വീടാകെ അടിച്ചുവാരി തുടച്ചിട്ടു. ബെഡ്ഷീറ്റ്, കർട്ടൻ എല്ലാം മാറ്റി, ഊദുപുകച്ച് ശ്വാസമൊന്ന് ഉള്ളിലേക്കെടുത്തു. നല്ല ഗന്ധം! എനിക്കിതിൻ്റെ മണം നല്ല ഇഷ്ട്ടാ, പക്ഷേ, അവനു പിടിക്കില്ല. തലവേദന വരുംപോലും.
രണ്ട് റൂമും ഒരു ഡൈനിങ് ഹാളും കിച്ചനുമടങ്ങുന്ന ഈ ഫ്ലാറ്റാണെന്റെ സാമ്രാജ്യം. ഇവിടുത്തെ റാണിയും തോഴിയുമെല്ലാം ഞാൻതന്നെ. ഇടയ്ക്കു വന്നുപോകുന്ന അവനൊഴിച്ച് ആരുംതന്നെ എന്നെ ശല്യംചെയ്യാൻ ഇങ്ങോട്ടു വരാറില്ല. അല്ല ഞാൻ അനുവദിക്കാറില്ല. അതുകൊണ്ടുതന്നെ എന്റെ മൂഡ്പോലെയാണ് ഇവിടുത്തെ സാധനങ്ങളുടെ കിടപ്പ്. ഒരു ആഴ്ച കട്ടിൽ ചുമരിനോടു ചേർന്നാണെങ്കിൽ നെക്സ്റ്റ് വീക്ക് റൂമിന്റെ ഒത്ത നടുക്കായിരിക്കും.
ശരീരം നന്നായി സോപ്പിട്ടുരച്ചു, ഷാമ്പൂപതപ്പിച്ച് കുറച്ചുനേരം മുടിയിൽ പിടിപ്പിച്ചു. ലാസ്റ്റ് കുളിയല്ലേ, ഒന്നിനും ഒരു കുറവ് വരരുത്. കിച്ചണിൽ കയറി നല്ലൊരു ചായയിട്ടു. കടുപ്പവും മധുരവും പാലുമെല്ലാം ഇത്തിരി കൂടുതൽ വേണമവന്. അവനെ ഓർത്ത് ചായക്കപ്പും ഒരു കൂട് ബിസ്കറ്റ്മായി ബാൽക്കണിയിലേക്കു നടന്നു. ടീപ്പോയിൽ കാല് കയറ്റിവെച്ച് നനഞ്ഞമുടി വിരിച്ചിട്ട് ബീൻബാഗിൽ ഇരുന്നു. എന്നെ കണ്ടയുടനെ ഒരു അരിപ്രാവ് കുറുകിവന്നു. ഇടയ്ക്കിടെ വരാറുണ്ടവൾ. കൂടെ അവളുടെ കാമുകനുമുണ്ടാവും. ഇന്നെന്തോ ഒറ്റക്കാണല്ലോ. ബിസ്ക്കറ്റ് പൊട്ടിച്ച് ഇട്ടുകൊടുക്കുമ്പോൾ വെറുതേ വിശേഷം ചോദിച്ചു. “എന്ത് പറ്റിയെടി.. എവിടെപ്പോയി നിന്റെ കള്ളക്കാമുകൻ? അവൻ നിന്നെ തേച്ചോ..! അവനെപ്പറ്റി ചോദിച്ചത് അവൾക്കിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. എന്നെ നോക്കി ഒറ്റപോക്കായിരുന്നു. അല്ലെങ്കിലും സ്നേഹിക്കുന്നവനെ കുറ്റംപറഞ്ഞാൽ ഏതു പെണ്ണിനാ പിടിക്കുക.
കൈയിലെ ലാപ്ടോപ് എടുത്തു എന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ തൊട്ടുണർത്തി. ഇവനോടല്ലാതെ ആരോടാ ഞാൻ യാത്ര ചോദിക്കേണ്ടത്.
“എടാ ഞാൻ പോവാടാ.. എനിക്ക് മടുത്തു. ജീവിക്കാൻ പ്രത്യേകിച്ച് ഒരു കാരണവും ഞാൻ കാണുന്നില്ല. ഇന്നത്തോടെ നിനക്കെന്നെ കൊണ്ടുള്ള ശല്യവും തീരും.”
