എട്ടിലെ പൊട്ടൻ ഞാൻ തന്നെ.
എന്റെ കുടുംബക്കാരും അയൽവാസികളും നാട്ടുകാരും എല്ലാവരും കൂടി എനിക്കിട്ടപേരാ.
ഞങ്ങൾ എട്ടു മക്കളിൽ പൊട്ടൻ ഞാനാണത്രെ.
എന്റെ ജ്യേഷ്ഠൻമാർ മൂന്നു പേർ ഗൾഫില് പോയി പണമുണ്ടാക്കി. താഴെ രണ്ടനിയന്മാര് ഭയങ്കര പഠിപ്പിസ്റ്റുകള്. ഞാൻ മാത്രം തോട്ടത്തിലെ വെറ്റിലയും നുളളി ചായ്ച്ച് കെട്ടാക്കി മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും.
ആദ്യം പിതാവിൻ്റെ സഹായിയായി. പിന്നെ സ്വന്തമായി. അങ്ങനെ ഞാനൊരു വെറ്റില കൃഷിക്കാരനായി. ജ്യേഷ്ഠന്മാരെ പോലെ സമ്പാദിക്കാനും അനിയന്മാരെ പോലെ പഠിക്കാനും കഴിവില്ലാത്ത ഒരാളാണ് ഞാൻ എന്ന് കരുതിയാണ് എല്ലാവരും എന്നെ പൊട്ടൻ എന്ന് വിളിക്കുന്നത്.
പരിചയപ്പെടലൊക്കെ കഴിഞ്ഞല്ലൊ, ഇനി കാര്യത്തിലേക്ക് കടക്കാം.
എളാപ്പാൻ്റെ മകളുണ്ട് ഒരു കുട്ടി ഡോക്ടറ്. അവളെനിക്കൊരു പെൺ കാര്യം കൊണ്ടു വന്നിട്ടുണ്ട്. ഞാൻ പോയി കണ്ടു. ഇഷ്ടപ്പെട്ടു. വീട്ടുകാരും പരസ്പരം കണ്ടിഷ്ടപ്പെട്ടു. അങ്ങിനെ കാര്യം ശരിയായി. പക്ഷേ ഒരു കാര്യമുള്ളത് ജ്യേഷ്ടൻമാർക്ക് കിട്ടിയ പോലെ, പെങ്ങൻമാർക്ക് കൊടുത്ത പോലെ ആഭരണങ്ങളൊന്നും അവൾക്ക് പറഞ്ഞിട്ടില്ലാ എന്നതാണ്.
പക്ഷേ കല്യാണത്തിന് നല്ല ജനമായിരുന്നു കേട്ടോ. സമീപകാലത്ത് നാട്ടിൽ നടന്ന കല്യാണങ്ങളിലൊന്നായി മാറി എൻ്റെ കല്യാണം.
അപ്രതീക്ഷിത ജനത്തിരക്കിനാൽ എൻ്റെ വീട്ടുകാരും അടുത്ത ബന്ധുക്കളും നെട്ടോട്ടമോടി സാധനങ്ങളൊപ്പിക്കാൻ. എല്ലാം കഴിഞ്ഞ് ആരവങ്ങളൊഴിഞ്ഞ് വീട് ഉറങ്ങാറായപ്പോൾ സമയം ഏറെ വൈകിയിരുന്നു.
പക്ഷേ എല്ലാം കഴിഞ്ഞെങ്കിലും നെഞ്ചിൽ നിന്ന് ആരവങ്ങളൊന്നും ഒഴിയാത്ത ഒരാളുണ്ടായിരുന്നു. വേറാരുമല്ല, ഞാൻ തന്നെ.
അലങ്കരിച്ച മണിയറയിൽ വാസന പൂക്കൾ വിതറിയ കട്ടിലിൽ ചമ്രം പടഞ്ഞിരുന്നാണ് ഞാൻ ആരവങ്ങൾക്ക് തിരികൊളുത്തിയിരുന്നത്.
