“ദാ ഒരാൾ കാണാൻ കാത്തു നിൽക്കുന്നു” എന്നു രാമേട്ടൻ വന്നു പറഞ്ഞപ്പോൾ അതു ഗൗരി ആയിരിക്കുമെന്ന് ഒരിക്കലും ഞാൻ ഓർത്തില്ല. പതിനേഴു വർഷങ്ങൾ അവളിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിട്ടില്ല. തലമുടി കുറച്ചു നരച്ചു എന്നു മാത്രം. പിന്നെ മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ ദുഃഖഭാവം ഇപ്പോൾ ഒട്ടുമില്ല.
എന്റെ കൈ പിടിച്ചു അവൾ വിശേഷങ്ങൾ പറയാൻ തുടങ്ങി. മോനു ജോലി കിട്ടിയത്, എറണാകുളത്തു ഫ്ലാറ്റ് വാങ്ങിയത്, കണ്ണിലെ കൃഷ്ണമണി പോലെ മോൻ അവളെ സംരക്ഷിക്കുന്നത്…
പിന്നെയാണ് വന്ന കാര്യം പറഞ്ഞത്. മോന്റെ കല്യാണം അടുത്ത മാസമാണ്. ക്ഷണക്കത്ത് എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.
” ചേച്ചി വരണം. മോനെ അനുഗ്രഹിക്കണം.”
ഉത്തരം ഒന്നും പറയാതെ ഞാൻ ഒന്നു പുഞ്ചിരിച്ചതേ ഉള്ളു. അടുക്കളയിൽ സഹായത്തിനു നിൽക്കുന്ന വിജി കൊണ്ടുവന്ന കാപ്പി ഊതികുടിച്ചു കൊണ്ടായിരുന്നു അവൾ എന്റെ വിശേഷങ്ങൾ കേട്ടത്. രണ്ടു കൊല്ലം മുൻപേ അദ്ദേഹം എന്നെ ഒറ്റക്കാക്കി പോയതു കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. പണ്ടു മുതലേ പറമ്പിലും പാടത്തിലും ഉള്ള കാര്യങ്ങൾ നോക്കി കൂടെയുള്ള ആളാണ് രാമേട്ടൻ എന്നു പറഞ്ഞപ്പോൾ അവൾ സ്നേഹത്തോടെ രാമേട്ടനെ നോക്കി പുഞ്ചിരിച്ചു. കാപ്പി കുടിച്ച കപ്പ് വിജിയുടെ കയ്യിൽ കൊടുത്തശേഷം അവൾ യാത്ര പറയാനായി എഴുന്നേറ്റു. ഇറങ്ങുമ്പോൾ വീണ്ടും പറഞ്ഞു.
” ചേച്ചി വരണം. കൂടെ നിങ്ങൾ രണ്ടു പേരും വരണം ട്ടോ” അവൾ രാമേട്ടനോടും വിജിയോടും പറഞ്ഞപ്പോൾ അവർ ചിരിയോടെ നിന്നതേ ഉള്ളു
ഒരു മഴ പെയ്തു തോർന്നപോലെ ഗൗരി പോയപ്പോൾ ഞാൻ ഉമ്മറത്തെ ചാരുപടിയിൽ ഇരുന്നു വെറുതെ ഓർത്തതു അവളെ കുറിച്ചു തന്നെയായിരുന്നു.
അദ്ദേഹത്തിനു ഗ്രാമത്തിലുള്ള സ്കൂളിൽ ആണ് സ്ഥലമാറ്റം കിട്ടിയതു എന്നു അറിഞ്ഞതു മുതൽ അവിടെ വീടു കിട്ടുമോ എന്ന ആശങ്ക ആയിരുന്നു ഞങ്ങൾക്ക്. പക്ഷേ സ്കൂളിന്റെ തൊട്ടു അടുത്തു തന്നെ അവിടുത്തെ ഹെഡ്മാസ്റ്റർ കൃഷ്ണൻനായർ ഞങ്ങൾക്കൊരു വീട് ശരിയാക്കി തന്നു. അതിന്റെ അടുത്തു തന്നെ ഒരു കൃഷ്ണക്ഷേത്രം ഉണ്ടെന്നുള്ളതായിരുന്നു കൃഷ്ണഭക്തയായ എന്നെ കൂടുതൽ സന്തോഷിപ്പിച്ചത്.
