“കേസ് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുന്നു”….
ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിന്ന് വക്കീലിനൊപ്പം പുറത്തിറങ്ങിയ അവൾ ഒരു നിമിഷം പിന്തിരിഞ്ഞു നിന്നു. പോലീസിന്റെ അകമ്പടിയോടെ വിലങ്ങിട്ട കൈകളുമായി അയാൾ പടികടന്നു വരികയാണ്. അവൾ ചെറുതായൊന്നിളകി. കണ്ണുകളിൽ ചെറിയൊരു തിരയിളക്കം… പെട്ടെന്നാണ് ഒരു ചുവപ്പ് രാശി പടർന്നുകയറി അവളുടെ മുഖം രക്തവർണ്ണമായത്. രൗദ്രഭാവം പൂണ്ട് ഒരു സിംഹിയെപ്പോലെ അയാളുടെ നേരെ അവൾ ചീറി അടുത്തു. വക്കീലും ഭർത്താവും ഒപ്പം പോലീസും ചേർന്നിട്ടും അവളെ തടുക്കാനായില്ല. “എന്റെ മോളെ നീ തൊടുമല്ലേടാ..” പറഞ്ഞതും അയാളുടെ കവിളിൽ അവളുടെ വലതുകൈ ആഞ്ഞു പതിച്ചു!
” പറയ്,നീ എന്റെ കുഞ്ഞിനെ എന്ത് ചെയ്തു? “അടുത്ത അടി വീഴുന്നതിനു മുൻപേ ഭർത്താവ് അവളെ വട്ടം പിടിച്ചു. ആവുന്നത്ര ശക്തിയിൽ കുതറിക്കൊണ്ട് അവൾ വീണ്ടും അയാളെ അടിക്കാനോങ്ങി. അപ്രതീക്ഷിതമായ നീക്കത്തിൽ ഒരു നിമിഷം സ്തംഭിച്ചു പോയ കോടതിയും പരിസരവും പൊടുന്നനെ ചടുലനീക്കങ്ങളിലേക്ക് കടന്നു.
” ആ സ്ത്രീയെ പുറത്തുകൊണ്ടുപോകൂ”.. ജഡ്ജി നിർദേശിച്ചു. ” എന്നിട്ട് ആവശ്യമായ കൗൺസിലിംഗ് ഏർപ്പാടാക്കി കൊടുക്കൂ”.
അതുമിതും പുലമ്പിക്കൊണ്ടിരുന്ന അവരെ സമാധാനിപ്പിക്കാൻ ബന്ധുക്കൾ പണിപ്പെട്ടു. ഒരു വിധത്തിൽ വണ്ടിയിൽ കയറ്റുമ്പോഴേയ്ക്കും അവർ മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീണിരുന്നു.
‘ എന്റെ മോള്… ആ കാലമാടൻ… അയ്യോ!എന്റെ കുഞ്ഞിനെ കൊല്ലുന്നേ…’
ആ ഡിലീരിയത്തിലും ഇടയ്ക്കിടെ അവൾ നിലവിളിച്ചു കൊണ്ടിരുന്നു.
മെഡിക്കൽ കോളേജിലെ പ്രശസ്ത സൈക്കോളജിസ്റ്റിന്റെ അടുത്തേയ്ക്കാണ് വക്കീൽ അവരെ പറഞ്ഞയച്ചത്. അവിടെ എത്തുമ്പോഴും പൂർണ്ണ ശാന്തതയിലേക്ക് അവൾ മടങ്ങി വന്നിരുന്നില്ല. ചില്ലറ മരുന്നുകൾ നൽകി ആദ്യം അവളെ സ്വസ്ഥയാക്കുകയാണ് ഡോക്ടർ ചെയ്തത്.എന്നിട്ട് ദിവസങ്ങളായി ഉറങ്ങാതിരുന്ന അവൾക്ക് മൂന്ന് ദിവസത്തേക്ക് സെഡേറ്റീവ്സ് നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു. ‘നന്നായി ഒന്ന് ഉറങ്ങിയാൽ തന്നെ ഈ അവസ്ഥയിൽ വ്യത്യാസം വരും. എന്നിട്ടും മാറ്റമില്ലെങ്കിൽ തിരിച്ച് ഇവിടെ കൊണ്ടുവന്നാൽ മതി.’ ഡോക്ടർ നിർദ്ദേശിച്ചു.
