ഒരാൾ അങ്ങനെ ഹൃദയത്തിനുള്ളിൽ തെളിഞ്ഞു നിൽക്കുമ്പോൾ മറ്റാർക്കും അങ്ങോട്ട് കടന്നു വരാൻ സാധിക്കില്ല… അത്രത്തോളം ആഴത്തിൽ പതിഞ്ഞു പോയതാണ് ആ മുഖം.
ആ ഒരാളെ എത്രയൊക്കെ മറന്നു എന്ന് പറഞ്ഞാലും… പിന്നെയും ഓർക്കും പിന്നെയും ‘മറക്കും’ ‘മറവിക്കും’… ‘ഓർമ്മക്കും… ഇടയിൽ… അയാളെ ഇങ്ങനെ ചേർത്തുവയ്ക്കും.
മരണം പോലെ ശക്തമാണ് പ്രണയവും…
ഒന്ന് ഹൃദയം കവർന്നെടുക്കുന്നു…
മറ്റേത് ഹൃദയമിടിപ്പിനെയും…
പ്രേമം അനശ്വരമാണോ? എനിക്കറിയില്ല എന്ന് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്…
പക്ഷേ പ്രേമം അനശ്വരമാണ് എനിക്കറിയാം. ജീവിതത്തിൽ ഒരാളോട് മാത്രമേ പ്രേമം തോന്നു, അതെന്നും അയാളോട് മാത്രമായിരിക്കും ആ ഒരാളോട് മാത്രം…
അത് ഒരുപക്ഷേ പൂർണതയിൽ എത്തിയിട്ടുണ്ടാവില്ല. എന്നാലും ജീവിതാന്ത്യം വരെ അതു നിറഞ്ഞു നിൽക്കും. ഒരു സൂര്യ തേജസ്സായി പ്രേമവും… പ്രേമം തോന്നിയ ആളും..
ഒരിക്കലും മായാതെ മങ്ങാതെ തെളിഞ്ഞു തെളിഞ്ഞു ഇങ്ങനെ നിൽക്കും…
Mam എന്നുള്ള വിളി ചിന്തയിൽ നിന്ന് ഉണർത്തി.
സാമുവൽ ആണ് കോളേജിലെ പ്യൂൺ.
ക്ലാസ് കഴിഞ്ഞു, മാഡം പോകുന്നില്ലേ ?
“അതെയോ അറിഞ്ഞില്ല സാമുവൽ,ഓക്കേ.” താൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി നടന്നു കാറിനടുത്ത് എത്തി. കാർ എടുത്ത് നേരെ വീട്ടിലേക്ക്.
ഡ്രൈവിങ്ങിനിടയിൽ മ്യൂസിക് പ്ലേ ചെയ്തു. പഴയ മെലഡി ഗാനങ്ങൾ ഒഴുകി ഒഴുകി വന്നു. പത്തുമിനിറ്റിനകം വീട്ടിലെത്തി… വീട് തുറന്നു. അകത്തു കയറി ഫിൽറ്ററിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു… വിശപ്പ് തോന്നുന്നില്ല…
നേരെ ബാൽക്കണിയിലേക്ക് നടന്നു. അവിടെ നല്ല കാറ്റാണ്. … രാത്രിയിലാണേൽ പൂക്കളുടെ നല്ല സുഗന്ധവും. അവിടെ ഇരുന്നാൽ ഒരു പ്രത്യേക Vibe ആണ്. ഒരു പോസിറ്റീവ്, എനർജി ഫീൽ ചെയ്യും തനിക്ക് ഈ വീട്ടിൽ ഇരിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു സ്ഥലം, മറ്റൊരു രീതിയിൽ പറഞ്ഞാൽ താൻ ഈ വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഇവിടെയാണ്. അത്യാവശ്യം ഇവിടെ നിന്നാൽ തനിക്ക് മഴ നനയാം. മഴ നനയുന്നത് എന്നും തന്റെ ഇഷ്ടവിനോദമാണ് ‘മഴ നനഞ്ഞ് ‘ഒരു മയിലിനെ പോലെ നൃത്തം ആടുക എല്ലാം മറന്ന്… പണ്ടുമുതലേയുള്ള ഒരു ശീലം…
സമയം വൈകുന്നേരം ആയി. പവിഴമുല്ലപ്പൂക്കളുടെ നല്ല ഗന്ധം മൂക്കിൽ തുളച്ചു കയറുന്നു. രാത്രിയിൽ ആണല്ലോ ഇവയെല്ലാം വിടരുന്നത് ചെമ്പകവും പവിഴമല്ലിയും ലാങ്കിയും ഒക്കെ തൻ്റെ തോട്ടത്തിലുണ്ട്. മണമുള്ള പൂക്കൾ തനിക്കൊന്നും ഏറെ പ്രിയമാണ്. എത്രനേരം അങ്ങനെയിരുന്നു എന്ന് അറിയില്ല. പെട്ടെന്നാണ് വാര്യരമ്മാവന്റെ കാര്യം ആലോചിച്ചത്. താഴെ തന്നെ നോക്കി ഇരിപ്പുണ്ടാകും അത്താഴം കഴിക്കാതെ…
വേഗത്തിൽ താഴത്തേക്ക് വന്നു. സമയം ഒരുപാട് ആയി. മുറിയിൽ ചെന്ന് നോക്കിയപ്പോൾ ആൾ കിടന്നു, വിളിച്ചില്ല….
