ശീതൾ ഓഫീസിന്റെ പടികൾ ഇറങ്ങുപ്പോൾ സെൽ ഫോൺ ബാഗിൽ കിടന്നു ചിലച്ചു.
‘അറിയാത്തൊരു നമ്പർ ഇതേതു ഞെരമ്പ് രോഗിയാവോ? അവൾ ചൂണ്ടു കൂർപ്പിച്ചു ടച്ച് സ്‌ക്രീനിൽ ശക്തിയായി അമർത്തി.
“ഈ അമർത്തലിൽ അയാളുടെ ആ ഞെരമ്പ് പൊട്ടും, അവർ മൂവരും ചേർന്നു ചിരിച്ചു.
“ങും… അതുപോട്ടെ, നീ പറയൂ, അനുപമ അവളെ മെല്ലെ തോണ്ടി.
ശീതൾ, കൂട്ടുകാരികളായ അനുപമയും ഇസബെല്ലയും ചേർന്ന് ഓഫീസിലെ സഹപ്രവർത്തകൻ സത്യപ്രകാശിന്റെ ആരാധന കലർന്ന നോട്ടവും ഭാവവും വിവരിക്കുകയായിരുന്നു. സംസാരം മുറിക്കുന്ന ചിരി നിയന്ത്രിക്കാൻ ശീതൾ ശ്രമിച്ചു പരാജയപ്പെട്ടു.
“പാവം… വെറുതെ എന്തിനാണ് അയാളെ വട്ടുകളിപ്പിക്കുന്നെ? താൽപര്യമില്ലെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ ? ഇതൊക്കെ കഷ്ടമാണ് ശീതൾ “, ഇസബെല്ല നീരസം മറച്ചുവെച്ചില്ല.
“ഓ, ഇസേ…ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ? വെറുതെ ഒരു രസം, അല്ലാതെയെന്ത്?”, ശീതൾ കുസൃതിയോടെ തോള്ളറ്റം വെട്ടിയിട്ട അവളുടെ മുടിയിൽ ചുറ്റിത്തിരിയുന്ന കാറ്റിനോട് പരിഭവിച്ചു, ‘ശ്ശോ, എന്തൊരു കാറ്റിത്!’ അവൾ പാറിപ്പറക്കുന്ന മുടി മാടിയൊതുക്കി.
ഫോൺ വീണ്ടും ചിലച്ചു.
“ഓ… അയാളാവും, ഒരു മിനിറ്റ്”, അവൾ ഫോൺ കാതിൽ ചേർത്തു, അല്പം ദൂരേക്ക് മാറിനിന്നു.
ശീതളിന്റെ കണ്ണുകൾ വീതിയുള്ള റോഡരികിലെ പാർക്കിംഗ് ഏരിയയിലേക്ക് നീണ്ടു. അവിടെ നിന്നും കൈവീശി കാണിക്കുന്ന യുവാവിനെ അവൾ കണ്ടു. കറുത്ത ടാർറോഡിൽ വെള്ളവരകൾ, പാത പകുത്തു ഗതി നിർണയിക്കുന്നു. പക്ഷെ ഏതു ദിശയിൽ സഞ്ചരിക്കണമെന്ന് നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയല്ലെ?, അവൾ കരുതി.
“നിങ്ങൾ പൊയ്ക്കോളൂ. എനിക്കിന്ന് ഒരാളെ കാണാനുണ്ട്. ”
“ആരാ കക്ഷി?, അനുപമ ശബ്ദം താഴ്ത്തി ചോദിച്ചു.
“നാളെ പറയാം”, അവൾ ധൃതിയിൽ പടികളിറങ്ങി.
അവളുടെ ദുപ്പട്ട കാറ്റിൽ പറന്നു കൈവരിയിൽ ഉടക്കി. അവൾ അതു വലിച്ചെടുത്തു നേരെയിട്ടു.
‘വേറൊരു നല്ല നിറമുള്ള ഡ്രസ്സ് മതിയായിരുന്നു, ഇതൊരു ഇളം നിറം’, അവൾ ധരിച്ചിരുന്ന ചൂരിദാർ നോക്കി പരിതപിച്ചു.
അവളെ കാത്തിരുന്ന പോലെ അയാളവളെ സ്വീകരിച്ചു.
