേ മോളിസാറിനു തൃപ്തിയാവൂ, ബാക്കിയുള്ളവർ പറയുന്നതിൽ എന്തെങ്കിലും തെററു കണ്ടുപിടിക്കും, അടിക്കും, ഇനിയതു സമ്മതിച്ചു തരാൻ പറ്റില്ല എന്നൊക്കെയാണ് അവരെല്ലാം പറയുന്നത് ”
” അത് ശരിയായിട്ടു പറയാത്തതു കൊണ്ടല്ലേ. നീ ശരിക്കു പറയുമ്പോൾ നിന്നെ അടിക്കാറില്ലല്ലോ മിനീ . ”
“അവർ എല്ലാവരേയും ചാക്കിട്ടു പിടിച്ചോണ്ടിരിക്കുകയാ”
അവൾ എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെ ഒരു മയവുമില്ലാതെ പറഞ്ഞു.
“ഞാനെന്തു തെറ്റാ ചെയ്തത്? എന്തു സംശയമുണ്ടെങ്കിലും എല്ലാം ഞാൻ പറഞ്ഞു കൊടുക്കാറില്ലേ, ആലീസിന് ബയോളജി നോട്ട് ബുക്കിൽ പടമെല്ലാം വരച്ചു കൊടുത്തതു ഞാനല്ലേ. എന്നിട്ടും…”
“ആരും ഇനിയെന്നോടു മിണ്ടില്ലേ?”
എൻ്റെ കണ്ണു നിറഞ്ഞു.
” ഞാൻ സമ്മതിച്ചില്ല. എൻ്റടുത്ത് അവരുടെ ഗുണ്ടായിസമൊന്നും നടപ്പില്ല. പിന്നെ ഗീതയും ആ ഡാൻസുകാരി മേഘയും അവരെ വഴക്കു പറഞ്ഞു വിട്ടു. ഒൻപതിൽ വെച്ച് ജ്യോമട്രി മുഴുവൻ നീയാണു പഠിപ്പിച്ചു കൊടുത്തത്. അല്ലെങ്കിൽ അവളുടെ കൈയിലെ തൊലി മുഴുവൻ മാലതി സാർ നുള്ളിയെടുത്തേനേ. അതു കൊണ്ട് നിനക്കെതിരെ ഒന്നും ചെയ്യില്ലെന്നു മേഘ പറഞ്ഞു.”
മിനിയ്ക്കു സ്വന്തം തീരുമാനമുണ്ട്. ആരും അവളുടെയടുത്തു ചെല്ലുകയില്ല.
“ഗീതയോ ?”
“ആഹാ.. ഇതറിഞ്ഞാൽ പൊന്നമ്മ സാർ ഗീതയെ അടിച്ചു സൂപ്പാക്കും. ഗീതയ്ക്കു പേടിയാ ”
ഞങ്ങളെ ഹിന്ദി പഠിപ്പിക്കുന്ന പൊന്നമ്മ സാറിൻ്റെ മോളാണു ഗീത. പൊന്നമ്മ സാറിൻ്റെ വടിയെ പേടിച്ചാണ് ഞങ്ങളെല്ലാം രാഷ്ട്രഭാഷാ പ്രേമികളായത്.
പറഞ്ഞു പറഞ്ഞ് ഞങ്ങൾ തിരികെ ക്ലാസിലെത്തി. ആലീസും കൂട്ടരും വാതിലിനരികിലുണ്ട്. എൻ്റെ മുട്ടിടിച്ചു. ഇവരെ എങ്ങനെ അനുനയിപ്പിക്കും? ഒരെത്തുംപിടിയും കിട്ടുന്നില്ല.
“സുജേ നീയിങ്ങു വന്നേ.”
ആലീസിൻ്റെ ഉറ്റ തോഴി തങ്കമണിയാണ്.