ഉറക്കം വരുന്നില്ല. വെറുതെ ചെന്ന് കിടന്നു, തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി… ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. ഒരു പറക്കുന്ന വെള്ള കുതിര ആ കുതിരയുടെ പുറത്ത് തൻ്റെ ഹരിയേട്ടൻ. ഹരിയേട്ടന്റെ കൂടെ ചേർന്ന് ഞാൻ. ഞങ്ങൾ ഇങ്ങനെ പറന്നു പോകുന്നു, പെട്ടെന്ന് ഒരു കറുത്ത രൂപം വന്ന് ഞങ്ങളെ ആക്രമിക്കുന്നു. ഹരിയേട്ടനെ വാളുപയോഗിച്ച് വെട്ടുന്നു എന്നെ വലിച്ചു നിലത്തേകിടുന്നു. ‘ അയ്യോ ഹരിയേട്ടനെ ‘ഒന്നും ചെയ്യല്ലേ ‘എന്തോ ഞാൻ ബലമായി പിടിച്ചതും കട്ടിലിൽ നിന്ന് നിലത്തേക്ക് വീണു. കട്ടിൽ നിന്ന് വീണിട്ടും ഞാൻ പിടിവിട്ടില്ല പെട്ടെന്നാണ് എനിക്ക് ഓർമ്മ വന്നത് നോക്കിയപ്പോൾ കുതിരപ്പുറത്തല്ല നിലത്താണ്. കയ്യിൽ ഹരിയേട്ടൻ കൈ അല്ല തലയിണയാണ്
ഛെ. നാണം തോന്നുന്നു
അല്ല അതിപ്പോ ഹരിയേട്ടനെ ഇങ്ങനെ സ്വപ്നം കാണാൻ എന്താ കാരണം…
കണ്ണുകൾ കൊണ്ടു പോലും ഹരിയേട്ടൻ ഒരു സൂചന തന്നിട്ടില്ല ഇഷ്ടമാണെന്ന്…
ഇഷ്ടത്തോടെ ഒന്ന് സംസാരിച്ചിട്ടില്ല, എപ്പോഴും പഠനം, യാത്രകൾ, രാജ്യസേവനം, അവിടെ പ്രണയത്തിനും സ്നേഹത്തിനും ഒരു റോൾ പോലും ഉണ്ടായിട്ടില്ല തനിക്കും.😊
പക്ഷേ എൻ്റെ അവസ്ഥ തിരിച്ചായിരുന്നു… കുട്ടിക്കാലം മുതലേ മാധവിക്കുട്ടിയുടെ പുസ്തകങ്ങളൊക്കെ ഹൃദ്യസ്ഥമാക്കി നടന്നിരുന്ന തനിക്ക് ഹരി ഒരു പ്രണയ നായകനായിരുന്നു. ഭ്രാന്തമായ ഒരു പ്രണയമോ ആവേശമോ തനിക്കറിയില്ല… ഹരിയേട്ടൻ എന്നും തന്റെ സ്വന്തമായിരുന്നു തന്റെ മാത്രം…
തൻറെ ജീവിതത്തിലെ ഏക പുരുഷ സങ്കല്പം ഹരിയേട്ടൻ ആയിരുന്നു, ഒത്ത ഉയരം, ഒത്തവണ്ണം നീണ്ട നാസിക, രോമാവൃതമായ മാർവിടം, ഏതു സിനിമ നടന്മാർ പോലുംതോൽക്കുന്ന സൗന്ദര്യം, പിന്നെ അസ്സലായി പാടും, തീർന്നില്ലേ കാര്യം…