പുതുമണവാട്ടിയെ എന്ത് പേരിട്ടു വിളിക്കും എന്നതായിരുന്നു അപ്പഴത്തെ അടിസ്ഥാന പ്രശ്നം.
പേര് ഒരു പ്രശ്നമാണെന്ന് പേരക്കയോളം ചിന്തിച്ചപ്പഴാണ് ഞമ്മക്ക് മനസ്സിലായത്.
അവൾടെ പേര്, “.ഫാത്തിമത്തുസ്സഹ്റബ”
അവളുടെ വീട്ടിൽ വിളിക്കുന്നത് “കുഞ്ഞോളേ”ന്ന്.
ഈ കുഞ്ഞോളെ വിളി ഒരിക്കലും ശരിയാകൂല, അടുത്ത വർഷം ഈ ദിവസം ഓൾക്കൊരു കുട്ടിയുണ്ടാകും. ആ കുട്ടിയെ അപ്പൊ കുഞ്ഞോളേന്ന് വിളിക്കാൻ പറ്റുമോ?.
അതാണ് പറഞ്ഞത്.
പിന്നെ ഫാത്തിമത്തുസ്സഹ്റബചുരുക്കി സൂറാ ന്നൊ സാറാന്നൊ ആക്കാ.
ഏതാക്കും?.
ഐഡിയ !
കോഴിയും ചാപ്പയും.
ഒരു ഒറ്റനാണയമെടുത്ത് കോഴി സാറാക്കും ചാപ്പ സൂറാക്കും കൊടുത്ത് നാണയം ഒന്ന് തെളളിച്ചതാ.
അപ്പഴാ പെങ്ങൻമാരും മൂത്തച്ചിമാരെല്ലാം കൂടെ പുതു പെണ്ണിനെ മുറിയിലേക്ക് തള്ളിവിട്ടത്.
പെട്ടെന്നുള്ള തള്ളലിൽ ഞെട്ടിയ എൻ്റെ കൈയിലെ നാണയം തെള്ളുന്നതിന് പകരം മുകളിലേക്ക് തെറിച്ചു. അത് നേരെ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിൽ തട്ടി പുതു നാരിയുടെ തലയിലേക്ക്.
ഫാനിൽ തട്ടിത്തെറിച്ച നാണയം നെറ്റിയിൽ കൊണ്ട പുതു നാരി ദാ കിടക്കുന്നു താഴെ.
കൈയിലെ പാലും പോയി അവളുടെ ബോധോം പോയി, ഹലാക്കിൻ്റെ ഔലും കഞ്ഞിയായി.
ബോധം പോയിന്ന് ഉറപ്പായപ്പൊ ഞാൻ ഓടി തറവാട്ടിൽക്ക്. അവിടെ എളാപ്പാൻ്റെ മോളുണ്ട് കുട്ടി ഡോക്ടറ്.
തറവാട് ഇവിടെ അടുത്ത് തന്നെ. എളാപ്പാൻ്റെ മോൾക്ക് രണ്ടു വർഷം കൂടി കഴിഞ്ഞാലെ ഡോക്ടറേറ്റ് കിട്ടൂ. എന്നാലും ചെറിയ സൂക്കേടിനൊക്കെ വിദഗ്ധയാ. അവള് കല്യാണായിട്ട് ലീവെടുത്ത് വന്നതാ. പോവുമ്പൊ ഒരു അപായ വാങ്ങിക്കൊടുക്കണംന്ന് പറഞ്ഞിട്ടുണ്ട്. കല്യാണത്തിൻ്റെ വകയില്.
അവള് ഓടി വന്നപ്പോഴേക്കും ഞമ്മളെ പുതു നാരി കണ്ണ് തുറന്നു.
അത് കണ്ട് കുട്ടി ഡോക്ടറ് പറയാ, എന്നെ കണ്ട് പേടിച്ച് ബോധം പോയതാന്ന്.
അത് കേട്ട് എനിക്ക് ദേഷ്യം വന്നെങ്കിലും പുറത്ത് കാണിച്ചില്ല. ആദ്യരാത്രിയല്ലെ.
