എനിക്കന്ന് അഞ്ചോ ആറോ വയസ്സ് മാത്രം. എനിക്കിന്നും ഓർമ്മയുണ്ട്, അച്ഛനടക്കം കുറേ പേർ ചേർന്ന് അമ്മയെ എടുത്ത് പൂമുഖത്തെ മുറ്റത്ത് നടക്കല്ലിനോട് ചേർത്ത് നിർത്തിയ ആംബുലൻസിൽ കയറ്റുന്നത്. അമ്മയുടെ നട്ടെല്ലിലെ ഡിസ്ക് തകരാറിലായി, പകുതി ശരീരത്തിൻ്റെ പ്രവർത്തനവും തകരാറിലായി, പിന്നെപ്പിന്നെ ശരീരത്തിന്റെ ചലനശേഷി പൂർണ്ണമായും നഷ്ടമായി…!
വിട്ടുമാറാത്ത അമ്മയുടെ തലവേദനയുടെ കാരണം കണ്ടെത്താൻ നട്ടെല്ലിൽ നിന്നും ഫ്ലൂയിഡ് കുത്തിയെടുത്തതാണ് കാരണമായി പറയുന്നത്. അത് കുത്തിയെടുക്കാൻ അവർ രോഗിയെ ‘റ’ എന്ന അക്ഷരത്തിന്റെ ആകൃതിയിൽ വളച്ചു നിർത്തും. എന്നിട്ടാണത്രെ പരിശോധനക്കുള്ള ആ ഫ്ളൂയിഡ് എടുക്കുക. അപ്പോൾ എന്തോ സംഭവിച്ചതാണത്രേ! വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥ. തലവേദനയുടെ കാരണം കണ്ടുപിടിക്കാൻ നോക്കിയത് വലിയൊരു തലവേദനയായി മാറി.
എന്തു തന്നെയായാലും അന്ന് ഏകദേശം മുപ്പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന, ആരോഗ്യവതിയായിരുന്ന, ചുറുചുറുക്കോടെ ഓടി നടന്നിരുന്ന, അദ്ധ്യാപികയായിരുന്ന എന്റെയമ്മ ഒരു വെജിറ്റബിൾ പോലെ കിടപ്പിലായി. ജോലിക്ക് പോകാൻ ആവാതെ ശമ്പളം ഇല്ലാത്ത അവധി എടുത്ത് കൂട്ടി അമ്മക്ക് കൂട്ടിരിക്കുന്ന, ദിനചര്യകൾക്കായി അമ്മയെ കൈയിൽ കോരിയെടുത്ത് എടുത്ത് കൊണ്ടുപോകുന്ന അച്ഛന്റെ ചിത്രം ഇന്നും എന്റെ ഓർമ്മയിലുണ്ട്. സാമ്പത്തികമായും ശാരീരികമായും മാനസികമായും തകർന്ന് തരിപ്പണമാകുന്ന സാഹചര്യങ്ങൾ.
ഞങ്ങളുടെ സ്വദേശമായ തൃശ്ശൂരിൽ പല ചികിത്സകളും നോക്കി ഫലവത്താവാതെ വന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാമെന്ന നിഗമനത്തിൽ എത്തിയതാണ് എല്ലാവരും ചേർന്ന്. അച്ഛനും, അമ്മയുടെ ചേച്ചിയുമടക്കം മൂന്നാല് മുതിർന്നവരും കൂടെ പോവാൻ തീരുമാനിച്ചു. അവർക്കൊപ്പം മൂന്ന് വയസ്സ് തികയാത്ത എൻ്റെ അനുജത്തിയെ മാത്രം കൊണ്ടുപോകാമെന്നത് അച്ഛന്റെ തീരുമാനമായിരുന്നു. അവൾ തീരെ കുഞ്ഞായിരുന്നത് കൊണ്ട് അവർക്ക് അവളെ കൂടെ കൂട്ടാതെ തരമില്ലായിരുന്നു.