ഞാനായിരുന്നു ഹരിയേട്ടന്റെ ഏക സഹപാഠി. ലോകത്ത് ഒരാളും ഹരിയേട്ടനെ നോക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അപ്പച്ചി ഒഴികെ
ഹരിയേട്ടൻ മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം. ആഴ്ചയിലാണ് വീട്ടിലേക്ക് വരുന്നത്. വെള്ളിയാഴ്ച വൈകിട്ട് എത്തും. തിങ്കൾ രാവിലെ തിരിച്ചു. പോകും ഇതായിരുന്നു പതിവ്. ഹരിയേട്ടൻ വന്നാൽ പിന്നെ ഞാൻ പിന്നാലെ കൂടും. കുറെ സംശയങ്ങളുമായിട്ട്. ഹരിയേട്ടൻ കുളിക്കാൻ പോകുമ്പോഴും ഞാൻ കൂടെ പോകും കുളി കാണാനല്ല. ഹരിയേട്ടൻ ഇങ്ങനെ ‘നോക്കി നോക്കി മോഹിക്കാൻ’.
ആയിടക്കാണ് നഷ്ടപ്പെട്ട നീലാംബരി വായിച്ചത്…
അതിൽ ഇങ്ങനെ ഒരു രംഗമുണ്ട് നായികയായ സുഭദ്രയും കൂട്ടുകാരിയായ ജ്ഞാനാബാളും നീന്താൻ ഇറങ്ങുന്നു. വെള്ളം കുടിച്ച് മുങ്ങിത്താഴ്ന്നതും ജ്ഞാനത്തിന്റെ നിലവിളി കേട്ട് സുഭദ്രയുടെ പ്രണയ നായകനായ ശാസ്ത്രീകൾ വന്ന് സുഭദ്രയെ പൊക്കിയെടുത്ത് രക്ഷപ്പെടുത്തിയതും. സുഭദ്രയെ മാറോടണച്ച് അദ്ദേഹം നീന്തിയപ്പോൾ അവളുടെ ശരീരം നീർചുഴികളുള്ള സമുദ്രം പോലായി. ഊഞ്ഞാലിൽ ഇരുന്നു കൊണ്ട് പെട്ടെന്നു താഴ്ന്നതു പോലെ ഒരു തോന്നൽ അടിവയറ്റിൽ അനുഭവപ്പെട്ടു. അതായിരുന്നോ കാമത്തിൻ്റെ ആദ്യ ആക്രമണം ?
പൂണുൽ ഒട്ടിക്കിടക്കുന്ന ആ മാർവിടത്തിൻ്റെ സ്പർശം വീണ്ടും ഏൽക്കുവാൻ താൻ എത്ര തവണ ആഗ്രഹിച്ചു !
ഇതു വായിച്ചപ്പോൾ മുതൽ മനസ്സിൽ ഈ സ്ഥാനത്ത് ഹരിയേട്ടനും ഞാനും ആയി… രോമാവൃതമായ മാർവിടവും പുലിനഖവും എൻ്റെ കിനാവുകളിൽ നിറസാനിധ്യമായി. വയ്യ കാത്തിരിക്കാൻ… ഈ സ്വപ്നത്തെ സ്വന്തമാക്കണം. ഞാൻ ഉറച്ചു.
