“ആഹാ ഇന്നു രാവിലെ തന്നെ എഴുന്നേറ്റല്ലോ ” ക്ലോക്കിലേക്കു നോക്കി ഗീത പറഞ്ഞു.
“അതിനിന്നു സ്കൂൾ തുറക്കുന്ന ദിവസമല്ലേ ഗീതേ. അവധിക്കാലത്ത് അവൾ കുറച്ചു കൂടുതൽ ഉറങ്ങിയെന്നല്ലേയുള്ളു”, ചായ കുടിച്ചു കൊണ്ടിരുന്ന അജിത് മോളെ നോക്കി കണ്ണിറുക്കി ചിരിച്ചു.
” നേരത്തെ എഴുന്നേറ്റതും കുറ്റമായോ? ഈ അമ്മയുടെ ഒരു കാര്യം. കുറ്റം കണ്ടുപിടിക്കാനായി ജീവിക്കുകയാണെന്നു തോന്നും ” ആര്യ പറഞ്ഞു.
“പത്താം ക്ലാസിലേക്കായെന്നോർമ്മ വേണം. ആകെ ഒന്നേയുള്ളെന്നു കരുതി എല്ലാവരും കൂടി കൊഞ്ചിച്ചു വഷളാക്കി. ‘ദാ ഈ ചായയും കുടിച്ച് കുളിച്ചൊരുങ്ങാൻ നോക്ക്.”
“പത്തിലായെന്ന് അവളെ ആരും ഓർമ്മിപ്പിക്കേണ്ട. എൻ്റെ മോളെന്നും സ്ക്കൂൾ ഫസ്റ്റല്ലേ”, ഇതെല്ലാം കേട്ടുകൊണ്ടുവന്ന അവളുടെ അച്ഛമ്മയാണതു പറഞ്ഞത്.
പെൻഷനായ അദ്ധ്യാപികയാണ് സാവിത്രിയമ്മ. അജിതും ഗീതയും ബാങ്കിൽ ജോലി ചെയ്യുന്നു.
“ഞാനങ്ങനെ വഷളായിട്ടൊന്നുമില്ല അല്ലേ അച്ഛമ്മേ “, അവൾ അവരെ കെട്ടിപ്പിടിച്ചു.
ആര്യ കുളിച്ചു, കാപ്പി കുടിച്ചു. യൂണിഫോമിട്ട് സ്ക്കൂളിൽ പോകാനൊരുങ്ങി.
അച്ഛമ്മയാണവളുടെ മുടി കെട്ടുന്നത്.
“മുടിയുണങ്ങിയോ ?”
ചുവന്ന റിബണുകളും സ്ലൈഡുകളുംചീപ്പുമായി അവർ അടുത്തേക്കു വന്നു. മുടി ചീകി രണ്ടു വശങ്ങളിലുമായി കെട്ടി. രണ്ടു ചുവന്ന റോസാപ്പൂവും വെച്ചു.
” ഇനി പൊയ്ക്കോ ”
കൊച്ചുമകൾ ബാഗും തോളിലിട്ട് സ്ക്കൂളിലേക്കു പോകുന്നതു നോക്കിക്കൊണ്ട് സാവിത്രിയമ്മ വരാന്തയിൽത്തന്നെ നിന്നു.
ഒരു കിലോമീറ്ററേയുള്ളു സ്ക്കൂളിലേക്ക്. ആര്യ നടന്ന് കൂട്ടുകാരി നിഷയുടെ വീടിനടുത്ത് എത്തിയിട്ടേ അവർ അകത്തേക്കു പോയുള്ളു.
“നിഷേ ”
“ദാ വരുന്നെടീ “ആര്യയുടെ വിളി കേട്ട് നിഷ ഇറങ്ങിവന്നു. ആ
കൂട്ടുകാരികളൊന്നിച്ചാണ് എന്നും സ്കൂളിലേക്കു പോകുന്നതും വരുന്നതും.
“നീ ഇന്നും എനിക്കൊരു റോസാപ്പൂ കൊണ്ടു വന്നില്ല അല്ലേ?”
നിഷ പരിഭവം പറഞ്ഞു.