അന്നൊക്കെ വളരെ വിരളമായി വീടിന് മുന്നിലെ നിരത്തിലൂടെ കൂക്കി വിളിച്ച് പാഞ്ഞ് പോകുന്നത് കണ്ടിട്ടുള്ള ആ ആംബുലൻസിനേയും, വീട് നിറയെ ആളുകളെയും ഒക്കെ കണ്ട ഞാൻ അന്തം വിട്ട് എന്റെ കുഞ്ഞ് മിഴികൾ അടച്ച് മിഴിച്ച് നിന്നു, പിന്നെ എന്തിനെന്നറിയാതെ അവരുടെ ഇടയിലൂടെ ഒക്കെ ഓടി നടന്നു. എല്ലാവരും ചേർന്ന് അമ്മയെ ആംബുലൻസിലേക്ക് കയറ്റിക്കിടത്തിയപ്പോൾ എനിക്ക് ആകെ ഒരു വല്ലായ്മ തോന്നി.
അമ്മയെ വേർപ്പെട്ട പൈക്കിടാവിനെ പോലെ ഞാൻ താഴെ നിന്ന് ഏന്തി വലിഞ്ഞ് നോക്കി
“അമ്മേ..അമ്മേ…”
എന്ന് വിളിക്കുന്നുണ്ട്. സങ്കടം തിങ്ങി വേദനിക്കുന്ന തൊണ്ടക്കുഴിയിൽ നിന്നും എന്റെ ഒച്ച പുറത്ത് വന്നില്ലെന്ന് തോന്നുന്നു. അതോ ആ ആളുകളുടെ തിരക്കിലും,ശബ്ദകോലാഹലങ്ങൾക്ക് ഇടയിലും എന്റെ വിളി മുങ്ങിപ്പോയതാണോ?
അമ്മക്ക് തലയൊന്ന് തിരിക്കാൻ വയ്യെന്നാലും, മുറ്റത്ത് നിൽക്കുന്ന ഞാനെന്ന കുഞ്ഞുടുപ്പുകാരിയെ വണ്ടി നീങ്ങും മുൻപേ ഒരു നോക്കുകൂടി കാണാൻ അമ്മയൊരു വിഫലശ്രമം നടത്തുന്നത് ഞാൻ കണ്ടു. ഞാൻ കരയുന്നുണ്ടെന്ന് അമ്മക്ക് മനസ്സിലായിക്കാണണം, അമ്മയല്ലേ…? മനസ്സിലാവും. ഞാൻ ചുണ്ട് കൊളുത്തി ഏങ്ങിക്കരഞ്ഞു.
വണ്ടിയിലേക്ക് കയറ്റും മുമ്പ് കിടന്ന കിടപ്പിൽ എന്നേയും,സംസാരിക്കാത്ത സവിശേഷ ബുദ്ധിയുള്ള എന്റെ ചേട്ടനേയും ഒന്നിച്ചിറുക്കിപ്പിടിച്ച് കവിളിൽ ഓരോ ചക്കരയുമ്മ തന്നിരുന്നു അമ്മ.. ഇനി ഞങ്ങളെ രണ്ടാളെയും എന്നാണ് കാണാനാവുക എന്നറിയില്ല എന്ന അമ്മയുടെ അന്നത്തെ മനസ്സിന്റെ വിങ്ങൽ ആയിരുന്നു അതെന്ന് ഇന്നൊരു അമ്മയായ ഞാൻ അതിന്റെ തീവ്രതയോടെ മനസ്സിലാക്കുന്നു.
എന്റെ അമ്മയെയും മറ്റ് പ്രിയപ്പെട്ടവരേയും കൊണ്ട് പടി കടന്ന് പൊടി പറത്തി പാഞ്ഞു പോകുന്ന ആ വാഹനം കണ്ണിൽ നിന്നും മറഞ്ഞു പോകും വരെ ഞാനവിടെത്തന്നെ നോക്കി നിന്നു..പടിക്കലേക്ക് നോക്കി നിന്ന് ഞാനെന്ന കുഞ്ഞിപ്പൂ എങ്ങലടിച്ച് കരഞ്ഞ് ചുവന്ന് ചുവന്ന് നിന്നു. എന്നിൽ നിന്ന് എന്റെ ഇതളുകൾ എല്ലാം പറിഞ്ഞ് പോയത് പോലെ…
വേർപാടിന്റെ ദുസ്സഹമായ വേദനയുടെ ചുവപ്പ്!
ഒറ്റപ്പെടലെന്ന കയ്പ്പുനീരിന്റെ മടുപ്പിക്കുന്ന ദുസ്സ്വാദ് !