എന്താണ് ഇവരുടെ ഉദ്ദേശ്യമെന്നു മനസ്സിലാകാതെ എൻ്റെ ഹൃദയം പിടഞ്ഞു. ഹാർട്ട് അറ്റാക്കൊന്നും അന്നത്തെക്കാലത്ത് അത്ര പരിചിതമില്ലാഞ്ഞതു കൊണ്ട് അതിനെക്കുറിച്ചൊന്നും ചിന്തിച്ചില്ല. എന്നാലും എനിക്കു നെഞ്ചു വേദനിക്കുന്ന പോലെ തോന്നി.
“ഞങ്ങൾ പറയുന്നതുപോലെ ചെയ്താലേ എല്ലാവരും നിന്നോടു മിണ്ടൂ. ഇല്ലെങ്കിൽ ഇനി നമ്മുടെ സ്ക്കൂൾ ജീവിതം കഴിയുന്നതുവരെ ആരോടും മിണ്ടാതെ ഇവിടിരിക്കണം. ”
“മിനിയും ഗീതയും മേഘയും ഉണ്ടല്ലോയെന്നു വിചാരിച്ച് സന്തോഷിക്കണ്ട. ആരെങ്കിലും മിണ്ടിയാൽ …….”
ആലീസ് ഭീഷണി മുഴക്കി മുന്നിലേക്കു വന്നു.
“നീ വേറൊന്നും ചെയ്യണ്ട. ഇന്ന് ആറാമത്തെ പീരീഡ് ബയോളജിയല്ലേ. മോളി സാർ ചോദ്യം ചോദിക്കുമ്പോൾ ആരും ഉത്തരം പറയില്ല. നീയും ഒന്നും പറയരുത്. നീയങ്ങനെ വലിയ മിടുക്കിയാവണ്ട ”
ആലീസ് പോലീസ് മുറയിൽ ആജ്ഞ പുറപ്പെടുവിച്ചു.
രാവിലെ ഞാൻ സ്ക്കൂളിലേക്കു വരുമ്പോൾ മിക്ക ദിവസവും മോളി സാറിനെ കാണും. വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ടാണു വരുന്നത്. അമ്മയുമച്ഛനും മറ്റു കുടുംബക്കാരും അയൽവക്കക്കാരുമെല്ലാമാണ് സ്ക്കൂളിലെ അദ്ധ്യാപകർ.
ഞാനാകെ വിഷമിച്ചു
“എനിക്കു പേടിയാ ആലീസേ”
“നീയെന്തിനാ പേടിക്കുന്നത്?
ധൈര്യമായിരിക്ക്. ഞങ്ങളുണ്ട് കൂടെ.
അടി കിട്ടിയാൽ എല്ലാവർക്കും. ആരെയും അങ്ങനെ പേടിക്കണ്ട”
അടി കിട്ടിയാലും സാരമില്ല. ക്ലാസിൽ ഞാനെങ്ങനെ ഒറ്റപ്പെട്ടിരിക്കും?എൻ്റെ മൗനം സമ്മതമായെടുത്ത് എല്ലാവരും പിരിഞ്ഞു.
ബെല്ലടിച്ചു. ക്ലാസ് ലീഡർ വത്സല സ്റ്റാഫ് റൂമിൽ പോയി പുതിയൊരു ചൂരൽ കൊണ്ടുവന്നു മേശപ്പുറത്തു വെച്ചു.
അഞ്ചാമത്തെ പീരീഡ് ഫിസിക്സാണ്. ഗീവറുഗീസ് സാർ വന്നു. എനിക്കു ശ്രദ്ധിക്കാനേ പറ്റുന്നില്ല. എൻ്റെ ഭാവമാറ്റങ്ങൾ സാർ അറിയല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ട് ശ്രദ്ധ അഭിനയിച്ചിരുന്നു.
ആറാമത്തെ പീരീഡായി. മോളി സാർ വന്നു.
“എല്ലാവരും ബുക്കടച്ചു വെയ്ക്ക് ”
തലേന്നു പഠിപ്പിച്ച ഭാഗം ചോദിക്കാൻ തുടങ്ങി. ഓരോരുത്തരായി എഴുന്നേറ്റു നിന്നു. ആരുമൊന്നും പറയുന്നില്ല. മോളിസാർ ചോദ്യം ആവർത്തിച്ചു. ഉഷ… ലത… വത്സല… ഗീത… മിനി… ഞാനെഴുന്നേറ്റു തലകുനിച്ചു നിന്നു.