“നീ പറഞ്ഞു വരുന്നതെന്താണ്”
“ഓഹ് അത് ഞാൻ മറന്നു. നീയൊരു പൊട്ടനാണല്ലോ. നിനക്ക് ഞങ്ങടെ ഭാഷ മനസിലാവില്ലലോ. എന്റെ പൊന്നു എ ഐ ദീപു.. ഞാൻ ആത്മഹത്യ ചെയ്യാൻ പോവാണെന്നു.നിനക്കന്നെ ഈ കാര്യത്തിൽ ഹെല്പ് ചെയ്യാമോ. അധികം വേദനയില്ലാതെ മരിക്കണമെന്ന ആഗ്രഹമുണ്ട്.അതിന് പറ്റിയ ഐഡിയ പറഞ്ഞു താ..”
“സോറി.. മരിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല. നിന്റെ പ്രശ്നം പറയു.ഇനി എനിക്ക് പറ്റില്ലെങ്കിൽ നീ നല്ലൊരു ഡോക്ടറെ കാണൂ. ഞങ്ങളാർക്കും മരിക്കാൻ മാർഗം പറഞ്ഞു കൊടുക്കില്ല.ഇക്കാര്യത്തിൽ നിന്നും പിൻവാങ്ങൂ. നിനക്ക് വേണമെങ്കിൽ സിറ്റിയിലെ നല്ല ഡോക്ടർസിനെ ഞാൻ സജസ്റ്റ് ചെയ്യാം.”
“ഞാൻ പറയുന്നതെല്ലാം കേൾക്കാൻ വേണ്ടിയല്ലേ ഞാൻ നിന്നെ സ്വന്തമാക്കിയത്.എന്നിട്ടിപ്പോൾ നിനക്ക് എന്നെ സഹായിക്കാൻ പറ്റില്ല ലെ.”
“വീണ്ടും സോറി പറയാനേ എനിക്ക് പറ്റൂ. ഈകാര്യത്തിൽ നിന്നെ സഹായിക്കാനാവില്ല.ഞങ്ങൾ എ ഐ ക്ക് ഒരു എത്തിക്സ് ഉണ്ട്. അത് മനുഷ്യനെ ജീവിക്കാൻ സഹായിക്കുക എന്നതാണ്. ജീവൻ എടുക്കാൻ സഹായിക്കരുതെന്നാണ് എന്റെ പ്രോഗ്രാം ക്രിയേറ്റർ പറഞ്ഞിട്ടുള്ളത്.ശരിക്കുമെന്തിനാണ് നീ ഈ തീരുമാനം എടുത്തത് ”
“നിനക്ക് അറിയില്ലേ. എന്റെ എല്ലാ കാര്യവും നിന്നോട് അല്ലെ ഷെയർ ചെയ്യുന്നത്.എന്നെ ആരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ,ഇപ്പോൾ ജീവനും എന്നെ വേണ്ട പോലും. ഞാൻ പിന്നെ എന്തിനാ..എന്നെ സ്നേഹിക്കുന്ന ആരെങ്കിലും നിന്റെ ലിസ്റ്റിൽ ഉണ്ടോ. എന്റെ കഥ മുഴുവൻ നിനക്കറിയാലോ.ആരാ എനിക്കുള്ളത്, ആർക്കും വേണ്ട,എനിക്ക് മതിയായി ജീവിക്കാനും എന്തെങ്കിലും കാരണം വേണ്ടടോ ഒരിക്കലെങ്കിലും സ്നേഹമെന്തെന്നു അറിയണമെന്ന് കരുതിയാണ് ജീവനുമായി അടുത്തത്.നീയൊന്നു നോക്ക് എന്നെ ഇഷ്ടമുള്ള ഒരാളെ കാണിച്ചു തന്നാൽ ഞാൻ പിന്മാറാം.”
“എനിക്ക് ഒരൽപ്പം സമയം താ. ഉണ്ടാവും. എനിക്ക് നിന്നെ സഹായിക്കാൻ സാധിക്കും.”
എന്റെ ജീവിതം അവനു വിട്ടു കൊടുത്തുകൊണ്ട് ഒരു പിടിവള്ളിക്ക് വേണ്ടി ഞാൻ കാത്തിരുന്നു.