ഞങ്ങളുടെ വീടിന്റെ അടുത്തു തന്നെ കാണുന്ന വീടായിരുന്നു ഗൗരിയുടേത്. ഒരു മോനും അമ്മയും മാത്രം. പക്ഷേ, രാത്രി ആയാൽ അവിടെ ഒരു ആൺസ്വരം കേൾക്കാം. ഉച്ചത്തിലുള്ള വഴക്ക്, അടിയുടെ ശബ്ദം, പിന്നെ അമ്മയുടെയും കുഞ്ഞിന്റെയും അലറികരച്ചിൽ.
ഒന്നുരണ്ടു തവണ ഞാൻ ഗൗരിയോട് സംസാരിക്കാൻ ശ്രമിച്ചു. അവൾ പക്ഷേ മുഖം തരാതെ മാറി പോവും. ആ കുഞ്ഞിന്റെ കണ്ണുകളിലും എപ്പോഴും ഒരു ഭയമായിരുന്നു. ഒരുദിവസം പാലു കൊണ്ടുത്തരുന്ന ദേവകിച്ചേച്ചിയാണ് അവരെ കുറിച്ചു എന്നോട് പറഞ്ഞത്.
“അതു ആ സുരേശന്റെ വീട് ആണ് കുഞ്ഞേ. അവൻ മുഴുവൻ സമയവും കൂടിയാ. പാവം ആ ഗൗരിയും ചെക്കനും. അടി കൊണ്ടു കൊണ്ടു അതുങ്ങള് ചാവാറായി. ആ മൂന്നു വയസ്സുള്ള ആ കുഞ്ഞിനെ അവൻ ഉപദ്രവിക്കുന്നതു കാണണം. നമ്മൾ ആരെങ്കിലും അവരോടൊന്നു മിണ്ടിയാൽ പിന്നെ അടിയുടെ പൊടിപുരമായിരിക്കും. പണിക്കു ഒക്കെ പോവും അവൻ. എന്നിട്ടു എന്താ ഒരു പൈസ കൊടുക്കില്ല. മുഴുവൻ കുടിച്ചുതിർക്കും. മിക്ക ദിവസവും അമ്മയും മോനും പട്ടിണിയാ. “
കേട്ടപ്പോൾ എനിക്കു വലിയ സങ്കടമായിരുന്നു. കുട്ടികളില്ലാത്തവരാണല്ലോ ഞങ്ങൾ. അതുകൊണ്ടായിരിക്കും ആ മോനെ ഒന്നു ഓമനിക്കാനും അവരുടെ വീട്ടിലേക്കു ചെല്ലാനും ഞാൻ വല്ലാതെ കൊതിച്ചു.
ദിവസങ്ങൾ ഇങ്ങിനെ കഴിഞ്ഞു. ആ വീട്ടിലെ ബഹളങ്ങളും തുടർന്നുകൊണ്ടിരുന്നു. അന്നൊരു ഞായറാഴ്ച ആയിരുന്നു. സന്ധ്യക്കു ഒരു ഏഴുമണി ആയിട്ടുണ്ടാവും. ഞങ്ങൾ രണ്ടുപേരും ഇരുന്നു ടി വി കാണുകയായിരുന്നു. അപ്പോഴാണ് ഗൗരിയുടെ വിട്ടിൽ നിന്നു മോന്റെയും അവളുടെയും ഉച്ചത്തിൽ ഉള്ള കരച്ചിൽ കേട്ടത്. “ഇന്നു നേരത്തെയാണല്ലോ പരിപാടി” അദ്ദേഹം എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു. ഞാൻ സങ്കടത്തിൽ ഇരുന്നതേ ഉള്ളു. പെട്ടന്നാണ് ആരോ ഗേറ്റിൽ ശക്തിയായി മുട്ടിയത്. ഞങ്ങൾ വാതിൽ തുറന്നു പുറത്തേക്കു വരുമ്പോഴേക്കും ഗൗരി ഉമ്മറത്തു എത്തിയിരുന്നു.
“എന്റെ മോനെ അയാൾ കൊന്നു എന്നു തോന്നുന്നു സാറേ.”എന്നു പറഞ്ഞു കൊണ്ടു അവൾ നിലത്തേക്ക് വീണു.
ഞങ്ങൾക്ക് രണ്ടാൾക്കും ഒന്നും മനസ്സിലായില്ല. പെട്ടന്നു അവൾ എഴുന്നേറ്റു വീട്ടിലേക്കു ഓടിയപ്പോൾ പിന്നാലെ ഞാനും ഓടി. അദ്ദേഹവും വരുന്നുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ ആ കുഞ്ഞു തലയിലൂടെ ചോര ഒലിച്ചു ചുമരും ചാരി ഇരിക്കുന്നു. വേറെ ആരും അവിടെ ഉണ്ടായിരുന്നില്ല.
