ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ജോലിയാണ് ആങ്കറിങ്.
പ്രത്യേകിച്ചും, അവതാരക എന്ന നിലയിൽ അഭിമുഖങ്ങൾ നടത്തുന്ന ജോലി… എന്തുകൊണ്ടെന്നോ?
വ്യക്തികളാണ് മികച്ച പുസ്തകങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ വ്യക്തിയിലും നമുക്ക് പഠിക്കാൻ കഴിയുന്ന നിരവധി ജീവിതാനുഭവങ്ങളുണ്ട്, അതെല്ലാം “ആഗിരണം ചെയ്യാൻ” കഴിയുക എന്നതാണ് ഈ ജോലിയിലെ പ്രധാന ആകർഷണം.
കഴിഞ്ഞ വർഷം, സ്തനാർബുദ അവബോധമാസം പ്രമാണിച്ച്, ഒരു ലൈവ് ഷോയിൽ അവതാരകയായി ഞാൻ പങ്കെടുത്തിരുന്നു. എഴുത്തിലൂടെ എന്റെ സുഹൃത്തായ ഒരു ക്യാൻസർ അതിജീവിത ആയിരുന്നു ഞാൻ അഭിമുഖം ചെയ്‌ത അതിഥി. തന്റെ പ്രതിരോധത്തിന്റെ കഥ, നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം, കൂടാതെ കാൻസർ രോഗനിർണയത്തെ നേരിടുന്നവരെ എങ്ങനെ പിന്തുണിക്കാം എന്നതിനെക്കുറിച്ചുള്ള അത്യന്തം പ്രായോഗിക ഉപദേശങ്ങൾ എന്നിവ അവൾ പങ്കുവെച്ചു.
ഞാൻ ചെയ്‌തിട്ടുള്ള അഭിമുഖങ്ങളിൽ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നു ഇത് എന്ന് തറപ്പിച്ചു പറയാം. അവളോട് മുൻപ് സംസാരിച്ചിട്ടുണ്ടെങ്കിലും, അവളുടെ ജീവിതകഥ കുറച്ചൊക്കെ അറിയാമായിരുന്നുവെങ്കിലും, നേരിട്ട് സംസാരിക്കുന്നതിന്റെ അനുഭവം വളരെ വ്യത്യസ്‌തമായിരുന്നു. ദുർഘടമായ നിമിഷങ്ങളെ തരണം ചെയ്‌തതിനെക്കുറിച്ചും, തന്റെ ഭയങ്ങളെക്കുറിച്ചും അവൾ (പച്ചയ്ക്ക്) പറഞ്ഞപ്പോൾ, ആ തുറന്നുപറച്ചിലിന്റെ ആഘാതത്തിന് ഞാൻ തയ്യാറായിരുന്നില്ല !

ഒരു മണിക്കൂർ നീണ്ട ഷോയിൽ പലപ്പോഴും എന്റെ വികാരങ്ങൾ വിങ്ങിപ്പൊട്ടാൻ വിതുമ്പുന്നത് ഞാൻ മനസ്സിലാക്കി. എന്റെ ശബ്ദം പതറാതിരിക്കാനും, കണ്ണിൽ ഉരുണ്ടുകൂടുന്ന നീർകണങ്ങൾ ഒഴുകിയിറങ്ങാതിരിക്കാനും ഞാൻ ഒത്തിരിയധികം പാടുപെട്ടു!! ഒരു അവതാരക എന്ന നിലയിൽ എനിക്ക് ഒരു കർത്തവ്യമുണ്ടായിരുന്നു. എന്റെ വികാരങ്ങൾ കാരണം അഭിമുഖത്തിന് തടസ്സങ്ങൾ ഒന്നും വരാതിരിക്കാനുള്ള ഉത്തരവാദിത്വവും. അത് ഞാൻ നിർവഹിക്കണ്ടേ?
അവൾക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യം അനുകമ്പയാണെന്ന് അവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതിനാൽ, എന്റെ ചോദ്യങ്ങൾ എങ്ങനെ സൗമ്യമായി ചോദിക്കണം, അവളുടെ ഉത്തരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം, അവളുടെ ശക്തിയും പ്രതിരോധശേഷിയും ബഹുമാനിക്കുന്ന രീതിയിൽ എങ്ങനെ പ്രതികരിക്കണം എന്നീ കാര്യങ്ങളിൽ ഞാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരുന്നു.