ദിവസങ്ങളായി ഉറങ്ങാതിരുന്ന അവൾ പതിയെ പതിയെ മയക്കങ്ങളിലേക്ക് വീണു തുടങ്ങി.
സ്കൂൾ വിട്ടുവരുന്ന തന്റെ എട്ടുവയസ്സുകാരി മകൾ പൂമ്പാറ്റ. കൂട്ടുകാരോട് റ്റാ റ്റ പറഞ്ഞ് ഗേറ്റിനടുത്തെത്തുമ്പോഴേക്കും ബലിഷ്ഠമായ രണ്ടു കരങ്ങൾ മൂക്കും വായും പൊത്തി അവളെ എടുത്തുകൊണ്ടോടുന്നു. കയ്യും കാലുമിട്ടടിച്ച് അലറാൻ ശ്രമിക്കുന്ന അവളെ അയാൾ ഒന്നുകൂടി വരിഞ്ഞുമുറുക്കി അടുത്തുള്ള കുറ്റിക്കാട്ടിൽ എത്തിക്കുന്നു. ശ്വാസം കിട്ടാതെ അവശയായ പിഞ്ചോമനയെ ആ കാട്ടിലേക്കെറിയുന്നു. കുതറിയോടാൻ ശ്രമിക്കുമ്പോഴേക്കും അയാളുടെ ഭാരം അവളിലേക്ക് അമരുന്നു….
” മോളേ…”
ഒരു ആർത്തനാദത്തോടെ ഓരോ ചെറുമയക്കത്തിനും ഒടുവിൽ അവൾ ചാടി എണീറ്റു. ഭർത്താവും ബന്ധുക്കളും മാറിമാറി കാവലിരുന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. ഏതുവിധത്തിലുള്ള സാന്ത്വനവും അവളെ ആ വിഭ്രാന്തിയിൽ നിന്ന് മോചിപ്പിച്ചില്ല. പ്രാർത്ഥനകളും പൂജകളും ആയി ബന്ധുക്കൾ ഓടിനടന്നു. ഏതോ ശാപം വീടിനുമേൽ പതിച്ചിരിക്കുന്നു..
ഇംഗ്ലീഷ് മരുന്ന് കൂടുതൽ കൊടുക്കാൻ ഭർത്താവും ഇഷ്ടപ്പെട്ടില്ല. സെഡേറ്റീവ്കൾ അവളുടെ വിഭ്രമങ്ങളെ ഒരുതരത്തിലും നിയന്ത്രണത്തിൽ ആക്കിയില്ല! ആകെ വല്ലാത്ത ഒരു അവസ്ഥ. കുഴഞ്ഞു മറിഞ്ഞ ആ സ്ഥിതിയിൽ നിന്ന് എങ്ങനെ തന്റെ ഭാര്യയെ പുറത്തുകൊണ്ടുവരും… അയാൾക്ക് ഒരു തിട്ടവും ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കുമ്പോഴാണ്ദൂരെയുള്ള ഒരു കൂട്ടുകാരൻ അവരെ തേടിയെത്തുന്നത്; തൊട്ടടുത്ത ഗ്രാമത്തിലുള്ള സ്വാമിനിയെ കാണാൻ വന്നതാണത്രേ . പത്രങ്ങളിലൂടെ ഇവിടുത്തെ സംഭവ വികാസങ്ങൾ അയാളും അറിഞ്ഞിരുന്നു.
‘ സ്വാമിനിയോ? ഇവിടെ അടുത്തോ? ” അവളുടെ ഭർത്താവ് അത്ഭുതപ്പെട്ടു.
“അതെ, ഇവിടെ അടുത്തുതന്നെ.” ഇത്തവണ അദ്ഭുതം കൂറിയത് ആഗതനാണ് .
അല്ലെങ്കിലും, മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ..
” അവർ സൈക്കോളജിയിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദധാരിയാണ്.അതിനുശേഷമാണ് സന്യാസത്തിലേക്ക് തിരിഞ്ഞത്.ഏതു കുഴഞ്ഞു മറിഞ്ഞ മാനസിക പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിത്തരും. ” ആഗതൻ വാചാലനായി.