ഒരു പൂ പിച്ചിക്കോട്ടേ എന്നു ചോദിച്ചാൽ അച്ഛമ്മ സമ്മതിക്കില്ല.
“അപ്പോൾ രണ്ടെണ്ണം നീ തലയിൽ വെയ്ക്കുന്നതോ ”
നിഷയുടെ പരിഭവം മാറിയില്ല.
“എടീ അത് അച്ഛമ്മ തന്നെ വെച്ചു തരുന്നതാ. നീയൊന്നു ക്ഷമിക്ക് ”
അവർ കളി പറഞ്ഞു ചിരിച്ച് നടന്നു.
ക്ലാസിലെല്ലാവരും നേരത്തെ തന്നെ എത്തിയിട്ടുണ്ട്. രണ്ടുമാസത്തെ വിശേഷങ്ങൾ പറഞ്ഞിരിക്കുമ്പോഴേക്കും ബെല്ലടിച്ചു.
ഉഷ ടീച്ചർ ക്ലാസിലേക്കു വന്നു. പത്ത് എയിലെ ക്ലാസ് ടീച്ചറും കണക്കു ടീച്ചറുമാണവർ.
“പത്താം ക്ലാസിലാണ്. പഴയ കുരുത്തക്കേടുകളൊക്കെ മാറ്റി വെച്ച് എല്ലാവരും ഇന്നു മുതൽ നന്നായി പഠിക്കണം. നമ്മുടെ സ്ക്കൂളിന് അഭിമാനിക്കത്തക്ക വിജയം സമ്മാനിക്കണം”
ടീച്ചർ പറഞ്ഞു നിർത്തി.
” ഓ… ഇനി ഈ വർഷം വീട്ടിലും സ്കൂളിലും ഒരു സ്വസ്ഥതയും കാണില്ല. പത്താം ക്ലാസെന്താ അത്ര വലിയ കാര്യമാണോ “നിഷ കുശുകുശുത്തു.
“മിണ്ടാതിരി,ടീച്ചർകേൾക്കും ”
മേഘ ദേഷ്യപ്പെട്ടു
അപ്പോഴാണ് ക്ലാസിൻ്റെ വാതിൽക്കൽ ആരോ വന്നത്. ടീച്ചർ പുറത്തേക്കു പോയി. തിരികെ വന്നപ്പോൾ കൂടെ മെലിഞ്ഞു നീണ്ട ഒരു പയ്യനുമുണ്ട്.
“ഇതാണ് അഭിലാഷ്. ഈ ക്ലാസിൽ പുതിയതായി വന്നതാണ്. നേരത്തെ കോട്ടയത്തൊരു സ്ക്കൂളിലാണു പഠിച്ചത്. ”
ടീച്ചർ പുതിയ ആളെ പരിചയപ്പെടുത്തി.
” ആര്യയ്ക്ക് നല്ലൊരു എതിരാളിയാണ് അഭിലാഷ്. അവിടെ സ്ക്കൂൾ ഫസ്റ്റായിരുന്നു .”
ടീച്ചർ ആര്യയോടായി പറഞ്ഞു.
“അതു കൊള്ളാം. അവളുടെ അഹങ്കാരമൊന്നു കുറയട്ടെ.”
ഒന്നും പഠിക്കാത്ത സുമന പതിയെ പറഞ്ഞു.
നിഷ ദേഷ്യത്തിൽ തിരിഞ്ഞു നോക്കി.
അഭിലാഷ് ഒരു പുഞ്ചിരിയോടെ ക്ലാസിൽ കടന്നിരുന്നു.
പിറ്റേ ദിവസം രാവിലെ ആര്യയും നിഷയും കൂടി സ്ക്കൂളിലേക്കിറങ്ങി.
കുറെ നടന്നപ്പോൾ ഇടവഴിയിലൂടെ അഭിലാഷ് നടന്നു വരുന്നതു കണ്ടു. നിഷയും ആര്യയും കടന്നു പോയ ശേഷമാണ് അവൻ റോഡിലേക്കു കയറിയത്. അവരുടെ പുറകിലായി അഭിലാഷും സ്ക്കൂളിലെത്തി.