“ഞാൻ അതുൽ, അയാൾ സ്വയം പരിചയപ്പെടുത്തി. കാണാൻ തരക്കേടില്ലാത്ത ഇരുനിറക്കാരൻ ആദ്യകാഴ്ചയിൽ തന്നെ ശീതളിന്റെ മനസ്സിൽ ഇടം പിടിച്ചു.
“ദാ ഒരു കോഫി കുടിച്ചിട്ട് സംസാരിക്കാം., എന്താ?”, ഇടം കണ്ണിറുക്കി അയാൾ വിളിച്ചു.
”ഉം…”, അവൾ അയാളോടൊപ്പം നടന്നു.
തനിക്കു വരുന്ന വിവാഹലോചനകളാണ് വീട്ടിലെ ഇപ്പോഴത്തെ ചർച്ച. ഏറ്റവും ഒടുവിൽ വന്ന വിവാഹലോചനയെ കുറിച്ച് കേട്ടപ്പോൾ അവൾക്കും ഒരിഷ്ടം തോന്നിയിരുന്നു. അതുൽ കൃഷ്ണൻ എന്നാണ് പേരെന്നും ഐ ടി മേഖലയിൽ ജോലി ചെയ്യുകയാണെന്നുമറിഞ്ഞു.
“അവനു മോളെ കണ്ടു പരിചയപ്പെടണമെന്നും വിവാഹത്തിന് മുൻപ് ഇഷ്ടങ്ങളൊക്കെ തമ്മിൽ അറിയണം എന്നൊക്യാ പറയണേ”, അച്ഛൻ പറഞ്ഞു.
“കാലം മാറീല്യേ… നടക്കട്ടെ ല്ലേ “, അയാൾ ഭാര്യയെ നോക്കി.
“ങാ… ആയ്ക്കോട്ടെ”, അവർ സമ്മതഭാവത്തിൽ തലയാട്ടി.
“മനപ്പൊരുത്താണ് ഏറ്റം പ്രാധാന്യം. നെനക്ക് ചേരുന്നാണ് തോന്നണേ, നിന്നെ പോലെ ഒരു പുരോഗമനവാദി തന്ന്യാന്ന് തോന്ന്ണു”, അച്ഛൻ അവളെ നോക്കി, മുഖം കോട്ടി ചിരിച്ചു. ശീതൾ, അവരുടെ ജീവിതത്തിൽ, വളരെ വൈകിയെത്തിയ മകളായിരുന്നു. അവരുടെ ജീവിതം അവൾ മാത്രമായിരുന്നു.
“അച്ഛാ…എനിക്ക് നല്ലോണം ഇഷ്ടായാലേ ഞാൻ കല്യാണത്തിന് സമ്മതിക്കൂട്ടോ. ”
ശീതളും അച്ഛനും ചുമരിൽ ചില്ലിട്ടു തൂക്കി വെച്ചിരുന്ന ചിത്രങ്ങൾ താഴെയിറക്കി, രണ്ട് തലമുറയുടെ വിവാഹചിത്രങ്ങളിലെ പൊടി തൂത്തു കളഞ്ഞപ്പോൾ തെളിഞ്ഞ ആ ചിത്രങ്ങളിലേക്ക് നോക്കിയാണ് അവളതു പറഞ്ഞത്.
“ഉം…ആയ്ക്കോട്ടെ “, അയാൾ മൂളി. നെഞ്ചിലെ നരച്ച രോമങ്ങളിൽ കൈ തഴുകി.
പ്രായം തങ്ങളുടെ ശരീരത്തിൽ പിടുത്തം മുറുക്കുമ്പോഴും മകളുടെ അഭിപ്രായപ്രകടനങ്ങളിൽ അയാൾക്ക് അഭിമാനം തോന്നി. അവൾ ശരിയെന്ന് അയാളുടെ കൂട്ടിക്കിഴിച്ചു, ഉത്തരം കണ്ടു. മകളുടെ വിവാഹം നീണ്ടു പോകുന്നതിന്റെ പിരിമുറുക്കത്തിലും അതിനു മാറ്റം വന്നില്ല.
ഭാഗ്യം, അവൾക്കു തോന്നി അതുൽ അത്രമേൽ, അവളാഗ്രഹിച്ച പങ്കാളിയായിരുന്നു. മഞ്ഞുകണങ്ങൾ പറ്റിനിൽക്കുന്ന പൂക്കളിൽ ഇളം വെയിൽ പരത്തി അവരുടെ പ്രണയം.
