മേഘങ്ങളാല്‍ മങ്ങിയ ആകാശത്തുനിന്നും ചെറിയ മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങിയിരുന്നു.
ഹരി നിശബ്ദമായി റോഡരികില്‍ നില്‍ക്കുമ്പോള്‍, അവന്റെ ഉള്ളില്‍ ഉരുണ്ടുവലിഞ്ഞുവരുന്ന വേദനകള്‍ക്ക് അവന്‍ തന്നെ സാക്ഷിയായിരുന്നു.
പ്രണയം നഷ്ടപ്പെടുമ്പോള്‍, ഒരു ഹൃദയത്തിന്റെ അകത്തളങ്ങള്‍ എങ്ങനെ തകര്‍ന്നുപോകുന്നു എന്നത് ഈ ലോകം മനസ്സിലാക്കുന്നില്ലല്ലോ…
ഹരി ആദ്യമായി മായയെ കണ്ടത് കോളേജ് തുറന്നതിന്റെ ആദ്യ ദിനമായിരുന്നു. പുതിയ പരിചയങ്ങളും പരിചാരങ്ങളും നിറഞ്ഞ ആദ്യ ദിവസം അവന്റെ ശ്രദ്ധ പിടിച്ചുപറ്റിയത് അവളുടെ ഉണ്ടകണ്ണുകളും പ്രകാശമേറിയ ചിരിയുമായിരുന്നു. മായ – അവളുടെ പേരില്‍ പോലും ഒരു സംഗീതമുണ്ടായിരുന്നു. ചിരിയിലെ മാന്യത, വാക്കുകളിലെ ആഗ്രഹങ്ങള്‍, കാഴ്ചകളില്‍ ഒരാനന്തത… ഹരി ആദ്യമായി മായയെ കണ്ടപ്പോള്‍ തന്നെ മനസ്സിനകത്തൊരിടത്തു അവളെ പ്രതിഷ്ഠിച്ചു.
അവന്‍ കരുതിയതുപോലെ അവളുടെ മനസ്സിലേക്കെത്താന്‍ അവനു വളരെ അധികം സമയം വേണ്ടിയിരുന്നില്ല. അവര്‍ക്കു ഒരുമിച്ച് സംസാരിക്കാന്‍ ഒരുപാട് അചവസരങ്ങള്‍ ഉണ്ടായിരുന്നു, അത് കോളേജിന്റെ സാഹിത്യ ക്ലബ്ബിലായിരുന്നു. കോളേജ് ഡേ മത്സരങ്ങള്‍ക്കായി ഒരുമിച്ചു തയ്യാറെടുത്തുകൊണ്ടിരുന്ന സമയത്ത് അവര്‍ തമ്മില്‍ ഒരു ദൃഢമായ സുഹൃദ് ബന്ധം ഉണ്ടായി. ഹരിയും മായയും വായനയോടും എഴുത്തിനോടും ഒരേപോലെ താല്‍പര്യം പുലര്‍ത്തിയവരായിരുന്നു. അവര്‍ക്കിടയിലുള്ള സംഭാഷണങ്ങള്‍ ലളിതമായിരുന്നില്ല. അവയില്‍ സാഹിത്യവും ജീവിതവും നടനങ്ങളും അനുസ്മരണങ്ങളും എല്ലാം മിഴിയുണര്‍ത്തി.
പരസ്പരം വാക്കുകള്‍ കേള്‍ക്കാന്‍വേണ്ടി അവര്‍ കാത്തിരുന്നു. അവരുടെ സൗഹൃദം അത്രമേല്‍ സ്വാഭാവികമായിരിന്നു. കോളേജിലെ ഡിസ്‌കഷന്‍ സെഷനുകളില്‍, കഫേകളില്‍ ചായയ്‌ക്കൊപ്പം ചര്‍ച്ച ചെയ്ത ലേഖനങ്ങളില്‍, എല്ലാത്തിലും അവര്‍ക്കിടയിലുള്ള ബന്ധം പ്രത്യേകമായി രൂപപ്പെട്ടുകൊണ്ടിരുന്നു.