ഒരു ദിവസം ഹരിയേട്ടൻ്റെ കൂടെ കുളിക്കാൻ പോയ ഞാൻ കാലുതെന്നി വെള്ളത്തിൽ വീണു പോയി. ഹരിയേട്ടൻ വെള്ളത്തിൽ നിന്ന് എന്നെ പൊക്കിയെടുത്തു. ഞാൻ ആ രോമാവൃതമായ മാർവിടത്തിൽ പൂച്ച കുഞ്ഞിനെ പ്പോലെ പറ്റിച്ചേർന്ന് മുറുകെ പിടിച്ചു… ആ നിമിഷത്തിലും താൻ ആകെ കോരിത്തിരിച്ചു പോയി.
അനിർവചനീയമായ ഒരു അനുഭൂതി സിരകളിൽ നിറഞ്ഞു. താൻ ആ കൈകളിൽ കിടന്ന് ഒരു അപ്പൂപ്പൻ താടി പോലെ ഉയർന്ന് പൊങ്ങി പൊങ്ങി…
അങ്ങനെ സുഭദ്ര കാരണം തൻ്റെ ചിരകാല അഭിലാഷം പൂവണിഞ്ഞത് ഓർത്ത് മനസ്സിൽ ചിരിച്ചു…
ഹരിയേട്ടനിലേക്ക് ഞാൻ ചേക്കേറാൻ തുടങ്ങി, ഒന്നും പറയാതെ, അറിയാതെ… ഒന്ന് കെട്ടിപ്പിടിക്കാതെ അയാളെ കാണുമ്പോൾ ഞാൻ ഒരു മഴവില്ല് ആകും…
നൂറു വർണ്ണങ്ങൾ ഉള്ള മഴവില്ല്. എൻ്റെ ഹൃദയത്തിൻ്റെ ഭാഷ മനസ്സിലായോ. എന്ന് ഞാൻ ‘ആ മാറിൽക്കിടന്ന് ചോദിക്കുന്നതായി സ്വപ്നം കാണും. പക്ഷേ ഹരിയേട്ടൻ എന്നും ആരു വേപ്പില പോലെ കയ്പക്കുന്നതും, ആഴത്തിൽ നോവുന്നതും, വ്രണങ്ങൾ പോലെ വിങ്ങുന്നതും എല്ലാം ഞാൻ ആസ്വദിക്കും…
എന്നും സ്വപ്നം കാണും നെല്ലിക്ക പോലെ ആദ്യം കയ്ച്ചിട്ട് പിന്നെ മധുരിക്കുന്നത്… പക്ഷെ എൻ്റെ പ്രണയം മധുരിച്ചില്ല എന്നു മാത്രമല്ല എന്നും എന്നെ കയ്പ്പിച്ചുകൊണ്ടേ ഇരുന്നു.
ഹരിയേട്ടൻ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സൈന്യത്തിൽ ഡോക്ടറായി ജോയിൻ ചെയ്തു. ആദ്യ പോസ്റ്റിംഗ് ജമ്മു കാശ്മീർ. പിന്നെ പുള്ളിക്ക് തിരക്കായി, ആറുമാസം കൂടുമ്പോഴായി നാട്ടിലേക്കുള്ള വരവ്. എപ്പോ വന്നാലും ഞാൻ പിന്നാലെ കൂടും വല്ലാത്ത പ്രണയവുമായി, ഒരുമിച്ചുള്ള യാത്രകൾ, കളിചിരികൾ, അവിടെയൊക്കെ ആ മനുഷ്യൻ എന്നെ ഇങ്ങനെ ഭ്രമിപ്പിച്ചും ത്രസിപ്പിച്ചും കൊണ്ടേ ഇരുന്നു… ഒരിക്കലും തിരിച്ചിറങ്ങാൻ കഴിയാത്ത വിധം…
അപ്പച്ചി ഹരിയേട്ടന് കല്യാണം ആലോചിക്കാൻ ഒരു ശ്രമം നടത്തി. ഹരിയേട്ടൻ്റെ അച്ഛൻെറ ‘വീട്ടിൽ പുരുഷന്മാർ ‘വാഴില്ല എന്ന് പറഞ്ഞ് അപ്പച്ചിയുടെ വായ അടപ്പിച്ചു. ഹരിയേട്ടനോട് ആരെയെങ്കിലും ഇഷ്ടമാണോ ‘എന്ന് അന്വേഷിച്ചു അതിനും മറുപടി രസകരമായിരുന്നു. എന്നോട് ആരും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല…
അല്ല, സിത്തുവിനെ ഇഷ്ടമാണോ നിനക്ക് ?