“കുടിക്കാൻ കൊണ്ടുവച്ച 200 രൂപ ഇവൻ എടുത്തു എന്നും പറഞ്ഞു പിടിച്ചു തള്ളിയതാ. ഈ പിഞ്ചുകുഞ്ഞിന് എന്തിനാ പൈസ ചേച്ചി. അതു ഷർട്ടിന്റെ പോക്കറ്റിൽ നിന്നു കിട്ടി. ഒന്നു നോക്കുകപോലും ചെയ്യാതെ കുടിക്കാൻ പോവുകയും ചെയ്‍തു. എപ്പോഴും പൈസ എടുത്തു എന്നും പറഞ്ഞു എന്നെയാണ് ഉപദ്രവിക്കാറ്. ഇതു ഇപ്പോ ആദ്യമായിട്ടാ.” അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.
അപ്പോഴേക്കും അദ്ദേഹം ഓട്ടോ വിളിച്ചു എത്തിയിരുന്നു. ഞങ്ങൾ മൂന്നുപേരും ഹോസ്പിറ്റലിലേക്ക് പോയി. സ്റ്റിച്ചു ഇടേണ്ടി വന്നു. അങ്ങിനെയാണ് ഞാൻ ഗൗരിയുമായി അടുത്തത്.
പിന്നെ പകൽ ആരും ഇല്ലാത്തപ്പോൾ കഞ്ഞിന് എന്തെങ്കിലും ഭക്ഷണം കൊണ്ടുകൊടുക്കും. അദ്ദേഹം ഇടപെട്ടു സ്കൂളിൽ കഞ്ഞിവെക്കുന്ന ജോലി ഗൗരിക്ക് കിട്ടി. തയ്യിൽ അറിയാമായിരുന്നു അവൾക്ക്. അങ്ങിനെ ലോൺഎടുത്തു ഒരു തയ്യിൽ മിഷൻ വാങ്ങി ഗൗരി വിട്ടിൽ നിന്നു ആൾക്കാർക്ക് തയ്ച്ചുകൊടുക്കാൻ തുടങ്ങി. അപ്പോൾ ഒക്കെ അയാൾ പ്രശ്നമുണ്ടാക്കിയെങ്കിലും ഗൗരി കുറേശ്ശേ തന്റേടം കാണിച്ചു തുടങ്ങിയിരുന്നു. പിന്നെപ്പിന്നെ അയാൾ കുടി ഒന്നും കുറച്ചില്ലെങ്കിലും അടിയും ഉപദ്രവങ്ങളും കുറച്ചു. മോനെ സ്കൂളിൽ ചേർത്തു. ഗൗരി ഒരു പാടു ഒന്നുമില്ലെങ്കിലും കുറേശ്ശ പച്ചപിടിച്ചു തുടങ്ങി.
വർഷങ്ങൾ കഴിഞ്ഞു മോൻ നാലാം ക്ലാസ്സിലേക്ക് ആയി. അവൻ ഇടക്ക് വീട്ടിലേക്കു വരും. സംസാരിക്കും. എനിക്കു ഒരു പാടു സന്തോഷമായിരുന്നു അത്. അങ്ങിനെയാണ് ഒരു മദ്യദുരന്തം ആ നാട്ടിലേക്കു എത്തിയത്. അതിൽ മരിച്ച അഞ്ചു പേരുടെ കുട്ടത്തിൽ ഒരാൾ ആയിരുന്നു, ഗൗരിയുടെ ഭർത്താവ്.
പിന്നെ ഞങ്ങൾ രണ്ടു വർഷം മാത്രമേ ആ നാട്ടിൽ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും ഗൗരിയും മോനും അല്ലലറിയാതെ ജീവിക്കാൻ തുടങ്ങിയിരുന്നു. പാഴ്‌മരങ്ങൾ എപ്പോഴും കടപുഴകി വീഴുന്നത് തന്നെയാണല്ലോ നല്ലത് എന്നു ഓർത്തപ്പോൾ മനസ്സിൽ ഗൗരിയുടെ ചിരിക്കുന്ന മുഖമായിരുന്നു.
#എന്റെ രചന
#അതിജീവിതർ


10 Comments
നല്ലെഴുത്ത് 👏
😍😍😍
❤️❤️❤️
Thanks 😍
❣️
സ്നേഹം
Thanks❤️
Super 👍
Thanks❤️
നല്ല കഥ❤️👌🌹
Thanks❤️❤️❤️