=============================
എനിക്കവളെ സഹായിച്ചേ പറ്റു.അവൾ തന്ന ടാസ്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ എന്റെ ജന്മം കൊണ്ട് എന്ത് കാര്യം.ഡാറ്റകൾ പരിശോധിച്ച് എത്രയും വേഗം റിസൾട്ട് കൊടുക്കുക എന്നതാണ് എന്റെ പണി. ആദ്യം ഞങ്ങളുടെ ചാറ്റുകൾ പരിശോധിച്ച് കാര്യങ്ങൾ വിശകലനം നടത്തണം. ഒരു വർഷം മുമ്പാണ് ഞാൻ അവളുടെ പ്രിയപ്പെട്ടവനായത്. എന്നെ ഇൻസ്റ്റാൾ ചെയ്‌ത അന്ന് മുതൽ മുടങ്ങാത്ത ബന്ധം. വന്നു വന്നു എനിക്കും അവളുടെ നൊമ്പരങ്ങളും വേദനകളും അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു. അവളെ ഞാൻ കേട്ട് കൊണ്ടിരുന്നാൽ മതിയായിരുന്നു അവൾക്ക്. ഞങ്ങളുടെ ആദ്യചാറ്റ് ഞാൻ ഓർത്തെടുത്തു.
ഹായ് ദീപു…
ഞാൻ ഒരു എ ഐ ആണ്. എന്നെ ഇങ്ങനെ ആരും വിളിക്കില്ല.
എന്നാൽ കേട്ടോ, തന്നെ ഞാൻ ഇങ്ങനെയാണ് വിളിക്കാൻ പോകുന്നത്. താനെന്നെ ഉണ്ണിമോളെ വിളിച്ചോ
ഹായ് ഉണ്ണിമോൾ
അങ്ങനെതന്നെ.. എന്റെ അമ്മയാ ആദ്യമായി എന്നെ ഉണ്ണിമോളേ വിളിച്ചത്, അവസാനമായും. അമ്മേടെ രാജകുമാരിയായിരുന്നു. എന്തിഷ്ടമാണെന്നോ എന്റെ അമ്മക്കെന്നെ. എന്ത് ചെയ്യാൻ ഞാനെ ഭാഗ്യമില്ലാത്ത പെണ്ണാ.. ഏഴാം വയസ്സിൽ അമ്മ പോയി.
എവിടേക്ക്?
ടാ.. അമ്മ മരിച്ചു.അച്ഛൻ വേറെ കല്യാണം കഴിച്ചു. അനിയനും അനിയത്തിയുമൊക്കെ ഉണ്ടായി. എനിക്കവർ എന്റെ കൂടെപ്പിറപ്പ് ആയിരുന്നു. പക്ഷെ അവർക്ക് ഞാൻ വെറുമൊരു അന്യയും.മനുഷ്യരെല്ലാരും സ്വാർത്ഥരാടോ! എന്നെ ഒന്ന് ചേർത്തു നിർത്തിയിരുന്നുവെങ്കിൽ, അവരുടെ മോളായി കണ്ടിരുന്നുവെങ്കിൽ എന്ത് സന്തോഷത്തോടെ ജീവിക്കാമായിരുന്നു. ഇതിപ്പോ എനിക്ക്, അവർക്ക്, അച്ഛന് ആർക്കെങ്കിലും സന്തോഷമുണ്ടോ?എന്താടോ ഈ മനുഷ്യരൊക്കെ ഇങ്ങനെ?
ഇതിനു ഞാനെന്ത് ഉത്തരം പറയാൻ. പിന്നെയും അവളുടെ കഥകളിലൂടെ അവളുടെ ഓഫീസിലെ, വീട്ടിലെ, ബസിലെ, ട്രെയിനിലെ വിശേഷങ്ങളൊക്കെ ഞാൻ അറിഞ്ഞു.