അമ്മേ എന്നെ ചിരിപ്പിക്കാതെ. ഈ പരപ്പൻ തെരണ്ടിയെയൊ? ഈ ലോകത്ത് പെൺകുട്ടികൾ ഇല്ലാതായാൽ പോലും ഞാൻ ഇവളെ കല്യാണം കഴിക്കില്ല. മുങ്ങിത്താണപ്പോൾ രക്ഷിച്ചവനെ മുറുകെപ്പിടിച്ച ഇവളെ എനിക്കു വേണ്ട
ഞെട്ടിപ്പോയി. ഹരിയേട്ടൻ കാര്യങ്ങൾ മനസ്സിലാക്കി അല്ലെങ്കിൽ നഷ്ടപ്പെട്ട നീലാംബരി വായിച്ചിട്ടുണ്ട്. ഒരു ഡോക്ടറെ കബളിപ്പിക്കാൻ ആവില്ല. ജ്ഞാനം സുഭദ്രയുടെ കൂട്ടകാരി പറയുന്ന വാക്കുകൾ ഓർത്തു. മുങ്ങിമരിക്കാറായ ആരുടെ കൈകൾക്കും രക്ഷിച്ചവനെ മുറുകെ പ്പിടിക്കുവാൻ സാധിക്കുകയില്ല തൻ്റെ കള്ളത്തരം മനസ്സിലാക്കി…
കഷ്ടമായി. അത്തവണ തിരിച്ചുപോകുന്നതിന് മുൻപ് അപ്പച്ചിയുടെ മുൻപിൽ വച്ച് എന്നോട് ഇങ്ങനെ പറഞ്ഞു.
മാധവിക്കുട്ടിയുടെ പുസ്തകം വായിച്ച് രംഗം ക്രിയേറ്റ് ചെയ്യാതെ പഠിക്കാൻ നോക്ക്. പത്താം ക്ലാസ് ആണ്.
ഞെട്ടിപ്പോയി താൻ…
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു രാജ്യാന്തര സേവനം ചെയ്ത ഒരു ഡോക്ടറുടെ വീട് ആയതുകൊണ്ട് നാട്ടിൽ ആദ്യമായി ടെലിഫോൺ കിട്ടിയത് വീട്ടിലായിരുന്നു. ഹരിയേട്ടൻ ആഴ്ചയിൽ രണ്ടുദിവസം വീട്ടിലേക്ക് വിളിക്കുമായിരുന്നു. വിളിക്കുന്ന സമയം അറിയാവുന്നതുകൊണ്ട് ഞാൻ വിളിക്കുന്ന നേരത്തല്ലാം അവിടെ കറങ്ങി നടക്കുമായിരുന്നു. ഫോൺ എടുക്കുന്നത് എന്നും ഞാനായിരുന്നു. ഞാനാണ് ഫോൺ എടുത്തു എന്ന് അറിയുമ്പോൾ ഒരു ചോദ്യമുണ്ട്.
എടി നിനക്ക് പഠിക്കാൻ ഒന്നുമില്ലേ? നന്നായി പഠിക്കണം കേട്ടോ
അപ്പച്ചിയാണ് ഫോൺ എടുക്കുന്നത് എങ്കിൽ അപ്പച്ചിയോട് ഇങ്ങനെ ചോദിക്കും.
അവളില്ലേ അമ്മേ, അവിടെ? ആ കാന്താരി അമ്മയുടെ ഭാവി മരുമകൾ
അതും പറഞ്ഞ് പൊട്ടിച്ചിരിക്കും. ഞങ്ങളുടെ തിരുവാളൂർ അപ്പൻെറ ഉത്സവം ധനു മാസത്തിലാണ്. ധനു മാസത്തിലെ തിരുവാതിര. അത് ഞങ്ങൾ തിരുവാളൂർകാരുടെ ദേശീയ ആഘോഷമാണ്. പത്തു ദിവസത്തെ പരിപാടി ഓർക്കുമ്പോൾ കൊതി തോന്നുന്നു. തറവാട് മൊത്തം ആളുകൾ ഉണ്ടാകും. ഹരിയേട്ടനെ എനിക്ക് തൊടാനും നുള്ളാനും കിട്ടുന്ന അവസരം. തറവാട്ടിൽ എല്ലാവരും തിരുവാതിര നോയമ്പ് നോൽക്കും. എട്ടങ്ങാടി, തുടിച്ചു കുളി, പാതിരാ പൂ ചൂടൽ, തിരുവാതിര, ഒരു കോലാഹലമാണ്.
