എന്റെ അമ്മ പുസ്തകങ്ങളെ ഏറെ സ്നേഹിച്ചിരുന്നു. ഞങ്ങളെ ഒത്തിരി കവിതകൾ പാടി കേൾപ്പിക്കുകയും ഇടവേളകളിൽ അക്ഷരശ്ലോകം തുടങ്ങി അമ്മ പഠിച്ച പല കാര്യങ്ങളും മക്കളിലേക്ക് പകരുകയും ചെയ്തതുകൊണ്ട് വായനയുടെ ലോകത്തേക്ക് ഞാനും ചെറുതായി കടന്നു ചെന്നു. ബാലരമ, പൂമ്പാറ്റ, ബോബനും മോളിയും തുടങ്ങി ചിത്രകഥകളും അമർ ചിത്രകഥകളും… വലുതായപ്പോൾ മലയാള മനോരമ, മംഗളം തുടങ്ങിയ മാമാഗസിനുകൾ അങ്ങനങ്ങനെ…
ഞാനറിയാതെ തന്നെ കുറെ കവിതകൾ മനസിൽ പതിഞ്ഞിരുന്നു. കേരളത്തിലെ നദികളെക്കുറിച്ചും രാജാഭരണത്തെക്കുറിച്ചുമുള്ള കവിതകൾ, സിസ്റ്റർ മേരി ബനിഞ്ജയുടെ കവിതകൾ, ചങ്ങമ്പുഴ കവിതകൾ, ഇടപ്പള്ളി കവിതകൾ അങ്ങനെ ഒത്തിരി ഒത്തിരി കവിതകളും കഥകളും ചരിത്രങ്ങളും കിട്ടുന്ന സമയങ്ങളിൽ അമ്മ തന്ന ധനമാണ്. സത്യത്തിൽ ഇന്നീ തലവാചകം കണ്ടപ്പോഴാണ് ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചതും – എനിക്ക് എഴുതാൻ ഒരു പ്രചോദനം കിട്ടിയിട്ടുണ്ടെങ്കിൽ അത് എന്റെ അമ്മയിൽ നിന്നു തന്നെയാണന്നുള്ള വസ്തുത.. അമ്മക്ക് ഒരായിരം പ്രണാമം…ഇരുളടഞ്ഞ വീഥികളിൽ ഇടറാത്ത പാദങ്ങളോടെ ശൂന്യതയിൽ നിന്നും പെറുക്കിയെടുത്ത കല്ലുകൾക്കൊണ്ടൊരു വീടൊരുക്കി പാതി മെയ്യോടൊത്തൊപ്പത്തിനൊപ്പം, വീടൊരു സ്വർഗ്ഗമാക്കിയ ഞങ്ങളുടെ അമ്മ.. അമ്മയും ഒന്ന് രണ്ടു കവിതളൊക്കെ എഴുതിയിട്ടുണ്ട്. പക്ഷെ…. അന്നൊന്നും ‘കൂട്ടക്ഷരങ്ങൾ’ ഇല്ലാരുന്നല്ലോ..
ഞാൻ വളർന്നുകൊണ്ടിരുന്നു കൗമാരവും കഴിഞ്ഞെന്റെ യൗവനത്തിലെത്തി.. അക്കാലത്താണ് ആലാപന രീതി കൊണ്ട് മലയാള കവിതയെ ജനപ്രിയമാക്കിയ കേരളത്തിന്റെ പ്രശസ്ത കവി പ്രൊഫ.വി മധുസുദനൻ നായർ എത്തുന്നത്.സാറിനോട് എനിക്ക് വലിയ ആരാധനയായിരുന്നു. അദേഹത്തിന്റെ മിക്ക കവിതകളും എനിക്ക് മനപാഠമാണ്. ‘ഇരുളിൻ മഹാനിദ്രയിൽ’ മലയാളിക്ക് മറക്കാനാകുമോ..
