അതിജീവിതരെ പറ്റി എഴുതാൻ അഭ്യർത്ഥിച്ചപ്പോൾ വിഷയം തന്നയാൾ ഉദ്ദേശിച്ചത് സ്വന്തം അതിജീവന അനുഭവങ്ങൾ പങ്കുവെക്കുക എന്നുള്ളതാണെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ചു പറയുവാണെങ്കിൽ ഞാൻ ഒരു അതിജീവിതയാണ്. എന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ക്യാൻസർ പോലെയുള്ള ശാരീരിക മാറാരോഗങ്ങളിൽ നിന്നുള്ള അതിജീവനമല്ല എന്റേത്.. വിഷാദരോഗത്തിന്റെ ആഴക്കയങ്ങളിൽ നിന്ന് പതിന്മടങ് ശക്തിയോടെ വിഹായസ്സിലേക്കു പറന്നുയർന്നവളുടെ ചിറകടി ശബ്ദത്തിൻ അതിജീവനമാണിത്.
”ചേച്ചീ.. ചേച്ചി എത്ര പോസിറ്റീവ് ആണ്. എന്തൊരു എനർജി ആണ് ചേച്ചിക്ക്.. പാട്ടു പാടൽ, ചിത്രം വരക്കൽ, കഥ പറച്ചിൽ, ബേക്കിംഗ് ഇത്യാദി കാര്യങ്ങളോടൊപ്പം വീട്ടുജോലികളും എത്ര സമയബന്ധിതമായാണ് ചേച്ചി ചെയ്തുതീർക്കുന്നത് ! ഞങ്ങളെ പോലെയുള്ള അമ്മമാർക്കും ഇതൊക്കെ പറഞ്ഞു തരാമോ? വീട്ടുജോലികളും കുട്ടികളുടെ കാര്യങ്ങളുമൊന്നും കൃത്യമായി ചെയ്തുതീർക്കാൻ കഴിയാത്തതു മൂലം ഞങ്ങൾ വലിയ വിഷമത്തിലാണ്. ചേച്ചി മോട്ടിവേഷണൽ വീഡിയോസ് ചെയ്യുന്ന ആളല്ലേ? ഒരെണ്ണം ചെയ്യാമോ ഇതേ പറ്റി പറഞ്ഞ്?”
എന്നെക്കാൾ വളരെ പ്രായം കുറഞ്ഞ സുഹൃത്ത് ആവശ്യപ്പെട്ടതാണ്. മൂന്നു മാസങ്ങൾക്കു മുൻപ് വരെ എന്റെ അവസ്ഥ ഇതുപോലെ അല്ലായിരുന്നു. ഒന്നിനോടും പ്രത്യേക മമത തോന്നാത്ത, എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞ ഒരു കാലഘട്ടം. എംപ്റ്റി നെസ്റ്റ് സിൻഡ്രോം അഥവാ കൂടൊഴിയൽ സിൻഡ്രോം എന്നതിന്റെ ഭീകരമായ ആ വേർഷനിൽ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ചതുപ്പു നിലങ്ങളിലേക്കും കണ്ടൽക്കാടുകളിലേക്കും കുതിച്ചു പാഞ്ഞു, ഒരു മെരുക്കവുമില്ലാതെ. ഏതു നിമിഷവും താഴെ വീഴാവുന്ന അവസ്ഥയിൽ നിന്ന് ദൈവാധീനം കൊണ്ടും പലപ്പോഴായി ജനനന്മക്കു വേണ്ടി ചെയ്ത സ്റ്റോറി വിഡിയോകളുടെ ബലത്തിലുമാണ് ഞാൻ പിടിച്ചുകയറിയത്. മനസ്സ് ഏതു നിമിഷവും ആ അവസ്ഥയിലേക്ക് തിരിച്ചുപോയേക്കാം എന്ന ഉത്തമബോധ്യവും എനിക്കുള്ളത് കൊണ്ട് ഇപ്പോൾ ഞാൻ വീണ്ടും മോട്ടിവേഷണൽ വിഡിയോകളുമായി രംഗത്തുണ്ട്. നാളെ ഒരുപക്ഷേ പ്രതിസന്ധി ഘട്ടത്തിൽ എനിക്ക് ഇതൊക്കെയായിരിക്കാം ഒരു പിടിവള്ളിയായി മാറുന്നത്.
എന്റെ മൂത്തമകൾ ഒന്നര വർഷത്തിനു മുൻപ് നാട്ടിൽ പഠിക്കാൻ പോയത് മുതലാണ് എന്നിൽ ഇത്തരം മാറ്റങ്ങൾ വന്നു തുടങ്ങിയത്. പെട്ടെന്നൊരു ദിവസം അവൾ പോയപ്പോൾ അമ്മ താലോലിച്ചു വളർത്തിയ കുഞ്ഞിക്കിളി ഒരു ദിവസം കൂട്ടിൽനിന്നും പറന്നുപോയ പോലെ ആയിരുന്നു. രണ്ടാമത്തെ മകൾ കൂടെയുണ്ടെങ്കിലും ഒരാൾ മറ്റൊരാൾക്ക് പകരമാവില്ലല്ലോ. വീടിനു പുറത്തിറങ്ങാൻ പോലും എനിക്കു മടിയായി. വളരെയധികം സോഷ്യലൈസ് ചെയ്യുന്ന പ്രകൃതമായിരുന്നു എന്റേതെന്ന് ഓർക്കണം. ആ ഞാൻ വീട്ടിൽ നിന്ന് വീട്ടിലെ വേസ്റ്റ് കുപ്പത്തൊട്ടിയിൽ നിക്ഷേപിക്കുന്നതിന് പോലും പുറത്തിറങ്ങാൻ മടിച്ചു. തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന മലയാളികളെ കാണേണ്ടി വന്നാലോ എന്ന പേടി മൂലം. അതുവരെ നിത്യവും എഴുതിക്കൊണ്ടിരുന്ന എൻറെ തൂലികയിൽ നിന്ന് ഒരു വാക്കു പോലും പിറന്നുവീഴാതെ അത് തുരുമ്പെടുത്തു. ചുറ്റും നോക്കിയാൽ എല്ലാം മിടുക്കികൾ.. ഞാനൊരാൾ ഒഴിച്ച് ! ജോലിക്കു പോവുന്നവരും പോവാത്തവരും എല്ലാം എത്ര നന്നായും ശുഷ്കാന്തിയോടെയും ആണ് കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത് ! വീട്ടിൽ അതിഥികൾ വരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. സുഹൃത്തുക്കളുമായി ഫോണിൽ സംസാരിക്കാനും മെസ്സേജ് ചെയ്യാനും വരെ ഞാൻ മടിച്ചു. ചുരുക്കത്തിൽ രക്ഷപ്പെടാനുള്ള വാതിൽ ഞാൻ തന്നെ കൊട്ടിയടച്ചു. ഭർത്താവ് ഓഫീസിലും മോൾ സ്കൂളിലും പോയാൽ പിന്നെ അടുത്ത നിമിഷം ഞാൻ ബെഡിലേക്കു വീഴുമായിരുന്നു അത്യധികം തളർച്ചയോടെ. പിന്നെ മണിക്കൂറുകൾ കഴിഞ്ഞു എണീക്കുന്ന ഞാൻ അടുക്കളയിൽ പോയി എന്തൊക്കെയോ വച്ചു വച്ചില്ല എന്ന പേരു വരുത്തി ദിവസം തള്ളിനീക്കി. രാത്രി നാട്ടിൽ നിന്ന് മകൾ വിളിക്കുന്നതിന് കാതോർത്ത് ആ ദിവസം മുഴുവൻ തള്ളിനീക്കും. ഇനി അവളുടെ ഫോൺ വന്നാലോ ഒരു 45 മിനിറ്റ് പരാതിയും പരിഭവവും ആയിരിക്കും അവൾക്ക് – നാട്ടിലെ ഒടുക്കത്തെ ചൂടിനെപ്പറ്റിയും ജയിൽ പോലെയുള്ള കോളേജ് ലൈഫിനെ പറ്റിയും. എന്നിരുന്നാലും ആ നിമിഷങ്ങൾ മാത്രമേ ഞാൻ ഞാനായിരുന്നുള്ളൂ. സാരമില്ല മോളേ , ഇതും കടന്നു പോവും, എല്ലാം ശരിയാവും എന്ന് അവളോട് പറയുമ്പോഴും എന്റെ കാര്യം എപ്പോൾ ശരിയാവും എന്ന് എനിക്കൊരു നിശ്‌ചയവും ഉണ്ടായിരുന്നില്ല.
