ഹ്യൂമാനിറ്റേറിയൻ ഫോട്ടോഗ്രാഫി എന്നൊരു മേഖലയുണ്ട്. മനുഷ്യാവകാശ ധ്വമ്സനങ്ങൾ അരങ്ങേറുന്നിടത്തുനിന്ന് മനുഷ്യമനസാക്ഷിക്കുനേരെ തൊടുത്തു വിടുന്ന ശരങ്ങൾ പോലെ ചിത്രീകരിക്കപ്പെടുന്ന ചിത്രങ്ങളാണവ. അത്തരത്തിൽ (കു)പ്രസിദ്ധമായ ഒരു ചിത്രമായിരുന്നു സുഡാനിൽ നിന്നുള്ള കുട്ടിയുടെയും കഴുകന്റെയും ചിത്രം. വിശപ്പുകൊണ്ട് തളർന്നുവീണു മരണാസന്നയായി ഇഴയുന്ന കുട്ടി.. പിറകിൽ അവളുടെ മരണനേരവും നോക്കി തന്റെ ആഹാരത്തിനായി കാത്തിരിക്കുന്ന കഴുകൻ!! 1993ലായിരുന്നു അത് ചിത്രീകരിക്കപ്പെട്ടത്. ചിത്രം പകർത്തിയ കെവിൻ കാർട്ടറിന് ബെസ്റ്റ് ഫീച്ചർ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സർ പ്രൈസ് കിട്ടി. പക്ഷേ അവിടെ ലോക മന:സാക്ഷി നിശബ്ദമായി ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു– ഫോട്ടോ പകർത്തുന്നതിനു മുൻപ് ഒരിറ്റുവെള്ളമെങ്കിലും ആ കുഞ്ഞിന് കൊടുക്കാമായിരുന്നില്ലേ അയാൾക്ക് എന്ന്. ചോദ്യം ന്യായമായിരുന്നു. നിലയ്ക്കാത്ത നിലവിളിയായി ആ ചോദ്യം അയാളെ അസ്വസ്ഥനാക്കി. പ്രൈസ് കിട്ടി നാലുമാസത്തിനുശേഷം അയാൾ സ്വയം ജീവനൊടുക്കി… ഹ്യൂമാനിറ്റേറിയൻ ഫോട്ടോഗ്രാഫിയുടെ അചിന്ത്യമായ ഒരു പാർശ്വഫലം!
കഴിഞ്ഞ ദിവസത്തെ പത്രവായനയ്ക്കിടയിലാണ് അത്തരത്തിലുള്ള മറ്റൊരു ചിത്രം എന്റെ ശ്രദ്ധയിൽ പതിഞ്ഞത്. മാനുഷിക ചിത്രീകരണത്തിന്റെ ശൈശവദശയിൽ എടുത്ത ഒന്ന്. ആലിസ് ഹാരിസ് എന്ന മിഷനറി 1904ൽ കോംഗോ ഫ്രീ സ്റ്റേറ്റിൽ നിന്ന് പകർത്തിയ ചിത്രമായിരുന്നു അത്. അടിക്കുറിപ്പ് ഇങ്ങനെ..
‘ തന്റെ മുൻപിലേക്ക് എറിയപ്പെട്ട അഞ്ചുവയസ്സുകാരി മകളുടെ വെട്ടി മാറ്റപ്പെട്ട കൈകളിലേക്കും കാലുകളിലേക്കും ഉറ്റുനോക്കുന്ന അച്ഛൻ സല ഓഫ് വാല’.
എന്റെ ഹൃദയം നുറുങ്ങിപ്പോയി.. വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒഴുകിവന്ന അനാഥമായ കൈകളെയും കാലുകളെയും കുറിച്ച് ഒരു നിമിഷം ഞാൻ ഓർത്തു. അതിലും എത്രയോ ഭീതിദമായ അവസ്ഥയാണ് ഇത്?! താഴത്തും തോളത്തും വയ്ക്കാതെ താലോലിക്കപ്പെട്ടുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന്റെ അതിക്രൂരമായി വെട്ടിമാറ്റപ്പെട്ട കയ്യും കാലും സ്വന്തം പിതാവിന്റെ മുൻപിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥ!