” വല്ല മന്ത്രവാദമോ മറ്റോ ആയിരിക്കും? ” ഭർത്താവ് അല്പം ഉറക്കെത്തന്നെ ആശങ്കപ്പെട്ടു.
“ഏയ്! അങ്ങനെയൊന്നുമല്ല. അവരുടെ കാര്യങ്ങളൊക്കെ വളരെ സുതാര്യമാണ്. ഇന്റർവ്യൂസും മറ്റും യൂട്യൂബിൽ ഫേമസ് അല്ലേ . എന്റെ മറ്റൊരു സുഹൃത്തിന്റെ കോംപ്ലിക്കേറ്റഡ് ആയുള്ള ഒരു പ്രശ്നത്തെ വെറും കൗൺസിലിങ്ങിലൂടെ അവർ പരിഹരിച്ചു കൊടുത്തു. അങ്ങനെയാണ് ഞാൻ അവരെപ്പറ്റി അറിയുന്നത്.”
“ഉവ്വോ! എങ്കിൽ നമുക്ക് എന്റെ ഭാര്യയെയും കൂട്ടി അവിടെയൊന്നു പോയാലോ?”
“ അതു പറയാനാണ് ഞാനിപ്പോൾ നിന്റെ അടുത്ത് വന്നതുതന്നെ .” ആഗതൻ ഒന്ന് നെടുവീർപ്പെട്ടു.
കൂടുതൽ ഒന്നും ആലോചിക്കാതെ അപ്പോൾതന്നെ അവളെയും കൂട്ടി അവർ സ്വാമിനിയുടെ അടുത്തേക്ക് പുറപ്പെട്ടു.
തിരക്കുകളിൽ നിന്നൊക്കെ മാറി ബഹളങ്ങളൊന്നുമില്ലാതെ ശാന്തമായ ഒരു സ്ഥലം.. അവിടെയായിരുന്നു സ്വാമിനിയുടെ ആശ്രമം. ഒരു ചെറിയ വീട്.. അതിന് ചുറ്റും ഫലവൃക്ഷങ്ങളും പാഴ് മരങ്ങളും ഇടതൂർന്ന് വളർന്നു നിൽക്കുന്നു. സന്ദർശകർക്ക് ഇരിക്കാനായി മുറ്റത്ത് അവിടവിടെ ചെറിയ ചെറിയ ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ എല്ലാം നിറയെ ആളുകളുമുണ്ട്. എങ്കിലും സൂചി താഴെ വീണാൽ അറിയാം, അത്ര നിശബ്ദതയാണ്. എല്ലാവരും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു. നേരത്തെ അപ്പോയിൻമെന്റ് എടുത്തിട്ടില്ലാതിരുന്നതിനാൽ അല്പനേരം അവർക്കും കാത്തിരിക്കേണ്ടി വന്നു. അവിടെ സഹായത്തിന് നിന്നിരുന്ന സ്ത്രീ പേരു വിളിച്ചപ്പോൾ ഭർത്താവാണ് ആദ്യം മുറിയിൽ കയറിയത്.
കാറ്റും വെളിച്ചവും ആവോളം കടക്കുന്ന സ്വച്ഛസുന്ദരമായ മുറി. ജനലരികിലായിട്ട് മേശക്കിരുപുറവും കസേരകൾ. മേശയിൽ ഒരു പൂവട്ടിയും കുറച്ചു പുസ്തകങ്ങളും ഒരു നോട്ട് പാഡും ഒരു പേനയും.. അത്രമാത്രം. നേരെ എതിർവശത്ത് ഭിത്തിയിൽ ഏതോ ദിവ്യപ്രഭയെ ഓർമ്മിപ്പിക്കുന്ന വെണ്മയാർന്ന ചിത്രം. ഒരു വശത്തായി ഒരു ചെറിയ കിടക്കയുണ്ട്. മറുവശത്ത് കൂജയിൽ വെള്ളവും.