” മോളു വാ..” പ്രായം ചെന്ന അമ്മൂമ്മയുടെ ചുളിവ് വീണ കൈകൾ മാത്രമായി പിന്നെയങ്ങോട്ട് ആറ് മാസക്കാലത്തെ താങ്ങ്, എനിക്കും എൻ്റെ മിണ്ടാപ്രാണിയായ ചേട്ടനും.. എന്റെ കുളി,സ്ക്കൂളിൽപ്പോക്ക്, പഠിപ്പ് ഒക്കെ അവതാളത്തിലായി.
ഒരു നാഥനില്ലാത്ത അവസ്ഥ, അതെത്ര മാത്രം ഭീകരമാണെന്ന് കുഞ്ഞുനാളിലേ ഞാനറിഞ്ഞു! തനിയേ നോക്കി സംരക്ഷിച്ചെടുക്കാൻ ആവുന്നതിലും അധികം തലമുടിയുണ്ടായിരുന്നു എനിക്കന്ന്. ദിവസങ്ങൾക്കുള്ളിൽ മുടി ചെമ്പിക്കുകയും, പേൻ നിറയുകയും, ജട പിടിക്കുകയും ചെയ്തു.. അമ്മൂമ്മയെ കൊണ്ടാവും വിധം ഞങ്ങളെ ചേർത്ത് പിടിച്ചു.
എങ്കിലും അമ്മയെന്നത്,
നിത്യസത്യമാണ്..!
സ്നേഹമാണ്…!
ഊർജ്ജമാണ്….!
വയസ്സായ അമ്മൂമ്മയ്ക്ക് എല്ലാം ഒറ്റയ്ക്ക് വലിയ പാടായിരുന്നു..
അമ്മയ്ക്ക് നട്ടെല്ലിൽ ക്യാൻസർ ആണെന്നൊക്കെ ആളുകൾ അടക്കം പറഞ്ഞു..
സത്യം അതല്ലെങ്കിലും!
കേൾക്കുന്ന എൻ്റെ പിഞ്ചുഹൃദയത്തിനും, അമ്മൂമ്മയുടെ വൃദ്ധഹൃദയത്തിനും അത് പിളർന്ന് പോകുന്ന വേദനയാണെന്ന് ആരും ഓർത്തില്ല. പോകെപ്പോകെ ഇനി അങ്ങനെ വല്ലതും ആകുമോ എന്ന ആശങ്ക വല്ലാതെ വേട്ടയാടി. ദിവസം ചെല്ലും തോറും അമ്മൂമ്മയുടെ മാതൃഹൃദയത്തിന്റെ ഭയാശങ്കകൾ അമ്മൂമ്മയുടെ ശരീരത്തെ ശോഷിപ്പിച്ച് കൊണ്ടേയിരുന്നു.
വീട്ടിലെ കാര്യങ്ങൾ വല്ലാത്ത ഒരു അവസ്ഥയിലായി. പാവം അമ്മൂമ്മ. സാധാരണയിൽ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന കുട്ടിയായ ചേട്ടനും, ഒന്നിനും പ്രായമാവാത്ത ഞാനും. എങ്കിലും എന്റെ അന്നത്തെ പക്വത വച്ച് എന്നാൽ ആവും വിധം ഞാൻ അമ്മൂമ്മക്ക് സഹായങ്ങൾ ചെയ്തു. കുറഞ്ഞ പക്ഷം ദുർവാശികൾ കാണിച്ച് അമ്മൂമ്മയെ ദ്രോഹിക്കരുതെന്ന് എന്റെ ഇളംമനസ്സ് എന്നെ താക്കീത് ചെയ്തു.
അമ്മ അദ്ധ്യാപികയായി ജോലി ചെയ്യുന്ന അതേ സ്കൂളിൽ ആണ് ഞാൻ പഠിച്ചിരുന്നത്. അന്ന് ഗ്യാസ് അടുപ്പ്, പ്രഷർ കുക്കർ, മിക്സി എന്നൊക്കെ കേട്ടുകേൾവി മാത്രമാണ്. വിറകടുപ്പിൽ പാതിവെന്ത പുകച്ചൂരുള്ള ചോറും, അമ്മിയിൽ ഒതുക്കിയെടുത്ത തേങ്ങ ചമ്മന്തിയോ മാങ്ങാചമ്മന്തിയോ എങ്ങിനെയെങ്കിലും തയ്യാറാക്കി ചോറ്റുപാത്രത്തിലാക്കി തരും അമ്മൂമ്മ. മിക്ക ദിവസങ്ങളിലും ചമ്മന്തിയാണ് ചോറിന്.
