മുറിക്കുള്ളിൽ മേശപ്പുറത്ത് മൂന്നു പുസ്തകങ്ങൾ ഉണ്ടായിരുന്നു. അയാൾ എവിടെ നിന്നോ ഒരു പേപ്പർ കൊണ്ടുവന്ന് അവയിലെ പൊടി തുടക്കുന്നത് റാക്കിലെ മറ്റു പുസ്തകങ്ങൾ നോക്കിയിരുന്നു. തന്റെ പ്രവർത്തി കഴിഞ്ഞ ശേഷം ഭിത്തി ചേർന്നിരിക്കുന്ന തങ്ങളിൽ ആരെയെങ്കിലുമൊക്കെ അയാൾ എടുക്കുമെന്ന് അവർ ആശിച്ചു.
മേൽ ഉടുപ്പ് പൊടിഞ്ഞ്, അകത്താളുകളുടെ മൂലകൾ ഒടിഞ്ഞു മടങ്ങിയ ഒരു മുത്തശ്ശി പുസ്തകം നെടുവീർപ്പോടെ കഴിഞ്ഞ കാലത്തിലേക്ക് മടങ്ങി.
“വർഷങ്ങൾക്ക് മുൻപ് ഗ്രാമത്തിൽ ഈ വായനശാല തുടങ്ങുമ്പോൾ ഞങ്ങൾ നൂറു പുസ്തകങ്ങളാണ് ഉണ്ടായിരുന്നത്. പിറ്റേന്ന് മുതൽ ഈ റാക്കുകൾ മിക്കവാറും ശൂന്യമായിരുന്നു കുട്ടികളേ. ഞങ്ങൾ മാറിമാറി ഓരോ വീടുകളിൽ എത്തപ്പെടും. വായനക്കാർ താളുകൾ മറിച്ച് വരികളിലൂടെ കണ്ണോടിച്ചു മനസ്സിലേക്ക് നമ്മളെ ചേർത്തു നിർത്തുമ്പോൾ എത്ര സംതൃപ്തിയായിരുന്നു. ഇപ്പോൾ ആരുമൊന്ന് തൊടുക പോലും ചെയ്യാതെ പൊടി പിടിച്ച്…. “
അടുത്തിരുന്ന മറ്റൊരു മുത്തശ്ശിപുസ്തകവും ആ അഭിപ്രായത്തോട് യോജിച്ചു.
“ഒരുപാട് പേർ വായിച്ചതു കൊണ്ടാണ് ഞങ്ങളുടെ അരികും മൂലയും കീറിയതും പുറംചട്ട ഇളകിയതും. എങ്കിലും വായനക്കാരുടെ കൈകളിൽ കൂടി മറിഞ്ഞു പോകുമ്പോഴാണല്ലോ ഒരു പുസ്തകത്തിന്റെ ജന്മം സഫലമാകുന്നത്. “
മൂന്നാമത്തെ പഴയ പുസ്തകവും ആ നല്ല കാലം ഓർമ്മിച്ചു.
“അന്നൊക്കെ ഈ വായനശാല എത്ര സജീവമായിരുന്നു. വൈകുന്നേരമാകുമ്പോൾ പുറത്തെ മുറി കുട്ടികളുടെ കാരംസ് കളിയുടെ ആരവങ്ങളും പത്രവും വീക്കിലികളും വായിക്കാൻ വരുന്നവരെടെ ശബ്ദങ്ങളും നമ്മളെക്കുറിച്ചുള്ള ചർച്ചകളും കൊണ്ട് നിറയും. റാക്കുകൾക്കിടയിൽ പുസ്‌തകങ്ങൾ തിരഞ്ഞു നടക്കുന്നവരുടെ കാലൊച്ചകൾ കേൾക്കാം. നാടൻപ്രണയങ്ങളുടെ ഒളിഞ്ഞു നോട്ടങ്ങൾ ഞങ്ങളും ആസ്വദിച്ചിരുന്നു. ആ സുവർണ്ണകാലം മാഞ്ഞു പോയല്ലോ. “
“അതെ, അത് നമ്മുടെ നല്ല കാലമായിരുന്നു. കാലം പോകവേ പുസ്തകം എടുക്കാൻ വരുന്നവരുടെ എണ്ണം കുറഞ്ഞു. കുട്ടികൾക്ക് വായനയിൽ താല്പര്യമില്ലാതായി. അവർ മൊബൈൽ ഫോണിലും കംപ്യൂട്ടറിലും കുത്തികുത്തിയിരുന്ന് നിശ്ശബ്ദ ജീവികളായി. അതുകൊണ്ടല്ലേ ഇപ്പോൾ പൊടിക്കുള്ളിൽ ആരും തൊടാതെ ഞങ്ങൾക്കൊപ്പം നിങ്ങൾ പുതിയവരും ഇരിക്കുന്നത്. ” മറ്റൊരു മുത്തശ്ശി പരിതപിച്ചു.