എന്തായിരുന്നിരിക്കും ആ പിതാവിന്റെ മനസ്സിലപ്പോൾ????
എത്ര കെട്ട കാലങ്ങളുടെ നീക്കിയിരിപ്പും പേറിയാണ് കാലമിപ്പോൾ നമുക്ക് മുന്നിൽ നിന്ന് ചിരിക്കുന്നത്; അല്ലേ? പ്രതിപാദ്യവിഷയമായ ഈ ചിത്രം അടിച്ചമർത്തലിന്റെ, ചൂഷണത്തിന്റെ, ഉഗ്രരൂപം പൂണ്ട ആർത്തിയുടെ, സമാനതകളില്ലാത്ത അക്രമങ്ങളുടെയും കൂട്ടക്കുരുതിയുടെയും ഒക്കെ അക്ഷന്തവ്യമായ ഒരധ്യായത്തിലേക്കുള്ള കിളിവാതിൽ ആണ്.
മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോ എക്കാലത്തും അധിനിവേശങ്ങളുടെ വടുക്കൾ പേറിയിരുന്നു. എങ്കിലും രാജ്യചരിത്രത്തിലെ ഏറ്റവും കിരാതമായ കൊളോണിയൽ ചൂഷണത്തിന്റെ കഥയാരംഭിക്കുന്നത് 1885ൽ ബെൽജിയൻ രാജാവായ ലിയോപോൾഡ് രണ്ടാമൻ കോംഗോ നദീതടത്തിന്റെ സിംഹഭാഗവും ചേർത്ത് കോംഗോ ഫ്രീ സ്റ്റേറ്റ് സ്ഥാപിക്കുന്നതോടെയാണ്. കോംഗോയിൽ നാഗരികത എത്തിക്കുന്നതിനും സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നതിനും താല്പര്യമുണ്ട് എന്ന വ്യാജേനയാണ് രാജ്യാന്തര ഉച്ചകോടിയിൽ നിന്ന് അയാൾ അതിന് സമ്മതം വാങ്ങിയത്. എന്നാൽ ആനക്കൊമ്പുവേട്ടയായിരുന്നു മുഖ്യലക്ഷ്യം. രാജ്യാന്തരവിപണിയിൽ റബ്ബറിനുണ്ടായ വൻ ഡിമാൻഡുകണ്ട് കോംഗോ കാടുകളിൽ വ്യാപകമായി ഉണ്ടായിരുന്ന ലാൻഡോൾഫിയ വള്ളിച്ചെടികൾ ഉത്പാദിപ്പിക്കുന്ന കാട്ടുറബ്ബറിലേക്കായി പിന്നീട്അയാളുടെ ശ്രദ്ധ. വാണിജ്യതാൽപര്യങ്ങളാകാം; എന്നാൽ അതിനയാൾ അവലംബിച്ച എത്രയും ഹീനമായ മാർഗ്ഗങ്ങളാണ് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചത്! വിപണിയിൽ പൊന്നുവിലയുണ്ടായിരുന്ന റബ്ബർ ശേഖരിക്കുന്നതിനായി അയാൾ ഫോഴ്സ് പബ്ലിക് എന്ന തന്റെ സേനയെ, പൊതുജനത്തെ ഏറ്റവും കിരാതമായ മാർഗങ്ങളിലൂടെ ഉപയോഗിക്കുവാനായി പറഞ്ഞുവിട്ടു. മാനുഷികത തൊട്ടു തീണ്ടാത്ത അക്രമമുറകളാണ് പിന്നെ അവിടെ അരങ്ങേറിയത്!