ശരീരത്തെക്കാൾ പക്ഷേ മനസ്സിനായിരുന്നു പോഷകക്കുറവ്….!
ശോഷിച്ച് പ്രാകൃതമായി തുടങ്ങിയ എന്നെ അമ്മയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ അദ്ധ്യാപകർ ശ്രദ്ധിക്കാൻ തുടങ്ങി..
ഒരു നാൾ ഉച്ചഭക്ഷണ സമയത്ത് അവർ എൻ്റെ ക്ലാസ്സിലേക്ക് കയറി വന്നു, എൻ്റെ ചോറ്റുപാത്രം തുറന്നു നോക്കി. അവരിൽ ചിലരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
“എന്തേ നീ കറിയൊന്നും കൊണ്ടു വരാഞ്ഞേ കുട്ടീ…?”
അമ്മയുടെ ആത്മമിത്രമായ ടീച്ചർ ചോദിച്ചു.
“അമ്മൂമ്മയെക്കൊണ്ട് ഇതേ ആവൂ ടീച്ചറേ”
ഞാനുള്ളത് ഉള്ളത് പോലെ പറഞ്ഞു..
“എണീക്ക്.. പാത്രമെടുത്ത് വാ.. ഞങ്ങടെ കൂടെ വാ…”
വിസമ്മതിച്ച എന്നെ പൊക്കി എടുത്ത് അവർ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി. ഭക്ഷണം തന്നു. എല്ലാവരുടെയും കറികളുടെ കുഞ്ഞ് ഓഹരി എന്റെ മുന്നിൽ വിളമ്പി.
ഏറേ നാളുകൾക്ക് ശേഷം അന്നെനിക്ക് സദ്യവട്ടമായിരുന്നു.. ഒരുപാട് കറികൾ…കുറേ അമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ വിഭവങ്ങൾ.
ചിലതിന്
സ്നേഹത്തിൻ്റെ രുചി…
ചിലതിന് വാത്സല്യത്തിൻ്റെ രുചി… ചിലതിന് സഹതാപത്തിൻ്റെ രുചി…
അന്ന് ഗുരുക്കന്മാരുടെ നടുക്കിരുന്ന് ഭക്ഷണം കഴിച്ച ഞാൻ അവർ തന്ന സ്നേഹവാത്സല്യങ്ങളാൽ വീർപ്പുമുട്ടി.
ആ സുഖമുള്ള വീർപ്പുമുട്ടലിലും ഞാനെന്ന കുഞ്ഞിപ്പൂ ചുവന്നു തുടുത്തു.
സ്നേഹവാത്സല്യങ്ങളുടെ ചൂടറിഞ്ഞ സന്തോഷ ചുവപ്പ്!
അമ്മയുടെ കൂട്ടുകാരി ആയ ടീച്ചർ എന്റെ മുടിയെല്ലാം ഒതുക്കി കെട്ടി തന്നു. “നിന്റെ നല്ല കറുത്ത മുടിയാകെ വൃത്തികേടായല്ലോ, ചകിരി പോലെയായി ” എന്ന് സ്നേഹത്തോടെ ശകാരിച്ചു.
ഒരു സമ്മിശ്ര വികാരം..
എനിക്ക് കരച്ചിൽ വന്നു.
സ്നേഹവായ്പ്പുകൾക്ക് എന്തൊരു മാന്ത്രിക ശക്തിയാണ്! ആ അദൃശ്യശക്തി നമ്മെ സന്തോഷിപ്പിക്കും ചിരിപ്പിക്കും കരയിക്കും അദൃശ്യ കരങ്ങൾ കൊണ്ട് കണ്ണീർ തുടക്കുകയും ചെയ്യും!
പിന്നീടുള്ള ദിവസങ്ങളിലും ഗുരുക്കന്മാർ ഇത് തുടർന്നു. എന്റെ മനസ്സും വയറും നിറഞ്ഞു.
