ഇരുണ്ട് കൂടിയ മഴക്കാറിനെ അയാൾ ജനാലയുടെ ഇഴകളിലൂടെ നോക്കിനിന്നു. കൈയ്യിൽ ഇരുന്ന ഫ്രെയിം ചെയ്ത ഒരു പഴയ ചിത്രം അയാൾ നെഞ്ചോട് ചേർത്തു. ദിവസവും ആ ചിത്രം അയാളുടെ ദേഹത്തോട് ചേർന്ന് നിന്നിരുന്നു. പ്രിയതമ പോയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഓർമ്മകൾ ഇപ്പോളും പിന്തുടരുന്നു. മഴതുള്ളികൾ അയാളുടെ കൈകളിൽ നിപതിച്ചു കൊണ്ടിരുന്നു.
കലാലയത്തിന്റെ വരാന്തയിൽ അവർ കൈകോർത്ത് നടന്നപ്പോൾ, മണ്ണിനെ പുൽകാൻ പാഞ്ഞെത്തിയ മഴത്തുള്ളികൾക്ക് പ്രണയത്തിന്റെ സംഗീതമായിരുന്നു. ചെളിവെള്ളത്തിൽ കാലുകൾ പൂഴ്ത്തി ഒരു കുടക്കീഴിൽ നടന്നപ്പോൾ മണ്ണിന് അനുരാഗത്തിന്റെ ഗന്ധമായിരുന്നു. ആകാശത്തിൽ ഇടിമിന്നൽ പാളിയപ്പോൾ അവയ്ക്ക് പ്രണയത്തിന്റ സൗന്ദര്യമായിരുന്നു. ഭൂമിയെ വിറപ്പിച്ച ഇടിമുഴക്കം പ്രേമത്തിന്റെ ഹൃദയതുടിപ്പുകളായിരുന്നു. മഴക്കുഞ്ഞുങ്ങളെ ഭൂമിയിലേയ്ക്ക് പ്രസവിച്ച്, ഒഴിഞ്ഞ ഗർഭാശയത്തിൽ മഴവില്ല് തെളിഞ്ഞപ്പോൾ അവരുടെ മനസ്സിലും നാണത്തിന്റെ ഏഴ് വർണ്ണങ്ങളും തെളിഞ്ഞിരുന്നു.
കടൽത്തീരത്തെ രണ്ട് അധരങ്ങളുടെ പ്രണയ സല്ലാപം കേൾക്കാൻ എത്തിയ തിരകൾ അവരുടെ കാലുകളെ ഇക്കിളിയാക്കി അകന്നിരുന്നു. ആ കണ്ണുകളിൽ ഇരമ്പുന്ന പ്രണയത്തിന്റെ തിരമാലയ്ക്കൊപ്പം ചേരാൻ വീണ്ടും അവർ അവരുടെ കാൽച്ചുവട്ടിൽ വന്ന് തട്ടി വിളിച്ചിരുന്നു.
വെളുത്ത ചോറുമണികളിലൂടെ വിരലുകൾ ഓടുമ്പോൾ, അന്ന് മനസ്സ് മുല്ലപ്പൂക്കൾ കൊണ്ട് ഒരായിരം മാല തീർത്തിരുന്നു. മുറ്റത്തെ റോസാപ്പൂക്കൾ അവരുടെ ഉള്ളിലും പൂവിട്ടപ്പോൾ അതിൽ പല വർണ്ണങ്ങളിൽ ശലഭങ്ങൾ പാറിനടന്നിരുന്നു.
വർഷങ്ങൾ പിന്നിട്ടപ്പോൾ ഇന്ന് അതിൽ ഒരാൾ മാത്രം വീണ്ടും ആ പഴയ കാലത്തിലേയ്ക്ക് പിന്തിരിഞ്ഞു നോക്കി. അയാളുടെ മനസ്സ് മരങ്ങൾക്കിടയിലൂടെ വേഗത്തിൽ നടന്നു. ആകാശത്തിൽ നിന്നും ഇടിമുഴക്കവും മിന്നലും അയാളെ ഭയപ്പെടുത്തി. മഴത്തുള്ളികൾ ആർത്തു പെയ്തപ്പോൾ ആ ശരീരം തണുത്തു വിറച്ചു. രണ്ട് കാലുകളും മുന്നോട്ട് എടുക്കാനാവാത്ത വിധം അവ ചെളിയിൽ ആഴ്‌ന്നിരുന്നു. പല കൈകൾ കൊണ്ട് അത് വലിച്ചെടുക്കപ്പെട്ടപ്പോൾ മഴ ശമിച്ചിരുന്നു. മഴയെ ശപിച്ചു നിന്നപ്പോൾ ഒരു ഒറ്റമരത്തിന്റെ ഉയർന്ന കൊമ്പിൽ നിന്ന് രണ്ട് ഇണക്കിളികൾ രണ്ട് വഴി പറന്ന് പോയി.