കുഞ്ഞിക്കാലുകൾക്കൊണ്ട് ചവിട്ടിത്തൊഴിച്ചു ഗർഭപാത്രത്തിൽ തന്റെ വരവറിയിച്ച ജീവന്റെ സ്പന്ദനത്തിനായ് അതുൽ കാതുചേർത്തു. അവരുടെ ഇടയിൽ ഉല്ലാസക്കടൽ ഓളം തല്ലി.
മകളുടെ പുഞ്ചിരിയിൽ, ആഹ്ലാദം ചാലിച്ച നിർവൃതിയിൽ, അതുൽ അവളേയും മകളേയും വാരിപ്പുണർന്നു.
അന്ന്, കാർമേഘക്കറുപ്പിൽ, മിന്നൽ വായ്ത്തല രാകിമിനുക്കിയ ഇരുണ്ട രാത്രിയായിരുന്നു. അലച്ചു പെയ്യുന്ന തോരാമഴയും ആർത്തലച്ച കാറ്റും മത്സരിച്ച് ദുഃഖത്തിന്റെ പെരുങ്കടൽ പെയ്തു നിറച്ച കറുത്ത രാത്രി. ആശുപത്രി വരാന്തയിലെ ചാരുബെഞ്ചിൽ അവളെ അവർ താങ്ങിയിരുത്തി. ആരോ അവളുടെ മടിയിൽ വെച്ചുകൊടുത്ത കുഞ്ഞിനവൾ മുലയൂട്ടി. കുഞ്ഞിന്റെ കരച്ചിലവൾ കേൾക്കുന്നുണ്ടായിരുന്നില്ല. പെരുവിരലിലൂടെ അരിച്ചു കയറുന്ന തണുപ്പ് മരണത്തിന്റെ തണുപ്പായിരുന്നു. അതുൽ, വാഹനാപകടം കവർന്ന തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിന്റെ തണുപ്പ്. ആ തണുപ്പ് അവളുടെ ശരീരത്തിലും മനസ്സിലും പടർന്നു. ആത്മാവിൽ തുളയിട്ട, നോവിന്റെ കൊടുംശൈത്യത്തിൽ അവളുടെ കണ്ണീർ ഉറഞ്ഞു പോയിരുന്നു.
“എന്റെ മോളൊന്നു കരഞ്ഞിരുന്നെങ്കിൽ, ശീതളിന്റെ അമ്മയുടെ വിലാപം അലകളായി അലറി കുതിക്കുന്ന കാറ്റിൽ കലങ്ങി. അവളുടെ കണ്ണുകളിലെ ശൂന്യത അവരെ ഭയപ്പെടുത്തി.
ചിന്തകൾ ഉറക്കം കെടുത്തിയ രാത്രിക്കൊടുവിൽ ഭൂമിയിലെ സമയം സൂക്ഷിക്കുന്ന ഒരു പൂവങ്കോഴി നീട്ടികൂകി.
അനിശ്ചിതത്വത്തിന്റെ വിരസമായ ചതുപ്പിൽ ആ കുടുംബം മുങ്ങിത്താഴാൻ തുടങ്ങിയിരുന്നു.
“ശീതൾ തീരെ ചെറുപ്പമല്ലേ, മറ്റൊരു വിവാഹം ആലോചിക്കണം “, ചെറിയമ്മാവൻ അവളുടെ അച്ഛനെ ഉപദേശിച്ചു.
“ഉം… അയാൾ മൂളി, ഒറ്റപ്പെട്ടു പോകുന്ന മകൾ എന്ന ചിന്തയിൽ ആ മൂളൽ ഘനം വെച്ചു.
“അവൾ സമ്മതിക്കുമോ ആവോ?, ആശങ്കയിൽ, അയാളുടെ കണ്ണുകളിലെ നരച്ച കൃഷ്ണമണികൾ കൂടുതൽ വിളറി.
സത്യപ്രകാശ് അമ്മയോടൊപ്പം ശീതളിന്റെ വീടിന്റെ പടികടന്നുവന്നത്, പകലിന്റെ വേലിയിറക്കം തുടങ്ങിയ ഒരു സന്ധ്യയിലായിരുന്നു. അവരുടേത്, ഉപചാരങ്ങൾക്കു മിനക്കെടാത്ത പ്രകൃതമായിരുന്നു.