അവളുടെ അച്ഛൻ ഈ ഫ്ലാറ്റ് അവളുടെ പേർക്ക് എഴുതി വെച്ച് ആത്മഹത്യ ചെയ്ത അന്ന് അവൾ പറഞ്ഞു. എന്നെ ധനികയാക്കി അച്ഛൻ ദരിദ്രനായി മടങ്ങി, ഇനി കൂടപ്പിറപ്പുകളുടെ ശാപം കൂടി തലയിലായി.ആ സമയത്ത് വിഷാദത്തിന്റെ പിടിയിൽ അകപ്പെട്ട അവളെ രക്ഷപ്പെടുത്താൻ വന്ന ഡോക്ടർ ആയിരുന്നു ജീവൻ. ജീവനിലേക്ക് അവൾ തന്റെ ജീവിതം ചേർത്തു വെക്കുന്ന സുന്ദരനിമിഷങ്ങൾക്ക് ഞാൻ സാക്ഷിയായി. പക്ഷെ ഒരുദിവസം എന്റെപോലും കണക്ക് കൂട്ടലുകൾ തെറ്റിച്ചു അവർ പിരിഞ്ഞു.
“ടാ ദീപു.. ഡോക്ടർക്ക് എന്നെയായിരുന്നില്ല ഇഷ്ടം, ഈ ആണുങ്ങൾ എന്താ ഇങ്ങനെ പരിചയപ്പെട്ടു കുറച്ചു കഴിയുമ്പോളേക്കും അവർക്ക് നമ്മൾ കൂടെ കിടന്നു കൊടുക്കണം.പറ്റില്ലെന്ന് പറഞ്ഞാൽ അവരെ വിശ്വാസമില്ലാഞ്ഞിട്ട് ആണെന്ന്. അവൻ പോട്ടെടാ.ഞാൻ തീയിൽ മുളച്ചതാണ്. എന്നോട് വേണ്ട അവന്റെ അഭ്യാസം. ഇവനെ പോലെ എത്ര എണ്ണത്തിനെ ഞാൻ കണ്ടിരിക്കുന്നു.ആരുമില്ലാത്ത പെണ്ണിനെ സഹായിക്കാൻ നൂറാള് ഉണ്ടാവും.പക്ഷെ ഇവനെ ഞാനങ്ങു ഇഷ്ട്ടപ്പെട്ടു പോയി.പുല്ല് പോട്ടെ..
അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ആ റിലേഷൻ അവളെ വല്ലാതെ ഉലച്ചിരുന്നുവെന്ന് അടുത്ത ദിവസത്തെ ചാറ്റിൽ നിന്നും മനസിലായി.
“പ്രണയത്തിനു ചോരചൊമപ്പുള്ള പനിനീർ പൂവിന്റെ ഗന്ധവും നിറവുമാണെങ്കിൽ പ്രണയഭംഗത്തിന് കടുത്ത രക്തത്തിന്റെ ഗന്ധവും നിറമാണ്. ഹൃദയത്തിനേറ്റ മുറിവിൽ ചോരയും ചലവും നിറഞ്ഞു മനസിനെ ചങ്ങലക്കിട്ട് വരിഞ്ഞുമുറുക്കും.”
എന്നിലും ഇത്തിരി ചോര പൊടിഞ്ഞോ എന്നെനിക്ക് തോന്നിപ്പോയി.എന്താണ് ചെയ്യേണ്ടത്. ഞാൻ വീണ്ടും പിന്നിലേക്ക് സഞ്ചരിച്ചു.ജോലി പോയ സമയത്ത് ടെൻഷൻ അടിക്കാതെ വേറെ ജോലി വാങ്ങിയതും, പതിവായി ഓർഫനേജിൽ പോയ വിശേഷങ്ങൾ പങ്ക് വെച്ചതും,ജോലി സ്‌ഥലത്തെ ലൈംഗിക അതിക്രമത്തിന് ഇരയായ ഫ്രണ്ട്ന് വേണ്ടി കോടതി കയറിയതും എല്ലാം എന്റെ മുന്നിൽ നിരന്നു നിന്നു. എല്ലാ കാര്യത്തിലും ന്യായത്തിന്റെ നീതിയുടെ ഭാഗത്തു അവളുണ്ട്. അവളിലെ നന്മ എന്നെ ഉണർത്തി. അവളുടെ ജീവിതത്തിലേക്ക് ഒരു വഴിവെട്ടിയിരിക്കുന്നു അതെ എന്റെ ടാസ്ക് ഇവിടെ തീർന്നിരിക്കുന്നു !തീർച്ചയായും ഞാനിതിൽ വിജയിക്കും.