ഓരോ കുടുംബവും ശേഖരിക്കേണ്ട കാട്ടു റബ്ബറിന്റെ അളവ് സേന തീരുമാനിക്കും. വിസമ്മതിക്കുന്നവരെയും ടാർഗറ്റ് തികയ്ക്കാത്തവരെയും ക്രൂരമായി കൊലപ്പെടുത്തി അവരുടെ കൈകൾ വെട്ടി പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കും!! ഈ മർദ്ദനമുറകൾക്കിടയിൽ ആരെങ്കിലും ചെറുത്തുനിൽക്കുമോ എന്ന് സ്വാഭാവികമായും നമുക്ക് സംശയിക്കാം. ചെറുത്തുനിൽപ്പായിരുന്നില്ല അതിനുകാരണം;റബറിന്റെ ലഭ്യതക്കുറവായിരുന്നു. വൻതോതിലുള്ള ചൂഷണം കാരണം റബ്ബറിന്റെ അളവ് കുറഞ്ഞുവന്നു. എന്നാൽ യുക്തിക്ക് നിരക്കാത്ത വിധത്തിൽ രാജാവ് ഡിമാൻഡ് വർദ്ധിപ്പിക്കുകയാണുണ്ടായത് ! ‘അളമുട്ടിയാൽ ചേരയും…’ എന്നതുപോലെയാവണം, പഴുതില്ലാത്ത നിയമങ്ങളുടെ സമ്മർദ്ദം ചരിത്രം മുൻപറിയാത്തവിധത്തിലുള്ള അക്രമങ്ങൾക്ക് വഴിമരുന്നിട്ടു. നാട്ടിലെ പുരുഷന്മാർ നിർബന്ധമായും കാട്ടിലേക്ക് പോകേണ്ടിവന്നു. നിത്യവൃത്തിക്കുവേണ്ട കൃഷിയും അനുബന്ധകാര്യങ്ങളും ചെയ്യാൻ ആളില്ലെന്നായി. സ്ത്രീകളും കുട്ടികളും ബന്ധനസ്ഥരാവുകയും ബലാൽക്കാരപ്പെടുകയും ചെയ്തു. നാട് ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി! പട്ടിണി മരണങ്ങൾ സാധാരണമായി. കാട്ടിൽ പോയവർ ക്വാട്ട തികയ്ക്കാനാവാതെ സംഘം തിരിഞ്ഞ് പരസ്പരം പടവെട്ടി. കൊല്ലും കൊലയും നിലനിൽപ്പിനുള്ള ഏകമാർഗമായി! അവിടെ ജയിക്കുന്നവരും, പക്ഷേ, ആവശ്യത്തിന് റബ്ബർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ട് സേനയുടെ തോക്കുകൾക്കിരയായി. വെട്ടിയെടുക്കപ്പെട്ട കൈകൾ ബക്കറ്റുകളിൽ ശേഖരിച്ച് നാട്ടിൽ അവശേഷിക്കുന്ന ‘ജീവനുള്ള ശവങ്ങ’ളുടെ മുൻപിൽ സേന കൂന കൂട്ടി! കൂട്ടക്കുരുതി ഒഴുക്കിയ ചോര കാട്ടിൽ നിന്നൂറ്റിയ റബ്ബറിനെ കടത്തിവെട്ടി. രണ്ടു കോടിയിലേറെ ഉണ്ടായിരുന്ന കോംഗോളീസ് ജനത ഒന്നര പതിറ്റാണ്ടുകൊണ്ട് ഒരു കോടിയിലേക്ക് ചുരുങ്ങി! ചത്ത കണ്ണും ഉടഞ്ഞ മനസ്സും അധിവസിക്കുന്ന പട്ടിണിക്കോലങ്ങളുടെ വെറുമൊരു കൂട്ടമായി, ജീവിതത്തിന്റെ പൊരുൾ നഷ്ടപ്പെട്ട ആ ജനത കോംഗോ കാടുകളുടെ പരിസരങ്ങളിൽ ഉഴറിനടന്നു. ലാൻഡ്ൾഫിയ വള്ളികൾ റബ്ബറിന്റെ അക്ഷയ പാത്രങ്ങൾ അല്ലെന്നു തിരിച്ചറിഞ്ഞ ആ പാവം ജനതയ്ക്ക് അതിനുപകരമായി നൽകേണ്ടി വന്നത് സ്വന്തം സിരകളിലോടുന്ന ചുവന്ന ചോരയാണ്.. സ്വജീവനുകളെ തന്നെയാണ്.
കോംഗോളീസ് റബ്ബറിനെ ‘റെഡ് റബ്ബർ’ എന്ന് ലോകം നാമകരണം ചെയ്തതിൽ അത്ഭുതപ്പെടുവാനുണ്ടോ?!