“വളച്ചുകെട്ടില്ലാതെ കാര്യം പറയാം. എന്റെ മകൻ സത്യന് ശീതളിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ട്. അവളുടെ ആദ്യവിവാഹം അവന് പ്രശ്നമില്ലെന്ന് പറയുന്നു”, പ്രൗഢയായ സ്ത്രീ ചുരുങ്ങിയ വാക്കുകളിൽ വിഷയം അവതരിപ്പിച്ചു. വകുപ്പുമേധാവിയായി വിരമിച്ച ലീലാവതിയിൽ അധികാരഭാവം മുൻതൂക്കം നേടിനിന്നു. ശീതളിന്റെ വൃദ്ധമാതാപിതാക്കൾ, തുരുത്തിലണഞ്ഞ തോണിയിൽ നിശ്വസിച്ചു.
“എനിക്ക് ശീതളിനെ മുൻപും ഇഷ്ടമായിരുന്നു, ഇപ്പോഴും അതിൽ മാറ്റമില്ല”. സത്യപ്രകാശ് അവളുടെ ഭാഗത്തേക്ക് കണ്ണയച്ചു. വാക്കുകൾ കൂടുവിട്ടു പറന്നു പോയിരുന്ന അവൾ നിശബ്ദയായിരുന്നു. അവളുടെ മടിയിൽ മകൾ കൈക്കാലിളക്കി ചിരിച്ചു.
“പക്ഷെ കുഞ്ഞിനെ ഏറ്റെടുക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല. അവരുടെ സ്വരത്തിൽ ഗൗരവം മുറ്റി നിന്നു. അതെന്റെ തീരുമാനമാണ്. നിങ്ങൾ ആലോചിച്ചറിയിക്കൂ. ഞങ്ങളിപ്പോൾ ഇറങ്ങട്ടെ.”
സന്ധ്യ പരക്കുന്ന മുറ്റത്തിന്റെ കോണിൽ പവിഴമല്ലിപ്പൂക്കൾ കൊഴിഞ്ഞു കിടന്നിരുന്നു. മുറ്റം കടന്നെത്തിയ സന്ധ്യ അവരുടെ മനസ്സിലെ ഇരുളിന്റെ പാടയുമായ് കൂട്ടുചേർന്നു. ഉമ്മറത്തെ ചാരുകസേരയിൽ അവളുടെ അച്ഛൻ ഇരുട്ടിൽ തളർന്നിരുന്നു.
“മോൾ ആലോചിക്കൂ… ഇതും നിന്റെ മാത്രം തീരുമാനമാണ്”, അച്ഛൻ അവളുടെ നെറുകയിൽ തലോടി. അമ്മയപ്പോൾ ചിണുങ്ങികരയാൻ തുടങ്ങിയ കുഞ്ഞിനെ വാരിയെടുത്തു താരാട്ടു പാടി ഉറക്കാൻ ശ്രമിച്ചു.
“എനിക്ക് സമ്മതമാണ് “, ഇരുട്ടിനെ കീറിമുറിച്ച ചിലമ്പിച്ച ശബ്ദം അവർ കേട്ടു.
‘എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു’. അവൾ തേങ്ങി. വിധവയായ മകളും പിഞ്ചുകുഞ്ഞിന്റെ അമ്മയും ചീവിടുകളായി ചെവി കുത്തിത്തുളച്ച് ഇടതടവില്ലാതെ അവളോടു് ഒച്ചവെച്ചു. ദൂരെയൊരു ഉണക്കമരത്തിൽ ഒറ്റക്കിരുന്നൊരു മൂങ്ങ മൂളി.
ആർഭാടമില്ലാതെ ലളിതമായ വിവാഹം, അവളെ വിട്ടൊഴിയാത്ത തണുപ്പിലവൾ സത്യയുടെ വീട്ടിലേക്കു യാത്രയായി.
കൊച്ചുകുന്നുകളെ വകഞ്ഞുമാറ്റി വളഞ്ഞുപുളഞ്ഞു പോകുന്ന റോഡ്. ആ യാത്ര ചെന്നവസാനിച്ചത് കുന്നിൽ ചെരിവിലെ വിശാലമായ പുരയിടത്തിലായിരുന്നു. തട്ടുത്തട്ടുകളായി കിടന്നിരുന്ന ഭൂമിയിൽ പടുത്തുയർത്തിയ കരിങ്കൽ മതിൽ. വള്ളിച്ചെടികൾ, കല്ലുകൾക്കിടയിലെ ആഴം കുറഞ്ഞ മണൽചാലിൽ വേരുകൾ പൂഴ്ത്തി പറ്റിപ്പിടിച്ചു വളർന്നു.
