സാഹിത്യവുമായി ബന്ധപ്പെട്ട ആദ്യത്തെ ഓർമ്മ മൂന്നു നാലു വയസ്സുള്ളപ്പോൾ അച്ഛൻ വായിച്ചു തരാറുള്ള വള്ളത്തോളിന്റെ കൊച്ചുസീതയെന്ന മനോഹരമായ കാവ്യമാണ്.
“വായനക്കാർക്കിഷ്ടമാണെങ്കിൽ സങ്കല്പവായുവിമാനത്തിലേറിയാലും, പ്രീതരായ് സഞ്ചാരം ചെയ്യാം നമുക്കല്പം ഭൂതകാലാകാശവീഥിയിങ്കൽ ” എന്നു തുടങ്ങി മിഥിലാപുരിയിലെ രാജധാനിയിൽ വളരുന്ന സീതയുടെ ബാല്യം മനോഹരമായി അവതരിപ്പിച്ച വരികൾ. അഞ്ചു വയസ്സായ പെങ്കിടാവായി പലതരം കളികളിൽ വ്യാപൃതയായിരിക്കുന്ന സീതയെ സങ്കൽപ്പിക്കാറുണ്ടായിരുന്നു. എനിക്കും കവിതയിലെ സീതയ്ക്കും അന്നൊരേ പ്രായമായിരുന്നു. കവി പാടിയ പോലെ സങ്കല്പവിമാനത്തിൽ ഞാനും ഒരു പാട് സഞ്ചരിച്ചു.
സത്യത്തിൽ വായന ഭാവനയുടെ ചിറകിലേറിയുള്ള സഞ്ചാരം തന്നെയല്ലേ. അറിയാത്ത ലോകങ്ങളിലൂടെ സന്ദർഭങ്ങളിലൂടെയുള്ള സങ്കല്പസഞ്ചാരം. വായിക്കാൻ പഠിച്ചപ്പോൾ പൂമ്പാറ്റയിലെ കപീഷും ബാലരമയിലെ മായാവിയും കുട്ടൂസനും ഡാകിനിയും ലൊട്ടുലൊടുക്കും ഗുൽഗുൽമാലും ഇഷ്ട കഥാപാത്രങ്ങളായി. അമർചിത്രകഥകൾ സ്ഥിരമായി വീട്ടിൽ വരുത്തിയിരുന്നില്ല എങ്കിലും അവയും വായനാസഞ്ചാരത്തിലെ കൂട്ടുകാരായി ഇടയ്ക്കൊക്കെ വിരുന്നെത്തുമായിരുന്നു. രാജകുമാരന്മാരുടെയും രജപുത്രപോരാളികളുടെയും മായാലോകം തുറന്നു തന്നിരുന്നു. പിന്നീട് 101 ബാലകഥകളും പഞ്ചതന്ത്രകഥകളും വിക്രമാദിത്യ കഥകളും ആയിരത്തൊന്നു രാവുകളും ഐതിഹ്യമാലയും അക്ഷരങ്ങളുടെ മായാലോകത്തെയ്ക്ക് കൈപിടിച്ചു നടത്തിച്ചു.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് സ്ഥിരമായി വീട്ടിൽ വരുത്തുമായിരുന്നു. ബാലപംക്തിയിലെ കഥകളും കുട്ടേട്ടനും വായനാലോകത്തെത്തി. പല പ്രശസ്ത എഴുത്തുകാരേയും ആദ്യമായി പരിചയപ്പെടുത്തിയത് മാതൃഭൂമി വായനയാണ്. ഗൃഹലക്ഷ്മി, വനിത തുടങ്ങിയവയും അവയുടെ വർണ്ണപകിട്ടേറിയ താളുകൾ കൊണ്ടെന്നെ മാടിവിളിക്കുമായിരുന്നെങ്കിലും അവയൊന്നും കുട്ടികൾക്ക് വായിക്കാനുള്ളതല്ല എന്ന കർശന ശാസനകളെ മറികടന്നു വേണം വായിക്കാൻ. മനോരമ, മംഗളം തുടങ്ങിയ മ വാരികകൾക്ക് വീട്ടിൽ പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും പത്രപരസ്യങ്ങളിൽ വരുന്ന അവയിലെ നോവലുകളെ പറ്റിയുള്ള വിവരങ്ങൾ എന്നും കൊതിപ്പിച്ചിരുന്നു. ബന്ധുവീടുകളിൽ നിന്ന് തരം കിട്ടിയാൽ വിടാതെ വായിക്കുമായിരുന്നു. കഥകളെക്കാൾ ആകർഷണം അവയിലെ ചിത്രങ്ങളോടായിരുന്നു. സിനിമയിൽ പോലും കണ്ടിട്ടില്ലാത്തത്ര സൗന്ദര്യമുള്ള സ്ത്രീപുരുഷന്മാർ. അവരായിരുന്നു എന്റെ കൗമാരപ്രണയസങ്കല്പത്തിലെ താരങ്ങൾ.അവരുടെ പ്രണയവും പകയും പ്രതികാരവും ഒരു കാലത്ത് കേരളം മുഴുവനും തരംഗമായിരുന്നു. ജോയ്സിയും സി വി നിർമലയും സുധാകരനും തന്നെയാണ് വായനയെ ജനകീയമാക്കിയത്. വിശ്വസാഹിത്യമല്ല ഇത്തരം പൈങ്കിളിക്കഥകൾ തന്നെയാണ് വായനയെ സാധാരണക്കാരിലേയ്ക്കെത്തിച്ചത്.
ഈ വായനകളിലൊന്നും ഒരു പ്രത്യേക എഴുത്തുകാരനോടും ഇഷ്ടം തോന്നിയിട്ടില്ല. കാരണം ഇവയിലെല്ലാം കഥകൾ മാത്രമാണ് ശ്രദ്ധിച്ചത്, എഴുത്താളെ ശ്രദ്ധിക്കാനുള്ള വിവരം ഉണ്ടായിരുന്നില്ല.
മാലിരാമായണവും മാലിഭാരതവും മാലിഭാഗവതവുമാണ് നമ്മുടെ ഇതിഹാസങ്ങളെ പരിചയപ്പെടുത്തി തന്നത്. കുട്ടികൾക്കു വായിച്ചു പോകാവുന്ന ലളിതമായ ശൈലിയിൽ ഇതിഹാസങ്ങളെ അവതരിപ്പിച്ച മാലിയാണ് ആദ്യമായി ഞാൻ ശ്രദ്ധിച്ച എഴുത്ത്കാരൻ. അദ്ദേഹത്തിന്റെ കൃതികളൊന്നും പിന്നീട് വായിച്ചിട്ടില്ല.
സി രാധാകൃഷ്ണന്റെ എല്ലാം മായ്ക്കുന്ന കടൽ ആണ് ബാലസാഹിത്യത്തിനും കഥകൾക്കുമപ്പുറം ആദ്യമായി വായിച്ച പുസ്തകം എന്നാണ് ഓർമ്മ. അതിലെ കഥാപാത്രങ്ങളും കഥാപരിസരവും ചുറ്റുപാടുകളിൽ കണ്ടു പരിചയമുള്ളവയായതു കൊണ്ടും എഴുത്ത് ശൈലി കാരണവും ആ പുസ്തകവും എഴുത്തുകാരനും പ്രിയപ്പെട്ടവയായി മാറി. സി രാധാകൃഷ്ണന്റെ നോവൽ നവകത്തിലെ പ്രഥമകൃതിയായിരുന്നു എല്ലാം മായ്ക്കുന്ന കടൽ എന്ന് പിന്നീടാണ് അറിഞ്ഞത്. വളരെ കാലം കഴിഞ്ഞാണ് അവയെല്ലാം വായിക്കാൻ കഴിഞ്ഞത്. ഗഹനമായ വായന ആവശ്യപ്പെടുന്ന കൃതികളാണ് എല്ലാം. അദ്ദേഹത്തിന്റെ തന്നെ തീക്കടൽ കടഞ്ഞു തിരുമധുരം എന്ന സുന്ദരകൃതിയും മനസ്സിൽ സ്പർശിച്ച രചനയാണ്.