ഹരിക്ക് നേരത്തെ തന്നെ മനസ്സിലായിരുന്നു, അവളോട് ഉള്ള ഈ സ്‌നേഹം സൗഹൃദത്തില്‍ മാത്രം ഒതുക്കുവാന്‍ കഴിയില്ല എന്നത്. പക്ഷേ, അവന്‍ മായയുടെ മനസ്സ് അറിയാന്‍ കാത്തിരുന്നു. അവളുടെ ചിരിയുടെ ആഴത്തില്‍ എന്തോ അറിയാനാകാത്ത ഒരു വേദന അവന്‍ കാണുന്നുണ്ടായിരുന്നു.
കോളേജ് ഫെസ്റ്റിന്റെ രാത്രി, അന്നത്തെ പ്രത്യേക ദിവസത്തില്‍, വേദിയിലുള്ള തിരക്കെല്ലാം കഴിഞ്ഞ്, ഇരുവരും കോളേജ് ഗ്രൗണ്ടിന്റെ മൂലയില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു.
അന്ന് ആദ്യമായി ഹരി ചോദിച്ചു:
‘മായ, നീ ഒരിക്കലെങ്കിലും ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?’
അവള്‍ ചിരിച്ചു, പക്ഷേ മിഴികള്‍ കൂമ്പി…
‘അര്‍ത്ഥം വെക്കാനാകാത്ത എന്തൊക്കെയോ മനസ്സില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഞാന്‍ എന്നെ ഒരാളിലും തളക്കപ്പെട്ടിട്ടില്ല.’ അവളുടെ ഉത്തരം അതീവ സാവധാനം ആയിരുന്നു. അവള്‍ പ്രണയിച്ചത് അവളെതന്നെയായിരുന്നു.
അവന്‍ അവളുടെ മുന്നില്‍ ഹൃദയം തുറന്നു.
‘മായ, ഞാന്‍ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. നമ്മുക്ക് ഭാവി ജീവിതത്തില്‍കൂടി ഒന്നിച്ച് നടന്നുകൂടെ?’
അവള്‍ ഒന്നുമൊന്നും പറഞ്ഞില്ല. അവന്‍ പറഞ്ഞ വാക്കുകള്‍ പൂര്‍ണ്ണമായും അവളുടെ മനസ്സില്‍ പതിഞ്ഞതിന്റെ ശബ്ദമില്ലായ്മ അവന്‍ കണ്ടു.
ഒരു നിമിഷം കഴിഞ്ഞ്, അവള്‍ ചിരിച്ചു. അവളുടെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞിരിക്കുന്നു.
‘ഹരി, നീ എനിക്ക് പ്രിയപ്പെട്ടവനാണ്. ഈയിടെ നിന്റെ ഓര്‍മ്മകളില്ലാത്ത ഒരു ദിനവും എന്നിലൂടെ കടന്നുപോയിട്ടില്ല.’
എന്നാല്‍, ഞാന്‍ ഭയപ്പെടുന്നു ഹരീ, നമ്മുടെ ജീവിതം എവിടേക്ക് എത്തും എന്ന് എനിക്ക് ഉറപ്പാക്കാനാകുന്നില്ല.’
ഹരി പറഞ്ഞു: ‘നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാന്‍ കഴിയുമെങ്കില്‍, എവിടേക്കായാലും ഞാന്‍ നിന്റെ കൂടെ ഉണ്ടാവും അതില്‍ ഭയം വേണ്ട.’
അത് മായ അംഗീകരിച്ച ആ രാത്രി ആദ്യമായി അവന്റെ കൈകള്‍ അവളെ തന്റെ നെഞ്ചോടു ചേര്‍ത്തുനിറുത്തി.
അവള്‍ ആദ്യമായി ‘എനിക്ക് നിന്നെ ഇഷ്ടമാണ്’ എന്ന് പറഞ്ഞ ആ ദിവസം, അവളുടെ മുഖത്ത് തെളിഞ്ഞ മൃദുമന്ദസ്മിതം അവന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായി മാറി.