ഉഷ ടീച്ചർ ബോർഡിൽ കണക്കു ചെയ്തു കൊണ്ടിരുന്നപ്പോഴാണ് നിഷ ആര്യയോടു രഹസ്യം പറഞ്ഞത്.
“എടീ അഭിലാഷ് നിന്നെത്തന്നെ നോക്കിയിരിക്കുന്നു.”
“ഒന്നുപോടീ “, ആര്യ നിഷയ്ക്കൊരു നുള്ളു കൊടുത്തു.
കണക്കു ചെയ്തു കൊണ്ടിരുന്നപ്പോൾ ആര്യ ഓട്ടക്കണ്ണിട്ട് അഭിലാഷിനെ നോക്കി.
അവൻ തൻ്റെ തലയിലേക്കാണല്ലോ നോക്കുന്നത്. അവൾ തലയിൽ തടവി
അടുത്ത ദിവസങ്ങളിലെല്ലാം അഭിലാഷ് അവരുടെ പിന്നിലായി സ്ക്കൂളിലേക്കു നടന്നു. നിഷയും ആര്യയും എത്ര പതുക്കെ നടന്നിട്ടും അവൻ മുന്നിൽക്കയറിയില്ല.
“ആര്യേ……. ഈ അഭിയെന്തിനാ നമ്മുടെ പുറകേ വരുന്നത്? അവന് മുന്നിൽക്കയറി പൊയ്ക്കൂടേ?”
“എനിക്കെങ്ങനെയറിയാം. നീ ചോദിച്ചു നോക്ക്.”
“നിന്നോടു പ്രേമം വല്ലതുമാണോ?”
“എന്നോടോ? നിന്നോടായിരിക്കും. ” ആര്യയ്ക്കു ദേഷ്യമായി.
“നമ്മളെന്തിനാ വഴക്കു കൂടുന്നത്. എന്തെങ്കിലുമാകട്ടെ”
കൂട്ടുകാരികൾ രമ്യതയിൽ പിരിഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം ആര്യ നിഷയുടെ വീട്ടിലെത്തി.
“നിഷേ ”
അവളുടെ അമ്മയാണു വന്നത്.
“മോളേ നിഷയ്ക്കു നല്ല പനി. ഇപ്പോഴത്തെ വൈറൽ പനിയാണെന്നു തോന്നുന്നു. രണ്ടു മൂന്നു ദിവസം വരാൻ പറ്റുമെന്നു തോന്നുന്നില്ല. ഉഷ ടീച്ചറിനോടു പറഞ്ഞേക്കണേ”
“ടീച്ചറിനോടു പറയാം ആൻ്റീ ”
ഒറ്റയ്ക്കു പോകണമല്ലോയെന്നോർത്ത് ആര്യ വേഗത്തിൽ നടന്നു.
അഭിലാഷിൻ്റെ വീട്ടിലേക്കു തിരിയുന്ന ഇടവഴി കഴിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി. എന്നത്തെയും പോലെ അഭിലാഷ് പുറകിലുണ്ട്.
അവൻ വേഗം നടന്ന് അവൾക്കൊപ്പമെത്തി .അവൾക്ക് അല്പം പേടി തോന്നി.
“ആര്യേ…….. നിഷ വന്നില്ലേ?”
“അവൾക്കു പനിയാ”. ആര്യ പതിയെ പറഞ്ഞു.
“തനിക്ക് എന്നെ പേടിയാണോ?
“ഞാനെന്തിനു പേടിക്കണം? എൻ്റെ ക്ലാസിലെകുട്ടി തന്നെയല്ലേ ”
“ഞാൻ തന്നോടു് ഒരു കാര്യം ചോദിച്ചോട്ടേ?”
ദൈവമേ ……നിഷ പറഞ്ഞപോലെ ഇവനെന്നോടു പ്രേമം വല്ലതുമാണോ.
അവളുടെ ഹൃദയം അതിവേഗം മിടിക്കാൻ തുടങ്ങി.
” ഈ റോസാപ്പൂ നിങ്ങളുടെ വീട്ടിലെയാണോ?” അവളുടെ മുടിയിലേക്കു ചൂണ്ടി അവൻ ചോദിച്ചു.