ഇതവളെ സ്ഥിരം പരിപാടിയാ. ചാൻസ് കിട്ടിയാ എന്നെ കളിയാക്കും.
അവളെ കല്യാണത്തിന് മുമ്പ് എന്തിനും ഏതിനും എന്നെത്തന്നെയായിരുന്നു അവൾ വിളിച്ചിരുന്നത്.
എങ്ങോട്ടെങ്കിലും പോണെങ്കിൽ എൻ്റെ ബൈക്കിൽ ഞാൻ തന്നെ കൊണ്ടു പോണം.
അതൊരു ശല്യാ യി തോന്നിയപ്പൊ വണ്ടി സ്പീഡ് കൂട്ടിയും കുണ്ടിലും കുഴിയിലും ഒക്കെ ചാടിച്ചും അവളെ ഭയപ്പെടുത്താൻ നോക്കാറുണ്ട് ഞാൻ.
അവളുണ്ടോ പേടിക്ക്ണ്. അതൊക്കെ അവൾക്ക് ഭയങ്കര രസം.
അങ്ങനെ അവളെ എത്തിക്കേണ്ടിടത്ത് എത്തിച്ചാല് അവള് പൈസ തരും. ഒരു ഒറ്റ രൂപ.
അത് കണ്ട് ഞാൻ പറയും.
” അത് നിൻ്റെ ബാപ്പ കുഞ്ഞൻ മൊല്ലക്ക് കൊടുത്താളേന്ന്”.
അപ്പൊ അവളെന്നെ വിളിക്കും “എട്ടിലെ പൊട്ടാന്ന്”.
അങ്ങനെ പിന്നെ ഞങ്ങള് കൊറച്ചീസം മിണ്ടാതെ നടക്കും. കുറച്ചീസം കഴിയുമ്പൊ എങ്ങനെയെങ്കിലും ഒക്കെ മിണ്ടും.
ഇപ്പൊ പഠിപ്പൊക്കെ ആയെങ്കിലും അതിൻ്റെ ഗമയൊന്നും ഇല്യാട്ടോ. അവള് തറവാട്ടിൽ വന്നാൽ പിന്നെ ഇവിടെ വന്നിട്ടാ വേറെ എവിടേക്കും പോകൂ. ഇപ്പഴും അങ്ങനെത്തന്നെ.
അവള് പഠിച്ചു കൊണ്ടിരിക്കുമ്പഴാ ഒരുത്തൻ അവളെ കാണാൻ വന്നത്.
ചെക്കന് അവളെ പറ്റി. ഞാനവളെ കണ്ടപ്പൊ ചോദിച്ചു. നിനക്ക് ചെക്കനെ പറ്റിയോന്ന്.
പക്ഷേ അവള് പറഞ്ഞത് “എനിക്കെൻ്റെ പൊട്ടനെയാണിഷ്ടം” ന്ന്.
ജീവിതത്തിലാദ്യമായി ൻ്റെ കരള് പൊട്ടിയ ദിവസമായിരുന്നന്ന്.
ഞാനെന്ത് പറയും?
”നിന്നെ എൻ്റെ സാബിയുടെയും സുലുവിനെയും (പെങ്ങന്മാർ )പോലെയാണ് കാണുന്നതെ”ന്ന് പറഞ്ഞപ്പൊ അവളുണ്ട് ഒരു കരച്ചില് കരഞ്ഞിട്ട്. ജീവിതത്തില് ആദ്യമായിട്ടാണ് അവളങ്ങിനെ കരയുന്നത് കാണുന്നത്.
പോരാത്തതിന് എൻ്റെ നെഞ്ചത്തേക്ക് രണ്ടിടിയും.
പിന്നെ ഞാൻ അവളെ കണ്ടത് കല്യാണത്തിന്റെ തലേന്നാ. അന്ന് അവള് എനിക്കൊരു പൊതിതന്നു. അതിൽ ഒരു സ്വർണവള.
