“രവ്യെ.. എവിടെയാ നീയ്? എണീറ്റില്ലേ ഇത് വരെ?”
അച്ഛൻറെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. കുഞ്ഞിത്തളത്തിലെ വടക്കേ ചുമരിന് ചേർത്ത് വിരിച്ച കുട്ടിക്കിടക്കയിൽ കിടന്ന് അമ്മയുടെ പഴയ സാരിപുതപ്പിന്റെ ഓട്ടയിലൂടെ കണ്ണ് വെച്ച് നോക്കി. അതാ അച്ഛന്റെ കാലുകൾ കുഞ്ഞിത്തളത്തിലേക്ക് കയറുന്നു. വേഗം കണ്ണ് പൂട്ടി ഉറക്കം നടിച്ചു കിടന്നു. അച്ഛന്റെ കാലുകൾ എന്റെ തൊട്ടടുത്ത് വന്ന് നിന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
“ടാ രവ്യെ.. നീയെണീറ്റ് വന്നേ. നിന്നെ പല്ല് തേപ്പിച്ചിട്ട് വേണം എനിക്ക് കുളിച്ച് പോവാൻ നോക്കാൻ. ദേ നോക്ക്, നിന്റമ്മ നിനക്കിഷ്ടംള്ള തൊട്ടുവരട്ട്യാ ഉണ്ടാക്കണേ ട്ടാ. ചേച്ചിമാരൊക്കെ തിന്ന് തീർക്കണെന് മുൻപ് പല്ല് തേപ്പിക്കാ അച്ഛൻ, ബാ”
തൊട്ട് വരട്ടിന്ന് കേട്ടതും അമ്മേടെ സാരി ദേഹത്ത് നിന്ന് മാറ്റി അച്ഛന്റെ നീട്ടിയ കൈകളിലേക്ക് ചാടുന്ന പോലെ ഞാൻ എഴുന്നേറ്റു. അരിയും ഉഴുന്നും പരിപ്പും ഉള്ളിയും വേപ്പിലയും മുളകും ഉപ്പും ഒക്കെ ഇട്ട് അമ്മിക്കല്ലിൽ തുരുതുരുപ്പായി അരച്ചെടുത്ത് അടി കട്ടിയുള്ള ചീനചട്ടിയിൽ അമ്മ ധാരാളം എണ്ണ ഒഴിച്ച് മൊരിയിച്ച് ഉണ്ടാക്കിത്തരുന്ന വിശിഷ്ട പലഹാരം. അതാണ് തൊട്ട്വരട്ടി. ഇതൊന്നുമല്ലാതെ പുളിക്കാത്ത ദോശ മാവ് കനത്തിൽ ഒഴിച്ച് ധാരാളം എണ്ണയിലിട്ട് മൊരിച്ചുണ്ടാക്കുന്ന തൊട്ട്വരട്ടിയും എനിക്കിഷ്ടമായിരുന്നു.
അച്ഛൻ എന്നെ പടിഞ്ഞാറേ ഭാഗത്തുള്ള ഞങ്ങൾ ചാച്ചട്ടി എന്ന് വിളിക്കുന്ന ഇറയത്തേക്ക് കൊണ്ട് വന്നു. ഇനി ബലമായി പിടിച്ചിരുത്തി ഉമിക്കരി കൊണ്ട് എന്റെ പല്ല് തേപ്പിക്കൽ ആണ്. അച്ഛന്റെ പരുപരുത്ത കൈ കൊണ്ട് പല്ല് തേപ്പിക്കുമ്പോൾ നല്ല വേദന എടുക്കും. അത് കൊണ്ട് തന്നെ ഞാൻ കുതറിയയോടും. “ടാ രവിക്കുട്ടാ, ഓടല്ലേടാ “ എന്ന് വിളിച്ച് അച്ഛൻ പിന്നാലെ വന്ന് പിടിച്ച് കൊണ്ട് പോകും. എന്തായാലും പല്ല് തേച്ച് കഴിഞ്ഞാൽ എന്റെ കൊച്ചരിപ്പല്ലുകൾ വെളുത്ത് തിളങ്ങും.