എല്ലാവരും എഴുന്നേറ്റു കഴിഞ്ഞു. ക്ലാസിൽ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത.
ഇപ്പോൾ അടിയുടെ പൂരമായിരിക്കും. ഞങ്ങൾ ക്ഷമയോടെ കാത്തു നിന്നു.
മോളി സാർ ചൂരൽ കൈയിലെടുത്തു. അങ്ങോട്ടുമിങ്ങോട്ടും രണ്ടു മൂന്നുപ്രാവശ്യം നടന്നു. ചൂരൽ തിരികെ മേശപ്പുറത്തു വെച്ചു.
” ആൾ സിറ്റ് ഡൗൺ”
എൻ്റെ ഹൃദയം ഒരു ബലൂൺ വീർത്തു പൊട്ടുന്ന അവസ്ഥയിലായ പോലെ തോന്നി. മോളി സാറിതു സ്റ്റാഫ് റൂമിൽ പോയി പറയും. അമ്മയെന്നെ ശരിയാക്കും .രണ്ടടി തന്നാൽ സാരമില്ല. വഴക്കുപറയുന്നതാണ് സഹിക്കാൻ പറ്റാത്തത്. ആലീസും കൂട്ടരും തന്ന ധൈര്യമൊക്കെ ചോർന്നു പോയ പോലെ.
മോളിസാർ ഒന്നും മിണ്ടാതെ കുറച്ചു നേരം പുറത്തേക്കു നോക്കി നിന്നു. പിന്നെ പുതിയ ഭാഗം പഠിപ്പിക്കാൻ തുടങ്ങി.
സ്ക്കൂൾ വിട്ടതും ഞാൻ ഇറങ്ങിയോടി. ബേബിക്കുട്ടിച്ചായൻ്റെ കടയുടെ മുമ്പിലെത്തിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്. അമ്മയും മോളിസാറുമൊക്കെ നടന്നു വരുന്നുണ്ട്.
ഞാൻ വേഗം നടന്ന് വീട്ടിലെത്തി. അമ്മ വരുന്നതിനു മുമ്പേ ബുക്കെല്ലാമെടുത്ത് പഠിക്കാനിരുന്നു.
” ഇന്നെന്താ നിനക്കു ചായയും അവൽ നനച്ചതുമൊന്നും വേണ്ടേ? ആനയെത്തിന്നാനുള്ള വിശപ്പുമായിട്ടാണല്ലോ സാധാരണ വരുന്നത്. ”
അമ്മ വേറൊന്നും ചോദിക്കുന്നില്ലല്ലോ. പക്ഷേ
സമാധാനിക്കാൻ സമയമായിട്ടില്ല എന്നു മനസ്സു പറഞ്ഞു
അച്ഛൻ വന്നപ്പോൾ അമ്മ വിഷയമെടുത്തിട്ടു.
” വെറുതെ വരുന്ന കുറെയെണ്ണമുണ്ടല്ലോ ആ ക്ലാസിൽ . ഇവളും അവരുടെ കൂടെച്ചേർന്നതിലാ മോളിക്കു വിഷമം. നീയെന്തു ധൈര്യത്തിലാ സുജേ അങ്ങനെ ചെയ്തത്? അടി കൊടുക്കാഞ്ഞതിന് ഞങ്ങളെല്ലാം മോളിയെവഴക്കുപറഞ്ഞു ”
അമ്മ വിടാൻ ഭാവമില്ല.അച്ഛൻ എന്നെ നോക്കി.
” അച്ഛാ”
സംഭവങ്ങൾ വള്ളിപുള്ളി വിടാതെ അച്ഛനോടു പറഞ്ഞു കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ നിന്നു വലിയാരുഭാരമൊഴിഞ്ഞതു പോലെയായി.