അതിനുശേഷം, അവരുടെ ലോകം സ്വപ്‌നങ്ങളുടെ നിറപ്പകിട്ടായിരുന്നു. മധുരസംഗീതം പോലെ അതിന്റെ എല്ലാ താളങ്ങളും അതില്‍ നിറഞ്ഞുനിന്നിരുന്നു. ഒരുമിച്ച് കഫേകളില്‍ ചെറുപ്പം ആഘോഷിച്ച നിമിഷങ്ങള്‍, മഴയിലൊളിച്ചുനില്ക്കുമ്പോള്‍ കൈകളുടെ ചൂട് പങ്കിട്ടതിന്റെ ഓര്‍മ്മകള്‍, അത്രമേല്‍ അനായാസമായിരുന്നു ആ സ്‌നേഹബന്ധം. ‘നമ്മുടെ സ്‌നേഹം എല്ലാം അതിജീവിക്കും, ഹരി!’ അവള്‍ അവന്റെ കാതില്‍ മന്ത്രിച്ചു.
വര്‍ഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ചില കഥകളില്‍ ഇടക്കുവെച്ച് വരികള്‍ തീരുന്നതുപോലെ ചില ജീവിതങ്ങളിലെ സ്‌നേഹവും അപ്രത്യക്ഷമാവും. അതുതന്നെ മായയുടെയും ഹരിയുടെയും ജീവിതത്തിലും സംഭവിച്ചു. ഒരിക്കലും മാറ്റം വരില്ലെന്ന് കരുതിയ ബന്ധം, പതിയെ വഴുതിപ്പോകുന്നത് ഹരിക്ക് മനസ്സിലാവാന്‍ തുടങ്ങി.
ഒരു വൈകുന്നേരം, അവര്‍ ഒരുമിച്ച് പോകുന്ന പാതയില്‍ മായ പതിയെ പറഞ്ഞു: ‘ഇനി ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല, ഹരി.’
അവളത് പറഞ്ഞപ്പോള്‍, ഹരിക്ക് ഒരു നിമിഷം ഒന്നും മനസ്സിലായില്ല. ‘എന്താണ് പ്രശ്‌നം, എന്താണ് സംഭവിച്ചത്?’ എന്ന ചോദ്യത്തിന് അവളൊരു മറുപടി കൊടുത്തില്ല.
അവന്റെ കണ്ണുകളില്‍ നോക്കിയും നോക്കാതെയും അവള്‍ പറഞ്ഞു, ‘ഇത് പറയുന്നത് എത്രയോ വേദനാജനകമാണെന്ന് എനിക്ക് അറിയാം. പക്ഷേ, സത്യത്തില്‍ നിന്നെ വഞ്ചിക്കാന്‍ എനിക്കാവില്ല.’
അതുംപറഞ്ഞ് കണ്ണ് തുടച്ച് അവള്‍ തിരിഞ്ഞു നടന്നു. ആ പാതയില്‍ ഒരിക്കല്‍ അവര്‍ ഒന്നിച്ചു നട്ടുകൂട്ടിയ ഓര്‍മ്മകളെയെല്ലാം അവള്‍ അവിടെതന്നെ ഉപേക്ഷിച്ചിരിക്കുന്നു. ഹരി അവളെ തിരിച്ചുവിളിച്ചില്ല. ബന്ധങ്ങള്‍ ഉപേക്ഷിച്ചു പിരിഞ്ഞുപോകുമ്പോള്‍, നമുക്ക് അത് തടയാനാകില്ലല്ലോ. അവളുടെ കണ്ണിന്റെ ആ പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു, പ്രണയം തീരുമ്പോള്‍, കണ്ണുകളിലെ പകിട്ടില്ലാതാവും ഹരി പകച്ചുനിന്നു.
ഹരിയെ ഒന്നുകൂടി തിരിഞ്ഞുനോക്കാന്‍പോലും കഴിയാതെ സങ്കടത്തോടെ മായ ഓര്‍ക്കുകയായിരുന്നു.
തങ്ങളുടെ ഇഷ്ടം വീട്ടില്‍ അറിയിച്ചതുമുതല്‍ നടന്ന സംഭവവികാസങ്ങള്‍…
കൂട്ടുകാരെപ്പോലെ കഴിഞ്ഞിരുന്ന അച്ഛനും അമ്മയും മായയും.
‘അമ്മേ, അച്ഛാ, ഞാനൊരാളെ ഇഷ്ടപ്പെടുന്നു… ഞങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.’
അച്ഛന്റെ മുഖം പെട്ടെന്ന് ഇരുണ്ടു. പുഞ്ചിരിയുടെ പാളികള്‍ എവിടെയോ പോയി ഒളിച്ചു.