എന്റെ ഈ പോക്ക് അത്ര പന്തിയല്ലെന്ന് കണ്ട ഭർത്താവ് എന്നോട് പല പ്രാവശ്യം സൂചിപ്പിക്കുകയുണ്ടായി – നമുക്ക് ഒരു മനശാസ്ത്രജ്ഞനെ പോയി കണ്ടാലോ എന്ന്. എന്റെ ഡാഡി ഡിപ്രെഷനിലൂടെ കടന്നുപോയ ആളാണ്, ട്രീറ്റ്മെന്റും എടുത്തിരുന്നു, അതിന്റെ ദുരിതങ്ങൾ നേരിട്ടു കണ്ട വ്യക്തി എന്ന നിലയിൽ ഞാൻ പറഞ്ഞു : “വേണ്ട, എനിക്കൊരു കുഴപ്പവുമില്ല, ഇത് നേരെയായിക്കോളും ” എന്ന്. ഡാഡി പണ്ടു പറയുമായിരുന്നു – എന്തെങ്കിലും മാറാരോഗം വന്ന് തളർന്ന് കട്ടിലിൽ കിടക്കുന്നതാണ് വിഷാദരോഗവും വച്ച് ജോലിക്ക് പോവുന്നതിലും ഭേദമെന്ന്. രോഗത്തിന്റെ പാരമ്യത്തിൽ തന്റെ അമ്പതാമത്തെ വയസ്സിൽ ഡാഡിയെ ഞങ്ങൾക്ക് നഷ്ടപ്പെടുകയും ചെയ്തു. അത്തരമൊരു അവസ്ഥയിലേക്കാണോ എന്റേയും പോക്കെന്ന് ഞാൻ സംശയിച്ചു. ഒന്നിനോടും ഒരു താല്പര്യമില്ലാതെ, ഒരു ഉത്സാഹവുമില്ലാതെയുള്ള ആ ജീവിതത്തെ അക്ഷരാർത്ഥത്തിൽ ഞാൻ വെറുത്തു. എന്റെ ഈ ദുരവസ്ഥയെ പറ്റി കേൾക്കുന്നവർക്ക് ഒരുപക്ഷേ തോന്നിയേക്കാം – എന്തിന്റെ കുറവാണ് എനിക്കെന്ന്.. പണമുണ്ട്, സൗന്ദര്യമുണ്ട്, രോഗങ്ങളില്ല, ആരോഗ്യമുണ്ട്, ഉന്നതവിദ്യാഭ്യാസവുമുണ്ട്, എഴുതാനുള്ള കഴിവുണ്ട്, നല്ലൊരു കുടുംബവും മിടുക്കരായ ഭർത്താവും മക്കളും ഉണ്ട് – ഒരു സ്ത്രീക്ക് ഇതിൽ കൂടുതൽ എന്തു വേണം ! ഇല്ലാത്തത് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ – മനസ്സമാധാനം എന്ന വസന്തകാലാവസ്ഥ.
ഈ ഭീകരാവസ്ഥ ഞാൻ അതിജീവിച്ചതെങ്ങനെ? മൂന്നു മാസങ്ങൾക്കു മുൻപ് ഞാൻ എന്റെ പ്രാർത്ഥനാജീവിതം പുനരാരംഭിച്ചു, പതിയെ എഴുത്തിലേക്ക് വീണ്ടും പിച്ചവച്ചു നടന്നു. രാവിലെയുള്ള നടത്തം തുടങ്ങി, മനസ്സിനിഷ്ടപ്പെട്ടവരുമായി സമ്പർക്കം, സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ എല്ലാം പുനരാരംഭിച്ചു. ഒരു ഇടവേളയ്ക്കു ശേഷം എന്റെ ഹോബികളായ വായനയിലേക്കും ഗാർഡനിങ്ങിലേക്കും തിരിഞ്ഞു. വളരെ പെട്ടെന്നു തന്നെ ആ പഴയ എന്നെ എനിക്കു തിരിച്ചു കിട്ടുകയും ചെയ്തു. ഒരുവന്റെ ജീവിതത്തിൽ മേല്പറഞ്ഞ കാര്യങ്ങൾ എത്ര സ്വാധീനം ചെലുത്തുന്നു എന്ന് നാമൊന്ന് ഇരുത്തി ചിന്തിക്കേണ്ടതുണ്ട്. ഇപ്പോൾ അകന്നു പോയ വസന്തം വീണ്ടും വിരുന്നുവന്നിരിക്കുകയാണ് കൂട്ടിൽ. എന്റെ പരീക്ഷണകാലഘട്ടത്തെ ഞാൻ അതിജീവിച്ചു കഴിഞ്ഞു — എന്റെ പോലെയുള്ള പല സുഹൃത്തുക്കളും ഇതേ അവസ്ഥയിൽ കൂടി കടന്നു പോയി അവയെ സമർത്ഥമായി അതിജീവിച്ചരാണ് -തങ്ങളുടേതായ രീതികളിൽ. ഇവരെ എല്ലാവരെയും ചെറിയ കുട്ടികളുള്ള അമ്മമാർക്ക് മാതൃകയാക്കാവുന്നതാണ്.