മൂത്ത ചേച്ചി കോളേജിൽ പോകാൻ നേരത്ത് എന്റെ പല്ലുതേപ്പും ചായകുടിയും കഴിഞ്ഞ് ചാച്ചട്ടിയിൽ അമ്മക്കോ അച്ഛനോ ഒപ്പം ഞാൻ ഇരിപ്പുറപ്പിച്ചു കാണും. അച്ഛൻ ജോലിക്ക് പോകുന്നത് വരെയുള്ള ഇനിയുള്ള സമയം അമ്മക്ക് വലിയ പണികൾ ഒന്നും ഉണ്ടാവില്ല. ചേച്ചി പോവുന്നതോടെ കാലത്തേക്കും ഉച്ചക്കലത്തേക്കും ഉള്ളത് തയ്യാറായിക്കാണും. അമ്മ മിക്കവാറും ചാച്ചട്ടിയിൽ ഇരുന്ന് പറമ്പിൽ നിന്ന് പറിച്ചു കൊണ്ട് വന്ന മുരിങ്ങയില നുള്ളി മുറത്തിലേക്ക് ഇടുകയോ പച്ചപ്പയർ നന്നാക്കി വെക്കുകയോ ഒക്കെയാവും. അച്ഛനും വെളുപ്പിന് തൊട്ടുള്ള പശുവിനെ കറക്കലും അടുക്കളയിൽ അമ്മയെ സഹായിക്കലും കഴിഞ്ഞ് വിശ്രമിക്കുകയാവും. വെറുതെയിരുന്ന് നിലത്ത് കുത്തിവരക്കുന്ന എന്റെ മുടിയിൽ ചീർപ്പ് കൊണ്ട് ചിത്രം വരക്കലാണ് അച്ഛന്റെ ആ സമയത്തെ ഒരു ഹോബി. എന്റെ തലയിലെ വിചിത്രമായ വകച്ചിൽ കണ്ട് ചിരിച്ചു കൊണ്ട് ചേച്ചി ബാഗും ഫയലും പിടിച്ച് പടിഞ്ഞാറേ വഴിയിലേക്ക് ടാറ്റാ പറഞ്ഞ് കയറിപ്പോകും. ചേച്ചി ഇനി വൈകീട്ടെ വരൂ.
“അച്ഛാ.. ഇതെവിടെയാ..?”
ഒഴിഞ്ഞ കട്ടിൽ കണ്ട് എന്റെ നെഞ്ചൊന്ന് കാളി. തുറന്നിട്ട ജനലിലൂടെ വരുന്ന സൂര്യപ്രകാശം മുറിയിലാകെ പരന്നിട്ടുണ്ട്. കാലത്ത് എഴുന്നേറ്റ് അച്ഛൻ ഇതെവിടേക്ക് പോയതാണ്!
കട്ടിലിന്റെ അപ്പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ട് വശത്തു കൂടെ ചുറ്റി വന്നപ്പോൾ അതാ കട്ടിലിൽ നിന്ന് ഇറങ്ങി നിലത്തിരുന്ന് എന്തോ കഴിക്കുകയാണ് അച്ഛൻ.
” അയ്യേ പല്ല് തേക്കാതെ കഴിക്കുവാൻ പോവുകയാണോ?”
എന്റെ ചോദ്യം കേട്ട് ഞെട്ടി അച്ഛൻ എന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ പല്ല് തേച്ചല്ലോ. ഇതൊക്കെ ചോദിയ്ക്കാൻ നീയാരാ?”
നിലത്തേക്കിരുന്ന് അച്ഛന്റെ കൈയിലെ പ്ലേറ്റ് എടുക്കുമ്പോൾ കുഞ്ഞിപ്പെണ്ണ് വന്ന് എന്റെ പുറത്ത് തൂങ്ങി. കൈയ്യെത്തിച്ച് അച്ഛന്റെ ചെവിയിൽ പിടിച്ച് കൊഞ്ചലോടെ പറഞ്ഞു: “ അപ്പൂപ്പന് ഇനി അടികിട്ടും, പല്ല് തേക്കാതെ ഫുഡ് കഴിച്ചാൽ കേട്ടോ? അടി വേണ്ടെങ്കിൽ വേഗം ഈ അച്ചച്ഛന്റെ പേര് പറഞ്ഞെ അപ്പൂപ്പൻ.”