നല്ല തട്ടുയരമുള്ള മുറിയിൽ ചൂടു കുറവായിരുന്നു. പക്ഷെ ശീതളിന്റെ ഹൃദയത്തിൽ നിന്നും കുത്തിപ്പറിച്ച തുണ്ടുമാംസം പിടഞ്ഞു കരഞ്ഞുകൊണ്ടിരുന്നു.
സത്യപ്രകാശ് ഒരു ഉപഗ്രഹം പോലെ അവൾക്കു ചുറ്റും കറങ്ങി, അവളുടെ ഇഷ്ടങ്ങൾ തേടി അവളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു.
“ശീതൾ… നീ എന്താ ഇങ്ങനെ?”, അയാളുടെ ചോദ്യത്തിൽ മടുപ്പു തികട്ടി. ഒരു പൊട്ടിക്കരച്ചിലിൽ ഒതുങ്ങിയ അവളുടെ മറുപടിയിൽ, നിരാശയോടെ അയാൾ മുറിവിട്ടിറങ്ങി.
താലിമാല അവളുടെ കഴുത്തിൽ സർപ്പമായിഴഞ്ഞു. മുറിഞ്ഞുവീണ പൊക്കിൾക്കൊടിയിൽ നിന്നും ചീറ്റിത്തെറിച്ച ചോര തറയിൽ ചുവന്ന വൃത്തങ്ങൾ ചമക്കുന്നതവൾ കണ്ടു. അവ പെട്ടെന്നുതന്നെ കടും ചുവപ്പു നിറം പടർന്ന മറുകുകളായി മാറുന്നതും. അവൾ ചോര പൊട്ടുകൾ ചവിട്ടാൻ ഭയന്നു ഉന്മാദിനിയെ പോലെ അലറികരഞ്ഞു.
“സത്യാ, എനിക്കെന്റെ മോളെ വേണം “.
“എന്ത്…ശീതൾ, നീ എന്താ പറയുന്നേ?”, അയാളുടെ വാക്കുകളിൽ നിസ്സഹായത പടർന്നു.
ലീലാവതി കൊടുങ്കാറ്റുപ്പോലെ മുറിയിൽ കയറിവന്നു.
“എന്താണിപ്പോൾ ഇങ്ങനെ പറയുന്നത്, ശീതൾ, നീ നമ്മുടെ എഗ്രിമെന്റ് മറന്നോ?”
“ത്ഫൂ…എന്ത് എഗ്രിമെന്റ്? നിങ്ങൾ ഒരമ്മയാണോ? “, അവൾ ചീറി.
ലീലാവതി അവളുടെ ഭാവത്തിനു മുന്നിൽ പതറി, കോപത്തോടെ അമർത്തിച്ചവിട്ടി, മുറിവിട്ടിറങ്ങിപ്പോയി.
കട്ടിലിന്റെ കൈവരിയിൽ പിടിച്ചു തല കുനിച്ചിരുന്ന ശീതളിന്റെ കൈയിൽ സത്യ മെല്ലെ തൊട്ടു.
“സത്യാ… ഞാൻ കുറെ ശ്രമിച്ചു, എനിക്ക് പറ്റുന്നില്ല സത്യ. കുറ്റം എന്റെയാണ്, പക്ഷെ എനിക്ക് എന്റെ മകളെ വേണം, ഇനിയും ഇവിടെ നിന്നാലെനിക്കു ഭ്രാന്തു പിടിക്കും. എനിക്ക് പോകണം.” വാക്കുകൾ മുറിഞ്ഞുവീണു. അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു അവൾ കെഞ്ചി.
അയാളുടെ കണ്ണുകൾ ഈറനായിരുന്നു. മനസ്സിന്റെ വിങ്ങൽ വാക്കുകളെ തൊണ്ടയിൽ കുരുക്കി തടവിലിട്ടു.