വർഷങ്ങൾക്ക് മുൻപ് താൻ എഴുതിയ കവിത അവൾക്ക് നൽകിയപ്പോൾ, മറ്റൊരു കവിത തിരികെ നൽകിയാണ് അവൾ സമ്മതം അറിയിച്ചത്. എന്നാൽ അയാളുടെയൊപ്പം മറ്റൊരു കവിത അവൾക്ക് നൽകാൻ കാത്ത് നിന്ന കൂട്ടുകാരന്,അത് അവൾ തിരികെ നൽകി. പക്ഷേ അത് താങ്ങാൻ കൂട്ടുകാരന് കഴിഞ്ഞിരുന്നില്ല.
യൗവ്വനകൗമാരങ്ങൾ തങ്ങളുടെ പ്രണയം ചുമന്ന റോസാപൂവിൽ വിരിയിക്കാൻ ശ്രമിച്ചപ്പോൾ, ചുമന്ന രക്‌തത്താൽ എഴുതിയ പ്രണയ കാവ്യം റോസാപൂവിതളുകളായ് കൊഴിഞ്ഞുവീഴുകയും , തങ്ങളുടെ പ്രണയം അവർ ചുമന്ന മണ്ണിലേക്ക് സമർപ്പിക്കുകയും ചെയ്യുന്നു.അവിടെയും ചുമന്ന റോസപ്പൂക്കൾ തന്നെ അവർക്ക് കൂട്ടായ് വരുന്നു. കാരണം അത്ര അഭിനിവേശമായിരുന്നു അവർക്ക് ചുമപ്പിനോടും ചുമന്ന റോസാപ്പൂക്കളോടും !
കൂട്ടുകാരൻ മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കവിത അയാളിൽ നോവായി തീർന്നിരുന്നു.
പ്രാണനായിരുന്ന പ്രണയിനി പറഞ്ഞതെല്ലാം പാഴ് വാക്കുകളായ്.
മനസ്സിന്റെ മൂലകളിൽ തട്ടി അവ മാഞ്ഞില്ലാതെയായ്.
എന്റെ ഉള്ളിൽ നിന്റെ ചിരി തെളിയിച്ച മെഴുകുതിരി അണച്ച് കാലം കലിതുള്ളി.
ആമ തോടിനുള്ളിലെന്നപോലെ
നിന്നെ ഞാൻ ഓർമ്മകളിൽ ഒളിപ്പിച്ചു
കോഴികുഞ്ഞിനെ പോലെ ഇടയ്ക്കിടെ
ചികഞ്ഞെന്തൊക്കെയോ കൊത്തിപ്പെറുക്കാൻ
ശ്രമിച്ചുവെങ്കിലും അത് തൊണ്ടയിൽ കുരുങ്ങി പ്രണവായുവിനായ് ഞാൻ പിടയുന്നു .
അവരിരുവരും ഒന്നായെങ്കിലും ആ പരേതന്റെ ഹൃദയം അവരെ പിന്തുടരുന്നപോലെ തോന്നുന്നുവെന്ന് അവൾ ഇടയ്ക്കിടെ പറഞ്ഞിരുന്നു. കുട്ടികളുണ്ടായെങ്കിലും, ജീവിതത്തിൽ എല്ലാം നേടിയെങ്കിലും രക്തത്തിന്റെ കുത്തൽ ഇടയ്ക്കിടെ അവളെ മനം പുരട്ടിച്ചിരുന്നു. പക്ഷേ ഒരു വാലൻന്റൈ ൻസ് ദിനത്തിൽ എല്ലാം മറന്ന് സന്തോഷിക്കാൻ അവർ ബീച്ചിലേയ്ക്ക് യാത്ര തിരിച്ചെങ്കിലും പോകും വഴി അവൾ രക്തം ശർദിച്ചു. ഹോസ്പിറ്റലിൽ എത്തിയെങ്കിലും അവൾ മരിച്ചിരുന്നു.
“അച്ഛൻ ഇതെന്ത് ഇരിപ്പാണ്, കാർ എത്തി നമുക്ക് പോകണ്ടേ. ഇനിയും ഈ ഫോട്ടോ നോക്കിയിരിക്കില്ലായെന്നു വാക്ക് തന്നതല്ലേ. ” മുറിയിലേയ്ക്ക് വന്ന മോനോട് ശാന്തനായ് അയാൾ പറഞ്ഞു
.”ഇല്ല മോനെ ഈ ഫോട്ടോ ഇനി നീയെടുത്തോ. ഞാൻ എല്ലാം ഒന്നുടെ മനസ്സിൽ ഇട്ട് കലക്കുവായിരുന്നു. മനസ്സിൽ ഊറി കിടന്ന നോവുകളെ കലക്കി, വെള്ളം ഊറ്റി കളഞ്ഞു. ഇനി അതിൽ പുതിയ വെള്ളം നിറയ്ക്കാം.” ഫോട്ടോ തിരികെ വാങ്ങി മകൻ അച്ഛനെയും കൊണ്ട് താഴെ ഇറങ്ങി കാറിൽ കയറി.
പുറത്ത് റോസാപൂക്കൾ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും തിരക്കാണ്.