എന്റെ ആ പരീക്ഷണ കാലഘട്ടത്തെ ഞാനിപ്പോൾ വെറുക്കുന്നില്ല. തന്നെയുമല്ല ഒരു ആക്ടിവിറ്റിയുമില്ലാതെയുള്ള ആ ഹൈബർനേറ്റിംഗ് പീരീഡ് എനിക്ക് സ്വന്തം കാലിൽ ഉറച്ചു നിന്ന് പൂർവാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരാനും പല അമ്മമാരെയും എന്റെ അനുഭവങ്ങൾ കൊണ്ട് സ്വാധീനിക്കാനുമുള്ളതായിരുന്നു എന്ന ഉറച്ച ബോദ്ധ്യവും ഇപ്പോഴെനിക്കുണ്ട്. കുരിശുമരണമില്ലാതെ ഉത്ഥാനത്തിനു പ്രസക്തിയില്ലല്ലോ. വസന്തം വീണ്ടും കൂടണഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഞാൻ. ഒപ്പം ഇനിയൊരു അതിജീവനത്തെ നേരിടാൻ മനസ്സ് പാകപ്പെട്ടും കഴിഞ്ഞു.
✍️സ്മിത പൗലോസ്
#അതിജീവിതർ
ചിത്രം : കടപ്പാട്
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


14 Comments
ഞാൻ എഴുതി തുടങ്ങിയ കാലത്ത് ശ്രദ്ധിച്ചിട്ടുള്ള എഴുത്തുകാരിയാണ് സ്മിത.. ഇനിയും ധാരാളം എഴുതൂ 👍🥰
Thank you 🙏🥰
Smitha…. ഇങ്ങനെ മനസ്സ് തുറന്ന് എഴുതുതുന്നുണ്ടല്ലോ… അത് തന്നെ എത്ര നല്ല കാര്യമാ… നിങ്ങടെ എഴുത്തു കണ്ടാ ഞാൻ മോംസിൽ എഴുതി തുടങ്ങിത്…. ഒന്നാലോചിചേ അതുപോലെ എത്രപേർക്ക് നിങ്ങടെ എഴുത്ത് പ്രചോദനമായിട്ടുണ്ടാവും… ഇനിയും എഴുതുക 👍😊
മികച്ച എഴുത്ത്.
സ്വാനുഭവങ്ങളിൽ നിന്ന് ജീവിതത്തിന്റെ Smartness തിരിച്ചുപ്പിടിച്ച അനുഭവം വളരെ ഹൃദയസ്പർശ്ശിയായി എഴുതി.
അഭിനന്ദനങ്ങൾ.
👏❤
Thank you 🙏
മനസ്സ് തുറന്നുള്ള ഇത്തരം എഴുത്തുകൾ ..തീർച്ചയായും പലർക്കും സ്വാന്തനം ഏകു ന്നു ണ്ടാ വും .സ്നേഹം. ♥️🙏🌹
Thank you dear 🙏
Thank you 🙏🥰
എഴുത്ത് തുടരൂ, അതൊരു മരുന്നായി പ്രവർത്തിക്കട്ടെ.
Sure 🥰
Well wrote.. Awesome..
Thank you 🙏
Empty nest syndrome… നന്നായി എഴുതി dear
Thank you 🙏