‘മാതാ പിതാ ഗുരു ദൈവം’
എന്നത് എത്ര ശരിയാണ്! ഇന്ന് ഈ വരികൾ എപ്പോൾ വായിച്ചാലും എനിക്ക് ഈ സംഭവമാണ് ഓർമ്മയിൽ വരിക. മാതാവിൻ്റെയും, പിതാവിൻ്റെയും അഭാവത്തിൽ ഗുരുക്കന്മാർ ദൈവങ്ങളേപ്പോലെ താങ്ങായി, കാവലായി എനിക്ക്..
വേനൽ അവധിക്കാലം തുടങ്ങി പിന്നെയും നാളുകൾ കഴിഞ്ഞപ്പോൾ ദൈവകൃപയാൽ, അമ്മ അസുഖം മാറിത്തിരിച്ചു വന്നു. ഒരു മേജർ സർജറി ഒക്കെ വേണ്ടി വന്നു.. അമ്മ വന്ന സന്തോഷത്തിൽ തുള്ളിച്ചാടുന്ന എന്നെ കെട്ടിപ്പിടിച്ച് അമ്മ ഏങ്ങലടിച്ചു കരഞ്ഞു.. അത്രക്ക് വിശേഷമായിരുന്നുവത്രെ എൻ്റെ കോലം! ആറുമാസക്കാലം കൊണ്ട് ജടാധാരിയായ എൻ്റെ ചെമ്പിച്ച ജട വേറൊന്നും ചെയ്യാൻ സാധിക്കാതെ കഴുത്തിന് മുകളിൽ വച്ച് മുറിച്ചു കളഞ്ഞു.
പക്ഷേ….
എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലായിരുന്നു. കാരണം ഒരു കുഞ്ഞു കിളിക്കൂടായിരുന്ന വീട്ടിൽ നിന്നും എന്നെ ഒറ്റയ്ക്കാക്കി പറന്ന് പോയ അമ്മക്കിളിയും, അച്ഛൻ കിളിയും, കൂടെപ്പിറപ്പായ കുഞ്ഞു കിളിയും കൂട്ടിലേക്ക് തിരിച്ചു പറന്ന് വന്നിരിക്കുന്നു,
എന്റമ്മ ആരോഗ്യത്തോടെ ജീവിതത്തിലേക്കും, എന്നിലേക്കും തിരിച്ചു വന്നിരിക്കുന്നു. അമ്മയുടെ സ്നേഹത്തണലിൻ കുളിർമ്മ അവർണ്ണനീയം..
എന്റെ അമ്മ വന്നു,അച്ഛൻ വന്നു, അനിയത്തി വന്നു,
വീട് നിറഞ്ഞു. അതിൽപ്പരം എന്ത് വേണം എനിക്ക്? ആകെ ഒരു ആഘോഷ തിമർപ്പ്…
എന്റെ വീടിന്നകവും അങ്കണവും നിറയെ സന്തോഷത്തിന്റെ, സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, സംതൃപ്‌തിയുടെ സൗരഭ്യമുള്ള ചുവന്ന പൂക്കൾ വിരിഞ്ഞ് നിറഞ്ഞു നിന്നു…
#എന്റെരചന – ചുവന്ന പൂക്കൾ
✍🏻(>സുജാത നായർ<)✍🏻


4 Comments
❤️
അമ്മ തണൽ അതിനൊരു പ്രത്യേക കുളിരാണ് ❤️
ഹൃദയസ്പർശ്ശിയായ എഴുത്ത്.
ദുസ്സഹമായ വേദനയുടെ ചുവപ്പ്, വികാരതീവ്രമായ അനുഭവങ്ങൾക്ക് ചുവപ്പിനേക്കാൾ കടുപ്പം നൽകാൻ ഒരു നിറത്തിനും കഴിയില്ലെന്ന് കഥാകാരി പറഞ്ഞുവെയ്ക്കുന്നു. അതിനൊപ്പം അമ്മയെന്ന വികാരം എത്ര തീവ്രമെന്ന് ഓരോ വരികളിലും മകളുടെ തേങ്ങലായി വായനയിൽ ഞാൻ കേട്ടു.
👏❤
മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ജീവിതം വാക്കുകളാൽ വരച്ചിട്ട എഴുത്തുകാരീ …… അഭിനന്ദനങ്ങൾ👌❤️🌹