ചുമന്ന റോസാപ്പൂക്കൾ പല കൈകളിലൂടെ തെന്നി മാറുമ്പോൾ അത് പ്രണയത്തിന്റെ സൗരഭ്യം പടർത്തിയെങ്കിലും ഇടയ്ക്കെങ്കിലും അതിന്റെ മുള്ള് കൊണ്ട് രക്തം ചൊരിയാത്തവരുണ്ടോ?. ഒരു കുഞ്ഞു വേദന സമ്മാനിക്കാതെ അവർക്ക് പ്രണയസൗരഭ്യം പകരാൻ എപ്പോഴും സാധിക്കാറില്ലായെന്നത് വാസ്തവമാണ്.
അതിൽ ഒന്നു പോലും കൊഴിയരുതെന്ന് അയാൾ ആഗ്രഹിച്ചു. കടകളിൽ വാലൻന്റൈൻസ് ഡേ ഗിഫ്റ്റുകൾ തൂങ്ങി കിടക്കുന്നുണ്ട്. കാലം മാറുമ്പോൾ അതിനൊപ്പം മനുഷ്യനും മാറേണ്ടിയിരിക്കുന്നു.
“അച്ഛാ ഇനിയെങ്കിലും ഫോട്ടോ ഒന്ന് നോക്ക് അച്ഛാ “. മകൻ അയാൾക്ക് മൊബൈലിൽ ഒരു ഫോട്ടോ കാണിക്കാൻ ശ്രമിച്ചു.
” വേണ്ട മോനെ, നേരിട്ട് കാണാനല്ലേ പോകുന്നത്, ഞാൻ ഒരുപാട് സംസാരിച്ചതാണ്, എല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇനി എങ്ങനെ ഇരുന്നാലും ഞാൻ സ്വീകരിക്കാൻ തയ്യാറാണ്.”
മക്കൾ സ്വയം കണ്ടുപിടിച്ച ഒരു പാവം സ്ത്രീയാണവർ. അച്ഛന് ഈ പ്രായത്തിൽ ഒരു കൂട്ടും, തണലും ആകാൻ അവർക്ക് സാധിക്കുമെന്ന് തോന്നിയ മക്കൾ അച്ഛനെ നിർബന്ധിച്ചു. ഇപ്പോൾ ആ സ്ത്രീയുടെ കഥ കൂടി കേട്ടപ്പോൾ അവർക്ക് തുണയും ഇണയുമാകാൻ, അയാൾക്ക് സന്തോഷം മാത്രം.
ഹൃദയത്തിന്റെ ഭാഷയിൽ ആശയവിനിമയം ചെയ്യുന്ന മനസ്സിന്റെ യന്ത്രമാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. രാത്രിയുടെ ഇരുളിൽ മാംസത്തെ തേടുന്ന വികാരത്തെ പ്രണയമെന്ന് തെറ്റിദ്ധരിച്ചവരോട് സഹതപിക്കുന്ന ഒരു യന്ത്രം. അവർക്ക് വിരഹത്തിന്റെ വേദനയോ നഷ്ടപ്പെടലിന്റെ ആഴമോ അറിയില്ല.
കാർ ഒരു പഴയ വീടിന്റ മുൻപിൽ എത്തിയപ്പോൾ, വർഷങ്ങൾക്ക് മുൻപ് അനുഭവിച്ച വെപ്രാളവും, പേടിയും ഒന്നുമില്ലാതെ, ഒരു നേർത്ത കരുതലിന്റെ…… പങ്കുവയ്ക്കലിന്റെ…. ദിനങ്ങളെ നേരിൽകണ്ടുകൊണ്ട് അയാൾ ആ പടികൾ കയറി.ഇന്നലകളിൽ പെയ്ത മഴയിൽ ആരോ വലിച്ചെറിഞ്ഞ പ്രണയത്തിന്റെ വിത്ത് അന്ന് അയാളിൽ മുളച്ചിരുന്നു. ആത്മാവിൽ മുളയിട്ട തളിർ നനച്ചു വളർത്താൻ വളയിട്ട രണ്ട് കൈകൾ അകത്ത് കാപ്പി കപ്പുകളിൽ പകർത്തുകയായിരുന്നു.
#എന്റെരചന #പ്രണയദിനം #


6 Comments
ഹൃദയത്തിന്റെ ഭാഷയിൽ ആശയവിനിമയം ചെയ്യുന്ന മനസ്സിന്റെ യന്ത്രമാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. രാത്രിയുടെ ഇരുളിൽ മാംസത്തെ തേടുന്ന വികാരത്തെ പ്രണയമെന്ന് തെറ്റിദ്ധരിച്ചവരോട് സഹതപിക്കുന്ന ഒരു യന്ത്രം. അവർക്ക് വിരഹത്തിന്റെ വേദനയോ നഷ്ടപ്പെടലിന്റെ ആഴമോ അറിയില്ല.
നല്ല വരികൾ…
Thank you
ഇഷ്ടമായി 💕💕
Thank you
നല്ല കഥ❤️👌🌹
Thank you