“ആണല്ലോ ”
“എനിക്കിത് ഒരു പാടിഷ്ടമാണ്. രണ്ടു കമ്പുകൊണ്ടുവന്നു തരുമോ?”
അവൾ വലിയൊരു ദീർഘശ്വാസം വിട്ടു. സമാധാനമായി.
“റോസാച്ചെടിയെല്ലാം അച്ഛമ്മയുടെ കസ്റ്റഡിയിലാണ്. എന്നാലും വെട്ടുമ്പോൾ ഞാൻ കൊണ്ടുവന്നു തരാം”
പിന്നീട് അഭിലാഷ് പിന്നിൽ നടന്നില്ല. നിഷ വന്നപ്പോൾ എന്നും അവർ മൂന്നു പേരും ഒരുമിച്ച് സ്ക്കൂളിലേക്കു പോയി വന്നു.
രണ്ടു കടലാസുപൊതികളുമായാണ് ഒരു ദിവസം ആര്യ സ്ക്കൂളിലേക്കിറങ്ങിയത്. ഒരെണ്ണം നിഷയ്ക്കു കൊടുത്തു.
“റോസിൻ്റെ കമ്പാണ്. നീ നട്ടുപിടിപ്പിച്ച് പൂ പിച്ചിക്കോ. വേണമെങ്കിൽ തലയിലും വെച്ചോ ” ആര്യ പൊട്ടിച്ചിരിച്ചു.
രണ്ടാമത്തെ പൊതി അവൾ അഭിലാഷിനു കൊടുത്തു. അവൻ സന്തോഷം കൊണ്ടു തുള്ളിച്ചാടിയില്ലെന്നേയുള്ളു.
“ഞാൻ നേരത്തെ നട്ടതൊക്കെ ഉണങ്ങിപ്പോയി. ഇതിനി… ” അവൻ വിഷണ്ണനായി പറഞ്ഞു.
“എങ്ങനെ നടണമെന്നൊക്കെ അച്ഛമ്മ പറഞ്ഞുതന്നിട്ടുണ്ട്. നിൻ്റെ വീട്ടിൽ കറ്റാർവാഴയുണ്ടോ?”
“ഇല്ല”.
“സാരമില്ല. ആ കമ്പിൻ്റെ അറ്റത്ത് ഓരോ തുള്ളി തേൻ തൊട്ടിട്ട് നട്ടാൽ മതി. കിളിർക്കും”
“മൂന്നു കമ്പു കിളിർത്തു. ” ഒരു ദിവസം അഭിലാഷ് പറഞ്ഞു. “രണ്ടെണ്ണം ഉണങ്ങി. ”
“ആഹാ എൻ്റെ എല്ലാ കമ്പും ഉണങ്ങിപ്പോയി ‘നിഷ സങ്കടത്തോടെ പറഞ്ഞു.
പിന്നെ പഠനത്തിൻ്റെ തിരക്കായി. ഒഴിവു സമയങ്ങളിൽ ആര്യയും അഭിലാഷും കൂടിയാണ് സംശയങ്ങളൊക്കെ തീർക്കുന്നത്. ഒന്നും പഠിക്കാതെ നടന്നിരുന്ന സുമേഷിനും എബിനുമെല്ലാം പഠിത്തം തലയ്ക്കു പിടിച്ചു.
ക്രിസ്മസ് പരീക്ഷ തുടങ്ങി. സ്ക്കൂളടയ്ക്കുന്ന ദിവസം അഭിലാഷിനെ ആകെ ക്ഷീണിതനായി കണ്ടു.
“എന്തുപറ്റി അഭിലാഷേ ” ആര്യ തിരക്കി
“കുറെ ദിവസമായി എനിക്കു ഭയങ്കര തലവേദന “
“അതു നീ ഉറങ്ങാതിരുന്നു പഠിച്ചതു കൊണ്ടാവും. ഇനി അവധി മുഴുവൻ നീ ഉറങ്ങിക്കോ “
നിഷ കളിയാക്കി.
“ന്യൂ ഇയറിനു മുമ്പ് സ്ക്കൂൾ തുറക്കുമല്ലോ. ഇപ്പോൾ ഹാപ്പി ക്രിസ്മസ് “
അഭി രണ്ടു പേരോടുമായി പറഞ്ഞു.
