എന്നെ അക്ഷരങ്ങളുടെ ലോകത്തേക്ക് തെളിച്ചത് എന്റുപ്പയാണ്, ഞാൻ കണ്ടതിൽ ഏറ്റവും വലിയ പുസ്തകപുഴു. മൂന്നാം ക്ലാസ്സിലേക്ക് പാസായിട്ടും മലയാള അക്ഷരമാല തെറ്റാതെ വായിക്കാനോ തെറ്റില്ലാതെ എഴുതാനോ എനിക്കറിയുമായിരുന്നില്ല. ഇന്നത്തെ പോലെ അല്ല. കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കുക എന്നല്ലാതെ പഠിത്തകാര്യത്തിൽ വീട്ടുകാർക്ക് വലിയ ഉത്തരവാദിത്തം അന്നുണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ചുറ്റുമുള്ള കുട്ടികളൊക്കെ അങ്ങനെ തന്നെ. വീട്ടിൽ വെച്ച് ആരെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നതോ, പഠനകാര്യത്തിൽ ശ്രദ്ധിക്കുന്നതൊന്നും എന്റെയോർമയിലില്ല.ഒട്ട് മിക്ക ഗൃഹനാഥന്മാരും ഗൾഫിലും ആയിരിക്കും. അവരൊക്കെ വരിക രണ്ടും മൂന്നും വർഷം കൂടുമ്പോളും. പക്ഷെ ഉപ്പ പത്തുമാസം കൂടുമ്പോൾ വരും.പലർക്കും അത് വലിയ അത്ഭുതവും ആയിരുന്നു.
വിഷയത്തിൽ നിന്നും വ്യതിചലിച്ചുപോയല്ലോ.. അങ്ങനെ ഒരിക്കൽ നാട്ടിൽ വന്ന സമയത്താണ് എനിക്ക് അക്ഷരം വായിക്കാനറിയില്ല എന്ന സത്യം ഉപ്പ ഉൾക്കൊണ്ടത്, പിന്നെ ഒന്നാം ക്ലാസ്സിലെ കേരള പാഠാവലി വാങ്ങി എന്നെ എഴുത്തിനിരുത്തി. ഒരു മാസം കൊണ്ട് ഉപ്പാന്റെ ട്യൂഷൻ ഫലിച്ചു. ഉപ്പ പോകുമ്പോൾ കുറെ ബാലപ്രസിദ്ധികരണങ്ങൾ വാങ്ങി തന്നു.അങ്ങനെ ഉപ്പയോളം ഇല്ലെങ്കിലും ചെറിയൊരു പുസ്തകപുഴുവിനു ഉപ്പ അടിത്തറ പാകി.
സ്ഥിരമായി വായിക്കുന്ന ബാലപ്രസിദ്ധീകരണം മലർവാടിയായിരുന്നു.അത് വീട്ടിൽ വരുത്തിയിരുന്നു അത് കൊടുത്ത് ബാലരമ, പൂമ്പാറ്റ, അമർ ചിത്രകഥ തുടങ്ങിയവ ബാർട്ടർ സിസ്റ്റതിലൂടെ കൈമാറ്റം ചെയ്യും.അങ്ങനെ അന്നിറങ്ങിയിരുന്ന ഒട്ട് മിക്ക പ്രസിദ്ധീകരണങ്ങളും വായിക്കാൻ പറ്റും. ഓർമയിലെ ഏറെ മധുരം കിനിയുന്ന കാലവും അതാകും.
ഇതിപ്പോ വീണ്ടും നൊസ്റ്റാൾജിയ ആണല്ലോ വരുന്നത്. നൊസ്റ്റാൾജിയക്ക് ഒരു പ്രശ്നമുണ്ട്, ഓർമയിൽ അതിങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ ഒരടി മുന്നോട്ട് പോവാൻ തോന്നില്ല, എന്നാൽ രണ്ടടി പിന്നിലേക്ക് പോവാൻ മനസ് ദാഹിക്കും.