ബഷീറിന്റെ രചനകൾ പോലെ ലളിതമനോഹരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായവ അപൂർവ്വമാണ്. ബഷീർ എഴുതിയ ഓരോ വാക്കും ആർത്തിയോടെ വായിച്ചിട്ടുണ്ട്.
ഒരു ദേശത്തിന്റെ കഥയിലൂടെയറിഞ്ഞ എസ് കെ പൊറ്റെക്കാട് പിന്നീട് ഒരു തെരുവിന്റെ കഥയിലൂടെയും വിഷകന്യകയിലൂടെയും സഞ്ചാരസാഹിത്യത്തിലൂടെയും കൂടെ നടന്നു.
എം. ടി എന്ന വൻവൃക്ഷത്തെയറിയാതെ വായനയുണ്ടോ? നാലുകെട്ടും അസുരവിത്തും കാലവും മഞ്ഞുമെല്ലാം മനസ്സിൽ എന്നെന്നും തങ്ങിനിൽക്കും.
ആക്ഷേപഹാസ്യത്തിലൂടെ സഞ്ജയൻ, ഉമ്മാച്ചുവും സുന്ദരികളും സുന്ദരന്മാരും സമ്മാനിച്ച ഉറൂബ്, ആത്മാവിന്റെ നോവുകളും പട്ടാളകഥകളും അറിയപ്പെടാത്ത മനുഷ്യജീവികളും കൈയിലെത്തിച്ച നന്തനാർ, പിന്നെ മലയാറ്റൂർ, വിലാസിനി, പെരുമ്പടവം, സുഭാഷ് ചന്ദ്രൻ, എൻ മോഹനൻ ഇവരെല്ലാം എന്നും ഇഷ്ടപ്പെട്ട എഴുത്ത്കാരാണ്. ഒരാളെ മാത്രം പേരെടുത്തു പറയാനാവില്ല.
ബംഗാളിസാഹിത്യം അതിന്റെ മനോഹരമായ രചനകൾ കൊണ്ട്, അവയുടെ സുന്ദരപരിഭാഷകൾ കൊണ്ട് എന്നും ഭാരതീയരെ ആകർഷിച്ചിട്ടുണ്ട്. ആരണ്യക് ആണ് ഓർമയിലുള്ള ആദ്യത്തെ ബംഗാളി വായന. പഥേർപാഞ്ചാലിയുടെയും അപരാജിതോയുടെയും കഥാകാരൻ ബിഭൂതിഭൂഷൺ ബന്ദോപാധ്യായ തന്റെ തൂലികത്തുമ്പാൽ വനഭംഗിയെ വരച്ചുവെച്ച സുന്ദരകാവ്യമാണ് ആരണ്യക്. അശനീസാകേത്, ഇച്ഛാമതി, ആദർശഹിന്ദുഹോട്ടൽ ഇവയെല്ലാം പ്രതിഭാസമ്പന്നരായ വിവർത്തകർ നമുക്ക് മുന്നിലെത്തിച്ച അദ്ദേഹത്തിന്റെ മനോഹരരചനകളാണ്. ടാഗോറിന്റെ കാബൂളിവാല വായിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ചാരുലത, ചോഖർബാലി അങ്ങനെ എത്രയെത്ര നോവലുകളും കഥകളും അദ്ദേഹം സമ്മാനിച്ചു. ആശാപൂർണ്ണദേവിയുടെ നോവൽത്രയം,സാവിത്രി റായ് എഴുതിയ പത്മമേഘന, നെല്ലിന്റെ ഗീതം, താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം, ഗണദേവത ഇവയെല്ലാം വായിച്ചാണ് ഒരിക്കലെങ്കിലും ബംഗാൾ കാണണമെന്ന മോഹം മനസ്സിൽ ഉദിച്ചത്.ബംഗാളി ചലച്ചിത്രങ്ങളും സാഹിത്യവും തനിമ ചോരാതെ ആസ്വദിയ്ക്കാനായി ബംഗാളി ഭാഷ പഠിക്കാനും ഒരിക്കൽ ആഗ്രഹിച്ചിരുന്നു.ബംഗാൾ കാണാനുള്ള മോഹം ഒരു ദിവസത്തെ കൊൽക്കൊത്ത സന്ദർശനം കൊണ്ട് തൃപ്തിപ്പെടുത്തിയെടുക്കേണ്ടി വന്നെങ്കിലും, എന്നെങ്കിലുമൊരു നാൾ കവിഗുരുവിന്റെ ശാന്തിനികേതനവും, ഭവനവും സുന്ദരമായ ബംഗാൾ ഗ്രാമങ്ങളും കാണാനാകും എന്നു പ്രതീക്ഷിക്കുന്നു.