എൻ്റെ നിസ്സഹായാവസ്ഥ അച്ഛനു മനസ്സിലായി.
“ആരെല്ലാം എത്ര ധൈര്യം തന്നാലും ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് അത് തെറ്റോ ശരിയോ എന്നു നോക്കണം. ധൈര്യം തന്ന് കൂടെയുണ്ടെന്നു പറയുന്നവർ പിന്നീട് ചിലപ്പോൾ കൂടെക്കാണില്ല കേട്ടോ
പോട്ടെ സാരമില്ല. ഇനി ശ്രദ്ധിച്ചാൽ മതി ”
അച്ഛനെന്നെ സമാധാനിപ്പിച്ചു.
പിറ്റേന്നു രാവിലെയും സ്ക്കൂളിൽ പോകാനിറങ്ങിയപ്പോൾ മോളി സാറിനെ കണ്ടു. എന്നത്തെയും പോലെ പലതും പറഞ്ഞ് നടന്നു. മോളിസാർ വേറൊന്നും ചോദിച്ചില്ല ഞാൻ പറഞ്ഞുമില്ല.
പത്താം ക്ലാസിലെ ബാക്കിയുള്ള മൂന്നുനാലു മാസം പെട്ടെന്നു കഴിഞ്ഞു പോയി. എല്ലാം പഴയതുപോലെ തന്നെ, പൂർണ്ണമായ ശരിയുത്തരങ്ങൾ പറയാത്തവർ അടി വാങ്ങിച്ചു. പരീക്ഷ കഴിഞ്ഞു .എല്ലാവരും പല വഴിക്കായി പിരിഞ്ഞു.
വർഷങ്ങളെത്രയോ കഴിഞ്ഞിരിക്കുന്നു. മോളിസാർ ഈ സംഭവം ഓർമ്മിക്കുന്നുണ്ടോ എന്നറിയില്ല. മിനിയും ഗീതയുമൊക്കെ എല്ലാം മറന്നു. ധൈര്യമായിരിക്ക്, കൂടെയുണ്ട് എന്നു പറഞ്ഞ ആലീസിനേയും കൂട്ടരേയും പിന്നീടൊരിക്കലും കാണാൻ പോലും കഴിഞ്ഞിട്ടില്ല.
എനിക്കങ്ങനെ മറക്കാൻ കഴിയുമോ?
വർഷങ്ങൾക്കു ശേഷം ഒരു ടീച്ചറായപ്പോഴാണ്, ചെയ്തത് തെറ്റായിരുന്നുവെന്ന് ശരിക്കും ഞാൻ മനസ്സിലാക്കിയത്. ടീച്ചിംഗിൽ എന്നുമെൻ്റെ റോൾമോഡൽ മോളി സാറായിരുന്നു. എന്തിനുമേതിനും പൊട്ടിത്തെറിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എത്ര വഴക്കിട്ടു ചീത്ത പറഞ്ഞാലും ബോർഡിലേക്കൊന്നു തിരിഞ്ഞു് രണ്ടു ദീർഘശ്വാസം വിട്ടാൽ ഞാനെൻ്റെ പഴയ മൂഡിലേക്കെത്തുമായിരുന്നു. കുട്ടികളോടു പെരുമാറുന്നത് അവരുടെ പ്രായം മനസ്സിലാക്കി വേണമെന്നെന്നെ പഠിപ്പിച്ചത് മോളി സാറാണ്.
മോളി സാറിനെ പലപ്പോഴും കണ്ടു, സംസാരിക്കുമ്പോൾ മനസ്സുകൊണ്ട് മാപ്പു ചോദിച്ചു. നേരിട്ടു പറയാൻ ഇന്നും പേടിയാണ്. ധൈര്യം തരാനും കൂടെയുണ്ടെന്നു പറയാനും ആലീസും കൂട്ടുകാരുമില്ലല്ലോ.
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ


2 Comments
❤️❤️❤️
സന്തോഷം Shybi
വായിച്ചുവല്ലോ❤️