” വരൂ.. ” മേശയ്ക്ക് അപ്പുറത്തുനിന്നുള്ള സ്വാമിനിയുടെ വിളി അയാളെ പരിസര ബോധത്തിലേക്ക് ഉണർത്തി. വെളുത്ത സാരിയിൽ പ്രസന്ന മുഖവും, ശാന്തതയും ചേർത്തു പിടിക്കലിന്റെ ഉറപ്പും ദ്യോതിപ്പിക്കുന്ന കണ്ണുകളും. അയാൾ അവർക്കെതിരെ ഇരുന്നു. തങ്ങൾക്ക് വന്നുഭവിച്ച ദുര്യോഗത്തെക്കുറിച്ചും ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും വിശദമായി അവർ ചോദിക്കാതെ തന്നെ അയാൾ പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ ആരോടും പറയാനാവാതെ, ആരാലും മനസ്സിലാക്കപ്പെടാനാവാതെ, മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു പർവ്വതം താനേ ഒലിച്ചു പോകുന്നത് അയാൾ അറിഞ്ഞു. സംസാരത്തിലുടനീളം ഒരക്ഷരം പോലും സ്വാമിനി ഉച്ചരിച്ചില്ല എന്ന് അയാളോർത്തു. തന്നെ കേട്ടു, അനുഭാവപൂർവ്വം കേട്ടു. അത്രമാത്രം! അയാൾക്ക് അവരെക്കുറിച്ച് എന്തെന്നില്ലാത്ത മതിപ്പുതോന്നി.
” ഭാര്യയെ വിളിക്കട്ടെ? ” അയാൾ ചോദിച്ചു.
അവർ തലയാട്ടി.
അലസമായുടുത്ത സാരിയും ചീകിയൊതുക്കാത്ത പാറിപ്പറന്ന മുടിയും സങ്കടവും നിരാശയും കോരി നിറച്ച കണ്ണുകളുമായി കടന്നുവരുന്ന ‘പ്രേതാത്മാവി’നെ അവർ അനുകമ്പയോടെ നോക്കി. ഭർത്താവിനോട് പുറത്തിരിക്കാനാവശ്യപ്പെട്ടിട്ട് അവർ ആ സ്ത്രീയുടെ അടുത്തു വന്നിരുന്നു. കൈകളിൽ മൃദുവായി തൊട്ടുകൊണ്ടു പറഞ്ഞു, “പറയൂ..”
ആദ്യമൊന്നും അവൾ അനങ്ങിയില്ല. പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു. വാവിട്ടു നിലവിളിച്ച് മെല്ലെ മെല്ലെ ഒരു തേങ്ങലായി അത് അവസാനിച്ചു. ആ നേരമത്രയും സ്വാമിനി അവളുടെ അടുത്തിരിക്കുക മാത്രം ചെയ്തു. ഒന്നു ശാന്തമായി എന്ന് കണ്ടപ്പോൾ അവർ വീണ്ടും പറഞ്ഞു..
” പറയൂ.. ”
പതുക്കെ, വളരെ പതുക്കെ, ആ സ്ത്രീ അവരുടെ മുൻപിൽ മനസ്സ് തുറക്കാൻ തുടങ്ങി. ഇടയ്ക്കിടെ അലമുറയിട്ടും ഇടയ്ക്കിടെ ക്രുദ്ധയായും അവളുടെ കഥ മുഴുവൻ സ്വാമിനിക്ക് മുന്നിൽ അവൾ കുടഞ്ഞിട്ടു. നീണ്ടു നീണ്ടുപോയ ആ മനസ്സ് തുറക്കലിൽ ഒരിക്കൽ പോലും സ്വാമിനി അവളെ തടസ്സപ്പെടുത്തിയില്ല. ചോദ്യങ്ങൾ ചോദിച്ചില്ല.
പൂർണ്ണമായും പെയ്തൊഴിഞ്ഞ ഘട്ടത്തിൽ സ്വാമിനി അവളോട് ചോദിച്ചു,
” ഇനി നിനക്ക് എന്താണ് വേണ്ടത്? ”
“എനിക്ക്…. എനിക്കാ പിശാചിനെ വെട്ടി നുറുക്കിക്കൊല്ലണം. എന്റെ മോൾ അനുഭവിച്ച വേദന അതേ അളവിൽ അവനും അനുഭവിക്കണം. ശ്വാസം കിട്ടാതെ എന്റെ പൂമ്പാറ്റ പിടഞ്ഞത് പോലെ അവനുംപിടയണം” ക്രോധത്താലും പ്രതികാര വാഞ്ചയാലും അവളുടെ മുഖം ചോരച്ചുവപ്പായി. ശരീരം കിലുകിലാ വിറച്ചു.