അത് കുറെ ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് ഡ്രസ്സെടുക്കാൻ വേണ്ടി ഞാൻ എൻ്റെ വണ്ടിയിൽ ഒരു തുണിക്കടയിലേക്ക് കൊണ്ടുപോയി. ചുരിദാർ വാങ്ങി പൈസ കൊടുത്തപ്പൊ ഒരു ടിക്കറ്റും കൂടി തന്നു. ആ ടിക്കറ്റിലവള് എന്റെ അഡ്രസ്സും ഫോൺ നമ്പറും ഒക്കെ എഴുതി.
ആ ടിക്കറ്റിൽ സമ്മാനമുണ്ടായിരുന്നു. ഒരു സ്വർണവള.
ആ സ്വർണ വളയാണ് ആ പൊതിയിലുണ്ടായിരുന്നത്.
ഞാൻ ചോദിച്ചു: “എനിക്കെന്തിനാ സ്വർണ്ണം ഞാനാണല്ലേയെന്ന്.
അന്നവൾ പറഞ്ഞത് ഇതെൻ്റെ കൈയിലിരുന്നാ സങ്കടാവുംന്ന്. അന്ന് ഞാനും ഒരു പാട് സങ്കടപ്പെട്ടു.
ആ….. ആദ്യരാത്രിന്റെ കാര്യം പറഞ്ഞ് പൂർത്തി ആയീല ട്ടോ. ഏളാപ്പാന്റെ മോളെ ഞാൻ ഒന്ന് ദേഷ്യത്തില് നോക്കി. അപ്പൊ അവൾക്കൊരു കള്ളച്ചിരി.
പുതു നാരിയാണെങ്കിലോ അന്നത്തെ ദിവസം ഉമ്മാൻ്റെ മടിയില് തല വച്ച് അസ്സലായി കെടന്നൊറങ്ങി. അങ്ങിനെയാ എൻ്റെ ആദ്യരാത്രി ഹലാക്കിൻ്റെ ഔലും കഞ്ഞി ആയത്.
പിറ്റെ ദിവസം പുതു നാരിയുണ്ട് ഒറ്റക്ക് കടന്ന് വരുന്നു മണിയറയിലേക്ക്. എന്നിട്ടവളുടെ ഒരു ചോദ്യം?.
“ഇന്നലെ എന്തിനാ പൈസ കൊണ്ടെറിഞ്ഞത് എന്ന് ”
ഞാൻ പറഞ്ഞു ഒരു പാറ്റയെ എറിഞ്ഞതാന്ന്.
അപ്പൊ അവള് പറയാ, “വെറുതെയല്ല ഇങ്ങളെ പൊട്ടൻന്ന് വിളിക്കിണത്” എന്ന്.
“ആരാ പറഞ്ഞത് ഞാൻ പൊട്ടനാന്ന്?”
“നിങ്ങളെ എളാപാൻ്റെ മോള്, കുട്ടി ഡോക്ടറ്”
ഹുസൈൻ എം കെ.


8 Comments
В этой статье объясняется, какие регионы открыты для тех, кто хочет подписать контракт на СВО. https://vc.ru/social/1488414-skolko-platyat-za-podpisannyi-kontrakt-na-svo-v-rossii-v-2025-godu В статье чётко объясняется, где и как можно заключить контракт на службу в армии.
👌👌
രസകരം ആയിരിക്കുന്നു
രസകരം😄.
ഹലാക്കിന്റെ ഔലും കഞ്ഞി പ്രയോഗം ആദ്യമായി കേൾക്കുകയാണ്. നല്ലെഴുത്ത്.👏
ഹലാക്കിന്റെ ഔലും കഞ്ഞി ഞങ്ങളെ നാട്ടിലെ പ്രയോഗമാണ്.
നന്ദി സന്തോഷം
സന്തോഷം നന്ദി
അടിപൊളി.. പൊട്ടൻ സൂപ്പർ. ഡോക്ടറെ കല്യാണം കഴിക്കൂടായിരുന്നോ?
പൊട്ടനെന്ത് പ്രണയം ല്ലെ.
പെങ്ങളെപ്പോലെ കൊണ്ട് നടന്നതല്ലെ.
നന്ദി സന്തോഷം