ഒമ്പതു വർഷങ്ങൾ…
ഒടുങ്ങാത്ത കനലുകൾ..
ഇടയ്ക്കു ഇടയ്ക്കു കാറ്റ് വീശുമ്പോ,
ഒന്നൂടെ എരിയും
ചില മഴയിൽ ഒന്ന് അടങ്ങും,
വീണ്ടും സൂര്യനോടൊപ്പം,
അവനും അവന്റെ ഓർമകളും
വീണ്ടും നീറി തുടങ്ങും..
പലരും മറന്നു തുടങ്ങിയിരുന്നു അവനെ
എന്നാൽ, നെഞ്ചോടു ചേർക്കും മുന്നേ
ആ മുഖം ഒന്ന് കാണും മുന്നേ തന്നെ
അവനുള്ള കുഴി വെട്ടിയ ഞാൻ
എങ്ങിനെ അവനെ മറക്കും..??
നെഞ്ചോടു ചേർത്ത് പാട്ടു പാടി
ഉറക്കാൻ കൊതിച്ചവനെ
ഉറക്കത്തിൽ നിന്ന് ഉണർത്താതെ
തന്നെ ഭൂമി ദേവിക്ക് നൽകിയില്ലേ ഞാൻ..
നെഞ്ചിൽ ചൂടിൽ ചേർക്കാൻ കൊതിച്ചവനെ,
മകര മാസ കുളിർ രാവിൽ,
തണുത്തു മരവിച്ച അവനെ ഞാൻ
ഭൂമി ദേവിയുടെ ചുടു മാറ് പിളർന്നു
അവിടെ കുഴിച്ചിട്ടു..
അന്ന് എരിഞ്ഞു തുടങ്ങിയ കനൽ
ഇന്നും നെഞ്ചിൽ ഉണ്ട്.. കടലോളം..
നിരഞ്ജൻ.. നീ എങ്കിലും
എന്നോട് ക്ഷമിക്കുക ..
ഇനിയും എന്നെ നീ
ചുട്ടു കൊല്ലുമെന്ന്
എനിക്കറിയാം..
എങ്കിലും ഈ അച്ഛനോട് നീ പൊറുക്കുക…
അന്ന് എരിഞ്ഞ കനലുകളിൽ
നീ മാത്രമല്ല,
ഞാനും എന്റെ ജീവനും,
ജീവിതവും എരിഞ്ഞിരുന്നു.
ഇനിയെത്ര വസന്തങ്ങൾ വന്നാലും
ഈ മകര മാസത്തിൽ
ഞാൻ കൊണ്ട വെയിലുകൾ എന്നും
എന്നെ ചുട്ടു പൊള്ളിക്കും.. എന്നും…


3 Comments
നന്നായിട്ടുണ്ട്👍
❤️👌🌹
❤️❤️👌