ഒരുപാട് നാൾ ശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലി ലഭിക്കാതെ വന്നപ്പോൾ ഒട്ടും ഇഷ്ടമില്ലാതെയാണ് അയാൾ അമ്മയുടെ ശ്രമഫലമായി ലഭിച്ച ആ ജോലിക്ക് കയറിയത്. അതിനുള്ള ക്വാളിഫിക്കേഷൻസ് നേടിയെടുത്തതിനു പിന്നിലും അമ്മയുടെ നിർബന്ധം തന്നെയായിരുന്നു. നിഷേധിക്കാൻ ന്യായങ്ങളില്ലാതെ ഉപേക്ഷിക്കാൻ മറ്റു വഴികളില്ലാതെ അങ്ങേയറ്റം വെറുത്തു കൊണ്ട് അയാൾ അതേറ്റെടുത്തു. അധ്യാപനം.
മറ്റുള്ളവർ, പ്രത്യേകിച്ചും സ്ത്രീകൾക്കാണ് വളരെ ചെറിയ കുട്ടികളെ നോക്കാനും പഠിപ്പിക്കാനും താല്പര്യം ഉണ്ടാകുക. അതിനവർക്ക് സ്ത്രീ സഹജമായ കഴിവുകളും ഉണ്ടായിരിക്കാം. അല്ലാതെ ഇത്രയും മടുപ്പുള്ള ഒരു ജോലി, തന്നെപ്പോലെ ഒരാൾ അതും ഈ പ്രൊഫഷൻ ഇഷ്ടമേ അല്ലാത്ത ഒരാൾ… അയാൾക്കത് ചിന്തിക്കാൻ പോലും ഇഷ്ടമുണ്ടായിരുന്നില്ല. ഹൈസ്കൂൾ, പ്ലസ് ടു ഒക്കെ ആയിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു. എങ്കിലും ആ ഇരുപത്തിയേഴം വയസിൽ അമ്മയോട് ഒന്നും പറഞ്ഞൊഴിയാൻ അയാൾക്ക് നിർവാഹം ഇല്ലായിരുന്നു.
ആദ്യ ദിവസം, ഒന്നാം ക്ലാസിൽ തന്നെ മുഴുവൻ സമയവും ഇരിക്കേണ്ടി വന്നു. അതോടെ വളരെ ദുഷ്കരമായി തോന്നിയ ആ ജോലി ഉപേക്ഷിക്കാൻ അയാൾ മാർഗം ആലോചിക്കാൻ തുടങ്ങി. പക്ഷെ അതാലോചിക്കാനുള്ള സമയം കുട്ടികൾ അയാൾക്ക് കൊടുത്തില്ല.
ക്ലാസ് time അല്ലാതെ ഇന്റർവെല്ലിനും പ്ലേ ടൈം നും ലഞ്ച് ടൈം ൽ പോലും കുട്ടികൾ അയാളെ വിളിച്ചു പിറകെ നടന്നു കൊണ്ടിരുന്നു.
എത്ര ഗൗരവമേറിയ പ്രശ്നങ്ങളെയും തനിക്ക് ബുദ്ധിപരമായി കൈകാര്യം ചെയ്യാൻ കഴിയും എന്ന് വിചാരിച്ചിരുന്ന അയാളുടെ ആത്മ വിശ്വാസം നശിപ്പിക്കാൻ പോന്നതായിരുന്നു ആ ഒന്നാം ക്ലാസിൽ അയാളെ കാത്തിരുന്ന പ്രശ്നങ്ങൾ.
രണ്ടാം ദിവസം ക്ലാസുകൾ എടുത്തു തുടങ്ങി. അതോടെ ചുറ്റിലും നിന്ന് ചോദ്യങ്ങളുടെ പെരുമഴയും തുടങ്ങി.
“സാറിതു തെറ്റാണോ…”? സിനാൻ എന്ന കുട്ടിയാണ്
“ഇല്ല അത് ശരിയാ… ബാക്കി ചെയ്തു നോക്ക്….”
“Ok… സർ ”
“നിന്റെ സീറ്റിൽ പോയിരുന്നു ചെയ്യ്…”
“ഞാനിവിടെ നില്കാ…”
“വേണ്ട.. സിനാൻ.. നീയവിടെ പോയിരിക്കു…”
“ആ….”
“സാറ് നോക്ക് നോക്ക്…. റിതുൽ പുറത്തേക് നോക്കി…” അഭയ് ആണ്
“റിതുൽ….”
“ഞാൻ നോക്കിയില്ല… അവനാദ്യം..”
“ഞാനല്ല… സർ…” അഭയ് ഒച്ച വച്ചു.
“മിണ്ടാതിരികെടാ…”
എല്ലാവരും നിർത്തി…
“സാർ ഇത് ശരിയായോ….”വീണ്ടും സിനാൻ.
“സിനാൻ മുഴുവനും കഴിഞ്ഞിട്ട് കാണിച്ചു തന്നാൽ മതി… ശരിയായോ എന്ന് ഇടയ്കിടക്ക് ഇങ്ങോട്ട് വന്ന് ചോദിക്കേണ്ട…”
“സാറിന് മൊബൈൽ ണ്ടോ …”
“എന്തിനാ….”