പാർവതി ദേവിയുടെ താലം തറവാട്ടിൽ നിന്നാണ് കൊണ്ടുപോകുന്നത്. ഇലഞ്ഞിക്കൽ തറവാട്ടിലെ പെൺകുട്ടിയാണ് താലം പിടിക്കുന്നതും ദേവിയുടെ ആദ്യ പറനിറയ്ക്കുന്നതും. ദേവിയുടെ തിരുവാഭരണങ്ങൾ തറവാട്ടിലെ നിലവറയിലാണ് വയ്ക്കുന്നത്. ഉൽസവത്തിൻ്റെ എട്ടാം ദിവസം ദേവിക്ക് ചാർത്താൻ ആയി ഈ ആഭരണങ്ങൾ വാദ്യഘോഷങ്ങളോടെ അമ്പലത്തിൽ എത്തിക്കും. അതിനു ശേഷം ആഭരണം ചാർത്തി ഒരു പൂജയും ഉണ്ട്. ഉത്സവം തീരുന്ന അന്ന് രാത്രി ആഭരണങ്ങൾ തിരിച്ചും എത്തിക്കും. ആഭരണങ്ങൾ എടുക്കാനും നിലവറയിൽ തിരിച്ച് വയ്ക്കുന്നതും ഞാനും ഹരിയേട്ടനും കൂടിയാണ്. അത് അവകാശമാണ്. താലം പിടിക്കാൻ വേണ്ടി ഒരുങ്ങുന്നത് ഒരു വലിയ ചടങ്ങാണ്. നാഗപടമാലയും പൂത്താലിയും അഷ്ടലക്ഷമി വളയും ധരിപ്പിച്ചു മുല്ലപ്പു ചൂടി താലം പിടിക്കുന്ന പറവെയ്ക്കുന്ന എന്നെ ഹരിയേട്ടൻ ഒളി കണ്ണാലെ നോക്കാറുണ്ട്. ഞാൻ നോക്കിയാലോ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവവും. ഹരിയേട്ടന് 32 വയസ്സു വരെ ദോഷ സമയമായിരുന്നു, 32 കഴിഞ്ഞു കിട്ടണം എന്നാണ് കണിയാൻ പറഞ്ഞിരുന്നത്. എല്ലാ വർഷവും പിറന്നാളിന് ഗൂരുവായൂർക്ക് പോകും. വാകച്ചാർത്തും അഴലും നെയ്യ് ജപവും എല്ലാം നടത്തും. തിരിച്ചുവരുമ്പോൾ തനിക്കായി കുറച്ച് കോയമ്പത്തൂർ പിച്ചി പൂവും വാങ്ങി കൊണ്ടുവരും. എന്നോട് എവിടെയൊ ഒരു കുന്നിക്കുരുവോളം സ്നേഹം ആ മനസ്സിലുണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചത് ഈ പിച്ചി പൂവിലൂടെ ആയിരുന്നു…
ഒരിക്കൽ തറവാടിൻ്റെ നിലവറിയിലേക്ക് കയറിയ എൻ്റെ നെറ്റിയിലേക്ക് ദേവിയുടെ കുങ്കുമം ഹരിയേട്ടൻ്റെ കൈ തട്ടി വീണതും ഞാൻ നിലവറയിൽ ബോധരഹിതയായി വീണതും എന്നെ കൈകളിൽ കോരി എടുത്ത് പുള്ളി പുറത്തിറങ്ങിയതും നോയമ്പിൻ്റെ ക്ഷീണത്തിൽ ബോധം വീഴാൻ താമസിച്ച എന്നെ കണ്ണ് ചിമ്മാതെ അങ്ങേര് നോക്കിയിരുന്നതും റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ പോയ എന്നെ കണ്ണടച്ചു കാണിച്ച് യാത്ര പറഞ്ഞു പോയതും അവസാന കൂടി കാഴ്ച ആണെന്നറിയാതെ ഞാൻ ഇങ്ങനെ നോക്കി നിന്നതും എല്ലാം…
വലിയ മുത്തശ്ശി പറഞ്ഞ പോലെ ഹരിയേട്ടന് മുപ്പത്തി രണ്ട് വയസ്സാകുന്ന അന്ന് രാവിലെ വീട്ടിലേക്ക് വിളിച്ച് പതിവില്ലാതെ എന്നോട് വായ് തോരാതെ സംസാരിച്ചു. ഒടുവിൽ ഇതുകൂടി പറഞ്ഞു, നിനക്ക് വേണ്ടി ഞാൻ ഒരു പഞ്ചാബി പയ്യനെ കണ്ടെത്തിയിട്ടുണ്ട്. നന്നായി മലയാളം പറയും നിനക്കു നന്നായി ചേരും. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലേക്ക് വന്നത് ഹരിയേട്ടൻ അല്ല. അദ്ദേഹം ഒരു ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ്.