തനിക്ക് ക്യാൻസർ കണ്ടെത്തിയ സമയത്ത് മകൾ ഏഴാം ക്ലാസിലായിരുന്നുവെന്ന് അവൾ പറഞ്ഞപ്പോൾ എന്റെ നെഞ്ചു പിടഞ്ഞു. കാരണം – എന്നിലെ അമ്മയുടെ ഏറ്റവും വലിയ ഭയം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ മകൾക്ക് എന്ത് സംഭവിക്കുമെന്ന ചിന്തയാണ്. എന്റെ ഇളയ സഹോദരിയോടും അവളുടെ ഭർത്താവിനോടും ഞാൻ പണ്ട് പറഞ്ഞിട്ടുമുണ്ട് – അവളെ നിയമപരമായി ദത്തെടുക്കണമെന്ന് …
അഭിമുഖത്തിന് ശേഷം എന്റെ സുഹൃത്തുക്കൾ അനുമോദിച്ചു; ഞാൻ നല്ല പക്വതയോടെ കൈകാര്യം ചെയ്തതായി പറഞ്ഞു. ഇത്തരം ഒരു സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യാൻ സംഘാടകർ എന്റെ മേൽ അർപ്പിച്ച വിശ്വാസം ഞാൻ പാലിച്ചുവെന്ന് പ്രതീക്ഷിക്കുന്നു.
ഈ അഭിമുഖം എനിക്ക് കാൻസർ അവബോധം മാത്രം ആയിരുന്നില്ല; ജീവിതം ഒരു നിമിഷം കൊണ്ട് എങ്ങനെ മാറിമറിയാം എന്നതിനെക്കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു. പ്രതിസന്ധികളെ നേരിടാൻ വേണ്ടിവരുന്ന മനക്കരുത്തിനെയും, സ്വന്തം ആരോഗ്യത്തിനും സന്തോഷത്തിനും മുൻഗണന നൽകുന്നതിന്റെ പ്രാധാന്യത്തെയും ഓർമ്മിപ്പിക്കുന്ന സംഭാഷണം! ശരീരത്തിലെ മാറ്റങ്ങൾ, എത്ര ചെറുതാണെങ്കിലും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്ന അഭിമുഖം.
ഈ അഭിമുഖം ഒരുപാട് പേർക്ക് പ്രചോദനമായിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. കാൻസറിനെ അതിജീവിച്ചവർക്കും രോഗം ബാധിച്ചവർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു അതിജീവനത്തിന്റെ കഥ.
– ദീപ പെരുമാൾ
#എന്റെരചന #അതിജീവിതർ


6 Comments
നല്ല രചന, അനുഭവങ്ങൾ മാത്രമല്ല, അനുഭവസാക്ഷ്യങ്ങളും ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പ്രേരകമാകും എന്ന് ലേഖിക പറഞ്ഞുവെക്കുന്നു. Totally agree.
👍
അമ്മമാരുടെ കാൻസർ അതിജീവന കഥകൾ വായിക്കുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ എപ്പോഴും വായനയ്ക്കു തടസ്സം സൃഷ്ടിക്കാറുണ്ട്. അവരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ എന്ന ചിന്ത കൊണ്ടാവാം.
നല്ല അവതരണം.
അഭിനന്ദനങ്ങൾ👌🌹❤️
Thank you Suma…. ❤️
//അവരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ എന്ന ചിന്ത കൊണ്ടാവാം// Agree !
Thank you 🙂 തീർച്ചയായും ജോയ്‌സ്… കേൾക്കാൻ തയ്യാറാണെങ്കിൽ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും നമുക്ക് എത്രയെത്ര പഠിക്കാനുണ്ട് !! നാം എന്ത് privileged /lucky ആണെന്ന നന്ദി മാത്രമല്ല, നമുക്കൊരു പ്രതിസന്ധി വരുമ്പോൾ നേരിടാനുള്ള ധൈര്യവും അത് നമുക്ക് നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു.
❣️
Interesting and thoughtful topic, Sheeba❤️