“അതില് ഗേയിമുണ്ടോ….”
“ഉണ്ടെങ്കില് ….”
“ഇത് ചെയ്തു കഴിഞ്ഞാൽ അത് കളിക്കാൻ തരുവോ….”
“ഇല്ലെങ്കിൽ നീയിത് ചെയ്യില്ലേ..”
“സാറ് തര്വോ…. കുറച്ചു നേരം മതി..”
“ഇല്ല….. സിനാൻ ഇവിടെ പഠിക്കാൻ വന്നതല്ലേ?”
“പഠിച്ചു കഴിഞ്ഞിട്ട്? പറ… പഠിച്ചു കഴിഞ്ഞാല് തര്വോ..?”
“സിനാൻ പോയി സീറ്റിലിരിക്ക്… ചെല്ല്..”
“ഇത് ശരിയാണോ…”
“സിനാൻ..നിന്നോട്….”
“സാറേ….” റിതുലാണ്,
“എന്താ…”
“ഇപ്പൊ അഭയ് പുറത്തുക്ക് നോക്കിയല്ലോ….”
“ഇല്ലാ… ഞാനൊന്ന്വല്ല…”
“അഭയ് … മിണ്ടാതിരിക്കാൻ..”
ആരോ ഷർട്ടിന്റെ കയ്യിലെ ബട്ടൻസിൽ പിടിച്ചു വലിക്കുന്നു..
“എന്താ ”
“സാർ ഞാൻ വെള്ളം കുടിക്കട്ടെ ” മെൽവിൻ എന്ന കുട്ടിയാണ്
” നിന്റെ കയ്യിൽ വെള്ളമില്ലേ ”
” ബാഗിലുണ്ട് ”
” അതെടുത്തു കുടിച്ചോ ”
” ആ ”
“സാറ് ഇത് ശരിയാണോ…”പിന്നെയും സിനാൻ
“വീണ്ടും സിനാൻ വന്നോ “….
“നീയിതു വരെ പോയില്ലേ..?
പോയി സീറ്റിലിരിക്കെടാ…”
“സാറെ ശരിക്കും അവൻ നോക്കി…”റിതുൽ
“ദേ ഇവനോട് ചോദിച്ചു നോക്കിയേ..”അഭയ് ആകാശിനെ ചൂണ്ടി.
‘……., മേശയിൽ ഒറ്റയടി…..
ക്ലാസ് റൂം നിശബ്ദമായി…
“ഇനി, ഒറ്റയൊന്നിന്റെ ശബ്ദം ഇവിടെ കേട്ടാൽ…..”
മെൽവിൻ മുൻപിൽ വന്നു പേടിച്ചു നിൽക്കുന്നുണ്ട്.
” എന്താ മെൽവിൻ, വെള്ളം ബാഗിൽ ഇല്ലേ ”
ശബ്ദം പരമാവധി മയപ്പെടുത്തി അയാൾ ചോദിച്ചു.
അതോടെ കുട്ടി വീണ്ടും അടുത്തു വന്ന് അയാളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.
“തുറക്കാൻ കിട്ടണില്ല…”
അയാൾ കൈ തട്ടി മാറ്റി. അവന്റെ കയ്യിൽ നിന്നു വാട്ടർ ബോട്ടിൽ വാങ്ങി അടപ്പ് തുറന്നു കൊടുത്തു.
അവൻ പതുക്കെ അവിടെ തന്നെ നിന്ന് വെള്ളം കുടിച്ച്, അത് കഴിഞ്ഞു അയാളെ നോക്കി ഒന്ന് ചിരിക്കുക കൂടി ചെയ്ത് പിന്നെ ബോട്ടിൽ അടച്ചു ബാഗിൽ വച്ച് സീറ്റിൽ ഇരിക്കുന്നത് വരെ അയാൾ അക്ഷമനായി നിന്നു.
“എല്ലാവരും ബുക്ക് എടുക്ക്….-
എല്ലാവരും ബുക്ക് എടുക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു ശബ്ദം ഒപ്പം ഒരു കരച്ചിലും.
പ്ടെ………..
“മിസ്സേ……
മിസ്സേ…..”
എന്താണെന്ന് മനസിലാക്കാതെ അയാൾ പിറകിലോക്കോടിയെത്തിയപ്പോഴേക്കും അടുത്ത ക്ലാസിൽ നിന്നും ഫാത്തിമ മിസ് ഓടി എത്തിയിരുന്നു. അവർ അനുവാദം ചോദിക്കാതെ തന്നെ കയറി വന്ന്, താഴെ കമിഴ്ന്നു കിടക്കുന്ന കുഞ്ഞിനെ പൊക്കിയെടുത്തു എന്തെങ്കിലും പറ്റിയോ എന്ന് നോക്കി. കുട്ടിയുടെ വാട്ടർ ബോട്ടിലെടുത്തു കുടിക്കാൻ വെള്ളം കൊടുത്തു.
ഫാരി എന്ന കുട്ടി എങ്ങനെയോ താഴെ വീണതാണ്. കാലിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ട്. അയാൾ ആകെ പരിഭ്രാന്തനായി.