” എന്നെ കേൾക്കൂ”.. സ്വാമിനി പറഞ്ഞു. “ഒരു പ്രതികാരത്തിന് ഞാൻ സഹായിക്കാം.”
അത്ഭുതത്തോടെ അവൾ സ്വാമിനിയെ നോക്കി.
അവർ തുടർന്നു “പൂമ്പാറ്റയുടെ ഇപ്പോഴത്തെ ലോകത്തെക്കുറിച്ച് നീ ചിന്തിക്കാറുണ്ടോ? അവൾ എന്ത് ചെയ്യുകയായിരിക്കും?”
” അവൾ… അവൾ സ്വർഗ്ഗത്തിൽ ഒരു മാലാഖയായി പാറി നടക്കുകയായിരിക്കും. എനിക്കുറപ്പാണ്, നിഷ്കളങ്കയായ എന്റെ കുട്ടി ഒരു ദുഃഖങ്ങളും ഇല്ലാതെ കൂട്ടുകാരുമൊത്ത് ഉല്ലാസത്തിലായിരിക്കും. അതെ, എനിക്കവളെ കാണാം. അവളുടെ പൊട്ടിച്ചിരി കേൾക്കാം. എന്റെ പൊന്നുമോൾ…. ”
കുഞ്ഞിനെ നേരിട്ടുകാണുന്നതുപോലെ അവളുടെ മുഖത്ത് ഒരു പ്രകാശം പരന്നു.
“പൂമ്പാറ്റ എത്ര മിടുക്കി ആയിട്ടാണ് അവിടെ ഇരിക്കുന്നത് അല്ലേ?” സ്വാമിനി ഇടപെട്ടു.
” അതെ.. ”
“അവളെ അങ്ങനെ കണ്ട് മനസ്സുനിറച്ച് സന്തോഷിക്കാനാണോ അതോ അവളെ ഉപദ്രവിച്ച മനുഷ്യനെക്കുറിച്ച് ചിന്തിച്ച് സമാധാനം കെടുത്താനാണോ നിനക്ക് ഇഷ്ടം? ”
” അത്… ”
” എനിക്ക് തീർച്ചയാണ്,സ്വർഗ്ഗത്തിലെ മാലാഖക്കുട്ടിയെ കണ്ട് സന്തോഷത്തോടെ ഇരിക്കാനാണ് നിനക്കിഷ്ടം. അതിനിടയിൽ ഓർക്കാൻ അർഹതയില്ലാത്ത ആ മനുഷ്യനെ ഓർത്ത് നിന്റെ ജീവിതം നരകമാക്കുന്നത് എന്തിനാണ്? അയാളെ മറന്നു കളയുന്നതല്ലേ നല്ലത്? ”
അവിശ്വസനീയതയോടെ അവൾ സ്വാമിനിയെ നോക്കി. ശരിയാണ്;} എന്റെ കുഞ്ഞുമാലാഖയെക്കുറിച്ച് മാത്രം ചിന്തിച്ച് എനിക്ക് സന്തോഷമായി കഴിയാം. ലോകത്തിലെ ഒരു ദുഷ്ടതയും അവളെ ഇനി തൊടില്ല. ഏറ്റവും സുരക്ഷിതമായ സ്ഥാനത്ത് അല്ലലില്ലാതെ അവൾ കഴിയുന്നു. എന്റെ ഈ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവളുടെ ഉല്ലാസത്തിൽ ഇനി കരിനിഴൽ വീട്ടാൻ പാടില്ല.
” ഇല്ല സ്വാമിനി.. ഇനി ഞാൻ കരയില്ല! എന്റെ മോൾക്ക് അത് ഇഷ്ടമാവില്ല!”