പുതിയ പുസ്തകങ്ങൾ ഒന്നിച്ചു ശബ്ദമുണ്ടാക്കി.
“ഞങ്ങൾക്കിടയിൽ ഒരു വായനക്കാരന്റെ പോലും കരസ്പർശനമേൽക്കാത്ത എത്രയോപേരുണ്ടെന്നോ. കണ്ടില്ലേ, നമ്മുടെ ജാതകം രേഖപ്പെടുത്തി വയ്ക്കുന്ന രജിസ്റ്ററും നമ്മളെ കൈമാറുമ്പോൾ വിവരങ്ങൾ എഴുതി വയ്ക്കുന്ന ബുക്കും അനാഥമായി പൊടിമൂടി ഇരിക്കുന്നത്. ലൈബ്രേറിയൻ കുഞ്ഞനന്തൻ ചേട്ടൻ പഞ്ചായത്ത് കൊടുക്കുന്ന ആ ചെറിയ മാസവേതനത്തിനു വേണ്ടിയല്ലേ വൈകിട്ട് വായനശാല തുറന്നിട്ട് ഈ മുറിയുടെ മൂലയിൽ വന്നിരിക്കുന്നത്. അദ്ദേഹം പോലും നമ്മളിലൊരാളെ എടുത്ത് വായിക്കുകയില്ല. കുറച്ചുപേർ പത്രവും വീക്കിലിയും വായിക്കാൻ വരുന്നത് കൊണ്ട് മാത്രമല്ലേ ഇവിടം വൈകിട്ട് തുറക്കുന്നത് തന്നെ. അല്ലെങ്കിൽ അടഞ്ഞ മുറിക്കുള്ളിൽ കിടന്ന് നാം ചിതലുകൾക്ക് ആഹാരമായേനെ. “
ഒരു പ്രണയ കഥാപുസ്തകം നെടുവീർപ്പിട്ടു.
“എത്ര പ്രണയ ലേഖനങ്ങളാണ് ഞങ്ങളുടെ താളുകൾക്കിടയിൽ കൂടി കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. വായിച്ചു നോക്കുകയില്ലെങ്കിലും ചേർന്നിരിക്കുമ്പോൾ ആ കത്തുകളിലെ പ്രണയത്തിന്റെ ഊഷ്മളത ഞങ്ങളും ആസ്വദിക്കുമായിരുന്നു. ഇതാ പഴയ ഓർമ്മകളും അയവിറക്കി ഞങ്ങളും ഈ മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുന്നു. “
ബാലസാഹിത്യമൂലയിൽ നിന്ന് ചിലമ്പിച്ച കുഞ്ഞു കരച്ചിലുകൾ ഉയർന്നു.
“ഞങ്ങൾക്ക് ഒരു കൂട്ടുകാരുടെയും വീട്ടിൽ പോകാൻ പറ്റുന്നില്ലല്ലോ. പണ്ട് ഞങ്ങളെ വായിച്ച് അവർ ഉറക്കെ ചിരിക്കുമ്പോൾ, അവരുടെ ഒപ്പം കട്ടിലിൽ കിടന്നുറങ്ങുമ്പോൾ എന്തൊരു സന്തോഷമായിരുന്നു. “
“എന്റെ അരികുകൾ പൊടിഞ്ഞു തുടങ്ങി. ഇനി എത്ര നാളുകൾ കാണുമോ എന്തോ. “ മൂലയിൽ ചാരിയിരുന്ന് കാരംസ് ബോർഡ് നെടുവീർപ്പിട്ടു.