ആറു ഏഴു ക്ലാസ്സിലേക്ക് എത്തിയതോടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി, എംടിയുടെ, ബഷീറിന്റെ, തകഴിയുടെ, മാധവികുട്ടിയുടെ പുസ്തകങ്ങളിൽ ചിലത് വായിച്ചു. പുസ്തകം തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അന്നുണ്ടായിരുന്നില്ല. വീട്ടിലെ മുതിർന്നവർ കൊണ്ടു വെക്കുന്ന പുസ്തകങ്ങൾ കട്ട് വായിക്കുക എന്നതാണ് പ്രധാന ഹോബി. ചിലതൊക്കെ വായിക്കാൻ തരും. തരാത്തത് തഞ്ചവും തരവും നോക്കി കട്ടെടുക്കുക.ഹൈസ്കൂളിൽ എത്തിയപ്പോൾ ലൈബ്രറിയിൽ നിന്ന് പുസ്തകമെടുക്കാൻ തുടങ്ങി. അപ്പോളും അവിടെയുള്ള പുസ്തകത്തിൽ സാറിന് ഇഷ്ടമുള്ളത് തരുന്ന പരിപാടിയാണ്. മെല്ലെ മെല്ലെ സാറിനോട് കൂട്ട് കൂടി ഇഷ്ടമുള്ളത് എടുത്തു തുടങ്ങി.
എനിക്ക് ഇഷ്ട്ടപെട്ട എഴുത്തുകാരിൽ ആദ്യപേര് ബഷീറിന്റെ തന്നെ. അതിന് ശേഷമേ ആരും വരുന്നുള്ളു. ഇപ്പോളും വായിച്ചത് തന്നെ വായിക്കാൻ ഇഷ്ട്ടമുണ്ടങ്കിൽ അത് ബഷീറിനെ മാത്രം. വീണ്ടും വായിക്കുമ്പോഴും എന്തെങ്കിലും പുതുതായി കിട്ടും. വെളിച്ചെത്തിനെന്ത് വെളിച്ചം എന്ന് ന്റെഉപ്പുപ്പാക്ക് ആനെണ്ടാർന്നു എന്ന നോവലിൽ ബഷീർ പറഞ്ഞ പോലെ പുതിയ വെളിച്ചം കിട്ടും. അല്ലെങ്കിൽ മനസൊന്നു റിലാക്സ് ആവും. ആനവാരിയും പൊൻകുരിശും, മണ്ടൻ മുത്തപ്പയും എല്ലാം മനസിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ തന്നെ. പാത്തുമ്മയുടെ ആടിനെ ഭൂമി മലയാളത്തിൽ ആർക്കെങ്കിലും അറിയാതെ ഇരിക്കുമോ?വീടിനു പുറത്തുള്ള സകല പ്രാണികളുക്കും ഉറുമ്പുകൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവരും ഭൂമിയുടെ അവകാശികളാണെന്നും ബഷീറിനെ പോലെ ഉറക്കെ പ്രഖ്യാപിക്കാൻ തോന്നും, എന്നെ ഉപദ്രവിക്കും വരെ! പൂവന്പഴത്തിന് പകരം നാരങ്ങ കൊടുത്ത് പറ്റിച്ച ബഷീറിനെ പറ്റി ഓർക്കുമ്പോൾ തന്നെ, മതിലുകളിൽ നാരായണിയുടെ ശബ്ദത്തിന് കാതോർത്ത പ്രണയാതുരനായ ബഷീറിനെ കാണും. ചുവന്ന റോസാപൂ എന്ത് ചെയ്തുവന്നു പ്രണയപരവശയായി ചോദിക്കാൻ തോന്നിയുണ്ട്ണ്ടാവില്ലേ നമുക്കും ചിലപ്പോൾ. എന്തോ എനിക്ക് ബഷീറിയൻ ഭാഷ പെരുത്തിഷ്ട്ടാണ്. അതിനു ബുദ്ധിജീവി ആവേണ്ട മലയാളം മനസിലാവുന്ന ആർക്കും മനസിലാവും. ആ ഭാഷയിൽ സമൂഹത്തിലെ ജീർണതകളെ ആക്ഷേപ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന രീതി അനുകരണീയമാണ്. ബഷീറിന്റെ കഥകളിൽ നിറയെ സാധാരണക്കാരനാണ്, സാധാരണക്കാരന്റെ പ്രശ്നങ്ങളാണ്. ബഷീർ തന്റെ ചുറ്റുപാടിൽ നിന്നുമാണ് കഥകൾ മുഴുവനും സൃഷ്ടിച്ചത്. അത് കൊണ്ടു തന്നെ പാവപ്പെട്ടവന്റെ വേശ്യയും, ശബ്ദങ്ങളുമൊക്കെ നമുക്ക് പ്രിയങ്കരമാവുന്നത്.
ബഷീർ കഴിഞ്ഞാൽ എം ടി, എം മുകുന്ദൻ, അഷിത, കമല സുരയ്യ അങ്ങനെ നീണ്ടു പോകുന്നു. ഇപ്പോഴത്തെ എഴുത്തുകാരിൽ ഷീല ടോമിയുടെ ആ നദിയുടെ പേര് ചോദിക്കരുത് എന്ന പുസ്തകം ഏറെ പ്രിയപ്പെട്ട ഒന്നാണ്.അത് പോലെ ബെന്യാമിന്റെ എല്ലാ കഥകളും പ്രത്യേകിച്ച് മഞ്ഞ വെയിൽ മരണങ്ങൾ വലിയ ഇഷ്ട്ടമാണ്.കെ. ആർ മീരയുടെ ആരാച്ചാർ, മീര വർഷങ്ങളുടെ ഗവേഷണം നടത്തി എഴുതിയ ആ ബുക്ക് ഒരു വിസ്മയം തന്നെ.
പുതിയ എഴുത്തുകാരിൽ ഒട്ടേറെ പേരെ വായിച്ചിട്ടുണ്ട്, ഓൺലൈൻ പ്ലാറ്റ്ഫോമിലും വായിക്കുന്നുണ്ട്, അതിലും മികച്ച എഴുത്ത്കാരുണ്ട്. പലരുടെയും വായന അധികവും ഓൺലൈനിലേക്ക് മാറിയത് കൊണ്ടു തന്നെ എഴുത്തുകാർക്ക് നല്ല ഓപ്ഷൻ തന്നെയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ.നമ്മുടെ കൂട്ടക്ഷരങ്ങളിൽ എത്ര നല്ല എഴുത്ത് കാരുണ്ട്!എത്രയോ ഹൃദയസ്പർശിയായ എഴുത്തുകൾ ഇതിൽ വന്നു പോകുന്നുണ്ട്.
വായന മരിക്കുന്നില്ല, എഴുത്തും വായനയും നിലനിൽക്കുവോളം നോവലും, കഥയും, കവിതയുമെല്ലാം ഉണ്ടാവും. അത് വായിക്കാൻ എന്നെ പോലെ പ്രണയവും വിരഹവും സ്നേഹവും, വാത്സല്യവും, പകയും, ദേഷ്യവും, നിസ്സഹായതയുമെല്ലാം ഉൾ ചേർന്ന മനുഷ്യരും ഉണ്ടാവും. കാരണം മനുഷ്യർക്ക് ഇതൊന്നുമില്ലാതെ എന്ത് ജീവിതം. ഇനി ആരൊക്കെ എന്തൊക്കെ എഴുതിയാലും എന്റെ പ്രിയപ്പെട്ട എഴുത്താൾ നമ്മുടെ ബഷീർ തന്നെ ആയിരിക്കും.
#എന്റെരചന
എന്റെ പ്രിയപ്പെട്ട എഴുത്താൾ


12 Comments
ബഷീറിന്റെ കഥകൾ എനിക്കും ഇഷ്ടം വായിച്ചപ്പോൾ നൊസ്റ്റാൾജിയ വന്നു ഇതാ സുപ്പർ എഴുത്
റംസി..❤️❤️
❤️❤️❤️👌👌 മനോഹരമായി എഴുതി
താങ്ക്സ് ഷൈബി
പ്രിയപ്പെട്ട ബഷീർ 👌👌👌❤️❤️
😊🥰
Basher എനിക്കും ഏറെ ഇഷ്ട്ടം .നന്നായി എഴുതി !
താങ്ക്സ് ശോഭ
സൂപ്പർ സാബീ, മനോഹരമായി എഴുതി, എന്നെയും എഴുത്ത് ലോകത്തേക്ക് കൊണ്ടുവന്നത് അച്ഛനാണ് 😍
അതെ ചെറുപ്പത്തിൽ നമ്മുടെ സൂപ്പർ ഹീറോ അച്ഛന്മാരാണല്ലോ.. ❤️❤️
മനോഹരമായി എഴുതി. 👌
നമ്മുടെ ഇഷ്ടങ്ങൾ ഏറെക്കുറെ സമാനമാണെന്ന് തോന്നി. ഷീല ടോമിയുടെ ഈ നോവൽ എനിക്കും ഏറെ ഇഷ്ടപ്പെട്ടു. ബഷീർ സരസമായി പറഞ്ഞുവെച്ച ഭൂമിയുടെ അവകാശികൾ, എന്നെയും മഥിക്കുന്ന ഒരു ചിന്തയാണ്, എല്ലാവരുടെയുമാണ് ഈ ലോകം എന്നത്.
പലതും ഓർമ്മിപ്പിച്ച എഴുത്തിന് നന്ദി, അഭിനന്ദനങ്ങൾ!
❤️🫂🫂