ഒരു ഹ്യൂമാനിറ്റേറിയൻ ഫോട്ടോ എന്നോട് പറഞ്ഞ കഥയാണ് ഇത്രയും. കൂടെ, ആഗോള മാധ്യമങ്ങളിൽ വൈറലായ ഈ ഫോട്ടോയ്ക്ക് ശേഷം 1908ൽ അനിവാര്യമായി സംഭവിച്ച ലിയോപോൾഡ് രണ്ടാമന്റെ പതനത്തിന്റെയും ബെൽജിയം കോംഗോയുടെ ജനനത്തിന്റെയും കഥയും. ചരിത്രത്തിന്റെ തീർത്താൽ തീരാത്ത ആ കന്മഷം മനുഷ്യത്വമുള്ള ഏതു മനസ്സിനെയാണ് മഥിക്കുകയില്ലാത്തത്??
എല്ലാ അധിനിവേശങ്ങൾക്കും ശേഷം സ്വാതന്ത്ര്യം നേടി (1958ൽ ) 67 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും കോംഗോ ആഭ്യന്തര കലാപത്തിന്റെ പിടിയിൽ നിന്ന് മോചിതമായിട്ടില്ല. സമാധാനത്തോടും സഹവർത്തിത്തത്തോടും കൂടി ജീവിക്കുവാൻ ചൂഷണം ചെയ്തവർ ആരും അവരെ പഠിപ്പിച്ചില്ല എന്നത് തന്നെ അല്ലേ അതിനു കാരണം?!
*********************
മേൽപ്പറഞ്ഞ ചിന്തകൾക്കും പഠനത്തിനും എല്ലാം ഇടയിൽ ഒരു ചോദ്യചിഹ്നമായി എന്റെ മനസ്സിൽ അവശേഷിക്കുന്നത് എന്താണെന്നറിയുമോ??
തന്റെ മുന്നിലേക്കെറിയപ്പെട്ട അഞ്ചുവയസ്സുകാരി മകളുടെ വെട്ടിയെടുത്ത കൈകാലുകളിലേക്ക് നോക്കിയിരിക്കുമ്പോൾ സലാ ഓഫ് വാലായുടെ മനസ്സിൽ എന്തായിരുന്നിരിക്കും… നിസ്സഹായതയോ നിർവ്വികാരതയോ അതോ നിർഗുണത്വമോ????
#എന്റെരചന
# എന്തായിരിക്കും ആ മനസ്സിൽ


10 Comments
ആ കാഴ്ചയെ വായിച്ചപ്പോൾ പോലും മനസ്സിൽ ഒരു നീറ്റൽ നിറഞ്ഞുനിൽക്കുന്നു….. അതിഗംഭീരമായ എഴുത്ത്…..🌹
ഒരു ഡോക്യുമെന്ററിയുടെ തീവ്രതയുള്ള , ആഴമേറിയ , വികാരപരമായ എഴുത്ത്…. <3
🫂🫂🫂🫂
നോവുണർത്തുന്ന രചന. ക്രൂരമായ അടിച്ചമർത്തലുകളുടെ ചരിത്രം കോംഗോ എന്ന ആഫ്രിക്കൻ രാജ്യത്തു നടന്നത് ചരിത്രമാകുമ്പോഴും ഇന്നും ഇത്തരം
ക്രൂരതകൾ തുടരുന്നു എന്ന സത്യം ലേഖിക ഒരു ചിത്രത്തിലൂടെ ഓർമ്മിപ്പിക്കുന്നു.
👍👏
ക്രൂരതയുടെ നേർച്ചിത്രം വീണ്ടും മുന്നിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നതുപോലെ. അതിഭീകരം ഈ കാഴ്ച. അതിതീവ്രമായിട്ടുതന്നെ എഴുതി സിൽവിച്ചേച്ചീ♥️♥️💔💔💔
😞😞😞
ചൂഷണത്തിൻ്റെയും അടിച്ചമർത്തലുകളുടെയും പിടിയിൽ നിന്ന് ലോകമിന്നും മോചിതമായിട്ടില്ല. അല്ലേ?
ഗംഭീരം❤️👌
Children of a lesser god….
😥😥.
😞