ചില്ലുകൂട്ടിലെ പലഹാരങ്ങൾ നമ്മുടെ നല്ലോർമകളിലുണ്ടല്ലോ. പണ്ട് അമ്മൂമ്മ ഉണ്ടാക്കിയ പല നാടൻ കറികളുടെ രുചിയും മണവും നമ്മുടെ നാവിലുണ്ട്. നമ്മുടെ ചെറുപ്പങ്ങളിൽ അമ്മ ഉണ്ടാക്കുന്ന നാടൻ പലഹാരങ്ങളും അവയുടെ കൂട്ടും നമ്മളിപ്പോഴും ഓർക്കുന്നു.
നമ്മുടെ വഴികളിലൂടെ വിൽക്കാൻ കൊണ്ടുപോയിരുന്ന ഐസ് ഫ്രൂട്ടുകൾ ഓർമ വരുമ്പോൾ ആ രുചിയും അന്നാസ്വദിച്ച അതെ രീതിയിൽ നിന്നും നമ്മൾ ഓർക്കുന്നതായി തോന്നാറില്ലേ? ഇന്ന് കിട്ടുന്നവ അന്നത്തെ അത്ര പോരാ എന്ന് ചിന്തിക്കുന്നവരാണല്ലോ നാം. പണ്ട് നാം കളിച്ചിരുന്ന അച്ഛനും അമ്മയും കളികൾ അമ്മ സാരി ഉടുത്തു അടുക്കളയിൽ പാചകം ചെയ്യുന്ന പോലെ കുട്ടികളും അനുകരിച്ചു കളിക്കുന്ന കളികളും മറ്റും ഇന്നോർമ മാത്രമായി.
ഞാനിത്രയും ഓര്മപെടുത്തിയത് ഒരു താരതമ്യപഠനം നടത്താൻ വേണ്ടിയാണ്. അല്ലാതെ നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഉണർത്താൻ അല്ലെന്നർത്ഥം. 🤭
ഇന്നത്തെ മക്കളും നമ്മൾ മക്കളായിരുന്നു കാലവും തമ്മിലുള്ള ഒരു പഠനം..
ഇന്ന് പ്രഭാതഭക്ഷണം കുറേപേർക്കു ഇല്ലാതായിരിക്കുന്നു. ഉച്ചക്കോ.. എളുപ്പവഴിയിലുള്ള ബർഗർ.. കെ ഫ് സി പോലുള്ള ഭക്ഷണങ്ങളും… ഉച്ചക്ക് വഴിയരികിലുള്ള സ്നാക്സ്… വീട്ടിലുണ്ടാക്കിയ നാടൻവിഭവങ്ങൾ അപ്രത്യക്ഷമായി എന്നു ഞാൻ പറയുന്നില്ല. എന്നാൽ മനപ്പൂർവം മാറ്റിവെക്കപെട്ടു എന്നതാവും ശരി. ധ്രുതഗതിയിലുള്ള മാറ്റങ്ങൾ നമ്മൾ കണ്ടുതുടങ്ങി.. അതുപോലെ ആരോഗ്യവും.. പണ്ടത്തെ വ്യക്തികളുടെ ആരോഗ്യം ഇന്നത്തെ ആളുകൾക്കില്ല..
ഇനി ഇതുമില്ല ഞാൻ പറയാൻ പോകുന്നത്..
പണ്ട് ഒരു കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത്, തൊടിയിൽ കൊണ്ടുപോയി കാക്കയെയും പൂച്ചയേയും കോഴികളെയും പൂക്കളും ചെടികളും കായ്കളും പരിചയപെടുത്തിയും കുട്ടി കവിതകളും കുഞ്ഞുകഥകളും ഒക്കെ ചൊല്ലിയും പറഞ്ഞുമൊക്കെയാണ്. എന്നാൽ ഇന്നോ… കാർട്ടൂൺ എന്ന രീതിയിൽ ഇതെല്ലം പെട്ടന്ന് മിന്നിമാഞ്ഞുപോകുന്ന നിറങ്ങളുടെയും വേഗതകളുടെയും നിറകുടമായ ഭംഗിയുള്ള ഒരു സ്‌ക്രീനിൽ ആണ് കുഞ്ഞുങ്ങൾ ആസ്വദിക്കുന്നത്. ഈ കടുത്ത നിറങ്ങളും വേഗതയും മിന്നിമായുന്നതും ഞൊടിയിടയിൽ സംഭവിക്കുന്നതിനാൽ തലച്ചോറിന് അതത്ര ഗുണകരമല്ല എന്നത് മറ്റൊരു സത്യം. ഇത് കുട്ടികളുടെ ചിന്താഗതിയും മനോഭാവവും എല്ലാം മാറ്റപ്പെടുന്നു.