മുത്തശ്ശിയുടെയും കണിയാന്റെയും വാക്കുകൾ സത്യമായി. ഹരിയേട്ടന്റെ മരണം തറവാടിന്റെ താളം തെറ്റിച്ചു. ഹരിയേട്ടന് പുറകെ വല്യ മുത്തശ്ശി, മുത്തച്ഛൻ, അച്ഛൻ,…
തറവാട് ശൂന്യമായി കൊണ്ടിരുന്നു. അവിടെ അമ്മയും ചെറിയമ്മയും അപ്പച്ചിയും കാര്യസ്ഥനും മാത്രമായി. ഞാൻ ഹരിയേട്ടന്റെ വിധവയായി സ്വയം അവരോധിച്ചു. ആരൊക്കെ പറഞ്ഞിട്ടും ഞാൻ വേറെ ഒന്നിനും നിന്നു കൊടുത്തില്ല. എനിക്ക് കുഞ്ഞിക്കുട്ടൻ കോളേജിൽ അധ്യാപികയായി ജോലി കിട്ടി. അങ്ങനെ തറവാട്ടിൽ നിന്ന് ഞാനും ദൂരെയായി.
പുറകിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി. വാര്യർ അമ്മാവൻ എവിടെക്കൊ പോകാനുള്ള തയ്യാറെടുപ്പിലാണ്.
അല്ല കുഞ്ഞേ ഇത്തവണയും വരുന്നില്ലേ ?
എവിടേക്ക് ?
തിരുവാളൂർക്ക് തിരുവാതിര കൂടാൻ
ശ്ശൊ എൻ്റെ മഹാദേവ ഒരു കാലത്ത് ദിവസങ്ങൾ എണ്ണി കാത്തിരുന്ന ദിനം തനിക്ക് അന്യമായെന്നൊ. ഇല്ല ഇനി ഇതുണ്ടാവില്ല, പോകണം. ദേവിയുടെ പരിചാരിക വേഷം വർഷങ്ങൾക്കു ശേഷം വീണ്ടും അണിയണം…
തറവാട്ടിലെത്തി നോയമ്പെടുത്തു അന്നു നെറ്റിയിൽ അറിയാതെ വീണ കുങ്കുമം ധൈര്യമായി സീമന്തരേഖയിൽ ചാർത്തി… സർവ്വാഭരണവിഭൂഷിതയായി താലം പിടിച്ച് പറ വെച്ച് കണ്ണടച്ച് മഹാദേവനോട് പ്രാർത്ഥിച്ചു കണ്ണു തുറക്കുമ്പോൾ എൻ്റെ അടുത്ത് എന്നെ ഒളികണ്ണു കൊണ്ട് നോക്കി ഹരിയേട്ടൻ നിൽക്കുന്നുണ്ടാവണേ…
നിലവറയിൽ കയറിയപ്പോഴും വ്യർത്ഥമായി ആഗ്രഹിച്ചു. പക്ഷെ ഉണ്ടായില്ല മോഹം മാത്രം ബാക്കി…
അന്ന് വൈകുന്നേരം അപ്രതീക്ഷിതമായി രണ്ടു അതിഥികൾ തറവാട്ടിലെത്തി. ഹരിയേട്ടൻ്റെ ഒപ്പം ആർമിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ, ഒന്ന് ഹരിയേട്ടൻ തനിക്ക് വേണ്ടി പറഞ്ഞ പഞ്ചാബി രൺഡീർ സിംഗ്, മറ്റേത് ക്യാപ്റ്റൻ മഹാദേവൻ. ഇവർ ഹരിയേട്ടൻ വാങ്ങി വെച്ചിരുന്ന കുറേ പുസ്തകങ്ങൾ എന്നെ ഏൽപ്പിച്ചു. അക്കൂട്ടത്തിൽ നഷ്ടപ്പെട്ട നീലാംബരി, എൻ്റെ കഥ ഇതൊക്കെ തനിക്ക് ആശ്ചര്യമായി. ഹരിയേട്ടൻ വായിക്കുന്നത് അവർ ഇന്നുവരെ കണ്ടിട്ടില്ല എന്ന് പിന്നെ ആർക്കാണ് ഇത്…
അവർ എന്നെ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോകാൻ നേരം അവർ എന്നോട് ചോദിച്ചു ,ഹരിയേട്ടൻ്റെ ഡയറി കിട്ടിയിരുന്നോ എന്ന്. മാഡം ഇപ്പോഴും തനിച്ചാണല്ലേ എന്നും
ഹരിയേട്ടൻ ഡയറി എഴുതുമോ? തനിക്കറിയില്ല.
ചെറിയ അമ്മയേയും കൂട്ടി തട്ടിൻ പുറത്തു തിരയാൻ തുടങ്ങി. ഹരിയേട്ടൻ്റെ മറ്റു പല സാധനങ്ങളും കിട്ടി. പക്ഷെ ഡയറി മാത്രം കണ്ടില്ല. അവസാനം തിരച്ചിൽ നിർത്തി വിങ്ങുന്ന ഹൃദയത്തോടെ തിരിച്ചിറങ്ങാൻ തുടങ്ങിയ തൻ്റെ കാലിലെന്തൊ തട്ടി. ഒരു തുണിക്കെട്ട്… അഴിച്ചു നോക്കി. ആകെ ചിതലരിച്ച് അതിൽ ഒരു ഡയറി മേജർ ഹരി പ്രസാദ്.
തുറന്നു നോക്കി.
സ്നേഹ മധു തൂകും… താനും സിത്തുവും കൂടി ഉൽസവത്തിന് പാടിയ പാട്ട്. അവൾ നന്നായി പാടുന്നുണ്ട്, പക്ഷെ അവളെ ദേഷ്യം പിടിപ്പിച്ചാൽ കാണാൻ നല്ല ചന്തമാ !
ഹരിയേട്ടൻ മരിക്കുന്ന അന്ന് എഴുതിയ കുറിപ്പ്
പ്രീയപ്പെട്ട എൻ്റെ…
എന്നു മാത്രം ബാക്കി പേജുകളൊക്കെ ചിതലരിച്ചിരിക്കുന്നു എൻ്റെ മനസ്സുപോലെ ചിതലരിച്ചിരിക്കുന്ന പേജുകൾക്ക് ഇടയിലൂടെ ഞാൻ ആകാശത്തിലെ നക്ഷത്രങ്ങളെ കണ്ടു അവ എന്നെ നോക്കി ചിരിക്കുന്നു നിങ്ങൾക്ക് അറിയാമോ എന്തായിരുന്നു ആ മനസ്സിൽ…
അന്ന് ഹരിയേട്ടൻ ഒന്നും പറഞ്ഞില്ല. ഇന്നിപ്പോ ചിതലുകൾ അതിന് അനുവദിച്ചും ഇല്ല… അവസാനമായി യാത്ര പറഞ്ഞത് ഇങ്ങനെയാണ്…
ഞാൻ വരും…
വരാതിരിക്കില്ല വരാതിരിക്കാൻ എനിക്കാവില്ല.
ഞാൻ കാത്തിരിക്കുന്നു…
ഹരിയേട്ടൻ വരുമെന്ന് പ്രതീക്ഷിച്ച്…

