ഇടുക്കി ഗോൾഡ്, മഹേഷിന്റെ പ്രതിരകാരം, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ മലയാള സിനിമകളുടെ കൂട്ടത്തിൽ ഇടുക്കിയുടെ നൈസർഗിക ഭംഗിയിൽ ചാലിച്ചെഴുതിയ ഏറ്റവും പുതിയൊരു ചേർത്തു വയ്പ്.
കവിപ്രസാദിന്റെ രചനയിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത, അനീഷ് ലാൽ ഛായാഗ്രഹണം നിർവ്വഹിച്ച തെല്ലും മുഷിപ്പിക്കാതെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന ലളിതവും സുന്ദരവുമായ ഒരു സിനിമ .
ഒരു മലയോര ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യത്തിൽ ലളിതമായൊരു ആശയത്തെ മലമ്പ്രദേശത്തിന്റെ വന്യതയിൽ, ഒരു സ്തോപജനകമായ തിരോധാന അന്വേഷണമോ, അതിഭീകരതയോ അതോ മറ്റെന്തോ ഒരു നിഗൂഢതയോ ഒക്കെയാക്കി പ്രേക്ഷകമനസ്സുകളിൽ മാറി മാറി അനുഭവിപ്പിച്ച്, കഥയെ അപ്രതീക്ഷിതങ്ങളിലേക്കും അസ്പഷ്ടതയിലേയ്ക്കും നയിക്കുന്ന, അതി തന്ത്രപരമായി കഥയെ ഗതിമാറ്റം ചെയ്ത കഥാകാരൻ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.
ഒരു സൊഷ്യോ ഫാമിലി ഡ്രാമ എന്ന് പറയാവുന്ന, ജീവിത നിസ്സഹായതകൾ മാതൃത്വവുമായി എങ്ങിനെ പേരോടുകയും പൊരുത്തപ്പെടുകയും ചെയ്യുന്നുവെന്നത് വൈകാരികമായി വിഭാവനം ചെയ്യുന്ന നിമിഷങ്ങൾ കണ്ണുകളെ ഒരല്പം ഈറനണിയിക്കും.
ഗോപി സുന്ദറിന്റെ മനോഹരമായ സംഗീതത്തിൽ കാവന്തയുടെ ചാരുത കാതുകൾക്കും ഇമ്പമേകുന്നു.
ദിലീഷ് പോത്തനും ദേവദർശിനിയും നല്ല അഭിനയ പ്രകടനം കാഴ്ച വച്ച സിനിമയിൽ ജാഫർ ഇടുക്കിയുടെ മെമ്പറിനും, ജയരാജൻ കോഴിക്കോടിന്റെ അന്ധ കവിയായ ആശാനും അടക്കം ചില പ്രസക്ത കഥാപാത്രങ്ങൾക്ക് നേരിയ തോതിൽ ഒരു പൂർണ്ണത ആവാമെന്ന് തോന്നിയിരുന്നു. ടി ജി രവി, അലൻസിയർ എന്നിവരാണ് മറ്റ് ചില പ്രമുഖ അഭിനേതാക്കൾ.
“അം അ:” എന്ന സിനിമയുടെ വ്യത്യസ്തമായ പേര്, കഥാവസാനം അർത്ഥം പ്രതിഫലിപ്പിക്കപ്പെടുമ്പോൾ പ്രേക്ഷകരെ ഹൃദ്യമായി സ്പർശിക്കുന്നു.
ഒരു മികവുറ്റ ദൃശ്യ-ശ്രവണാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച ഈ ചിത്രം, ഇടുക്കിയുടെ മനോഹാരിതയെയും ഗ്രാമീണ ജീവിതത്തിന്റെ ഉള്ളടക്കത്തെയും ആത്മാർത്ഥമായി ചിത്രീകരിക്കുന്നു.
:- വള്ളോലി