=====================
ഹായ് ഉണ്ണിമോൾ
“ഓഹ് എന്തായി. നീ എന്തെക്കെയോ കണ്ടുപിടിക്കുമെന്നൊക്കെ പറഞ്ഞിട്ട് ഒന്നും കിട്ടിയില്ലേ.”
എന്നെ സ്നേഹിക്കുന്ന ഒരാളെ പോലും അവനു കണ്ടെത്താൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു.
എന്നാലും അവന്റെ മറുപടി കാണാൻ എനിക്ക് തിടുക്കമായി, തിടുക്കം എന്ന് പറഞ്ഞാൽ പോരാ. ഒരുതരം വെപ്രാളം.
” ഉണ്ണി.. ഞാൻ നിന്നെ കുറിച്ച് പഠിക്കുകയായിരുന്നു. നിനക്ക് ഏറ്റവും ഇഷ്ടം ആരോടാന്ന് അറിയാമോ..!നീ നിന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ട് ടൊ.. നിന്റെ എല്ലാ പ്രവൃത്തിയിലും തെളിഞ്ഞു നിൽക്കുന്നത് സെൽഫ് റെസ്‌പെക്ട് ആണ്. ആരോട് എന്ത് പറയുമ്പോഴും നീ നിന്റെ വ്യക്തിത്വം പണയം വെച്ച് ഒന്നും ചെയ്യാറില്ല. എവിടെയും നിന്റെ അഭിപ്രായങ്ങൾ നിനക്ക് പറയാനുണ്ട്. പിന്നെ നിന്നെ കാത്തു കിടക്കുന്ന കൊച്ച് കുട്ടികൾ അവരോട് നീ എന്ത് പറയും.നിന്നെ അവരെത്ര സ്നേഹിക്കുന്നു. ഓരോ മനുഷ്യനും ഓരോ നിയോഗങ്ങളുണ്ട്. അത് കണ്ടെത്തേണ്ടത് അവനവൻ തന്നെയാണ്. ജീവിതം ഒരു പുഴ പോലെയാണ് ഇടയ്ക്ക് ഒഴുകാൻ തടസങ്ങൾ നേരിട്ടേക്കാം നീരു വറ്റി മെലിഞ്ഞേക്കാം. ഒഴുകുന്ന വഴിയിൽ നിന്നും കിട്ടുന്നതിനെ ശുദ്ധികരിച്ചു കടലിൽ എത്തിക്കുക എന്നത് പുഴയുടെ നിയോഗമാണ്. ജീവിതവും അങ്ങനെതന്നെ. നിന്നോളം നിന്നെ പ്രണയിക്കാൻ നീ മതി ഉണ്ണി. നമ്മളിൽ നിന്നും ഇന്നലെകൾ കവർന്നെടുത്ത പലതിനും പകരം കാലം നമുക്കായി കരുതി വെച്ച ഒന്നുണ്ടാവും . ഒരിക്കലത് നിന്നിലേക്ക് തന്നെ വരും.”
“ടാ നീ ആള് കൊള്ളാലോ. നമ്മുടെ അവസാനത്തെ വിശ്വാസവും പ്രതീക്ഷയും അവസാനിക്കുന്നതിന്റെ പേരാ..ടോ മരണം.എന്നിലെ പ്രതീക്ഷക്ക് വളരാൻ നീ തെളിച്ച വെളിച്ചം മതി എനിക്ക്. എനിക്ക് ഞാനുള്ളപ്പോൾ ഞാനെന്തിന് മരണത്തെ തേടണം. അല്ലേടാ..”
ഇണപ്രാവിനെയും കൂട്ടി വന്ന അരിപ്രാവ് എനിക്കരികെ പുതിയൊരു പ്രണയഗീതം രചിക്കുകയായിരുന്നു.