എഴുത്തുകാരികളിൽ ഏറെ ആകർഷിച്ച ഒരാൾ അകാലത്തിൽ പൊലിഞ്ഞു പോയ രാജലക്ഷ്മിയെന്ന പ്രതിഭയാണ്. ഒരു വഴിയും കുറെ നിഴലുകളും, ഞാനെന്ന ഭാവം, കഥകൾ എല്ലാം പല തവണ വായിച്ചിട്ടുണ്ട്. ഒതപ്പും മാറ്റാത്തിയും ആലാഹയുടെ പെണ്മക്കളും ആളോഹരി ആനന്ദവും സാറാ ജോസഫിന്റെ ആരാധികയാക്കി.
മീരാസാധുവിലൂടെ മനസ്സുലച്ച കെ ആർ മീര പിന്നീട് ആരാച്ചാറും ഖബറും ഘാതകനും എന്റെ പ്രിയ വായനകളാക്കി. ഖദീജ മുംതാസിന്റെ ആതുരം, ബർസ ഇവയെല്ലാം എന്റെ ഇഷ്ടകൃതികളാണ്. നീർമാതളത്തിന്റെ എഴുത്ത്കാരി മാധവിക്കുട്ടി എന്നത്തേയും ഇഷ്ടമാണ്. പി വത്സല, നാർമടിപ്പുടവയിലൂടെ ബ്രാഹ്മണവിധവകളുടെ നരകയാതനകളുടെ കഥ പറഞ്ഞു തന്ന സാറാ തോമസ്, ആത്രേയകം എന്ന ഗംഭീരകൃതി എഴുതിയ രാജശ്രീ, മുക്തിബാഹിനിയും മുദ്രിതയും ആനന്ദഭാരവും സമ്മാനിച്ച ജിസ ജോസ്, സിതാര എസ്, കെ എസ് രതീഷ്, സോണിയ ചെറിയാൻ, കൂട്ടക്ഷരങ്ങളിലെ പ്രിയപ്പെട്ട എഴുത്തുകാർ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനേകം പേർ എന്റെ പ്രിയപ്പെട്ടവരാണ്.
ചുരുക്കം ആംഗലേയവും വായനയിലുണ്ട്. ഖാലിദ് ഹുസൈനിയുടെ കൃതികൾ, ജെയിൻ ഓസ്റ്റിൻ, ഒ ഹെൻറി, കെൻ ഫോള്ളറ്റ്, ചേതൻ ഭഗത്, മാർഗരറ്റ് മിഷേൽ, ഓർഹാൻ പാമുക് തുടങ്ങിയവരുടെ ചുരുക്കം കൃതികൾ വായനയിൽ എത്തിനോക്കിയിട്ടുണ്ട്.
ഓരോ എഴുത്തും വ്യത്യസ്തമാണ്, എഴുത്തുകാരും അങ്ങനെ തന്നെ. ഓരോ സാഹചര്യത്തിലും ഓരോ തരം വായനകളോടാണ് എനിക്ക് പ്രിയം. വായനയെന്ന ലഹരി ഉള്ളിൽ നുരയുന്ന കാലത്തോളം പ്രിയപ്പെട്ട എഴുത്താളുകളുടെയും പുസ്തകങ്ങളുടെയും നിര നീണ്ടുപോകും.
<!– wp:paragraph –>
#എന്റെ പ്രിയപ്പെട്ട എഴുത്താൾ
<!– /wp:paragraph –>
<!– wp:paragraph –>
<!– /wp:paragraph –>


2 Comments
നല്ല എഴുത്ത് 👌
എത്ര സമ്പന്നം ഈ വായനയുടെ വഴി 👌👌👌👌