വളരെ നാളുകൾക്കു ശേഷമായിരുന്നല്ലോ ഒരാൾ അവരുടെ ഇടയിലേക്ക് കടന്നു ചെന്ന് മൂന്നു പുസ്തകങ്ങൾ തെരഞ്ഞെടുത്തത്. അയാൾ വീണ്ടും മുറിയിലേക്ക് വന്ന് തങ്ങളിൽ ചിലർക്കെങ്കിലും ശാപമോക്ഷം നൽകുമെന്ന ആശയോടെ അവർ കാത്തിരുന്നു.
അപ്പോഴാണ് വാതിലിനടുത്ത റാക്കിലിരുന്ന ഒരു പുസ്‌തകം നിലവിളിച്ചത്.
“അയ്യോ, അതാ അദ്ദേഹം ആ മൂന്നു പുസ്തകങ്ങളുമായി പോകുന്നു. “
ഈ പുസ്തകങ്ങൾ എഴുതിയ ആളുടെ മകനാണ് നാളെ മോളെ പെണ്ണു കാണാൻ വരുന്നത്. അവർ വരുമ്പോൾ അദ്ദേഹത്തിന്റെ രണ്ടു മൂന്നു പുസ്തകങ്ങളെങ്കിലും സ്വീകരണമുറിയിൽ വേണമെന്ന് ഭാര്യക്ക് നിർബന്ധം. നാളെ വൈകിട്ട് തന്നെ തിരിച്ചെത്തിക്കാം. കുഞ്ഞനന്തൻ ചേട്ടനോട് അയാൾ പറഞ്ഞത് പുസ്തകങ്ങൾ കേട്ടില്ല
അയാളുടെ കാലൊച്ച ഇനിയും കേൾക്കുമെന്ന പ്രതീക്ഷയോടെ വായനശാലയിലെ പുസ്തകങ്ങൾ പൊടിയിൽ തല പൂഴ്ത്തി ഉറങ്ങാൻ തുടങ്ങി.
#എന്റെരചന ബ്ലോഗ് മത്സരം “എന്തായിരിക്കും ആ മനസ്സിൽ”


9 Comments
അസ്സലായി എഴുതി, ഇഷ്ടം ഈ എഴുത്ത്.
മിനി, തിരക്കില്ലാത്ത വായനശാല, യുവത്വം വായനയിൽ നിന്നും അകന്നു പോകുന്ന സത്യം വളരെ വ്യക്തമായി എഴുതി. നല്ല രചന.
👏👍
സ്നേഹം നന്ദി 🧡🙏 വായനക്കും നല്ല അഭിപ്രായത്തിനും ……
പുസ്തകങ്ങളുടെ വികാരങ്ങൾ , എഴുത്തുശൈലി, Visual Appeal – മനോഹരമായി ! <3
സ്നേഹം നന്ദി 🧡🙏 വായനക്കും നല്ല അഭിപ്രായത്തിനും ……
അതേ ഞങ്ങളുടെ നാട്ടിലെ വായനശാലയും ഇങ്ങനെ തന്നെ ആരവങ്ങളില്ലാതെ……. ആൾത്തിരക്കില്ലാതെ …..
നല്ലെഴുത്ത്👌❤️
അഭിനന്ദനങ്ങൾ മിനീ🌹❤️
ഞങ്ങളുടെ അടുത്തും ഒരുപാട് പുസ്തകങ്ങൾ ഉള്ള ഒരു വായനശാല ഉണ്ട്. ഇടക്കവിടെ പോകുമ്പോൾ ശാപമോക്ഷം കാത്തിരിക്കുന്ന പുസ്തകങ്ങളെ കണ്ട് സങ്കടം തോന്നും. സ്നേഹം നന്ദി 🧡🙏 വായനക്കും നല്ല അഭിപ്രായത്തിനും ……
നന്നായിട്ടുണ്ട്. ആരെയൊക്കെയോ കാത്തിരിക്കുന്ന പുസ്തകങ്ങളെ കാണുമ്പോൾ സങ്കടം വരും.
സ്നേഹം നന്ദി 🧡🙏 വായനക്കും നല്ല അഭിപ്രായത്തിനും ……