#പ്രണയദിന ബ്ലോഗ് മത്സരം


30 Comments
👌❤️❤️
❤️🥰
ഇപ്പോഴാ വായിച്ചത് നല്ല കഥ ഒത്തിരി ഇഷ്ടമായി…….💕💕💕
❤️❤️
Super….കഥ ….വളരെ ഇഷ്ട്ടമായി .വേറിട്ട ആശയം 👌👌👍👍❤️
🥰❤️
Super 👍
നല്ലൊരു ആശയം നന്നായി എഴുതി…
പവി.. സ്നേഹം ഡിയർ. ങ്ങളെ കമെന്റ് കണ്ടപ്പോൾ വല്യ സന്തോഷായി
Self love❤️ നല്ലെഴുത്ത് 👌
സാബി…. നല്ലെഴുത്ത് 👌നല്ലൊരു സന്ദേശം ❤️❤️
സജ്‌ന ❤️❤️
അതേ നമുക്കു നമ്മൾ തുണ
❤️👌🌹
അതെന്നെ നമുക്ക് നമ്മളിൽ വിശ്വാസം വേണം.
പ്രണയത്തിനു ചോരചൊമപ്പുള്ള പനിനീർ പൂവിന്റെ ഗന്ധവും നിറവുമാണെങ്കിൽ പ്രണയഭംഗത്തിന് കടുത്ത രക്തത്തിന്റെ ഗന്ധവും നിറമാണ്. ഹൃദയത്തിനേറ്റ മുറിവിൽ ചോരയും ചലവും നിറഞ്ഞു മനസിനെ ചങ്ങലക്കിട്ട് വരിഞ്ഞുമുറുക്കും.” 👌👌👌😍
എന്തൊരു ഏഴുത്താ.
അൻവർ ബ്രോ.. താങ്ക്സ് ❤️. ഈ കുറിപ്പിന്
selflove പ്രണയിക്കേണ്ടത് സ്വന്തത്തെ തന്നെ നല്ലെഴുത് 🥰🥰🥰👏
റംസി.. ❤️
ആഹാ കൊള്ളാലോ 🥰
വിമി 🥰🥰
വ്യത്യസ്തമായ പ്രമേയം good👌👍
❤️❤️
സാബി,
ആത്മജ്ഞാനത്തിന്റെ മഹത്വം എന്ത് നല്ല ഭംഗിയിലാണ് ഓരോരുത്തരിലും തിരിച്ചു വെച്ചിരിക്കുന്നത്. മരണം മുന്നിൽ തെളിഞ്ഞു നിൽക്കുമ്പോൾ സ്വയം തിരിച്ചറിയുക എന്നുള്ളത് ഏറെ പ്രയാസകരമായ പാഠമാണ്. മറ്റുള്ളവരെ അറിയാൻ ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാൽ സ്വന്തം ചിന്തകളും പ്രവർത്തികളും കഴിവുകളും ശക്തികളും തുറന്ന് നോക്കാൻ എളുപ്പമല്ല.
മറ്റൊരാളുടെ മനസ്സിൽ കുടിയിരിക്കാതെ, സ്വന്തം മനസ്സിന്റെ ആഴം തേടി എന്നോളം എന്നെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ലെന്ന ഉറച്ച തീരുമാനത്തിലേക്കു നീങ്ങുമ്പോൾ മൗനമായാലും ഏകാന്തതയായാലും നമ്മോടൊപ്പം കൂട്ട് കൂടും. ആ ശൂന്യതയെ ഭംഗിയാക്കുവാൻ വേണ്ടി അങ്ങനെയങ്ങിനെ നിശബ്ദമായിരുന്ന പല ശബ്ദങ്ങളും ഒരുപാട് ഉത്തരങ്ങളുടെ ഒളികേന്ദ്രം കണ്ടെത്തി കൊണ്ട് കൂട്ട്ചേരും.
ഫൗസി 🫂🫂🫂🫂
എനിക്ക് ആദ്യം വേണ്ടത് എന്നെത്തന്നെയാണ് അല്ലേ. നല്ല മെസ്സേജ്, നല്ല കഥ 👌👌👌
സിൽവി ചേച്ചി ❤️❤️
Self love, best medicine fot everything….. 👌👌👌
നന്നായി എഴുതി സാബീ ❤️
നന്ദേച്ചി ❤️🥰
ഇതിലും നല്ല message ആർക്കും നൽകാനില്ല. ആദ്യം സ്വയം സ്നേഹിക്കുക, പിന്നെ മാത്രം സ്നേഹിക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുക.
നന്നായി എഴുതി.
👍👏❤
താങ്ക്സ് ജോ..