“പേടിക്കേണ്ട, കാലിലെ ഈ മുറിവ് നേരത്തെ ഉള്ളതാണ്, ഉണങ്ങാൻ തുടങ്ങുന്നുണ്ടായിരുന്നുള്ളു. ഇത് പിന്നെ… മോണയിൽ നിന്നാണ്. കമിഴ്ന്നു വീണതല്ലേ? അത്ര കാര്യമില്ലെന്ന് തോന്നുന്നു.”
” സാർ പേടിച്ചോ…?”
“ഇല്ല…. ചെറുതായിട്ട് … പെട്ടെന്ന് ഇങ്ങനെ..,”
“പ്രതീക്ഷിച്ചില്ല അല്ലേ…”
“ഫാത്തിമ മിസ്സിനെ തന്നെയാണോ ഇവരൊക്കെ ഉറക്കെ വിളിച്ചത്…?”
“വേറെയാരെയാ.. ഞാനല്ലേ… ഇവരുടെ കഴിഞ്ഞ വർഷത്തെ ക്ലാസ്സ് ടീച്ചർ. സാറിനെ പരിചയം ആവുന്നല്ലേയുള്ളു.”
“ഞാനെന്ന ക്ലാസിലേക്ക് പോകട്ടെ…. സാർ ഇതൊന്ന് നോക്കു. First aid… അവിടെയുണ്ടല്ലോ..?”
“ആ… ഉണ്ട്..”
ഫാത്തിമ മിസ്, തന്റെ അമ്മയുടെ പ്രായമില്ലെന്ന് തോന്നുന്നു എങ്കിലും അവരുടെ മുഖം പ്രായം വിളിച്ചോതുന്നുണ്ട്. എങ്കിലും നല്ല സ്മാർട്ടാണ്. രാവിലെ മുഖത്ത് കണ്ട പുഞ്ചിരി മായാതെ ഇപ്പോഴും അവിടെ തന്നെയുണ്ട്.
അന്നത്തെ ദിവസം രാവിലെ ലീവെടുത്തയാൾ ഉച്ചയ്ക്ക് ബെല്ലടിയ്ക്കുന്നതിനു മുൻപായി സ്കൂളിലെത്തി. വണ്ടി പാർക്ക് ചെയ്ത് ക്ലാസിലേക്ക് ചെന്നപ്പോളാകട്ടെ, ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു കളിക്കാനിറങ്ങിയ കുട്ടികളിൽ ചിലർ ക്ലാസിൽ തിരികെ കയറിയിട്ടില്ല. അയാൾ അന്വേഷിച്ചിറങ്ങി. പ്ലേ ഗ്രൗണ്ടിൽ ഓടി കളിക്കുകയാണ് മൂന്നു കുസൃതി കുട്ടികൾ.
” ആകാശ്, ഫാരി, സെഹാൻ ”
അയാൾ ഉച്ചത്തിൽ വിളിച്ചു.
മൂന്നുപേരും വേഗം ഓടി വന്നു.
അയാൾ 3 പേരെയും ആകെ ഒന്ന് നോക്കി. കാലിലും കയ്യിലും എല്ലാം അഴുക്ക് കാണുന്നുണ്ട്.
” ദാ, ആ പൈപ്പിൽ നിന്ന് കൈ കാൽ ഒക്കെ കഴുകി വാ ”
അയാൾ മൊബൈലിൽ എന്തോ നോക്കികൊണ്ട് നിന്നു. കുറച്ചു നിമിഷങ്ങൾക്കു ശേഷം കുട്ടികളെ കാണാതെ താഴേക്കു ഇറങ്ങി. അതിലൊരുത്തൻ അയാളുടെ ബൈക്കിൽ കയറാൻ ശ്രമിക്കുകയാണ്. ബാക്കി രണ്ടു പേര് സഹായിക്കുന്നുണ്ട്. 3 പേരുടെയും ദേഹത്ത് അഴുക്കും വെള്ളവും എല്ലാം കൂടി കുഴഞ്ഞു യൂണിഫോം എല്ലാം ഒരു പരുവമായിട്ടുണ്ട്. അത് മുഴുവൻ ആ ബൈക്കിലേക്ക് പടരും, കുറച്ചു പടർന്നിട്ടുണ്ട്.. അയാൾക്ക് അരിശം വന്നു. താൻ അത്ര ഭംഗിയായി സൂക്ഷിക്കുന്ന തന്റെ പ്രിയപ്പെട്ട അതും ആദ്യത്തെ വാഹനം. അത്രയ്ക്കു ആഗ്രഹിച്ചു അമ്മയോട് വഴക്കിട്ടു ഒക്കെയാണ് അത് സ്വന്തമാക്കിയത്. അച്ഛൻ വാങ്ങിതന്നതാണ് കോളേജിൽ ചേർന്നപ്പോൾ.
അല്ലെങ്കിലും വൃത്തി അയാൾക്ക് നിര്ബന്ധമാണ്. അഴുക്കും പൊടിയും ബഹളവും തിരക്കും ഒന്നുമിഷ്ടമല്ല. തന്റെ എല്ലാ കാര്യങ്ങളും അങ്ങനെ വേണമെന്ന് അയാൾക്ക് നിർബന്ധമുണ്ട്.