സമയം, കാലത്തിന്റെ ആ ഹൃദയത്തുടിപ്പുകൾക്ക് ശീതളിന്റെ കുടുംബം ചെവിയോർത്തിരുന്നു. ഏതോ ഒരു ഭയം അവരുള്ളിൽ പൊതിഞ്ഞുവെച്ചിരുന്നു. ഒറ്റയ്ക്ക്, ഉന്മാദിനിയായി കയറിവരുന്ന മകളെ കണ്ടപ്പോൾ കെട്ടഴിഞ്ഞ ഭയം യാഥാർഥ്യമായി മുന്നിലെത്തി. തിരിച്ചു കിട്ടിയെ അമ്മയുടെ മാറിന്റെ ചൂടിൽ ഉറക്കത്തിലും മകൾ പുഞ്ചിരിച്ചു.
കറുപ്പും വെളുപ്പും കരുക്കൾ അവർ ഓരോരുത്തരുടേയും ചിന്തകളിൽ നിരങ്ങി നീങ്ങി. ശരിതെറ്റുകളുടെ കളങ്ങളിൽ അവ പടപ്പൊരുതി, വിജയം ഉറപ്പാക്കാൻ കഴിയാതെ നീക്കം തുടർന്നു.
പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിൽ പുതയുന്ന ചക്രങ്ങൾ ഒരു സീൽകാരത്തോടെ ശീതളിന്റെ വീട്ടുപ്പടിയിൽ യാത്ര അവസാനിപ്പിച്ചു.
“ആരാത്…?”, ശീതളിന്റെ അച്ഛൻ കർട്ടൻ വകഞ്ഞുമാറ്റി പുറത്തേക്കു നോക്കി.
കാറ്റു തൊട്ടിലാട്ടി സൂചിരൂപം പൂണ്ടുപെയ്ത മഴക്കിടയിലൂടെ നടന്നടുക്കുന്ന രണ്ടുപേർ, സത്യയും അമ്മയും. മഴയുടെ മൂടുപടത്തിൽ ഒളിച്ച വെളിച്ചത്തിന്റെ നേർത്ത മങ്ങലിലും സത്യയുടെ മുഖം ദീപ്തമായിരുന്നു.
“ശീതൾ…, നിന്നിലെ അമ്മയെ ഞാൻ പൂർണ്ണമായും അറിഞ്ഞില്ല. വലിയ തെറ്റായിപ്പോയി…ഇപ്പോൾ ഞങ്ങൾ നിങ്ങളെ കൂട്ടിക്കൊണ്ട് പോകാനാണ് വന്നത് “, സത്യ കുഞ്ഞിന് നേരെ കൈനീട്ടി. ശീതൾ ഒരു നിമിഷം നിശ്ചലയായി നിന്നു.
“ഇനിയൊരിക്കൽ കൂടി നിന്നെ നഷ്ടപ്പെടാൻ എനിക്കാവില്ല, ശീതൾ”, അയാളുടെ ശബ്ദം വിറപൂണ്ടു.
“അന്നത്തെ അവസ്ഥയിൽ, ഞാൻ എന്തൊക്കെയോ പറഞ്ഞുപ്പോയി”, ശീതൾ മുഖം കുനിച്ചു.
“ഞാനാണ് നിന്നോട് ക്ഷമ ചോദിക്കേണ്ടത്. ഒരു അമ്മയായിട്ടും എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയല്ലോ നിന്റെ മനസ് .
മത്സരവും വിജയവും അധികാരവും മാത്രമായിരുന്നു ഇത്ര നാളും എന്റെ ജീവിതം. ഞാനെന്റെ മകന്റെയിഷ്ടം അറിയാൻ ഏറെ വൈകിപ്പോയി”, അവരുടെ സ്വരം മൃദുവായിരുന്നു.
മഴ തോർന്നു, മാനം തെളിഞ്ഞിരുന്നു. ആ തെളിഞ്ഞ വെയിലിൽ നോക്കി അവർ യാത്രപറഞ്ഞു. സത്യയുടെ കൈകളിലിരുന്നു കുഞ്ഞു പവിഴമല്ലിപ്പൂക്കൾക്ക് നേരെ കൈ ചൂണ്ടി. അയാൾ മഴവെള്ളം പേറി തലകുനിച്ചുനിന്ന പൂക്കൾ പറിച്ചെടുത്തു. തൂവെള്ള പൂക്കളുടെ ഹൃദയത്തിലെ ഇളം ചുവപ്പു പൊട്ടുകൾ, പിഞ്ചുവിരലുകൾ നുള്ളിയെടുത്തു.