ഇനി മറ്റൊന്നുകൂടി പറഞ്ഞുകൊള്ളട്ടെ.. പണ്ട് കുഞ്ഞുകഥകളിലൂടെ അമ്മയുടേയോ അമ്മൂമ്മയുടെയോ ശബ്ദത്തോടെ നമ്മൾ കേൾക്കുമ്പോൾ ആ കഥയുടെ ചിത്രം നമ്മിൽ പതിയുമായിരുന്നു. അവരുടെ ശബ്ദമടക്കം.. നമ്മൾ രൂപകൽപന ചെയ്യുന്നതാണ് ആ കഥാകാഴ്ചകൾ.. അന്നേരം നമ്മുടെ ബ്രെയിൻ നന്നായി കഷ്ടപ്പെട്ട് ആ ചിത്രങ്ങൾ അല്ലെങ്കിൽ വീഡിയോസ് നിർമിക്കുമായിരുന്നു. ഇന്നാകട്ടെ… മറ്റുള്ളവരുടെ തലച്ചോറിനാൽ ഉണ്ടാക്കിയെടുക്കുന്ന കാഴ്ചകൾ മാത്രം നമ്മുടെ തലച്ചോറ് പണിയെടുക്കാതെ കാണുന്ന രീതിയായി മാറിയിരിക്കുന്നു. ഫലമോ നമ്മുടെ തലച്ചോറിന്റെ കഴിവ് കുറയുന്നു. മറ്റുള്ളവരുടെ കഴിവിനാൽ ജീവിക്കുന്നവർ മാത്രമാകുന്നു നമ്മൾ..
അതുമാത്രമല്ല…. അന്നൊക്കെ നമ്മൾ ഭക്ഷണത്തിൽ മാത്രമായിരുന്നു ശ്രദ്ധ.. എന്താണ് കഴിക്കുന്നതെന്നോ.. ആ വിഭവത്തിന്റെ രുചി മണം ആകൃതി ഇവയൊക്കെ മനഃപാഠമായിരുന്നു. അതുകൊണ്ടാണ് ചില്ലുകൂട്ടിലെ പലഹാരങ്ങൾ നിന്നും പ്രിയമായി മാറുന്നത്.
എന്നാൽ ഇന്നോ.. കാലവും കോലവും മാറി. കയ്യിൽ മൊബൈൽ…. അതിൽ നിറപ്പകിട്ടാർന്ന കാർട്ടൂണുകൾ കണ്ടു ഭക്ഷണം കഴിക്കുന്ന കുട്ടികൾക്കോ.. എന്ത് ഭക്ഷണമാണെന്നോ.. എന്തുകൊണ്ടുണ്ടാക്കിയതെന്നോ… രുചിയോ മണമോ.. ഒന്നുമറിയാത്തവരുമായിമാറി. അവരുടെ തലച്ചോറിൽ അന്നേരം കാണുന്ന നിറക്കൂട്ടുകൾ മാത്രമേ ഉള്ളു.. കഴിക്കുന്നതിനെ കുറിച്ചൊരു ധാരണയുമില്ല.. അതുകൊണ്ടുതന്നെ രുചിയറിയാതെ എന്തൊക്കെയോ കഴിക്കുന്നു.. നമ്മുടെ പോലെ ഒരു വിഭവത്തോടും നൊസ്റ്റാൾജിയ ഇല്ല.. ആകെ അറിയുന്നത് ജങ്ക് ഫുഡ് മാത്രം…
ഇതെല്ലം കുഞ്ഞുങ്ങളുടെ ശാരീരിക ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. അക്രമാസക്തരാകുന്നു. പിടിവാശി കൂടുന്നു. സ്വയം ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. സ്വയം പര്യാപ്തത കുറയുന്നു. പ്രൊഡക്ടിവിറ്റി നഷ്ടപ്പെടുന്നു. മറ്റുള്ളവരാൽ ഫീഡ് ചെയ്യപ്പെടുന്ന സ്വയം കഴിവ് നഷ്ടപെട്ട ഒരു തലമുറയായി വളരുന്നു. എല്ലാവരും എന്ന് അവകാശപെടുന്നില്ലെങ്കിലും ഭൂരിഭാഗം എന്ന് പറയാൻ മാത്രം താഴ്ന്നു പൊകുന്നീ തലമുറ..