കുട്ടികളുടെ ശ്രമം തകൃതിയായി നടക്കുന്നതിനിടയിൽ അയാൾ വേഗം അങ്ങോട്ട് ചെന്നു.
” ആകാശ് ”
അവർ ഞെട്ടിതിരിഞ്ഞു, സാറിന്റെ മുഖഭാവം കണ്ടതും ആകാശും ഫാരിയും തിരിഞ്ഞോടി കഴിഞ്ഞു. എന്നാൽ സെഹാൻ ബൈക്കിൽ ഇരിക്കുകയാണ്. പ്രായത്തിനനുസരിച്ച ഉയരമില്ലാത്ത ആ കുഞ്ഞിന് ഒറ്റയ്ക്ക് ഇറങ്ങാൻ സാധിച്ചില്ല.
” താഴെയിറങ്ങെടാ ” അയാൾ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ടു പറഞ്ഞു.
അവൻ രണ്ടു കയ്യും അയാളുടെ നേരെ നീട്ടി. എടുക്കാൻ വേണ്ടിയാണ്, എന്ന് മനസിലായെങ്കിലും അയാൾ എടുത്തില്ല.
” തന്നെയിറങ്ങിയാൽ മതി, വേഗം”
അവൻ ചുറ്റും നോക്കി വീണ്ടും അയാളെ നോക്കി ഒരു കൈ അയാളുടെ നേരെ നീട്ടി.
ആ കയ്യിലെ അഴുക്കും, അവന്റെ മുഖത്തെ വികൃതി ചിരിയും കണ്ടപ്പോൾ അയാൾക്ക് വീണ്ടും ദേഷ്യമാണ് തോന്നിയത്. അവൻ തന്നെ കളിയാക്കുന്ന പോലെ. അവനെ തൊട്ടാൽ തന്റെ ഡ്രെസ്സിലും അഴുക്കാവും കൂടാതെ അവൻ കാണിച്ച ഈ കുറുമ്പിനെ താൻ സപ്പോർട്ട് ചെയ്യുന്ന പോലെയാവില്ലേ അത്. ഇതിനൊക്കെ നല്ല അടിയാണ് കൊടുക്കേണ്ടത്.
അവൻ വീണ്ടും ചിരിക്കുകയാണ്. അയാളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു. ” താഴെ ഇറങ്ങ് സെഹാൻ ” അയാളുടെ അലർച്ചയിൽ ആ കുഞ്ഞ് വിറച്ചു കൊണ്ട് താഴെ ഇറങ്ങാൻ ശ്രമിച്ചു. അയാൾ നിൽക്കുന്നതിന്റെ എതിർഭാഗത്തു നിൽക്കുന്ന മരക്കോമ്പിലേക്ക് പിടിക്കാൻ വേണ്ടി ആയിരിക്കണം അവൻ അടുത്ത സൈഡിലേക് കാലെടുത്തു വച്ചു ഇറങ്ങിയത്.
പക്ഷെ പെട്ടെന്ന് അവൻ ഉറക്കെ കരയാൻ തുടങ്ങി, അടുത്ത നിമിഷം ബൈക്കിൽ നിന്ന് കൈവിട്ടു താഴേക്കു വീഴുകയും ചെയ്തു. അയാൾ അവന്റെയടുത്തേക്കോടിയെത്തിയപ്പോൾ അവൻ ഒരു കാൽ കുടഞ്ഞു കൊണ്ടാണ് കരയുന്നത്. അവന്റെ കാലിന്റെ അടിഭാഗം പൊള്ളിയിരിക്കുന്നു എന്നും അത് ബൈക്കിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചപ്പോൾ സംഭവിച്ചതാണെന്നും അയാൾ മനസിലാക്കി. സൈലൻസർ ന്റെ ഭാഗത്തായിരിക്കണം കാൽ വച്ചത്. അവനോട് ഇറങ്ങാൻ പറയുമ്പോൾ അക്കാര്യം താൻ ഓർത്തിരുന്നില്ല. അയാൾ കുട്ടിയുടെ കാൽ പരിശോധിച്ചപ്പോഴേക്കും കരച്ചിൽ കേട്ട് മറ്റൊരു ടീച്ചർ വരികയും തുടർന്ന് എല്ലാവരും ഓടിയെത്തുകയും കുട്ടിയുമായി ആശുപത്രിയിൽ പോകുകയും ചെയ്തു. പ്രിൻസിപ്പളും ഫാത്തിമ ടീച്ചറും കൂടിയാണ് കുട്ടിയെ കൊണ്ടുപോയത്. അയാളോട് ക്ലാസ് കഴിഞ്ഞതിനു ശേഷം ആശുപത്രിയിൽ എത്താൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
അയാൾക്ക് വല്ലാത്ത മാനസിക പ്രയാസം തോന്നി.
ആ ബൈക്ക് അവിടെ വെയ്ക്കേണ്ടായിരുന്നു.
കുട്ടികളെ കൈ കഴുകാൻ അങ്ങോട്ട് വിടേണ്ടായിരുന്നു.
അവനെ ബൈക്കിൽ നിന്നും എടുത്ത് താഴെ വെക്കാമായിരുന്നു.