” അതുമാത്രം പോരാ!” അവളുടെ കണ്ണുകളിലേക്ക് നോക്കി സ്വാമിനി അർദ്ധവിരാമമിട്ടു.
“ആ മനുഷ്യനോട് ഞാൻ ക്ഷമിക്കുന്നു എന്ന് പറ്റുമ്പോഴൊക്കെയും ഉരു വിട്ടുകൊണ്ടിരിക്കണം. അയാളെ കൈകാര്യം ചെയ്യാൻ നിയമസംവിധാനങ്ങൾ ഉണ്ട്. അവരത് നോക്കിക്കൊള്ളും. ക്ഷമിച്ചു ക്ഷമിച്ച് ഒടുവിൽ അയാൾ മുന്നിലെത്തിയാൽപ്പോലും നിന്നെ ഏശില്ല എന്ന അവസ്ഥ വരും. അപ്പോഴാണ് നീ പൂർണ്ണമായി ജയിക്കുന്നത്. നിനക്കെന്നെ മനസ്സിലാകുന്നുണ്ടോ?”
“ഉണ്ട് സ്വാമിനി.. എനിക്ക് ജീവിക്കണം. എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കണം. ഇതാ! ഇപ്പോൾ തന്നെ ഞാൻ അയാളോട് ക്ഷമിച്ചു തുടങ്ങിയിരിക്കുന്നു!”
” മിടുക്കി.. നന്നായി വരും! എപ്പോൾ വേണമെങ്കിലും നിനക്ക് എന്നെ വന്നു കാണാം.” അവർ അവളെ അനുഗ്രഹിച്ച് യാത്രയാക്കി.
**************
ആഴ്ചകൾക്ക് ശേഷം വീണ്ടും അവൾ അയാളെ കണ്ടു. ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വരാന്തയിൽ പോലീസ് അകമ്പടിയോടെ വിലങ്ങണിയപ്പെട്ട് പടികടന്നു വരുന്നു… എന്നാൽ മനസ്സിന്റെ കാലുഷ്യം അകന്ന ആ പെൺപൂവ് ഇത്തവണ ചുക ചുകന്നില്ല. കണ്ണുകൾ തുളുമ്പിയില്ല. പകരം, നിഗൂഢമായ ഒരു ശാന്തത അവളെ ആകെ ചൂഴ്ന്നു നിന്നു.
#എന്റെരചന
#പടികടന്നുപോകുന്നത് നോക്കി മുറ്റത്തൊരുപൂചുവന്നുചുവന്നുനിന്നു


7 Comments
നല്ല കഥ 👍👍
നല്ല എഴുത്ത് സിൽവി .. നല്ല അർത്ഥവത്തായ രചന ✍️ ആശംസകൾ 🌹
❤️❤️❤️
Siilvy 😍
” പടി കടന്നു പോകുന്നത് നോക്കി മുറ്റത്തൊരു പൂ ചുവന്നു ചുവന്നു നിന്നു”. – ജീവിത യാഥാർത്ഥ്യങ്ങൾക്കെന്നും ഒരു സാക്ഷി കാണും. സത്യമെന്ന വാടാ മല്ലി.
വ്യത്യസ്തമാം രചനകളിൽ മിടുക്കു കാണിക്കുന്ന സിൽവി ഇവിടേയും അതാവർത്തിച്ചിരിക്കുന്നു. നന്ന്, സിൽവി 👌
കഥ ഒരു പാടിഷ്ടപ്പെട്ടു ❤️അഭിനന്ദനങ്ങൾ🌹👌
വിഷയത്തെ വേറിട്ട രീതിയിൽ സമീപിച്ചിരിക്കുന്നു. തീവ്രദുഃഖം വേട്ടയാടുന്ന മനസ്സിന്റെ വിഭ്രമം എഴുത്തിൽ മുറ്റി നിന്നു. ഏതിലും ശാന്തമാകാനുള്ള തുരുത്ത് ചൂണ്ടിക്കാണിക്കാൻ ഒരാളുണ്ടെങ്കിൽ, ജീവിതത്തിൽ വെണ്മ പടർത്താൻ സാധിക്കുമെന്ന് പറഞ്ഞ കഥ.
നന്നായിരിക്കുന്നു.👏