നമുക്കിവരെ ഉയർത്തി എടുക്കണമെങ്കിൽ ഓരോ അമ്മമാരും വീട്ടുകാരും കഷ്ടപെടണം.. ഇപ്പോൾ എളുപ്പത്തിൽ മൊബൈൽ കൊടുത്താൽ തീരുന്ന വാശി നമ്മൾ കഷ്ടപ്പെട്ട് മാറ്റിയെടുക്കണം. നമ്മൾ അവരൊപ്പമാകണം. കുഞ്ഞുങ്ങൾക്ക് നമ്മളൊരു കളിപ്പാട്ടമാകണം.
അപ്പോൾ അവർ നമ്മൾ വിചാരിക്കുന്ന രീതിയിൽ വരും. പക്ഷെ നമ്മൾ വിചാരിക്കണം. അതിനായി കഷ്ടപെടണം.. എന്നാൽ നല്ലൊരു ജനതയെ വാർത്തെടുക്കാൻ പറ്റും ഇതിൽ എത്ര നിയമനടപടികൾ സർക്കാർ എടുത്തിട്ടും കാര്യമില്ല. ഓരോ വീട്ടിലെ ആളുകളും സഹകരിക്കണം. അവരുടെ കുട്ടികൾ സ്വയം ബുദ്ധിയോടെ വളരണമെന്ന് അവർ ചിന്തിക്കണം. ഭക്ഷണത്തിന്റെ രുചിയും മണവും അറിഞ്ഞു, നാടിന്റെയും വീടിന്റെയും സ്പന്ദനമറിഞ്ഞു വളരണം. മറ്റുള്ളവർക്ക് വരുന്ന കഷ്ടങ്ങളും.. അസുഖങ്ങളും… എല്ലാം അറിയണം.. സമൂഹമറിഞ്ഞു വളരണം. അതിനായി നമുക്ക് കൂടെ നിൽക്കാം. വളർന്നു വരുന്ന കാലത്തിനനുസരിച്ചു മക്കളെയും നന്മയുടെ പാതയിൽ വളർത്താം..
അപ്പോൾ അവരും നന്നായി വളരും. നാടിൻറെ നന്മയും തിന്മയും തിരിച്ചറിഞ്ഞു സ്വയം ബോധത്താൽ വളരാൻ പറ്റും.. ആ തലമുറയും പറയാൻ പോകുന്നത്.. ആ കറിയുടെ മണം രുചി.. ഓർമ്മകൾ… എന്നിവയാകണം.. തലമുറകളുടെ വളർന്നു വന്ന ഗന്ധം.. അങ്ങനൊരു ജനത നമ്മുക്ക് വേണം. വളർത്തിയെടുക്കണം.
മൊബൈൽ വിട..
പുതുതലമുറക്ക് സ്വാഗതം.. ❤
(ഈ രചനക്ക് എതിരഭിപ്രായം വരാനും ഇടയുണ്ട്. കാരണം അണുകുടുംബം ആയിമാറി. ഫ്ളാറ്റുകളിലായി താമസം. എന്നാലും വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. പിന്നെ കാണുന്ന കാർട്ടൂണുകളിൽ ടെക്നീക്കൽ സൈഡ് കുട്ടികളിൽ കൂടുതൽ ആ വഴിക്കു ചിന്തിപ്പിച്ചേക്കാം. ഇതിലും കൂടുതൽ ആകർഷകമായി വികസിപ്പിച്ചെടുക്കാൻ വഴി ആലോചിച്ചേക്കാം. എന്നാൽ അതെല്ലാം ചിന്തിക്കേണ്ടത് കുഞ്ഞു തലച്ചോറ് വളർന്നു വികസിച്ചതിനു ശേഷമായിരിക്കണം.. വളരുന്ന കുഞ്ഞുങ്ങളുടെ കാര്യമാണീ ലേഖനം.
അതിനാൽ നന്നായി ചിന്തിക്കൂ. അമ്മമാർ പ്രാപ്തരാകൂ. ഈ ലോകത്തിൽ ജീവിക്കാൻ മക്കളെ പ്രാപ്തരാക്കൂ. )


5 Comments
Very good message. 👌
100% true, good message
Superb
വളരെ ശരിയാണ്. മക്കളെ ആഹാരം കഴിപ്പിക്കാൻ പറമ്പു മുഴുവൻ എത്രയാ നടന്നിട്ടുള്ളത്!പുതിയ പുതിയ കഥകൾ മെനഞ്ഞിട്ടുള്ളത്.! അതെല്ലാം Bad parenting ആണെന്നല്ലേ പുതു തലമുറ പറയുന്നത്.
Afipoli