എന്ന് പലപല കാര്യങ്ങൾ അയാളുടെ മനസ്സിൽ വന്നു പോയി.
അതിനിടയിൽ കുട്ടികൾ വീണ്ടും സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.
“സാർ ഇന്ന് ഹോം വർക്കില്ലേ..?”
“തരാം….”
“ഇന്ന് രണ്ടെണ്ണം മതി…”
“നീ സീറ്റിൽ പോയിരിക്കു…”
“സാറെ….. റിതുലുണ്ടല്ലോ…”
“ആകാശ്… വേണ്ട….. Silence..”
എങ്ങനെയൊ ക്ലാസ്സ് അവസാനിപ്പിച്ചപ്പോഴേക്കും പ്രിൻസിപ്പൽന്റെ കോൾ വന്നു. കുട്ടിയെ മാതാപിതാക്കൾ വന്ന് വീട്ടിലേക്കു കൊണ്ടുപോയി. കുട്ടിക്ക് പ്രശ്നമൊന്നുമില്ല. കുറച്ചു ദിവസം കൊണ്ട് ശരിയാകും. അവർ തിരിച്ചു സ്കൂളിലേക്ക് വരുന്നുണ്ട് അത് വരെ വെയ്റ്റ് ചെയ്യണം എന്ന് പറഞ്ഞ്.
തന്നെ വിചാരണ ചെയ്യാൻ ആയിരിക്കും, അയാൾ ഓർത്തു. കുട്ടികൾ സമയത്ത് ക്ലാസിൽ കയറാതെ ദേഹത്ത് അഴുക്കാക്കി അത് വൃത്തിയാക്കാൻ വിട്ടപ്പോൾ ബൈക്കിൽ പിടിച്ചു കയറി, അങ്ങനെ ഉണ്ടായ അപകടം ആണ്. താൻ ഒന്നും ചെയ്തില്ല. മാത്രമല്ല, അത് സംഭവിച്ചപ്പോൾ താൻ അവിടതന്നെ ഉണ്ടായിരുന്നു. തന്നോട് ക്ലാസ് കഴിഞ്ഞു ഹോസ്പിറ്റലിൽ വന്നാൽ മതി എന്ന് പ്രിൻസിപ്പൽ ആണ് പറഞ്ഞത് അല്ലെങ്കിൽ താൻ കൂടെ പോകുമായിരുന്നു. തന്റെ ഭാഗത്ത് ഒരു തെറ്റുമില്ല, തനിക്കിതിൽ തന്നെ ഉറച്ചു നില്കാം. അയാൾ ആത്മവിശ്വാസത്തോടെ നിന്നു.
ഇതേ വാദഗതികൾ നിരത്തി അയാൾ സ്റ്റാഫ് റൂമിലെ എല്ലാവരെയും നേരിട്ടു.
‘ഇത് വെറുമൊരു ജോലി മാത്രമായി കാണരുത്, നമുക്ക് ചില ഉത്തരവാദിത്വങ്ങൾ കൂടുതലുണ്ട്. കുഞ്ഞുങ്ങൾ ദൈവമാണ്’
എന്നൊക്കെ പറയാൻ തുടങ്ങിയ ഫാത്തിമ ടീച്ചറോട് അയാൾ ” നിങ്ങൾ ഇത്രയും വർഷം ശമ്പളം വാങ്ങാതെയാണോ ഈ ജോലി ചെയ്തിരുന്നത്? ഇല്ലെങ്കിൽ ഇനിയങ്ങോട്ട് വാങ്ങാതിരിക്കുമോ” എന്നൊക്കെ ചോദിച്ച് തർക്കിച്ചതോടെ അവരുടെ വാദങ്ങൾ നിലച്ചു. അയാൾ വിജയിച്ചു വീട്ടിലേക്കു പോയി.
രാത്രി ഉറക്കം വന്നില്ല, സമയത്തിന് കിടന്നെങ്കിലും. കുറെ സമയം അങ്ങനെ കിടന്നു, പെട്ടെന്ന് എന്തോ താഴെ വീണ ശബ്ദം കേട്ട് അമ്മയുടെ റൂമിൽ പോയി നോക്കിയപ്പോൾ അമ്മ താഴെ വീണു കിടക്കുകയാണ്. ബാത്‌റൂമിൽ തെന്നി വീണു, കാലിൽ നീര് വച്ചിട്ടുണ്ട്. അയാൾ ആർക്കൊക്കെയൊ ഫോൺ ചെയ്ത് ഒരു വണ്ടി വിളിക്കാൻ നോക്കി സാധിച്ചില്ല. അമ്മയെ വീട്ടിൽ തന്നെ ഇരുത്തി കൊണ്ട് അയാൾ ബൈക്ക് എടുത്ത് ജംഗ്ഷൻ ലേക്ക് പോയി അവിടെ നിന്നും ഒരു ടാക്സി പിടിച്ചു അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. ചെറിയ ഫ്രാക്ചർ ഉണ്ട്. എന്നാലും വേഗം തന്നെ ഡിസ്ചാർജ് ചെയ്തു. മരുന്ന് കഴിച്ചു വീട്ടിൽ തന്നെ വിശ്രമിച്ചാൽ മതിയാകുമെന്ന് ഡോക്ടർ പറഞ്ഞു. ടാക്സിയിൽ തന്നെയാണ് തിരിച്ചു വന്നത്. അമ്മയെ അകത്തു കൊണ്ടുപോയി കിടത്തി. മരുന്ന് കഴിക്കാൻ ഉള്ള വെള്ളം എടുത്തു വന്നു. അപ്പോഴാണ് ഓർത്തത്. മരുന്ന് വാങ്ങിയിട്ടില്ല.