അച്ഛൻ കൊച്ചു കുഞ്ഞിനെ പോലെ ആലോചിച്ച് ” ഇത് രവിയല്ലേ? ന്റെ രവിക്കുട്ടൻ.”
” അയ്യോടാ, മിടുക്കൻ അപ്പൂപ്പൻ.”
കുഞ്ഞിപ്പെണ്ണ് കൈയടിച്ച് ആർത്ത് വിളിച്ചുകൊണ്ട് അവളുടെ അച്ഛമ്മയോടും അമ്മയോടും വിശേഷം പറയാൻ അകത്തേക്ക് ഓടിപ്പോയി. നിറഞ്ഞ കണ്ണുകൾ തുടച്ച് ഞാൻ അച്ഛനെ പല്ല് തേപ്പിക്കാൻ കൊണ്ട് പോയി.
പ്രാതൽ കഴിക്കാൻ എല്ലാവരും ഇരിക്കുമ്പോഴേക്ക് അച്ഛനെ കുളിപ്പിച്ച് ഡ്രസ്സ് മാറ്റി കൊണ്ട് വന്ന് ഇരുത്തി. കുഞ്ഞിപ്പെണ്ണിന്റെ വക ഇന്നെന്തോ സർപ്രൈസ് ഉണ്ട്. നേരത്തെ പറഞ്ഞിട്ടുണ്ട്, എല്ലാവരോടും കൃത്യസമയത്ത് ഊണ് മേശയിൽ ഉണ്ടാവണം എന്ന്.
ലവ് ഷേപ്പിൽ ഉണ്ടാക്കിയ കേക്കിന് മുകളിൽ ‘അപ്പൂപ്പൻ ലവ് കുഞ്ഞി’ എന്ന് സ്വന്തമായി എഴുതിയിട്ടുണ്ട്. ഇന്നെന്താ പ്രത്യേകത എന്ന മട്ടിൽ വായും പൊളിച്ചിരിക്കുന്ന എന്നെയും അച്ഛനെയും നോക്കി അവൾ കിലുക്കാംപെട്ടിയെ പോലെ ചിരിച്ചു.
“ അയ്യേ ഈ അപ്പൂപ്പനും അച്ഛച്ചനും ഒന്നുമറിയില്ല! ഇന്നല്ലേ വാലന്റൈൻസ് ഡേ. അപ്പൂപ്പൻ ആണ് എന്റെ വാലൻന്റൈൻ”.
അവളുടെ ചിരിയിൽ ലയിച്ചിരിക്കുമ്പോൾ അച്ഛന്റെയും മനസ്സിൽ എന്റെ മനസ്സിലെ ചിന്ത തന്നെയായിരുന്നു എന്നെനിക്ക് ഉറപ്പായിരുന്നു. ഞങ്ങളുടെ ഇരുവരുടെയും ജീവിതത്തിൽ വിളക്കായി വിളങ്ങാൻ വന്നവളാണ് ഇവൾ എന്നത്, അച്ഛന് അവളെയും എന്നെയുമൊക്കെ ഓർത്തെടുക്കാൻ എപ്പോളും കഴിഞ്ഞില്ലെങ്കിലും!
#പ്രണയദിനം
#valentinesday
#മത്സരം


7 Comments
നന്നായി എഴുതി
അസ്സലായി… വളരെ ഇഷ്ടപ്പെട്ടു മഞ്ജു.
നല്ല ക്രാഫ്റ്റ്. 👌👌👌👌❤️👍👍
വ്യത്യസ്തം 👌
ഇഷ്ടം
💙💜
ഇഷ്ടായി❤️👌🌹
താങ്ക്യൂ