അമ്മ കലങ്ങിയ കണ്ണുകളാല്‍ അവളെ നോക്കി. മായ തലകുനിച്ചു.
‘അച്ഛാ, ഹരിയെക്കുറിച്ച് എനിക്കെല്ലാം അറിയാം, അവനൊരു പാവമാണച്ഛാ….’
‘അവനെകുറിച്ച് അറിയേണ്ടതെല്ലാം എനിക്കും അറിയാം. ആ കുടുംബം, അവന്റെ സാമ്പത്തികം എല്ലാം…. അവന്‍ നമുക്ക് ചേരില്ല മായാ….’
അന്ന് മുതല്‍ വീട്ടില്‍ ശബ്ദശൂന്യത നിറഞ്ഞു. അച്ഛന്‍ സംസാരിക്കാതെ ഏതെങ്കിലും ഒരു കോണില്‍ കസേരയില്‍ ഇരിക്കും.
അമ്മയുടെ കണ്ണുകള്‍ കണ്ണീരില്‍ മൂടും.
മായയുടെ ജീവിതത്തില്‍ നിറംമങ്ങി തുടങ്ങിയിരുന്നു. ഹരിയുടെ കൂടെ ഇറങ്ങിപ്പോയാലോ? അവള്‍ ആലോചിച്ചു.
ഒരു രാത്രി മായ തന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ അച്ഛന്റെ റൂമില്‍നിന്ന് ഉച്ചത്തിലുള്ള ഒരു വിളികേട്ടു.
‘മായ, ഞാന്‍ ഇനിയൊരുനിമിഷംപോലും ജീവിച്ചിരിക്കില്ല.
‘നീ ഹരിയുടെ കൂടെ പോയാല്‍, നിന്റെ അച്ഛനെ പിന്നെ നിനക്കു കാണാന്‍ കിട്ടില്ല.’ അച്ഛന്‍ തൊഴുകൈയോടെ പറഞ്ഞു.
അവളുടെ ഹൃദയം തകര്‍ന്നു.
‘അച്ഛാ! അങ്ങനെ പറയരുത്!’ എനിക്ക് ഹരിയെ മറക്കാന്‍ കഴിയുന്നില്ല.’ മായയുടെ കണ്ണുകളില്‍നിന്നും ചുടുകണ്ണീര്‍ ഒലിച്ചുകൊണ്ടിരുന്നു.
‘അച്ഛാ…’ അവള്‍ അച്ഛനെ കെട്ടിപ്പിടിച്ചു. തന്റെ പ്രിയപ്പെട്ട അച്ഛ ഒരിക്കലും അവള്‍ക്ക് നഷ്ടപ്പെടുത്താന്‍ കഴിയില്ലല്ലോ…
ആകാശം മഴയോടെ നിറഞ്ഞിരിക്കുന്ന ഈ സമയത്ത്, ഹരിക്ക് അവളുടെ ശബ്ദം ഓര്‍മ്മവരുന്നു. ചിലര്‍ക്ക് ഒരു നഷ്ടപ്രണയം ഒരു അധ്യാപകനാണ്, ചിലര്‍ക്ക് അതൊരു പിഴച്ച അനുഭവവും. ഹരിക്ക് ഇന്നും മനസ്സിലായിട്ടില്ല, മായയുടെ സ്‌നേഹം അവന്റെ ജീവിതത്തിന് പകര്‍ന്നു നല്‍കിയത് മനോഹരമായൊരു ഓര്‍മ്മയാണോ, അതോ ഒരു മറക്കാനാകാത്ത സങ്കടകടലാണോ എന്നത്.
പക്ഷേ, ഒന്ന് ഹരിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
പ്രണയം നഷ്ടപ്പെട്ടാലും, ജീവിതം അവസാനിക്കുന്നില്ല എന്നത്.
കോരിച്ചൊരിയുന്ന മഴശബ്ദത്തിനിടയിലും ഈ കൂരിരുട്ടിനൊടുവിലും ഒരു പുതിയ രാവുണര്‍ന്നുവരികതന്നെ ചെയ്യും. ജീവിക്കാന്‍ കൊതിപ്പിക്കുന്ന രാവ്.
#എന്റെരചന #കൂട്ടക്ഷരങ്ങൾ #പ്രണയദിനം


1 Comment
🌹👌