ബൈക്കുമെടുത്തിറങ്ങി. മരുന്ന് വാങ്ങി തിരികെ ഇറങ്ങിയപ്പോൾ പുറത്ത് ഒരാൾക്കൂട്ടം. ഞാൻ പോകുമ്പോൾ അതു കണ്ടില്ലല്ലോ. എന്തോ accident ആണെന്ന് തോന്നുന്നു. പക്ഷെ തന്റെ ചെരുപ്പ് കാണുന്നില്ലല്ലോ. പുറത്ത് അഴിച്ചിട്ടതാണ്, ഇപ്പോൾ കാണുന്നില്ല.
ഛെ, ഇതാരെങ്കിലും എടുത്തു കൊണ്ടുപോയി കാണുമോ. ഒരാളുടെ ചെരിപ്പൊക്കെ എടുത്തു കൊണ്ടുപോകുന്നതെന്തോരു വൃത്തികേടാണ്. ഇനിയെങ്ങനെ പുറത്തിറങ്ങും. അയാൾ ബൈക്ക് വച്ചരിക്കുന്നിടത്തേക് നടന്നു. ചുറ്റും ആൾക്കൂട്ടമുണ്ട്.
ആക്‌സിഡന്റ് നടന്നതാണത്രേ. ചുറ്റും എന്തൊക്കെയോ സാധനങ്ങൾ ചിതറി കിടപ്പുണ്ട്. അയാൾ വേഗം ബൈക്കിനടു ത്തേക്ക് നടന്നു. അതിന്റെയടുത്തേക്ക് ഒരു കറുത്ത നിറത്തിൽ എന്തോ ഒഴുകി വരുന്നത് കാണുന്നുണ്ട്. അടുത്ത് വന്നപ്പോൾ മനസിലായി. രക്തമാണ്. ഇത്രയധികം. ഇതെങ്ങനെ. പിന്നിലെ ടയറിൽ രക്തം പുരണ്ടിട്ടുണ്ട്. അടുത്തുള്ള ഒരാളോട് ചോദിച്ചു. 3 പേര് സഞ്ചരിച്ചിരുന്ന ഒരു വണ്ടിയാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടി തെറിച്ചു ഇപ്പുറത്തേക്ക് വീണിരുന്നു. അതാരും പെട്ടെന്ന് കണ്ടില്ല. അതിവിടെ കുറച്ചു നേരം രക്തം വാർന്നു കിടന്നു . രക്ഷപെടുമെന്ന് തോന്നുന്നില്ല. എല്ലാവരെയും ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്.
കാലിൽ എന്തോ നനവ്, അയാൾ പൊള്ളലേറ്റ പോലെ ഞെട്ടി. അതെ രക്തമാണ്. ചുറ്റും തളം കെട്ടി നില്കുന്നത്. അയാൾ അസ്വസ്ഥതയോടെ നോക്കിയപ്പോൾ കുറച്ചു അപ്പുറത്തായി തന്റെ ചെരുപ്പ് കിടക്കുന്ന കണ്ടു. പക്ഷെ രക്തം പുരണ്ട കാലുമായി ഒരടി പോലും മുന്നോട്ട് വയ്ക്കാൻ അയാൾക്ക് കഴിയുന്നുണ്ടായിരുന്നില്ല. അവിടെ നിന്നിരുന്ന 2 ആൺകുട്ടികളിൽ ഒരാളോട് ആ ചെരുപ്പൊന്നെടുത്തു തരാമോ എന്നയാൾ ചോദിച്ചു. ആ കുട്ടി അതെടുത്തു അയാളുടെ മുൻപിലേക്കിട്ടു.