സത്യപ്രകാശിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജാലകം വിശാലമായ മുററത്തേക്ക് തുറന്നിരുന്നു. മുറ്റം രണ്ടായി പകുത്ത നടപ്പാതക്കരികിൽ വാകമരങ്ങൾ പൂത്തു നിന്നിരുന്നു. ഈ വാകപൂക്കൾ താൻ ഇതുവരെ കണ്ടില്ലല്ലോ, ശീതൾ ഓർത്തു.
“ഒരു കാമുകന്റെ രൂപവും ഭാവവും തീരെ എനിക്ക് ഇണങ്ങില്ല അല്ലെ? “, സത്യ ചമ്മിയ ചിരി ചിരിച്ചു.
“ഓ…അതെല്ലാം ചിലരുടെ ഭാവനയിൽ നിന്ന് നമ്മൾ പകർത്തിയതാണ്, സത്യ. അതിലൊന്നും ഇപ്പോൾ കാര്യമില്ലെന്ന് തോന്നുന്നു”, തന്നെ വന്നുപൊതിയുന്ന അസ്വസ്ഥതയിൽ ചുരുണ്ട്, അവൾ ഷാളിന്റെ തുമ്പ് വിരലിൽ ചുറ്റിനിവർത്തി.
“ശീതൾ, എനിക്ക് നിന്നോട് എന്നും ഇഷ്ടമായിരുന്നു. പ്രണയം തെറ്റിദ്ധരിക്കപ്പെടുമ്പോളുള്ള നീറ്റൽ… പെയിൻ ഓഫ് റിജെക്ഷൻ…”, അയാളുടെ സ്വരമിടറി.
“സോറി… സത്യ”.
തിരിച്ചറിവിൽ നിന്നുയർന്ന ക്ഷമാപണത്തിന്റെ മാന്ത്രികത, പ്രണയത്തിന്റെ വശ്യഭാവമാണെന്നവർ അറിഞ്ഞു. അയാൾ താൻ തേടുന്ന ജീവാംശം, ഹൃദയത്തിന്റെ ചൂടിലേയ്ക്കുചേർത്തു.
“ഇത്രയും വേദനിച്ചിട്ടും നിങ്ങൾക്കെങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയുന്നു?”, ശീതൾ പിറുപിറുത്തു.
“ശീതൾ, നിന്നോടുള്ള പ്രണയം, അതെ, അതുകൊണ്ടു മാത്രമാണ്, ഞാൻ നിന്നെ തേടിവന്നത്. നിന്റെ പുഞ്ചിരിയിൽ വിടർന്ന പ്രണയമാണ് ഞാൻ ആഗ്രഹിച്ചത്. ”
ഊറിക്കൂടിയ പുഞ്ചിരിയിൽ, അയാൾ ജാലകപ്പാളിയുടെ സുതാര്യതയിലൂടെ പുറത്തേക്ക് നോക്കി.
മുററത്തെ വാകമരത്തിൽ പ്രണയം കടുപ്പിച്ച ചുവപ്പിൽ പൂങ്കുലകൾ പൂത്തുവിടർന്നു. ഇടയിലൂടെ ഊർന്നുപോകുന്ന ഈർപ്പം പേറുന്ന കാറ്റ്, ശിഖിരങ്ങളെ ഉലച്ചു. ഇലകളുടെ പച്ചപ്പിന്റെ സമൃദ്ധിയിൽ, ചുവപ്പ് കാറ്റിലുലഞ്ഞു. ചുവന്ന പൂക്കൾ ഊർന്നുവീണ് ഭൂമിയിൽ പ്രണയത്തിന്റെ കടും ചുവപ്പ് മറുകുകൾ രൂപമെടുത്തു.
#പ്രണയം


12 Comments
കഥ കൊള്ളാം
Thank you, Pavithra 🙏😍
മനോഹരമായ പ്രണയകാവ്യം ❤️
Thank you Smitha🙏😍
❤️❤️👌
ടhreeja, നന്ദി, ഇഷ്ടം മാത്രം.
🙏😍😍😍
Nice 😍
Thank you Sunadha👏❤❤❤
❤️❤️❤️
Sabira, thank you.🙏❤❤❤
മനോഹരം❤️👌🌹
Suma, thank you.
🙏❤