ശ്രീ. ഒ എൻ വി കുറുപ്പിന്റെ കുഞ്ഞേടത്തി, പെങ്ങൾ തുടങ്ങി കുറെ കവിതകൾ മനഃപാഠമാക്കി. ഇതൊക്കെ അന്ന് പഠിച്ചത്, ദിവസവും രാവിലെ ഞങ്ങൾ ജോലിക്കും കോളേജിലും ഒക്കെ പോകാൻ ഒരുങ്ങുന്ന സമയത്ത് കാസറ്റ് ഇട്ട് ടേപ്പ് റെക്കോർഡ് വഴി പാട്ടുകളും കവിതകളും കേട്ടിരുന്നു. ഈ കവിതകളുടെയെല്ലാം കാസറ്റുകൾ വീട്ടിലുണ്ടാരുന്നു. അങ്ങനെ ഒരു കാലം… ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ അപരിചിതമാവും. അങ്ങനെയിരിക്കെ ബി.എഡ് ന് പഠിച്ചുകൊണ്ടിരിക്കെ ആദ്യമായി ഞാൻ കവിതാരചനക്കു ചേർന്നു. ‘ഒരു കാത്തിരിപ്പിന്റെ അന്ത്യം ‘ രണ്ടാം സ്ഥാനം കിട്ടിയത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. പിന്നീടങ്ങോട്ട് എനിക്ക് കവിതകളോട് ഒരു തരം പ്രണയമായിരുന്നു.. ഒപ്പം ആ എഴുത്തുകാരോടുള്ള ആരാധനയും ആദരവും..
ശ്രീ. മുരുകൻ കാട്ടാക്കട – അദ്ദേഹത്തിന്റെ കവിതകൾ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.. രേണുക ഒരിക്കലും മറക്കാൻ പറ്റാത്ത കവിതയാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളും ഇഷ്ടമാണ്. സത്യം പറഞ്ഞാൽ അന്നൊക്കെ കേട്ടു പഠിച്ച കവിതകളെ ഇന്നും മനസിനുള്ളിൽ ഇരിപ്പുള്ളു. ഇന്നത്തെ ജീവിതത്തിൽ കാസറ്റില്ല ടേപ്പ് റെക്കോഡറില്ല. ഇന്നിപ്പോൾ ഭർത്താവായി, മക്കളായി രാവിലെ കവിതയില്ല, സമയമില്ല ആർക്കുമൊട്ടു താല്പര്യോമില്ല.. ഇനി യൂ ട്യൂബിലൂടെയെങ്ങാനും കേൾക്കാമെന്നു വച്ചാലോ അന്നത്തെ ആ സുഖം ഒട്ട് കിട്ടുന്നുമില്ല.. ആ പഴയ കാലത്തേക്ക് മനസ് ഒരു വട്ടം കൂടി ധൃതിയിൽ നടന്നു..
ജെമിനി കെ രാജ്
#എന്റെരചന #എന്റെ പ്രിയപ്പെട്ട എഴുത്താൾ


4 Comments
കവിതകൾ ഇഷ്ടപ്പെടുന്നയാൾ, അതിനു പ്രേരണയായ അമ്മ.
ആദരം തോന്നുന്നു.
കൂട്ടക്ഷരങ്ങളിൽ എന്തും എഴുതാമല്ലോ. കഥകളും കവിതകളും എന്തും.എല്ലാ ആശംസകളും നേരുന്നു.
കവിതകളോട് ഉണ്ടായിരുന്ന പ്രേമം വീണ്ടെടുക്കാൻ സരസമ്മ ടീച്ചറുടെ കവിതാരാമം എന്ന യൂടുബ് ചാനൽ ഒന്ന് നോക്കൂ . തീർച്ചയായും ഇഷ്ടപ്പെടും.
കാസറ്റും ടേപ്പുമൊന്നും വേണ്ടല്ലോ ഫോണിൽ നിന്ന് കവിതകൾ കേൾക്കൂ എല്ലാം വിരൽത്തുമ്പിലില്ലേ❤️🌹