ക്രിസ്മസ് ആശംസകൾ പറഞ്ഞ് മൂവരും പിരിഞ്ഞു.
രണ്ടു മൂന്നു ദിവസം അഭിയെ കാണാതിരുന്നപ്പോൾത്തന്നെ ആര്യയ്ക്കെന്തോ വല്ലായ്മ തോന്നി.
“അവൻ തനിക്കാരാണ് ? ” അവൾ കുറെ ചിന്തിച്ചു.
വെറുമൊരു സൗഹൃദം മാത്രമല്ല തങ്ങൾക്കിടയിലുള്ളതെന്ന് അവൾ തിരിച്ചറിഞ്ഞു.
ഫോൺ നമ്പറൊന്നും ഇല്ലാത്തതുകൊണ്ട് ഒന്നു വിളിക്കാനും പറ്റില്ല.
സ്ക്കൂളൊന്നു തുറന്നാൽ മതിയായിരുന്നു.
അവൾ ദിവസങ്ങളെണ്ണിയെണ്ണി കഴിച്ചു കൂട്ടി.
അവധി കഴിഞ്ഞ് സ്ക്കൂൾ തുറന്ന ദിവസം അഭിലാഷ് വന്നില്ല. രണ്ടു ദിവസം കൂടി അവനെ കാണാഞ്ഞപ്പോൾ എല്ലാവർക്കും വിഷമമായി.
“നമുക്ക് ഉഷടീച്ചറോടു ചോദിക്കാം. “
അന്ന് ഉഷ ടീച്ചർ ക്ലാസിൽ വന്നത് വാടിയ മുഖത്തോടെയാണ്. കുട്ടികൾ ചോദിക്കുന്നതിനു മുമ്പേ ടീച്ചർ പറഞ്ഞു.
“നിങ്ങളറിഞ്ഞോ നമ്മുടെ അഭിലാഷിനു സുഖമില്ല. അവന് ബ്രയിൻ ട്യൂമറാണ്. തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.ഒരു ഓപ്പറേഷൻ വേണ്ടി വരും.”
“ആരു പറഞ്ഞുടീച്ചറേ ?”
എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു.
” ഇന്നലെ വൈകിട്ട് അഭിലാഷിൻ്റെ അച്ഛൻ വിളിച്ചിരുന്നു.
നിങ്ങളെല്ലാം അവനു വേണ്ടി പ്രാർത്ഥിക്കണം ”
എല്ലാവരും നിശ്ശബ്ദരായിരുന്നു. സ്ഥിരം ബഹളക്കാരായിരുന്ന സുമേഷും എബിനും വരെ ഒന്നും മിണ്ടിയതേയില്ല.
ശിശിരത്തിലെ ഇലകൾ പോലെ ദിവസങ്ങൾ പെട്ടെന്നു കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഉഷ ടീച്ചർ മിക്ക ദിവസങ്ങളിലും അഭിലാഷിൻ്റെ വിവരങ്ങൾ കുട്ടികൾക്കു കൈമാറി.
ഓപ്പറേഷൻ കഴിഞ്ഞ് അഭിലാഷ് ചികിത്സ തുടരുകയാണെന്നറിഞ്ഞ് എല്ലാവരും ആശ്വസിച്ചു.
“നമുക്കൊന്നു കാണാൻ പോയാലോ ”
നിഷ ടീച്ചറിനോടു ചോദിച്ചു.
“ആരേയും കാണാൻ അനുവദിക്കില്ല. അവൻ സുഖമായി വരട്ടെ. എന്നിട്ടു കാണാം .
ഞാനവനെ വീഡിയോ കോളിൽ കണ്ടു.അവൻ നിങ്ങളെയെല്ലാം അന്വേഷിക്കുന്നുണ്ട്.