രക്തത്തിൽ കുളിച്ച പാദങ്ങളിലേക്ക് ചെരുപ്പിട്ട ശേഷം അയാളൊന്ന് നോക്കി. ചെരിപ്പ് മാറിപ്പോയിരുന്നു. വളരെ ചെറിയ സൈസ് ഉള്ള, കുട്ടികളുടെ ചെരുപ്പാണല്ലോ ഇത്. കണ്ടപ്പോൾ തന്റെ ചെരിപ്പ് ആണെന്ന് തന്നെയാണ് തോന്നിയത്. അങ്ങോട്ട് നോക്കിയപ്പോൾ അതെ സ്ഥലത്ത്തന്നെ കിടപ്പുണ്ട് തന്റെ ചെരുപ്പ്, അപ്പോൾ ആ കുട്ടിക്ക് മാറിപ്പോയതാണ്. അവൻ അവിടെത്തന്നെയുണ്ട്. അയാൾ വീണ്ടും ആ കുട്ടിയോട് സഹായം അഭ്യർത്ഥിച്ചു. കുട്ടി വേഗം ചെരുപ്പെടുത്തയാൾക്ക് കൊടുത്തു. അയാൾ സൂക്ഷിച്ചു നോക്കി, തന്റെ ചെരുപ്പാണെന്നു ഉറപ്പു വരുത്തി. കാലിലിട്ടു. വണ്ടിയിൽ കയറി. കാലിൽ എന്തോ ഒരു അസ്വസ്ഥത. കാലിലേക് നോക്കിയപ്പോൾ ആ പഴയ കുഞ്ഞിചെരുപ്പാണ് കാലിൽ കിടക്കുന്നത്. അതും ഇടതും വലതും കാലിലെ ചെരിപ്പുകൾ മാറി തിരിച്ചിട്ടിരിക്കുന്നു. ഇളം പച്ച നിറത്തിലുള്ള കുഞ്ഞിചെരിപ്പുകൾ. അത് സെഹാന്റെയല്ലേ…?. ഇന്നുച്ചയ്ക് അവർ പോയതിനു ശേഷം അത് മുറ്റത്ത് കിടക്കുന്നത് ശ്രദ്ധിച്ചിരുന്നു.
അയാൾക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. ഭയത്തിന്റെ തണുപ്പ് തന്നെ പൊതിയുന്നത് പോലെയും.
അമ്മ വീട്ടിൽ തനിച്ചാണ്. പെട്ടെന്ന് പോകണം. ആ ഒരോർമയിൽ അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുൻപോട്ടെടുത്തു. നേരെയുള്ള റോഡിൽ ടേക് ഡീവിയേഷൻ ബോർഡ് വച്ചിരിക്കുന്നു. ഈ വഴിയേ ആണല്ലോ താൻ വന്നത്. എന്നിട്ടിപ്പോൾ ഈ രാത്രി ആരാണ്… അയാൾ മറ്റൊരു വഴിയ്ക്കു വണ്ടി തിരിച്ചു. പിന്നീടങ്ങോട്ടുള്ള മൂന്ന് വഴികളിലും അതേ ബോർഡുകൾ കണ്ടു ഭയചകിതനായി അയാൾ താഴേക്കു നോക്കി. കാലുകളിൽ ഇളം പച്ച നിറത്തിലെ കുഞ്ഞി ചെരുപ്പുകൾ.
പക്ഷെ ആ കാലുകൾ അത് തന്റേതല്ല.
അത് പിന്നിൽ ബൈക്കിൽ കൂടെ ഇരിക്കുന്നയാളുടെ ആണ്…
കൈകാലുകളിലൂടെ അരിച്ചു കയറിയ ഭയത്തിന്റെ തണുപ്പ് ഇപ്പോൾ വയറിനു ചുറ്റും അനുഭവപ്പെട്ടു തുടങ്ങിയോ…?
അതെ…
തന്നെ ചുറ്റി പിടിച്ചിരിക്കുന്ന കുഞ്ഞി കൈകൾ തണുത്തു മരവിച്ചിരിക്കുന്നു.
ആ അഴുക്കുള്ള, ചായം പുരണ്ട കൈകൾ സെഹാന്റെയാണ്.
അവനെങ്ങനെയാണ് തന്റെ കൂടെ….
ആ ആക്‌സിഡന്റ്…. ആ… കുട്ടി… ആരായിരുന്നു….
ഭയ ചകിതനായി ഏതെല്ലാമോ വഴികളിൽ കൂടെ അയാൾ വണ്ടിയോടിച്ചു. ഒരു വശത്ത്കൂടെ പോകുന്ന ബസ് കണ്ട് അയാൾ നിലവിളിച്ചു. പെട്ടെന്ന് അതിൽ നിന്ന് കുറേപേർ കൈ വീശി കാണിച്ചു എന്തോ പറയാൻ തുടങ്ങി. അത് മുഴുവൻ അയാളുടെ ബന്ധുക്കളും സുഹൃത്തു ക്കളും ആണ്. അവർ അയാളോട് കയറി വരാൻ ആണ് പറയുന്നത്. എങ്ങോട്ടാണ് കയറുക. അയാൾ ചുറ്റും നോക്കി. വലിയൊരു ഇറക്കത്തിലാണ് താൻ നില്കുന്നത്. താഴെ അഗാധമായ താഴ്ചയാണ്. എന്തൊക്കെയോ വിചിത്രമായ ശബ്ദങ്ങൾ താഴെ നിന്നും കേൾക്കുന്നുണ്ട്.
തനിക് എന്തു സംഭവിക്കും. അയാൾക് ഒന്നും മനസിലായില്ല. താൻ മരിക്കാൻ പോകുകയാണോ. എങ്കിൽ തന്റെ അമ്മ!
അമ്മയ്ക്കാരുണ്ട്, താൻ മാത്രമല്ലെയുള്ളൂ അമ്മയ്ക്ക്. തന്നെ സഹായി ക്കാൻ ആരുമില്ല. അത്രത്തോളം സ്നേഹവും കടപ്പാടും ആരോടും ഇല്ല. സ്നേഹിക്കാൻ ആർക്കും ഒരവസരവും കൊടുത്തിട്ടില്ല. ഒറ്റയ്ക്ക് തന്നെ മതി ജീവിതം എന്നുറപ്പിച്ചിരുന്നു. എല്ലാവരോടും വെറുപ്പായിരുന്നു. തനിക്കും അതൊക്കെ തന്നെയേ കിട്ടിയിട്ടുള്ളു. അപ്പോൾ അതല്ലേ തിരിച്ചു കൊടുക്കാൻ പറ്റു…
അതുകൊണ്ടാണോ ഇന്ന് സെഹാൻ…?
അതോർത്തതും അയാൾക്കുള്ളിലെ മനുഷ്യൻ ഉണർന്നു… ചോദ്യങ്ങൾ ആരംഭിച്ചു.
‘അതെ, മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ആ കുഞ്ഞിന് അപകടം പറ്റാതെ ശ്രദ്ധിക്കുമായിരുന്നില്ലേ..?’
‘അവന് വേദനിക്കാതെ നോക്കുമായിരുന്നില്ലേ?’
‘അവനെ കരയിപ്പിക്കാതെ നോക്കുമായിരുന്നില്ലേ..?’
‘അവൻ നിന്റെ ഉത്തരവാദിത്വം ആയിരുന്നില്ലേ..?’
‘നീ അവന് കൊടുക്കുന്നത് അവൻനാളെ മറ്റുള്ളവർക്ക് കൊടുക്കും. നിന്നെപ്പോലെ.’
‘നിനക്കൊരു പിൻഗാമി നിന്റെ രക്തത്തിൽ നിന്ന് തന്നെ വേണമെന്നില്ല…’
അയാൾക്ക് ഇത്തവണ ഉത്തരങ്ങളില്ലായിരുന്നു.
അയാൾക്ക് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അവിടെ ആരുമുണ്ടായിരുന്നില്ല. മരിക്കാൻ തനിക് ഭയമൊന്നുമില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നവരുടെ കൂട്ടത്തിലാണ് ഞാൻ എപ്പോഴും. അയാൾ സ്വയം ന്യായീകരിച്ചു. പക്ഷെ അമ്മ…. അയാൾ ചുറ്റും നോക്കി…വഴിയുടെ അറ്റത്തെ താഴ്‌വര, ശബ്ദങ്ങൾ, കിടങ്ങുകൾ, ബൈക്കിൽ കൂടെ സിഹാൻ… അവനെ കാണാൻ സാധിക്കുന്നില്ല. പക്ഷെ അറിയുന്നുണ്ട്, ചുറ്റി പിടിച്ചിരിക്കുന്ന കൈകൾ, അവന്റെ മണം, കാൽ മാറിയിട്ടിരിക്കുന്ന ആ കുഞ്ഞി ചെരിപ്പുകൾ…അവന്റെ അമ്മ എന്തു ചെയ്യുന്നുണ്ടാകും അവനെ കാണാതെ……. തന്റെ അമ്മയോ…..
അതോർത്തപ്പോൾ അയാൾ മുൻപിലേക് ചാഞ്ഞു കിടന്ന് പൊട്ടിക്കരഞ്ഞു…..
പെട്ടെന്ന് കുഞ്ഞി കൈകൾ കഴുത്തിലേക്ക് ചുറ്റി….
“സാറേ, കരയല്ലേ… ഞാൻ ഇനി കുറുമ്പോന്നും എടുക്കൂല… നമുക്ക് പോവാ…. എണീക്ക്….. ഇവിടുന്ന് പോവാ നമുക്ക്.”
അയാൾ തിരിഞ്ഞു നോക്കി. അവൻ പുറകിലുണ്ട്… ഉച്ചക്ക് കണ്ട അതെ ചിരി.
“പോവാ, ബൈക്കില്…. കുറെ.. കുറെ.. അങ്ങോട്ട്….”അവൻ കൈ ചൂണ്ടി കാണിച്ചു.
ഇപ്പോൾ ആ കുഞ്ഞി കയ്യിൽ അഴുക്കില്ല….
ആ ചിരിയിൽ പരിഹാസമില്ല….
അയാളും ചിരിച്ചു. അതുകണ്ടു അവൻ വീണ്ടും ചിരിച്ചു. ആ ചിരിയിൽ മറ്റു ശബ്ദങ്ങൾ നിലച്ചു. നിലാവ് തെളിഞ്ഞു.
പുതിയൊരു പ്രകാശത്തിലേക് അയാൾ മിഴികൾ തുറന്നു.അപ്പോൾ അയാൾ മുറിയിലായിരുന്നു. മുകളിലത്തെ നിലയിലേക്ക് ചായയുമായി വന്ന അമ്മയുടെ കാലിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി.
” എന്റെയല്ല, നിന്റെ കുട്ടിയുടെ കാലിലാണ് പരിക്ക് ” അമ്മ പറഞ്ഞു.
” അതെ, എന്റെ കുട്ടി….
അവൻ എന്റെ കുട്ടിയാണ്…
അവരെല്ലാം എന്റെ കുട്ടികളാണ് “. അയാൾ തന്നോട് തന്നെ പറഞ്ഞു.


4 Comments
Thank u
ഉള്ളുപൊള്ളിക്കുന്ന രചന 👌👌👌❤️
Thank you
നല്ല രചന.
👌