ആര്യ കൊടുത്ത റോസച്ചെടിയിൽ നിറയെ മൊട്ടുകളുണ്ടെന്നും ഒന്നുരണ്ടു പൂക്കൾ വിരിഞ്ഞുവെന്നും അച്ഛൻ ഫോട്ടോയെടുത്തു കൊണ്ടു വന്നെന്നും അവൻ പറഞ്ഞു. “
ടീച്ചർ എല്ലാവരേയും ആശ്വസിപ്പിച്ചു.
ഒരാഴ്ചയ്ക്കു ശേഷം ഒരു ദിവസം രാവിലെ ആര്യ സ്ക്കൂളിൽ പോകാനൊരുങ്ങുമ്പോഴാണ് അമ്മയുടെ ഫോൺ ബെല്ലടിച്ചത്. ഫോണെടുത്ത അമ്മയുടെ മുഖം വാടുന്നതു കണ്ട് അവൾ ചോദിച്ചു
“എന്താ അമ്മാ ?”
ഗീത ഒന്നും മിണ്ടാതെ അകത്തേക്കു പോയി.
“നീ ദോശ തിന്ന്. സ്ക്കൂളിൽ പോകണ്ടേ?”
അച്ഛമ്മ അടുത്തേക്കുവന്നു.
“അവളുടെ ക്ലാസിലെ അഭിലാഷ് മരിച്ചു പോയി “
അമ്മ അച്ഛനോടു പറയുന്നതു കേട്ട് ആര്യ സ്തംഭിച്ചിരുന്നു പോയി. വായിൽ വെച്ച ദോശ ഇറക്കാനാവാതെ അവൾ വിങ്ങി.
“മോളേ ഇന്നു നിങ്ങൾക്കു ക്ലാസില്ല. ബുക്കൊന്നുമെടുക്കാതെ സ്ക്കൂളിൽച്ചെന്നാൽ മതി. എല്ലാവരുമൊന്നിച്ച് അഭിലാഷിൻ്റെ വീട്ടിൽ പോകാനാണ്. ”
അന്ന് അച്ഛമ്മ അവളുടെ മുടിയിൽ പൂ വെച്ചു കൊടുത്തില്ല.
മുറ്റത്തേക്കിറങ്ങിയ ആര്യ റോസച്ചെടികളുടെ അടുത്തേക്കു നടന്നു ചെന്നു.. വലിയ ഒരു ചുവന്ന റോസ് അവൾ മുറിച്ചെടുത്തു. തിരിഞ്ഞു നോക്കിയപ്പോൾ അച്ഛമ്മ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കി നിൽക്കുന്നു.
നിഷയും ആര്യയും നിശ്ശബ്ദരായി നടന്ന് സ്ക്കൂളിലെത്തി.
“നിങ്ങളാരും ഒച്ചയൊന്നും വെക്കരുത്. വരിവരിയായി ചെന്ന് അഭിലാഷിനെ കണ്ടു വരണം”
ഉഷ ടീച്ചർ നിർദ്ദേശങ്ങൾ നൽകി.
അഭിലാഷിനെക്കണ്ടിട്ട് മിക്ക സഹപാഠികൾക്കും കണ്ണീരടക്കാനായില്ല. ആര്യ ആ റോസ് അവൻ്റെ കാൽക്കൽ സമർപ്പിച്ചു. വിങ്ങിപ്പൊട്ടിക്കൊണ്ട് അവൾ പുറത്തേക്കു നടന്നു.
അവൾ പടി കടന്നു പോകുന്നതു നോക്കി മുറ്റത്തൊരു പനിനീർപ്പൂ ചുവന്നു ചുവന്നു നിന്നു.
അതവളുടെ സ്നേഹത്തിൻ്റെ അടയാളമായിരുന്നു.
#എൻ്റെരചന#കൂട്ടക്ഷരങ്ങൾ


8 Comments
ഹാ 😍😍👌
❤️❤️❤️
മനോഹരം 👌
❤️❤️❤️
മുററത്തു വിടർന്നു നിന്ന ചുവന്ന പൂ, അവളുടെ ഹൃദയം തന്നെയായിരുന്നല്ലെ. കൗമാരപ്രണയം വികാരവായ്പോടെ പറഞ്ഞ കഥ.
👍
❤️🌹
ഹൃദ്യമായ കഥ… ആ പനിനീർപ്പൂ പോലെ
🌹❤️